1978 ൽ പബ്ലിഷ് ചെയ്യപ്പെട്ട എഡ്വേർഡ് സൈദിൻ്റെ ഓറിയന്റലിസം എന്ന പഠനം അക്കാദമിക തലത്തിലെ തന്നെ പുതിയ വഴിത്തിരിവായിരുന്നു. ഹ്യൂമാനിറ്റീസിലും സാമൂഹ്യശാസ്ത്ര വിഭാഗങ്ങളിലും കാര്യമായ മാറ്റങ്ങൾക്ക് അത് തുടക്കം കുറിച്ചു. ഉത്തരഘടനാ സിദ്ധാന്തവും കോളനിവിരുദ്ധ രാഷ്ട്രീയവും അടിസ്ഥാനപ്പെടുത്തി കിഴക്കിനെ കുറിച്ച പടിഞ്ഞാറിന്റെ വായനകളത്രയും നിഷ്പക്ഷമായ പാണ്ഡിത്യഭാവനകളായിരുന്നില്ല മറിച്ച്, സാമ്രാജ്യത്വ അധികാര ഘടനകളിൽ അധിഷ്ഠിതമായ പ്രതിനിധീകരണങ്ങളായിരുന്നുവെന്ന വാസ്തവം സൈദ് പുറത്തുകൊണ്ടുവന്നു. അദ്ദേഹം വാദിച്ചത് പോലെ, അക്കാദമിക്സിലെ “കിഴക്ക്” എന്ന സംവർഗം കേവലം ഭൂമിശാസ്ത്രപരമായിരുന്നില്ല. അതിലുപരി, സ്ഥാപനങ്ങളിലൂടെയും സാഹിത്യങ്ങളിലൂടെയും രാഷ്ട്രീയ വ്യവഹാരങ്ങളിലൂടെയും പാശ്ചാത്യേതര ജനങ്ങളെ നിയന്ത്രിക്കാനും അധീനപ്പെടുത്താനും ഉണ്ടാക്കിത്തീർത്ത ഒരു നിർമ്മിത ചിത്രമായിരുന്നു. ഈയൊരു തിസീസ് ഡിസിപ്ലിനുകളിലുടനീളം പോസ്റ്റ് കൊളോണിയൽ സ്റ്റഡീസിലും സാഹിത്യ വിമർശനങ്ങളിലും കൾച്ചറൽ സ്റ്റഡീസിലുമെല്ലാം അവയെ പുതിയ ദിശകളിലേക്ക് വഴി നടത്തി പ്രതിജ്വലിച്ചു നിന്നിരുന്നു. എന്നിരുന്നാലും, കാമ്പുള്ളതും പൊള്ളയായതുമായ നിരവധി വിമർശനങ്ങൾ പല ചിന്തകളും ഓറിയൻ്റലിസത്തിനെതിരായി മുന്നോട്ടുവച്ചിരുന്നു.
അറിവും കൊളോണിയൽ ഘടനയും തമ്മിലുള്ള അധികാര ബന്ധത്തെ സൈദ് വെളിവാക്കിയെങ്കിലും അത്ര യോഗ്യമല്ലാത്ത ഒരു ജനറലൈസേഷൻ സ്വഭാവം അതിനുണ്ടായിരുന്നു. ഓറിയൻ്റലിസം കിഴക്കിനെ മനസ്സിലാക്കിയത് ആധുനികതയോടും ആധുനിക മൂല്യങ്ങളോടും സമന്വയപ്പെടാത്ത ഒരു മാറ്റമില്ലാത്ത സ്വത്വമുള്ള എസ്സെൻഷ്യലിസം എന്ന രീതിയിലായിരുന്നു. എന്നാൽ, സൈദും ഇത്തരമൊരു എസ്സെൻഷ്യലിസം സ്വഭാവത്തിലൂടെ തന്നെ ആയിരുന്നില്ലേ ഓറിയൻ്റലിസത്തെ കണ്ടിരുന്നത്. അഥവാ, പടിഞ്ഞാറിന്റെ കിഴക്കിനെ കുറിച്ച വായനകളെ മുഴുവനും സാമ്രാജ്യത്വ അധികാരവുമായി ബന്ധപ്പെടുത്തുന്നതിലൂടെ കിഴക്കിനെ പറ്റിയുള്ള ഭൂരിഭാഗം നിഷ്പക്ഷ പാണ്ഡിത്യ സ്വഭാവത്തിലുള്ള പഠനങ്ങളും ഇത്തരമൊരു ജനറലൈസേഷന് വിധേയമാക്കപ്പെടുന്നുണ്ട്. അത്തരം പഠനങ്ങളുടെ സംഭാവനകളും പ്രാധിനിത്യവുമെല്ലാം ഓറിയന്റലിസം എന്ന ലേബലിൽ ഇല്ലായ്മ ചെയ്യപ്പെടുന്നുണ്ട് എന്ന പ്രതിസന്ധിയാണ് സൈദിൻ്റെ ഓറിയൻ്റലിസത്തിൻ്റെ ഏറ്റവും വലിയ പരിമിതി. ഈയൊരു പരിമിതി ജ്ഞാനശാസ്ത്രപരമായ വ്യത്യസ്തതകളെ പരിഗണിക്കുന്നതിൽ ഓറിയൻ്റലിസം പരാജയപ്പെടുന്നതിലേക്കും മുസ്‌ലിംകളുടെയും പാശ്ചാത്യേതരജനങ്ങളുടെയും കർതൃത്വത്തിന് (subjectivity) വളരെ ചെറിയ ഇടം നൽകുന്നതിലേക്കും നയിച്ചു.
മിഷേൽ ഫൂക്കോ, വാഇൽ ബി. ഹല്ലാഖ് തുടങ്ങിയ സുപ്രധാന ചിന്തകരുടെ ചട്ടക്കൂടിൽ നിന്നും ഓറിയൻ്റലിസത്തെ വിമർശിക്കാനാണ് ഈ ആർട്ടിക്കിളിലൂടെ ഞാൻ ശ്രമിക്കുന്നത്. ഓറിയന്റലിസത്തെ പുനഃ പരിശോധിക്കുന്നതിലൂടെ അതിൻറെ പ്രാധിനിത്യത്തെ കുറച്ചു കാണിക്കാനല്ല പകരം, അത് തുടങ്ങിവച്ച അക്കാദമിക് ഡിബേറ്റിനെ വിമർശനാത്മകമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമാണ് ഇത്. ഫൂക്കോയുടെ വിമർശനത്തെയും ഇസ്ലാമിക ചിന്തയെയും ദേശരാഷ്ട്ര വിശകലനത്തെയും ചേർത്തു വായിക്കുന്നതിലൂടെ വളരെ സങ്കീർണവും മൾട്ടി-സെൻ്ററിക്കുമായ ഓറിയൻ്റലിസ്റ്റ് അധികാരത്തെ മനസ്സിലാക്കാനുള്ള നിഷ്പക്ഷമായ ചട്ടക്കൂട് നിർമിക്കാനുള്ള ശ്രമം കൂടിയാണ് ഇത്.
അധികാരം, വിജ്ഞാനം, വിഷയിയുടെ അഭാവം
എഡ്വേർഡ് സൈദ് പൂർണ്ണമായും തൻറെ പഠനത്തെ ഫൂക്കോയുടെ വംശാവലി (Genealogy) വ്യവഹാരം (Discourse) കർതൃത്ത്വം (Subjectivity) തുടങ്ങിയ തിയറികളിലാണ് അവലംബിക്കുന്നതെങ്കിലും പല ചിന്തകളും ചൂണ്ടിക്കാണിച്ചത് പോലെ ഫൂക്കോവിയൻ ചിന്തയുടെ മേലുള്ള അദ്ദേഹത്തിൻറെ അവലംബം ഭാഗികവും സൈദ്ധാന്തികമായി അപൂർണ്ണവുമായിരുന്നു.
