Campus Alive

മതഭ്രാന്തനെ പുനര്‍വായിക്കുന്നു

“1921 ലെ കലാപത്തില്‍ റിട്ട:പോലീസ് ഉദ്യോഗസ്ഥനായ ഖാന്‍ ബഹദൂര്‍ ചേക്കുട്ടി എന്ന മാപ്പിളയെ അദ്ദേഹം കൊലപ്പെടുത്തി. അതോടുകൂടി അദ്ദേഹം രാജാവായി വാഴ്ത്തപ്പെടാന്‍ തുടങ്ങി. ഹിന്ദുക്കളുടെ രാജാവായും മുഹമ്മദന്മാരുടെ അമീറായും ഖിലാഫത്ത് ആര്‍മിയുടെ കേണലായും അദ്ദേഹം സ്വയം വിശേഷിപ്പിച്ചു. അദ്ദേഹം തുര്‍ക്കിത്തൊപ്പി ധരിക്കുകയും ഖിലാഫത്ത് യൂണിഫോമണിയുകയും ബാഡ്ജ് കുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു വാളുമുണ്ടായിരുന്നു. ഏറനാടു മുതല്‍ വളളുവനാടു വരെയുളള പ്രദേശങ്ങളില്‍ അദ്ദേഹം സമ്പൂര്‍ണ സ്വരാജ് അനുഭവിച്ചിരുന്നു. തദ്ദേശവാസികള്‍ മോഷണത്താലും കൊളളയാലും പൊറുതിമുട്ടിയ വിവരം തന്റെ ശ്രദ്ധയിലുണ്ടെന്നും അതിനാല്‍ ഈ വര്‍ഷം (1921) നികുതി ചുമത്തുകയില്ലെന്നും അടുത്ത വര്‍ഷം മുതല്‍ നികുതി പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മേല്‍ജാതിക്കാരനായ തിരുമുല്‍പ്പാടിന്റെ വിളഞ്ഞു നില്‍ക്കുന്ന നെല്ല് കൊയ്തു കൊണ്ടുവരാന്‍ അദ്ദേഹം കൃഷിക്കാരോട് ആവശ്യപ്പെട്ടു. കൊയ്ത്തുകാര്‍ക്ക് പ്രതിഫലം പണമായി നല്‍കുകയും ധാന്യങ്ങള്‍ ഹാജിയുടെ സൈന്യത്തെ പോറ്റാന്‍ ഉപയോഗിക്കുകയും ചെയ്തു. തന്റെ രാജ്യത്തിനു പുറത്തേക്കു പോകാന്‍ ആഗ്രഹിച്ചവര്‍ക്ക് അദ്ദേഹം പാസ്‌പോര്‍ട്ടുകള്‍ നല്‍കി. തുചഛമായ വിലയുണ്ടായിരുന്ന പാസ്‌പോര്‍ട്ടുകള്‍ക്ക് ആളുകളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഇളവനുവദിക്കുകയും ചെയ്തു. 1921 ആഗസ്റ്റ് 22ന് ആരംഭിച്ച സ്വരാജ് 1922 ജനുവരി 6 ന് അദ്ദേഹം പിടിക്കപ്പെടുന്നതു വരെ നീണ്ടു നിന്നു…..1922 ജനുവരി 20 ന് അദ്ദേഹം വധിക്കപ്പെട്ടു.’

M-T-Ansaei
എം.ടി അന്‍സാരി

1919 ഏപ്രില്‍ 13 നു നടന്ന ജാലിയന്‍ വാലാബാഗ് സംഭവവും (ഔദ്യോഗിക കണക്കനുസരിച്ച്‌ 379 പേര്‍ അതില്‍ കൊല്ലപ്പെട്ടു) കോപാകുലരായ കര്‍ഷകര്‍ 23 പോലീസുകാരെ ജീവനോടെ കത്തിച്ച ചൗരി ചൗരാ സംഭവവും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിലിടം പിടിച്ചപ്പോള്‍ 1921ലെ മലബാര്‍ പ്രതിഷേധം വെറും ഫൂട്‌നോട്ടിലൊതുങ്ങി. ഔദ്യോഗിക കണക്കു പ്രകാരം 1921ലെ കലാപത്തില്‍ 2337 കലാപകാരികള്‍ കൊല്ലപ്പെടുകയും 1652 പേര്‍ക്കു പരിക്കേല്‍ക്കുകയും 45,404 പേര്‍ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്‌. അനൗദ്യോഗിക കണക്കു പ്രകാരം 10,000 പേര്‍ മരിക്കുകയും 50,000 പേര്‍ തടവിലാക്കപ്പെടുകയും 20,000 ആളുകള്‍ നാടുകടത്തപ്പെടുകയും 10,000 പേര്‍ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നാല് ജില്ലകളിലായി കിടക്കുന്ന, 40,000ത്തില്‍ പരം ‘ഹിന്ദു’ക്കള്‍ താമസിച്ചിരുന്ന ഒരു വലിയ പ്രദേശം ഏകദേശം 5 മാസത്തോളം മാപ്പിള കലാപകാരികളുടെ നിയന്ത്രണത്തിലായിരുന്നു എന്നതും കലാപത്തിന്റെ ആഴത്തിനെയും പരപ്പിനെയും കുറിച്ച ഒരു ഐഡിയ നമുക്കു നല്‍കും. എന്നാല്‍, കലാപത്തെക്കുറിച്ച ദേശീയ ഭാവനകള്‍ ആര്യ സമാജത്തിന്റെ കണക്കുകളിലേക്കാണ് കൂടുതല്‍ ചേര്‍ക്കപ്പെട്ടത്.

Ali_Musliyar1921ലെ മലബാര്‍ പ്രതിഷേധങ്ങള്‍ 1836-1919 കാലത്തിനിടക്ക് പ്രദേശത്തു നടന്ന കലാപങ്ങളുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. മലബാറിലെ മാപ്പിളമാരുടെ ഈ (‘ലഹളകള്‍’എന്നോ ‘പൊട്ടിപ്പുറപ്പെടല്‍’ എന്നോ പരാമര്‍ശിക്കപ്പെടുന്ന) കലാപങ്ങള്‍ ഹിന്ദു ജന്മിമാര്‍ക്കെതിരെയും ക്രിസ്ത്യന്‍ പ്രഭുക്കന്മാര്‍ക്കെതിരെയുമായിരുന്നു കേന്ദ്രീകരിക്കപ്പെട്ടത്. ഈ 29 കലാപത്തിലും സജീവമായി പങ്കെടുത്ത 352 മാപ്പിള കര്‍ഷകരില്‍ 24 പേര്‍(അതില്‍ 12 പേരും ഒരേ സമയത്ത്) മാത്രമാണ് ജീവനോടെ പിടികൂടപ്പെട്ടത്. ഇത്രയും മാപ്പിള അത്യാഹിതങ്ങള്‍ക്കെതിരിലായി ഒരു ബ്രിട്ടീഷ് ജില്ലാ മജിസ്‌ട്രേറ്റും 82 ഹിന്ദുക്കളു (അവരില്‍ 63 പേര്‍ ‘മേല്‍’ജാതി നമ്പൂതിരിമാരായിരുന്നു) മാണ് കൊല്ലപ്പെട്ടത്. ഈ കലാപങ്ങള്‍ മാപ്പിള സമുദായത്തിന്റെ മതഭ്രാന്തായി ആരോപിക്കപ്പെടുകയും മതഭ്രാന്തിന്റെ ഈ ലോജിക്ക് 1921 ലെ കലാപത്തിലുടനീളം പ്രയോഗിക്കപ്പെടുകയും ചെയ്തു.

