Campus Alive

കാശ്മീർ അധിനിവേശം, സ്വയം നിർണയാവകാശം, ഇസ്‌ലാം: ഗീലാനി സാബ് സംസാരിക്കുന്നു.

(30-06-2016 ന് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ഫസീഹ് അഹ്മദ് കഴിഞ്ഞ ദിവസം അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനിയുമായി നടത്തിയ അഭിമുഖം)


കാശ്മീരിലെ ഏറ്റവും പ്രിയപ്പെട്ടതും അഭിവന്ദ്യവുമായ പേരാണ് ‘ഗീലാനീ സാബ്’ എന്നത്. കാശ്മീർ പോരാട്ടത്തെക്കുറിച്ചുള്ള കഥകളിൽ, ജാമിഅ മസ്ജിദിന് ചുറ്റും വെള്ളിയാഴ്ച സായാഹ്നങ്ങളിൽ മുഴങ്ങിക്കേൾക്കുന്ന മുദ്രാവാക്യം വിളികളിൽ, ഒരനാഥാലയത്തിൽ വെച്ച് ഞാൻ കണ്ടുമുട്ടിയ കാശ്മീരി കുട്ടിയുടെ കിനാവുകളിലും ‘ആസാദി’യുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലുമൊക്കെ അതങ്ങനെയാണ്. “കോൻ കരേഗാ തർജുമാനീ… സയ്യിദ് അലി ഷാ ഗീലാനി” (കാശ്മീരിനെ ആര് പ്രതിനിധാനം ചെയ്യും… സയ്യിദ് അലി ഷാ ഗീലാനി) എന്ന കാശ്മീരിനകത്തും പുറത്തുമുള്ള കാശ്മീർ സമര മുന്നേറ്റങ്ങളിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യത്തിന്റെ അലയൊലികൾ ഇപ്പോഴും കേൾക്കാനാകും. കാശ്മീർ താഴ്‌വരയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ അദ്ദേഹത്തിന്റെ വാതിലിൽ മുട്ടിയിരുന്നു, സന്തോഷങ്ങളും സങ്കടങ്ങളും പ്രാർത്ഥനകളും പങ്കുവെക്കുന്നതിന് ആ മതിലുകൾ സാക്ഷിയായിരുന്നു. 2010 മുതൽ സയ്യിദ് അലി ഷാ ഗീലാനി വീട്ടുതടങ്കലിലാണ്. ആ വീടിന്റെ നാലുചുവരുകൾക്കുള്ളിലായിരുന്നു അദ്ദേഹത്തിന്റെ ജുമുഅ നമസ്കാരവും ഈദ് ആഘോഷങ്ങളുമെല്ലാം.

ഒരു പോലീസ് വാൻ അദ്ദേഹത്തിന്റെ വീടിനു വെളിയിൽ പാർക്ക് ചെയ്തിട്ടുണ്ട്. ആ വാതിൽക്കലെത്തുന്ന ഏതൊരാളെയും ചോദ്യം ചെയ്യാനുള്ള അധികാരവും ആ പോലീസ് വാനിലിരിക്കുന്നവർക്കുണ്ടെന്ന് തോന്നുന്നു. ആ വീട്ടിലേക്ക് ആരെയും  കടത്തിവിടില്ലെന്ന് പലരും പറഞ്ഞിട്ടും ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ പലവുരു അതിന് ശ്രമിച്ച് പരാജയപ്പെട്ടിട്ടും അതൊന്നുമെന്നെ പിന്തിരിപ്പിച്ചില്ല.

റമദാൻ മാസത്തിലെ ഒരു പ്രഭാതത്തിൽ ഞാൻ ആ പോലീസ് വാനിന് സമീപം പോയി നിന്നു. എന്റെ പേര് ചോദിച്ച ശേഷം ഞാൻ മുസ്‌ലിമാണോ നോമ്പുണ്ടോ എന്നൊക്കെ അദ്ദേഹം ചോദിച്ചു. ഞാൻ അതേയെന്ന് മറുപടി പറഞ്ഞപ്പോൾ പൊടുന്നനെ അദ്ദേഹം പറഞ്ഞു: “നോമ്പ് പിടിച്ചുകൊണ്ട് ഗീലാനി സാബിനെ കാണാൻ കേരളത്തിൽ നിന്ന് ഇത്രയും ദൂരം യാത്രചെയ്തു വന്ന ഒരാളോട് ഞാനെങ്ങനെ പറ്റില്ലെന്ന് പറയും?” അദ്ദേഹമെന്നോട് മൊബൈൽ ഫോൺ വെളിയിൽ വെക്കാനാവശ്യപ്പെട്ടു, ഞാനനങ്ങിയില്ല. അനുകമ്പ തോന്നിയ അദ്ദേഹം ഫോൺ ഉള്ളിലേക്കെടുക്കാൻ അനുവദിച്ചെങ്കിലും ഫോട്ടോയെടുക്കരുതെന്ന് പറഞ്ഞു. മുഖത്ത് ഒരു ഭാവമാറ്റവുമില്ലാതെ അതേ സ്ഥലത്ത് തന്നെ ഞാൻ വീണ്ടും നിലയുറപ്പിച്ചു. അവസാനം അദ്ദേഹം പറഞ്ഞു; “ഫോട്ടോ വേണമെങ്കിൽ നിങ്ങളെടുത്തോളൂ, പക്ഷേ അത് സോഷ്യൽ മീഡിയയിലൊന്നും പോസ്റ്റ് ചെയ്യരുത്, എന്റെ ജോലി പോകും”.

ലേഖകൻ ഗീലാനി സാബിനൊപ്പം

അകത്ത് കടന്നപ്പോൾ ഗീലാനി സാബ് സ്നേഹത്തോടെ ഇരിക്കാൻ വേണ്ടി ആവശ്യപ്പെട്ടു. ഉറുദു പുസ്തകങ്ങളുടെ ഷെൽഫുകളുള്ള, ഖുർആൻ ആയത്തുകൾ തൂക്കിയിട്ടിരിക്കുന്ന ലിവിംഗ് റൂമിൽ ഇരിക്കുകയായിരുന്നു അപ്പോൾ അദ്ദേഹം. വായനക്കുപയോഗിക്കുന്ന ലെൻസ് അഴിച്ചുവെച്ച് ‘കാശ്മീർ റീഡർ’ അദ്ദേഹം ഒരു ഭാഗത്തേക്ക് മാറ്റിവെച്ചു. പുറം വാതിലിൽ പോലീസുകാർ തടയുന്നുണ്ടെങ്കിലും അകത്തെ വാതിൽ സന്ദർശകർക്കായി ഏതുനേരവും തുറന്നിട്ടിരിക്കുകയാണ്. കാശ്മീരിനെ കുറിച്ച് അദ്ദേഹമെന്നോട് ആരാഞ്ഞപ്പോൾ മികച്ചതായിരുന്നുവെന്ന് ഞാൻ മറുപടി കൊടുത്തു. അദ്ദേഹം പറഞ്ഞു: “രാഷ്ട്ര ഭീകരതയുടെ ഏറ്റവും മോശമായ രൂപത്തെയാണ് ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും മോശമായ രൂപം”. അദ്ദേഹത്തിന്റെ വാക്കുകൾ ശക്തമാണെങ്കിലും അതുണ്ടാക്കുന്ന പ്രയാസം എനിക്ക് കാണാൻ കഴിയുമായിരുന്നു. വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യനില അദ്ദേഹത്തെ കാർന്നുതിന്നുന്നുണ്ടായിരുന്നു. കിഡ്നിയുടെ നാലിലൊരു ഭാഗം മാത്രമേ ശരിയായി പ്രവർത്തിക്കുന്നുള്ളൂ, ജലദോഷവും രക്തസ്രാവവും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വേറെയും. ഇതൊക്കെയുണ്ടായിട്ടും 86-ാമെത്തെ വയസ്സിലും അദ്ദേഹത്തിന്റെ വാക്കും ഓർമ്മയും കൃത്യവും ശക്തവുമായി തന്നെ നിലനിന്നു.