മിഷേൽ ഫൂക്കോയുടെ മാസ്റ്റർ പീസ് കൃതികളായ Discipline and the punish, The Archeology of knowledge എന്നിവയിലുള്ള ജീനിയോളജി എന്ന രീതിശാസ്ത്രം, ആശയങ്ങളുടെയും സ്ഥാപനങ്ങളുടെയും സുസ്ഥിരമില്ലാത്ത യാദൃശ്ചികമായ അധികാരവുമായി കൂടിക്കുഴഞ്ഞ ചരിത്രത്തെയാണ് അന്വേഷിക്കുന്നത്. അഥവാ, വംശാവലി എന്നത് ആശയങ്ങളുടെയും സ്ഥാപനങ്ങളുടെയും കർതൃത്വങ്ങളുടെയും കണ്ടിൻജൻ്റായ ഡിസ്പേഴ്സഡായ വൈരുദ്ധ്യാത്മക ആവിർഭാവത്തെ പരതുന്ന ഒരു വിമർശനാത്മക അന്വേഷണമാണ്. പരമ്പരാഗത ചരിത്ര പഠന രീതികളിൽ നിന്നും വിഭിന്നമായി ഫൂക്കോയുടെ ജീനിയോളജി, ഉചിതമായ പുരോഗതിയുടെ അടിസ്ഥാനങ്ങളെയല്ല പകരം, പിളർപ്പുകളെയും അരികുവത്ക്കരണങ്ങളെയും അധികാരവുമായി കൂടിക്കുഴഞ്ഞ യാഥാർത്ഥ്യത്തിന്റെ നിർമ്മാണത്തെയുമാണ് അന്വേഷിക്കുന്നത്.
സൈദ് പ്രാഥമികമായും ഫൂക്കോയുടെ ജീനിയോളജി എന്ന ആശയത്തെ അവലംബിക്കുന്നത് ചരിത്രത്തിലുടനീളം അറിവും അതിൻറെ ഉത്പാദനവും നിഷ്കളങ്കമോ നിഷ്പക്ഷമോ ആയിരുന്നില്ല. പകരം, അധികാര സ്ഥാപനങ്ങളോടും ദേശരാഷ്ട്രീയ താൽപര്യങ്ങളോടും കൂടിക്കുഴഞ്ഞതായിരുന്നു എന്ന് സ്ഥാപിക്കാൻ വേണ്ടി ആയിരുന്നു. എന്നാൽ, വ്യത്യസ്തതകൾ സമ്മേളിക്കുന്ന ആഖ്യാനത്തെ രൂപപ്പെടുത്തുന്നതിന് പകരം, ആധിപത്യത്തിന്റെയും അധീശത്വത്തിൻ്റെയും ആഖ്യാനത്തെയാണ് അദ്ദേഹം നിർമ്മിച്ചെടുത്തത്. ഈജിപ്തിലെ നെപ്പോളിയൻ ബോണോപോർട്ടിൻ്റെ അധിനിവേശം മുതൽ ബ്രിട്ടീഷ് കോളനിവതിക്കരണവും ഫ്രഞ്ച് സ്കോളർഷിപ്പും തുടങ്ങി ഒടുവിലത്തെ പശ്ചിമേഷ്യയിലെ യുഎസ് വിദേശനയങ്ങളെയും ചേർത്തു വായിച്ചു കൊണ്ട് കാലാന്തരങ്ങൾക്കോ ദേശാന്തരങ്ങൾക്കോ മാറ്റമില്ലാത്ത ഒരു എസ്സെൻഷ്യലിസം ആയിട്ടാണ് അദ്ദേഹം അതിനെ അവതരിപ്പിക്കുന്നത്. ഇത്തരമൊരു വായന ഫൂക്കോയുടെ ആശയത്തിന്റെ അടിസ്ഥാനങ്ങളുമായി ഒത്തുപോകുന്നതല്ല. ആരാണ് സംസാരിക്കുന്നത്, എപ്പോഴാണ്, ഏത് സാഹചര്യത്തിലാണ് തുടങ്ങിയ നിരവധി ചോദ്യങ്ങളെ ഫൂക്കോയുടെ ആശയം അഭിമുഖീകരിക്കുമ്പോൾ സൈദിയൻ ആശയത്തിൽ പടിഞ്ഞാറ് ഏക സംസാരവിഷയമായും കിഴക്ക് മാറ്റമില്ലാത്ത പ്രതിനിധീകരണത്തിന്റെ വസ്തുവും ആയിട്ടാണ് നിലകൊള്ളുന്നത്.
