Campus Alive

കാന്റും മെറ്റാഫിസിക്സും: ഹസൻ സ്പേക്കറെ വായിക്കുമ്പോൾ

ആധുനികതയിലും ആധുനികതയ്ക്ക് മുമ്പും തത്ത്വശാസ്ത്രത്തിൽ രൂഢമൂലമായി ചർച്ചചെയ്യപ്പെട്ട ഒന്നാണ് വിജ്ഞാനശാസ്ത്രം (Epistemology). എങ്ങനെ അറിയുന്നു? അറിവിന്റെ മാനദണ്ഡം? അറിവ് സാധ്യമാക്കുന്നതിന്റെ മാർഗം? തുടങ്ങി ചോദ്യം, സംശയം എന്നീ തത്ത്വശാസ്ത്ര സമീപനങ്ങളിൽ തത്ത്വശാസ്ത്രം വിജ്ഞാനശാസ്ത്രമായി പരിമിതപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്കയും ചർച്ചകളും തത്ത്വശാസ്ത്രത്തിന്റെ ചരിത്രത്തിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്.

ആധുനിക വിജ്ഞാനശാസ്ത്രത്തിന് മുമ്പ് മനുഷ്യ വ്യവഹാരം എന്ന നിലയിൽ വിജ്ഞാനശാസ്ത്രവും അഭൗതികതയും (Metaphysics) തമ്മിൽ ധാരയായിരുന്നുവെങ്കിലും പ്രൊട്ടസ്റ്റന്റ് റിഫോർമേഷന് ശേഷം മതങ്ങൾ തമ്മിലുള്ള സഹിഷ്ണുതയെയും കേന്ദ്രീകൃത കർതൃത്വത്തിലുള്ള വിജ്ഞാനശാസ്ത്രത്തെയും സാരമായി ബാധിക്കുകയും അതുവരെയുള്ള അടിസ്ഥാനപരതയെ തന്നെ വ്യതിചലിപ്പിക്കുകയും ചെയ്തു എന്നത് ചരിത്ര വസ്തുതയാണ്.

ലോകക്രമത്തിൽ പിന്നീട് ആവിർഭവിച്ച വാസ്തുവത്കരണത്തിലും നവ-മുതലാളിത്വ തത്ത്വങ്ങളിലും വരെ ഈ വ്യതിചലനത്തിന്റെ ആവിർഭാവം പ്രകടമായി കാണാമായിരുന്നു. വിജ്ഞാനശാസ്ത്രപരമായി കാന്റിനെ (Immanuel Kant) വായിക്കുന്നതിന്റെയും വായിക്കപ്പെടേണ്ടതിന്റെയും പ്രസക്തി ഉടലെടുക്കുന്നത് ഇവിടെയാണ്. കാന്റിന് മുമ്പും ശേഷവും എന്ന ധ്വന്ദ സമീപനത്തിലേക്ക് വരെ ലോക തത്ത്വശാസ്ത്രം പ്രവേശിക്കുന്നത് ഇത്തരത്തിലുള്ള വിജ്ഞാനശാസ്ത്രപരമായ സംവാദങ്ങൾക്കും സംവിധാനങ്ങൾക്കും ഒടുവിലാണ്.

പ്രാചീന മധ്യ കാലങ്ങളിൽ തത്ത്വശാസ്ത്രവും വിജ്ഞാനശാസ്ത്രവും അഭൗതികതയിലും ദൈവികതയിലും ചികഞ്ഞു നിന്നെങ്കിലും ഡേവിഡ് ഹ്യൂമിന്റെ (David Hume) തത്ത്വങ്ങൾ ലോക വിജ്ഞാനശാസ്ത്രത്തിന് താഡനയായി മാറി. സംവേദനധാര (Relation of Ideas) മുതൽ മാനുഷ്യ ഹാബിറ്റിലേക്ക് എത്തുന്ന ഹ്യൂമിന്റെ സിദ്ധാന്തങ്ങൾ ദൈവശാസ്ത്രത്തിലും മതകീയതിലും തനതായ പ്രവണതകളെ വ്രണപ്പെടുത്തി. ഹ്യൂമിന്റെ A Treatise of Human Nature തുടങ്ങിയ കൃതികൾ അനുശാസിച്ചു പോന്നിരുന്ന പ്രത്യയശാസ്ത്രങ്ങളെ പെട്ടിയിലൊതുക്കി.

