“They built up the Jamia Millia stone by stone and sacrifice by sacrifice.” ജാമിയ മില്ലിയ ഇസ്ലാമിയയുടെ രൂപീകരണചരിത്രത്തെ അടയാളപ്പെടുത്തിക്കൊണ്ട് സരോജിനി നായിഡു കുറിച്ച വരികളാണിത്. ഓരോ കല്ലിലും ത്യാഗത്തിന്റെയും അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെയും ചരിത്രം പേറുന്ന അതേ കലാലയത്തിന്റെ നൂറ്റിയാറാം സ്ഥാപകദിനമായ ഒക്ടോബർ 29-ന്, ഗാലിബ് പ്രതിമയ്ക്കു ചുറ്റും വിദ്യാർത്ഥികൾ തങ്ങളുടെ സഹനസമരത്തിലൂടെ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേർത്തു. നീണ്ട പതിനെട്ട് ദിവസത്തെ അനിശ്ചിതകാല നിരാഹാരസമരത്തിനും ഭരണകൂട ഉപരോധങ്ങൾക്കുമൊടുവിൽ, രണ്ട് പതിറ്റാണ്ടായി നിഷേധിക്കപ്പെട്ട ജാമിയ വിദ്യാർത്ഥി യൂണിയൻ (JMISU) തിരിച്ചുപിടിക്കാൻ അവർക്ക് സാധിച്ചു. 2027 മെയ് 15-നകം യൂണിയൻ ഭരണഘടനയ്ക്ക് അന്തിമരൂപം നൽകാമെന്നും പുതിയ അക്കാദമിക് സെഷൻ ആരംഭിക്കുന്നതോടെ ഓഗസ്റ്റ് അവസാന വാരത്തിൽ തിരഞ്ഞെടുപ്പ് നടത്താമെന്നുമുള്ള സർവകലാശാലാ ഭരണകൂടത്തിന്റെ രേഖാമൂലമുള്ള ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിച്ചത്. ഒപ്പം, സമരത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തിയ സസ്പെൻഷനുകളും റസ്റ്റിക്കേഷൻ നടപടികളും കാരണം കാണിക്കൽ നോട്ടീസുകളും പൂർണമായി പിൻവലിക്കാനും ഭരണകൂടം നിർബന്ധിതമായി.
എന്നാൽ, ഈ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ഒരു തിരഞ്ഞെടുപ്പ് തീയതി നേടിയെടുത്തതിലോ അച്ചടക്കനടപടികൾ പിൻവലിപ്പിച്ചതിലോ ഒതുങ്ങുന്നില്ല. ജനാധിപത്യപരമായ പ്രാതിനിധ്യം ദീർഘകാലം നിഷേധിക്കപ്പെട്ട ഒരു കാമ്പസിൽ വിദ്യാർത്ഥികൾ എങ്ങനെയാണ് തങ്ങളുടെ രാഷ്ട്രീയ കർതൃത്വം തിരിച്ചുപിടിക്കുന്നത്? ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെ ചോദ്യം ചെയ്യാനും സ്വന്തം ആവശ്യങ്ങൾ നിർവചിക്കാനും കൂട്ടായ വിലപേശലിലൂടെ അവകാശങ്ങൾ നേടിയെടുക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കുന്ന ഒരു രാഷ്ട്രീയ ഇടം എങ്ങനെയാണ് രൂപപ്പെടുന്നത്? അതോടൊപ്പം, താൽക്കാലികമായൊരു സമരഐക്യത്തെ ദീർഘകാലം നിലനിൽക്കുന്ന ജനാധിപത്യ സ്ഥാപനമായി പരിവർത്തിപ്പിക്കാനുള്ള വെല്ലുവിളി എന്താണ്?

ഈ ചോദ്യങ്ങളാണ് ജാമിയയിലെ പതിനെട്ട് ദിവസങ്ങളെ കേവലമൊരു കാമ്പസ് പ്രക്ഷോഭത്തിനപ്പുറം വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. യൂണിയൻ എന്നത് തിരഞ്ഞെടുക്കപ്പെട്ട ഏതാനും പ്രതിനിധികളുടെ ഒരു സമിതി മാത്രമല്ല. സ്വന്തം ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ പങ്കാളികളാകാനും അധികാരത്തെ ചോദ്യം ചെയ്യാനും കൂട്ടായി രാഷ്ട്രീയ ഭാവനകൾ രൂപപ്പെടുത്താനുമുള്ള വിദ്യാർത്ഥികളുടെ അവകാശത്തിന്റെ സ്ഥാപനവൽക്കരണം കൂടിയാണത്.
ജനാധിപത്യത്തിന്റെ നിഷേധവും ന്യൂനപക്ഷ കാമ്പസിന്റെ രാഷ്ട്രീയവും
2006-ലാണ് ജാമിയയിൽ അവസാനമായി വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് നിയമക്കുരുക്കുകളുടെയും സാങ്കേതികത്വങ്ങളുടെയും പേരിൽ രണ്ട് പതിറ്റാണ്ടോളം വിദ്യാർത്ഥികളുടെ ജനാധിപത്യ പ്രാതിനിധ്യം നിഷേധിക്കപ്പെട്ടു. ഡൽഹി സർവകലാശാലയിലും ജവഹർലാൽ നെഹ്റു സർവകലാശാലയിലും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ പതിവായി നടക്കുകയും വിദ്യാർത്ഥിരാഷ്ട്രീയം സജീവമായി തുടരുകയും ചെയ്യുമ്പോൾ, തൊട്ടടുത്തുള്ള ജാമിയയിൽ മാത്രം എന്തുകൊണ്ട് യൂണിയൻ ഇത്രയും കാലം ഇല്ലാതായി എന്ന ചോദ്യം കേവലം ഭരണപരമായ ഒന്നല്ല. വിദ്യാർത്ഥികളുടെ ജനാധിപത്യാവകാശങ്ങളെക്കുറിച്ചുള്ള പൊതുവായ നിലപാടുകൾക്കപ്പുറം, മുസ്ലിം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ചുള്ള വിശാലമായ ചോദ്യങ്ങളിലേക്കും അത് നമ്മെ നയിക്കുന്നു.

