Campus Alive

ദെറീദയും ഇബ്നു അറബിയും മെയിസ്റ്ററും

മനുഷ്യൻറെ അസ്തിത്വത്തെ നിർണയിക്കുന്ന ഒരു കേന്ദ്ര ബിന്ദുവാണ് ഭാഷ. മനുഷ്യവർഗ്ഗത്തെ ഇതര ജീവികളിൽ നിന്നും മൗലികമായി വ്യത്യാസപ്പെടുത്തുന്നത് ബുദ്ധിവൈഭവം മാത്രമല്ല, ഭാഷയും സൂചകമായി (Symbolic) ആശയ വിനിമയം നടത്താനുള്ള മനുഷ്യന്റെ പ്രാപ്തിയും കൂടിയാണ്. അതിനാൽ തന്നെ, യാഥാർത്ഥ്യത്തെ സൂചകങ്ങളിലൂടെയും ആശയങ്ങളിലൂടെയും ഭാഷകളിലൂടെയും പ്രതീകാത്മകമായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു സിംബോളിക് ആനിമൽ എന്നാണ് മനുഷ്യൻ വിശേഷിപ്പിക്കപ്പെടുന്നത്. ഭാഷയിലൂടെ മനുഷ്യൻ പ്രപഞ്ചത്തെ അറിയുന്നു, ആശയവിനിമയം നടത്തുന്നു, എന്തിനേറെ അസ്തിത്വത്തിന്റെ വളരെ മൂർത്തമായ വശങ്ങളെ വരെ സംയോജിപ്പിക്കുന്നു. എന്നിരുന്നാലും, അതിവർത്തിത ആത്യന്തികമായ യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്നതിൽ അത് വലിയ പരിമിതികൾ നേരിടുന്നുണ്ട്.

ഭാഷയെക്കുറിച്ചും സൂചകങ്ങളെ കുറിച്ചും സമഗ്രമായി ചർച്ച ചെയ്ത ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ തത്വ ചിന്തകനാണ് ഴാക് ദെറീദ (Jaques Derrida). അപനിർമ്മാണ വാദത്തിലൂടെ (Philosophy of Deconstruction) ഭാഷയുടെ അകത്ത് അർത്ഥം സ്ഥിരമായിട്ട് ഒരിക്കലും നിലനിൽക്കുന്നില്ല. മറിച്ച്, സൂചകങ്ങൾക്കിടയിലെ വ്യത്യസ്തതകളിൽ നിന്നാണ് അർത്ഥം രൂപപ്പെടുന്നത്. ഈ അർത്ഥം വ്യാഖ്യാനങ്ങളുടെ അനന്തമായ ശ്രേണിയുടെ അകത്ത് നിരന്തരമായി മാറ്റിവെക്കപ്പെടുന്നുണ്ട്. അഥവാ, “മരം” എന്ന പദം മരം എന്ന പരിചിത ആശയത്തെ പ്രതിനിധീകരിക്കുന്നത് അത് ചെടിയോ പൂവോ തണ്ടോ ആവാത്തത് കൊണ്ടാണ്.

സൂഫിസവും ഡികൺസ്ട്രക്ഷനും തമ്മിലുള്ള ഘടനാപരമായ സാമ്യതകളെ മുൻനിർത്തിക്കൊണ്ട് (ഓൻടോളജിക്കലായിട്ട് ഭീമമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും) ഇബ്നു അറബിയും ദെറീദയും തമ്മിലുള്ള കംപാരിറ്റീവ് റീഡിങ് ഇയാൻ ആൽമണ്ടിനെ പോലുള്ള ഭാഷാ പണ്ഡിതർ ഇന്നത്തെ അക്കാദമിക തലങ്ങളിൽ നടത്തുന്നുണ്ട്. എന്നാൽ, ഇസ്ലാമിക് സൂഫിസത്തിൽ വരുന്ന ഇബ്നു അറബിയെയല്ല പകരം, ക്രിസ്ത്യൻ മിസ്റ്റിസിസത്തിലെ പുരോഹിതനായ മെയിസ്റ്റർ എസ്കാർട്ടിൻ്റെ (Meister Echart) വർക്കുകളെയാണ് തൻ്റെ അക്കാദമിക് കരിയറിന്റെ ഒരു നിയത ഘട്ടത്തിൽ ദെറീദ പരിശോധിക്കുന്നതും ചർച്ചചെയ്യുന്നതും.