വസ്തുക്കളുടെ ചലനം ഹേതുവിനെ തേടുന്നില്ലെന്നും അവ മനഃശാസ്ത്രപരമായി തേടുന്ന ഒന്നാണ് എന്നും വിശേഷിപ്പിച്ച ഹ്യൂമിനോട് ആധികാരിക നിദ്രയിൽ നിന്നും (Dogmatic Slumber ) ഉദ്ബോധനം കൈവരിക്കണമെന്നാണ് കാന്റ് പറയുന്നത്. കാന്റിന്റെ വ്യാഖ്യാന ശാസ്ത്രങ്ങൾ ധാരയിൽ കാര്യമായ തിരുത്തലുകളുണ്ടാക്കിയെന്നോ ധാരാപരമായി മധ്യകാലവും പ്രാചീനതയും തമ്മിലുള്ള ആശയ സംവേദനങ്ങളുമായി പൊരുത്തപ്പെട്ടുവെന്നോ പ്രതിഷ്ഠിക്കുന്നതായി കാണാൻ സാധിക്കുന്നില്ലെങ്കിലും അവ തത്ത്വശാസ്ത്രത്തിന്റെ അടിത്തറ മാറ്റിയെടുത്തു എന്നത് തർക്ക രഹിതമാണ്.

അനിശ്ചിതത്വവും ആധുനികതയും അന്തർലീനമായി സമ്മിശ്രപ്പെടുകയും അവ വിശ്വാസ പ്രത്യയശാസ്ത്രങ്ങളോട് സംവദിക്കുകയും ചെയ്തതോടെ അവതീർണ്ണതയിൽ (Revealation) നിന്നും അജ്ഞതയിലേക്കുള്ള പ്രയാണങ്ങളുടെ പ്രവണത അതീന്ദ്രീയമായി വർധിച്ചു. അറിവും തത്ത്വശാസ്ത്രവും ആശയവിനിമയങ്ങളാകുകയും, സാമ്പത്തിക ബ്യുറോക്രാറ്റിക് സങ്കേതങ്ങൾ അധിനിവേശപ്പെടുത്തുകയും ചെയ്ത ജീവിത ലോകത്തിന്റെ കോളനിവത്കരണമെന്ന (Colonization of life world) തത്ത്വചിന്താ പ്രതലത്തിൽ നിന്നാണ് ഹസൻ സ്പേക്കറിന്റെ The metacritique of kant and the possibility of metaphysics എന്ന കൃതിയെ കാന്റിന്റെ പ്രതലത്തിൽ നിന്നും വായിക്കേണ്ടതിന്റെ അനിവാര്യത ആധുനികതയ്ക്ക് മുന്നിൽ തുറക്കപ്പെടുന്നത്.

അഭൗതികതയെയും സത്താമീമാംസാപരതയെയും (Ontology) വാദി-പ്രതീകാത്മക (Dilectical phraseology) ധാരയിലൂടെ സംവദിക്കുന്ന കാന്റിന്റെ ചോദ്യം, എങ്ങനെയാണ് സ്വന്തം അറിവിനെ അറിവാക്കുന്ന വഴിയുടെ നിശ്ചയതത്വത്തെ മനസ്സിലാകുക? (How Do We Know My Way Of Checking Knowledge Validity). വാദഗതിയിൽ തന്നെ പ്രത്യയശാസ്ത്രം നഷ്ടപെടുന്ന സമീപനം മനസ്സിലാക്കുന്ന സ്പേക്കർ എങ്ങനെ കാന്റിന്റെ വാദത്തിന്റെ സാധുത അംഗീകരിക്കുമെന്ന ചോദ്യത്തിലൂടെ വിമർശിച്ച ഉടൻ തന്നെ പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലെ വിജ്ഞാനശാസ്ത്ര പരിണാമത്തെ വിശദീകരിക്കുന്നതായി കാണാം. അറിവിന്റെ ഏകീകരണത്തെ എങ്ങനെ നവോത്ഥാനങ്ങൾ തകർത്തുവെന്നും ഫ്രാൻസിസ്‌കോ സുവാരസും തോമസ് ഗട്ടേക്കറും തുടങ്ങിയവർ എങ്ങനെ വിജ്ഞാനശാസ്ത്രത്തെ വക്രീകരിച്ചു എന്നതും സ്പേക്കർ നിരീക്ഷിക്കുന്നുണ്ട്. റിയാലിറ്റിയിൽ നിന്നും സ്വകർതൃത്ത്വതിലേക്കുള്ള നീഷെയുടെ പരിവർത്തനം, ഏകീകരണം എന്നതിലുപരി ആശയപരവും പ്രത്യയശാസ്ത്രപരവുമായി നിന്നിരുന്ന പല ഇസങ്ങൾക്കും വിശ്വാസങ്ങൾക്കും വിള്ളൽ വരുത്തുകയും ചെയ്തു.