ഇവിടെ നരവംശശാസ്ത്രജ്ഞനായ ഇർഫാൻ അഹമ്മദിന്റെ മുസ്ലിം രാഷ്ട്രീയ കർതൃത്വത്തെക്കുറിച്ചുള്ള പഠനങ്ങൾ പ്രസക്തമാകുന്നു. മുസ്ലിംകളെ ഭരണകൂടത്തിന്റെ ഇടപെടലുകൾക്ക് വിധേയരാകുന്ന ഒരു ന്യൂനപക്ഷസമൂഹം മാത്രമായി കാണുന്നതിനുപകരം, സ്വന്തം രാഷ്ട്രീയ നിലപാടുകളും കൂട്ടായ്മകളും പ്രതിരോധരൂപങ്ങളും സൃഷ്ടിക്കുന്ന രാഷ്ട്രീയ കർതൃത്വങ്ങളായി മനസ്സിലാക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാടിൽനിന്ന് നോക്കുമ്പോൾ, ജാമിയയിലെ യൂണിയൻ നിഷേധം വിദ്യാർത്ഥികളുടെ ഒരു സംഘടനയുടെ അഭാവം മാത്രമല്ല; തങ്ങളുടെ ആവശ്യങ്ങൾ സ്വയം നിർവചിക്കാനും അവയ്ക്കുവേണ്ടി കൂട്ടായി വിലപേശാനും കഴിയുന്ന ഒരു ജനാധിപത്യ ഇടത്തിന്റെ അഭാവം കൂടിയാണ്.
ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചകളിൽ മുസ്ലിംകളുടെ അരക്ഷിതാവസ്ഥയും വിവേചനവും നിരന്തരം വിശകലനം ചെയ്യപ്പെടാറുണ്ട്. എന്നാൽ, ഈ സാഹചര്യങ്ങളെ നേരിടുന്നതിനായി മുസ്ലിംകൾ സൃഷ്ടിക്കുന്ന രാഷ്ട്രീയ കൂട്ടായ്മകൾക്കും ജനാധിപത്യപരമായ ഇടപെടലുകൾക്കും അത്രതന്നെ പ്രാധാന്യം നൽകേണ്ടതുണ്ട്. ജാമിയയിലെ വിദ്യാർത്ഥികൾ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി നടത്തിയ സമരം ഈ അർഥത്തിൽ പ്രധാനമാണ്. ഭരണകൂടത്തിന്റെ തീരുമാനങ്ങൾക്ക് വിധേയരാകുന്നവരെന്ന നിലയിൽനിന്ന്, സ്വന്തം ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുകയും അവയ്ക്കുവേണ്ടി സംഘടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കർതൃത്വങ്ങളെന്ന നിലയിലേക്കുള്ള വിദ്യാർത്ഥികളുടെ മാറ്റമാണ് ഇവിടെ കാണാനാകുന്നത്.
അതേസമയം, ജാമിയയിലെ യൂണിയൻ നിഷേധത്തെ മുസ്ലിം ന്യൂനപക്ഷ പദവിയുടെ മാത്രം പ്രതിഫലനമായി വിശദീകരിക്കുന്നത് അപര്യാപ്തമായിരിക്കും. സർവകലാശാലാ ഭരണകൂടത്തിന്റെ നയങ്ങൾ, നിയമപരമായ തടസ്സങ്ങൾ, സ്ഥാപനപരമായ തീരുമാനങ്ങൾ, വിദ്യാർത്ഥി രാഷ്ട്രീയത്തോടുള്ള സമീപനം എന്നിവയും പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, ന്യൂനപക്ഷ കാമ്പസുകളിലെ രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശാലമായ ചർച്ചയിൽ ഈ ഘടകങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യം ഒഴിവാക്കാനാവില്ല.
കുടിവെള്ള കൂളറുകളുടെ അഭാവം, ഹോസ്റ്റൽ പ്രവേശനത്തിലെ കാലതാമസം, ഭക്ഷണത്തിന്റെ നിലവാരമില്ലായ്മ തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങൾ മുതൽ ‘അഡ്മിഷൻ ചോരി’ എന്ന പേരിൽ ഉയർന്ന പ്രവേശനക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ വരെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രവേശനക്രമക്കേടുകൾക്കെതിരെ ഓഗസ്റ്റിൽ പ്രതിഷേധിച്ച നാല് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയും അസംതൃപ്തി വർധിപ്പിച്ചു. ഈ പ്രശ്നങ്ങൾക്കിടയിൽ, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഭരണകൂടത്തിനു മുന്നിൽ ഉന്നയിക്കാനും തീരുമാനങ്ങളിൽ പങ്കാളികളാകാനും കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട ഒരു വേദിയുടെ അഭാവം കൂടുതൽ പ്രകടമായി.
എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷം അലിഗഢ് മുസ്ലിം സർവകലാശാലയിൽ വിദ്യാർത്ഥികൾ സമരത്തിലൂടെ യൂണിയൻ തിരിച്ചുപിടിച്ചത് ജാമിയയിലെ വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ പ്രചോദനമായി. തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഒരു വേദി അനിവാര്യമാണെന്ന തിരിച്ചറിവിൽനിന്നാണ് ഒക്ടോബർ 12 തിങ്കളാഴ്ച ജാസിം ഖാൻ, രെഹാൻ ഹൈദർ, മലയാളി വിദ്യാർത്ഥിയായ എബിൻ ബേസിൽ എന്നിവർ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. മൂന്ന് ദിവസത്തിനുശേഷം ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകനായ രെഹാൻ ഖാൻ മേവാത്തി കൂടി നിരാഹാരത്തിലേക്ക് അണിചേർന്നതോടെ പ്രക്ഷോഭം കൂടുതൽ കരുത്താർജിച്ചു.

എസ്.ഐ.ഒ (SIO), ഫ്രറ്റേണിറ്റി മൂവ്മെന്റ്, എം.എസ്.എഫ് (MSF), എൻ.എസ്.യു.ഐ (NSUI), എ.ഐ.എസ്.എ (AISA), എ.ഐ.ആർ.എസ്.ഒ (AIRSO) എന്നീ വിദ്യാർത്ഥി സംഘടനകളും സ്വതന്ത്ര വിദ്യാർത്ഥികളും സംഘടനാപരമായ വേർതിരിവുകൾക്കപ്പുറം സമരത്തിൽ അണിനിരന്നു. വിദ്യാർത്ഥിനികൾ സംഘാടനത്തിൽ നിർണായകമായ പങ്കുവഹിച്ചു. വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ ഒരു പൊതുവായ ആവശ്യത്തിനുവേണ്ടി ഒന്നിച്ചുനിന്നത് സമരത്തിന്റെ ശക്തിയായി മാറി. യൂണിയൻ എന്ന ആവശ്യത്തിന് വിവിധ രാഷ്ട്രീയ സംഘടനകളെയും സ്വതന്ത്ര വിദ്യാർത്ഥികളെയും ഒരുമിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ഈ കൂട്ടായ്മ തെളിയിച്ചു.
വിദ്യാർത്ഥികൾ കാമ്പസ് തിരിച്ചുപിടിച്ചപ്പോൾ
സമാധാനപരമായി നിരാഹാരമിരുന്ന വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനുപകരം, സമരത്തിന്റെ ആറാം ദിവസമായ ഒക്ടോബർ 17 ശനിയാഴ്ച പുലർച്ചെ 5.30-ന് സർവകലാശാലാ ഭരണകൂടം അടിച്ചമർത്തൽ നടപടികളിലേക്ക് കടന്നു. അർധരാത്രിയുടെ മറവിൽ സുരക്ഷാ ജീവനക്കാരെ ഉപയോഗിച്ച് സമരപ്പന്തൽ തകർക്കുകയും കാമ്പസ് പൂർണമായി അടച്ചുപൂട്ടുകയും ചെയ്തു. ഹോസ്റ്റൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന 4C ഗേറ്റ് വെൽഡ് ചെയ്ത് പൂട്ടിയപ്പോൾ, ഇബ്നു സീന ബ്ലോക്കിന് സമീപമുള്ള എമർജൻസി ഗേറ്റ് ഇഷ്ടികവെച്ച് കെട്ടിയടച്ചു. സ്വന്തം വിദ്യാർത്ഥികളുടെ സമരത്തെ നേരിടാൻ ഒരു സർവകലാശാല സ്വീകരിച്ച നടപടികളുടെ ഗൗരവം ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.
നിരാഹാരമിരുന്നവരെ ബലമായി നീക്കാൻ ശ്രമിച്ചപ്പോൾ, പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് കെട്ടിടത്തിനുള്ളിൽ സ്വയം പൂട്ടിയിട്ടും മനുഷ്യച്ചങ്ങല തീർത്തുമാണ് വിദ്യാർത്ഥികൾ സമരം തുടർന്നത്. എന്നാൽ, ഭരണകൂടം കാമ്പസ് അടച്ചുപൂട്ടി പ്രതിഷേധത്തെ നിർവീര്യമാക്കാൻ ശ്രമിച്ച അതേ നടപടി വിദ്യാർത്ഥികളുടെ ചെറുത്തുനിൽപ്പിനെ കൂടുതൽ ശക്തമാക്കുകയും ചെയ്തു.
അടച്ചുപൂട്ടിയ ഏഴാം നമ്പർ ഗേറ്റ് ഭേദിച്ച് അകത്തുകടന്ന വിദ്യാർത്ഥികൾ കാമ്പസിലെ മറ്റ് ഗേറ്റുകളും തുറന്ന് നിയന്ത്രണം സ്വയം ഏറ്റെടുത്തു. വിദ്യാർത്ഥികളെ തടയാൻ നിലയുറപ്പിച്ച സുരക്ഷാ ജീവനക്കാരെ ഗേറ്റുകളിൽനിന്ന് മാറ്റിയ പ്രക്ഷോഭകർ പുതിയ പൂട്ടുകൾ വാങ്ങി ഗേറ്റുകൾ പൂട്ടുകയും വിസിലുകളുമായി സ്വയം കാവൽ നിൽക്കുകയും ചെയ്തു.

