ഇസ്ലാമിക് സ്റ്റഡീസിന്റെ ചരിത്രം ഇസ്ലാമിനെക്കുറിച്ചുള്ള അറിവിന്റെ ചരിത്രം മാത്രമല്ല. ഇസ്ലാമിനെ ഏത് ചോദ്യങ്ങളിലൂടെ മനസ്സിലാക്കണം, ഏത് രീതിശാസ്ത്രങ്ങളിലൂടെ വായിക്കണം എന്നതിനെക്കുറിച്ചുള്ള ബൗദ്ധിക സംഘർഷങ്ങളുടെ ചരിത്രം കൂടിയാണ്. ഇസ്ലാമിനെ ഒരു മതമായാണോ, നാഗരികതയായിട്ടാണോ, രാഷ്ട്രീയ ഭാവനയെന്ന നിലയിലാണോ, ധാർമ്മിക പാരമ്പര്യമായിട്ടാണോ, അതോ ഇവയുടെയെല്ലാം ചരിത്രപരമായ സംവാദമായാണോ മനസ്സിലാക്കേണ്ടത് എന്ന ചോദ്യങ്ങളിലൂടെയാണ് മോഡേൺ ഇസ്ലാമിക് സ്റ്റഡീസ് വികസിച്ചുവന്നത്. ഈ ചോദ്യങ്ങൾ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ മാത്രമല്ലായിരുന്നു. സാമ്രാജ്യത്വം, ആധുനികത, പരമാധികാരം, മതം, ആഗോള രാഷ്ട്രീയ ഘടനക്കുള്ളിലെ മുസ്ലിംകളുടെ സ്ഥാനം എന്നിവയെ ചുറ്റിപ്പറ്റിയ ദീർഘകാലത്തെ ബൗദ്ധികവും രാഷ്ട്രീയവുമായ സംവാദങ്ങളുടെ കൂടി ഭാഗമായിരുന്നു. ആധുനിക സർവകലാശാലകളിൽ ഇസ്ലാമിനെക്കുറിച്ചുള്ള ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങൾക്ക് ശക്തമായ സ്വാധീനമാണുണ്ടായിരുന്നത്. അതേസമയം, അവയെ വിമർശനാത്മകമായി പുനർവായിച്ച പുതിയ രീതിശാസ്ത്രങ്ങളും അതേ അക്കാദമിക ലോകത്തിനകത്ത് തന്നെ രൂപംകൊണ്ടിരുന്നു. ഈ സമാന്തര സാന്നിധ്യവും അവ തമ്മിലുള്ള സംഘർഷവുമാണ് ഇസ്ലാമിക് സ്റ്റഡീസിന്റെ ആധുനിക ചരിത്രത്തെ നിർണയിച്ച ഏറ്റവും പ്രധാനപ്പെട്ട ബൗദ്ധിക പശ്ചാത്തലം.
അതുകൊണ്ടുതന്നെ ദിവസങ്ങൾക്ക് മുൻപ് അന്തരിച്ച ജോൺ എൽ. എസ്പോസിറ്റോയെ കുറിച്ച് എഴുതുക എന്നത് ഒരു പണ്ഡിതനെ അനുസ്മരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച്, ഇസ്ലാമിക് സ്റ്റഡീസ് ആന്തരികമായി തന്നെ പുനർവിചിന്തനങ്ങൾക്ക് വിധേയമായ നിർണായക ചരിത്രഘട്ടത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണത്. ഈ പുനർ വിചിന്തനങ്ങൾ ഒരിക്കലും ഇസ്ലാമിക് സ്റ്റഡീസിനുള്ളിലെ ഏകശിലാത്മകമായ ബൗദ്ധിക