Campus Alive

മുഹമ്മദ് നബിയും മുസ്‌ലിം ആഖ്യാനങ്ങളും: കേഷ്യാ അലി സംസാരിക്കുന്നു

കേഷ്യാ അലി

പ്രവാചകനെക്കുറിച്ച് വ്യത്യസ്തങ്ങളായ ആഖ്യാനങ്ങള്‍ നിലവിലുണ്ട്. അതിലൂടെ പ്രവാചകനെക്കുറിച്ച് മാത്രമല്ല, പ്രവാചകനെക്കുറിച്ചെഴുതിയവരുടെ സാമൂഹ്യ പശ്ചാത്തലം കൂടി നമുക്ക് ലഭ്യമാകുന്നു. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ കേഷ്യാ അലി രചിച്ച The Lives Of Muhammad എന്ന പുസ്തകം അന്വേഷിക്കുന്നത് പ്രവാചകജീവിതം ആധുനിക രചനകളില്‍ എങ്ങനെയെല്ലാമാണ് ആവിഷ്‌കരിക്കപ്പെട്ടത് എന്നതിനെക്കുറിച്ചാണ്. ജീവചരിത്രകാരന്‍മാരുടെ ചരിത്രപരതയെക്കുറിച്ച ധാരണകള്‍ക്ക് മാറ്റം സംഭവിക്കുന്നതായി അത്തരം രചനകളില്‍ നമുക്ക് കാണാം. പ്രവാചകജീവിതത്തില്‍ സംഭവിച്ച അതിഭൗതികമായ കാര്യങ്ങള്‍ വ്യത്യസ്തമായാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. പ്രവാചകാനുയായികളുടെയും പിന്‍മുറക്കാരുടെയും കുടുംബാംഗങ്ങളുടെയും ചരിത്രവും അതോടൊപ്പം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പ്രവാചകനെക്കുറിച്ച ആഖ്യാനങ്ങള്‍ വ്യത്യസ്തങ്ങളായ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ വ്യത്യസ്തമായാണ് വായിക്കപ്പെട്ടിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഇബ്‌നു ഇസ്ഹാഖ്, ലൈംഗിക നൈതികത, റിവിഷനിസം, പ്രവാചകന്റെ ആദ്യഭാര്യ ഖദീജ, ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങള്‍, ബഹുഭാര്യത്വം, പ്രവാചക ജീവിതത്തെ കേന്ദ്രീകരിച്ച് കൊണ്ട് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മുസ്‌ലിം വിരുദ്ധ വ്യവഹാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് കേഷ്യാ അലിയുടെ പുസ്തകം ചര്‍ച്ച ചെയ്യുന്നത്. Sexual Ethics in Islam, Marriage and Slavery in Early Islam, Imam Shafi’i: Scholar and Saint, The lives of Muhammad തുടങ്ങിയ പുസ്തകങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട്.

വിവ: അസ്മ മന്‍ഹാം

പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ മുമ്പ് നിങ്ങളുടെ അക്കാദമിക ജീവിതത്തെക്കുറിച്ച് ഒന്ന് വിവരിക്കാമോ? ഇസ്‌ലാമിനെക്കുറിച്ച പഠനങ്ങളില്‍ നിങ്ങളെങ്ങനെയാണ് തല്‍പരയാകുന്നത്?

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഒരു മാസത്തോളം എനിക്ക് തുര്‍ക്കിയില്‍ താമസിക്കാന്‍ അവസരം ലഭിച്ചിരുന്നു. അറബിയില്‍ എണ്ണാന്‍ പഠിക്കാന്‍ എനിക്ക് നല്ല താല്‍പര്യമായിരുന്നു. എന്റെ കോളേജ് വിദ്യാഭ്യാസം സ്റ്റാന്‍ഫോര്‍ഡിലായിരുന്നു. അന്നവിടെ ഇസ്‌ലാമിക് ഫാക്കല്‍റ്റിയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ മിഡിലീസ്റ്റ് ഹിസ്റ്ററി ക്ലാസുകളില്‍ പോയിരിക്കാന്‍ തുടങ്ങി. ലാറ്റിനമേരിക്കയെക്കുറിച്ച പഠനങ്ങളിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ബ്രസീലായിരുന്നു എന്റെ ഇഷ്ട വിഷയം. ഞാനവിടെ ജീവിച്ചിട്ടുണ്ട്. ഡിഗ്രി പഠനക്കാലത്തും ലാറ്റിനമേരിക്കന്‍ ചരിത്രത്തില്‍ തന്നെയാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ബ്രസീലിനെക്കുറിച്ചെഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. എന്നാല്‍ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ പോയതിന് ശേഷമാണ് ഇസ്‌ലാമിക പഠനങ്ങളില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വ്യത്യസ്തങ്ങളായ വിഷയങ്ങളെക്കുറിച്ച് നിങ്ങള്‍ ഗ്രന്ഥരചനകള്‍നടത്തിയിട്ടുണ്ട്. പ്രവാചക ജീവിതത്തെക്കുറിച്ച ആഖ്യാനങ്ങളെക്കുറിച്ച് പുസ്തകമെഴുതാന്‍ നിങ്ങള്‍ക്ക് പ്രേരണയായതെന്താണ്? നിങ്ങളുടെ ഗവേഷണ മേഖലയുമായി അതെങ്ങനെയാണ് ബന്ധപ്പെടുന്നത്?