ഭാഷയുടെ പരിധികൾക്ക് പുറത്ത് കടക്കുന്ന പലതിനെയും പ്രതിനിധീകരിക്കുന്നതിൽ ദെറീദ നേരിട്ട അതേ പരിമിതി മത പാരമ്പര്യങ്ങളുടെ അകത്തു വരുന്ന നെഗറ്റീവ് തിയോളജിയുടെ വ്യവഹാരങ്ങൾക്കകത്ത് ചർച്ച ചെയ്യപ്പെട്ടതായിട്ട് ദെറീദ മനസ്സിലാക്കുന്നുണ്ട്. മനുഷ്യ അനുഭവങ്ങൾക്ക് അതിവർത്തിതനായ (Transcendent) ദൈവത്തെ നിർവചിക്കാനുള്ള ഭാഷയുടെയും മനുഷ്യ യുക്തിയുടെയും പരിമിതിയാണ് നെഗറ്റീവ് തിയോളജിയിലേക്ക് വഴി നടത്തുന്നത്. ദൈവം എന്താണ് എന്നതിന് പകരം ദൈവം എന്ത് അല്ല എന്നാണ് ഇവിടെ നിർവചിക്കപ്പെടുന്നത്.

ഡികൺസ്ട്രക്ഷനും ഇബ്നു അറബിയും നേരിട്ട ഒരേ പരിമിതികളിൽ നിന്നും അവക്കിടയിലെ ഘടനാപരമായ സാമ്യതകളെ മുൻനിർത്തിക്കൊണ്ടും വ്യത്യസ്ത പാരമ്പര്യങ്ങളിൽ നിന്നാണെങ്കിൽ കൂടി സത്യത്തിൻ്റെയും യുക്തിയുടെ ഹെർമെന്യൂറ്റിക്സിൻ്റയും സ്വഭാവത്തെ കുറിച്ച് സാമ്യമുള്ള കൺക്ലൂഷനിലേക്ക് ഇബ്നു അറബിയും ദെറീദയും എത്തിച്ചേരുന്നുവെന്ന് പറയാൻ സാധിക്കും.

Meister Echart

ഇവിടെയാണ് പോസ്റ്റ് യുഗത്തിലെ ദെറീദയെയും മിഡീവൽ പിരിയഡിലെ ഇബ്നു അറബിയെയും മെയ്‌സ്റ്ററിനെയും മുൻ നിർത്തിക്കൊണ്ടുള്ള ഒരു കംപാരിറ്റീവ് റീഡിങ് പ്രസക്തമാകുന്നത്. ഇതൊരർത്ഥത്തിൽ, പോസ്റ്റ് സ്ട്രക്ചറലിസവും ക്രിസ്ത്യൻ മിസ്റ്റിസിസവും സൂഫി മെറ്റാ ഫിസിക്സും തമ്മിലുള്ള വായന കൂടിയാണ്.

