Campus Alive

‘അല്ലാഹു അക്ബര്‍’

 

“ദൈവം മരിച്ചു, മാര്‍ക്‌സ് മരിച്ചു, ഞാന്‍ അത്ര സുഖത്തിലുമല്ല”

– വൂഡിഅലന്‍

“അല്ലാഹു സുന്ദരമാണ്, സൗന്ദര്യമുള്ളതിനെ അവൻ ഇഷ്ടപ്പെടുന്നു”(1)

“അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല…”(2)

 

“കെടുത്തിക്കളഞ്ഞ ചില നക്ഷത്രങ്ങളുണ്ട് ആകാശത്ത്. ഇനിയൊരിക്കലും തിളങ്ങാത്തവ”(3).  ഈ കുറ്റം ചെയ്തുവെന്ന് വീമ്പു പറഞ്ഞു നടക്കുന്ന മനുഷ്യരുണ്ട്. ലോകത്തെ ഭൂത-പ്രേതങ്ങളില്‍ നിന്നും രക്ഷിച്ചെടുത്തതിനെയും ചര്‍ച്ചുമായി തര്‍ക്കിച്ചതിനെയും-അതില്‍ നിന്നും അവര്‍ സാര്‍വ്വലൗകിക യാഥാര്‍ഥ്യത്തെ(Universal Truth) വരച്ചു കാണിക്കുന്നു- ഫ്രഞ്ചുകാര്‍ അഭിമാനത്തോടെ കാണുന്നു. അവര്‍ ദൈവത്തെ കൊന്നു, ചരിത്രത്തിന് അന്ത്യ വിധികല്‍പ്പിച്ചു, എന്നിട്ട് യുക്തിയെ വാഴ്ത്തുകയും അതിനെ ‘മനുഷ്യന്‍’ എന്ന് വിളിക്കുകയും ചെയ്തു. അത് സത്താപരമായി ഫ്രാന്‍സിൽ നിന്നും ഉത്ഭവിച്ചതാണെന്ന് അവർ വിശ്വസിക്കുന്നു. കാരണം ഫ്രഞ്ച് വിപ്ലവം വിപ്ലവങ്ങളുടെ മാതാവാണ്. അത് ഏകാധിപത്യത്തിനെതിരായിട്ടുള്ള റിപ്പബ്ലിക്കിന് ജന്മം നല്‍കി; അത് മാനവികതക്ക് മേലുള്ള മനുഷ്യന്റെ അവകാശങ്ങൾ പ്രഖ്യാപിച്ച് അതിന് ആഗോള മാനം നല്‍കി. ഫ്രഞ്ച് വിപ്ലവം സമൂഹത്തിന്റെ മതേതരവത്കരണത്തെ സാധ്യമാക്കി, പിന്നീടത് ഹൈപ്പർ-മതേതരവത്കരണമായി മാറി. അത് പുതിയ ആശയങ്ങള്‍ക്ക് വിത്തുപാകി, മതേതരത്വം കൂട്ടമായ അവിശ്വാസത്തിലേക്കെത്തുകയും മറ്റെല്ലാ വിശ്വാസ സംജ്ഞകളെയും പോലെ തന്നെയുള്ള യുക്തി ചിന്തയുമായി സ്‌റ്റേറ്റ് സഖ്യപ്പെടുകയും ചെയ്തു. അതുകൊണ്ട് ഒരു വെളുത്ത ഫ്രഞ്ച്കാരന്‍ ഫ്രഞ്ചുകാരനായ മുസ്‌ലിമിനെ കടന്നു പോകുമ്പോൾ അയാൾ തന്റെ സുഹൃത്താണോ ശത്രുവാണോ എന്നല്ല ചിന്തിക്കുക മറിച്ച്, തനിക്ക് പിടിതരാതെ വഴുതിപ്പോകുന്ന, തനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരാളായാണ്. ദിവസവും അഞ്ചുനേരം വിധേയപ്പെട്ടുകൊണ്ട് കുനിയുന്ന, പ്രതികൂല കാലാവസ്ഥയിൽ പോലും ഒരു മാസം മുഴുവൻ വൃതമെടുക്കുന്ന, അശ്ലീല നോട്ടങ്ങളില്‍ നിന്നും ശരീരവും തലയും മറച്ചുപിടിക്കുന്ന, തന്റെ മക്കൾ വളര്‍ന്നു വരുമ്പോഴും മാസങ്ങളും വര്‍ഷങ്ങളും പള്ളി നിര്‍മിക്കാനായി പണം സ്വരുക്കൂട്ടുന്ന ഇവര്‍ ആരാണ്? ഈ വിഢികള്‍ക്കാണോ നമ്മൾ വെള്ളിത്തളികയിൽ ജ്ഞാനോദയം വിളമ്പിക്കൊടുത്തത്? അവര്‍ മക്കയിലേക്ക് തങ്ങളുടെ മുഖം തിരിക്കാന്‍ വാശിപിടിക്കുന്നു, സൂര്യനു മാത്രം വഴങ്ങുന്ന സൂര്യകാന്തി പോലെ..

വെള്ള യുക്തിയിൽ നിന്നും തെന്നിമാറാൻ ശേഷിയുള്ള എന്തോ ഒന്ന് ഇവരുടെ കൈവശമുണ്ട്. കാരണം അവർ നക്ഷത്രങ്ങളെ തിരിച്ചറിയുന്നു. ആധുനികതയുടെ മിഥ്യയിൽ അവര്‍ക്ക് വിശ്വാസക്കുറവുണ്ട്. അഥവാ ആധുനികത അവസാനമില്ലാത്തതാണെന്ന് അവർ കരുതുന്നില്ല. കാരണം കോളനികള്‍ ചികിത്സിച്ചിട്ടും അവരുടെ മുറിവുകളിൽ നിന്നും ഇപ്പോഴും ചോരയൊലിക്കുന്നുണ്ട്. കാരണം അവര്‍ക്ക് ആധുനികതയുടെ ദൗര്‍ബല്യത്തെകുറിച്ചും പഴയതിന്റെ കരുത്തിനെ കുറിച്ചും ധാരണയുണ്ട്. അതുകൊണ്ട് അവൻ ആഗോള യുക്തിക്കു വേണ്ടിയല്ല, മറിച്ച് തങ്ങളുടെ തന്നെ അനുഭവങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും വേണ്ടിയാണ് അവർ പ്രവര്‍ത്തിക്കുന്നത്.