അസാധാരണമായി/അമിതമായി മതകീയ അഭിനിവേശം വെച്ചു പുലര്‍ത്തുന്നത് നിയന്ത്രിക്കല്‍ അനിവാര്യമായ വ്യക്തിയെയാണ് സാധാരണയായി മതഭ്രാന്തന്‍ എന്നു നിര്‍വചിക്കുന്നത്. മതഭ്രാന്തന്‍ തന്റെ ‘പ്രാചീന’വും ‘അപരിഷ്‌കൃത’വുമായ മതത്തില്‍ വിശ്വസിക്കുവനാണ്. അവന്‍/ള്‍ നന്നായി വിദ്യാഭ്യാസം നേടപ്പെടേണ്ടവനാണ്. മതഭ്രാന്തന്‍ ‘മൗലികവാദിയോ’ അല്ലെങ്കില്‍ ‘തീവ്രവാദിയോ’ആണ്. അവന്‍/ള്‍ ഒന്നുകില്‍ തടവിലാക്കപ്പെടേണ്ടവനോ കൊല്ലപ്പെടേണ്ടവനോ ആണ്. മതഭ്രാന്തനും മൗലികവാദിയും തീവ്രവാദിയും പരിപൂര്‍ണമായും അധിക്ഷേപിക്കപ്പെടേണ്ട പ്രതിനിധാനവുമായാണ് സമകാലിക വ്യവഹാരങ്ങളില്‍ സ്ഥിരമായി മുസ്‌ലിം പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്‌. ‘അപരിഷ്‌കൃതന്‍’, പ്രാചീനന്‍ തുടങ്ങിയ വാക്കുകള്‍ തീവ്രവാദി എന്ന വാക്കിലേക്ക് എളുപ്പത്തില്‍ ചേര്‍ക്കപ്പെടുകയും അതിന്റെ മെറ്റഫറില്‍ ഭാഷാപരമായ ഒരു അര്‍ത്ഥവ്യതിയാനം സംഭവിക്കുകയും ചെയ്തു. ഈ മെറ്റഫറുകള്‍ ആധുനികേതരമായ ഒരു ‘ അപരനെ ‘ നിര്‍മ്മിക്കുകയും അതിന് ‘ഇസ്‌ലാമികമായ’ ഒരു സ്വഭാവം കൈവരുകയും ചെയ്തു.കൊളോണിയല്‍ നടപടികളിലും ദേശീയ വ്യവഹാരങ്ങളിലും പ്രയോഗിക്കപ്പെട്ട മതഭ്രാന്തന്‍ എന്ന പ്രയോഗത്തെ പരിശോധിക്കല്‍ ഈ ‘മതേതര ആധുനിക’കാലത്തെ ഒരനിവാര്യതയാണ്. ഈയൊരു ആവശ്യത്തിനായി ലോഗന്റെ മലബാര്‍ ചരിത്രത്തെയാണ് ഞാന്‍ ഫോക്കസ് ചെയ്യുത്. അത് മലബാറിന്റെ ചരിത്രത്തിലേക്ക് കടന്നുകയറുകയും മതഭ്രാന്തന്‍ എന്ന രൂപത്തെ ധാരാളമായി ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു. 1841 നവംബറില്‍ നടന്ന ഉയര്‍ത്തെഴുന്നേല്‍പ്പുകളെ കുറിച്ചുളള രണ്ട് നരേഷനുകളെ താരതമ്യം ചെയ്യുകയാണ് രണ്ടാം ഭാഗത്തു ചെയ്യുന്നത്. ഇതില്‍ രക്തസാക്ഷിത്വം വരിച്ച കലാപകാരികളുടെ നരേഷനുകളെ/രേഖകളെ കൊളോണിയല്‍ രേഖകള്‍ക്കു ബദലായി വായിക്കാന്‍ ശ്രമിക്കുന്നു. 1921ലെ ദേശീയ പോരാട്ടങ്ങളുടെ ഭാഗമായിരുന്ന കലാപത്തെക്കുറിച്ച പോലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിനെതിരില്‍ ‘മതഭ്രാന്തന്മാരുടെ’ കലാപാനന്തര ജീവിതത്തെ വിശകലന വിധേയമാക്കുകയാണ് മൂന്നാം സെക്ഷനില്‍ ഞാന്‍ ചെയ്യുന്നത്.

ഭൂമിശാസ്ത്രപരമായി ഇന്നത്തെ കേരളത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന മലബാറിലാണ് മാപ്പിളമാര്‍ അധിവസിക്കുന്നത്. കേരളത്തിലേക്കു കച്ചവടത്തിനായി വന്ന അറബി വ്യാപാരികളിലും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത തദ്ദേശീയരിലും ഇവരുടെ പൂര്‍വ്വിക പരമ്പര ചെന്നെത്തുന്നു. അറബികളുമായിട്ടുളള കച്ചവടം നാലാം നൂറ്റാണ്ടു മുതല്‍ക്കു തന്നെ ആരംഭിച്ചിട്ടുണ്ട്. ഒമ്പതാം നൂറ്റാണ്ടു മുതലെങ്കിലും മലബാറില്‍ ഇസ്‌ലാം പ്രധാനപ്പെട്ട സാന്നിധ്യമായിരുന്നെന്ന് പല ചരിത്ര രേഖകളും സമ്മതിക്കുന്നു. നോര്‍ത്ത്-വെസ്‌റ്റേണ്‍ ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി വ്യാപാരികളിലൂടെയും തീര്‍ത്ഥാടകരിലൂടെയുമാണ് ഇസ്‌ലാം ഇവിടെയെത്തുന്നത്. ഈ പ്രദേശത്ത് ഇസ്‌ലാമിനെ സംസ്ഥാപിക്കുന്നതാകട്ടെ,’കേരള’രാജാക്കന്മാരില്‍ അവസാനക്കാരനായ ചേരമാന്‍ പെരുമാളിലൂടെയുമാണ്. തന്റെ ഭൂമി വ്യത്യസ്തരായ മന്ത്രിമാരെ ഏല്‍പ്പിച്ച് അദ്ദേഹം രഹസ്യമായി മക്കയിലേക്ക് പോകുകയും പ്രവാചകനെ സന്ധിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. അറേബ്യയിലെത്തിയപ്പോള്‍ അബ്ദുല്‍ റഹ്മാന്‍ സാമിരി(അറേബ്യയിലെ സുഫറില്‍ ഈ പേരില്‍ ഒരു ഖബര്‍ കാണപ്പെടുന്നു) എന്ന പേര് സ്വീകരിച്ചു. മോശം ആരോഗ്യസ്ഥിതി കാരണം അദ്ദേഹത്തിന് നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. അതുകൊണ്ടു തന്നെ മലയാള നാട്ടിലെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനായി അദ്ദേഹം തന്റെ അനുചരന്മാരെ ചുമതലപ്പെടുത്തി. കൊടുങ്ങല്ലൂര്‍,കൊല്ലം,ചിറക്കല്‍,ശ്രീകണ്ഠപുരം(ഇതിന്റെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ നടക്കുന്നു),കുറുമ്പ്രനാട്ടിലെ പന്തലായനി-കൊല്ലം,ഏറനാട്ടിലെ ചാലിയം തുടങ്ങിയ സ്ഥലങ്ങളില്‍ പളളി നിര്‍മ്മിക്കാന്‍ ഈ അനുചരന്മാര്‍ അനുവദിക്കപ്പെട്ടു. മറ്റൊരു വായന പ്രകാരം ഈ തിരിച്ചു വന്ന രാജാവാണ് സാമൂതിരി.(അസ്സമൂരി അഥവാ നാവികന്‍)

1000ത്തിലധികം വര്‍ഷമായി ചേരമാന്‍ പെരുമാളിന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന ഒരു ജനത, തങ്ങളുടെ കയ്യിലുളള വാളും ചെങ്കോലും മക്കയിലേക്കു പോയ ആ ആള്‍ തിരിച്ചു വരുന്നതു വരെയുളള വെറുമൊരു സൂക്ഷിപ്പു മുതലാണെന്ന് കരുതുന്ന ഭരണാധികാരികള്‍… അവരുടെ ചരിത്രം തീര്‍ച്ചയായും ഒരു നാഴികക്കല്ലാണ്. ആ നാഗരിക രൂപവല്‍ക്കരണം സംഭവിച്ചതു തൊട്ട് നൂറ്റാണ്ടുകളായി ക്ഷയിക്കാതെ നിലനില്‍ക്കുന്ന ഈ ജനതയുടെ ചരിത്രം ഏറെക്കുറെ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. തങ്ങള്‍ക്ക് രേഖപ്പെടുത്തി വെക്കാന്‍ ചരിത്രമില്ലാത്തതു കൊണ്ടാണ് മലയാളി വംശം യാതൊരു ചരിത്രകാരനേയും ഉല്‍പ്പാദിപ്പിക്കാതിരുന്നത്.