ഈ സംഭവത്തെ കേവലം ഒരു ഗേറ്റ് തുറന്നതായോ ഭരണകൂടത്തിന്റെ നടപടിക്കെതിരായ പ്രത്യാക്രമണമായോ മാത്രം വായിക്കാനാവില്ല. സർവകലാശാലയുടെ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ സഞ്ചാരവും കൂടിച്ചേരലും പ്രതിഷേധവും ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ മാത്രമായിരിക്കണമെന്ന ധാരണയെ വിദ്യാർത്ഥികൾ നേരിട്ട് ചോദ്യം ചെയ്യുകയായിരുന്നു. തങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കാമ്പസിലെ അധികാരബന്ധങ്ങളിൽ ഇടപെടാനും ഒരു പുതിയ സാഹചര്യം സൃഷ്ടിക്കാനും അവർ ശ്രമിച്ചു.
രാഷ്ട്രീയ ചിന്തകനായ ജാക്വസ് റാൻസിയറിന്റെ ജനാധിപത്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ഇവിടെ ഒരു താരതമ്യചട്ടക്കൂടായി ഉപയോഗിക്കാം. നിലവിലുള്ള അധികാരക്രമത്തിൽ ശബ്ദമില്ലാത്തവരായി കണക്കാക്കപ്പെടുന്നവർ തുല്യരായ രാഷ്ട്രീയ പങ്കാളികളെന്ന നിലയിൽ സ്വയം അവതരിപ്പിക്കുന്ന നിമിഷത്തിലാണ് രാഷ്ട്രീയത്തിന്റെ പുതിയ സാധ്യതകൾ തുറക്കപ്പെടുന്നത് എന്നതാണ് റാൻസിയറിന്റെ ചിന്തയിലെ പ്രസക്തമായ വശം. ജാമിയയിലെ വിദ്യാർത്ഥികൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചതിനപ്പുറം, ആരാണ് കാമ്പസിന്റെ രാഷ്ട്രീയ ജീവിതത്തെ നിർവചിക്കേണ്ടത് എന്ന ചോദ്യവും ഉയർത്തി.
എന്നാൽ, ഈ സംഭവത്തെ റാൻസിയറിന്റെ സിദ്ധാന്തത്തിന്റെ ഒരു ഉദാഹരണമായി മാത്രം ചുരുക്കുന്നത് അതിന്റെ ചരിത്രപരമായ സവിശേഷതകളെ മറച്ചുകളയും. ഗേറ്റുകൾ തുറന്ന വിദ്യാർത്ഥികളുടെ നടപടി, ഒരു സൈദ്ധാന്തിക ആശയത്തിന്റെ പ്രയോഗം എന്നതിലുപരി, സ്വന്തം അവകാശങ്ങൾ നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ വിദ്യാർത്ഥികൾ നടത്തിയ രാഷ്ട്രീയ ഇടപെടലായിരുന്നു. ആ ഇടപെടലിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സിദ്ധാന്തത്തേക്കാൾ ഉപരിയായി സമരത്തിന്റെ സാഹചര്യങ്ങളും വിദ്യാർത്ഥികളുടെ കൂട്ടായ തീരുമാനങ്ങളും പരിശോധിക്കേണ്ടതുണ്ട്.
ഓൺലൈൻ ക്ലാസുകൾ, അക്കാദമിക ബഹിഷ്കരണം, ഒത്തുതീർപ്പിന്റെ രാഷ്ട്രീയം
വിദ്യാർത്ഥികളുടെ ചെറുത്തുനിൽപ്പിന് മുന്നിൽ പകച്ചുപോയ ഭരണകൂടം കാമ്പസിനെ ശൂന്യമാക്കി സമരത്തെ നിർവീര്യമാക്കാൻ പുതിയ തന്ത്രങ്ങൾ സ്വീകരിച്ചു. ലൈബ്രറികളും റീഡിങ് റൂമുകളും കാന്റീനുകളും അടച്ചുപൂട്ടിയതിനുപുറമെ, സെമസ്റ്ററിലെ ശേഷിക്കുന്ന ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുമെന്നും പരീക്ഷകൾ പോലും ഓൺലൈനായി നടത്തുമെന്നും സർവകലാശാല പ്രഖ്യാപിച്ചു.

എന്നാൽ, ഓൺലൈൻ ക്ലാസുകൾ കൂട്ടത്തോടെ ബഹിഷ്കരിച്ചുകൊണ്ടാണ് വിദ്യാർത്ഥിസമൂഹം ഈ നീക്കത്തോട് പ്രതികരിച്ചത്. യൂണിയന്റെ അഭാവത്തിൽ കാമ്പസിൽ നിലവിലുണ്ടായിരുന്ന പരിമിതമായ ജനാധിപത്യ സംവിധാനങ്ങളിലൊന്നായ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ സബ്ജക്ട് അസോസിയേഷനുകൾ (Department Subject Associations) ഭരണകൂടത്തിന്റെ ഈ നടപടിയെ ഒറ്റക്കെട്ടായി അപലപിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക നിസ്സഹകരണം സമരത്തിന് മറ്റൊരു മാനം നൽകി. പ്രതിഷേധം നിരാഹാരസമരത്തിലും കാമ്പസ് ഉപരോധത്തിലും മാത്രം ഒതുങ്ങാതെ, സർവകലാശാലയുടെ അക്കാദമിക പ്രവർത്തനങ്ങളെയും ബാധിക്കുന്ന തരത്തിലേക്ക് വ്യാപിച്ചു.