അദ്ദേഹം പറഞ്ഞു: “16 വർഷത്തോളം ഞാൻ ജയിലിൽ കഴിയുകയും ഒരു ഡസനോളം വധശ്രമങ്ങളെങ്കിലും എനിക്കെതിരെ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പക്ഷേ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഇപ്പോഴും ഞാൻ ജീവിക്കുന്നു”. ഇഫ്താറിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ക്ഷണം ഒരു ‘ഇൻഷാ അല്ലാഹ്’ കൊണ്ട് സ്നേഹത്തോടെ നിരസിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. താഴ്‌വര വിടുന്നതിന് മുൻപ് ഒരിക്കൽകൂടി വന്ന് കാണാമെന്ന് ഞാൻ വാക്ക് കൊടുത്തു. അദ്ദേഹത്തെ കാണണമെന്ന അതിയായ ആഗ്രഹം എനിക്കുണ്ടായിരുന്നു, പക്ഷേ കഴിഞ്ഞില്ല. കാശ്മീർ ആകെ മാറിമറിഞ്ഞിരിക്കുന്നു. ബുർഹാൻ വാനി രക്തസാക്ഷിത്വം വരിച്ചു. കർഫ്യൂ ദിനങ്ങൾ, അടഞ്ഞുകിടക്കുന്ന കമ്പോളങ്ങളും ആളൊഴിഞ്ഞ പാതകളുമായി മറ്റൊരു ശ്രീനഗർ. ദൂരെ പള്ളികളിൽ നിന്നുള്ള ആസാദി മുദ്രാവാക്യങ്ങളുടെ മാറ്റൊലികളാണ് കേൾക്കാൻ കഴിയുന്ന ഏക ശബ്ദം. ഈ സമയം സൈന്യത്തെ മാത്രമേ റോഡുകളിൽ എനിക്ക് കാണാൻ കഴിയുന്നുള്ളൂ.


ഫസീഹ് അഹ്മദ്: മൗലികമായി കാശ്മീരിന്റെ പ്രശ്നമെന്താണ്? എന്ത് കൊണ്ടാണ് കാശ്മീരിന് ഇന്ത്യയുടെ ഭാഗമാവാൻ കഴിയാത്തത്?

സയ്യിദ് ഷാ ഗീലാനി: നോക്കൂ, ഇന്ത്യയെ വിഭജിച്ചപ്പോൾ, ദ്വി-രാഷ്ട്ര സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രസ്തുത വിഭജനം; ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങൾ ഇന്ത്യയിലും മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങൾ പാകിസ്താനിലും ലയിക്കും. നമുക്കറിയാവുന്നപോലെ, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പാകിസ്താന്റെ രൂപീകരണം നടന്നത്. നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിന് കീഴിലല്ലാത്ത ഏകദേശം ആറോളം നാട്ടുരാജ്യങ്ങളും രാഷ്ട്രങ്ങളും അന്നുണ്ടായിരുന്നു. അതുകൊണ്ട് അന്നത്തെ ഇന്ത്യൻ ഗവർണർ ജനറലായിരുന്ന മൗണ്ട് ബാറ്റൺ 1947 ജൂലായ് 25-ന് ജനങ്ങൾക്ക് ഒരു മാർഗ്ഗരേഖ നൽകി. പാകിസ്താനിലോ ഇന്ത്യയിലോ ചേരാൻ നിങ്ങൾക്ക് സ്വാതന്ത്രമുണ്ടെന്ന് ആ രാഷ്ട്രങ്ങൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. എങ്കിലും തങ്ങളുടെ അതിർത്തി ഏതിനോടാണ് പങ്കിടുന്നതെന്നും ജനസംഖ്യ മുസ്‌ലിമാണോ ഹിന്ദുവാണോ എന്നും അവർ നിർബന്ധമായും പരിഗണിക്കേണ്ടിയിരുന്നു. അതിനാൽ രണ്ടാമത്തെ മാർഗ്ഗനിർദ്ദേശം രാഷ്ട്രത്തിലെ ജനങ്ങളുടെ മത-സാംസ്കാരിക ആഭിമുഖ്യമായിരുന്നു.

ഈ മാർഗനിർദ്ദേശപ്രകാരം ജമ്മു കാശ്മീർ സ്വാഭാവികമായും പാകിസ്താന്റെ ഭാഗമായിരുന്നു. കാരണം ജമ്മു കാശ്മീരിന്റെ 750 മൈൽ, 750 മീറ്ററല്ല, 750 മൈൽ ദൂരം പാകിസ്താനുമായി അതിർത്തി പങ്കിടുന്നതാണ്. കൂടാതെ, ജനസംഖ്യയിൽ 85 ശതമാനത്തോളം മുസ്‌ലിംകളുമായിരുന്നു- 85%! ചുരുക്കത്തിൽ മത-സാംസ്കാരികാഭിമുഖ്യവും പാകിസ്താനുമായാണ് ചേർന്നുനിൽക്കുന്നത്. അതിനാൽ ജമ്മു കാശ്മീരിന് ഇന്ത്യയുടെ ഭാഗമാവാൻ ഒരു ന്യായവും ഉണ്ടായിരുന്നില്ല. നിർഭാഗ്യവശാൽ, ഇന്ത്യ ഞങ്ങളെ എതിരിടുകയാണ്. നിങ്ങൾ കണ്ടോ, ഈ മാർഗ്ഗരേഖകളെയൊന്നും അവർ പരിഗണിക്കുന്നേയില്ല, എന്നിട്ട് 1947 ഒക്ടോബർ 27-ന് ഇവിടെ ജമ്മു കാശ്മീരിലേക്ക് അവർ സൈന്യത്തെ അയക്കുകയും ചെയ്തു. ആയുധ ശക്തി കൊണ്ട് അവർ അധിനിവേശം നടത്തി, ആ സമയം മുതൽ ഇന്നുവരെ ഇന്ത്യ ഇവിടെ വെറും ആയുധ ശക്തികൊണ്ട് അധിനിവേശം നടത്തുകയാണ്. 1948 ജനുവരിയിൽ ജവഹർ ലാൽ നെഹ്റുവിന്റെ കീഴിൽ ജമ്മു കാശ്മീർ വിഷയം ഇന്ത്യ യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നിൽ ഉന്നയിച്ചു. ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യ വാദിച്ചു. ഇന്ത്യയുടെ സ്ഥിരഭാഗമായി ജമ്മുകാശ്മീർ മാറുന്ന പക്ഷം സൈന്യം കാശ്മീർ വിടുമെന്ന് നേതാക്കൾ പറഞ്ഞു. പക്ഷേ അവരുടെ വാദം യുഎൻ സെക്യൂരിറ്റി കൗൺസിൽ അംഗീകരിച്ചില്ല. ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് അവർ പ്രഖ്യാപിച്ചു. എങ്കിലും, അതൊരു തർക്ക മേഖലയാണെന്നും, ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് സ്വയം നിർണയാവകാശം വകവെച്ചുകൊടുക്കണമെന്നും പ്രഖ്യാപിച്ചു. ആകെ, 18 ഓളം പ്രമേയങ്ങൾ പാസ്സാക്കി. ആ പ്രമേയങ്ങളെല്ലാം ഇന്ത്യയും പാകിസ്താനും ഒരുപോലെ അംഗീകരിക്കുകയും ഒപ്പുവെക്കുകയും ചെയ്തതായിരുന്നു, ലോകം അതിന് സാക്ഷിയായതാണ്. ആ പ്രമേയം നടപ്പിൽ വരുത്താനാണ് ജമ്മു കാശ്മീരിലെ ജനങ്ങൾ ആവശ്യപ്പെടുന്നത്. ജമ്മു കാശ്മീരിലെ ജനങ്ങൾക്ക്, അവരുടെ മതത്തിനും പ്രദേശത്തിനുമൊക്കെയപ്പുറം, ജമ്മുവിലാണെങ്കിലും ലഡാക്കിലാണെങ്കിലും താഴ്‌വരയിലാണെങ്കിലും ഇനി മറ്റെവിടെയെങ്കിലുമാണേലും ശരി, അവർ മുസ്‌ലിംകളോ സിഖുകാരോ ഹിന്ദുക്കളോ ആയാലും ശരി, ആ ജനങ്ങൾക്ക് അവരുടെ സ്വയം നിർണയനാവകാശം ലഭിക്കണം. ഇന്ത്യക്കൊപ്പം വേണോ പാകിസ്താനൊപ്പം വേണോ എന്നത് അവർ തീരുമാനിക്കും. നിർഭാഗ്യവശാൽ, അധികാരത്തിന്റെ ഗർവ്വിൽ നരകിക്കുകയാണ് ഇന്ത്യ, അതേ അധികാരം ഉപയോഗിച്ചവർ ജമ്മുകാശ്മീർ അധീനപ്പെടുത്തുകയും ചെയ്യുന്നു.

