Campus Alive

ദേശീയ വിദ്യാഭ്യാസ നയം, നെറ്റ് , ഫെഡറലിസം

കേന്ദ്ര ക്യാബിനറ്റ് ദേശീയ വിദ്യാഭ്യാസ നയം 2020 അംഗീകരിച്ചതിന് ശേഷം വിദ്യാഭ്യാസ മേഖലയിൽ അതുമായി ബന്ധപ്പെട്ട് നിരവധിയായ തർക്കങ്ങളും വിവാദങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ത്രിഭാഷാ നയം, ഇന്ത്യൻ ജ്ഞാന പാരമ്പര്യം, പിഎം ശ്രീ തുടങ്ങിയ വിഷയങ്ങൾ രാഷ്ട്രീയ വിവാദങ്ങളിൽ ചുറ്റുമ്പോൾ പ്രാഥമിക വിദ്യാഭ്യാസത്തിന്റെയും ബിരുദ വിദ്യാഭ്യാസത്തിന്റെയും ഘടനാമാറ്റം, എം ഫിൽ കോഴ്സ് പിൻവലിക്കൽ, തുടങ്ങിയ പ്രശ്നങ്ങളും വിദ്യാഭ്യാസ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴി വെക്കുന്നുണ്ട്. ഇതിനൊപ്പം കൂട്ടി വായിക്കേണ്ട ഒന്നാണ് മോദി സർക്കാരിന്റെ കാലത്ത് നിരവധിയായ വിഷയങ്ങൾ വിദ്യാഭ്യാസ മേഖലയിൽ പല സമയങ്ങളിലായി സംഭവിച്ചിട്ടുണ്ട് എന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭരണഘടനാ സംവിധാനങ്ങൾ എന്നിവയിൽ സംഘ്പരിവാർ നോമിനികളെ തിരുകിക്കയറ്റാനുള്ള ശ്രമങ്ങൾ മുതൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പിഎം ശ്രീ – ഫണ്ട് തടയൽ വരെയുള്ള പലവിധ പ്രശ്നങ്ങൾ 2014 ൽ ബിജെപി സർക്കാർ അധികാരത്തിലേറുമ്പോൾ  മുതലുള്ള ഈ കാലയളവിൽ ഉണ്ടായി. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായി നിരന്തരമായ പ്രവേശന- യോഗ്യത പരീക്ഷ ക്രമക്കേടുകളെ നമുക്ക് കാണാവുന്നതാണ്.

ദേശീയ വിദ്യാഭ്യാസ നയം : പ്രശ്നങ്ങൾ പ്രതിസന്ധികൾ

ബ്രിട്ടീഷ് രാജിന്റെ കാലം മുതലാണ് ഇന്ത്യയിൽ കേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ കരിക്കുലം സംവിധാനിക്കാനും നിയന്ത്രിക്കാനുമുള്ള ശ്രമങ്ങൾ നടത്തിയത്. സ്വാന്തന്ത്രാനന്തരം സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാനും നിർദ്ദേശങ്ങൾ വെക്കാനും കോത്താരി കമ്മീഷനെ നിയമിക്കുകയും തുടർന്ന് ഇന്ന് നിലവിലുള്ള 10+2+3 ഘടനയിൽ വിദ്യാഭ്യാസ മേഖലയെ ഏകീകരിക്കുകയും ചെയ്തു. പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നാം ദേശീയ വിദ്യാഭ്യാസ നയം, 1968 പുറത്തിറക്കി. അന്ന് തന്നെ തമിഴ്നാട് വിദ്യാഭ്യാസ നയത്തിലെ മൂന്ന് ഭാഷാ നയത്തെ നഖശിഖാന്തം എതിർക്കുകയും സ്വതന്ത്രമായ ദ്വിഭാഷ നയം രൂപീകരിച്ച് പിന്തുടർന്ന് പോരുകയും ചെയ്യുന്നു. ഇതിനിടയിൽ 1976 ലെ 42-ാമത് ഭരണഘടന ഭേദഗതിയിലൂടെ വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിലേക്ക് ചേർത്തു. തുടർന്ന്, വലിയ പ്രഖ്യാപനത്തോടെ 1986ലും ഒരു വിദ്യാഭ്യാസ നയം സർക്കാർ രൂപീകരിക്കുകയുണ്ടായി. അതിന് ശേഷം വലിയ താത്വികവും ഘടനാപരവുമായ മാറ്റങ്ങൾ നിർദ്ദേശിച്ച നയമാണ് 2020 ലേത്.