ധാരയായിരുന്നില്ല. അവ ഒരേ സമയം മുസ്ലിം ബൗദ്ധിക പാരമ്പര്യത്തിനകത്തും പാശ്ചാത്യ സർവകലാശാലകളിലും വ്യത്യസ്ത ദിശകളിലൂടെയാണ് വികസിച്ചുവന്നത്. ഈ രണ്ട് ധാരകളും ഒരേ ഉത്തരങ്ങൾ മുന്നോട്ടുവെച്ചില്ലെങ്കിലും, രണ്ടിനെയും നയിച്ച അടിസ്ഥാന ചോദ്യം ആധുനിക ലോകത്ത് ഇസ്ലാമിനെ എങ്ങനെ മനസ്സിലാക്കണം എന്നതായിരുന്നു. അവയിൽ പ്രധാനപ്പെട്ട ഒരു ധാരയാകട്ടെ ഇസ്ലാമിക നാഗരിക പാരമ്പര്യത്തെ ആധുനിക ചരിത്ര സാഹചര്യങ്ങളിൽ എങ്ങനെ പുനർവായിക്കാം എന്ന ചോദ്യത്തെ കേന്ദ്രീകരിച്ചായിരുന്നു മുന്നോട്ടു പോയത്.എന്നാൽ അത് ഭൂതകാലത്തിന്റെ ഗൃഹാതുരസ്മരണകളിൽ മാത്രം ഒതുങ്ങിയ ചരിത്ര രചനകളായിരുന്നില്ല. പ്രത്യേകിച്ച് Islamization of Knowledge പോലുള്ള പദ്ധതികൾ നഷ്ടപ്പെട്ട ഒരു നാഗരികതയെ അനുസ്മരിക്കുന്നതിലല്ല ഊന്നിയത്. മറിച്ച്, രാഷ്ട്രീയ അധികാരവും വൈജ്ഞാനിക മൂലധനവും നഷ്ടപ്പെട്ട ഇസ്ലാമിക നാഗരികതകൾ ഒരുകാലത്ത് ദൈവശാസ്ത്രം, ഫിലോസഫി, നിയമം, ശാസ്ത്രം, സംസ്കാരം എന്നിവയെ പരസ്പരം സംവദിപ്പിച്ചിരുന്നതിനെക്കുറിച്ചുള്ള പുനരന്വേഷണങ്ങളായിരുന്നു അവയെല്ലാം. പ്രസ്തുത ഇസ്ലാമിക ബൗദ്ധിക പാരമ്പര്യത്തെ പുതിയ ചരിത്ര സാഹചര്യങ്ങളിൽ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമങ്ങളായിരുന്നു Islamization of Knowledge പോലുള്ള പദ്ധതികളിലൂടെ നടപ്പിലാക്കപ്പെട്ടത്. മുസ്ലിം ബൗദ്ധിക പാരമ്പര്യത്തിനകത്ത് നടന്ന ഈ പുനർ വിചിന്തനങ്ങളോടൊപ്പം, പാശ്ചാത്യ ഇസ്ലാമിക് സ്റ്റഡീസിലും മുസ്ലിം ലോകത്തെ അക്കാദമിക സംവാദങ്ങളിലും സമാനമായ ചില ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ടായിരുന്നു. മുസ്ലിം സമൂഹങ്ങളെ ചരിത്രപരവും സാമൂഹികവും സമകാലികവുമായ രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ മനസ്സിലാക്കാനുള്ള പ്രസ്തുത അന്വേഷണങ്ങളുടെ പ്രധാന പ്രതിനിധികളിൽ ഒരാളായിരുന്നു ജോൺ എൽ. എസ്പോസിറ്റോ.