1947 ന് അന്നത്തെ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു ഇവിടത്തെ ലാൽ ചൗക്കിലെ ഒരു പൊതു വേദിയിൽ വെച്ച് അന്തരിച്ച ഷെയ്ഖ് മുഹമ്മദ് അബ്ദുല്ലയുടെ സാന്നിധ്യത്തിൽ ജനങ്ങളോട് ഒരു വാഗ്ദാനം നടത്തിയിരുന്നു. തങ്ങളുടെ ഭാവി തീരുമാനിക്കാനുള്ള സ്വയം നിർണ്ണയാവകാശം ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് ഇന്ത്യ നൽകുമെന്ന് അദ്ദേഹം ഉറപ്പുകൊടുത്തു. 1952 ആഗസ്റ്റിൽ ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് നൽകിയ പ്രതിജ്ഞ അവർക്ക് വേണ്ടി മാത്രമല്ല, പാകിസ്താനിലെ ജനങ്ങൾക്കും ലോക സമൂഹത്തിനൊന്നാകെയും വേണ്ടിയുള്ളതാണെന്ന് പാർലിമെന്റിൽ വെച്ച് അദ്ദേഹം പ്രഖ്യാപിച്ചു. എന്ത് വിലകൊടുത്തും അത് നിറവേറണം. നിർബന്ധിത വിവാഹത്തെയും നിർബന്ധിത അധിനിവേശത്തെയും ഞാൻ അനുകൂലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് സ്വയം നിർണയാവകാശം നൽകും. അന്നു മുതൽ ഇന്ത്യ ബാധ്യസ്ഥരായ, അവർ അംഗീകരിച്ച് ഒപ്പുവെച്ച 18 പ്രമേയങ്ങളിൽ പറയുന്ന, സ്വയം നിർണയാവകാശത്തിന് വേണ്ടി ജമ്മു കാശ്മീർ ജനത പോരാടിക്കൊണ്ടിരിക്കുകയാണ്.

ജമ്മു കാശ്മീർ ജനതയിലെ ആറ് ലക്ഷത്തോളം പേരാണ് ഇന്നേവരെ സ്വയം നിർണയാവകാശം എന്ന നീതിപൂർവ്വവും മഹത്തരവുമായ ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ തങ്ങളുടെ വിലപ്പെട്ട ജീവൻ നൽകിയിരിക്കുന്നത്. ഇത്തരം അനവധി ജീവനുകൾ ഇന്ത്യൻ ബുള്ളറ്റുകൾ എടുത്തിരിക്കുന്നു. പക്ഷേ നിർഭാഗ്യവശാൽ, ജമ്മു കാശ്മീർ ജനതയുടെ പൊതു ആവശ്യത്തെ യുഎൻ സെക്യൂരിറ്റി കൗൺസിൽ വകവെയ്ക്കുന്നു പോലുമില്ല. ജമ്മുകാശ്മീർ ജനതയുടെ ആവശ്യങ്ങൾക്ക് മുന്നിൽ ഇതരരാഷ്ട്രങ്ങളും നിസ്സംഗരാണ്. ഇത്തരമൊരു സന്ദർഭത്തിൽ, ഭൗതികവാദം ലോകത്തെയാകമാനം ഗ്രസിച്ചിരിക്കുന്നുവെന്നും നീതിയുടെ തരിപോലുമില്ലെന്നും അല്ലെങ്കിൽ മനുഷ്യനോടോ അവരുടെ നീതിപൂർവ്വവും മഹത്തരവുമായ ആവശ്യങ്ങളോടോ യാതൊരു ബഹുമാനവുമില്ലെന്നും നിങ്ങൾക്ക് മനസ്സിലാവും. ഇന്ത്യനധിനിവേശത്തിൽ നിന്നും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ ജമ്മു കാശ്മീർ ജനത ഇതുവരേയും വിജയിക്കാത്തത് അതുകൊണ്ടാണ്. ശരിയുടെ പാതയിലാണ് ഞങ്ങളെന്നത് കൊണ്ടു തന്നെ നീതിപൂർവ്വവും മഹത്തരവുമായ ഈ ലക്ഷ്യത്തിനു വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം തുടരാൻ തന്നെയാണ് തീരുമാനം. ഇന്ത്യയെ സംബന്ധിച്ചേടത്തോളം, ആയുധശക്തിയുപയോഗിച്ച് ജമ്മു കാശ്മീരിന്റെ എല്ലാ ഭാഗങ്ങളും അവരിപ്പോൾ കയ്യേറിയിരിക്കുകയാണ്. ജമ്മു കാശ്മീർ ആക്രമിക്കാൻ ഒരു ന്യായവും ഇന്ത്യക്കില്ല. ജമ്മു കാശ്മീർ അവരുടെ കീഴിൽ വെക്കാൻ നീതിയുക്തമായ ഒരു കാരണവും ഒരു നിയമാനുമതിയും അവർക്കില്ല. ജമ്മു കാശ്മീരിന്റെ വളരെ ചുരുങ്ങിയ രൂപം ഇതാണ്.