ഈ വായനക്ക് ഏറെ പരിമിതികൾ ഉണ്ട്. കാരണം, പത്തൊൻപതാം നൂറ്റാണ്ടിലെ ഓറിയൻ്റലിസ്റ് ഫിലോളജിയും ശീതയുദ്ധ ദേശരാഷ്ട്രീയവും ആധുനിക ഇസ്ലാം ഭീതിയുടെ വ്യവഹാരങ്ങളും തമ്മിൽ നിർണായകമായ പല മാറ്റങ്ങളും ഉണ്ട്. ഉദാഹരണത്തിന്, ബ്രിട്ടീഷ് കൊളോണിയലിസവും ജർമ്മൻ കൊളോണിയലിസവും തമ്മിൽ ഭീമമായ വ്യത്യാസങ്ങളുണ്ട്. ജർമ്മനിയുടേത് ആന്തരികമായ കോളനിവൽക്കരണം ആയിരുന്നു. അതിനാൽ തന്നെ ബ്രിട്ടീഷ് കൊളോണിയൽ വ്യവസ്ഥയിൽ നിന്നും വിഭിന്നമായി ജർമ്മനിയിലെ അറിവിൻ്റെ ഉൽപാദനം സാമ്രാജ്യത്വ അധികാര ഘടനകളുമായി സമരസപ്പെടാനുള്ള സാധ്യതകളും ചുരുക്കമാണ്. ഓറിയൻ്റലിസ്റ്റുകളിൽ കൂടുതലും ജർമ്മൻ ഓറിയന്റലിസ്റ്റുകൾ ആയതിനാൽ തന്നെ അവരുടെ മൂല്യവത്തായ സംഭാവനകൾ ഇത്തരം ഒരു ചട്ടക്കൂടിനകത്ത് ഇല്ലായ്മ ചെയ്യപ്പെടുന്നുണ്ട്. ആൻമേരീ ഷിമ്മലിനെ പോലത്തെ ഓറിയന്റലിസ്റ്റുകളുടെ സൂഫിസത്തിലെ സംഭാവനകൾ തന്നെ വളരെ വലുതാണ്.
വാസ്തവത്തിൽ, സൈദിന്റെ പരപ്പായ വായന വംശാവലി രീതിശാസ്ത്രത്തിന്റെ മുഖ്യധാരാ ഘടനകളിലെ പ്രാദേശിക സാഹചര്യങ്ങളെയും സ്ഥാപനസംബന്ധിയായ പ്രത്യേകതകളെയും ചരിത്രപശ്ചാത്തലത്തിലുള്ള നിർണായക ഇടവേളകളെയും അവഗണിക്കുന്നുണ്ട്.