തത്ത്വശാസ്ത്രത്തിലെ കോപ്പർ-നിക്കസ് വിപ്ലവം കൊണ്ടുവന്ന കാന്റിന് മുമ്പ് തന്നെ ഹ്യൂമിന്റെ തത്ത്വ-പ്രത്യയശാസ്ത്രങ്ങൾ മെറ്റാഫിസിക്സിനെയും സത്താപരതയെയും ആഴത്തിൽ സ്വാധീനിക്കുകയും ദൈവം എന്ന കേന്ദീകരണത്തിൽ നിന്നും വിശ്വാസമേ ഇല്ല എന്ന തരത്തിലേക്കെത്തിക്കുകയും ചെയ്തു. അതോടെ അറിവിലും അഭൗതികതയിലും നിന്ന് ദൈവം തഴയപ്പെടുകയും ഇത്തരത്തിലുള്ള വാദ സംവേദനങ്ങൾ മനുഷ്യ ചിന്താഗതിയെ സാരമായി ബാധിക്കുകയും ചെയ്തു. “A” എന്നത് “B” യുടെ ഉണ്മക്ക് കാരണമാകുന്നു എന്ന് പറയാൻ സാധിക്കില്ലെന്നും നമുക്ക് കാരണത്തെ കാണാൻ സാധിക്കില്ല എന്നും അവ സംഭവിക്കുന്നത് മാനസിക ഹാബിറ്റിന്റെ മേലിലാണ് എന്നും ഹ്യൂം സമർത്ഥിക്കുന്നതായി കാണാം. അവസാനം ഇത് മനഃശാസ്ത്ര പരിചരണം എന്നതിലേക്ക് (Psychological Treatment) അവസാനിപ്പിക്കുകയുംചെയ്യുന്നതാണ് ഹ്യൂമിയൻ സംക്ഷിപ്തം. ചുരുക്കത്തിൽ മാനസിക ഘടനയാണ് വസ്തുതയെ നിർവചിക്കുന്നത് എന്നതാണ് ഇതിന്റെ ഇതിവൃത്തം.

അഭൗതികതയുടെ കേന്ദ്രീകരണത്തിൽ നിന്നും തങ്ങൾക്കതീതമായതിലേക്ക് ചുരുക്കിക്കെട്ടുന്ന സമീപനം (Epistemic Reduction) ആധുനികതയിൽ സ്ഥിരപ്പെടാനുള്ള ഒരു കാരണം കൂടിയാണ്, മധ്യകാലത്തെ ഇത്തരം സംവാദങ്ങൾ നല്കിയത് എന്നാണ് സ്പേക്കർ നിരീക്ഷിക്കുന്നത്. ഇതിനുള്ള മാറ്റത്തിനാണ് കാന്റ് ചുവടുവെക്കുന്നതെങ്കിലും അവ വസ്തുതയെ ഒരു തരത്തിലുള്ള ഏക സ്വത്വത്തിലേക്ക് എത്തിക്കുകയും ചെയ്തു. കൂടാതെ ദൈവത്തെ കേവലം ധാർമികതയുടെ ഹേതുവായി ചിത്രീകരിക്കുകയും ചെയ്തതോടെ ഹേതുവിനെയും യുക്തിയെയും കണ്ടെത്താനുള്ള മനുഷ്യരാശിയുടെ സമീപനം വർധിച്ചതായും സ്പേക്കറിൽ നിന്നും ഗ്രഹിക്കാൻ സാധിക്കും.

കേവലം അറിവിന്റെ കേന്ദ്രീകൃതത്തെയും അവയുടെ സാധുതയെയും ചോദ്യം ചെയ്യുന്നതിന് പകരം റിയാലിറ്റിയിലും കാന്റിന്റെ വാദി പ്രതീകാത്മക സിദ്ധാന്തം പ്രകടമാകുന്നതായി കാണാമെന്ന് സ്പേക്കർ വ്യക്തമാക്കുന്നുണ്ട്. ദെക്കാർത്തെയുടെ വ്യക്തികേന്ദ്രീകൃത അഭൗതികത പോലെ തന്നെ (Solipsisitc Metaphysics) കാന്റിന്റെ എപിസ്‌റ്റമോളജിയിലും വാദങ്ങളിലും പലതരത്തിലുള്ള പരസ്പര വിരുദ്ധത കാണാൻ സാധിക്കുമെന്ന് സ്പേക്കർ വ്യക്തമാക്കുന്നു. വാദഗതികൾക്ക് പുറമെ കാന്റ് മെറ്റാഫിസിക്സിനെ ഡോഗ്മയായി ചിത്രീകരിക്കുകയാണെന്നും; യാഥാർഥ്യം, അനുഭവം തുടങ്ങി കാന്റിന്റെ വാദഗതികളിലെ പ്രത്യയശാസ്ത്രങ്ങളോട് പോലും ഇവ നീതി പുലർത്തുന്നില്ല എന്നും ഹസൻ സ്പേക്കർ നിരീക്ഷിക്കുന്നതായി കാണാം. തത്ത്വശാസ്ത്രത്തിലെ പ്രധാന ഘട്ടത്തെ റിഫോർമേഷൻ ചെയ്യാനായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള സമീപനം എങ്ങനെ വന്നു എന്നതിൽ പണ്ഡിതർക്കിടയിൽ ഭിന്നതയുണ്ട്.