ഇതിന് ജാമിയയുടെ സ്വന്തം ചരിത്രവുമായി ആഴത്തിലുള്ളൊരു ബന്ധമുണ്ട്. ബ്രിട്ടീഷ് ഭരണത്തോടുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ, 1920-ൽ അലിഗഢ് മുസ്ലിം സർവകലാശാലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസനയങ്ങളോടും കൊളോണിയൽ അധികാരത്തിന്റെ സ്വാധീനത്തോടും വിയോജിച്ച ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ജാമിയ മില്ലിയ ഇസ്ലാമിയയ്ക്ക് തുടക്കമിട്ടത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വിദ്യാഭ്യാസക്രമത്തോട് നിസ്സഹകരിക്കാനും സ്വതന്ത്രമായൊരു ദേശീയ വിദ്യാഭ്യാസസ്ഥാപനം കെട്ടിപ്പടുക്കാനുമുള്ള രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിരുന്നു അതിന്റെ പിറവി.
ഒരു നൂറ്റാണ്ടിലേറെക്കാലത്തിനുശേഷം, അതേ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ തങ്ങളുടെ ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെ അക്കാദമിക നിസ്സഹകരണം ആയുധമാക്കിയത് ചരിത്രത്തിലെ ശ്രദ്ധേയമായൊരു ആവർത്തനമാണ്. അന്ന് കൊളോണിയൽ അധികാരത്തിന്റെ നിയന്ത്രണങ്ങളിൽനിന്ന് സ്വതന്ത്രമായ വിദ്യാഭ്യാസസ്ഥാപനം സൃഷ്ടിക്കാനായിരുന്നു നിസ്സഹകരണം; ഇന്ന് സർവകലാശാലയുടെ തീരുമാനങ്ങളിൽ വിദ്യാർത്ഥികൾക്ക് ജനാധിപത്യപരമായ പങ്കാളിത്തം ഉറപ്പാക്കാനാണ് അത് ഉപയോഗിക്കപ്പെട്ടത്. ജാമിയയുടെ സ്ഥാപകചരിത്രം അതിന്റെ വിദ്യാർത്ഥികൾക്ക് ഒരു പൈതൃകം മാത്രമല്ല, ആവശ്യമായിവരുമ്പോൾ അധികാരത്തെ ചോദ്യം ചെയ്യാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ്.
ഇവിടെ ശ്രദ്ധിക്കേണ്ടത് സമരത്തിന്റെ ആവശ്യവും അതിന്റെ രാഷ്ട്രീയരൂപവും തമ്മിലുള്ള ബന്ധമാണ്. വിദ്യാർത്ഥി യൂണിയൻ എന്ന സ്ഥാപനം തിരിച്ചുപിടിക്കാനായിരുന്നു സമരം ആരംഭിച്ചതെങ്കിലും, തിരഞ്ഞെടുക്കപ്പെട്ട പ്രാതിനിധ്യം ഇല്ലാത്ത സാഹചര്യത്തിൽ സർവകലാശാലയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള ശേഷി എത്രത്തോളം പരിമിതമാണെന്ന് സമരത്തിന്റെ ഓരോ ഘട്ടവും വെളിപ്പെടുത്തി. അതേസമയം, വിവിധ സംഘടനകളും സ്വതന്ത്ര വിദ്യാർത്ഥികളും തമ്മിലുള്ള കൂട്ടായ്മ ഒരു പൊതുവായ ആവശ്യത്തിനുവേണ്ടി എങ്ങനെ പ്രവർത്തനക്ഷമമാകാമെന്നും ഈ സമരം തെളിയിച്ചു.
വിദ്യാർത്ഥികളുടെ നിസ്സഹകരണത്തിന് മുന്നിൽ ഒടുവിൽ ഭരണകൂടത്തിന് ചർച്ചകൾക്കായി ഉന്നതതല സമിതിയെയും യൂണിയൻ ഭരണഘടന തയ്യാറാക്കാൻ ഡ്രാഫ്റ്റിങ് കമ്മിറ്റിയെയും നിയോഗിക്കേണ്ടിവന്നു. എന്നാൽ, സമരത്തിന്റെ പതിനാലാം ദിവസം പുലർച്ചെ മൂന്ന് മണിക്ക് പുറത്തിറക്കിയ ഒത്തുതീർപ്പ് സർക്കുലർ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. കൃത്യമായ തിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ചോ സസ്പെൻഷനുകൾ പിൻവലിക്കുന്നതിനെക്കുറിച്ചോ ഉറപ്പുനൽകാത്ത സർക്കുലർ, സമരം ചെയ്ത വിദ്യാർത്ഥികൾ പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനെത്തുടർന്ന് ജാസിം ഖാനും രെഹാൻ ഹൈദറും നിരാഹാരം അവസാനിപ്പിച്ച് പിന്മാറിയെങ്കിലും, ഈ ഒത്തുതീർപ്പിനെ തള്ളിക്കളയാൻ എബിൻ ബേസിലും രെഹാൻ ഖാൻ മേവാത്തിയും തീരുമാനിച്ചു. “സമാധാനപരമായി ജനാധിപത്യാവകാശങ്ങൾക്കുവേണ്ടി സമരം ചെയ്ത ഞങ്ങൾ എന്തിന് മാപ്പുപറയണം?” എന്ന ചോദ്യമുയർത്തി അവർ നിരാഹാരം തുടർന്നു. അവർക്കൊപ്പം മറ്റ് മൂന്ന് വിദ്യാർത്ഥികൾ കൂടി നിരാഹാരത്തിലേക്ക് അണിചേർന്നതോടെ സമരം നിർണായകമായ ഘട്ടത്തിലേക്ക് കടന്നു.