സൈദിന്റെ ഓറിയൻ്റലിസത്തെ സംബന്ധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വിമർശനം കർതൃത്ത്വവുമായി (Subjectivity) ബന്ധപ്പെട്ടതാണ്. ഇത്തരമൊരു കർതൃത്വത്തിന്റെ അഭാവം വ്യവഹാരങ്ങളിലൂടെ എങ്ങനെയാണ് വിഷയികൾ നിർമ്മിക്കപ്പെടുന്നത്, പ്രത്യേകിച്ചും കിഴക്കിലെ വിഷയികൾ എങ്ങനെയാണ് രൂപപ്പെടുത്തപ്പെടുന്നത് എന്ന ചോദ്യത്തിന് മതിയായ പ്രസക്തി ഗൗനിക്കുന്നില്ല. പടിഞ്ഞാറ് എങ്ങനെയാണ് കിഴക്കിനെ നിർമ്മിക്കുന്നത് എന്നതിന്റെ മേൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തന്നെ, കൊളോണിയൽ പോസ്റ്റ് കൊളോണിയൽ ഭരണകൂടങ്ങൾക്ക് കീഴിൽ നിലനിൽക്കുന്ന കർതൃത്വങ്ങളെ നിഷേധിച്ചുകൊണ്ട് അറിവിൻറെ ഒരു Passive object മാത്രമായി കിഴക്കിനെ സൈദ് മാറ്റി നിർത്തുകയാണ്. ഫൂക്കോയെ സംബന്ധിച്ചിടത്തോളം അധികാരം എന്നത് അടിച്ചമർത്തുന്ന ഒന്ന് എന്നതിനേക്കാൾ ഉത്പാദിപ്പിക്കുന്ന ഒന്നാണ്. അധികാരം ആശയങ്ങളെയോ മുൻധാരണകളെയോ മാത്രമല്ല, പ്രധാനമായും വിഷയികളെയാണ് ഉല്പാദിപ്പിക്കുന്നത്. ഇതാവട്ടെ സമുദായത്തിൽ നിലനിൽക്കുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ജയിലുകൾ, ഹോസ്പിറ്റലുകൾ, മീഡിയ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ചട്ടങ്ങളെയും ആചാരങ്ങളെയും നിർമ്മിക്കുന്നതിലൂടെയാണ് രൂപപ്പെടുത്തുന്നത്. ഉദാഹരണത്തിന്, The History of Sexuality എന്ന ഫൂക്കോയുടെ പഠനത്തിൽ എങ്ങനെയാണ് സ്വയം ഒരു സ്വത്വമായി നിലനിൽക്കാതെ തന്നെ, സാമൂഹിക വ്യവഹാരങ്ങളിലൂടെയും മെഡിക്കൽ വ്യവഹാരങ്ങളിലൂടെയും വ്യക്തികൾ താൻ ഹോമോസെക്ഷ്വലാണ് ഹോമോസെക്ഷ്വൽ അല്ല, അസുഖമുള്ളവനാണ് അസുഖമുള്ളവൻ അല്ല എന്ന് തിരിച്ചറിയുന്നതെന്ന് കാണിക്കുന്നുണ്ട്.

ഫുക്കോയിൽ നിന്നും വിഭിന്നമായി, വ്യവഹാരങ്ങൾക്ക് മറുപടിയായി കിഴക്കിലെ ആളുകൾ എങ്ങനെ വിഷയികൾ ആകുന്നുവെന്നതിനെ സംബന്ധിച്ച് വളരെ ചെറിയ വിശകലനം മാത്രമേ സൈദ് നൽകുന്നുള്ളൂ. കേവലം സ്വയം സംസാരിക്കാത്ത, സംസാരിക്കപ്പെടുന്ന പടിഞ്ഞാറിന്റെ പ്രതിനിധീകരണത്തിന്റെ വസ്തുക്കൾ മാത്രമായിട്ടാണ് കിഴക്ക് പ്രത്യക്ഷപ്പെടുന്നത്.
ഈ പരിമിതി മൂലം കോളനിവത്കൃത ജനങ്ങൾ ഓറിയൻ്റലിസ്റ്റ് വ്യവഹാരങ്ങൾക്കകത്ത് നടത്തിയ ആന്തരികവത്ക്കരണം അടക്കമുള്ള വ്യത്യസ്ത പ്രതികരണങ്ങളെ കാണാൻ കഴിയുന്നില്ല. കിഴക്കിലെ മുഖ്യധാര ചിന്തകരും പടിഞ്ഞാറിനെ നിഷേധിക്കുക മാത്രമായിരുന്നില്ല പടിഞ്ഞാറിന്റെ ഘടകങ്ങളോട് ഉൾച്ചേർന്ന് തങ്ങളുടെ രാഷ്ട്രീയ സാംസ്കാരിക നയങ്ങളെ പുതിയ രീതിയിൽ അവതരിപ്പിച്ചിരുന്നു. പക്ഷേ, പടിഞ്ഞാറ് സബ്ജക്ട് ആയിട്ടും കിഴക്ക് ഒബ്ജക്റ്റ് ആയിട്ടും മാത്രമായി നിലനിൽക്കുന്ന ഒരു ദ്വന്ത സിദ്ധാന്തമാണ് സൈദ് നിർമ്മിച്ചത്.
