പ്രാചീന ശിക്ഷാ വ്യവസ്ഥയിൽ നിന്നും ആധുനിക ശിക്ഷാ സമ്പ്രദായങ്ങളിലേക്കുള്ള ചരിത്രപരമായ വികാസപരിണാമത്തെയും ജയിൽസ്ഥാപനങ്ങളുടെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനത്തെയും തത്വചിന്തപരമായി വിമർശനവിധേയമാക്കുകയാണ് മിഷേൽ ഫൂക്കോ തന്റെ ഡിസിപ്ലിൻ ആൻഡ് പണിഷ് (discipline and punish) എന്ന കൃതിയിലൂടെ. ശാരീരിക കേന്ദ്രീകൃത ശിക്ഷയിൽ നിന്നും തടവറ സംവിധാനത്തിലേക്കുള്ള മാറ്റം മാനവിക വൈകാരികതകൾക്കും നൈതിക ബോധങ്ങൾക്കുമപ്പുറമുള്ള സൂക്ഷ്മമായ അധികാര മാനങ്ങളെ തുറന്നുകാട്ടുകയാണ് അതിലൂടെ അദ്ദേഹം. ഫൂക്കോ ശിക്ഷയുടെ ചരിത്രത്തെ ഒരു ക്രമാനുസൃത നിയമചരിത്രമായി അവതരിപ്പിക്കുന്നതിന് പകരം “ആർക്കിയോളജി”യും “ജീനിയോളജി”യും ചേർന്ന ഒരു വിമർശനാത്മക രീതിയിലൂടെ അധികാരത്തിന്റെ സൂക്ഷ്മ മാനങ്ങളും ആധികാരിക ലക്ഷ്യങ്ങളും അനാവരണം ചെയ്യുന്നു. പീഡനം (torture), ശിക്ഷ (punishment), അച്ചടക്കം (discipline), ജയിൽ (prison) എന്നീ നാല് ഘടകങ്ങളെ ആസ്പദമാക്കി പത്ത് അധ്യായങ്ങളായിട്ടാണ് പ്രസ്തുത കൃതിയുടെ ഘടന. പനോപ്റ്റിക്കോൺ (panopticon) സിദ്ധാന്തത്തിലൂടെയാണ് നിരീക്ഷണം സാധാരണവൽക്കരണം (normalization) എന്നിവ സമൂഹത്തിൽ എങ്ങനെ പ്രായോഗികമാകുന്നെന്നും അതുവഴി വ്യക്തികളിൽ അനുസരണയും സ്വയംനിയന്ത്രണവും എങ്ങനെ ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്നും ഫൂക്കോ എടുത്തുകാട്ടുന്നത്. ആധുനിക തടവ് സംവിധാനത്തെ പൂർണാർത്ഥത്തിൽ എതിർക്കുന്നതല്ല മറിച്ച് അവയിൽ അന്തർലീനമായ അധികാരഘടനകൾ അനാവരണം ചെയ്യുന്നതാണ് കൃതിയുടെ ആധികാരിക ലക്ഷ്യം. അധികാരം, സാമൂഹിക മാനദണ്ഡങ്ങൾ എന്നിവ തമ്മിലുള്ള പരസ്പരബന്ധങ്ങളെ വിശകലനവിധേയമാക്കി, സമകാലിക സമൂഹത്തിലെ ശിക്ഷയുടെ അർത്ഥതലങ്ങളെയും സാമൂഹിക ക്രമത്തെ നിലനിർത്തുന്ന നിയന്ത്രണയന്ത്രങ്ങളെയും പുനർവിചിന്തനം ചെയ്യാൻ ഈ കൃതി വായനക്കാരെ പ്രേരിപ്പിക്കുന്നു.