ഏതായാലും ഒരു ചരിത്രകാരനുമില്ലാതെ എട്ടാം നൂറ്റാണ്ടില്‍ തന്നെ ഏറെക്കുറെ ചരിത്രം പൂര്‍ത്തീകരിക്കപ്പെട്ട ജനത എന്ന ഓറിയന്റലിസ്റ്റ് നിര്‍മ്മിതിക്ക് തുടക്കം കുറിക്കാന്‍ ലോഗനു ഭാഗ്യം ലഭിച്ചു. മറ്റാരോ എഴുതിയ ഒരു ചരിത്രം അവിടെയുണ്ടെന്നും അത്തരമൊരു ചരിത്രം എഴുതാനുളള ബാധ്യത തനിക്ക് ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഗൃഹാതുരതയോടെ ഓര്‍ക്കുന്നു. ഇതിന്റെ രചനക്കിടയില്‍ വശീകരണ ശേഷിയുളള അറിവിന്റെ വീഥികള്‍ അദ്ദേഹത്തിനു മുന്നില്‍ തുറക്കുമായിരുന്നു.

Moplah_prisonersമലബാറിന് ചരിത്രത്തില്‍ അക്കൗണ്ട് തുറക്കാനാണ് ലോഗന്‍ വിളിക്കപ്പെട്ടത്. അഥവാ മലബാറിനെ ചരിത്രത്തില്‍ തിരുകിക്കയറ്റാന്‍. 1498-1663 വരെയുളള പോര്‍ച്ചുഗീസ് കാലഘട്ടം,1663-1776 കളിലെ സ്ഥലത്തെ ആധിപത്യത്തിനു വേണ്ടിയുളള യൂറോപ്യന്‍ ശക്തികളുടെ പോരാട്ടം,1766-1792 വരെയുളള മൈസൂര്‍ ആധിപത്യം,അതിനു ശേഷമുളള ബ്രിട്ടീഷ് മേല്‍ക്കോയ്മാ കാലഘട്ടം തുടങ്ങിയ കാലഘട്ടത്തിലെ മലബാറിനെക്കുറിച്ചുളള അദ്ദേഹത്തിന്റെ വിശദീകരണത്തിലാവട്ടെ ഹിംസാത്മകമായും സായുധരായും പ്രതിരോധിക്കുന്നവരായി മാപ്പിളമാരും നായന്മാരും അടയാളപ്പെടുത്തപ്പെടുകയും ചെയ്തു. വ്യത്യസ്ത സ്രോതസുകളില്‍ നിന്നും കണ്ടെത്തി അദ്ദേഹം സമാഹരിച്ച 700 പേജുളള തന്റെ ചരിത്ര പുസ്തകത്തിന്റെ ഒമ്പതാമത്തെ വാള്യവും അതിന്റെ അനുബന്ധങ്ങള്‍ ചേര്‍ത്ത 400 പേജുളള രണ്ടാമത്തെ വാള്യവും ഇവിടെ ചരിത്രങ്ങള്‍ ഉണ്ടായിരുന്നു എന്ന് അടിവരയിടുന്നു. ഉപയോഗിക്കാനോ/വായിക്കാനോ കഴിയാതിരുന്ന ഡാറ്റയെ ഒരു പ്രത്യേക ബോധത്തിലേക്ക് ക്രോഡീകരിച്ച് എളുപ്പത്തില്‍ ലഭ്യമാക്കി എന്നതു മാത്രമാണ് ലോഗന്‍ ചെയ്തത്. അഥവാ ഒരു ഭൂതകാലത്തെ കോളനീകരണത്തിന്റെ/ആധുനീകരണത്തിന്റെ പ്രക്രിയയിലേക്ക് സമര്‍പ്പിക്കുകയാണുണ്ടായത്. കോളനൈസറിന്റെ കടന്നുകയറ്റത്തെയും അവരുടെ റോളിനേയും ആധുനീകരണത്തിന്റെ ഏജന്‍സിയാക്കി മാറ്റി ചരിത്രത്തോട് ബന്ധിപ്പിച്ച് അതിന് അപരമായി പരമ്പരാഗതമായ സമൂഹങ്ങളെ നിര്‍മ്മിക്കുകയും ചെയ്തു. മലബാറില്‍ ലോഗനുപയോഗിച്ച എത്‌നോഗ്രഫിയുടെ ഘടന അദ്ദേഹത്തിന്റെ ആദ്യ വാള്യത്തിലെ നാലു സെക്ഷനുകളിലായി കാണാം. ഇത്തരം വംശീയശാസ്ത്ര നിര്‍മ്മിതികളില്‍ ചരിത്രത്തെ സ്ഥാപനവല്‍ക്കരിക്കുന്ന രാഷ്ട്രീയ സൂചനകളെ വ്യക്തമായി കാണാവുന്നതാണ്. അദ്ദേഹത്തിന്റെ പ്രോജക്ട് കൊളോണിയല്‍ സാഹചര്യത്താല്‍ നയിക്കപ്പെട്ടു. കൊളോണിയല്‍ ഭരണ നിര്‍വ്വഹണത്തിന് ആവശ്യമായ രീതിയിലാണ് അദ്ദേഹം തന്റെ അര്‍ത്ഥവും ദൗത്യവും കണ്ടെത്തിയത്.

വ്യത്യസ്ത രാജ്യങ്ങളുമായി വാണിജ്യ ബന്ധമുളള വ്യത്യസ്ത മതങ്ങളിലും വംശങ്ങളിലും പെട്ട ബഹുത്വമാര്‍ന്ന പ്രദേശമായാണ് മലബാറിനെ ലോഗന്‍ വിവരിക്കുന്നത്. യൂറോപ്യന്മാരുടെ കച്ചവട കുത്തക നിലനിര്‍ത്താനുളള ഒരു യുദ്ധക്കളമായി മലബാര്‍ മാറി എന്ന വാദത്തെ അയാള്‍ എതിര്‍ക്കുന്നു. അവിടെ സ്വീകരിച്ച നയങ്ങളിലും നടപടികളിലും മറ്റു യൂറോപ്യരില്‍ നിന്നും ബ്രിട്ടീഷുകാര്‍ വ്യത്യസ്തരായിരുന്നുവെന്നും അയാള്‍ വാദിക്കുന്നു: മുഹമ്മദന്മാരുടെ കച്ചവടത്തെ പോര്‍ച്ചുഗീസുകാര്‍ തടഞ്ഞില്ല. അവര്‍ മുസ്‌ലിംകളെ ക്രിസ്ത്യാനിറ്റിയിലേക്ക് മതം മാറ്റാനാണ് ശ്രമിച്ചത്. 1562ല്‍ ഗോവയില്‍ വെച്ച് മുസ്‌ലിം കച്ചവടക്കാരെ തടഞ്ഞു വെക്കുകയും വലിയൊരളവോളം ആളുകളെ ക്രിസ്ത്യാനിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്കു ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ അവര്‍ തിരിച്ച് ഇസ്‌ലാമിലേക്കു വന്നു. മതത്തേയും കച്ചവടത്തേയും കൂട്ടിക്കുഴച്ച് കാര്യങ്ങളെ വശീകരിക്കാനുളള അദ്ദേഹത്തിന്റെ കഴിവ് എന്തുകൊണ്ടോ പ്രദേശത്തെ ബ്രിട്ടീഷ് അധിനിവേശത്തെ സാധൂകരിക്കുന്നതില്‍ വിജയിച്ചില്ല. ഉദാഹരണത്തിന് മാപ്പിളമാരെ കുരുമുളക് കച്ചവടത്തില്‍ നിന്നും വിലക്കാനുളള കമ്പനിയുടെ ശ്രമത്തെ വിശദീകരിക്കുന്നതു കാണുക-