ചുരുക്കത്തിൽ, ഓറിയന്റലിസവും അതിൻറെ അടിസ്ഥാന തത്വങ്ങളും ഫൂക്കോയുടെ ആശയങ്ങളുമായി ബന്ധപ്പെട്ടതാന്നെങ്കിലും വ്യത്യസ്തമായ രീതികളിലും സ്ഥലങ്ങളിലും ഫൂക്കോവിയൻ ആശയങ്ങളിൽ നിന്നും അത് ഭാഗികമായി വ്യതിചലിക്കുന്നുണ്ട്. ഇത്തരമൊരു പ്രശ്നത്തെ പല ചിന്തകരും വിമർശനാത്മകമായി മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വമാണ് വാഇൽ ബി. ഹല്ലാഖ്. ഫൂക്കോയുടെ വിശകലനത്തിനുമപ്പുറത്തുള്ള സൈദിന്റെ സർവ്വലൗകിക വാദവും സെക്കുലറിസവുമായി ബന്ധപ്പെട്ടുള്ള ഹല്ലാഖിൻ്റെ ഇടപെടലുകളെയുമാണ് ഇനി പരിശോധിക്കുന്നത്.
ഹല്ലാഖും ഓറിയൻ്റലിസത്തിൻ്റെ ജ്ഞാന ശാസ്ത്ര പരിമിതികളും
ഇസ്ലാമിക് സ്റ്റഡീസിൽ പ്രത്യേകിച്ചും ഇസ്ലാമിക ശരീഅത്തിൽ നിരവധി സംഭാവനകൾ ചെയ്തിട്ടുള്ള പലസ്തീനിയൻ – കനേഡിയൻ പണ്ഡിതനാണ് വാഇൽ ബി. ഹല്ലാഖ്.
2018 ൽ പബ്ലിഷ് ചെയ്ത Restating Orientalism എന്ന പഠനത്തിൽ സൈദിൻ്റെ രീതിശാസ്ത്രത്തിലെ ആന്തരിക വൈരുദ്ധ്യങ്ങളെയും വ്യവഹാരത്തിന്റെ സത്താവാദപരമായ പ്രവണതകളെയും സെക്കുലർ ലിബറലിസത്തിലുള്ള ജ്ഞാനശാസ്ത്ര കുടുങ്ങിക്കിടക്കലുകളെയും സംബന്ധിച്ച കാമ്പുള്ള വിമർശനങ്ങൾ ഹല്ലാഖ് രൂപപ്പെടുത്തുന്നുണ്ട്.
ഭാഷ പഠനത്തിലെ പ്രധാനപ്പെട്ട രണ്ട് രീതിശാസ്ത്രങ്ങളാണ് Synchronic method and Diachronic method. ഹല്ലാഖിൻ്റെ പഠനത്തിലെ ഒരു കേന്ദ്ര വിമർശനം, സൈദ് തന്റെ പഠനത്തിൽ അവലംബിച്ചിട്ടുള്ള Diachronic Method നെ സംബന്ധിച്ചുള്ളതാണ്. ഫൂക്കോയുടെ ജീനിയോളജിയെ സംബന്ധിച്ചുള്ള മുകളിലെ ചർച്ചയിൽ പ്രസ്താവിച്ചത് പോലെ, കൊളോണിയൽ കാലഘട്ടം മുതൽ പോസ്റ്റ് കൊളോണിയൽ കാലഘട്ടം വരെയും തുടർന്നുകൊണ്ടിരിക്കുന്ന മാറ്റമില്ലാത്ത ഒരു വ്യവഹാരമായിട്ടുള്ള സൈദിൻ്റെ Diachronic സമീപനത്തെ ഹല്ലാഖ് വിമർശന വിധേയമാക്കുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഒരു Synchronic സമീപനമായിരുന്നു ഉചിതം. മോഡേണിറ്റിയോട് അരികുചേർന്നു നിൽക്കുന്ന ഒന്നാണ് ഓറിയൻ്റലിസം. അത് വ്യത്യസ്തമായ കാലങ്ങൾക്കും ദേശങ്ങൾക്കും അനുസരിച്ച് വ്യത്യസ്തമായാണ് പരിവർത്തിക്കപ്പെട്ടിരുന്നത്.