ഈ ഘട്ടം സമരത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ച് പ്രധാനപ്പെട്ടൊരു ചോദ്യം ഉയർത്തുന്നു. ഭരണകൂടവുമായി ചർച്ച നടത്തുന്നതും ഒത്തുതീർപ്പിലെത്തുന്നതും ഒരു പ്രക്ഷോഭത്തിന്റെ സ്വാഭാവിക ഭാഗമാണ്. എന്നാൽ, ഒത്തുതീർപ്പ് സമരത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ എത്രത്തോളം സംരക്ഷിക്കുന്നു എന്നതും, അതിന്റെ പേരിൽ സമരക്കാർ സ്വന്തം രാഷ്ട്രീയ നിലപാടുകൾ ഉപേക്ഷിക്കേണ്ടിവരുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ഉറപ്പില്ലാതെയും അച്ചടക്കനടപടികൾ പിൻവലിക്കപ്പെടാതെയും സമരം അവസാനിപ്പിക്കാനുള്ള നിർദേശം വിദ്യാർത്ഥികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സൃഷ്ടിച്ചതും അതുകൊണ്ടാണ്.
തുടർന്ന് ഡൽഹി പോലീസ് കാമ്പസിന് പുറത്ത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും നാൽപ്പതിലധികം വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കാമ്പസ് പൂർണമായ ഉപരോധത്തിലേക്ക് മാറി. പുറത്തുനിന്നുള്ള വഴികളെല്ലാം അടച്ചതോടെ, ഉയരമുള്ള ഗേറ്റുകളിലൂടെയും മതിലുകളിലൂടെയും കയറി സാഹസികമായാണ് അകത്ത് സമരം ചെയ്തിരുന്നവർക്ക് സഹപാഠികൾ ഭക്ഷണവും വെള്ളവും എത്തിച്ചുനൽകിയത്.
ഈ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച വിദ്യാർത്ഥികളുടെ ഇച്ഛാശക്തിക്കു മുന്നിലാണ് ഒക്ടോബർ 28-ന് ഏഴ് മണിക്കൂറിലധികം നീണ്ട ചർച്ചകൾക്കൊടുവിൽ ഭരണകൂടത്തിന് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടിവന്നത്. യൂണിയൻ ഭരണഘടനയ്ക്ക് അന്തിമരൂപം നൽകുന്നതിനും തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള സമയപരിധി നിശ്ചയിക്കപ്പെട്ടതും സമരക്കാരുടെ അച്ചടക്കനടപടികൾ പിൻവലിക്കാമെന്ന ഉറപ്പ് ലഭിച്ചതും ഈ സമരത്തിന്റെ നിർണായക നേട്ടങ്ങളായി.
ഒരു സമരത്തിന്റെ ഐക്യം ഒരു ജനാധിപത്യ സ്ഥാപനമായി മാറുമോ?
ജാമിയയിലെ സമരം വിജയിച്ചതോടെ അതിന്റെ രാഷ്ട്രീയ പ്രാധാന്യം അവസാനിക്കുന്നില്ല. മറിച്ച്, ഒരു പുതിയ ഘട്ടം ആരംഭിക്കുകയാണ്. പതിനെട്ട് ദിവസത്തെ പ്രക്ഷോഭത്തിലൂടെ രൂപപ്പെട്ട കൂട്ടായ്മയെ തിരഞ്ഞെടുക്കപ്പെട്ട ഒരു യൂണിയനായി പരിവർത്തിപ്പിക്കുക എന്നതാണ് ഇനി വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളി. സമരകാലത്ത് വ്യത്യസ്ത സംഘടനകൾക്കും സ്വതന്ത്ര വിദ്യാർത്ഥികൾക്കും ഒരുമിച്ചുനിൽക്കാൻ സാധിച്ചെങ്കിലും, സ്ഥിരമായ ഒരു സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ ഈ ഐക്യം എങ്ങനെ നിലനിർത്തുമെന്ന ചോദ്യം കൂടുതൽ സങ്കീർണമാണ്.
ജാമിയയിലെ സമരത്തിന്റെ ആദ്യഘട്ടത്തിൽ, അതിനെ പരമാവധി അരാഷ്ട്രീയമായ ഒരു ആവശ്യമായി അവതരിപ്പിക്കാനുള്ള ശ്രമമുണ്ടായിരുന്നു. ഭരണകൂടത്തിനെതിരെ മറ്റ് മുദ്രാവാക്യങ്ങളൊന്നും ഉയർത്താതെ, കേവലം വിദ്യാർത്ഥി യൂണിയൻ എന്ന ആവശ്യത്തിൽ മാത്രം ഒതുങ്ങിനിന്നാൽ പ്രതികാരനടപടികൾ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ അതിനുപിന്നിലുണ്ടായിരുന്നു. എന്നാൽ, സമരം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഭരണകൂടത്തിന്റെ നടപടികൾ ഈ കണക്കുകൂട്ടലിനെ തകർത്തു.