ദെറീദയും നെഗറ്റീവ് തിയോളജിയും

അർത്ഥത്തെയും വ്യാഖ്യാനത്തെയും കുറിച്ചുള്ള മോഡേണിറ്റിയുടെ അനുമാനങ്ങളെയും ആഖ്യാനങ്ങളെയും ചോദ്യം ചെയ്തുകൊണ്ടുള്ള ലിറ്റററി തിയറിയിലെ വലിയൊരു ബൗദ്ധിക വിപ്ലവം ആയിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കടന്നുവന്ന സോസൂറിന്റെ (Ferdinand de Saussure) ഘടനാ വാദം (Structuralism). എന്നാൽ, കുറച്ച് പതിറ്റാണ്ടുകൾക്കപ്പുറം തന്നെ ഴാക് ദെറീദ, റോളണ്ട് ബർതസ്, ഴാക് ലാകാൻ തുടങ്ങിയ തത്വചിന്തകർ ഘടനാവാദത്തെ ചോദ്യം ചെയ്യുകയും ഉത്തരഘടനാ വാദം (Post structuralism) കടന്നുവരികയും ചെയ്തു. അർത്ഥം സ്ഥിരമായ ഒന്നല്ല, അത് വ്യത്യസ്തതകളിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്നതായിരുന്നു പോസ്റ്റ് സ്ട്രക്ച്ചറലിസത്തിന്റെ മുഖ്യധാരാ സിദ്ധാന്തം.

വാസ്തവത്തിൽ, സ്ട്രക്ചറലിസത്തിന്റെ ഒരു ലക്ചറിൽ അവതരിപ്പിച്ച structure, sign and play in the discourse of the human science എന്ന തിസീസ് അല്പം വഴി മാറിപ്പോയതാണ് പോസ്റ്റ് സ്ട്രക്ചറിലിസത്തിന്റെ ഉത്ഭവത്തിലേക്ക് നയിച്ചത്. ഒരു signifier “stable” signified ലേക്ക് സൂചിപ്പിക്കുന്നുവെന്ന സ്ട്രക്ചറലിസത്തിന്റെ അനുമാനത്തെ അദ്ദേഹം തൻറെ “Differance” (deliberately spelled “a” in the place of “e”) എന്ന കൺസെപ്റ്റിലൂടെ ചോദ്യം ചെയ്യുകയായിരുന്നു. To differ and to defer (with the meaning of ‘to postpone’) എന്നീ രണ്ട് പദങ്ങൾ കൂടിച്ചേർന്നാണ് “Differance” എന്ന സാങ്കേതിക പദം രൂപപ്പെടുന്നത്.

ഒരു പദത്തിൻറെ അർത്ഥം രൂപം കൊള്ളുന്നത് അത് ഇതര പദങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നതിലൂടെ മാത്രമാണ്. കാരണം, ഏതൊരു പദത്തിന്റെയും ആത്യന്തിക അർത്ഥം അനന്തമായി Postpone ചെയ്യപ്പെട്ടതാണ്. അഥവാ, മരം എന്ന പദം, മരം എന്ന യാഥാസ്ഥിതിക ആശയത്തെ സൂചിപ്പിക്കുന്നത് അത് കുട്ടിച്ചെടിയോ പൂവോ തടിയോ ആകാത്തത് കൊണ്ടാണ്. ഈ വ്യത്യസ്തതയിലാണ് മരം എന്ന ആശയം തന്നെ നിലനിൽക്കുന്നത് (Differ: Distinction). ഇനി “മരം” എന്നതിന് ഒരു നിർവചനം നൽകുകയാണെങ്കിൽ തന്നെ എന്താണ് ഇല എന്താണ് തടി എന്താണ് ഫോട്ടോസിന്തസിസ് എന്നിങ്ങനെ മരവുമായി ബന്ധപ്പെട്ട നിരവധി പദങ്ങളെ വിശകലനം ചെയ്യേണ്ടതായി വരുന്നുണ്ട്. ഇതാണ് ഏതൊരു പദത്തിന്റെയും അർത്ഥം അനന്തമായി postpone ചെയ്യപ്പെടുന്നു എന്ന് പറയുന്നതിന്റെ വിവക്ഷ (Defer: postponement).

ഏതൊരു ആശയത്തെയും നിർവചിക്കുന്നതിലെ ഭാഷയുടെ ഈ ഒരു പരിമിതിയാണ് ദൈവത്തെ നിർവചിക്കുന്നിടത്ത് മത വ്യവഹാരങ്ങളിൽ ചർച്ച ചെയ്യപ്പെട്ടതായി ദെറീദ മനസ്സിലാക്കുന്നതും, ഇതിൽ തന്നെയാണ് നെഗറ്റീവ് തിയോളജിയെയും മെയിസ്റ്ററിനെയും ദെറീദ ചർച്ചചെയ്യുന്നതും.

