Campus Alive

വന്ദേമാതരം: അരിച്ചിറങ്ങുന്ന വംശീയ ബോധവും തിരിച്ചറിയാത്ത ‘മതേതര’ ബോധ്യങ്ങളും

കൽക്കത്ത സർവകലാശാലയിൽനിന്ന് ബിരുദമെടുത്ത ശേഷം ബ്രിട്ടീഷ് സർക്കാരിൽ ഡെപ്യൂട്ടി കമീഷണറായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജിയാണ് ഏകദേശം 150 കൊല്ലം മുമ്പ് കൊല്‍ക്കത്ത നഗരത്തിന് അടുത്തുള്ള സ്വന്തം വീട്ടില്‍ വച്ച്, 1875 നവംബര്‍ 7ന് മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും പ്രത്യേകമായി പൂജിക്കുന്ന അക്ഷയ നവമി ദിവസത്തിൽ വന്ദേമാതരം എന്ന ഗാനം രചിക്കുന്നത്. വർഷങ്ങൾക്ക് ശേഷം 1882-ൽ തൻ്റെ തന്നെ ‘ആനന്ദമഠം’ എന്ന നോവൽ പ്രസിദ്ധീകരിച്ചപ്പോൾ അതിലെ ആമുഖഗാനമായി ‘വന്ദേമാതരത്തെ’ ഉൾപ്പെടുത്തുകയും ചെയ്തു. 

കോണ്‍ഗ്രസിൻ്റെ കൊല്‍ക്കത്ത ദേശീയ സമ്മേളനത്തിലാണ് രവീന്ദ്രനാഥ ടാഗോര്‍ ആദ്യമായി വന്ദേമാതരം ആലപിക്കുന്നത്. കോൺഗ്രസ് നേതൃത്വം വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ശ്ലോകങ്ങളെ മാത്രമാണ് ദേശീയഗീതമായി അന്ന് അംഗീകരിച്ചത്. ഹൈന്ദവേതര വിഭാഗങ്ങളുടെ ദൈവസങ്കല്‍പ്പത്തോടും വിശ്വാസത്തോടും വന്ദേമാതരത്തിലെ ആദ്യ രണ്ട് ചരണങ്ങള്‍ക്ക് ശേഷമുള്ള പദ്യങ്ങള്‍ പൊരുത്തപ്പെടുന്നില്ല എന്നൊരു ആശങ്ക ആ സന്ദർഭത്തിൽ തന്നെ മുസ്ലിം നേതാക്കളടക്കം ചൂണ്ടിക്കാട്ടിയിരുന്നു. വന്ദേമാതരത്തിലെ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട വര്‍ണനയില്‍ ഇന്ത്യ ഒരു ഭൂമിശാസ്ത്രപരമായ അസ്തിത്വം മാത്രമല്ല, അമ്മ – ദൈവം എന്ന നിലയില്‍ കൂടിയാണ് ചിത്രീകരിക്കപ്പെട്ടത് എന്നതായിരുന്നു കാരണം. ആത്മീയവും ദൈവികവുമായ ഒരു മാതൃഭൂമി സങ്കല്‍പം; ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവി സങ്കല്‍പങ്ങളെ നാടിൻ്റെ കാവലാളുകളായി സങ്കല്‍പിച്ചുള്ള സ്തുതികള്‍ തുടങ്ങിയവ പുതിയതായി ചേര്‍ത്ത ഭാഗത്തില്‍ ഉണ്ടായിരുന്നു. 

വന്ദേമാതരം എന്ന ഗാനവും നോവലും രചിക്കപ്പെടുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് ബംഗാളിലുണ്ടായ ക്ഷാമവും അതിനെത്തുടർന്നുണ്ടായ കർഷക സമരത്തെയും ആസ്പദമാക്കിയുള്ളതാണ് ‘ആനന്ദമഠം’  നോവൽ.  സമീന്ദാർമാർക്കെതിരെ കുടിയാന്മാർ നടത്തിയ സമരത്തെ ക്രൂരമായി അടിച്ചമർത്തുന്നതും അതിനെ നേരിടുന്നതിന് അന്നുണ്ടായിരുന്ന സന്യാസിമാർ നേതൃത്വം നൽകുന്നതുമാണ് കഥ. യഥാർത്ഥത്തിൽ ബ്രിട്ടീഷുകാരെ അസ്വസ്ഥപ്പെടുത്തിയ, ഹിന്ദു-മുസ്ലിം ആത്മീയ നേതാക്കൾ നേതൃത്വം നൽകിയ സമരമായിരുന്നു സന്യാസി – ഫക്കീർ കലാപം. എന്നാൽ ആ സമരത്തിലെ മുസ്ലിം സാന്നിധ്യത്തെ ബോധപൂർവ്വം മറച്ചുപിടിക്കുകയായിരുന്നു ബങ്കിം ചന്ദ്ര ചാറ്റർജി. 

