Campus Alive

ഇസ്ലാമിക പാരമ്പര്യവും മതേതര യാഥാസ്ഥികതയുടെ നരവംശശാസ്ത്ര നോട്ടങ്ങളും

സംഭാഷണം: സോഫിയ റോസ് അര്‍ജാന

മുസ്ലിം ലോകത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്തങ്ങളായ പ്രാക്ടീസുകളെക്കുറിച്ചാണ് സോഫിയ തന്റെ പുതിയ പുസ്തകത്തില്‍ (Pilgrimage in Islam: Traditional and Modern Practices) എഴുതുന്നത്. ഇസ്ലാമിക പാരമ്പര്യത്തെയും അതിനകത്തെ വ്യത്യസ്തങ്ങളായ ജ്ഞാനവഴികളെയും എങ്ങനെ സമീപിക്കാം എന്നാണ് അവര്‍ അന്വേഷിക്കുന്നത്. അതിലൂടെ മതത്തെയും പാരമ്പര്യത്തെയും കുറിച്ച യാഥാസ്ഥികമായ മതേതര വായനകളെയും അവര്‍ വെല്ലുവിളിക്കുന്നുണ്ട്.

തയ്യാറാക്കിയത്: സല്‍മാന്‍ ഫാരിസ്

ഇസ്ലാമും മതം എന്ന കാറ്റഗറിയുടെ പരിമിതിയും

ഡെന്‍ബര്‍ യൂണിവേഴ്സിറ്റിയിലാണ് ഞാന്‍ പി.എച്ച്.ഡി ചെയ്തത്. മതം എന്ന കാറ്റഗറിയെക്കുറിച്ച് ഞങ്ങളവിടെ വെച്ച് ധാരാളം ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. എങ്ങനെയാണ് മതം, മതസമൂഹങ്ങള്‍ തുടങ്ങിയ കാറ്റഗറികളെല്ലാം നിര്‍മ്മിക്കപ്പെടുന്നത് എന്ന ചോദ്യത്തെ വിമര്‍ശനാത്മകമായിട്ടായിരുന്നു ഞങ്ങള്‍ സമീപിച്ചിരുന്നത്. 2015 ല്‍ പുറത്തിറങ്ങിയ muslims in the western imagination എന്ന എന്റെ ആദ്യത്തെ പുസ്തകം യഥാര്‍ത്ഥത്തില്‍ ആ ചോദ്യത്തെ അഭിമുഖീകരിക്കാനുള്ള ശ്രമമായിരുന്നു. എങ്ങനെയാണ് മുസ്ലിം പുരുഷന്‍ എന്ന കാറ്റഗറി വെസ്റ്റില്‍ നിര്‍മ്മിക്കപ്പെടുന്നത് എന്നാണ് ഞാന്‍ അന്വേഷിച്ചത്.

Pilgrimage in Islam എന്ന എന്റെ പുതിയ പുസ്തകത്തിലൂടെ ഞാന്‍ ശ്രമിക്കുന്നത് തീര്‍ത്ഥാടനം (pilgrimage) എന്ന പ്രാക്ടീസ് മുസ്ലിംകള്‍ക്കിടയില്‍ എങ്ങനെയാണ് നിലനില്‍ക്കുന്നത് എന്ന് പരിശോധിക്കാനാണ്. അതിലൂടെ ഞാന്‍ ശ്രമിക്കുന്നത് തീര്‍ത്ഥാടനത്തെക്കുറിച്ച് എഴുതാനല്ല. മറിച്ച്, മതം എന്ന കാറ്റഗറിയിലൂടെ ഇസ്ലാമിനെയും മുസ്ലിംകളെയും സമീപിക്കുന്നതിന്റെ പരിമിതികളെ അടയാളപ്പെടുത്തുക എന്നതാണ്.