ഇവിടെ അരാഷ്ട്രീയതയെക്കുറിച്ചുള്ള ചർച്ച കൂടുതൽ സൂക്ഷ്മമായി സമീപിക്കേണ്ടതുണ്ട്. വിദ്യാർത്ഥി യൂണിയൻ എന്ന പൊതുവായ ആവശ്യത്തിൽ വിവിധ രാഷ്ട്രീയ പശ്ചാത്തലങ്ങളിലുള്ളവരെ ഒരുമിപ്പിക്കാനുള്ള ശ്രമം സ്വാഭാവികമായും പ്രധാനമാണ്. ഒരു സമരത്തിന്റെ ആവശ്യങ്ങൾ പരിമിതമായി നിർവചിക്കുന്നത് അതിന്റെ പങ്കാളിത്തം വിപുലീകരിക്കാനും പൊതുവായൊരു അടിത്തറ സൃഷ്ടിക്കാനും സഹായിച്ചേക്കാം. എന്നാൽ, ഭരണകൂടത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യാതെ തന്നെ ജനാധിപത്യാവകാശങ്ങൾ നേടിയെടുക്കാമെന്ന ധാരണയുമായി അതിനെ കൂട്ടിക്കുഴയ്ക്കരുത്.
ഒക്ടോബർ 17-ലെ അടിച്ചമർത്തൽ ഈ വൈരുധ്യത്തെ തുറന്നുകാട്ടി. സമരത്തിന്റെ ആവശ്യങ്ങൾ പരിമിതപ്പെടുത്തിയതുകൊണ്ടുമാത്രം ഭരണകൂടത്തിന്റെ പ്രതികാരനടപടികൾ ഒഴിവാക്കാനായില്ല. അതേസമയം, തുടർന്നുള്ള ഘട്ടങ്ങളിൽ രാഷ്ട്രീയ സംഘടനകളുടെ ഇടപെടലും വിദ്യാർത്ഥികളുടെ കൂട്ടായ പ്രവർത്തനവും സമരത്തിന് കൂടുതൽ വ്യക്തമായ ദിശാബോധം നൽകി. ഇതിൽനിന്ന് അരാഷ്ട്രീയമായ കൂട്ടായ്മകൾക്ക് ഒരിക്കലും നിലനിൽക്കാനാവില്ലെന്ന നിഗമനത്തിലെത്തേണ്ടതില്ല. മറിച്ച്, ഒരു പൊതുവായ ആവശ്യത്തിനുവേണ്ടി രൂപപ്പെടുന്ന ഐക്യത്തിന് അതിനെ നിലനിർത്താനുള്ള രാഷ്ട്രീയ ധാരണകളും ജനാധിപത്യപരമായ സംഘടനാരൂപങ്ങളും ആവശ്യമാണെന്നതാണ് പ്രധാനപ്പെട്ട പാഠം.
അംബേദ്കറുടെ ജനാധിപത്യസങ്കൽപ്പത്തെക്കുറിച്ചുള്ള സമകാലിക ചർച്ചകൾ ഈ സന്ദർഭത്തിൽ പ്രയോജനകരമാണ്. രാഷ്ട്രീയ സമത്വം സ്ഥാപനപരമായ ഉറപ്പുകളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, അതിന്റെ സാമൂഹികവും പ്രായോഗികവുമായ അർഥം നിരന്തരം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അംബേദ്കറുടെ ചിന്ത നമ്മെ ഓർമിപ്പിക്കുന്നു.
ഈ കാഴ്ചപ്പാടിൽനിന്ന് നോക്കുമ്പോൾ, യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുന്നതുകൊണ്ടുമാത്രം ജാമിയയിലെ ജനാധിപത്യപ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ വിദ്യാർത്ഥികളോട് എത്രത്തോളം ഉത്തരവാദിത്തമുള്ളവരായിരിക്കും? വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾക്കും വിയോജിപ്പുകൾക്കും യൂണിയനിൽ ഇടമുണ്ടാകുമോ? അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യാനുള്ള അവകാശം സാധാരണ വിദ്യാർത്ഥികൾക്ക് ഉറപ്പാക്കാൻ സാധിക്കുമോ? ഭരണകൂടവുമായി ചർച്ച നടത്തുമ്പോൾ വിദ്യാർത്ഥിസമൂഹത്തിന്റെ കൂട്ടായ താൽപര്യങ്ങൾ എങ്ങനെ സംരക്ഷിക്കപ്പെടും? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് യൂണിയന്റെ ജനാധിപത്യസ്വഭാവം നിർണയിക്കുക.
സമരത്തിന്റെ രണ്ടാം ഘട്ടത്തിൽ രൂപപ്പെട്ട സംഘടിത രാഷ്ട്രീയ ഐക്യത്തെ ദീർഘകാലം നിലനിൽക്കുന്ന ഒരു ജനാധിപത്യ സംവിധാനമാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യം ഇവിടെയാണ്. വിവിധ സംഘടനകൾ തങ്ങളുടെ ആശയപരമായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ പൊതുവായ വിഷയങ്ങളിൽ സഹകരിക്കാൻ തയ്യാറാകണം. യൂണിയൻ ഏതെങ്കിലും ഒരു സംഘടനയുടെയോ വ്യക്തിയുടെയോ അധികാരവേദിയായി ചുരുങ്ങാതെ, വിദ്യാർത്ഥിസമൂഹത്തിന്റെ വിശാലമായ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനമായി വളരണം.