നമ്മള്‍ ഒരു നെഗറ്റീവ് അവസ്ഥയെയാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. എല്ലാം മരിച്ചു കൊണ്ടിരിക്കുന്നു. മഹത്തായ ആഖ്യാനങ്ങളുടെയും വിമോചന പദ്ധതികളുടെയും അവസാനമാണത്. ധാര്‍മികതയുടെ തകര്‍ച്ചയെ, അര്‍ഥങ്ങളുടെ സങ്കീര്‍ണ്ണതകളെ, പാശ്ചാത്യ ബോധത്തിന്റെ പ്രതിസന്ധികൾ കാരണമുണ്ടായിത്തീര്‍ന്ന നാഗരിക സംഘര്‍ഷങ്ങളെ നാം അഭിമുഖീകരിക്കുന്നു. ഇനിയുമിനിയും, ഈ പ്രതിസന്ധി ആത്മഹത്യക്ക് തുല്യമാണ്.  രാഷ്ട്രീയ ഉട്ടോപ്യകളുടെയും സിവിൽ റിലീജ്യനുകളുടെയും (പേടിവരുമ്പോള്‍ അവ മതങ്ങളുടെ സ്ഥാനത്ത് നില്‍ക്കാറുണ്ട്) സ്തംഭനവും തകര്‍ച്ചയും നാം കണ്ടു കൊണ്ടിരിക്കുന്നു, സാധാരണക്കാരന്‍ തന്റെ തന്നെ യുക്തിയെ എതിര്‍ക്കുന്നു. ആശിഷ് നന്തി പറയുന്നു:

‘നാം  എന്തിനാണ് യൂറോപ്പിന്റെ താല്‍പര്യങ്ങളെയും ശ്രേണീബന്ധങ്ങളെയും സ്വീകരിക്കുന്നത്. 20-ാം നൂറ്റാണ്ടിലെ നിങ്ങളുടെ വിജയങ്ങളെല്ലാം മഹത്തായതാണോ? രണ്ടാം ലോക യുദ്ധം, കൂട്ടക്കൊലകള്‍, പരിസ്ഥിതി തകര്‍ച്ചകൾ, ഇനിയെന്ത്? വ്യക്തിക്ക് അതിഭൗതികതക്ക് മുകളിൽ സ്ഥാനം നല്‍കുന്ന, അനന്തതയെക്കാള്‍ ചരിത്രത്തിന് പ്രാധാന്യമുള്ള, പാരമ്പര്യത്തെ പുരോഗതികൊണ്ട് മറച്ചുപിടിക്കുന്ന, മനുഷ്യ ഗുണങ്ങള്‍ക്ക് അവബോധങ്ങളേക്കാള്‍(Sensitivity) സ്ഥാനമുള്ള ‘ആധുനിക’ നാഗരികതയുടെ ഫലങ്ങളാണ് അവയെല്ലാം.(4)

പതിറ്റാണ്ടുകള്‍ക്ക് ശേഷം, ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ പരീക്ഷണശാലയായ രണ്ടാം ലോകയുദ്ധത്തിനും വിയറ്റ്‌നാം പോലുള്ള സംസ്‌കാരങ്ങള്‍ക്ക്  മേലുള്ള ആധുനിക കടന്നുകയറ്റത്തിനും ശേഷം, മനുഷ്യനു മേൽ അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തെറ്റായ തരത്തിലുള്ള പൊളിറ്റിക്കൽ എക്കണോമിയുടെ ഫലമായി മാത്രം സംഭവിച്ചതല്ല, മറിച്ച് അമാനവന്റെയും(Non-Human) പാതി-മനുഷ്യന്റെയും(sub-human) മേലുള്ള മനുഷ്യന്റെയും, സ്‌ത്രൈണ്യതക്ക് മേലുള്ള പൗരുഷത്തിന്റെയും, കുട്ടികള്‍ക്ക് മേലുള്ള മുതിര്‍ന്നവരുടെയും, ചരിത്രമില്ലായ്മക്ക് മേലുള്ള ചരിത്രത്തിന്റെയും, പാരമ്പര്യത്തിനും അപരിഷ്‌കൃതത്തിനും മേലുള്ള ആധുനികതയുടെയും പുരോഗതിയുടെയും ആധിപത്യത്തില്‍ വിശ്വസിക്കുന്ന ലോകവീക്ഷണത്തിന്റെ ഫലം കൂടിയാണത്. അത് കൂട്ടക്കൊലയെക്കാൾ ശക്തമായതാണ്, പ്രകൃതി ദുരന്തങ്ങളും വംശ-നശീകരണവും പുതിയ മതേതര ശ്രേണിയിൽ ബന്ധിതമായ ഹിംസാത്മകമായ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ബാക്കി പത്രമായി വേണം വായിക്കാന്‍, അത് മഹാ സംസ്‌കാരങ്ങളെ വെറും ആചാരങ്ങളുടെ കൂട്ടങ്ങളായി ചുരുക്കുകയും ചെയ്യുന്നുണ്ട്.’(5)