2019 ൽ ഡോ. കസ്തുരിരംഗൻ തയ്യാറാക്കിയ കരട് വിദ്യാഭ്യാസ നയത്തെ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ ഈ വിദ്യാഭ്യാസനയത്തെ അംഗീകരിക്കുന്നത്. എന്നാൽ ഒരു വിദ്യാഭ്യാസ നയരേഖ എന്നതിനപ്പുറത്ത് സംഘപരിവാറിന്റെ രാഷ്ട്രീയ മാനിഫെസ്റ്റോ ഒളിച്ചുകടത്തലായാണ് ഈ നയത്തെ മനസ്സിലാക്കാൻ സാധിക്കുക. സാംസ്കാരികത, അധികാര കേന്ദ്രീകരണം, ഫെഡറൽ തത്വങ്ങളുടെ ലംഘനം, സ്വകാര്യവത്കരണത്തിനുള്ള പ്രോത്സാഹനം തുടങ്ങി പല രീതികളിൽ ഇത് സംഘ്പരിവാർ ആശയ പ്രതലത്തിന്റെ പ്രതിഫലനമാണ്.

ഇന്ത്യയിൽ വിദ്യാഭ്യാസം ഒരു കൂട്ടർക്ക് അധികാരത്തിന്റെ അടയാളമാണെങ്കിൽ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ജനതക്ക് വിദ്യാഭ്യാസം ജനാധിപത്യവത്കരണത്തിന്റെയും മുന്നേറ്റത്തിന്റെയും ചലനാത്മതയുടെയും അടയാളമാണ്. അംബേദ്‌കർ, ഫൂലെ, അയ്യങ്കാളി തുടങ്ങിയവരുടെ സാമൂഹിക ഇടപെടലിൽ വിദ്യ/അറിവ് എന്നിവ വലിയ പ്രതീകങ്ങളാണ്. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെയും സ്വാതന്ത്രാനന്തര സാമൂഹിക പുനർനിർമാണത്തിൽ വിദ്യാഭ്യാസ മേഖലയായിരിക്കും ഏറ്റവും അധികം ശ്രദ്ധ ലഭിച്ചിട്ടുണ്ടായിരിക്കുക. എന്നാൽ വിദ്യാഭ്യാസത്തെ ഈ നിലക്ക് നോക്കിക്കാണാൻ പുതിയ വിദ്യാഭ്യാസ നയത്തിന് തീരെ സാധിച്ചിട്ടില്ല. പ്രാതിനിധ്യ കമ്മിറ്റിയെ കുറിച്ച് പറഞ്ഞു പോകുമ്പോഴും സംവരണം ഒരു സ്ഥലത്തും പറയാതിരിക്കാൻ പ്രത്യേകമായി NEP ശ്രദ്ധിച്ചിട്ടുണ്ട്.

സാധാരണഗതിയിൽ ഒരു കരിക്കുലം ഫ്രെയിംവർക്കാണ് ഇന്ത്യ പോലുള്ള ഫെഡറൽ സംവിധാനത്തിൽ യൂണിയൻ ഭരണം നിർവഹിക്കുന്നവർ നൽകേണ്ടത്. എന്നാൽ ഒരു ഫ്രെയിംവർക്ക് എന്നതിനും അപ്പുറത്തേക്ക് ഒരു ദേശീയ തലത്തിൽ ടെക്സ്റ്റ് ബുക്കുകൾ തന്നെ കേന്ദ്രം NCERT വഴി നൽകാനാണ് കേന്ദ്ര നയം വ്യക്തമാക്കുന്നത്. ഇത് സംസ്ഥാനങ്ങൾ പല തരത്തിൽ നിലനിർത്തുന്ന വ്യത്യസ്തതകൾ ഉൾകൊള്ളുന്ന പാഠ്യവിഷയങ്ങളിലേക്കുള്ള കടന്ന് കയറ്റമായി പരിവർത്തിക്കപ്പെടും. പ്രത്യേകിച്ച് NCERT ടെക്സ്റ്റിൽ നിന്നും മുഗൾ ചരിത്രം, സെക്കുലറിസം തുടങ്ങിയ ഭാഗങ്ങൾ എടുത്ത് മാറ്റപ്പെട്ട സാഹചര്യം മുന്നിലുള്ളപ്പോൾ.