‘അതിനു തിരിച്ചടിയായി…മാപ്പിളമാര്‍ അക്രമം കാണിക്കാന്‍ ആരംഭിച്ചു. 1764 മാര്‍ച്ചില്‍, രണ്ടു പേര്‍ ധര്‍മപട്ടണം ദ്വീപിലെ ചര്‍ച്ചിലേക്കു കയറി. പുരോഹിതന്‍ ജനങ്ങളെ ഉപദേശിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഒരാളെ കൊല്ലുകയും നിരവധിയാളെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. അവരെ കാവല്‍ക്കാര്‍ വെടിവെച്ചിടുകയും കുന്തത്തില്‍ കൊരുക്കുകയും ചെയ്തു’. അതിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു മാപ്പിള രണ്ട് യൂറോപ്യന്മാരെ പിന്തുടരുകയും മൈലാന്‍ കോട്ടയിലേക്കു നീളുന്ന റോഡിനടുത്തു വെച്ച് ഒരാളുടെ കഴുത്തറുക്കുകയും ശരീരത്തിന്റെ പാതി വരെ പിളര്‍ക്കുകയും ചെയ്തു.മറ്റേയാളുടെ ശരീരം കൊത്തി നുറുക്കി. അതിനുശേഷം ഈ മാപ്പിള മറ്റൊരാളുമായി (നായര്‍) അടിപിടിയിലേര്‍പ്പെടുകയും താഴ്ന്ന ജാതിയില്‍ പെട്ട കാവല്‍ക്കാരനാല്‍ കൊല്ലപ്പെടുകയും ചെയ്തു. ക്രിസ്ത്യാനികളെ കൊന്ന വീരപുരുഷരാക്കി അവരുടെ ‘ജാതിയില്‍’ പെട്ട ആളുകള്‍ അവരെ ആരാധിക്കാതിരിക്കാനായി അദ്ദേഹത്തിന്റെ ശരീരം ‘കൊത്തി നുറുക്കുകയും’മറ്റുളളളവരുടെ ശരീരത്തോടൊപ്പം കടലിലേക്കു വലിച്ചെറിയുകയും ചെയ്തു.

കുരുമുളക് കച്ചവടത്തില്‍ നിന്നും ഇംഗ്ലീഷ് കമ്പനി മാപ്പിളമാരെ നിയന്ത്രിച്ചതാണ് ഈ കലാപങ്ങള്‍ക്കു കാരണമെന്നു പറയാതെ വംശം/ജാതി/മതം തുടങ്ങിയവക്കു ചുറ്റുമായാണ് ലോഗന്‍ ഈ സംഭവത്തെ രൂപപ്പെടുത്തിയത്.

പ്രദേശവാസികളെക്കുറിച്ചുളള ലോഗന്റെ വിശദീകരണം മാപ്പിള ‘അക്രമികളുടെ’ ചരിത്ര’ത്തെ മനസ്സിലാക്കുന്നതിന് ഉപകാരപ്രദമായിരിക്കും. പ്രദേശത്തെ മറ്റു തദ്ദേശവാസികളില്‍ നിന്നും വ്യത്യസ്തമായി കുറച്ച് മുകളിലത്തെ തട്ടിലായാണ് അറബ് കുടിയേറ്റക്കാരെ അയാള്‍ വിശദീകരിക്കുന്നത്.

മാപ്പിളമാര്‍ എന്നത് ജാതിയാണോ വംശമാണോ എന്നു നിര്‍ണയിക്കുന്നതില്‍ ഒരു തരം കണ്‍ഫ്യൂഷന്‍ ലോഗന്റെ കൃതിയില്‍ കാണാവുന്നതാണ്. ചിലയിടത്ത് ജാതിയെന്നും മറ്റു ചിലയിടത്ത് വംശമെന്നും വിശേഷിപ്പിക്കുമ്പോള്‍ ഇന്ത്യയേയും ഇസ്‌ലാമിനെയും ബന്ധിപ്പിക്കുന്നതിലെ ഏറ്റവും മോശപ്പെട്ട പ്രയോഗമാണ് ‘മിശ്രവംശം’ എന്നു തോന്നുന്നു. തദ്ദേശീയരായ ഹിന്ദുക്കളേയും കുടിയേറിപ്പാര്‍ത്ത അറബികളേയും ലോഗന്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ പരിവര്‍ത്തനം ചെയ്ത മാപ്പിളമാരെ മിശ്രവംശമെന്നോ, മിശ്ര ജാതിയെന്നോ വിളിക്കുമ്പോള്‍ സമുദായ രൂപീകരണം മൂലമുണ്ടാകുന്ന പുതിയ ഗ്രൂപ്പ് ഫോര്‍മേഷനെ കാണാതെ പോകുന്ന സാങ്കേതികമായ ഒരു പ്രശ്‌നം അതിനകത്തുണ്ടാകുന്നുണ്ട്. കൊളോണിയല്‍ അടിച്ചമര്‍ത്തല്‍ നയങ്ങളില്‍ നിന്നും മാറി മാപ്പിളമാരെ പില്‍ക്കാലത്ത് ചരിത്രം കൊണ്ടു ഭരിക്കണമെങ്കില്‍ അവര്‍ കൊളോണിയല്‍ സബ്‌ജെക്ടായി വരേണ്ടതുണ്ടായിരുന്നു. മാപ്പിളമാരുടെ നില മെച്ചപ്പെടുത്താന്‍ അവര്‍ക്ക് ഭൗതികമായ സഹായങ്ങള്‍ നല്‍കണമെന്ന ലോഗന്റെ നിര്‍ദേശങ്ങളും ഇവയെ അടിവരയിടുന്നുണ്ട്.

അങ്ങനെ ‘മതഭ്രാന്തന്‍’ പ്രാബല്യത്തില്‍ വരികയും ഭരിക്കപ്പെടാന്‍ തുടങ്ങുകയും ചെയ്തു. ഈ നിര്‍മ്മിതി ജനങ്ങളെ ഭരിക്കാനായി ഉപയോഗിക്കപ്പെട്ടു. അങ്ങനെ രാഷ്ട്രീയമായ അധികാരം പ്രയോഗിക്കേണ്ടി വരുന്ന ആന്ത്രോപോളജിക്കല്‍ ഒബ്‌ജെക്ടായ ഒരു പ്രത്യേക തരം ‘വ്യക്തിയായി’ മാപ്പിള കര്‍ഷകന്‍ മാറുന്നു. അതിലുള്‍പ്പെട്ട വയലന്‍സ് പതുക്കെ മായ്ക്കപ്പെടുന്നു. അപരിഷ്‌കൃതരായ ഈ ജനതയെ പ്രബുദ്ധരാക്കുന്നവരും പക്ഷപാതിത്വമില്ലാതെ ഭരിക്കാന്‍ നിയോഗിക്കപ്പെട്ടവരുമായി കൊളോണിയല്‍ അധികാരികള്‍ പ്രതിനിധീകരിക്കപ്പെടുന്നു. കൊളോണിയലിസ്റ്റുകള്‍ അച്ചടക്ക നടപടികള്‍ എടുക്കുകയും തങ്ങള്‍ക്കധീനപ്പെടുന്ന ശരീരങ്ങളെ നിര്‍മ്മിക്കാനും നിയന്ത്രിക്കാനും തുടങ്ങിയതു മുതല്‍ മതഭ്രാന്തന്‍ എന്ന വിശേഷണം വ്യാപകമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. കീഴടങ്ങാത്ത മാപ്പിള ശരീരങ്ങളെ നിയന്ത്രിക്കാനായി ഇത്തരം ചാപ്പകള്‍ നിര്‍മ്മിക്കപ്പെടുകയും അവര്‍ക്കെതിരിലുളള പ്രത്യാക്രമണങ്ങള്‍ക്ക് ഒഴികഴിവുകള്‍ നല്‍കപ്പെടുകയും ചെയ്തു.