ഇസ്ലാമിക രാഷ്ട്രീയം, ആധുനിക മുസ്ലിം സമൂഹങ്ങൾ, ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങൾ, മുസ്ലിം പാശ്ചാത്യ ബന്ധങ്ങൾ, ജനാധിപത്യം, മതവും ബഹുസ്വരതയും തുടങ്ങിയ മേഖലകളെ മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ അതിന്റെ ഭാഗമായിരുന്നു. എന്നാൽ എസ്പോസിറ്റോയുടെ സംഭാവനകളെ അദ്ദേഹം കൈകാര്യം ചെയ്ത വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം മനസ്സിലാക്കാനാവില്ല. അദ്ദേഹം ഇടപെടലുകൾ നടത്തിയ അക്കാദമിക ലോകവും അത് രൂപപ്പെട്ട ചരിത്രസാഹചര്യവുമാണ് അദ്ദേഹത്തിന്റെ സംഭാവനകളുടെ പ്രാധാന്യം വിളിച്ചോതുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കൻ സർവകലാശാലകളിൽ ഏരിയ സ്റ്റഡീസും, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ് സ്റ്റഡീസും പ്രാധാന്യത്തോടെ വളർന്നു വന്നു. ഇതോടെ മുസ്ലിം സമൂഹങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ ഭാഷ, ചരിത്രം, രാഷ്ട്രീയം, സംസ്കാരം എന്നിവകൾ തമ്മിലുള്ള പരസ്പര ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ കൈകാര്യം ചെയ്യുന്ന ഗവേഷണ സംസ്ക്കാരം സജീവമായി. തുടർന്ന് 1979-ലെ ഇറാൻ വിപ്ലവം, ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വളർച്ച, പശ്ചിമേഷ്യയിലെ വിവിധ സംഘർഷങ്ങൾ, ശീതയുദ്ധത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ തുടങ്ങിയവ ഇസ്ലാമിക് സ്റ്റഡീസിലെ ഗവേഷണ ചോദ്യങ്ങൾക്ക് പുതിയ ദിശകൾ നൽകുകയും ചെയ്തു. ഇതോടെ ഇസ്ലാം കേവലം മത വിശ്വാസത്തിന്റെ പ്രശ്നമല്ലെന്നും, ആധുനിക രാഷ്ട്രീയം, രാഷ്ട്രനിർമാണം, ജനാധിപത്യം, വികസനം, അന്താരാഷ്ട്ര ബന്ധങ്ങൾ തുടങ്ങിയ സമകാലിക ചോദ്യങ്ങളെ മനസ്സിലാക്കുന്നതിനുള്ള അനിവാര്യമായ ഒരു അക്കാദമിക പഠന മേഖലയുമാണെന്ന തിരിച്ചറിവ് കൂടുതൽ ശക്തിപ്രാപിച്ചു.
ഇസ്ലാമിക് സ്റ്റഡീസിന്റെ പുതിയ ദിശകൾ
ഈ ചരിത്ര സാഹചര്യത്തിലാണ് എസ്പോസിറ്റോയുടെ അക്കാദമിക പഠനങ്ങൾക്കും പ്രാധാന്യമുണ്ടാകുന്നത്. ഇസ്ലാമിനെക്കുറിച്ചുള്ള പൊതുവായ സൈദ്ധാന്തിക ആഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി, മുസ്ലിം സമൂഹങ്ങളുടെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ അനുഭവങ്ങളെയാണ് അദ്ദേഹം തന്റെ വിശകലനത്തിന്റെ കേന്ദ്രമാക്കിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പഠനങ്ങളിൽ ഇന്തോനേഷ്യയും ഈജിപ്തും തുർക്കിയും ഇറാനും മലേഷ്യയും മൊറോക്കോയും ഒരേ വിശകലനച്ചട്ടക്കൂടിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നില്ല. ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളെയോ “രാഷ്ട്രീയ ഇസ്ലാമിനെയോ” അദ്ദേഹം ഒരു ഏകീകൃത പ്രതിഭാസമായി പരിഗണിച്ചിരുന്നില്ല. ഓരോരോ സമൂഹത്തിന്റെ വൈവിധ്യങ്ങളും, ദേശീയ ചരിത്രവും, സാമൂഹിക ഘടനയും രാഷ്ട്രീയ സാഹചര്യങ്ങളും രൂപപ്പെടുത്തിയ വ്യത്യസ്ത അസ്തിത്വങ്ങളായിട്ടാണ് അദ്ദേഹം അവയെല്ലാം മനസ്സിലാക്കാൻ ശ്രമിച്ചത്. “ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ആവിഷ്കാരങ്ങളെയും ഇസ്ലാമിക പ്രസ്ഥാനകളുടെ പ്രവർത്തന പദ്ധതികളെയും കേവലമായ മത സിദ്ധാന്തങ്ങളുടെ നേരിട്ടുള്ള പ്രതിഫലനമായി വായിക്കുന്നതിനു പകരം, അവയെല്ലാം രൂപംകൊണ്ട സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം വിശകലനം ചെയ്തത്. ഈ സമീപനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വാധീന മേഖലയെന്നത് ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ജ്ഞാനോൽപാദനത്തിന്റെ ചട്ടക്കൂടിൽ സംഭവിച്ച മാറ്റങ്ങളാണ്.