അപ്പോൾ കാശ്മീരിന് പാകിസ്താനോടൊപ്പം നിൽക്കാമെന്നാണോ?

ആ പ്രമേയം വെച്ചുനോക്കുമ്പോൾ ആകെ രണ്ട് സാധ്യത മത്രമേയുള്ളൂ; ഇന്ത്യ അല്ലെങ്കിൽ പാകിസ്താൻ. നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ പാകിസ്താനോടൊപ്പമാണോ അതല്ല ഇന്ത്യക്കൊപ്പമാണോ എന്നത് ജനങ്ങൾ തീരുമാനിക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനുള്ള വ്യക്തികളുടെ അവകാശത്തെ ജനാധിപത്യപരമായി നിർബന്ധമായും നാം മാനിക്കണം. ഇന്ത്യയും പാകിസ്താനും ലോക സമൂഹവും അത് അംഗീകരിക്കുകയും വേണം.

ഒരു സ്വതന്ത്ര കാശ്മീരിനേക്കാൾ അങ്ങയുടെ ശ്രദ്ധ യുഎൻ പ്രമേയത്തിന്മേലാണോ?

അക്കാര്യവും ഞങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇന്ത്യ, പാകിസ്താൻ, ജമ്മു കാശ്മീർ ജനതയുടെ യഥാർത്ഥ പ്രതിനിധികൾ എന്നീ മൂന്നു കക്ഷികളും ഒരു മേശക്ക് ചുറ്റും ഇരിക്കുകയും മൂന്നു ഭാഗവും പരസ്പര സമ്മതത്തോടെ ജമ്മു കാശ്മീരിന് സ്വതന്ത്ര പദവി നൽകണമെന്ന് തീരുമാനിക്കുകയും ചെയ്താൽ, ആ അവസരത്തിൽ അതേക്കുറിച്ചും ഞങ്ങളാലോചിക്കും.

സയ്യിദ് അലി ഷാ ഗീലാനി

ഇവിടത്തെ നേതാക്കളെ വ്യത്യസ്ത വിഭാഗങ്ങളായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്താണ്?

ഞങ്ങളൊന്നാണ്. നിങ്ങളുടെ ധാരണ അത്ര കൃത്യമല്ല. ജമ്മു കാശ്മീർ ഒരു തർക്ക പ്രദേശമാണെന്ന അടിസ്ഥാന പോയിന്റിൽ ഞങ്ങൾ ഏകാഭിപ്രായക്കാരാണ്. ജമ്മു കാശ്മീർ ജനതക്ക് അവരുടെ സ്വയം നിർണയനാവകാശം ലഭിക്കണം. അക്കാര്യത്തിൽ, ജമ്മു കാശ്മീർ ജനതക്ക് സ്വയം നിർണയാവകാശം നൽകണമെന്ന് തന്നെയാണ് ഞങ്ങൾ ഒന്നിച്ചാവശ്യപ്പെടുന്നത്. ആ കേന്ദ്ര വിഷയത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഭിന്നിച്ചുനിൽക്കില്ല.

മൗദൂദിയിലും ജിന്നയിലും ഈജിപ്തിലും ഏറ്റവുമൊടുവിൽ ബംഗ്ലാദേശിലും നാം കണ്ടപോലെ മിക്ക പോസ്റ്റ് കൊളോണിയൽ മുസ്‌ലിം രാജ്യങ്ങളിലും ആധുനിക ജനാധിപത്യ രാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്നവരും ഇസ്‌ലാമിക രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്നവരും തമ്മിൽ സംഘർഷം നിലനിൽക്കുന്നില്ലേ? താങ്കളെങ്ങനെയാണ് അതിനെ നോക്കിക്കാണുന്നത്?

ജനങ്ങളോട് ഏറെ കടപ്പെട്ടിരിക്കുന്ന ഒരു മുസ്‌ലിമെന്ന നിലയിൽ ഇസ്‌ലാമിനെ മനസ്സിലാക്കാൻ നിങ്ങൾ ശരിക്ക് ശ്രമിക്കണം. ഇസ്‌ലാമൊരു മതമല്ല. ഇസ്‌ലാമൊരു ജീവിത വ്യവസ്ഥയാണ്, ഒരു സമ്പൂർണ ജീവിത വ്യവസ്ഥ. ഇസ്‌ലാമിക ജീവിത വ്യവസ്ഥ ജനാധിപത്യപരമായി നടപ്പിൽവരുത്തണമെന്നാണ് ഇസ്‌ലാം പറയുന്നത്. ഞാനാവർത്തിക്കുന്നു, ജനാധിപത്യപരമായി, അല്ലാതെ ബലത്തിലൂടെയോ തോക്കിൻകുഴലിലൂടെയോ അല്ല. ജനാധിപത്യപരമായി സോഷ്യലിസത്തെയോ കമ്മ്യൂണിസത്തെയോ ക്യാപ്പിറ്റലിസത്തെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഇസത്തെയോ നിങ്ങൾ സ്വീകരിക്കുന്നു. അങ്ങനെയെങ്കിൽ ഇസ്‌ലാമിനെ അല്ലെങ്കിൽ ഇസ്‌ലാമിക ജീവിത വ്യവസ്ഥയെ ജനങ്ങൾ തിരഞ്ഞെടുക്കുന്നതിന് ഒരവസരം കൊടുക്കുന്നതിനെന്താണ്? എന്താണതിന്റെ കാരണം? ഒരു ന്യായീകരണവുമില്ല. ഈജിപ്തിൽ ജനാധിപത്യപരമായാണ് മുസ്‌ലിം ബ്രദർഹുഡ് അധികാരത്തിൽ വന്നത്, പക്ഷേ അവരെ അതിന് സമ്മതിച്ചില്ല. ഒരു വർഷം കഴിയുമ്പോഴേക്കും അമേരിക്കയുടേയും മറ്റ് പാശ്ചാത്യൻ രാഷ്ട്രങ്ങളുടേയും പിന്തുണയോടെ സൈന്യം അവരെ അധികാരത്തിൽ നിന്ന് പുറത്താക്കി. അവരുടെ എല്ലാ നേതാക്കന്മാരും ഇപ്പോൾ ജയിലിലാണ്. 40 വർഷത്തോളം മുർസി തടവിൽ കഴിഞ്ഞു. ജനാധിപത്യപരമായി ആയിരുന്നു അവർ അധികാരത്തിൽ വന്നത്. അവരെ പുറത്താക്കി അധികാരം പിടിച്ചെടുക്കുന്നതിന് ഒരു ന്യായീകരണവും സൈന്യത്തിന് ഉണ്ടായിരുന്നില്ല.