വേദന എന്ന രാഷ്ട്രീയ വിനിമയം
1757-ൽ ഫ്രാൻസിൽ നടന്ന അതിഭീകരമായ ഒരു സംഭവത്തിന്റെ വേദനാജനകമായ വിവരണത്തോടെയാണ് “The Body of the Condemned” എന്ന ആദ്യ അദ്ധ്യായം ആരംഭിക്കുന്നത്. തുടർന്ന് 1837-ലെ ഒരു സാധാരണ ജയിൽ സമയക്രമം ഫൂക്കോ ഉദ്ധരിക്കുന്നതോടെ ശിക്ഷയെക്കുറിച്ചുള്ള സാമൂഹിക ധാരണകളുടെ ധ്രുതഗതിയിലുള്ള മാറ്റം ഈ വൈരുധ്യാത്മക അവതരണം വരച്ചുകാട്ടുന്നു. പഴയ ശിക്ഷാ വ്യവസ്ഥയുടെ മാതൃകയെന്നോണം ഫ്രാൻസിൽ പൊതുജന മധ്യേ നടപ്പിലാക്കിയ ഡാമിയന്റെ വധശിക്ഷയെ ഫൂക്കോ വിശകലനം ചെയ്യുന്നുണ്ട്. നിയമവ്യവസ്ഥയെ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാമിയനെ പൊതുജന മധ്യേ വലിച്ചിഴച്ചു, തീകൊളുത്തി, കത്തി, കയർ, കുതിര എന്നിവ ഉപയോഗിച്ച് നിഷ്ക്രൂരമായി പീഡിപ്പിച്ചു. ഈ പൊതുവേദിയിലെ ക്രൂരത ഒരു വ്യക്തിയെ ശിക്ഷിക്കുന്നതിലുപരി ശരീരമെന്ന ക്യാൻവാസിലൂടെ രാജാധികാരത്തിന്റെ ശക്തി പൊതുജന മധ്യേ പ്രകടമാക്കുന്ന രാഷ്ട്രീയ നാടകമായി ഫൂക്കോ കാണുന്നു. പ്രകടനത്തിന്റെ സാധുത ഉറപ്പിക്കുന്നതിൽ പൊതുജനം നിർണായക പങ്കുവഹിക്കുകയും ചെയ്തു. നിരീക്ഷകരെന്ന നിലയ്ക്ക് അവർ ഭാഗവാക്കുകയും, അധികാരത്തെ അംഗീകരിക്കുകയും, നിയമലംഘനത്തെ ഭീതിയോടെ കാണുകയും അതൊരു പൊതുചടങ്ങായി നടക്കുകയും ചെയ്തു.
കാലക്രമേണ ഇത് അതിന്റെ പ്രായോഗികതയിൽ നിന്ന് വൈരുധ്യമായി രാജാധികാരത്തെ ബാധിച്ചുതുടങ്ങി. ജനങ്ങൾ കുറ്റവാളിയെ പിന്തുണച്ചു, അധികാരികൾക്കെതിരെ അക്രമം അഴിച്ചുവിട്ടു. അത്തരം സന്ദർഭങ്ങൾ അധികാരപ്രകടനങ്ങൾക്ക് പകരം അവരുടെ ദൗർബല്യം ആളുകൾ തിരിച്ചറിയാനും ഹേതുവായി. ക്രൂരമായ പീഡനങ്ങൾ ആളുകളെ പലപ്പോഴും തെറ്റായ സമ്മതോക്തിക്ക് നിർബന്ധിതരാക്കി. ദാക്ഷിണ്യമില്ലാത്ത അക്രമദൃശ്യം ജനങ്ങളിൽ ഭീതിക്കുപകരം കരുണ ഉളവാക്കി. പൊതു പീഡനത്തിന്റെ ഈ പരാജയമാണ് പ്രസ്തുത പ്രയോഗം ഉപേക്ഷിക്കാനും പുതിയ ശിക്ഷാ സമ്പ്രദായങ്ങളിലേക്കുള്ള മാറ്റത്തിനുള്ള കാരണമായും ഫൂക്കോ കാണുന്നത്. തന്റെ ആദ്യ അധ്യായത്തിലൂടെ “ആധുനിക ആത്മാവിന്റെയും പുതിയ വിധിനിർണയാധികാരത്തിന്റെയും സഹചരിത്രം” (a correlative history of the modern soul and of a new power to judge) എന്ന തന്റെ ഗവേഷണ രീതിശാസ്ത്രം (methodology) ഫൂക്കോ വിശദീകരിക്കുന്നുണ്ട്. പ്രധാനമായും നാല് അടിസ്ഥാന തത്വങ്ങൾ ആശ്രയിച്ചാണ് അവ മുന്നോട്ട് പോകുന്നത്. ശിക്ഷയെ സാമൂഹിക വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ സ്ഥാപിച്ച് പഠിക്കുക, ശിക്ഷയെ രാഷ്ട്രീയ അധികാരത്തിന്റെ പ്രയോഗരൂപമായി മനസ്സിലാക്കുക, ശിക്ഷാസമ്പ്രദായത്തെയും മാനവശാസ്ത്രങ്ങളെയും ഒരുപോലെ രൂപപ്പെടുത്തുന്ന അന്തർലീനമായ ജ്ഞാനശാസ്ത്രപരമായ (epistemological) പ്രക്രിയകളെ കണ്ടെത്തുക, എന്നിവ അതിൽ ഉൾപ്പെടുന്നതാണ്.
ശിക്ഷയുടെ ജ്ഞാനോദയകാല വിമർശനം
രണ്ടാം ഭാഗമായ “Punishment” ൽ “Generalized Punishment”, “The Gentle Art of Punishment” എന്നീ രണ്ട് അധ്യായങ്ങൾ ഉൾക്കൊള്ളുന്നു. ഇവിടെ ഫൂക്കോ പതിനെട്ടാം നൂറ്റാണ്ടിൽ രൂപംകൊണ്ട പരിഷ്കരണപ്രസ്ഥാനങ്ങളിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ പ്രധാന ബൗദ്ധികവും സാമ്പത്തികവുമായ മാറ്റങ്ങൾ ശിക്ഷ എന്ന ആശയത്തെ പുനർരൂപപ്പെടുത്തി. ശാരീരിക പീഡന ശിക്ഷകൾ പ്രതികാരാർത്ഥമാണെന്നും അതുമൂലം പുനരധിവാസം സാധ്യമല്ലെന്നും ചിന്തകർ വാദിച്ചു. എന്നാൽ ഈ ആശയം നൈതികമല്ലെന്നും സമൂഹത്തിന്റെ പുതിയ സാമ്പത്തിക ആവശ്യങ്ങളാണ് ഇതിന് പ്രേരകമെന്നും ഫൂക്കോ വാദിച്ചു. വ്യവസായ വിപ്ലവത്തിന്റെ വരവോടെ രാജാധികാര ശക്തി പ്രകടനങ്ങൾക്കല്ല മറിച്ച് സ്വത്ത് സംരക്ഷണവും ഉൽപാദനക്ഷമതയും മൂലധനാധിഷ്ഠിത സമൂഹത്തിൽ പ്രാധാന്യമാർജിച്ചു. ഭരണനിയമ ലംഘനത്തിൽ നിന്നും കുറ്റകൃത്യങ്ങളുടെ ലക്ഷ്യസ്ഥാനം സമ്പത്തിനെതിരായി. ഇത് ശിക്ഷയുടെ ആധുനിക രൂപമായ ക്രമവും (order) ശാസനയും (discipline) മുഖേനെയുള്ള ശിക്ഷാസമ്പ്രദായമായ തടവിലേക്കും (jail), അവിടെ ജീവിതക്രമമെന്നോണം ചെയ്യുന്ന ജോലികളിലേക്കും നയിച്ചു.