ഓറിയന്റലിസം എന്നത് സ്വയം തന്നെ ഒരു രോഗമല്ല, മറിച്ച്, മോഡേണിറ്റിക്കകത്തു തന്നെയുള്ള വളരെ ആഴത്തിലുള്ള ക്രമരാഹിത്യത്തിന്റെ ലക്ഷണമാണ്. ഓറിയന്റലിസം എന്നത് മോഡേണിറ്റിക്കകത്തുള്ള രോഗത്തിന്റെ ലക്ഷണമാണ്. ഓറിയന്റലിസം ഒരു രോഗലക്ഷണം ആണെങ്കിൽ യഥാർത്ഥ രോഗം എന്താണ്? ഹല്ലാഖ് യഥാർത്ഥ രോഗത്തെ ഒരു Psycho Epistemic Disorder ആയിട്ടാണ് കാണുന്നത്. അഥവാ, ആധുനിക അറിവും ആധുനിക വിഷയിയും ആധുനിക സ്ഥാപനവും രൂപപ്പെടുത്തുന്നതിൽ വളരെ ആഴത്തിൽ ബാധിക്കപ്പെട്ടിട്ടുള്ള ക്രമരാഹിത്യം. ഇതിനെ Epistemic Sovereignty എന്നാണ് അദ്ദേഹം നിർവചിക്കുന്നത്. അതായത്, എല്ലാ തരത്തിലുള്ള അറിവിനെയും ആകലിനെയും സ്വത്വത്തെയും നിർവചിക്കാനും അറിയാനും നിയന്ത്രിക്കാനും ഉള്ള അവകാശം പാശ്ചാത്യ മോഡേണിറ്റിക്കാണ് നിലകൊള്ളുന്നതെന്ന വിശ്വാസമാണ് ഈ ജ്ഞാനശാസ്ത്ര മേലധികാരം. ധാർമികത ഇല്ലാതെയുള്ള അറിവുത്പാദനത്തിലേക്കും ഉത്തരവാദിത്വമില്ലാത്ത പരമാധികാരത്തിലേക്കും മോചനത്തെക്കാൾ അധീശത്വത്തെ പിന്തുണക്കുന്ന സ്ഥാപനങ്ങളുടെ നിർമ്മാണത്തിലേക്കുമാണ് ഇത് നയിക്കുന്നത്. ഹല്ലാഖിനെ സംബന്ധിച്ചിടത്തോളം ഈ ഒരു ഭീമമായ ക്രമരാഹിത്യത്തിന്റെ രോഗലക്ഷണമാണ് ഓറിയൻ്റലിസം. അഥവാ, അറിവിനെ നിയന്ത്രിക്കാനുള്ള ഉപകരണമായി കാണുന്ന ലോകവീക്ഷണത്തിന്റെ പ്രത്യുൽപാദനമാണ് ഇത്.