അതായത് ഇസ്ലാമിക രാഷ്ട്രീയത്തെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ സന്ദർഭങ്ങളിൽ സ്ഥാപിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ വായന, ഇസ്ലാമിക രാഷ്ട്രീയമെന്നത് ഏകീകൃത മത പ്രതിഭാസമായോ പഴയ നാഗരിക സംഘർഷങ്ങളുടെ പുനരാവിഷ്കാരമായോ മാത്രം മനസ്സിലാക്കിയിരുന്ന ലളിത യുക്തികളെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായിരുന്നു. മാത്രവുമല്ല മുസ്ലിം സമൂഹങ്ങളുടെ ചരിത്രപരമായ അനുഭവങ്ങളെയും രാഷ്ട്രീയ സങ്കീർണ്ണതകളെയും ഇസ്ലാമിക് സ്റ്റഡീസിന്റെ വിശകലന ലോകത്തേക്ക് കൊണ്ടുവന്നതിലൂടെ, ഇസ്ലാമിക രാഷ്ട്രീയം ആധുനിക ലോകത്തിന്റെ സാമൂഹിക രാഷ്ട്രീയ യാഥാർഥ്യങ്ങളുടെ കൂടി ഭാഗമാണ് എന്ന നിർണായകമായ വാദം അദ്ദേഹത്തിന് മുന്നോട്ടു വെക്കാൻ സാധിച്ചു.
കൂടാതെ ഇസ്ലാമിക് സ്റ്റഡീസിനെ പ്രാമാണിക ഗ്രന്ഥങ്ങളുടെയും ദൈവശാസ്ത്രത്തിന്റെയും ഇസ്ലാമിക ചരിത്രത്തിന്റെയും പരിധിയിൽ മാത്രം ഒതുക്കാതെ, സമകാലിക മുസ്ലിം സമൂഹങ്ങളുടെ രാഷ്ട്രീയ ജീവിതം, ജനാധിപത്യ പരീക്ഷണങ്ങൾ, മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം, ന്യൂനപക്ഷാനുഭവങ്ങൾ, ആഗോളവൽക്കരണം, പാശ്ചാത്യ മുസ്ലിം ബന്ധങ്ങൾ തുടങ്ങിയ മേഖലകളിലേക്കും വികസിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കൈകാര്യം ചെയ്തത്. എസ്പോസിറ്റോയെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക് സ്റ്റഡീസ് ഭൂതകാലത്തെ വിശദീകരിക്കുന്ന ഒരു പഠനശാഖ മാത്രമല്ല.സമകാലിക ലോകത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പരിവർത്തനങ്ങളെ മനസ്സിലാക്കുന്നതിനുള്ള അനിവാര്യമായ അക്കാദമിക മേഖല കൂടിയായിരുന്നു.