ഇസ്‌ലാം ഒരു സമ്പൂർണ ജീവിത വ്യവസ്ഥയാണ്. ഞാൻ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചേടത്തോളം, മനുഷ്യരെ ബഹുമാനിക്കുകയും അവർക്കിടയിൽ സമാധാനം സ്ഥാപിക്കുകയും ചെയ്യുന്ന ഒരേയൊരു വ്യവസ്ഥ ഇസ്‌ലാം മാത്രമാണെന്ന് ഞാൻ ആണയിടുന്നു. നീതിയാണ് അതിന്റെ അടിസ്ഥാനം, അല്ലാതെ അന്ധമായ അധികാരമോ ജനങ്ങളെ ഭരിക്കാനുള്ള അന്ധമായ ശക്തിയോ അല്ല. സൂറഃ മാഇദയിലെ എട്ടാമത്തെ ആയത്ത് ഞാനോതിത്തരാം; ‘ഒരു ജനതയോടുള്ള വിരോധം നിങ്ങളെ നീതിയിൽ നിന്നു വ്യതിചലിപ്പിക്കുവാൻ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിൻ. അതാണ് ദൈവഭക്തിയോട് ഏറ്റവും ഇണങ്ങുന്നത്’. അതുകൊണ്ട് ഒരു മുസ്‌ലിം ഭരണാധികാരി ഒരു പ്രദേശം ഭരിക്കുമ്പോഴൊക്കെ അവിടെ കഴിയുന്ന ഓരോരത്തരോടും നീതിമാനായിരിക്കാൻ അവൻ ബാധ്യസ്ഥനാണ്.

ഒരു മുസ്‌ലിമെന്ന നിലയിൽ നിന്റെ ശത്രുക്കളോടും സുഹൃത്തുക്കളോടും എല്ലാവരോടും നീ നീതിപാലിക്കുന്നവനാവണം. ജനങ്ങൾക്കിടയിൽ വിവേചനമില്ലെന്ന് പഠിപ്പിക്കുന്ന അനേകം ഖുർആനിക വചനങ്ങളുണ്ട്. ഒരേയൊരു മുന്നുപാധി തഖ്‌വയിൽ വിട്ടുവീഴ്ച്ചയില്ലാതിരിക്കുക എന്നത് മാത്രമാണ്. അതില്ലെങ്കിൽ, മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും തൊഴിലിന്റെയും രാജ്യത്തിന്റെയും പേരിൽ മനുഷ്യർക്കിടയിൽ വിവേചനം ഉണ്ടാവില്ല. പ്രവാചകൻ (സ) പറഞ്ഞത് പോലെ, സർവ്വശക്തനായ അല്ലാഹുവിന്റെ കുടുംബാംഗങ്ങളാണ് മുഴുവൻ ജനങ്ങളും. വിവേചനരഹിതമായി ജനങ്ങളെ സേവിക്കുന്നവരെ മാത്രമേ സർവ്വശക്തനായ അല്ലാഹുവും ബഹുമാനിക്കുകയുള്ളൂ.

ഇന്ത്യയിലെന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുന്നില്ലേ. ഇന്ത്യ ആർ.എസ്.എസ്സിന്റെ നിയന്ത്രണത്തിനു കീഴിലാണ്. മുസ്‌ലിംകളോ സിഖുകാരോ ദലിതുകളോ അവിടെ വളരുന്നതിനെ അവർ അംഗീകരിക്കുന്നില്ല. ഹിന്ദു മാത്രമേ രാജ്യം ഭരിക്കാൻ പാടുള്ളൂ. ഇന്നുള്ള 57 ഇസ്‌ലാമിക രാഷ്ട്രങ്ങളുമെടുത്തു നോക്കുമ്പോൾ ഇസ്‌ലാമിക വ്യവസ്ഥ എവിടെയും നിലനിൽക്കുന്നില്ല. അവിടെ ജനങ്ങളെ തുല്യരായി കാണുകയോ ജനങ്ങൾക്കിടയിൽ ഐക്യമോ ഇല്ല.

ഹുർറിയത്ത് കോൺഫറൻസ് രൂപീകരിച്ചിട്ട് 23 വർഷങ്ങൾ പിന്നിട്ടല്ലോ. റാലികൾ, ഹർത്താൽ പോലുള്ള സമാധാനപരമായ സമരരീതികളായിരുന്നു അത് പിന്തുടർന്ന് പോന്നിരുന്നത്. രക്തസാക്ഷികൾ, ഉമ്മമാർ, യുവാക്കൾ, സഹോദരിമാർ എന്നിവരുടെ രക്തസാക്ഷിത്വം ഉൾപ്പെടെ ഈ ഭാഗത്ത് കനത്ത നഷ്ടം ഉണ്ടായ സ്ഥിതിക്ക് തന്ത്രപരമായ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാമോ?

അതെ, നഷ്ടം വളരെ വലിയതാണ്, പക്ഷേ ഞങ്ങൾക്കിത് തുടരണം. ഇന്ത്യ അധികാരത്തിന്റെ ഗർവ്വിൽ നരകിക്കുകയാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു; ഈ യാതനകളെയൊന്നും അവർ വകവെക്കുന്നില്ല. പക്ഷേ ജമ്മു കാശ്മീർ അവരുടെ നീതിപൂർവ്വവും മഹത്തരവുമായ ലക്ഷ്യത്തിന് വേണ്ടി അനവധി ത്യാഗങ്ങൾ സഹിച്ചിരിക്കുന്നു. ഈ ലക്ഷ്യത്തിൽ ആറ് ലക്ഷത്തോളം പേർ അവരുടെ അമൂല്യമായ ജീവനർപ്പിച്ചിരിക്കുന്നുവെന്ന് ഞാൻ പറഞ്ഞു. 1947-ൽ ഇന്ത്യൻ ആർമിയും, പാട്യാലാ ആർമിയും ദോഗ്രാ ആർമിയും ജമ്മുവിന്റെ വർഗ്ഗീയ ഘടകങ്ങളും ചേർന്ന് അഞ്ച് ലക്ഷം ജനങ്ങളെ കൂട്ടക്കൊലചെയ്തു. അവരൊരുമിച്ച് എല്ലാ മുസ്‌ലിംകളും ജമ്മു നഗരത്തിലേക്ക് വരണമെന്നും അവരെ പാകിസ്താനിലേക്ക് അയക്കുമെന്നും പ്രഖ്യാപിച്ചു. മുസ്‌ലിംകളവിടെ എത്തിച്ചേർന്നപ്പോൾ ഇന്ത്യൻ ആർമിയും പാട്യാലാ ആർമിയും ദോഗ്രാ ആർമിയും വർഗ്ഗീയ ഘടകങ്ങളും ആർഎസ്എസ്സും അവരുടെ കൂട്ടാളികളും ഒക്കെച്ചേർന്ന് അവരെ നിർദ്ദയം കൊന്നൊടുക്കി. ഗാന്ധി ജീവിച്ചിരിക്കുന്ന സമയമായിരുന്നു അന്ന്, അദ്ദേഹം ഈ കൂട്ടക്കൊലയെക്കുറിച്ച് ഒരക്ഷരവും മിണ്ടിയില്ല. നെഹ്റു ഒരു നടപടിയും എടുത്തില്ല. അന്നത്തെ നേതാവ് ഷെയ്ഖ് അബ്ദുല്ലയും ഒരു നടപടിയും എടുത്തില്ല. ദുരിതപൂർണവും അസ്വീകാര്യവുമാണത്.

കാശ്മീരിലെ സായുധ പോരാട്ടങ്ങളോടുള്ള താങ്കളുടെ സമീപനമെന്താണ്? താഴ്‌വരയിലെ മറ്റ് മുന്നേറ്റങ്ങളെ ഏതൊക്കെ രീതിയിലാണ് അത് ബാധിക്കുക?