How to avoid speaking: dennials എന്ന വർക്കിലാണ് ദെറീദ നെഗറ്റീവ് തിയോളജിയെയും മെയ്സ്റ്ററിനെയും കൊണ്ടുവരുന്നത്. ഇതിൽ നെഗറ്റീവ് തിയോളജിയിലെ ഏറ്റവും വലിയ പാരഡോക്സിനെ അദ്ദേഹം വിമർശിക്കുന്നുണ്ട്. അഥവാ, നെഗറ്റീവ് തിയോളജി വാദിക്കുന്നത് ദൈവം ഭാഷകൾക്കും നിർവചനങ്ങൾക്കും അപ്പുറത്താണ് എന്നാണ്. പക്ഷേ, ഈയൊരു വാദം തന്നെ ദൈവത്തെക്കുറിച്ച് ഭാഷയിലൂടെ നടത്തുന്ന ഒരു പ്രസ്താവന ആണല്ലോ. ഈയൊരു വൈരുദ്ധ്യാത്മകത ഭാഷയുടെ തന്നെ ആന്തരികമായ ഘടനയിൽ അധിഷ്ഠിതമാണ് എന്നാണ് അദ്ദേഹം വാദിക്കുന്നത്.

Jaques Derrida

ദെറീദയുടെ Differance നെ നെഗറ്റീവ് തിയോളജിയുടെ ഭാഗമായിട്ട് മനസ്സിലാക്കരുതെന്ന് അദ്ദേഹം ഊന്നി പറയുന്നുണ്ട്. കാരണം, നെഗറ്റീവ് തിയോളജിക്കകത്ത് ദൈവത്തിൻറെ എല്ലാ വിശേഷണങ്ങളും നിഷേധിക്കപ്പെടുന്നുവെങ്കിലും ഈയൊരു നിഷേധം ഒരു അനിവാര്യമായ സത്ത ദൈവം ഉൾക്കൊള്ളുന്നു എന്നതിലേക്ക് നയിക്കുന്നുണ്ട്.

സൂഫിസവും ഡീകൺസ്ട്രക്ഷനും

Sufi path to knowledge: Ibn Arabi’s metaphysics of imagination എന്ന തൻറെ ബൃഹത് ഗ്രന്ഥത്തിലൂടെ വില്യം സി. ചിറ്റിക്കാണ് ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തിന് സൂഫിസത്തിലേക്കും ഇബ്നു അറബിയുടെ പാഠ്യങ്ങളിലേക്കുമുള്ള വഴിതുറന്ന് നൽകിയത്. ഇബ്നു അറബിയുടെ കാഴ്ചപ്പാടുകളെ ആധുനിക ലോകവുമായി ബന്ധിപ്പിക്കുന്ന പഠനങ്ങളുടെ കടന്നുവരവിനെ കുറിച്ച് അതിൽ അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അവിടുന്ന് കേവലം ഒന്നര പതിറ്റാണ്ടുകൾക്കിപ്പുറമാണ് Sufism and Deconstruction: A Comparative Study of Derrida and Ibn ‘Arabi എന്ന ഇയാൻ ആൽമണ്ടിന്റെ വർക്ക് പുറത്തിറങ്ങുന്നത്. ടെക്സ്റ്റിനെ അപഗ്രഥിക്കുന്നിടത്ത് ദെറീദയും ദൈവത്തെ നിർവചിക്കുന്നിടത്ത് ഇബ്നു അറബിയും അഭിമുഖീകരിക്കുന്ന പരിമിതികളിലെ ഘടനാപരമായ സാമ്യതകളെ മുൻനിർത്തിയാണ് ഈ പഠനം നില കൊള്ളുന്നത്. ഇത് ഇബ്നു അറബിയെ ഒരു പോസ്റ്റ് മോഡേൺ തിയറിസ്റ്റ് ആക്കുവാനോ അല്ലെങ്കിൽ ദെറീദയെ ഇസ്ലാമികവൽക്കരിക്കുവാനുള്ള ശ്രമമോ അല്ല. പകരം രണ്ട് ബൗദ്ധിക ധാരകൾക്കിടയിലെ ഘടനാപരമായ സാമ്യതകളെ കണ്ടെത്താൻ മാത്രമുള്ള ഒരു ശ്രമമാണ് എന്ന് ഗ്രന്ഥകാരൻ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