എസ്പോസിറ്റോയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന് അക്കാദമിക ഗവേഷണത്തെ സർവകലാശാലകളിൽ മാത്രം ഒതുക്കാതെ പൊതുസംവാദത്തിന്റെ ഭാഗമാക്കാൻ ശ്രമിച്ചു എന്നതായിരുന്നു. ദീർഘകാലം ജോർജ്ടൗൺ സർവകലാശാലയിൽ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് Prince Alwaleed Bin Talal Center for Muslim-Christian Understanding-ന്റെ ഡയറക്ടറായും പ്രവർത്തിച്ചു. ഗവേഷണത്തെയും പൊതു സംവാദത്തെയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ച പ്രധാനപ്പെട്ട അക്കാദമിക കേന്ദ്രങ്ങളിലൊന്നായി ഈ സ്ഥാപനം മാറി. അക്കാദമിക പുസ്തകങ്ങളിലും ജേർണലുകളിലും മാത്രം ഒതുങ്ങാതെ, മാധ്യമങ്ങളിലൂടെയും പൊതു ചർച്ചകളിലൂടെയും നയരൂപീകരണ വേദികളിലൂടെയും അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. പ്രത്യേകിച്ച് 9/11-ന് ശേഷമുള്ള കാലഘട്ടത്തിൽ ഇസ്ലാമിനെയും മുസ്ലിം സമൂഹങ്ങളെയും കുറിച്ചുള്ള ചർച്ചകൾ ഭയത്തിന്റെയും മുൻവിധികളുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുമ്പോൾ, ചരിത്രപരവും കാലാനുസൃതവുമായ സമീപനത്തിനുവേണ്ടിയാണ് അദ്ദേഹം നിരന്തരം വാദിച്ചത്. പിന്നീട് Bridge Initiative പോലുള്ള സംരംഭങ്ങളിലൂടെ ഇസ്ലാമോഫോബിയയെയും മുസ്ലിം സമൂഹങ്ങളെക്കുറിച്ചുള്ള തെറ്റായ പൊതുധാരണകളെയും തിരുത്തുന്ന പഠനങ്ങൾക്കും, ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അതുകൊണ്ടുതന്നെ ജോൺ എൽ. എസ്പോസിറ്റോ ഒരു ഗവേഷകൻ മാത്രമായിരുന്നില്ല. ആധുനിക ഇസ്ലാമിക് സ്റ്റഡീസിനെയും പൊതു ബൗദ്ധിക ലോകത്തെയും തമ്മിൽ ബന്ധിപ്പിച്ച പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളായിക്കൂടിയാണ് അദ്ദേഹം സ്മരിക്കപ്പെടേണ്ടത്.
ആഗോള ഇസ്ലാമിക് സ്റ്റഡീസിലെ എസ്പോസിറ്റോയുടെ സ്ഥാനം
ചില പണ്ഡിതന്മാരുടെ ചരിത്രപരമായ പ്രാധാന്യം അവർ എഴുതിയ പുസ്തകങ്ങളുടെ എണ്ണം മാത്രല്ല നിർണയിക്കുന്നത്. അവരുടെ അറിവ് ഏത് സ്ഥാപനങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്, ഏത് ബൗദ്ധിക ലോകങ്ങളുമായാണ് അത് സംവദിക്കുന്നത്, എങ്ങനെയാണ് അത് കൂടുതൽ ആളുകളിലേക്ക് എത്തുന്നത് എന്നതും അത്രതന്നെ പ്രധാനമാണ്. ജോൺ എൽ. എസ്പോസിറ്റോയെ മനസ്സിലാക്കേണ്ടതും അങ്ങനെയാണ്. മുസ്ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിനെയും ആധുനികതയെയും കുറിച്ചുള്ള ബൗദ്ധിക സംവാദങ്ങൾ നേരത്തെ തന്നെ സജീവമായിരുന്നു. അതിനാൽ എസ്പോസിറ്റോയുടെ വ്യതിരിക്തത ആ ചോദ്യങ്ങൾ ആദ്യമായി ഉന്നയിച്ചതിലായിരുന്നില്ല. മറിച്ച്, അമേരിക്കൻ സർവകലാശാലകളെയും അന്താരാഷ്ട്ര അക്കാദമിക പ്രസാധന ശൃംഖലകളെയും ഗവേഷണ സ്ഥാപനങ്ങളെയും പൊതുബൗദ്ധിക സംവാദങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട്, ആ ചർച്ചകൾക്ക് ആഗോളതലത്തിൽ കൂടുതൽ സ്വാധീനവും ശക്തമായ സാന്നിധ്യവും ലഭിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കാണ് അദ്ദേഹത്തെ മഹത്വപ്പെടുത്തുന്നത്.