അതൊരു നിർബന്ധിതാവസ്ഥയാണ്. യുവാക്കളെ നിങ്ങൾ മതിലുകൾക്കകത്ത് തളയ്ക്കുമ്പോൾ പിന്നെ തോക്കെടുക്കുകയല്ലാതെ പിന്നെ നിവൃത്തിയില്ല. അതൊരു നിർബന്ധിതാവസ്ഥയാണ്. ഇവിടത്തെ ജനങ്ങളുടെ സമാധാനപരമായ സമരങ്ങളെ ഇന്ത്യ വകവെക്കുന്നു പോലുമില്ലെന്ന് വ്യക്തമായ വാക്കുകളിൽ ഞാൻ നിങ്ങളോടു പറഞ്ഞു. നോക്കൂ, 2010 മുതൽ ഞാൻ വീട്ടുതടങ്കലിലാണ്. ഞാൻ ശ്രീനഗറിലായിരുന്നപ്പോഴെല്ലാം തുടർച്ചയായി ഞാൻ വീട്ടു തടങ്കലിലായിരുന്നു. ഒരു ജുമുഅ നമസ്കാരത്തിനോ ഈദ് നമസ്കാരത്തിനോ എനിക്ക് അനുമതിയില്ല. ഈ നാലു ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്ന നിലയില്ല ഞാൻ. ഏതേലും പൊതുപരിപാടികൾക്കോ ചടങ്ങുകൾക്കോ പോവാൻ എനിക്ക് കഴിയില്ല, ഇതാണവസ്ഥ. ഇന്ന വകുപ്പിന് കീഴിൽ ഞാൻ വീട്ടുതടങ്കലിലാണെന്ന് പ്രസ്താവിക്കുന്ന എന്തെങ്കിലും കോടതി ഉത്തരവുകളോ രേഖകളോ ഒന്നും തന്നെയില്ല. തോക്കിൻ മുനയിൽ നിർത്തിയാണിതൊക്കെ. 24 മണിക്കൂറും ഒരു അനക്കവുമില്ലാതെ ആ വാഹനം ഇവിടെ നിൽക്കുന്നത് നിങ്ങൾ കാണ്ടില്ലേ. ഗീലാനിയെ ഈ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടാൻ ഉത്തരവ് ലഭിച്ചവരാണവർ. അതുകൊണ്ട്, ഇത്തരമൊരവസ്ഥയിൽ ജനങ്ങൾ തോക്കെടുക്കരുതെന്ന് എങ്ങനെയാണ് നിങ്ങൾക്ക് പ്രതീക്ഷിക്കാൻ കഴിയുക. ഒരു നിർബന്ധിതാവസ്ഥ നിലനിൽക്കുന്നുണ്ട്. സമാധാനപരമായി പ്രകടനം നടത്താൻ അവർക്കനുമതിയില്ല.

മോദി ഗവൺമെന്റ് അധികാരത്തിൽ വന്ന ശേഷം ഇന്ത്യൻ സ്റ്റേറ്റിന് കാശ്മീരിനോടുള്ള സമീപനത്തിൽ വന്നിട്ടുള്ള മാറ്റത്തെ എങ്ങനെയാണ് താങ്കൾ കാണുന്നത്? അല്ലെങ്കിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടായിട്ടുണ്ടോ?

ഒരു മാറ്റവുമില്ല. കാശ്മീരിന്റെ വിഷയത്തിൽ കോൺഗ്രസ്സും അതികഠിനമായിരുന്നു. പക്ഷേ ഇവർ വളരെ പ്രകടമാണ്. കാശ്മീർ ജനതയുടെ ശബ്ദങ്ങളെ കയ്യൂക്കും സൈനികബലവുമുപയോഗിച്ച് അവർ ഓപ്പണായി ഇല്ലാതാക്കുന്നു. വ്യവസ്ഥയോ അല്ലെങ്കിൽ കാശ്മീർ പ്രശ്നമോ പരിഗണിക്കുമ്പോൾ ജമ്മു കാശ്മീർ പ്രശ്നത്തോടുള്ള ഇന്ത്യൻ നയങ്ങളിൽ പ്രകടമായ ഒരു മാറ്റവും ഉണ്ടാവില്ല. പക്ഷേ, ഇവർ ഞങ്ങളുടെ ജനങ്ങൾക്കും സമാധാനപൂർണമായ പ്രവർത്തനങ്ങൾക്കുമെതിരെ അന്ധമായ ശക്തി പ്രയോഗിക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യയിലെ മുസ്‌ലിംകൾക്കും ദലിതുകൾക്കുമെതിരിലുള്ള ആക്രമങ്ങൾ വർദ്ധിച്ച ഈയൊരു സമയത്ത് മർദ്ദിത വിഭാഗങ്ങളുടെ ഐക്യത്തെക്കുറിച്ച പ്രതീക്ഷകളെ താങ്കളെങ്ങനെയാണ് കാണുന്നത്?

അത് തീർച്ചയായും സംഭവിക്കണം. എല്ലാ മുസ്‌ലിം, ദലിത്, സിഖ്, കൃസ്ത്യൻ ജനതകളും ഒന്നിക്കണം. ഒരു പൊതു വേദിക്ക് കീഴിൽ അവരൊക്കെ ഒന്നിക്കുകയും ഇന്ത്യയിൽ പ്രബലമായിക്കൊണ്ടിരിക്കുന്ന ഈ ആർ.എസ്.എസ് ബിജെപി വ്യവസ്ഥക്കെതിരെ പൊരുതുകയും വേണം. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല. എല്ലാ കാലവും അധികാരത്തിന് വേണ്ടി പണിയെടുക്കുകയും ഒരുതരത്തിലുള്ള സഹതാപവും പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളോട് വെച്ചുപുലർത്താത്തവരും ആണവർ. 40 വർഷത്തിലധികം അവർ അധികാരത്തിലിരുന്നിട്ടുണ്ട്. പക്ഷേ എന്നിട്ടും പ്രഥമ തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദത്തങ്ങളെ അവർ പൂർത്തീകരിച്ചിട്ടില്ല. ഒരുപാട് വലിയ ഉറപ്പുകൾ അവർ ജനങ്ങൾക്ക് നൽകുന്നു, പക്ഷേ അധികാരത്തിലേറിക്കഴിഞ്ഞാൽ അതൊക്കെയും അവർ മറക്കും.

അധിനിവേശ കാശ്മീരിന്റെ സാമ്പത്തിക നിലയെക്കുറിച്ച് എന്ത് തോന്നുന്നു?