‘കുടിയേറ്റക്കാര്‍ ഫ്രാന്‍സിന് പുതിയ സാധ്യതകൾ തുറക്കുന്നു’ എന്ന തരത്തിലുള്ള വാദങ്ങൾ ഞാൻ കേള്‍ക്കുകയുണ്ടായി. തീവ്ര-വലതുപക്ഷത്തെ എതിര്‍ക്കുന്ന മാനവികവാദികളാണ് കുടിയേറ്റക്കാരുടെ ‘പ്രയോജനത്തെ’ പറ്റി സംസാരിക്കുന്നത്. കുടിയേറ്റക്കാര്‍ നികുതി അടക്കുന്നുണ്ട്, അവര്‍ ഫ്രാന്‍സിൽ പണം ചെലവഴിക്കുകയും പണക്കാരെ ഉണ്ടാക്കുകയും ചെയ്യുന്നു. ശരി, എന്നാല്‍ വേറൊരു തരം പ്രയോജനമാണ് അവരില്‍ നിന്നും ഉണ്ടാകുന്നതെങ്കിലോ? അഥവാ തങ്ങളുടെ സാമൂഹിക രൂപപ്പെടലുകളെ പറ്റി അവർ സംസാരിക്കുകയും പുതിയ സാമുദായിക ഐക്യങ്ങള്‍ രൂപീകരിക്കുകയും അവരുടെ സാമൂഹിക ബോധം ശക്തിപ്പെടുകയും ഓരോരുത്തരും തങ്ങളുടെ വിഭാഗത്തിൽ ഉത്തരവാദിത്ത ബോധമുള്ളവരാവുകയുമാണ് ചെയ്‌തതെങ്കിലോ? സമൂഹത്തെ കീറിമുറിക്കുന്നതിനെയും വ്യക്തിയിലേക്ക് ചുരുങ്ങുന്നതിനെയും അവർ ചെറുത്തുനില്‍ക്കുന്നുവെങ്കിലോ? എല്ലാം തന്റെ സ്വന്തമാണ് എന്ന ബോധത്തിൽ നിന്നും വ്യക്തിയെ സംരക്ഷിച്ചു നിര്‍ത്തുന്നുവെങ്കിലോ? ഇസ്‌ലാമിനെയും ‘വര്‍ഗ്ഗീയ ബോധത്തെയും’ പറ്റി പറയപ്പെടുന്നത് ഇതൊക്കെ തന്നെയാണ്, മറ്റൊരു തരത്തിൽ അതുതന്നെയാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം. നമ്മുടെ മനുഷ്യൻ പറയുന്നു ‘ഞാന്‍ എന്ന പദത്തില്‍ നിന്നും ദൈവം നമ്മെ സംരക്ഷിക്കട്ടെ’ ലിബറല്‍-കണ്‍സ്യൂമർ-ആനന്ദദായകമായ ‘ഞാന്‍’ എന്നതിനെ ഉയര്‍ത്തിപ്പിടിക്കുന്ന ഫ്രാന്‍സിൽ കുടിയേറ്റക്കാരൻ പൂര്‍ണ്ണ വിശ്വാസത്തോടെ ആ വാക്കുകളുടെ അര്‍ഥത്തെ കണ്ടെത്താൻ ശ്രമിക്കുന്നു. ആ ‘ഞാന്‍’ മാര്‍ക്കറ്റിനെ രൂപപ്പെടുത്തുകയും ദുര്‍ബലമായ എല്ലാ ‘ ഞങ്ങള്‍’കളെയും-കോളനിയാനന്തര ‘ഞങ്ങള്‍’ മുതല്‍- ഇല്ലാതാക്കുകയും ചെയ്യുന്നു. ബൂര്‍ഷ്വാ പ്രമാണിമാരായ ഈ രാജ്യത്തെ ആളുകളിൽ നിന്നും വ്യത്യസ്തമായി കുടിയേറ്റക്കാര്‍ക്ക് വെള്ളക്കാരായ തൊഴിലാളികളെ പറ്റി അറിയാം. എങ്ങനെയാണ് ആ തൊഴിലാളികൾ ആയുധരഹിതരായി, ദൈവമില്ലാതെ, കമ്യൂണിസമില്ലാതെ, എല്ലാ സാമൂഹിക ബന്ധങ്ങളില്‍ നിന്നും വേര്‍പെടുത്തപ്പെട്ട് കച്ചവടം ചെയ്യപ്പെട്ടതെന്ന് അവര്‍ക്കറിയാം. കുടുംബത്തില്‍ നിന്നും സഹാനുവർത്തികളിൽ നിന്നുമുള്ള വേര്‍പാടും പ്രതീക്ഷകൾ ഇല്ലാതാവുന്നതുമെല്ലാം അവരുടെ വേദനാജനകമായ നോട്ടങ്ങളിൽ നിന്നും കുടിയേറ്റക്കാർ മനസ്സിലാക്കുന്നു, കാരണം അവരും അതെല്ലാം അനുഭവിച്ചവരാണ്. സ്വയം തിരിച്ചറിയാൻ കഴിയാത്തത്ര രാഷ്ട്രീയമുള്ളവരാണ് കുടിയേറ്റക്കാരൻ. അവന്‍ ഒരു വഴികാട്ടിയാണ്. അവന്റെ ആത്മജ്ഞാനം(Intuition) ശക്തമായതും അതിജീവനശേഷി അളക്കാൻ കഴിയാത്തതുമാണ്. നാഗരികതയുടെ അടങ്ങാത്ത വ്യാമോഹം നിര്‍മിച്ചെടുത്ത ന്യൂക്ലിയർ മനുഷ്യൻ അവനെ ഏല്‍പ്പിച്ച സ്ഥാനത്ത് നിന്നുകൊണ്ട്- റാഡിക്കല്‍ അദറിന്റെ സ്ഥാനത്ത് നിന്നുകൊണ്ട്- ദൈവത്തെ വെല്ലുവിളിച്ചതായി വാദിക്കുമ്പോൾ, കുടിയേറ്റക്കാരന്റെ മറുപടി: ‘അല്ലാഹുഅക്ബര്‍’