പുതിയ വിദ്യാഭ്യാസ നയത്തിൽ ഏറ്റവും ഊന്നൽ നൽകിയ ഒരു വിഷയം Indian Knowledge System (IKS) എന്ന പേരിൽ ഉയർത്തിയ പുതിയ ഒരു ചിന്താധാരയാണ്. ഇത് എന്താണെന്ന് രേഖയിൽ വ്യക്തമാക്കുന്നില്ല. എന്നാൽ ഇതുവരെ നടന്ന വ്യത്യസ്ത പരിപാടികൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത് സവർണ വിജ്ഞാന വീക്ഷണത്തിൽ നിലനിൽക്കുന്ന ഒരു പാഠ്യവിഷയം മാത്രമാണ് IKS എന്നാണ്. ഗോത്ര വർഗ/തദ്ദേശീയ അറിവിനെക്കുറിച്ച് പ്രതിപാദിക്കുന്നു എന്നല്ലാതെ യാതൊരുവിധ വ്യക്തതയും അതിലില്ല. മാത്രമല്ല, മറ്റു വിശ്വാസ, സാംസ്കാരിക, പ്രാദേശിക ജ്ഞാന പാരമ്പര്യത്തെ IKS ൽ പരിഗണിച്ചിട്ടേയില്ല. സമാനമായി ഭാഷ പഠനത്തിൽ സംസ്കൃതത്തിന് നൽകിയ പ്രാമുഖ്യം മറ്റു ഭാഷകൾക്ക് നൽകിയിട്ടുമില്ല. ത്രിഭാഷാ നയം ഹിന്ദി ഭാഷ പിൻവാതിൽ വഴി അടിച്ചേൽപ്പിക്കാനുള്ള വഴിയാണെന്നും വിമർശനമുണ്ട്.

ഈ രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് കൊണ്ട് കൂടിയാണ് കേരള സർക്കാരിന്റെ പിഎം ശ്രീ പദ്ധതി ഒപ്പിടലും ( ഇപ്പോഴത്തെ നിസ്സഹായതയും) വിമർശിക്കപ്പെടുന്നത് . പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി നിശ്ചിത എണ്ണം സ്കൂളുകളുടെ കാര്യത്തിൽ NEP പൂർണമായും നടപ്പിലാക്കാൻ കേരള സർക്കാരിനെ ഭീഷണിപ്പെടുത്തുകയാണ് കേന്ദ്രം. സർവ്വ ശിക്ഷാ അഭിയാൻ ഫണ്ട് തടഞ്ഞു വെച്ച് കൊണ്ടാണ് കേന്ദ്രം ഭീഷണി മുഴക്കുന്നത്. മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിന്റെ ഈ നടപടിയെ നിശിതമായി വിമർശിച്ചിട്ടുള്ളതാണ്.

പാളുന്ന പരീക്ഷകൾ

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണ് കേന്ദ്രീകൃത മെഡിക്കൽ പ്രവേശന പരീക്ഷയായ NEET. എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി അതിൽ ഒന്നിലധികം തവണ പേപ്പർ ലീക്ക് അഥവാ ചോർച്ച നടക്കുകയുണ്ടായി. NET പരീക്ഷയിലും സമാനമായി ഇത് സംഭവിക്കുകയുണ്ടായി. CBSE പരീക്ഷ നടത്തിപ്പിലും മൂല്യനിർണയത്തിലും വലിയ പാളിച്ചകൾ സംഭവിച്ചു. കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷയായ CUET യിലും പ്രതിസന്ധികൾ ഉണ്ടായി. പരീക്ഷകളിൽ ക്രമക്കേട് നടക്കുന്നു എന്നത് എവിടെയും സംഭവിക്കുന്നതാണ്. എന്നാൽ പരീക്ഷ നടത്താൻ വേണ്ടി മാത്രം കേന്ദ്ര സർക്കാർ സ്ഥാപിച്ച NTA (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) നടത്തുന്ന പരീക്ഷകളിൽ നിരന്തരം ക്രമക്കേടും വീഴ്ച്ചകളും സംഭവിക്കുന്നത് അത്ര യാദൃശ്ചികമല്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ചോദ്യചിഹ്നമാകുകയാണ് ഒരോ പരീക്ഷ പാളിച്ചയിലും.