ഇബ്നു അറബിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പരമവും ആത്യന്തികവുമായ യാഥാർത്ഥ്യം “അൽ ഹഖ്” എന്നതാണ്. മനുഷ്യ യുക്തിക്ക് ദൈവിക യാഥാർത്ഥ്യത്തെ പൂർണ്ണമായിട്ടും ഗ്രഹിക്കാൻ ആകുന്നില്ല. നിലനിൽക്കുന്ന ഫിലോസഫിക്കൽ തിയോളജിക്കൽ ധാരകളത്രയും ദൈവത്തെക്കുറിച്ച് വളരെ പരിമിതമായ ചിത്രങ്ങളെ മാത്രമാണ് രൂപപ്പെടുത്തുന്നത്. അഥവാ, ദൈവം ഒരേസമയം അതിവർത്തിയും (Immanent) സർവ്വാതിശയിയുമാണ് (Transcendent). എന്നാൽ, Law of non-contradiction ൻ്റെ മേൽ നിലനിൽക്കുന്നതിനാൽ ദൈവം എന്ന ബൃഹത് ആശയത്തെ മനുഷ്യന്  എളുപ്പത്തിൽ ഗ്രഹിക്കാനാവുന്നതല്ല.

ഇങ്ങനെയാണ്, ഇബ്നു അറബി വഹ്ദത്തുൽ വുജൂദിലേക്കും (Unity of Being) തജല്ലിയ്യാത്തിലേക്കുമൊക്കെ (Manifestations) എത്തിച്ചേരുന്നത്. അഥവാ, പരമമായ അസ്ഥിത്വം അല്ലാഹുവിന് മാത്രമുള്ളതാണ് ബാക്കി ഇതര സൃഷ്ടികളിലെ അസ്തിത്വമെല്ലാം അല്ലാഹു നൽകിയതാണ്. അതായത് സൃഷ്ടാവും (Creator) സൃഷ്ടിയും (Creation) രണ്ടും രണ്ടാണ്. ബ്രഹ്മവും ആത്മാവും ഒന്നാണെന്നും പരമമായ സത്യം ഒന്ന് (അദ്വയം) മാത്രമാണെന്ന് വാദിക്കുന്ന ശങ്കരാചാര്യരുടെ അദ്വൈത ദർശനത്തിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമാണ് ഇബ്നു അറബിയുടെ വഹ്ദത്തുൽ വുജൂദ്.

ഇതിനോട് വളരെ സമാനമായ വീക്ഷണമാണ് ദെറീദ ഭാഷയെ കുറിച്ച് നടത്തുന്നത്. അർത്ഥം ഒരിക്കലും ഒരു അന്തിമ ബിന്ദുവിലേക്ക് എത്തിച്ചേരുന്നില്ല ഓരോ പദവും മറ്റൊരു പദത്തിലേക്ക് സൂചന നൽകിക്കൊണ്ട് അനന്തമായ ഒരു ശ്രേണിയിൽ നിലനിൽക്കുക മാത്രമാണ് ചെയ്യുന്നത്. ദെറീദ തന്റെ Differance നെ കുറിച്ച് പറയുന്നത് Differance is neither a word nor a concept എന്നാണ്. അഥവാ, Differance എന്നതിനെ പോലും പൂർണമായും നിർവ്വചിക്കാനാകുന്നില്ല എന്ന്.