images

ഇസ്‌ലാമിക നിയമം ഞാന്‍ പഠിച്ചിട്ടുണ്ട്. ലിംഗവും ലൈംഗികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും ഞാന്‍ തല്‍പരയാണ്. അതിനാല്‍ തന്നെ പ്രവാചക മാതൃകകളെക്കുറിച്ചും അധ്യാപനങ്ങളെക്കുറിച്ചും പഠിക്കുക എന്നത് സ്വാഭാവികമാണ്. 9, 10 നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക നിയമം, വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നതിനിടയിലാണ് പ്രവാചക സ്വഭാവത്തെക്കുറിച്ചും മേല്‍പ്പറഞ്ഞ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ജീവിതമാതൃകകളെക്കുറിച്ചും ഞാന്‍ വായിക്കാനാരംഭിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് ഞാന്‍ ഒരു പാക്കിസ്ഥാനീ ജേര്‍ണലില്‍ ഒരു ലേഖനം എഴുതിയിരുന്നു. ‘ A Beutiful Example’ എന്നതായിരുന്നു അതിന്റെ തലക്കെട്ട്. ഇസ്‌ലാമിക നിയമ പാരമ്പര്യത്തെ മുന്‍നിര്‍ത്തി വിവാഹത്തെ എങ്ങനെ സമീപിക്കാം എന്നതായിരുന്നു എന്റെ അന്വേഷണം. പ്രവാചകവിവാഹങ്ങളെക്കുറിച്ച ഒരു പുസ്തകം എഴുതണമെന്ന ആഗ്രഹം അന്നേ എനിക്കുണ്ടായിരുന്നു. അതിനിടയിലാണ് ഇമാം ശാഫിയെക്കുറിച്ച ഒരു പുസ്തകം ഞാന്‍ എഴുതാനാരംഭിക്കുന്നത്. ജീവചരിത്രം എന്ന സാഹിത്യരൂപത്തെ മനസ്സിലാക്കാനും വ്യത്യസ്തങ്ങളായ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ അതിന് കൈവരുന്ന സവിശേഷമായ മാറ്റങ്ങളെ മനസ്സിലാക്കാനും ആ ഗ്രന്ഥരചന എന്നെ സഹായിച്ചു. പ്രവാചകനെക്കുറിച്ച വ്യവഹാരങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ജീവചരിത്രം എന്ന സാഹിത്യരൂപം വഹിക്കുന്ന പങ്കിനെക്കുറിച്ച് എനിക്കപ്പോഴാണ് കൃത്യമായ ബോധ്യം വരുന്നത്. ആയിടക്കാണ് ഞാന്‍ താരീഖ് ഖലീദിയുടെ ‘Images of Muhammad’ എന്ന പുസ്തകം വായിക്കുന്നത്. മുസ്‌ലിം ജീവചരിത്ര പാരമ്പര്യത്തെക്കുറിച്ച് വളരെ മനോഹരമായി ആ പുസ്തകം വിവരിക്കുന്നുണ്ട്. താരീഖ് ഖലീദിയുടെ ആ പുസ്തകമാണ് The lives of Muhammad എന്ന എന്റെ പുസ്തകത്തിന്റെ പിറവിയിലേക്ക് നയിച്ചത് എന്ന് വേണമെങ്കില്‍ പറയാം.

മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ച് ഏതെല്ലാം തരത്തിലുള്ള ജ്ഞാനസ്രോതസ്സുകളാണ് നമുക്കുള്ളത്?

juപ്രധാനമായും മൂന്ന് സ്രോതസ്സുകളെയാണ് ജീവചരിത്രകാരന്‍മാര്‍ ആശ്രയിക്കാറുള്ളത്. ഇബ്‌നു ഇസ്ഹാഖിന്റേതാണ് അതിലൊന്നാമത്തേത്. ആദ്യകാലത്തെ മുസ്‌ലിം ജീവചരിത്രകാരന്‍മാര്‍ക്ക് താല്‍പര്യമില്ലാതിരുന്ന പല മേഖലകളിലും അദ്ദേഹം കൈവെച്ചിട്ടുണ്ട്. അല്‍ വാഖിദിയുടെ അല്‍മഗാസി എന്ന ഗ്രന്ഥമാണ് മറ്റൊന്ന്. പ്രവാചകന്റെ മിലിട്ടറി ക്യാംപയിനെക്കുറിച്ചാണ് പ്രധാനമായും അതിലുള്ളത്. എന്നാലത് നാം കരുതുന്ന പോലെ വെറുമൊരു ജീവചരിത്രമല്ല. തബരിയുടെ ഗ്രന്ഥമാണ് പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊന്ന്. പില്‍ക്കാല ചരിത്രകാരന്‍മാരെ ഏറെ സഹായിച്ച റഫറന്‍സ് ഗ്രന്ഥമാണിത്. എങ്ങനെയാണ് മുസ്‌ലിം സമൂഹം സംഘടിക്കപ്പെടേണ്ടത്, ആരാണവരെ നയിക്കേണ്ടത്, എങ്ങനെയാണവര്‍ നയിക്കപ്പെടേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച നിതാന്തമായ ജാഗ്രത അവരുടെ രചനകളില്‍ നിഴലിച്ചിരുന്നു.

ഈ പുസ്തകത്തില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് 19, 20 നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട ജീവചരിത്ര ഗ്രന്ഥങ്ങളിലാണ്. അതിനെക്കുറിച്ചൊന്ന് പറയാമോ?

വില്യം മൂയിറിന്റെ പ്രവാചകനെക്കുറിച്ച ജീവചരിത്രഗ്രന്ഥം പത്തോമ്പതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ്. പ്രവാചകനെക്കുറിച്ച് എഴുതപ്പെട്ടവയില്‍ മികച്ച് നില്‍ക്കുന്ന ചരിത്രരചനയാണത്. പ്രവാചകനെക്കുറിച്ചെഴുതാന്‍ ആശ്രയിക്കപ്പെടുന്ന ജ്ഞാന സ്രോതസ്സുകളുടെ വിശ്വാസ്യതയെക്കുറിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ വില്യം മൂയിറിന്റെ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്. പ്രവാചക ജീവിതത്തെക്കുറിച്ച ആഖ്യാനങ്ങള്‍ വികസിക്കുന്നതില്‍ വേറെയും ഒരുപാട് ഘടകങ്ങള്‍ നിര്‍ണ്ണായകമാണ്. പ്രിന്റ് കള്‍ച്ചറിലുണ്ടായ വളര്‍ച്ച അതില്‍ പ്രധാനമാണ്.

ഒരു സോഷ്യല്‍ ആക്ടര്‍ എന്ന നിലയില്‍ പ്രവാചകനെക്കുറിച്ച് നിലനില്‍ക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് നിങ്ങള്‍ എഴുതുന്നുണ്ട്. എന്ത് കൊണ്ടാണ് ചരിത്രകാരന്‍മാര്‍ പ്രവാചകനെക്കുറിച്ചെഴുതുമ്പോള്‍ ആധുനിക വ്യവഹാരങ്ങള്‍ നിര്‍മ്മിച്ച ഭാഷ ഉപയോഗിക്കുന്നത്? പരമ്പരാഗതമായ വിശകലന സാമഗ്രികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും അവരെ തടയുന്നതെന്താണ്?