എന്നിട്ടവന്‍ കൂട്ടിച്ചേര്‍ത്തു: ‘ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല’. ഇസ്‌ലാമിൽ ദൈവിക സാന്നിധ്യം സൃഷ്ടികളുടെ കീഴ്‌വഴക്കവും വിധേയത്വവും ആവശ്യപ്പെടുന്നുണ്ട്. ഇന്‍ഷാഅല്ലാഹ്(6) എന്ന അടയാളത്തിൽ അല്ലാഹുവിനെ ആരാധിക്കുന്നവർ അടയാളപ്പെടുത്തപ്പെടുന്നത് ആരെയാണ് ആശങ്കപ്പെടുത്തുന്നത്? നമ്മള്‍ ഒരു ദിവസം ജനിക്കുകയും മറ്റൊരു നാൾ മരിക്കുകയും ചെയ്യുന്നു. സൃഷ്ടാവ് മാത്രമാണ് അനന്തമായിരിക്കുന്നത്. ആര്‍ക്കും അവന്റെ അധികാരത്തെ ചോദ്യം ചെയ്യാൻ കഴിയില്ല. വിഢികള്‍ മാത്രമാണ് അവർക്ക് ദൈവത്തെ വെല്ലുവിളിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത്. അത്തരം അബദ്ധ ധാരണകളാണ് വെള്ളക്കാരനല്ലാത്തവന്റെ മുകളിലുള്ള വെള്ളക്കാരന്റെയും സ്ത്രീക്കു മേലുള്ള പുരുഷന്റെയും പ്രകൃതിക്കും പക്ഷി-മൃഗാതികള്‍ക്കും മേലുള്ള മനുഷ്യന്റെയും ആധിപത്യം സ്ഥാപിക്കാനുള്ള, ദൈവികതക്ക് വിരുദ്ധമായ സിദ്ധാന്തങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. ഈ തത്വത്തെ പ്രാപഞ്ചികമായ വീക്ഷണ കോണിലൂടെ വ്യാഖാനിക്കാന്‍ വിശ്വാസി അല്ലാത്ത ആളുകള്‍ക്കും സാധിക്കും. വിശ്വാസി ആയാലും അല്ലെങ്കി‌ലും, പൂര്‍ണ്ണമായും ‘യുക്തി ഭദ്രമായ’ ജ്ഞാനമാണത്, എല്ലാവര്‍ക്കും അതിനെ പിന്തുണക്കാനും കഴിയും. പിഴവുകള്‍ അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലെത്തുമ്പോള്‍, ന്യൂക്ലിയര്‍ മനുഷ്യൻ ഭൂമിയെ ശ്വാസം മുട്ടിക്കുമ്പോള്‍, വായുവിനെയും വെള്ളത്തെയും മലിനമാക്കുമ്പോള്‍, പ്രകൃതി അതിന് പ്രതികാരം ചെയ്യുന്നു, അപ്പോള്‍ ഈ ക്രൂരതകള്‍ക്ക് ഇരയായ എല്ലാം അവരെ മറ്റൊരു ലോകത്തേക്ക് തിരിച്ചു വിളിക്കും: അവസാനം-സാര്‍വ്വലൗകിക കാഴ്ച്ചപ്പാടില്‍- മറ്റുള്ള ‘റാഡിക്കല്‍ അദറുകൾ’ മനസ്സിലാക്കുന്നു- അല്ലാഹു അക്ബര്‍! അമേരിക്കയിലെ പ്രാദേശിക ഹോപി(Hopi) വര്‍ഗ്ഗക്കാർ:

‘ദൈവിക സത്തയെ കണ്ടെത്താൻ എല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല, വെള്ളക്കാരന്റെ പാത സ്വീകരിച്ച ഇന്ത്യക്കാർക്കടക്കം… ഇന്ന്, വെള്ളക്കാരന്റെ പട്ടണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുവാൻ ഹോപ്പികൾ താമസിക്കുന്ന പുണ്യസ്ഥലങ്ങളെ കല്‍ക്കരിക്കും വെള്ളത്തിനുമായി അവർ അശുദ്ധമാക്കി. ഇത് തുടരാൻ അനുവദിച്ചുകൂടാ, തുടര്‍ന്നാൽ മുഴുവൻ മനുഷ്യരുടെയും അവസാനം കാണുന്ന വിധം പ്രകൃതി അതിനോട് പ്രതികരിക്കും, അവര്‍ക്ക് അത് ഇപ്പോൾ നന്നായറിയാം….’(7)

എന്നാൽ അല്ലാഹുഅക്ബറെന്ന ആര്‍പ്പുവിളികൾ വെള്ളക്കാരനെ ഭയപ്പെടുത്തുന്നു. അവരുടെ അന്ത്യമായി അവരതിനെ കാണുന്നു. അവരുടെ ഭയാശങ്കകൾ യാഥാര്‍ഥ്യമാണ്, കാരണം അല്ലാഹുഅക്ബറിന്റെ സമഭാവന ശക്തമായതാണ്, എല്ലാ തരത്തിലുള്ള വര്‍ഗീകരണങ്ങളിൽ നിന്നും അത് മനുഷ്യനെ മോചിപ്പിക്കുന്നു. ഒരു പരമാത്മാവിന് മാത്രമേ ഭരിക്കാന്‍ അവകാശമുള്ളൂ: ദൈവമാണത്. മറ്റൊന്നിനും അതിന്റെ കൂടെയുള്ളതിനെയോ ദൈവത്തെയോ ഭരിക്കാൻ അവകാശമില്ല. വെള്ളക്കാരന്‍ അവന്റെ സഹോദരനും സഹോദരിക്കും ഒപ്പം ‘മാനവികതയില്‍’ സ്ഥാനം കണ്ടെത്തുന്നു: മരണപ്പെട്ടവരുടെ ഇടമാണത്. നമ്മള്‍ അതിനെ ഉട്ടോപ്യ എന്നാണ് വിളിക്കുന്നത്. എന്നാൽ ലോകത്തെ വീണ്ടും ദൈവികമാക്കുക എന്നത് വിഷമം പിടിച്ച പണിയാണ്. ദുര്‍ബലരായ, അരക്ഷിതരായ, അസംഘടിതമായ ‘മൂന്നാം ജനതയെ’ സംബന്ധിച്ചിടത്തോളം അധികാരത്തെ ഇല്ലാതാക്കുക എന്നത് ഭാരിച്ച ഒന്നാണ്. സാമ്പത്തിക പ്രതിസന്ധികളെ പരിഹരിക്കുന്നതിനായി കഷ്ടപ്പെടുന്ന, അര്‍ഥത്തിന്റെ(Meaning) പ്രതിസന്ധികളെ പരിഹരിച്ചു കൊണ്ട് അതിന്റെ ഭാരം കുറക്കുന്ന സമുദായത്തെ സംബന്ധിച്ചിടത്തോളം ലോകത്തെ ദൈവികതയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നുള്ളത് വലിയ ദൗത്യം തന്നെയാണ്. എന്നാല്‍ ദൗത്യം പകുതി വിജയിച്ചു കഴിഞ്ഞു. ഇസ്‌ലാം ഒന്നിലധികം ആത്മാക്കള്‍- ജയിലില്‍നിന്നും, മയക്കു മരുന്നിൽ നിന്നും, ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തി, ഒന്നിലധികം ആളുകളെ ചെറുത്തുനില്‍പ്പിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ ഇനിയുമൊരുപാട് ചെയ്യാനുണ്ട്. മറ്റെല്ലാ വിമോചന ഉട്ടോപ്യകളെയും അതിനായി സ്വാഗതം ചെയ്യുന്നു, എവിടെ നിന്ന് വന്നതാണെങ്കിലും, ആത്മീയമോ രാഷ്ട്രീയമോ ആയിക്കൊള്ളട്ടെ, മതപരമോ മതരഹിതമോ, സാംസ്‌കാരികമോ ആയിക്കൊള്ളട്ടെ പ്രകൃതിയെയും മനുഷ്യനെയും ബഹുമാനിക്കുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും അതിൽ സ്ഥാനമുണ്ട്.