സാമ്പത്തികമായ വശത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഞങ്ങൾക്ക് ഞങ്ങളുടേതായ സ്രോതസ്സുകളുണ്ടെങ്കിലും നിർഭാഗ്യവശാൽ ഇന്ത്യ അത് തട്ടിയെടുത്തിരിക്കുകയാണ്. ഞങ്ങളുടെ ഭൂമി വലിയതോതിൽ അവർ പിടിച്ചെടുത്തു. എവിടെയൊക്കെ സ്വതന്ത്ര ഭൂമി കാണുന്നുവോ അതൊക്കെ തോക്കിൻമുനയിൽ അവർ കയ്യേറുന്നു. വനങ്ങളിലെ മരങ്ങൾ അവർ മുറിച്ചെടുക്കുന്നു. ഒരുദാഹരണത്തിന്, ശോപിയൻ ജില്ലയിൽ വനത്തിലെ 5200 നീർച്ചാലുകൾ പട്ടാള ക്യാമ്പുകളുടെ നിർമ്മാണാവശ്യത്തിനായി ഇന്ത്യൻ ഭരണകൂടം പിടിച്ചെടുത്തു. മൂന്നു മുതൽ നാല് ലക്ഷം വരെ മരങ്ങൾ ശോപിയൻ ജില്ലയിൽ നിന്ന് മുറിക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കാടുകളോട് ചേർന്ന് പട്ടാള ക്യാമ്പുകളുള്ള മറ്റ് പ്രദേശങ്ങളിലും സമാനമായ അവസ്ഥയാണ്. ഒരു  മടിയുമില്ലാതെ അവർ മരങ്ങൾ മുറിച്ചു മാറ്റുന്നു. അതുകൊണ്ട് ഫർണീച്ചറുണ്ടാക്കി വീടുകളിലേക്കും തങ്ങളുടെ രാജ്യത്തേക്കും കയറ്റി അയക്കുന്നു. 1980 ൽ ബീർവയിൽ ശെയ്ഖ് അബ്ദുല്ലാഹ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഏകദേശം തൊള്ളായിരത്തോളം കനാൽ ഭൂമികൾ സൈന്യം കാമ്പ് നിർമ്മാണാവശ്യാർത്ഥം പിടിച്ചെടുത്തു.

ജല സ്രോതസ്സുകളും ഇന്ത്യയുടെ നിയന്ത്രണത്തിന് കീഴിലാണ്. പദ്ധതികൾ അവർ തന്നെ കൈകാര്യം ചെയ്യുകയും വൈദ്യുതോർജ്ജം ഡൽഹിയിലേക്ക് കൊണ്ടു പോവുകയും ചെയ്യുന്നു. അവിടെ നിന്ന് രാജസ്ഥാൻ, ഹരിയാന തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് അത് സപ്ലൈ ചെയ്യുന്നു. എന്നാൽ കാശ്മീരിനെ സംബന്ധിച്ചേടത്തോളം വൈദ്യുതിയുടെ കാര്യത്തിൽ, പ്രത്യേകിച്ച് ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഞങ്ങൾ വലിയ പ്രയാസമനുഭവിക്കുന്നു. സാമ്പത്തിക വ്യവസ്ഥ ആകെ ദുർബ്ബലമായിരിക്കുന്നു, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യയെ ആശ്രയിക്കേണ്ട ഗതിയാണ്. ജീവിതത്തിന്റെ ഒരു മേഖലയിലും ഞങ്ങൾ സ്വതന്ത്രരാവാതിരിക്കുക എന്ന സവിശേഷ സാഹചര്യം അവർ സൃഷ്ടിച്ചതാണ്. ഇന്ത്യയുടെ ആശ്രിതരാണ് ഞങ്ങൾ. ഇവിടെയെത്തുന്ന മരുന്നുകളും ശുദ്ധമല്ലെന്നത് നിങ്ങൾ കാണണം. ഞങ്ങളെ കൂടുതൽ പീഢിതരും ഇന്ത്യയുടെ ആശ്രിതരും ആക്കിമാറ്റുന്ന നയങ്ങൾ കൊണ്ടുവരുന്നത് അവർ തുടർന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ സ്ത്രീകളെയും സഹോദരിമാരെയും അവർ പീഢിപ്പിക്കുന്നു, കുറ്റവാളികൾക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളാതിരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ വീടുകൾ തകർത്താലും നടപടികളുണ്ടാവില്ല. നിരപരാധികളെ പ്രത്യേകിച്ച് യുവാക്കളെ കൊന്നൊടുക്കുന്നു, കൊലയാളികൾക്കെതിരെ ഒരു നടപടിയുമുണ്ടാവില്ല. കുപുവാര ജില്ലയിൽ കുനാൻ, പോഷ്പോറ തുടങ്ങിയ രണ്ട് ഗ്രാമങ്ങളുണ്ട്. 1992-ൽ അവിടെ അമ്പതോളം പെൺമക്കളും സ്ത്രീകളും ബി.എസ്.എഫ് സൈനികരാൽ പീഢിപ്പിക്കപ്പെട്ടു. ഇന്നേവരെ അമ്പതിലധികം വരുന്ന ഞങ്ങളുടെ സ്ത്രകളെ പീഢിപ്പിച്ചവർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. മൊത്തത്തിൽ ഇതൊക്കെയാണ് അവസ്ഥ. 6000 ത്തോളം വരുന്ന പെൺകുട്ടികളെയും സ്ത്രീകളെയും അധിനിവേശ സൈന്യം പീഢിപ്പിച്ചിട്ടുണ്ടെന്നാണ് ഞാൻ പറയുന്നത്. മില്ല്യൺ കണക്കിന് വീടുകൾ ചുട്ടെരിക്കുകയും മനുഷ്യത്വരഹിതമായ കുറ്റങ്ങളരങ്ങേറുകയും ചെയ്തിട്ടും ഒരു നടപടിപോലും ഉണ്ടായില്ല.

‘കുനാൻ പോഷ്പോറയെ ഓർക്കുക’ പോലുള്ള വിവിധ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. ഇന്ത്യയിലെ  വ്യത്യസ്ത അക്കാദമിക ഇടങ്ങളിൽ നിന്ന് അത്തരം ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. എങ്കിലും കാശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളും കാശഅമീരിന് വേണ്ടി നിലകൊള്ളുന്ന വിദ്യാർത്ഥികളും ഈയടുത്തകാലത്തായി ധാരാളമായി വേട്ടയാടപ്പെടുന്നുണ്ട്. അത്തരം വിദ്യാർത്ഥി രാഷ്ട്രീയങ്ങളെ അങ്ങ് എങ്ങനെയാണ് നോക്കിക്കാണുന്നത്?

കോടതികളും ഗവൺമെന്റിനൊപ്പമാണ് നിൽക്കുന്നത്. നീതി പുലരുക എന്നത് അവർക്കൊരു വിഷയമേയല്ല. അവരും ഗവൺമെന്റിനനുകൂലമാണ്. അഡ്മ്നിസ്ട്രേഷനാവട്ടെ, അവരും ഗവൺമെന്റിനൊപ്പമാണ്. പീഢിതരായ ജനങ്ങൾക്ക് നീതി എത്തിക്കാൻ ഇവർക്കൊന്നും കെൽപ്പില്ല. ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭീഷണമായ ഒരു സാഹചര്യമാണിത്. രാഷ്ട്ര ഭീകരതയുടെ ഏറ്റവും മോശം രൂപമാണ് ഞങ്ങളനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ മുസ്‌ലിംകളെയും വിദ്യാർത്ഥി വിഭാഗങ്ങളെയും സംബന്ധിച്ചേടത്തോളം അതിയായ സമ്മർദ്ദത്തിലാണവർ. ജമ്മു കാശ്മീർ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഢനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ശബ്ദമുയർത്താൻ കഴിയുന്ന ഒരു നിലയിലല്ല അവരുള്ളത്.

നാളെ (റമദാനിലെ അവസാന വെള്ളിയാഴ്ച്ച) കാശ്മീരിൽ യൗമുൽ ഖുദ്സ് ആഘോഷിക്കുകയാണ്. ലോകത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കാശ്മീരിൽ അതൊരു വലിയ ആഘോഷമാണെന്ന് കാണാം. ഗസ്സയും കാശ്മീരും തമ്മിലുള്ള ബന്ധത്തെ താങ്കളെങ്ങനെയാണ് എടുക്കുന്നത്?