ചുരുക്കത്തിൽ, വളരെ ഏകദിശയിലുള്ള ഘടനാത്മകമായ ചുരുക്കം ചില സാമ്യതകളെ മുൻനിർത്തി മാത്രമാണ് ഇത്തരമൊരു കംപാരിറ്റീവ് റീഡിങ് സാധ്യമാവുന്നത്. കാരണം, ഇബ്നു അറബിയെ സംബന്ധിച്ചിടത്തോളം ഡിവൈൻ റിയാലിറ്റിയുടെ അനന്തമായ പ്രകൃതമാണ് നിർവചനത്തിൽ പ്രശ്നവൽകൃതമായി വരുന്നത്. അതേസമയം, ദെറീദയെ സംബന്ധിച്ചിടത്തോളം ഭാഷയുടെ ഉള്ളിൽ തന്നെയാണ് പ്രശ്നം നിലനിൽക്കുന്നത്. ഇവിടം ഇബ്നു അറബി തജല്ലിയ്യാത്തിനെയാണ് (Divine self-disclosure) വെക്കുന്നത്. അഥവാ, ദൈവിക സ്വത്വത്തെ നേരിട്ട് ഗ്രഹിക്കാൻ ആകുന്നില്ലെങ്കിലും ദൈവം സ്വയം നിരവധി രൂപഭേദങ്ങളിൽ വിഭാവനം ചെയ്യപ്പെടുന്നുണ്ട് എന്നത്.

സൂഫിസവും ഡീകൺസ്ട്രക്ഷണിസ്റ്റ് ഹെർമെന്യൂറ്റിക്സും

ഇയാൻ ആൽമണ്ടിന്റെ കംപാരിറ്റീവ് സ്റ്റഡിയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സൂഫിസവും ഡീകൺസ്ട്രക്ഷണിസ്റ്റ് ഹെർമന്യൂറ്റിക്സും തമ്മിലുള്ള ചർച്ച. ഇബ്നു അറബിയും ദെറീദയും വളരെ വിശാലമായി ചർച്ച ചെയ്യുന്ന ടെക്സ്റ്റിൻ്റെ അനന്തതയെയാണ് (Infinity of Text) പ്രധാനമായിട്ടും ആൽമണ്ട് ഇതിൽ മുന്നോട്ട് വെക്കുന്നത്.

ദൈവിക വേദഗ്രന്ഥങ്ങളിലേക്ക് മാത്രമാണ് ഇബ്നു അറബി ഈയൊരു അനന്തതയെ വെക്കുന്നത്. ദെറീദയിൽ നിന്നും വ്യത്യസ്തമായി ഒരു presence based infinity യാണ് വേദഗ്രന്ഥങ്ങൾക്കകത്തു നിലനിൽക്കുന്നത്. ഒരു ഏക സന്ദേശം അല്ലെങ്കിൽ അർത്ഥം എന്നതിനപ്പുറം അനന്തമായ അർത്ഥങ്ങളുടെ ഒരു സംഭരണിയാണ് ഇബ്നു അറബി എന്ന സൂഫിയെ സംബന്ധിച്ചിടത്തോളം ഖുർആൻ എന്ന ദിവ്യഗ്രന്ഥം. ഖുർആനിൽ നിന്നും വളരെ പ്രത്യേകമായ അർത്ഥങ്ങളെയും ആശയങ്ങളെയും ഒരു വ്യക്തി കണ്ടെത്തുമ്പോൾ അത് എത്ര തന്നെ വ്യക്തിപരതയുമായി കൂടിച്ചേർന്നതാണെങ്കിലും ഗ്രന്ഥകാരനായ അല്ലാഹു തീരുമാനിച്ച ഒന്നുതന്നെയാണ് അത്. കാരണം, ഖുർആൻ വായിക്കപ്പെടാൻ സാധ്യതയുള്ള ഓരോ അർത്ഥങ്ങളെയും അല്ലാഹുവിനറിയാം അതുകൊണ്ടുതന്നെ അതിനെ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് അറബിയിലെ Infinity of Text പക്ഷേ, ഇത് ഗ്രന്ഥകാരനായ അല്ലാഹുവിൻറെ സാന്നിധ്യത്തിൽ (Presence) നിന്നും ഉത്ഭവിക്കുന്ന യാഥാർത്ഥ്യമാണ്.