എസ്പോസിറ്റോയുടെ ബൗദ്ധികസ്ഥാനത്തെ പരിശോധിച്ചാൽ, ഇസ്ലാമിനെയും മുസ്ലിം സമൂഹങ്ങളെയും കുറിച്ചുള്ള ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങളുടെ പരിമിതികളെ നിരന്തരം ചോദ്യം ചെയ്ത പണ്ഡിതന്മാരിലൊരാളാണെന്ന് കാണാൻ സാധിക്കും. ഇസ്ലാമിനെയും മുസ്ലിം സമൂഹങ്ങളെയും മാറ്റമില്ലാത്ത ഒരു നാഗരിക സത്തയായോ ആധുനിക ലോകത്തിന്റെ അപരനായോ അവതരിപ്പിച്ചിരുന്ന ഓറിയന്റലിസ്റ്റ് പഠനരീതികളെ അദ്ദേഹം വിമർശനാത്മകമായി സമീപിച്ചു. ഈ അർഥത്തിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ പോസ്റ്റ്-ഓറിയന്റലിസ്റ്റ് ഇസ്ലാമിക് സ്റ്റഡീസിന്റെ പ്രധാന പ്രവണതകളുമായി ചേർന്നുനിൽക്കുന്നതാണ് എന്ന് നിരീക്ഷിക്കാവുന്നതാണ്. ഇസ്ലാമിനെ ഏകമുഖമായ നാഗരിക ആഖ്യാനങ്ങളിലൂടെ വിശദീകരിക്കുന്ന സമീപനങ്ങളിൽ നിന്ന് മാറി, മുസ്ലിം സമൂഹങ്ങളുടെ ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവുമായ അനുഭവങ്ങളെ പഠനത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമായ കാലഘട്ടമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി. മാർഷൽ ഹോഡ്ജ്സൺ, വിൽഫ്രഡ് കാൻറ്റ്വെൽ സ്മിത്ത്, ആൽബർട്ട് ഹൗറാനി തുടങ്ങിയ പണ്ഡിതർ വ്യത്യസ്ത അക്കാദമിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെങ്കിലും രീതിശാസ്ത്രപരമായ ഈ മാറ്റത്തിന്റെ പ്രധാന പ്രതിനിധികളായിരുന്നു. എസ്പോസിറ്റോയുടെ ഗവേഷണങ്ങളും ഈ ബൗദ്ധിക അന്തരീക്ഷത്തോടാണ് ഏറ്റവും ചേർന്ന് നിൽക്കുന്നത്. അദ്ദേഹത്തെ ഈ ധാരയുടെ പ്രധാന പ്രതിനിധികളിലൊരാളായി പിന്നീട് നിരവധി പഠനങ്ങൾ വിലയിരുത്തിയിട്ടുമുണ്ട്.

അതേസമയം, എസ്പോസിറ്റോയുടെ ബൗദ്ധിക രൂപീകരണത്തെ മനസ്സിലാക്കുമ്പോൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അക്കാദമിക ബന്ധവും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പി എച്ച് ഡി ഗവേഷണത്തിന് മേൽനോട്ടം വഹിച്ചത് ഫലസ്തീൻ വംശജനായ ഇസ്മായിൽ രാജി അൽ ഫാറൂഖിയായിരുന്നു. ഇസ്ലാമിക വിജ്ഞാന പാരമ്പര്യത്തെ ആധുനിക ലോകത്ത് എങ്ങനെ പുനഃ സംഘടിപ്പിക്കാം, സമകാലിക വൈജ്ഞാനിക സംവാദങ്ങളുമായി എങ്ങനെ ബന്ധിപ്പിക്കാം എന്നീ ചോദ്യങ്ങളാണ് ഫാറൂഖിയുടെ ചിന്തയുടെ കേന്ദ്രത്തിലുണ്ടായിരുന്നത്. ഈ ബൗദ്ധിക അന്തരീക്ഷം എസ്പോസിറ്റോയുടെ ബൗദ്ധിക രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചെങ്കിലും, അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ Islamization of Knowledge എന്ന ഇസ്മാഈൽ റാജി ഫാറൂഖിയുടെ പദ്ധതിയുടെ നേരിട്ടുള്ള തുടർച്ചയായിരുന്നില്ല. റാജി ഫാറൂഖി ഇസ്ലാമിക വിജ്ഞാനത്തിന്റെ ആന്തരിക പുനർനിർമാണത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയതെങ്കിൽ, എസ്പോസിറ്റോ സമകാലിക മുസ്ലിം സമൂഹങ്ങളെയും രാഷ്ട്രീയത്തെയും ചരിത്രത്തെയും കുറിച്ചുള്ള പഠനങ്ങളിലൂടെ ആ സംവാദത്തെ ആഗോള അക്കാദമിക ലോകവുമായി കൂടുതൽ ബന്ധിപ്പിക്കുന്ന ദിശയിലാണ് മുന്നോട്ടു പോയത്.