ജയിൽ എന്ന സമ്പൂർണ്ണ നിയന്ത്രണ സംവിധാനം
ജയിലിന്റെ ആദ്യ ഉപയോഗം പൂർണമായും ശിക്ഷാസമ്പ്രദായമായിട്ടായിരുന്നില്ല; കടക്കാരെയും വിചാരണ കാത്തുനിൽക്കുന്നവരെയും പാർപ്പിക്കുന്ന ഇടങ്ങളായിരുന്നു അവ. ശാസനാപൂർണ്ണവും നിയന്ത്രിതവുമായ ശിക്ഷാസമ്പ്രദായത്തിലേക്കുള്ള മാറ്റത്തിനനുയോജ്യമായി ജയിലുകൾ രൂപാന്തരപ്പെടുകയാണുണ്ടായത്. പ്രാചീന സംവിധാനങ്ങളിൽ നിന്നും വിഭിന്നമായി ശരീരത്തിനുപകരം ആത്മാവിലേക്കാണ് ശിക്ഷയുടെ ലക്ഷ്യസ്ഥാനം മാറ്റിയത്; പ്രതികാരത്തിനു പകരം പുനരധിവാസത്തിനു പ്രാധാന്യം നൽകി. ഇവിടെ പ്രയോഗികമാക്കിയ ശാസനപരമായ സംവിധാനം (disciplinary system) ജയിലിനുപുറമേ മറ്റു ധാരാളം മേഖലകളിലേക്കും വ്യാപിച്ചു. സൈന്യം, ആശുപത്രികൾ, വിദ്യാലയങ്ങൾ, ഫാക്ടറികൾ തുടങ്ങിയവ ഈ രീതി പിന്തുടരുന്നതോടെ കൂടുതൽ കാര്യക്ഷമവും നിയന്ത്രിതവുമായ വ്യക്തികളെ രൂപപ്പെടുത്തുന്നതിൽ ഇത് ഏറെ പങ്കുവഹിച്ചു.
ഫൂക്കോയുടെ അഭിപ്രായപ്രകാരം ആധുനിക ശാസനസമ്പ്രദായങ്ങൾ ശ്രേണീപരമായ നിരീക്ഷണം (hierarchical observation), സാധാരണവൽക്കരണം (normalizing judgment), പരിശോധന (examination) എന്നിങ്ങനെ മൂന്നു രീതിയിലാണ് പ്രാവർത്തികമാകുന്നത്.
ജയിൽ വാർഡന്മാർ, അധ്യാപകർ, മേൽനോട്ടക്കാർ, ഡോക്ടർമാർ, നിരീക്ഷണം എളുപ്പമാക്കുന്ന കെട്ടിടങ്ങൾ തുടങ്ങിയവ മുഖേന അവർക്ക് കീഴിലുള്ളവരിൽ നടത്തുന്ന നിരന്തരമായ നിരീക്ഷണമാണ് ശ്രേണീപരമായ നിരീക്ഷണം. ‘സാധാരണ’ എന്നത് ഒരാളുടെ സമൂഹത്തിലെ ചൊവ്വായ നിലയായി നിർണ്ണയിക്കുന്നു. അതിൽ നിന്ന് എത്ര അകലുന്നുവോ അത്രയും ശിക്ഷിച്ച് ‘സാധാരണ’ എന്ന നില വീണ്ടെടുത്ത് ജീവിതക്രമം പുനഃസ്ഥാപിക്കുക എന്നതാണ് സാധാരണവൽക്കരണം. ഇങ്ങനെ ‘സാധാരണ’ ആക്കാനുള്ള സമ്മർദ്ദം മനുഷ്യ സ്വഭാവത്തെത്തന്നെ രൂപകൽപ്പന ചെയ്യുന്നുണ്ട്. അത് മാനദണ്ഡങ്ങൾക്ക് പുറത്തുള്ളവരുടെ ശബ്ദത്തെയും അനുഭവങ്ങളെയും നിശ്ശബ്ദമാക്കി സമൂഹത്തിൽ അടിച്ചമർത്തൽ രൂപകൽപ്പന ചെയ്യുന്നു. പരിശോധന (examination) എന്നത് വിധിനിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വ്യക്തികളെക്കുറിച്ചുള്ള വിശദമായ രേഖകൾ സൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വർഗീകരിക്കുകയും അതിലൂടെ വ്യക്തികളെ അവരുടെ സാമൂഹിക നില ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