സാമൂഹികത സ്തംഭിച്ചു നില്‍ക്കുമ്പോൾ, സാമൂഹിക ലോകത്തെ മലിനപ്പെടുത്തിക്കൊണ്ട് അടഞ്ഞ ചക്രവാളങ്ങള്‍ വെളുത്ത യുവതയിലെ ഒരു വിഭാഗത്തെ യൂറോപ്യന്‍-ക്രിസ്ത്യന്‍ ദേശീയതകള്‍ക്ക് ശക്തി നല്‍കുന്ന പ്രസ്ഥാനങ്ങിലേക്ക് തള്ളിവിട്ടു. അതില്‍ തന്നെ ചെറിയൊരു വിഭാഗം യുവാക്കള്‍ കാല്‍പ്പനികത കൊണ്ട് പരസ്പരം കലഹിച്ച് അതിനെ സ്വയം പരിക്കേല്‍പ്പിച്ചു, ഈ കാല്‍പ്പനികത അത്യന്തം അപകടകരമായ ഒരു കാരണത്തെ അടിസ്ഥാനപ്പെടുത്തി കേന്ദ്രീകൃതാധികാരത്തെയും ത്യാഗത്തെയും വാഴ്ത്തുകയും ചെയ്തു. ഇത് സങ്കീര്‍ണ്ണതകളില്ലാത്ത വ്യവസ്ഥയെ വിഭാവനം ചെയ്യുന്ന ഒരു രാഷ്ട്രീയ വീക്ഷണത്തെ രൂപപ്പെടുത്തി. ‘പടിഞ്ഞാറ്’ ഒരു സത്തയല്ലെന്നും ഒരു ചരിത്രഘട്ടമാണെന്നും ആ ചിന്ത പഠിപ്പിക്കുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുപ്പുകളില്‍ വൈരുധ്യങ്ങളുണ്ടാവുകയും മാറ്റം സംഭവിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകള്‍ രൂപപ്പെടുത്തിയെടുത്ത ‘മാനവികതക്കും’ അത് സംഭവിച്ചിട്ടുണ്ട്. സമ്പൂര്‍ണ്ണതയും പരമമായ യാഥാര്‍ഥ്യവും ആഗ്രഹിക്കുന്ന വിഭാഗങ്ങളില്‍ അത് കാണാം. അവര്‍ സ്വയം ഭാവനാത്മക ശത്രുക്കളെയും എതിര്‍ വ്യവസ്ഥകളെയും നിര്‍മിച്ചെടുക്കുന്നതായി കാണാം. രാഷ്ട്രീയ ഭൂമികയില്‍ വെളിവില്ലാത്തൊരു മിഥ്യയിലെ നായകരാണവര്‍, നല്ല പൗരന്മാരാകുന്നതിന് പകരം അവര്‍ ബാക്കി വെച്ചിട്ടില്ലാത്ത പ്രാദേശിക ജനതയാവാന്‍ അവര്‍ ശ്രമിക്കുന്നു. സാമൂഹിക ജനാധിപത്യം ഉണ്ടാക്കിയെടുത്ത പുരോഗമന അപ-രാഷ്ട്രീയവത്കരണത്തിന്റെ(De-Politicization) പ്രധാനപ്പെട്ട ഉപോല്‍പ്പന്നങ്ങളാണ് ഈ യുവാക്കള്‍. ആ യുക്തിയുടെ അവസാനം പിശാചുക്കള്‍ വരും. ജയിംസ് ബാല്‍ഡ്‌വിന്‍ അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഇത് പറഞ്ഞിട്ടുണ്ട്.

‘എങ്ങനെയാണ് ഈ സൗന്ദര്യം ഉണ്ടായിത്തീരുന്നത്? കറുത്തവരും വെളുത്തവരും തങ്ങൾ വളരെ സൗന്ദര്യമുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എലീജയുടെ(Elijah) ടേബിളിലിരിക്കുമ്പോൾ ഞങ്ങള്‍ ദൈവത്തിന്റെ-അല്ലാഹുവിന്റെ പ്രതികാരത്തെ(Vengeance) കുറിച്ച് സംസാരിക്കുകയുണ്ടായി- അല്ലാഹുവിന്റെ പ്രതികാരമുണ്ടായാൽ ഈ സൗന്ദര്യത്തിന് എന്താണ് സംഭവിക്കുക എന്ന് ഞാൻ ആലോചിക്കുകയുണ്ടായി. വെളുത്ത ലോകത്തിന്റെ അസഹിഷ്ണുതയും ഒഴിവാക്കലുകളും ആ പ്രതികാരത്തെ അനിവാര്യമാക്കിയിരിക്കുന്നു. ചരിത്രപരമായ പ്രതികാരമാണത്, ലോകത്തെ മുഴുവൻ ബാധിക്കുന്ന ഒന്ന്, വളര്‍ന്നു പന്തലിച്ചതെല്ലാം ഒരിക്കൽ നശിച്ചില്ലാതാകും എന്ന പ്രകൃതിനിയമമാണത്.’(8)

മാലിക് ഷഹബാസ് എന്ന മാല്‍കം എക്‌സ് കൊല്ലപ്പെട്ടത് അദ്ദേഹം സൗന്ദര്യമുള്ളയാള്‍ ആയതിനാലാണ്.