ഇവിടെയാണ് എസ്പോസിറ്റോയും, ഓറിയന്റലിസ്റ്റ് ചിന്തകനും ചരിത്രകാരനുമായ ബെർണാഡ് ലൂയിസും തമ്മിലുള്ള ബൗദ്ധിക വ്യത്യാസം കൂടുതൽ വ്യക്തമായി നമുക്ക് കാണാൻ സാധിക്കുന്നത്. ബെർണാഡ് ലൂയിസിന്റെ രചനകളിൽ യൂറോപ്പിന്റെ ആധുനികതയും മുസ്ലിം ലോകത്തിന്റെ ചരിത്രപരമായ പിന്നാക്കാവസ്ഥയും തമ്മിലുള്ള നാഗരിക താരതമ്യങ്ങൾക്ക് പ്രധാന സ്ഥാനം ലഭിച്ചിരുന്നു. മുസ്ലിം സമൂഹങ്ങളുടെ പ്രതിസന്ധികളെ പ്രധാനമായും അവരുടെ ആന്തരിക ചരിത്ര സാംസ്കാരിക ഘടകങ്ങളിലൂടെ വിശദീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതേസമയം, ഇത്തരത്തിലുള്ള Civilizational വ്യാഖ്യാനങ്ങളുടെ പരിമിതികളെയാണ് എസ്പോസിറ്റോ ചൂണ്ടിക്കാട്ടിയത്. മുസ്ലിം സമൂഹങ്ങളുടെ രാഷ്ട്രീയം, സാമൂഹിക മാറ്റങ്ങൾ, ജനാധിപത്യാനുഭവങ്ങൾ എന്നിവയെ അവയുടെ പ്രത്യേക ചരിത്ര സാഹചര്യങ്ങളിൽ നിന്നാണ് അദ്ദേഹം വായിക്കാൻ ശ്രമിച്ചത്. ഈ സമീപനത്തിന്റെ ഭാഗമായി ജനാധിപത്യം, ബഹുസ്വരത, മതസ്വാതന്ത്ര്യം, തുടങ്ങിയ വിഷയങ്ങളെ അദ്ദേഹം ഗൗരവത്തോടെ പരിഗണിച്ചു. ഇസ്ലാമിക രാഷ്ട്രീയത്തെയും ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളെയും അവ രൂപപ്പെട്ട ദേശീയ ചരിത്രങ്ങളുടെയും സാമൂഹിക ഘടനകളുടെയും രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ മനസ്സിലാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതുകൊണ്ടുതന്നെ “രാഷ്ട്രീയ ഇസ്ലാമിനെ” ലളിതമായ പൊതുവൽക്കരണങ്ങളിലൂടെ വിലയിരുത്തുന്നതിനുപകരം, ആധുനിക മുസ്ലിം സമൂഹങ്ങളുടെ സങ്കീർണ്ണമായ രാഷ്ട്രീയ യാഥാർഥ്യത്തിന്റെ ഭാഗമായി വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിനെയും മുസ്ലിം സമൂഹങ്ങളെയും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട നാഗരിക ആഖ്യാനങ്ങളിലൂടെ അല്ല, ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹിക യാഥാർഥ്യങ്ങളുടെയും സങ്കീർണ്ണമായ ബന്ധങ്ങളിലൂടെ വായിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം നിരന്തരം മുന്നോട്ടുവച്ചു. അതുകൊണ്ടുതന്നെ ആധുനിക ഇസ്ലാമിക് സ്റ്റഡീസിൽ ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങൾക്കപ്പുറം കൂടുതൽ വിമർശനാത്മകവും ചരിത്ര ബോധമുള്ളതുമായ പഠനധാര ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച പണ്ഡിതന്മാരിലൊരാളായി ജോൺ എൽ. എസ്പോസിറ്റോയെയും നമുക്ക് സ്മരിക്കാൻ സാധിക്കും.