എന്നാൽ, ദെറീദയെ സംബന്ധിച്ചിടത്തോളം Infinity of Text നിലനിൽക്കുന്നത് ഒരു Absence-based Infinity ആയിട്ടാണ്. Author ൻ്റെ മരണത്തെ ആഘോഷിക്കുന്ന ഒരു പോസ്റ്റ് സ്ട്രക്ചറിൽ സെൻസിൽ അർത്ഥത്തിന്റെ മേൽ ഒരിക്കലും ഗ്രന്ഥകാരന് യാതൊരു നിയന്ത്രണമോ ആധിപത്യമോ ഇല്ല. അർത്ഥം ഉൽഭവിക്കപ്പെടുന്നത് വായനക്കാരന്റെ വ്യാഖ്യാനങ്ങളിൽ (Interpretation) നിന്നാണ് അല്ലാതെ ഗ്രന്ഥകാരന്റെ ഉദ്ദേശങ്ങളിൽ (Intention) നിന്നല്ല.

ചുരുക്കത്തിൽ, ദെറീദയിൽ അനന്തത കൈവരുന്നത് ഗ്രന്ഥകാരന്റെ അഭാവത്തിൽ (Absence) സംഭവിക്കുന്ന അർത്ഥത്തിന്റെ നിയന്ത്രണമില്ലായ്മയിൽ നിന്നാണ്. എന്നാൽ, ഇബ്നു അറബിയിൽ ഈ അനന്തത സംഭവിക്കുന്നത് ദൈവിക ഇടപെടലിന്റെ സാന്നിധ്യം (Presence) മൂലമാണ്.

Reference. 

1. Almond, I. (2004). Sufism and deconstruction: A comparative study of Ibn ‘Arabi and Derrida. Routledge.
2. Asad, T. (1993). Genealogies of religion: Discipline and reasons of power in Christianity and Islam. Johns Hopkins University Press.
3. Chittick, W. C. (1989). The Sufi path of knowledge: Ibn al-‘Arabi’s metaphysics of imagination. SUNY Press.
4. Chodkiewicz, M. (1993). An ocean without shore: Ibn ‘Arabi, the Book, and the law. SUNY Press.
5. Derrida, J. (1978). Writing and difference (A. Bass, Trans.). University of Chicago Press.
6. Derrida, J. (1982). Margins of philosophy (A. Bass, Trans.). University of Chicago Press.
7. Derrida, J. (1995). The gift of death (D. Wills, Trans.). University of Chicago Press.
8. Derrida, J. (1997). Of grammatology (G. C. Spivak, Trans.). Johns Hopkins University Press.
9. Derrida, J. (2007). Psyche: Inventions of the other, Volume II (P. Kamuf & E. Rottenberg, Trans.). Stanford University Press.
10. Eckhart, M. (1981). The essential sermons, commentaries, treatises, and defense (E. Colledge & B. McGinn, Trans.). Paulist Press.
11. Izutsu, T. (1984). Sufism and Taoism: A comparative study of key philosophical concepts. University of California Press.
12. Kars, A. (2019). Unsaying God: Negative theology in medieval Islam. Oxford University Press.
13. McGinn, B. (2001). The mystical thought of Meister Eckhart: The man from whom God hid nothing. Crossroad Publishing.
14. Nasr, S. H. (2006). Islamic philosophy from its origin to the present: Philosophy in the land of prophecy. SUNY Press.
15. Sells, M. A. (1994). Mystical languages of unsaying. University of Chicago Press.
16. Turner, D. (1995). The darkness of God: Negativity in Christian mysticism. Cambridge University Press.

നാജിൽ മുഹമ്മദ്