അറിവിന്റെയും ഉൽപാദനത്തിന്റെയും തലങ്ങളിൽ നിലനിൽക്കുന്ന മേൽകോയ്മയുടെ പ്രതിസന്ധികളെ പരിഹരിക്കാനായി ജ്ഞാന ശാസ്ത്ര അപകോളനീകരണം (Epistemic Decolonisation) എന്ന ആശയമാണ് ഹല്ലാഖ് മുന്നോട്ടുവെക്കുന്നത്. മോഡേണിറ്റിയും കൊളോണിയൽ വ്യവസ്ഥക്കകത്ത് അത് സ്ഥാപിച്ചിരുന്ന ജ്ഞാനശാസ്ത്ര മേൽകോയ്മയെയും ജ്ഞാനഹത്യയെയും (Epistemicide) അപകോളനിവൽക്കരണത്തിന് വിധേയമാക്കേണ്ടതുണ്ട്. ആധുനിക ജ്ഞാനശാസ്ത്രത്തെ അപനിർമ്മാണം നടത്തിക്കൊണ്ട് ഇസ്ലാമിക ജ്ഞാനശാസ്ത്രത്തെയാണ് ബദലായി ഹല്ലാഖ് മുന്നോട്ടുവെക്കുന്നത്. നിയന്ത്രണത്തിന്റെയും അധീശത്വത്തിൻ്റെയും മേലാണ് ആധുനിക ജ്ഞാനശാസ്ത്രം നിലകൊള്ളുന്നത്. അറിവിനെയും ധാർമികതയെയും വേർതിരിച്ചുകൊണ്ടുള്ള പരമാധികാര വിഷയിയെയാണ് (Sovereign Subject) ആധുനിക ജ്ഞാനശാസ്ത്രം നിർമ്മിക്കുന്നത്. എന്നാൽ, ദൈവത്തിലേക്കുള്ള ധാർമിക ഉത്തരവാദിത്വത്തെ മുൻനിർത്തിക്കൊണ്ട് അറിവിനെയും ധാർമികതയെയും ഏകീകരിക്കുന്നതിലൂടെയുള്ള ധാർമിക വിഷയിയെയാണ് (Moral Subjectivity) ഇസ്ലാമിക ജ്ഞാനശാസ്ത്രം നിർമ്മിച്ചെടുക്കുന്നത്. തൗഹീദ് എന്ന ഏക ശിലാത്മക തത്വത്തിന് കീഴിൽ ബഹുസ്വരമായ സംസ്കാരങ്ങളെയും നാഗരികതകളെയും യാതൊരു മേൽകോയ്മയും ഇല്ലാതെ ചേർത്തുനിർത്തിയതാണ് ഇസ്ലാമിക ജ്ഞാനശാസ്ത്ര ചരിത്രത്തിന്റെ സവിശേഷത.
സമകാലീന സാഹചര്യത്തിൽ നിയമം, രാഷ്ട്രീയം, സാമ്പത്തികത തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ പാശ്ചാത്യജ്ഞാനശാസ്ത്രത്തെ ഇസ്ലാമിനകത്ത് അവതരിപ്പിക്കുന്ന മുസ്ലിം ബുദ്ധിജീവികളെയും പരിഷ്കാരങ്ങളെയും ഹല്ലാഖ് വിമർശിക്കുന്നുണ്ട്. സെക്കുലർ സ്ഥാപനങ്ങളെ ഇസ്ലാമിനകത്ത് അവതരിപ്പിക്കുന്നതിലൂടെ ഇസ്ലാമിക ഭാഷയിൽ കൊളോണിയൽ ജ്ഞാനത്തെ പുനരുത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.
ചുരുക്കത്തിൽ, ഓറിയന്റലിസം എന്നത് ഏകകമായ ഒരു പ്രശ്നമായിരുന്നില്ല. കോളനിവൽക്കരണത്തെയും മുതലാളിത്തത്തെയും സെക്കുലർ ഹ്യൂമനിസത്തെയും ആധുനിക രാഷ്ട്രത്തെയും വംശങ്ങളെയും നിർമ്മിച്ചതും കാലങ്ങളായി ന്യായീകരിക്കുന്നതുമായ പ്രത്യയശാസ്ത്രങ്ങൾ തന്നെയാണ് ഓറിയൻ്റലിസത്തെ നിർമ്മിച്ചതും ന്യായീകരിച്ചതും.
References
- Said, Edward W. Orientalism. New York: Pantheon Books, 1978.
- Foucault, Michel. Discipline and Punish: The Birth of the Prison.
- Foucault, Michel. The Archaeology of Knowledge.
- Hallaq, Wael B. Restating Orientalism: A Critique of Modern Knowledge. New York: Columbia University Press, 2018.
- Mahmood, Saba. Politics of Piety: The Islamic Revival and the Feminist Subject. Princeton: Princeton University Press, 2005.