പത്തോമ്പതാം നൂറ്റാണ്ടില്‍ മിക്കയാളുകളും ചിന്തിച്ച് കൊണ്ടിരുന്നത് ആണുങ്ങളെക്കുറിച്ചായിരുന്നു. വെല്ലിംഗ്ടണ്‍, നെല്‍സണ്‍, നെപ്പോളിയന്‍ തുടങ്ങിയ സാഹസികരെക്കുറിച്ച ആഖ്യാനങ്ങള്‍ അന്ന് ധാരാളമുണ്ടായിരുന്നു. യൂറോപ്പിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചവരായിരുന്നു അവര്‍. പ്രവാചകനെക്കുറിച്ച് എഴുതുന്നതിലും ചിന്തിക്കുന്നതിലും അന്ന് ബ്രിട്ടീഷ് ജീവചരിത്രകാരന്‍മാര്‍ മുമ്പിലുണ്ടായിരുന്നു. അസാധാരണമായ കാര്യങ്ങള്‍ ജീവിതത്തില്‍ പ്രായോഗികവല്‍ക്കരിച്ച പുരുഷന്‍ എന്ന നിലക്കാണ് അവര്‍ പ്രവാചക ജീവിതത്തെ സമീപിച്ചത്. പിന്നീട് വന്ന മുസ്‌ലിം ചരിത്രകാരന്‍മാരെ ഈ ചരിത്രരചനാരീതി ഏറെ സ്വാധീനിച്ചിട്ടുണ്ട്. സയ്യിദ് അമീറലി നല്ലൊരുദാഹരണമാണ്.

https://www.youtube.com/watch?v=VJ_h1CXdmMM

 

പ്രവാചക പത്‌നി ഖദീജയെക്കുറിച്ച ചരിത്രാഖ്യാനങ്ങളെക്കുറിച്ച് സംസാരിക്കാമോ?

പ്രവാചകനെക്കുറിച്ച ജീവചരിത്രഗ്രന്ഥങ്ങളില്‍ ഖദീജക്ക് കേന്ദ്രസ്ഥാനമാണുള്ളത്. എന്നാല്‍ ആദ്യകാല ആഖ്യാനങ്ങളെ അപേക്ഷിച്ച് ആധുനിക ജീവചരിത്ര ഗ്രന്ഥങ്ങളില്‍ ഖദീജയെക്കുറിച്ച വിവരണങ്ങള്‍ കാണുന്നില്ല. പ്രവാചകന്റെ പില്‍ക്കാല വിവാഹങ്ങളെക്കുറിച്ചാണ് അവ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങള്‍ പ്രവാചകവിമര്‍ശനത്തിന് ഉപയോഗിക്കുന്നത് പ്രധാനമായും ഖദീജയുമായുള്ള വിവാഹബന്ധമാണ്. എന്നാല്‍ 16,17,18,19 നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ഓറിയന്റലിസ്റ്റ് ജീവചരിത്രഗ്രന്ഥങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് പ്രവാചകന്റെ സ്ത്രീകള്‍ക്കെതിരായ അനീതി നിറഞ്ഞ പെരുമാറ്റങ്ങളെക്കുറിച്ച അപസര്‍പ്പക കഥകളാണ്. പ്രവാചകന്റെ വിവാഹങ്ങള്‍ ഇവിടെ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. അധികാരവും പെണ്ണുമായിരുന്നു പ്രവാചകന്റെ ഇഷ്ടവിനോദങ്ങള്‍ എന്നാണ് അത്തരം ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങള്‍ പറയുന്നത്. പില്‍ക്കാലത്ത് രചിക്കപ്പെട്ട മുസ്‌ലിം ജീവ ചരിത്രഗ്രന്ഥങ്ങള്‍ വളരെ അപ്പോളജറ്റിക്കലായാണ് ഇത്തരം ഓറിയന്റലിസ്റ്റ് വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.

ഇനിയും ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. സമയമില്ലാത്തതിനാല്‍ തല്‍ക്കാലം നിര്‍ത്തുന്നു. നിങ്ങളുടെ അടുത്ത പ്രോജക്ട് എന്താണ്?

2006 ലാണ് എന്റെ ആദ്യ പുസ്തകമായ Sexual Ethics In Islam പ്രസിദ്ധീകരിക്കപ്പെടുന്നത്. അടുത്ത വര്‍ഷം അതിന്റെ ഒരു പുതിയ പതിപ്പ് ഇറങ്ങുന്നുണ്ട്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി Women And Muslim Tradition എന്ന ഒരു പുസ്തകവും ഞാനെഴുതുന്നുണ്ട്. Women and world religions എന്ന പഠന പരമ്പരയുടെ ഭാഗമാണത്.

കടപ്പാട്: New Books In Islamic Studies, Interactive.net.in

 

കേഷ്യാ അലി