‘ദല്ലാൾ’ രാഷ്ട്രീയത്തിനപ്പുറം
ജാമിയയിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഉത്തരേന്ത്യയിലെ പരമ്പരാഗത മുസ്ലിം രാഷ്ട്രീയ നേതൃത്വത്തെ ദീർഘകാലമായി സ്വാധീനിച്ചിട്ടുള്ള പ്രാദേശിക ലോബികളുടെയും വ്യക്തികേന്ദ്രീകൃത അധികാര ഇടനിലക്കാരുടെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനവും പ്രസക്തമാണ്. മേവാത്ത്, പശ്ചിമ ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളുടെ പ്രാദേശിക ബന്ധങ്ങളും സാമൂഹിക ശൃംഖലകളും രാഷ്ട്രീയമായി സജീവമാകുന്നത് സ്വാഭാവികമാണ്. അത്തരം ബന്ധങ്ങൾ സ്വതവേ പ്രശ്നകരവുമല്ല. എന്നാൽ, പ്രാദേശിക താൽപര്യങ്ങൾ വിദ്യാർത്ഥിസമൂഹത്തിന്റെ വിശാലമായ രാഷ്ട്രീയ ആവശ്യങ്ങളെ മറികടക്കുകയും വ്യക്തികൾ ഭരണകൂടത്തിനും വിദ്യാർത്ഥികൾക്കുമിടയിലെ അനിവാര്യ ഇടനിലക്കാരായി മാറുകയും ചെയ്യുന്ന സാഹചര്യം വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്.
ഭരണകൂടവുമായി ബന്ധം സ്ഥാപിക്കാനുള്ള ശേഷി, അധികാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, വ്യക്തിബന്ധങ്ങളിലൂടെ ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള കഴിവ് എന്നിവ രാഷ്ട്രീയ ശക്തിയുടെ ഏക മാനദണ്ഡങ്ങളായി മാറുമ്പോൾ ജനാധിപത്യ പ്രാതിനിധ്യത്തിന്റെ അർഥം ചുരുങ്ങിപ്പോകുന്നു. വിദ്യാർത്ഥികളുടെ കൂട്ടായ ആവശ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കേണ്ട സംഘടനകൾ വ്യക്തികളുടെ സ്വാധീനം വർധിപ്പിക്കാനുള്ള വേദികളായി മാറാനും സാധ്യതയുണ്ട്. ഇത്തരം രാഷ്ട്രീയശീലങ്ങളെ ചോദ്യം ചെയ്യുക എന്നത് ജാമിയയിലെ പുതിയ യൂണിയന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിലൊന്നായിരിക്കണം.
അതേസമയം, സംഘടിത രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനവും അത്രതന്നെ പ്രധാനമാണ്. പ്രത്യയശാസ്ത്രപരമായ അടിത്തറയുള്ള സംഘടനകൾക്ക് സമരങ്ങൾക്ക് ദിശാബോധം നൽകാനും വിദ്യാർത്ഥികളെ സംഘടിപ്പിക്കാനും ഭരണകൂടത്തിന്റെ നീക്കങ്ങളെ വിമർശനാത്മകമായി വിലയിരുത്താനും സാധിക്കും. എന്നാൽ, ഒരു സംഘടനയുടെ സാന്നിധ്യംകൊണ്ടുമാത്രം ജനാധിപത്യം ഉറപ്പാകുന്നില്ല. സംഘടനകൾ സ്വന്തം തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള ഇടം തുറന്നുകൊടുക്കുന്നുണ്ടോ, വിദ്യാർത്ഥികളുടെ അഭിപ്രായവ്യത്യാസങ്ങളെ അംഗീകരിക്കുന്നുണ്ടോ, നേതൃത്വത്തെ ഉത്തരവാദിത്തപ്പെടുത്താൻ അംഗങ്ങൾക്ക് സാധിക്കുന്നുണ്ടോ എന്നതും നിർണായകമാണ്.

അതിനാൽ, ജാമിയയിലെ സമരത്തിന്റെ പാഠം വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തെ സംഘടിത രാഷ്ട്രീയത്തോടെ മാറ്റിസ്ഥാപിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച്, അധികാരത്തെ ചോദ്യം ചെയ്യാനുള്ള ശേഷിയുള്ളതും സ്വന്തം അധികാരത്തെത്തന്നെ വിമർശനാത്മകമായി പരിശോധിക്കാൻ തയ്യാറുള്ളതുമായ ഒരു വിദ്യാർത്ഥി രാഷ്ട്രീയ സംസ്കാരം സൃഷ്ടിക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതുപോലെ, യൂണിയന്റെ അകത്തുള്ള അധികാര കേന്ദ്രീകരണത്തെയും ചോദ്യം ചെയ്യാൻ വിദ്യാർത്ഥികൾക്ക് കഴിയണം.
വ്യത്യസ്ത സംഘടനകൾ സമരകാലത്ത് ഒരുമിച്ചുനിന്നത് ഒരു നേട്ടമായിരുന്നു. എന്നാൽ, ഈ ഐക്യം നിലനിർത്താൻ രാഷ്ട്രീയവ്യത്യാസങ്ങൾ ഇല്ലാതാക്കേണ്ടതില്ല. പൊതുവായ വിഷയങ്ങളിൽ സഹകരിക്കുകയും വിയോജിപ്പുകൾ തുറന്നുപറയാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെയാണ് ഒരു ജനാധിപത്യ കൂട്ടായ്മ ശക്തിപ്പെടുന്നത്. തിരഞ്ഞെടുപ്പിനുശേഷവും ഈ സംസ്കാരം നിലനിർത്താൻ സാധിച്ചാൽ മാത്രമേ സമരകാലത്തെ ഐക്യം ഒരു ദീർഘകാല രാഷ്ട്രീയ പാരമ്പര്യമായി മാറുകയുള്ളൂ.
ഫ്രറ്റേണിറ്റി മൂവ്മെന്റ് ജാമിഅ മില്ലിയ സർവകലാശാല യൂണിറ്റ് പ്രസിഡന്റ് ആണ് ലേഖകൻ