പൊതുവായി, മാപ്പിള കലാപങ്ങളെക്കുറിച്ചുളള എഴുത്തുകളെ കോളനിയെഴുത്ത്, നാഷണലിസ്റ്റ്/മാര്‍ക്‌സിസ്റ്റ് എഴുത്ത് എന്നീ രണ്ട് രീതികളില്‍ മനസ്സിലാക്കാവുന്നതാണ്. 1852 ഫെബ്രു.17ന് മദ്രാസ് സ്‌പെഷ്യല്‍ കമ്മീഷണറായി ചാര്‍ജെടുത്ത സ്ട്രാന്‍കെയുടെ നിരീക്ഷണം കൊളോണിയല്‍ വിശകലന രീതിയെ വെളിവാക്കിത്തരുന്നു. തന്റെ രാഷ്ട്രീയ വിശകലനത്തെ അവസാനിപ്പിച്ചു കൊണ്ട് അയാള്‍ എഴുതുന്നതു കാണുക. “മാപ്പിള കലാപങ്ങള്‍ എല്ലാം തന്നെ സ്വാര്‍ത്ഥരും വിവരമില്ലാത്തവരുമായ പുരോഹിതര്‍ അപകടകാരികളും നിരക്ഷരുമായ മാപ്പിളമാരുടെ മനസ്സില്‍ പരിപോഷിപ്പിച്ചെടുത്ത മതഭ്രാന്തില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്”.(പണിക്കര്‍ P.95) കേവലം ആശയ ഭ്രാന്തന്മാരും വിവരമില്ലാത്തവരും മാത്രമായായിരുന്നില്ല. ഒപ്പം തരിമ്പും യുക്തിയില്ലാത്ത പേയിളകിയ മൃഗതുല്യരായാണ് ബ്രിട്ടീഷ് വര്‍ണനകളില്‍ മാപ്പിളമാര്‍ രേഖപ്പെടുത്തപ്പെട്ടത്. കൊളോണിയല്‍ എഴുത്തിലെ ഏറ്റവും ലിബറലായ ലോഗനെപ്പോലെയുളളവരുടെ എഴുത്തില്‍ പോലും സാമ്പത്തിക പരാധീനതക്കൊപ്പം ‘മതഭ്രാന്ത്’എന്ന കാരണവും ഇടം പിടിച്ചു. ഈ പുറപ്പാടുകളെ കലാപങ്ങളായി വീക്ഷിച്ച കൊളോണിയല്‍ ലോജികിനെ പരിശോധിക്കുന്നത് നന്നായിരിക്കും. മാപ്പിളമാരുടെ ഭാഗത്തു എഴുതപ്പെട്ട യാതൊന്നും ശേഷിച്ചിരുന്നില്ല. മാപ്പിള ശബ്ദങ്ങളുടെ ‘തെളിവുകളാകട്ടെ, പിടിക്കപ്പെട്ട മാപ്പിളമാരില്‍ നിന്നും പോലീസ് അന്വേഷണത്തിന്റെ ഫലമായി അവര്‍ പുറത്തു വിട്ട രേഖകളുമാണ്. അതുകൊണ്ടു തന്നെ, മാപ്പിള കലാപകാരികള്‍ വിട്ടേച്ചു പോയ ഒരു ലഘുലേഖ ഉപയോഗിച്ചാണ് ഇതിനുളള കൗണ്ടര്‍ ആര്‍ഗ്യുമെന്റുകള്‍ ഞാന്‍ ഉന്നയിക്കുന്നത്. 1841 നവം.13-14 തിയതികളില്‍ ഏറനാടു താലൂക്കിലെ കൊടുവായൂരില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട ലഘുലേഖയാണിത്. താലൂക്ക് അഡ്മിനിസ്‌ട്രേറ്റീവ് റെക്കോഡിലും ഈ കലാപത്തെക്കുറിച്ച് കാണാവുന്നതാണ്.

mappila-revolt-malabar-rebellion-3-638ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയ ആ സംഭവത്തെക്കുറിച്ച് അന്നത്തെ മജിസ്‌ട്രേറ്റ് ആയ കൊണോലി 1841 നവം-22ന് ഇങ്ങനെ രേഖപ്പെടുത്തിയത് കാണാം. 1841ലെ സംഭവത്തെ ഇതിനു മുമ്പ് നടന്ന സംഭവങ്ങളുമായി ബന്ധിപ്പിച്ച് അദ്ദേഹം എഴുതി: “ഇതേ റിസല്‍ട്ടുണ്ടാക്കിയ സമാന സംഭവം ഇതിനു മുമ്പും മറ്റൊരിടത്തു നടന്നിട്ടുണ്ടായിരുന്നു. അതില്‍ ഒമ്പത് മാപ്പിള ‘ക്രിമിനലുകള്‍’ മരണത്തെ നേരിട്ടു. തന്റെ ഭൂമിയില്‍ ചില മാപ്പിള കര്‍ഷകര്‍ നുഴഞ്ഞു കയറി പളളി പണിതതായി ഒരു മേല്‍ജാതി ഭൂ ഉടമ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് തഹസില്‍ദാര്‍ പ്രസ്തുത കര്‍ഷകരെ വിളിപ്പിക്കാനായി ഒരു പ്യൂണിനെ അയച്ചു. പ്യൂണിനേയും അയാളുടെ കൂടെപ്പോയ ഭൂ ഉടമയേയും അവര്‍ കൊന്നു. അതിനു ശേഷം ആ കര്‍ഷകരും അവരുടെ കൂട്ടാളികളും ഒരു ചെറിയ പളളിയില്‍ അഭയം തേടി”. കൊണോലിയുടെ വിവരണം ഇവിടെ അവസാനിക്കുന്നു. അതിനു ശേഷമുളള സംഭവങ്ങള്‍ തല്‍സമയം സംഭവ സ്ഥലത്തേക്കു കുതിച്ച പ്ലേറ്റലിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ നിന്നാണ് കാണാന്‍ സാധിക്കുക.

1841 നവം 14 ന് നടന്ന കലാപത്തെ മജിസ്‌ട്രേറ്റ് ഫ്രെയിം ചെയ്യുന്ന രീതി കാണുക: “രണ്ട് ജന്മികളെ കൊന്ന ഒമ്പത് മാപ്പിള ക്രിമിനലുകള്‍ ‘സമാനമായ ഫലമുണ്ടാക്കിയ സമാനമായ കലാപത്തില്‍ ‘ മരണത്തെ നേരിട്ടു”. അദ്ദേഹം നവം.14 നു നടന്ന സംഭവത്തെ മുമ്പ് ഏപ്രില്‍ 5 നു നടന്ന ‘കലാപത്തിന് സമാനമാക്കി ഫ്രെയിം ചെയ്യുകയായിരുന്നു. ആ സമയത്ത് കൊല്ലപ്പെട്ട രണ്ട് ബ്രാഹ്മണരും അതിലൊരു മാപ്പിളയോട് ‘ കൊടിയ വഞ്ചനയാണ് ‘ചെയ്തത് എന്നും, തനിക്കു നേരെയുണ്ടായ ആ’ വലിയ അനീതി ‘ക്കെതിരെ ആ മാപ്പിളയും മറ്റ് എട്ടു പേരും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു എന്നും അയാള്‍ സ്വയം സമ്മതിക്കുന്നു. മുമ്പത്തെ കലാപത്തിന്റെ മതപരമല്ലാത്ത കാരണങ്ങളെപ്പോലും പരിഗണിക്കാതെ ‘ മതഭ്രാന്തായി ‘ പുന:നിര്‍മ്മിക്കുകയും പുന:നിര്‍വ്വചിക്കുകയുമാണുണ്ടായത്. മുമ്പു നടന്ന കലാപത്തിന് ഇപ്പോള്‍ പുതിയൊരു ദൗത്യമുണ്ട്. അതിന്റെ കാരണങ്ങളെല്ലാം ചോര്‍ത്തിക്കളഞ്ഞ് അത് പുതിയൊരു സംഭവത്തെ തന്നെ പ്രതിനിധീകരിക്കുന്നു. മതഭ്രാന്തിന്റേതായ ഒരു പ്രക്രിയയിലേക്ക് അതിനെ പുന:രെഴുതുകയാണ് ചെയ്തത്.