മുൻപ് സംസ്ഥാന സർക്കാരുകൾ അവർ തീരുമാനിക്കുന്ന പ്രവേശനരീതികളിലൂടെ നടത്തിയിരുന്ന മെഡിക്കൽ പ്രവേശനത്തെ CBSE സിലബസ് ആസ്പദമാക്കി ഒരൊറ്റ എക്സാം ആക്കി ചുരുക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ NEET ഉൾപ്പെടെയുള്ള എക്സാമുകളിലൂടെ. സംസ്ഥാന ബോർഡ് പരീക്ഷകളിൽ ഉന്നത മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് പോലും മെഡിക്കൽ സീറ്റ് ലഭ്യമല്ലാതാകുന്ന സാഹചര്യം വർധിച്ചു. ഇത് സാധാരണ ഗവണ്മെന്റ് സ്കൂൾ വിദ്യാർത്ഥികളെ വലിയ തോതിൽ പുറകോട്ടടിച്ചു. ഇതോടൊപ്പം കോച്ചിങ് സംസ്കാരവും കൂടി വന്നതോടെ ദരിദ്ര – പിന്നോക്ക – ഗ്രാമീണ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ മെഡിക്കൽ വിദ്യാഭ്യാസം ഒരു കിട്ടാക്കനിയായി. സംസ്ഥാനങ്ങൾ അതാത് പ്രദേശത്തെ സാമൂഹികാവസ്ഥ മുന്നിൽ വെച്ചിട്ടാണ് പ്രവേശന നടപടികൾ സ്വീകരിക്കുന്നത്. ഇതെല്ലാം കേന്ദ്രത്തിന്റെ ഒറ്റ ചട്ടക്കൂട്ടിലേക്ക് ചേർത്തത് വഴി മറ്റൊരു വിവേചനഭീകരത കൂടിയാണ് സർക്കാർ സൃഷ്ടിച്ചത്. ഇതിനെല്ലാം മേലെയാണ് ലക്ഷങ്ങൾ ഇടപാട് നടത്തിയ പേപ്പർ ചോർച്ചയും.

ഗവർണ്ണർ, സർവ്വകലാശാല, വിസി നിയമനങ്ങൾ

ബിജെപി സർക്കാർ 2014 ൽ ഭരണത്തിൽ കയറിയ ഉടനെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വലിയ ഇടപെടലുകളാണ് നടത്തിയത്. പുണെ ഫിലിം ഇന്സ്ടിട്യൂട്ടിൽ ഗജേന്ദ്ര ചൗഹാൻ എന്ന അത്ര വലിയ സംഭാവനകൾ ഒന്നും കലാ മേഖലക്ക് നൽകാത്ത ഒരു സംഘ്പരിവാർ നോമിനിയെ ഡയറക്ടറായി നിയമിച്ചത് വലിയ പ്രതിഷേധങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് കേന്ദ്ര സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ വിസി മുതൽ അധ്യാപക – അനധ്യാപക നിയമനങ്ങളിലും വലിയ സംഘപരിവാർ നിയന്ത്രിത നിയമനങ്ങളാണ് നടന്നത്. കേരളവും തമിഴ്‌നാടും പോലുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചാൻസലർ എന്ന അധികാരം ഉപയോഗിച്ചു കൊണ്ട് സംഘപരിവാർ നോമിനികളെ വിസി പോസ്റ്റുകളിലേക്ക് നിയമിക്കുകയാണ്. സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഗവർണ്ണർ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല, ഗവർണ്ണറെ ചാൻസലർ പദവിയിൽ നിന്നും മാറ്റുന്ന നിയമമാണെങ്കിലോ ഒപ്പിടാതെ തടഞ്ഞു വെച്ചിരിക്കുകയാണ്. ഏറ്റവും അവസാനം കേരളത്തിൽ കാർഷിക സർവ്വകലാശാല വിസിയായി നിയമിച്ചത് സംഘ്പരിവാർ അധ്യാപക സംഘടനാ നേതാവിനെ തന്നെയാണ്. സർക്കാരിന് മറ്റൊരു അഭിപ്രായം ഉണ്ടായിരിക്കെ തന്നെയാണ് ഗവർണ്ണർ സ്വമേധയാ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിന്റെ ജനഹിതത്തെ നോക്കി കൊഞ്ഞനം കുത്തുകയാണ് ഗവർണ്ണറും സംഘ്പരിവാറും.