ഹേതു ചോദ്യത്തിന് പുറമെ മന-കേന്ദ്രീകൃത പ്രത്യയശാസ്ത്രങ്ങൾ എങ്ങനെ വിപരീത നിവേദനത്തിൽ ഒരുമിക്കുന്നെതെന്നും, എങ്ങനെയാണ് സിന്തറ്റിക് പോസ്റ്റീരിയോരി ന്യായികരണങ്ങൾക്ക് സാധുതയേറുന്നതെന്നും കാന്റ് ചോദിക്കുന്നുണ്ടെങ്കിലും ഒരു വസ്തുവിനെ വസ്തുവാക്കുന്നുണ്ട് എന്ന കാന്റിന്റെ സമ്മതഭാവത്തെ, അത് റിയാലിറ്റിയിലേക് എങ്ങനെ എത്തുന്നു എന്നതിന് ഉത്തരമില്ല എന്നതിലൂടെ സ്പേകർ കൗണ്ടർ ചെയ്യുകയും പുറമെ നമുക്ക് പിന്നിൽ അഭൗതികത സ്വാധീനിക്കുന്നുണ്ട് എന്ന കാന്റിന്റെ തന്നെ വാദം കൊണ്ട് സ്പേക്കർ കാന്റിനെ നേരിടുകയും ചെയ്യുന്നു. കൂടാതെ അനുഭവം എന്ന കാര്യ കാരണത്തിലൂടെ സഞ്ചരിക്കുന്ന കാന്റ് ദൈവികതയെ അഭിമുകീകരിക്കുന്നില്ല എന്നും സ്പേക്കർ നിരീക്ഷിക്കുന്നതായി കാണാം. കേന്ദ്രീകൃത ഭാവത്തെ (single higher reality) എവിടെ പ്രതിഷ്ഠിക്കണമെന്ന് കാന്റ് മറന്നുവെന്നും സ്പേക്കർ കൂട്ടിച്ചേർക്കുന്നു. കൂടാതെ, ചരിത്രപരമായ നിരീക്ഷണ ധാരയിൽ 1772 ൽ കാന്റ്, മർക്കസ് ഹെർസ്ന് എഴുതിയ കത്തിൽ ആശയങ്ങൾ എങ്ങനെ വസ്തുവിന് ഹേതുവാകുന്നുവെന്നും ഇനി വസ്തുവാണോ ആശയങ്ങൾക്ക് ഹേതുവാകുന്നതെന്നും ചോദിക്കുക വഴി, വസ്തു വസ്തുതയുമായി എങ്ങനെയാണ് സംവദിക്കുക എന്ന ചോദ്യത്തിൽ നിന്നും കാന്റ് മുക്തനായില്ല എന്നും അവയാണ് അഭൗതികതയുടെ നിരാസത്തിലേക് കാന്റിനെ നയിച്ചതെന്നും സ്‌പേക്കർ നിരീക്ഷിക്കുന്നു.

ചുരുക്കത്തിൽ ദൈവികതയിൽ ചികഞ്ഞെടുത്ത അഭൗതികതയുടെ തിരിനാളങ്ങൾ തിരിച്ചെടുക്കുക എന്നതിന് പുറമെ അവ നവ ആധുനികതയിൽ സ്വകർതൃത്വത്തിലേക്ക് നയിക്കുന്നതായും കാണാം. അഭൗതികത വസ്തുതയെ നിർവചിക്കുമ്പോൾ പ്രതിപാദിക്കപ്പെട്ട മതം അവയെ ഒരു കേന്ദ്രീകൃത വൃത്തത്തിൽ എത്തിക്കുന്നു എന്നതാണ് വാസ്തവം. മറുതരത്തിൽ സ്പേക്കറിന്റെ The Metacritique of kant and the possibility of metaphysics ഇസ്ലാമിക എപിസ്‌റ്റമോളജിയുടെ ആധികാരകത കൂടിയാണ് തുറന്നുകാട്ടുന്നത്.

മുഹമ്മദ് തഖിയുദ്ദീൻ എൽ