മജിസ്‌ട്രേറ്റിന്റെ ആദ്യ റിപ്പോര്‍ട്ടുകളില്‍ ‘ ക്രിമിനാലിറ്റി ‘ക്കും ‘ മതഭ്രാന്തിനു’മിടയില്‍ ഒരുതരം ശങ്ക കാണുവാന്‍ സാധിക്കുന്നതാണ്: “ഈ പ്രദേശത്തെ മാപ്പിളമാര്‍ക്ക് വളരേ ‘ അപകടകരമായ സ്വഭാവ ‘മാണുളളത്. അവര്‍ ‘ കവര്‍ച്ചക്കാരും ‘ ജില്ലയിലെ ‘പ്രധാന ശല്യക്കാരുമാണ് “. ആ കാലത്തിലെ പടിഞ്ഞാറിന്റെ അവസ്ഥയുമായി ബന്ധപ്പെടുത്തി ഫൂക്കോ നിരീക്ഷിച്ചതു പോലെ,’കുറ്റകൃത്യ’ത്തില്‍ (crime) നിന്നും ‘ കുറ്റവാളി ‘യിലേക്കുളള (criminal) മാറ്റം ‘ പ്രവര്‍ത്തനത്തിന്റെ ‘ (act) വ്യക്തിയിലേക്കുളള പരിവര്‍ത്തനത്തിന്റെ (shift) ഭാഗമാണ്. കുറ്റകൃത്യവും(crime) ഭ്രാന്തും (insanity) ഒരു പോലെ സംഭവിക്കുകയാണെങ്കില്‍,അഥവാ ഒരു കുറ്റകൃത്യത്തില്‍ ഭ്രാന്ത് പ്രകടമാകുന്നുണ്ടെങ്കില്‍ (ഭ്രാന്തിന്റെ അംശമുണ്ടെങ്കില്‍) കുറ്റവാളി നിയമപരമായി ആ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുമോ? ഈയൊരു പ്രശ്‌നത്തെ പരിഹരിക്കാന്‍ ജുഡീഷ്യറിയും മെഡിക്കലും(സൈക്യാട്രി) ആ സംഭവത്തെ വ്യക്തിയിലേക്ക് (individual) കേന്ദ്രീകരിച്ചാണ് പഠിക്കാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ വ്യക്തിയെ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ (individuation) അവന്റെ ചുറ്റുപാടിനേയും അവനെയെതിര്‍ക്കുന്ന മറ്റു ആളുകളേയും ഒഴിവാക്കുക എന്നതാണ് ഇന്‍ഡിവിഡൂഷന്റെ (individuation) പരക്കെ സ്വീകരിക്കപ്പെടുന്ന സിദ്ധാന്തം. എന്നാല്‍ കൊളോണിയല്‍ അധികാരികള്‍ ഇതിനെതിരായി ‘മതഭ്രാന്തു’ളള തദ്ദേശീയമായ ഒരു സമൂഹത്തെ (തീവെട്ടിക്കൊളള മികച്ച ഉദാഹരണം) പുന:നിര്‍മിച്ചു. ക്രമേണ, ‘മാപ്പിള കലഹത്തിനു ‘ നേരെയുണ്ടായിരുന്ന ‘സഹാനുഭൂതി-ആശ്വസിപ്പിക്കല്‍ ‘മനോഭാവം പതുക്കെ ‘രാജ്യത്തിന്റെ രാഷ്ട്രീയമായ ആപത്തിനെതിരിലുളള’ പോരാട്ടമായി വ്യാഖ്യാനിക്കപ്പെട്ടു. അതുവഴി ‘ സംസ്‌ക്കാര ശൂന്യരും അക്രമം സഹജ വാസനയുമായ മാപ്പിളമാര്‍ക്കു’ നേരെയുളള ഹിന്ദു ജന്മികളുടെ അടിച്ചമര്‍ത്തല്‍ ന്യായീകരിക്കപ്പെടുകയും ചെയ്തു.

മതഭ്രാന്തനെക്കുറിച്ച കൊളോണിയല്‍ പ്രതിനിധാനം രണ്ടു തരം ന്യൂനീകരണത്തെ ഉള്‍ക്കൊളളുന്നു. അഥവാ മതത്തിലേക്കുളള ചുരുക്കലും മതത്തിന്റെ ചുരുക്കലും. പല രേഖകളും അവരുടെ മതത്തോടുളള തീവ്ര അനുരാഗത്തെ ഊന്നിപ്പറയുന്നു. പ്രത്യേകിച്ചും നോമ്പുസമയത്തെ ഭക്തി, മരണത്തോടും രക്തസാക്ഷിത്വത്തോടുമുളള അടങ്ങാത്ത അഭിലാഷം, അവരുടെ വിവരമില്ലായ്മ, ക്രിമിനാലിറ്റി, മതചടങ്ങുകളോടുളള അന്ധമായ വിശ്വാസം, ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയവും അഹിംസ പോലുളള ഗുണങ്ങളും മനസ്സിലാക്കാനുളള കഴിവില്ലായ്മ, ദേശഭക്തിയുടെ കുറവ്, ഹിന്ദുക്കളോടുളള വിരോധം, തങ്ങളുടെ മത പണ്ഡിതര്‍ ‘ തെറ്റായി ‘ വ്യാഖ്യാനിച്ചതിനെ അതു പോലെ വിധേയപ്പെടുന്ന സ്വഭാവം, പ്രകോപനങ്ങളില്ലാതെ അകാരണമായി ആക്രമിക്കാനും ആളുകളെ കൊല്ലാനുമുളള സന്നദ്ധത, യാതൊന്നുമറിയാതെ പ്രാദേശിക സമരങ്ങളില്‍ എളുപ്പത്തില്‍ ഉപകരണമാവാനുളള സാധ്യത തുടങ്ങിയവയെല്ലാം ചേര്‍ന്ന് മാപ്പിള മതഭ്രാന്തനെ നിര്‍മ്മിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന് മതഭ്രാന്തനെ നിര്‍മ്മിക്കുകയല്ല, മറിച്ച് മതഭ്രാന്തന്‍ എന്ന ആശയം ഈ വിശേഷണങ്ങളെയെല്ലാം നിര്‍ണയിക്കുകയാണ് ചെയ്യുന്നത്. ലോഗന്റെ പിന്നീടുളള നിര്‍മ്മിതികളില്‍ ഇതില്‍ നിന്നും വ്യത്യസ്തമായ മാപ്പിള പ്രതിനിധാനത്തെ കാണാം. അത് പ്രീ പൊളിറ്റിക്കലായ ‘സാമുദായിക’ (communal) കീഴാള ബോധത്തെയാണ് മതഭ്രാന്തിനു പകരം വിഷയീകരിച്ചത്. എന്നാല്‍ 1921 ലെ കലാപത്തിനെ അടിച്ചൊതുക്കാന്‍ സ്വീകരിച്ച എല്ലാ നയങ്ങളും ഐഡിയോളജിക്കലായ എല്ലാ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്തായിരുന്നു.’ സബ്‌ജെക്ട് ‘ എന്ന പദത്തെ ഒരാളുടെ നിയന്ത്രണത്തിലും ആശ്രയത്തിലുമുളള സബ്‌ജെക്ട്, ഒരാളുടെ തന്നെ ബോധത്താലും സ്വയാര്‍ജിത അറിവിനാലുമുളള ഐഡന്റിറ്റി എന്നീ രണ്ട് അര്‍ത്ഥങ്ങളിലായി മനസ്സിലാക്കാം. ഈ രണ്ട് അര്‍ത്ഥങ്ങളും സബ്‌ജെക്ടിനെ നിര്‍മിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്ന ഒരു തരം അധികാരത്തെ മുന്നോട്ടു വെക്കുമെന്ന് ഫൂക്കോ നമ്മെ ഉണര്‍ത്തുന്നു. സബ്‌ജെക്ട് എന്ന ആശയം വ്യക്തി (individual)യുടെ പ്രത്യേകമായ പെരുമാറ്റവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. മതഭ്രാന്ത് (fanatical)എന്ന പദമാകട്ടെ ആധുനികതയെ  പ്രതിരോധിക്കുന്ന യുക്തിയായാണ് ഉപയോഗിക്കപ്പെടുന്നത്. ഒരേ സമയം കൊളോണിയലിസത്തേയും നാഷണലിസത്തേയും താങ്ങി നിര്‍ത്തുന്ന ലിബറല്‍ ഐഡിയോളജിയെ തകര്‍ത്തു കൊണ്ട് അതിനു പുറത്തു നില്‍ക്കുന്ന മാപ്പിള ശരീരത്തെ സ്ഥാനപ്പെടുത്തുകയാണ് മാപ്പിള മതഭ്രാന്തന്റെ നിര്‍മ്മിതിയിലൂടെ ചെയ്യുന്നത്.