സാങ്കേതിക സർവകലാശാല നിയമനത്തിൽ അവർ വിട്ടുവീഴ്ച്ച ചെയ്തുവെങ്കിലും ഈ വിഷയത്തെ ഒരു പരിധി വരെ രാഷ്‌ടീയമായി കൈകാര്യം ചെയ്യാൻ ഇടതുപക്ഷം ശ്രമിച്ചിരുന്നു. എന്നാൽ പുതിയ സർക്കാർ ഇതുവരെയും ഈ വിഷയത്തിൽ രാഷ്ട്രീയമായ ഒരു ചെറുത്തുനില്പിന് ശ്രമിച്ചിട്ടില്ല എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. നിയമസഭാ നയപ്രഖ്യാപന പ്രസംഗത്തിൽ അത്തരം യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. അടിസ്ഥാനപരമായി ഇതൊരു ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന തരത്തിൽ രാഷ്ട്രീയമായി ഒരു പ്രശ്നത്തെ ഉയർത്തിക്കൊണ്ടുവരാൻ ഇരുമുന്നണികളും പരാജയപ്പെട്ടു എന്നിടത്താണ് പ്രശ്നം.

വിദ്യാർത്ഥികളെ സംബന്ധിച്ച് ഈ സംഘ്‌വത്കരണം ഒരേസമയം പലവിധ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. പേപ്പർ ലീക്ക് ഉൾപ്പെടെയുള്ള കാര്യക്ഷമത പ്രശ്നങ്ങൾ ഒരുവശത്ത് വലിയ രീതിയിലുള്ള പ്രയാസങ്ങൾ ഉണ്ടാക്കുമ്പോൾ രാഷ്ട്രീയമായി, വിദ്യാർത്ഥികളിൽ ഉണ്ടാകേണ്ട വിമർശന ചിന്ത, യുക്തി എന്നിവക്ക് പകരം പാഠ്യവിഷയങ്ങൾ വലിയ പ്രൊപ്പഗണ്ട പീസുകളായി മാറുന്നുണ്ട്. അതുപോലെ NEET, CBSE എന്നിവ സൃഷ്ടിക്കുന്ന വലിയ അന്തരങ്ങൾ മറ്റൊരു വ്യവസ്ഥാപിത വിവേചനമായി മാറുകയാണ്. ഇതിനെ മറികടക്കാൻ സാധിക്കുന്ന ഒന്നും തന്നെ പുതിയ വിദ്യാഭ്യാസ നയത്തിൽ ഇല്ല. സംവരണം ഒരു വാക്കായി പോലും നയരേഖയിൽ ഇല്ല എന്നതും പശ്ചിമ ബംഗാളിലെ പുതിയ മന്ത്രിസഭ ഒബിസി സംവരണം റദ്ദ് ചെയ്തതും നമ്മൾ ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ മേഖലയിൽ യാതൊരു വിധ ചുവടുവെപ്പും നടത്താനാകാത്ത രീതിയിൽ സംസ്ഥാന സർക്കാരുകളുടെ അധികാരം പല കോലത്തിൽ ഹനിക്കുകയാണ് കേന്ദ്ര ഭരണകൂടം.

അഡ്വ. ഫായിസ് ഹംസ