ഞങ്ങളൊരു മഹാ ജയിലിലാണെന്നതല്ലാതെ മറ്റൊരു ബന്ധവുമില്ല. ഇന്ത്യക്ക് പുറത്തേക്ക് പോകാൻ ഒരു പാസ്സ്പോർട്ട് ഞങ്ങൾക്കില്ല. ജമ്മു കാശ്മീരിന്റെ തന്നെ ഭാഗമായ ജമ്മുവിലേക്ക് പോകാൻ പോലും ഞങ്ങൾക്ക് അനുവാദമില്ല. ജമ്മു മേഖല പൂർണമായും ഇന്ത്യൻ ആർമിയുടെയും, ബിജെപിയുടെയും ആർഎസ്എസ്സിന്റെയും കീഴിലുള്ള ഇന്ത്യൻ അഡ്മിനിസ്ട്രേഷന്റെയും നിയന്ത്രണത്തിലാണ്. ജമ്മുവിലേക്കോ ബനിഹാലിലേക്കോ പോവാനുള്ള ടണൽ മുറിച്ചുകടക്കാൻ ഞങ്ങൾ ജനങ്ങൾക്ക് അനുമതിയില്ല.

കാശ്മീരിലെ കൂട്ടു മന്ത്രി സഭ ഭരണത്തെക്കുറിച്ച് എന്താണ് തോന്നുന്നത്?

ഇത് ബിജെപിയുടെ ഭരണമാണെന്ന് നിസ്സംശയം നിങ്ങൾക്ക് മനസ്സിലാവും. സഖ്യ കക്ഷികളൊക്കെ ജനങ്ങളെ കാണിക്കാൻ വേണ്ടി മാത്രമാണ്. അവർക്കൊരു കസേരയുണ്ട്, പക്ഷേ അധികാരമില്ല. അധികാരം എല്ലാ നിലക്കും ബിജെപിയുടെ കൈകളിലാണ്. സഖ്യമൊക്കെ വെറുമൊരു കാട്ടിക്കൂട്ടൽ മാത്രമാണ്. അവർക്കൊരു അധികാരവുമില്ല (ചിരിക്കുന്നു).

അനന്ദ്നാഗിലെ ജനങ്ങൾ മെഹബൂബ മുഫ്തി ബിജെപിയോടൊപ്പം ചേർന്നിട്ടും അവർക്ക് വോട്ട് ചെയ്തത് എന്ത് കൊണ്ടാണ്?

അവിടെയാണ് നമ്മുടെ സമൂഹത്തിന്റെ ദൗർബ്ബല്യം. ജനങ്ങൾ ചോര കൊടുക്കുമ്പോൾ തന്നെ വോട്ടും കൊടുക്കുന്നു. ഞങ്ങളുടെ ജനതയെ സംബന്ധിച്ച് ഗുരുതരമായ ഒരു പ്രശ്നമാണത്. ഞാൻ പറഞ്ഞില്ലേ നീതിപൂർവ്വവും മഹത്തരവുമായ ഒരു ലക്ഷ്യത്തിനുവേണ്ടി ആറു ലക്ഷത്തോളം ജനങ്ങൾ തങ്ങളുടെ ജീവനർപ്പിച്ചു. പക്ഷേ നിർഭാഗ്യവശാൽ തിരഞ്ഞെടുപ്പ് സമയം വരുമ്പോൾ ജനങ്ങൾ വോട്ട് കൊടുക്കുന്നു. ഞങ്ങൾ അവരെ നയിക്കുമ്പോൾ തന്നെ, സംഭവിക്കാൻ പാടില്ലാത്ത എന്നാൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഞങ്ങൾ അംഗീകരിക്കുന്ന ഒരു ദൗർബല്യമാണിത്.

എന്തുകൊണ്ടാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നാണ് താങ്കൾ കരുതുന്നത്?

ഞാൻ പറഞ്ഞില്ലേ, ഈ വിഷയങ്ങളിൽ ജനങ്ങൾ ദുർബലരാണ്. നേതൃത്വത്തിന്റെ നിർദ്ദേശത്തെ അവർ പിന്തുടരുന്നില്ല.

ഈദ് സന്ദേശമെന്ന നിലയിൽ എന്താണ് ഇന്ത്യയിലെ ജനങ്ങളോട് താങ്കൾക്ക് പറയാനുള്ളത്?

ഇന്ത്യയിൽ മുസ്‌ലിംകളും മറ്റ് സമുദായങ്ങളും ഒരു പൊതു പ്ലാറ്റ്ഫോമിലേക്ക് വരണം. സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ ഒരു സംശുദ്ധ ജനാധിപത്യത്തിന് വേണ്ടി അവർ ഇന്ത്യയിൽ പരിശ്രമിക്കണം. നിയമത്തിന്റെ കാര്യത്തിലും അത് തന്നെ ചെയ്യണം. നോക്കൂ ഇന്ത്യൻ മുസ്‌ലിംകളിൽ നല്ലൊരു ശതമാനം പേരും ജയിലുകളിലാണ്. ജയിലുകളിൽ 22 ശതമാനവും മുസ്‌ലിംകളാണ്. അതിനാൽ ഇന്ത്യൻ ഗവൺമെന്റിനെയും സംവിധാനത്തെയും സംബന്ധിച്ച് മുസ്‌ലിംകളുടെ അവസ്ഥയെ ഇതിൽനിന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് ഇന്ത്യയിലെ ജനങ്ങളോടുള്ള എന്റെ വിനീതമായ അഭ്യർത്ഥന നിങ്ങൾ ഭയപ്പെടരുത് എന്നതാണ്. മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരിൽ നിങ്ങൾ നിങ്ങളുടെ ശബ്ദമുയർത്തണം, പ്രത്യേകിച്ച് ജമ്മു കാശ്മീരിന് വേണ്ടി. മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നത് ഇന്ത്യൻ സേനയായത് കൊണ്ടുതന്നെ ഇന്ത്യക്കാരുടെ നിർബന്ധിത ബാധ്യതയാണത്. മുസ്‌ലിംകൾ മാത്രമല്ല മറ്റനേകം ന്യൂനപക്ഷ-പിന്നാക്ക സമുദായങ്ങളും ഭൂരിപക്ഷ ഭരണത്തിനു കീഴിൽ പൊറുതിമുട്ടുന്നുണ്ട്. മർദ്ദിതരായ ഈ ജനവിഭാഗങ്ങൾക്കെല്ലാം വേണ്ടി മുസ്‌ലിംകൾ മറ്റു സമുദായങ്ങളോടൊപ്പം ശബ്ദമുയർത്തണം. ഇസ്‌ലാമിനോടും ഇസ്‌ലാമിക സംവിധാനത്തോടുമുള്ള അവരുടെ കടമയാണത്. നീതിമാന്മാരല്ലാത്ത ഭരണാധികാരികളും സംവിധാനങ്ങളും കാരണം കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി ശബ്ദമുയർത്തൽ അവരുടെ ബാധ്യതയാണ്.

ഫസീഹ് അഹ്മദ് ഇകെ