ദേശീയ വ്യവഹാരങ്ങളിലേക്കും മതഭ്രാന്തന് ആയുസ് നീട്ടിക്കിട്ടി. പൗരത്വത്തിനു പോലും പാകമാകാത്ത ഒന്നായി മാപ്പിള കലാപകാരി ചിത്രീകരിക്കപ്പെട്ടു. എത്രത്തോളമെന്നാല്‍ ഇത്തരം ‘മതഭ്രാന്താലയങ്ങളെ'(fanatical zone) ചികിത്സിക്കാനും ശുദ്ധീകരിക്കാനും ശുദ്ധി പ്രസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളിലേക്കു വരെ കാര്യങ്ങള്‍ ചെന്നെത്തി. കലാപാനന്തരവും 1947ലെ സ്വാതന്ത്യാനന്തരവും എഴുതപ്പെട്ട ചരിത്ര സ്രോതസുകളെ വിശകലനം ചെയ്യുകയാണ് ഈ സെക്ഷനിലൂടെ ഞാന്‍ ചെയ്യുന്നത്. എന്നാല്‍, 1921 ലെ കലാപത്തെ കാലഗണനക്കനുസരിച്ച് പരിശോധിക്കാനല്ല ഞാനിവിടെ ശ്രമിക്കുന്നത്. മറിച്ച്, അതിന്റെ ആഖ്യാന നിര്‍മ്മിതികളെ പരിശോധിക്കാനാണ് ഞാന്‍ താല്‍പ്പര്യപ്പെടുന്നത്.

kil1920കളിലെ മലബാര്‍ ത്രികോണമായിട്ടാണ് അതിന്റെ ആന്റികൊളോണിയല്‍ രാഷ്‌ട്രീയത്തില്‍ സജീവമായത്. സാമ്രാജ്യത്വ വിരുദ്ധതയുടെ ഭാഗമായിട്ടുളള തന്ത്രങ്ങളായാണ് ഇന്നു നാം പലപ്പോഴും മാപ്പിള സമരങ്ങളെ പുനരാവിഷ്‌കരിക്കുന്നത്. തങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുളള പൊതുവേദിയായും ഖിലാഫത്ത് പ്രസ്ഥാനം മാറി. ഇതേയവസരത്തില്‍ 1920 സെപ്റ്റംബറില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് നിസ്സഹകരണ പ്രസ്ഥാനവും നിലവില്‍ വന്നു. ത്രികോണ സ്വഭാവത്തിലുളള ഈ തയ്യാറെടുപ്പുകളും കോണ്‍ഗ്രസിന്റെ ജനകീയ സ്വഭാവമുളള ചലനങ്ങളുമെല്ലാം ചേര്‍ന്ന് ദേശീയ താല്‍പ്പര്യങ്ങളെ ത്വരിതപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ മലബാര്‍ ആകമാനം ദേശീയ വിളികളോട് പ്രതികരിക്കാന്‍ സജ്ജമായിരുന്നു. വ്യത്യസത അജണ്ടകളോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വ്യത്യസ്തങ്ങളായ പ്രസ്ഥാനങ്ങളുടെ സാന്നിധ്യം കൊണ്ട് മലബാറിലാകമാനം പ്രത്യേകതരം ടെന്‍ഷന്‍ അനുഭവപ്പെടാന്‍ തുടങ്ങി. ഇത് അസ്ഥിരമായ അവസ്ഥകള്‍ക്ക് വഴിയൊരുക്കി. ഈ അപകടകരമായ സാഹചര്യത്തെ ഒഴിവാക്കാനായി ആലിമുസ്ലിയാരെ അറസ്റ്റു ചെയ്യാന്‍ അധികാരികള്‍ തീരുമാനിച്ചു. 1921 ആഗ.20 നു അവര്‍ മമ്പുറം പളളിയില്‍ റെയ്ഡ് നടത്തിയെങ്കിലും ആലിമുസ്ലിയാരെ കണ്ടെത്താനായില്ല. ആലിമുസ്ലിയാരെ അറസ്റ്റു ചെയ്‌തെന്നും മഖ്ബറ തകര്‍ത്തെന്നുമുളള അപവാദ പ്രചാരണങ്ങള്‍ നാടാകെ വ്യാപിച്ചു. ബ്രിട്ടീഷ് സൈന്യം മാപ്പിളമാരോട് ഏറ്റുമുട്ടുകയും 7 പേരെ വധിക്കുകയും നിരവധിയാളുകള്‍ക്കു പരിക്കേല്‍പ്പിക്കുകയും ചെയ്തതോടെ മാപ്പിള കോപം അതിന്റെ പാരമ്യതയിലെത്തി. മറ്റൊരു അവസരത്തില്‍ മാപ്പിളമാര്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചു. തദ്ഫലമായി, ധാരാളം നേതാക്കള്‍ ഒത്തുതീര്‍പ്പു ചര്‍ച്ചക്കായി രംഗത്തു വന്നു. അറസ്റ്റു ചെയ്യപ്പെട്ടവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ മാപ്പിളമാര്‍ ബ്രിട്ടീഷ് ക്യാമ്പിനെ സമീപിച്ചു. അവരോട് ഗ്രൗണ്ടില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും അങ്ങനെ ചെയ്തപ്പോള്‍ അവരെ വെടിവെച്ചിടുകയും ചെയ്‌തെന്ന് മില്ലര്‍ രേഖപ്പെടുത്തുന്നു. ഈ സംഭവത്തിനു ശേഷം, മാപ്പിളമാര്‍ ചെറുസംഘങ്ങളായി പിരിഞ്ഞ് വ്യത്യസ്ത സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് ജന്മിമാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ ഗ്വറില്ലാ മോഡല്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ദേശീയ സ്വാതന്ത്യസമരങ്ങളെപ്പോലും സ്വാധീനിച്ച ഈ കലാപത്തിന്റെ തീക്ഷ്ണതയെ ദേശീയ ചരിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നതാണ്. ഈ കലാപത്തെ ഹിന്ദു-മുസ്ലിം ടെന്‍ഷനായി മാത്രം കണ്ട ഗാന്ധി അതിനെ പിരിച്ചു വിടാന്‍ ആഹ്വാനം ചെയ്തു കൊണ്ട് പറഞ്ഞു.’മലബാറിലെ സംഭവങ്ങള്‍ നിസ്സംശയം ഹിന്ദു മനസ്സിനെ കലുഷിതമാക്കാന്‍ മാത്രമാണുതകുക. എന്താണ് സത്യാവസ്ഥ എന്ന് ആര്‍ക്കും അറിയില്ല…..അതിന്റെ സത്യാവസ്ഥ കണ്ടെത്തുക അസാധ്യമായതോടൊപ്പം നമ്മുടെ ഭാവി പരിപാടികള്‍ക്കു അത് ആവശ്യമില്ലാത്തതാണുതാനും’.