‘ഞാന്‍ ആരെയും വെറുത്തിട്ടില്ല’. അദ്ദേഹത്തിന്റെ വായിൽ നിന്നും ബോംബു വര്‍ഷിക്കും പോലെയാണ് ഈ വാക്കുകൾ വന്നത്. കറുത്തവരുടെ അഭിമാനത്തിന്റെ സ്തുതിപാഠകൻ വെളുത്തവനെ വെറുക്കുന്നില്ല എന്ന് പത്രങ്ങൾ എഴുതി. എങ്കിലും സംശയം ബാക്കിയാണ്. ഞാന്‍ തളര്‍ച്ചയോടെ ചിരിക്കുന്നു. അമേരിക്കന്‍ മാധ്യമങ്ങള്‍ തങ്ങളുടെ ദൈന്യത അദ്ദേഹത്തോട് കാണിക്കുന്നു. കറുത്ത സാഹിത്യം അവരെ വിദ്യാസമ്പന്നരാക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഒരുപാട് തലമുറകളായി ആഫ്രിക്കൻ അമേരിക്കക്കാർ അവർക്ക് നൽകിയ സാഹിത്യത്തെയും ആത്മീയതയെയും ഉൾക്കൊള്ളുവാൻ വേണ്ടി സ്വയം താഴ്ന്ന് കൊടുക്കാത്തത്?

‘ഞങ്ങള്‍ വെള്ളക്കാരോട് സംസാരിച്ചു “ഞങ്ങളെ പോലെ നിങ്ങളും ദൈവത്തിന്റെ സൃഷ്ടികളാണ്,”  അവന്‍ പറഞ്ഞു. “അവര്‍ നല്ലത് പ്രവര്‍ത്തിച്ചിട്ടില്ലാ എങ്കിൽ പോലും ഞങ്ങൾ അവരെ സ്‌നേഹിക്കാൻ പഠിച്ചു. കാരണം ഞങ്ങൾ അവരെ വെറുത്താൽ അവരുടെ നിലവാരത്തിലേക്ക് ഞങ്ങൾ താഴ്ന്ന്പോകും.” അവന്‍ പറയുന്നു. “ഞങ്ങള്‍ അവരെ സ്‌നേഹിക്കുന്നത് നിര്‍ത്തിയാൽ അവർ വിജയിച്ചു.”

“എങ്ങനെയാണത്?”

“തീര്‍ച്ചയായും അവർ അപ്പോൾ ഞങ്ങളുടെ വംശത്തെ ഇല്ലാതാക്കും. അവര്‍ ഞങ്ങളെ താഴ്ച്ചയിലേക്ക് വലിച്ചെറിയും”(9)

അപ്പോള്‍ മാല്‍കം എക്‌സ് സുന്ദരനായതിനാൽ കൊല്ലപ്പെട്ടു. അദ്ദേഹം തന്റെ വംശം ഇല്ലാതാകുന്നതിനെ ചെറുത്തുനിന്നു.. മാല്‍കം വെളുത്തവനെ വെറുത്തിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ വലിയ പരാജയമാകുമായിരുന്നു. മാല്‍കം കളവു പറയില്ല. കാരണം കളവു പറയാൻ അദ്ദേഹത്തിന് കാരണമൊന്നുമില്ല. വിദ്വേഷം അദ്ദേഹത്തെ വെളുത്തവന്റെ ലോകത്തിലേക്ക് വലിച്ചെറിയും. തന്റെ ശത്രുവിനെ അനുകരിക്കുകയെന്നതാണോ ഒരാളുടെ ജീവിത ലക്ഷ്യം? തങ്ങള്‍ക്ക് നേര്‍ വിപരീതം മാത്രമാണ് മാല്‍കം എന്ന് അവര്‍ ശരിക്കും കരുതുന്നുണ്ടോ? അവര്‍ക്ക് കാഴ്ച്ചയില്ലേ? അദ്ദേഹത്തിന്റെ സൗന്ദര്യത്താല്‍ അവര്‍ക്ക് മാറ്റമൊന്നും സംഭവിച്ചില്ലേ? മാല്‍കം വെളുത്തവനെ വെറുത്തിട്ടില്ല. വെളുത്ത അധികാരത്തെ അദ്ദേഹം വെറുക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചെറിയ ജീവിതം മുഴുവന്‍ ഉയര്‍ന്നു പൊങ്ങുന്നതിനെ താഴേക്കിറക്കാന്‍ പരിശ്രമിച്ചത്. എന്തിനാണ് വെള്ളക്കാര്‍ അദ്ദേഹത്തോട് ഇതെല്ലാം ചെയ്യുന്നത്? ബൈബിള്‍ അവരെ പഠിപ്പിച്ചതു പോലെ ചാരത്തിലേക്ക് മടങ്ങാനാണോ അവര്‍ ആഗ്രഹിക്കുന്നത്?