പനോപ്റ്റിസിസം എന്ന ആധുനിക നിരീക്ഷണ മാതൃക
ജെറമി ബെന്തമിന്റെ പനോപ്റ്റിക്കോൺ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ഫൂക്കോ മുന്നോട്ട് വെക്കുന്ന വീക്ഷണമാണ് പനോപ്റ്റിസിസം. മധ്യഭാഗത്ത് വീക്ഷണഗോപുരം ഉൾപ്പെട്ട വൃത്താകൃതിയിലുള്ള ജയിലാണ് ഈ സംവിധാനം. ജയിലിലെ എല്ലാ സെല്ലുകളിൽ നിന്നും ജാലകങ്ങളിലൂടെ വീക്ഷണഗോപുരത്തിന്റെ ഇരുട്ട് മൂടിയ രൂപം മാത്രമേ കാണാൻ കഴിയുകയുള്ളുവെങ്കിലും വീക്ഷണഗോപുരത്തിൽ നിന്നും എല്ലാ സെല്ലുകളിലേക്കും വ്യക്തമായി കാണാം. ഇത് ജയിലാളികളിൽ നിരീക്ഷിക്കപ്പെടുന്നുവെന്ന ധാരണ ഉണർത്തുന്നു. ആധുനിക സമൂഹത്തിൽ ഒരു പനോപ്റ്റിക്കോൺ പ്രവർത്തിക്കുന്നതായി ഫൂക്കോ സ്ഥാപിക്കുന്നു. നിരീക്ഷിക്കപ്പെടുന്നു എന്ന ബോധത്തിന് അധിഷ്ഠിതമായി അവർ ജീവിതരീതി രൂപകൽപ്പന ചെയ്യുന്നു. പ്രത്യക്ഷമല്ലെങ്കിലും അദൃശ്യഭാവത്തിലൂടെയുള്ള അധികാരം ആധുനിക സമൂഹത്തിൽ കൂടുതൽ പ്രാബല്യമാകുന്നു. ആധുനിക ശാസനസംവിധാനത്തിന്റെ വിജയമാണ് പനോപ്റ്റിക്കോൺ വ്യക്തമാക്കുന്നത്.
ആധുനിക ജയിൽ സംവിധാനത്തിന്റെ പരാജയവും ദൗർബല്യവും സ്ഥാപിക്കുന്നതോടെയാണ് ഫൂക്കോ കൃതി അവസാനിപ്പിക്കുന്നത്. ജയിൽ മോചിതരുടെ തുടർജീവിതാവസ്ഥ കുറിച്ചിട്ട രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പുനരധിവാസമെന്ന പ്രാഥമിക ലക്ഷ്യം പ്രയോഗികമാക്കുന്നതിൽ ജയിൽ പരാജയപ്പെട്ടെന്നും, സമൂഹത്തിൽ വിഭാഗീയതയെന്നോണം കുറ്റവാളികൾ എന്ന ഔദ്യോഗിക ലേബലോടെ ഒരു നിയന്ത്രിത വിഭാഗത്തെ രൂപീകരിക്കുന്നതിൽ മാത്രമാണ് അത് വിജയിച്ചതെന്നും ഇവർ സമൂഹത്തിൽ വിവേചനങ്ങൾക്ക് വിധേയരാവുന്നതായും ഫൂക്കോ വാദിക്കുന്നു.
അന്തർലീനമായ ഈ അധികാര മാറ്റം ‘സ്വാതന്ത്ര്യം’ എന്നത് സ്വയം സിദ്ധിക്കുന്ന ഒന്നല്ല മറിച്ച് സാമൂഹിക മാനദണ്ഡങ്ങൾക്കും ശാസന പ്രക്രിയകൾക്കും വിധേയമായി രൂപപ്പെടുത്തിയെടുക്കുന്ന ഒന്നാണെന്ന അനുമാനത്തിലേക്ക് ഫൂക്കോ നമ്മെ നയിക്കുന്നു.