കലാപത്തെക്കുറിച്ച വാര്‍ത്ത ഗാന്ധിയുടെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം എഴുതിയത് ഇപ്രകാരമായിരുന്നു: ‘ഇക്കാലമത്രയും അച്ചടക്കമില്ലാതെ ജീവിച്ച നമ്മുടെ മാപ്പിള സഹോദരന്മാര്‍ക്കിപ്പോള്‍ ‘ഭ്രാന്ത്’ വന്നിരിക്കുന്നു. ക്രമസമാധാനത്തെക്കുറിച്ചുളള ഗാന്ധിയുടെ പ്രസംഗത്തില്‍ -ഗ്യാനേന്ദ്ര പാണ്ഡെ സൂചിപ്പിക്കുന്നതു പോലെ-ഇങ്ങനെ കാണാം. ‘മാപ്പിളമാര്‍ക്ക് ആകെ അറിയാവുന്നത് തല്ലു കൂടാന്‍ മാത്രമാണ്. അവര്‍ നമ്മുടെ വിവരമില്ലാത്ത സഹോദരന്മാരാണ്. അവരെ പരിഷ്‌ക്കരിക്കാനായി ഗവണ്‍മെന്റ് ഒന്നും ചെയ്തില്ല. മുസ്ലിമിനെക്കുറിച്ച ഓറിയന്റലിസ്റ്റ് വിശേഷണങ്ങളാണ് ഗാന്ധിയുടെ പ്രഭാഷണത്തിലൂടെ(rhetoric) പുന:ജീവിക്കപ്പെടുന്നത്: ‘മാപ്പിളമാര്‍ മുസ്ലിംകളാണ്. അവരുടെ ഞരമ്പുകളില്‍ അറബ് രക്തമാണുളളത്. അവരുടെ പൂര്‍വ്വികര്‍ അറേബ്യയില്‍ നിന്നും വരികയും ഇവിടെ താമസമുറപ്പിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്.അവര്‍ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരും പ്രകോപിപ്പിക്കപ്പെടുന്നവരുമാണ്. നിമിഷങ്ങള്‍ക്കുളളില്‍ അവര്‍ കോപിഷ്ഠരാകുകയും അക്രമത്തിനു മുതിരുകയും ചെയ്യുന്നു. പല കൊലപാതകങ്ങള്‍ക്കും അവര്‍ കാരണക്കാരായിട്ടുണ്ട്…തോല്‍പ്പിക്കപ്പെട്ട് മടങ്ങി വരില്ല എന്ന ശപഥത്തോടെയാണ് അവര്‍ തല്ലിനു പോകാറ്…എന്താണ് അവരുടെ ഇപ്പോഴത്തെ പൊട്ടിപ്പുറലിനു കാരണമെന്ന് വ്യക്തമല്ല’.

‘മാപ്പിളമാര്‍ മുസ്ലിംകളാണ്’ എന്നത് കേവലം ഒരു വിവരം നല്‍കല്‍ എന്നതിലുപരി ഒരപവാദ പ്രചരണം തന്നെയാണ്.’രോഷാകുലരാകുക’,’നിമിഷങ്ങള്‍ക്കം അക്രമത്തിനു മുതിരുന്നവര്‍'(resort to violent in matter of second),’തിരിച്ചു വരില്ലെന്ന് ശപഥം ചെയ്ത് പോരാടുന്നവര്‍ (fighting with a pledge not to return) തുടങ്ങിയ വിശേഷണങ്ങളെല്ലാം തന്നെ കൊളോണിയല്‍ ഭരണാധികാരികളില്‍ നിന്നും നേരെ പകര്‍ത്തിയതാണ്. നിസ്സഹകരണ പ്രസ്ഥാനത്തിലേക്കും ഖിലാഫത്ത് പ്രസ്ഥാനത്തിലേക്കും ജനങ്ങളെ ക്ഷണിക്കാനായി 1921 ആഗസ്റ്റില്‍ ഗാന്ധി മലബാറിലുണ്ടായിരുന്നു. തുര്‍ക്കി പ്രശ്‌നത്തില്‍ ബ്രിട്ടീഷുകാരെ എതിര്‍ക്കാന്‍ അദ്ദേഹം മാപ്പിളമാരെ നിര്‍ബന്ധിക്കുകയും ചെയ്തു. അര്‍ധ ഭ്രാന്തമായ (അങ്ങനെയാണ് ഇതിനെ ഗാന്ധി പോലീസുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തത്) ഈ പ്രസംഗം കേള്‍ക്കാന്‍ 20,000ത്തിലധികം പേര്‍ പങ്കെടുത്തു. അതിലധികപേരും മാപ്പിളമാരായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഷൗക്കത്ത് അലി മലബാറിലെ ജനങ്ങളോടായി പറഞ്ഞു: ‘നിങ്ങള്‍ കഴിവുളളവരും ശക്തരുമാണെങ്കില്‍ അക്രമകാരിയായ രാജാവിനെതിരെ പോരാടുക എന്നത് നിങ്ങളില്‍ നിക്ഷിപ്തമായ ബാധ്യതയാണ്. നിങ്ങള്‍ക്ക് ശ്വാസമുള്ളേടത്തോളം കാലം. ഈ അനീതിപൂര്‍വ്വകമായ ഗവണ്‍മെന്റ് നിങ്ങളുടെ ദൈവത്തിന്റേയും നിങ്ങളുടെ വിശ്വാസത്തിന്റേയും ശത്രുവായി തെളിയിച്ചിരിക്കുന്നു. നിങ്ങള്‍ ദുര്‍ബലരും ഭൗതികമായി കഴിവില്ലാത്തവരുമാണെങ്കില്‍ നിങ്ങളിവിടം വിട്ടു പോകുന്നതാണ് നല്ലത്. അക്രമിയും അനീതിമാനുമായ ഈ രാജാവിനെയും ഭരണകൂടത്തേയും വെറുതെ വിട്ടു കൊണ്ട് നിങ്ങള്‍ വേറെ രാജ്യത്തേക്ക് പാലായനം ചെയ്യുക.’ ഖിലാഫത്ത് രാജ്യം എന്ന സ്വപ്‌നത്തിനു മേലുളള പോലീസ് അടിച്ചമര്‍ത്തലാണ് കലാപങ്ങള്‍ക്ക് കാരണമെന്ന തരത്തിലുളള ഒറ്റപ്പെട്ട ശബ്ദങ്ങള്‍ വന്നെങ്കില്‍ കൂടിയും ദേശീയവാദികളെ സംബന്ധിച്ചിടത്തോളം അത് വര്‍ഗീയ പാതയിലൂടെ ഉരുത്തിരിഞ്ഞു വന്ന ദേശീയതയായിരുന്നു.’ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്കുളള യഥാര്‍ത്ഥ കാരണം എന്തെന്ന് വ്യക്തമല്ല’ എന്ന ഗാന്ധിയുടെ സൂചന പോലും മാപ്പിള കര്‍ഷകരിലുളള ‘വര്‍ഗീയതയെ'(communalism) എസന്‍ഷ്യലൈസ്(essentialize) ചെയ്യാനുളള വെമ്പലായിത്തീരുന്നു.

khilaft-movement
ഖിലാഫത്ത് പ്രക്ഷോഭത്തില്‍ നിന്ന്‌

കീഴാള മാപ്പിളയുടെ മതകീയ വശത്തെ പോലും ഉള്‍ക്കൊളളാന്‍ പറ്റാത്തതു കൊണ്ടു തന്നെ ദേശീയ/മാര്‍ക്‌സിസ്റ്റ് ചിന്തകള്‍ക്ക് മാപ്പിള പ്രക്ഷോഭത്തെ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു. അതിര്‍ത്തിക്കകത്ത് സംരക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സെക്കുലര്‍ മൊഡേണിന് അപരമായി ദേശീയ വ്യവഹാരങ്ങളില്‍ മതഭ്രാന്തനായ മുസ്‌ലിം മാറുന്നു. എന്നാല്‍ ഇസ്‌ലാം വളരെ വ്യത്യസ്തമായ ചിത്രമാണ് നല്‍കുന്നത്. ഇസ്‌ലാമിന്റെ പക്ഷത്തു നിന്നും, പോസ്റ്റ് കൊളോണിയല്‍ ലോകത്ത് അധീശ അധികാരത്തിനു സമാന്തരമായിത്തന്നെ സാമുദായിക ബോധങ്ങളും പ്രവര്‍ത്തിക്കുന്നുവെന്ന് ഒരാള്‍ക്ക് വാദിക്കാന്‍ സാധിക്കുന്നതാണ്. ഈ സാമുദായിക ബോധം(ഇത് സ്വകാര്യം/പൊതു വേര്‍തിരിവുകളെ ഉണ്ടാക്കുന്നില്ല,പ്രത്യേകിച്ചും ഇസ്‌ലാമില്‍) യഥാര്‍ത്ഥത്തില്‍ സെക്കുലര്‍ ആധുനികതയോടുളള വിമര്‍ശനമാണ്. ഒരുപക്ഷേ, ഈ രീതിയില്‍ സമുദായം എന്ന ബോധത്തിനകത്തു നിന്നും മാപ്പിള പ്രക്ഷോഭത്തിന്‌ പ്രാദേശികവും ദേശീയവും  ആഗോളപരവുമായ ബന്ധങ്ങളെ കണ്ടെത്താന്‍ സാധിക്കുന്നു.

എം. ടി അന്‍സാരി