നിരവധി മുസ്ലിം രാഷ്ട്രങ്ങളിലൂടെ ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. അവിടങ്ങളിലെല്ലാം വ്യത്യസ്ത തരത്തിലുള്ള തീര്‍ത്ഥാടനങ്ങളാണ് നിലനില്‍ക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് ഇസ്ലാമിലെ തീര്‍ത്ഥാടനം എന്ന വിഷയത്തെ ഞാന്‍ സമീപിക്കേണ്ടത് എന്ന ചോദ്യമുയരുന്നുണ്ട്. ഇവിടെയാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കാരണം ഇസ്ലാമിനകത്ത് നിലനില്‍ക്കുന്ന വ്യത്യസ്തമായ ആവിഷ്‌കാരങ്ങളെ ഗ്ലോബല്‍ ഇസ്ലാം, പ്രാദേശിക ഇസ്ലാം, ഇസ്ലാമുകള്‍ എന്നിങ്ങനെയാണ് ആന്ത്രപ്പോളജിയും സോഷ്യോളജിയുമെല്ലാം അടയാളപ്പെടുത്തിയിട്ടുള്ളത്. ആ അക്കാദമിക മണ്ടത്തരം എന്തായാലും എനിക്ക് പറ്റരുത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. അത്കൊണ്ട്തന്നെയാണ് ഇസ്ലാമിക ലോകത്തെ വ്യത്യസ്തങ്ങളായ തീര്‍ത്ഥാടനങ്ങളെ എങ്ങനെ സമീപിക്കണമെന്ന ചോദ്യം പ്രസക്തമാകുന്നത്. കാരണം വര്‍ഗീകരണം (categorization) എന്നത് ഓറിയന്റലിസ്റ്റ് അക്കാദമിക്സിന്റെ ഒരു പ്രധാനപ്പെട്ട പരിപാടിയാണ്. വളരെ യൂണിവേഴ്സലായാണ് എല്ലാത്തിനെയും അത് കാറ്റഗറൈസ് ചെയ്യുന്നത്. അപ്പോള്‍ മതം എന്ന കാറ്റഗറിയിലൂടെയാണ് ഇസ്ലാമടക്കമുള്ള മുഴുവന്‍ പാരമ്പര്യങ്ങളെയും അത് നോക്കിക്കാണുന്നത്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രാക്ടീസുകളെയും അങ്ങനെയാണ് അവര്‍ സമീപിക്കുന്നത്. ഒരു ഒബ്ജക്ട് എന്ന നിലയിലുള്ള ഫാസിനേഷന്‍ മാത്രമായാണ് അവരതിനെ കാണുന്നത്. അതിനകത്ത് സൂക്ഷമാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണതകളെ നോക്കിക്കാണാന്‍ അവര്‍ തയ്യാറാവുകയില്ല. അതിനാല്‍ തന്നെ ഓറിയന്റലിസ്റ്റ് പ്രൊജക്ടില്‍ നിന്നും വിടുതല്‍ നേടുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

തീര്‍ത്ഥാടന കേന്ദ്രങ്ങളും മത\മതേതര വിഭജനവും

മതം\മതേതരം എന്ന വിഭജനത്തെ മുന്‍നിര്‍ത്തിയുള്ള ലോകവീക്ഷണങ്ങള്‍ക്ക് ഒരു തിരുത്താണ് യഥാര്‍ത്ഥത്തില്‍ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നല്‍കുന്നത്. കാരണം ഒരു സ്പേസ് എന്ന നിലയില്‍ ഈ കേന്ദ്രങ്ങള്‍ അത്തരം വിഭജനങ്ങളെ മറികടക്കുന്നുണ്ട്. എല്ലാ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. മതം\മതേതരം എന്നിങ്ങനെ വേര്‍തിരിച്ച് അതിനെ മനസ്സിലാക്കാന്‍ കഴിയില്ല. മാത്രമല്ല, ഈ ലോകത്തെ തന്നെ മുസ്ലിംകള്‍ മനസ്സിലാക്കുന്നത് ഒരു പ്രാര്‍ത്ഥനാ ഇടമായിട്ടാണ്. അപ്പോള്‍ മതത്തിന്റെ സ്പാഷ്യാലിറ്റിയെക്കുറിച്ച മതേതര ലോകത്തിന്റെ വളരെ പരിമിതമായ മനസ്സിലാക്കലുകള്‍ക്ക് തന്നെയാണ് ഇളക്കം തട്ടുന്നത്. കാരണം തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ഇടം (space) എന്നത് ഏതെങ്കിലും പ്രത്യേക ലൊക്കാലിറ്റിയുമായി ബന്ധപ്പെട്ട ഒന്നല്ല. പ്രദേശം\ദേശം\ദേശാന്തരം എന്നിങ്ങനെയുള്ള വര്‍ഗീകരണങ്ങളെ മുന്‍നിര്‍ത്തിയൊന്നും അവയെ വായിക്കാന്‍ കഴിയില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എല്ലാ തരത്തിലുമുള്ള അവ്യക്തതകളോടും കൂടി തന്നെ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ സ്പേഷ്യാലിറ്റിയെ അടയാളപ്പെടുത്തുന്നതാണ് കൂടുതല്‍ സൗന്ദര്യം.