മാല്‍കം ഒരു മൊമന്റാണ്. അദ്ദേഹം ഒരു സമയമാണ്. വിദ്വേഷത്തിന് മുമ്പേയുള്ള മൊമന്റാണത്. അദ്ദേഹത്തിന് ആദ്യമേ അത് അറിയാം. ബാല്‍ഡ്‌വിനെ പോലെ അദ്ദേഹവും കറുത്ത സൗന്ദര്യത്തെ പറ്റി സന്ദേഹിച്ചിരിക്കുന്നു. വംശീയ വിദ്വേഷം ഒരു വെളുത്ത വികാരമല്ലേ? നമ്മുടെ സൗന്ദര്യത്തെ നാം വില്‍ക്കേണ്ടതുണ്ടോ? നാം പിടികൊടുക്കേണ്ടതുണ്ടോ? അദ്ദേഹം പ്രതികാരത്തെ ഭയപ്പെട്ടിരുന്നു, എന്നാല്‍ അത് വന്നുകഴിഞ്ഞാൽ അദ്ദേഹം അതിനെ പഴിചാരുകയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പകുതിയും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയില്ലേ? അദ്ദേഹം വെളുത്തവരെ ഇഷ്ടപ്പെട്ടില്ലേ? ഇല്ല, അവർ അദ്ദേഹത്തിന്റെ ഇഷ്ടം അര്‍ഹിക്കുന്നില്ല, എന്നാല്‍ അതിനുള്ള സാധ്യതകൾ അദ്ദേഹം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണ ദിവസം വരെ അദ്ദേഹം അത് ചെയ്തു. ഉയര്‍ന്നു വരുന്ന എല്ലാത്തിനെയും താഴ്ത്താൻ അദ്ദേഹം ശ്രമിച്ചു. പ്രതികാരമോ വിപ്ലവമോ?  അദ്ദേഹം പറഞ്ഞു: ‘വിപ്ലവം’.  മാല്‍കം ഒരു മീറ്റിംഗിനിടയാണ് കൊല്ലപ്പെടുന്നത്. പോരാടിക്കൊണ്ടാണ് അദ്ദേഹം മരിച്ചത്. മാല്‍കം എക്‌സ് ഒരു സൂര്യനാണ്. തിളങ്ങുന്ന സൗന്ദര്യമാണ് അദ്ദേഹത്തിന്റേത്. സ്വയം ദൈവത്തിന്റെ സ്ഥാനത്തേക്ക് ഉയര്‍ന്നു പൊങ്ങുന്നതിനോട് പോരാടിക്കുമ്പോൾ കറുപ്പ് സൗന്ദര്യമുള്ളതാകുന്നു.

സൗന്ദര്യവും സാഹിത്യവും ആത്മീയതയുമാണ് വരണ്ട ആധുനികതയിൽ നമുക്ക് നഷ്ടമാവുന്നത്.

തങ്ങളുടെ സമൂഹം വരണ്ടതാണെന്ന് വെള്ളക്കാരന് നന്നായറിയാം. അവര്‍ സ്വാർത്ഥരാണെന്ന് അവര്‍ക്കറിയാം. അതിനാല്‍ തന്നെ അതവർ സ്വയം അനുഭവിക്കുന്നു. അവര്‍ക്കു പുറത്തുള്ളതിനെ വിഭാവന ചെയ്യാൻ അവര്‍ക്ക് കഴിയുന്നില്ല. കാരണം അവര്‍ക്ക് തങ്ങളുടെ ഓര്‍മ്മ നഷ്ടപ്പെട്ടിരിക്കുന്നു. ആധുനികതയുമായി ഉള്‍ച്ചേരുന്നതിന് മുമ്പ് തങ്ങൾ എന്തായിരുന്നു എന്നവർ മറന്നുപോയി. സംസ്‌കാരങ്ങളും, പ്രാര്‍ഥനകളും പ്രാദേശിക ഭാഷകളും പാരമ്പര്യങ്ങളും ആയി തങ്ങൾ ഐക്യത്തിലായിരുന്ന സമയത്തെ അവര്‍ക്ക് ഓര്‍ത്തെടുക്കാൻ കഴിയുന്നില്ല.  എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം അതിൽ ചെറിയ വ്യത്യാസമുണ്ട്. ആപത്തിന്റെ ഘട്ടങ്ങളിൽ ഈ ഓര്‍മകളെ നാം സംരക്ഷിക്കുന്നു. അങ്ങനെയാണ് കുടുംബവുമായും സമുദായവുമായും നമ്മുടെ ബന്ധം സാധ്യമാവുന്നത്. എന്നാല്‍ അവരെ പോലെ നമ്മളും അതിൽ വഞ്ചിക്കപ്പെട്ടു. അടുത്തു തന്നെ അവരെ പോലെ നമ്മളും ‘ഐക്യം’  എന്ന പദത്തെ ‘സഹിഷ്ണുത’ എന്ന പദം കൊണ്ട് മാറ്റി മറിക്കും. നമ്മുടെ സ്വത്വങ്ങൾ അഴുകി ഇല്ലാതാവുന്നത് അതുകൊണ്ടാണ്. അധികം താമസിയാതെ ആഫ്രിക്കയെയും അള്‍ജീരിയയെയും മുസ്‌ലിമിനെയും എങ്ങനെ നിര്‍വചിക്കണമെന്ന് നാം പഠിക്കും. നാം ശക്തമായ അഭിപ്രായങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഇന്ന് എല്ലാം പരസ്പരം കൂടിക്കുഴഞ്ഞിരിക്കുന്നു. ‘ആഫ്രിക്കന്‍’ എന്ന് പറയുമ്പോൾ, മറ്റുള്ള മേച്ചിൽ പുറങ്ങൾ തേടി തങ്ങളുടെ ചിന്തകർ പോയതിന്റെ നിസ്സഹായവസ്ഥയെയല്ലെ നാം കാണുന്നത്? രണ്ട് ലക്ഷം ആളുകൾ കൊല്ലപ്പെട്ട ആഭ്യന്തര കലഹത്തെകുറിച്ചല്ലേ ‘അള്‍ജീരിയ’ എന്ന് കേള്‍ക്കുമ്പോൾ നാം ആലോചിക്കുന്നത്? സൗദിയുടെ സംരക്ഷണത്തിലുള്ള മക്കയും മക്‌ഡൊണാള്‍ഡൈസേഷന് വിധേയമായ ഇസ്‌ലാമിനെയുമല്ലെ ‘മുസ്‌ലിം’ പ്രതിനിധീകരിക്കുന്നത്? ജനങ്ങൾ തങ്ങളുടെ പണത്തെയും അധികാരത്തെയും സംരക്ഷിക്കാൻ പരമാധികാരത്തെ ഉപയോഗപ്പെടുത്തിയതിനെയല്ലേ ‘ഫ്രഞ്ച്’ അര്‍ഥമാക്കുന്നത്? ഗ്രീസിനെ സംരക്ഷിക്കാന്‍ ഒരു ചൂണ്ടുവിരൽ പോലും ഉയര്‍ത്താത്ത യൂറോപ്യന്‍മാരല്ലേ ‘യൂറോപ്പ്’ കൊണ്ട് ഉദ്ദേശിക്കുന്നത്?

എന്നെ സംബന്ധിച്ചിടത്തോളം ആരാണ് ‘ഞാന്‍’? എന്റെ ഉമ്മയുടെ കെസ്രയോ(Kesra)(10) മക്രൂദോ(Makroud) ഉണ്ടാക്കാന്‍ എനിക്കറിയില്ല.  സ്വാതന്ത്ര്യത്തിന് വേണ്ടി പോരടിക്കുന്നവര്‍ക്ക് സ്വന്തം ജീവൻ പണയംവെച്ച് നമ്മുടെ വല്യുമ്മമാർ കെസ്ര ഉണ്ടാക്കി ഭക്ഷിപ്പിച്ചു: റമദാനിലെ നോമ്പു തുറ മേശകളിൽ കെസ്ര ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിരുന്നു. ബാഗ്യുറ്റെ (ഫ്രഞ്ച് വിഭവം) കഴിക്കുന്നവരിൽ നിന്നും വ്യത്യസ്തരായിരുന്നു കെസ്ര കഴിക്കുന്നവര്‍, എങ്കിലും ആര്‍ക്കാണ് സന്തോഷപൂര്‍വ്വം നമ്മൾ അത് ഭാഗിച്ചുനല്‍കിയത്? ഞാന്‍ എന്താണ്? കെസ്ര ഉണ്ടാക്കാൻ അറിയാത്ത, തന്റെ മാതാവിനെ പഴിചാരാൻ പഠിച്ച ആധുനിക സ്ത്രീയാണ് ഞാനെന്ന് എനിക്കറിയാം.

എന്നാൽ, കണ്ണീരും ദുഃഖവും നമുക്ക് അവസാനിപ്പിക്കാം. ഭൂതകാലം ഇനിയില്ല. നമ്മുടെ ഭീരുത്വത്തിന്റെയും പ്രതിരോധത്തിന്റെയും ആകെത്തുകയാണ് നാം. നാം അര്‍ഹിച്ചത് നമ്മൾ ആയിത്തീരുന്നു. അത് എല്ലാവര്‍ക്കും അങ്ങനെയാണ്. ‘നാം’, നാം സ്വയം കണ്ടെത്തേണ്ടുന്ന പുതിയ രാഷ്ട്രീയത്തിന്റെ ‘നാം’, അപകോളനീകരിക്കപ്പെട്ട ‘നാം’. നമ്മുടെ വിശ്വാസത്തിന്റെയും നിര്‍ണയനങ്ങളുടെയും സ്വത്വങ്ങളുടെയും വൈവിധ്യങ്ങളിലെ ‘നാം’, നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായിത്തീരുന്ന സമാധാനത്തിന്റെ ‘നാം’, സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ‘നാം’. ആ സ്‌നേഹത്തിനായി നാം സ്വന്തത്തോട് പരിതപിക്കേണ്ടതില്ല. വിദ്വേഷത്തിന് പിടികൊടുക്കാതെ അതിനെ തള്ളിമാറ്റിക്കൊണ്ട് അപരനെ കണ്ടുമുട്ടുകയും ആ കണ്ടുമുട്ടുന്ന നിമിഷത്തെ ആന്തരികവത്കരിക്കുകയും ചെയ്തുകൊണ്ട് തിന്മയെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയണം. അത് വിപ്ലവ സ്‌നേഹത്തിന്റെ(Revolutionary love) ‘നാം’  ആയിരിക്കും.

അതുകൊണ്ട് നമുക്ക് ആദ്യം മുതല്‍ തുടങ്ങാം. അനിവാര്യമെന്നോണം നമുക്ക് ആവര്‍ത്തിക്കാം: അല്ലാഹുഅക്ബര്‍! നമുക്ക് ദെക്കാര്‍ത്തെയിൽ നിന്നും വഴുതി മാറി ഉയര്‍ന്നു പൊങ്ങുന്ന എല്ലാത്തിനെയും താഴെയിറക്കാം


Notes

1. മുസ്‌ലിം ഉദ്ധരിച്ച ഹദീസ്

2. ‘…മുഹമ്മദ് അവന്റെ പ്രവാചകനാകുന്നു'( ഇസ്‌ലാമിലെ വിശ്വാസ പ്രഖ്യാപനം)

3. റെനെ വിവിയനി(Rene Viviani). എഴുത്തുകാരിയുടെ വിവര്‍ത്തനം   http://www.museedeseineport.info/MuseeVirtuel/Salles/Viviani/Viviani.thm

4. ഗയ് സോര്‍മാന്‍(Guy Sorman) അദ്ദേഹത്തിന്റെ Les Vrais penseurs de notre temps (Paris: Fayard, 1989) ല്‍ ആശിഷ് നന്ദിയെ ഉദ്ധരിക്കുന്നു, എഴുത്തുകാരിയുടെ വിവര്‍ത്തനം.

5. ആശിഷ് നന്തി, The Intimate Enemy: Loss and Recovery of Self under Colonialism (Delhi: Oxford University Press, 1983), യുടെ ആമുഖം, ix-x

6. ദൈവം ഉദ്ദേശിച്ചാല്‍

7. ഡാന്‍ കറ്റ്‌ചോന്‍ഗ(Dan Katchongva), ‘Hopi: A Message for All People. A Letter to the President of the United States of America,’ August 4,1970, http://descendantofgods.tripod.com/id151.html.

8. ജയിംസ് ബാല്‍ഡ്‌വിന്‍ (James Baldwin), The Fire Next Time (New York: Vintage International, 1993), 105.

9. ജോണ്‍ ഹൊവാര്‍ഡ് ഗ്രിഫിന്‍, (John Howard Griffin), Black Like Me (New York: Penguin,2010), 98.

10. ഗോതമ്പുതരി കൊണ്ടുണ്ടാക്കുന്ന ഒരു തരം ബ്രഡ്

(ഹൂറിയ ബൂത്ത്ലെജയുടെ ‘Whites, Jews, and Us: Toward a politics of revolutionary love’ എന്ന പുസ്തകത്തിലെ “അല്ലാഹു അക്ബർ”എന്ന എന്ന ഭാഗം. പുസ്തകത്തിന്റെ ക്യാമ്പസ് അലൈവ്‌ പ്രസിദ്ധീകരിച്ച റിവ്യൂ)

ഹൂറിയ ബൂത്ത്ലെജ