തീര്‍ത്ഥാടന കേന്ദ്രങ്ങളും ലിംഗവായനകളും

ജെന്ററിനെക്കുറിച്ച വളരെ നിര്‍ണ്ണിതമായ (essentialized) മനസ്സിലാക്കലുകളെയും തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വെല്ലുവിളിക്കുന്നുണ്ട്. ജെന്‍ഡര്‍ എന്ന കാറ്റഗറിയെ തന്നെ വ്യത്യസ്തങ്ങളായ മുസ്ലിം സമൂഹങ്ങള്‍ വ്യത്യസ്ത രീതിയിലാണ് കണ്‍സീവ് ചെയ്യുന്നത്. അപ്പോള്‍ എന്താണ് ഇസ്ലാമിലെ ജെന്‍ഡര്‍ എന്ന യൂണിവേഴ്സലായ ചോദ്യം തന്നെ അപ്രസക്തമാണ്. തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് വരുമ്പോള്‍ സംഗതി കുറച്ച്കൂടി സങ്കീര്‍ണ്ണമാണ്. കാരണം അവിടങ്ങളില്‍ ജെന്‍ഡര്‍ എന്ന കാറ്റഗറി തന്നെ അപ്രസക്തമാണ്. കാരണം, വളരെ സ്വതന്ത്രമായാണ് സ്ത്രീകളും പുരുഷന്‍മാരും അവിടെ എന്‍ഗേജ് ചെയ്യുന്നത്. എന്തെങ്കിലും പ്രത്യേക തരത്തിലുള്ള നിയന്ത്രണങ്ങളോ നിയമങ്ങളോ അവിടെ നിലനില്‍ക്കുന്നില്ല. പ്രത്യേകം ചാര്‍ത്തിക്കൊടുക്കുന്ന ധര്‍മ്മങ്ങളല്ല അവിടെ സ്ത്രീപുരുഷന്‍മാര്‍ നിര്‍വഹിക്കുന്നത്. മറിച്ച് പെര്‍ഫോമാറ്റിവിറ്റിയായാണ് ജെന്‍ഡര്‍ നിലനില്‍ക്കുന്നത്. ഹജ്ജ് കര്‍മ്മങ്ങളിലും ജെന്‍ഡര്‍ പെര്‍ഫോമാറ്റീവാണ്. പെണ്‍ശരീരത്തെക്കുറിച്ച ഫെമിനിസിറ്റ് ധാരണകള്‍ കൂടിയാണ് ഇവിടെ വെല്ലുവിളിക്കപ്പെടുന്നത്. എന്റെ അടുത്ത പുസ്തകം അതിനെക്കുറിച്ചാണ്. തുനീഷ്യയിലെ മുസ്ലിം സത്രീകളുടെ ജീവിതത്തെക്കുറിച്ചാണ് അതില്‍ ഞാനെഴുതുന്നത്. എങ്ങനെയാണ് അവരുടെ ശരീരം പെര്‍ഫോമാറ്റീവായി മാറുന്നതെന്നും വളരെ embodied ആയി ഇസ്ലാമിനെ മനസ്സിലാക്കുന്നതെന്നുമാണ് ഞാന്‍ അന്വേഷിക്കുന്നത്. അതേസമയം വളരെ ടെക്സ്ച്വലായ പാരമ്പര്യമായാണ് ഓറിയന്റലസിറ്റുകള്‍ ഇസ്ലാമിനെ മനസ്സിലാക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രങ്ങളിലൂടെ വികസിപ്പിക്കപ്പെടുന്ന വളരെ പെര്‍ഫോമാറ്റീവ് ആയ ഇസ്ലാമിക പാരമ്പര്യത്തെ അവര്‍ കാണാതെ പോവുകയും ചെയ്തു. അഥവാ, പാരമ്പര്യത്തിന്റെ വിവധങ്ങളായ കൈവഴികളെ അന്വേഷിക്കുന്നതിന് പകരം ഒന്നിലേക്ക് മാത്രം തിരിഞ്ഞു എന്നതാണ് ഓറിയന്റലിസ്റ്റ് പ്രൊജക്ടിന്റെ പരിമിതി.

പാരമ്പര്യവും മതേതരനോട്ടത്തിന്റെ പരിമിതികളും

തീര്‍ത്ഥാടന കേന്ദ്രങ്ങളെക്കുറിച്ച് പഠിക്കുന്നതിലൂടെ ഇസ്ലാമിനെക്കുറിച്ച് തന്നെയുള്ള വളരെ essentialized ആയ നരവംശശാസ്ത്ര ധാരണകളുടെ പരിമിതികളെ മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. കാരണം അവിടങ്ങളില്‍ നടക്കുന്ന പ്രാക്ടീസുകള്‍, അവ നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍, അവയുടെ പ്രതിഫലനങ്ങള്‍ എല്ലാം വളരെയധികം വ്യത്യസ്തമാണ്. എന്നാല്‍ ഇവയെ നരവംശശാസ്ത്രം മനസ്സിലാക്കിയ പോലെ വിവിധങ്ങളായ ഇസ്ലാമുകള്‍ എന്ന രീതിയിലല്ല ഞാന്‍ കാണുന്നത്. മറിച്ച് ഇസ്ലാമിക പാരമ്പര്യത്തിനകത്ത് തന്നെ നിലനില്‍ക്കുന്ന വിവിധങ്ങളായ കൈവഴികള്‍ ആയിട്ടാണ്. അഥവാ, വളരെ സമ്പന്നമായ ഒരു പാരമ്പര്യത്തിന്റെ വ്യത്യസ്തങ്ങളായ ആവിഷ്‌കാരങ്ങളായാണ് ഞാന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ പ്രാക്ടീസുകളെ നോക്കിക്കാണുന്നത്. മാത്രമല്ല, മുസ്ലിം സപേസ് എന്ന് നമ്മള്‍ നമ്മള്‍ മനസ്സിലാക്കുന്നതിനെ കുറച്ച് കൂടി വിശാലമാക്കാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

എന്താണ് പാരമ്പര്യം എന്നതിനെക്കുറിച്ച സെക്കുലര്‍ അബന്ധത്തെ ചോദ്യം ചെയ്യുക എന്നത് വളരെ പ്രധാനമാണ്. പാരമ്പര്യം എന്നാല്‍ ഒരു ചലനവുമില്ലാത്ത, വളരെ പഴഞ്ചനായ, ആധുനികതയോട് എതിരിട്ട് നില്‍ക്കുന്ന ഒന്നായാണ് സെക്കുലരിസം മനസ്സിലാക്കുന്നത്. അതേസമയം പാരമ്പര്യം എന്നത് ആധുനികതയേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു നിലപാടാണ്. ഇസ്ലാമിക പാരമ്പര്യത്തിന്റെ കാര്യത്തില്‍ അതേറെ സവിശേഷമാണ്. കാരണം നിരന്തരമായി മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ജ്ഞാനവഴികളാണ് ഇസ്ലാമിക പാരമ്പര്യത്തിനകത്ത് നിലനില്‍ക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രങ്ങളെയും അതിന്റെ ഭാഗമായാണ് മനസ്സിലാക്കേണ്ടത്. സമ്പന്നമായ ഈ ജ്ഞാനവഴികളെ കാണാതെ വളരെ നിര്‍ണ്ണിതമായ നിര്‍വ്വചനങ്ങളിലൂടെ ഇസ്ലാമിനെ നോക്കുന്നിടത്താണ് മതേതരത്വം ഒരു യാഥാസ്ഥിക പ്രതിഭാസമായി മാറുന്നത്.

സോഫിയ റോസ അര്‍ജാന