ഇന്ത്യയിലെ സവർണ ബ്രാഹ്മണിക് പ്രത്യയശാസ്ത്രം കടുത്ത മുസ്ലിം വിരുദ്ധതയിലും അതേസമയം തന്നെ അങ്ങേയറ്റത്തെ ബ്രിട്ടീഷ് – വൈദേശിക സൗഹാർദ്ദത്തിലും വിധേയത്വത്തിലുമാണ് കെട്ടിപ്പടുക്കപ്പെട്ടത്. ഈ വിദ്വേഷാടിത്തറയുടെ ഭൂമികയിൽ തന്നെയാണ് ‘ആനന്ദമഠം’ എന്ന നോവലും രചിക്കപ്പെടുന്നത്. സ്വാഭാവികമായും നോവലിൽ ബ്രിട്ടീഷുകാരോട് അനുകമ്പയും മുസ്ലിങ്ങളോട് വിരോധവും പ്രകടമാകുന്നുണ്ട്. ബ്രിട്ടീഷുകാർ ധീരരും നാഗരികരുമാണ്, അതിനാൽ അവരുടെ ഭരണം നമുക്കാവശ്യമാണ് എന്നും മുസ്ലിംകൾ ഭീരുക്കളും അപരിഷ്കൃതരുമാണ് എന്നും, അവരെ താടിവെച്ച വഷളന്മാർ, മൊട്ടകൾ തുടങ്ങിയ വിധേയത്വവും വിദ്വേഷവും പ്രകടമാക്കുന്ന ധാരാളം ആഖ്യാനങ്ങളിലൂടെയുമാണ് നോവൽ പരിചയപ്പെടുത്തുന്നത്. 

ഹിന്ദു ഏകീകരണത്തിന് മുസ്‌ലിംവിരുദ്ധ പശ്ചാത്തലം അനിവാര്യമാണെന്ന് മനസ്സിലാക്കിയ ആദ്യത്തെയാൾ കൂടിയാണ് ബങ്കിം ചന്ദ്ര ചാറ്റർജി. ആനന്ദമഠം എന്ന നോവലിൻ്റെ ആദ്യപതിപ്പിൽ ബ്രിട്ടീഷ് വിരുദ്ധ വികാരങ്ങളും സംഭവങ്ങളും ഉള്ളടങ്ങിയതായിരുന്നുവെങ്കിലും, പിന്നീട് ബ്രിട്ടീഷുകാരുടെ പേരുകൾക്ക് പകരം നവാബിൻ്റെ കീഴിലുള്ള മുസ്ലിം ഉദ്യോഗസ്ഥരെ വില്ലന്മാരാക്കി അവരോട് ദേശാഭിമാനത്തോടെ പൊരുതുന്ന പടയാളികളുടെ പുതിയ വ്യാഖ്യാനങ്ങളാണ് പുറത്തിറക്കിയത്. ആർ.എസ്സ്.എസ്സ് സൈദ്ധാന്തികർ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. 1892-ൽ പുറത്തിറങ്ങിയ അഞ്ചാംപതിപ്പിൽ ബ്രിട്ടീഷ്‌ വിരുദ്ധ ഭാഗങ്ങൾ മുഴുവനും ഒഴിവാക്കി, പകരം മുസ്‌ലിംവിരുദ്ധ വികാരങ്ങളും സംഭവങ്ങളും കുത്തി നിറച്ചു.  ബങ്കിം ചന്ദ്ര ചാറ്റർജിയുടെ മിക്ക കൃതികളും ഹിന്ദു-മുസ്‌ലിം വൈരം വർദ്ധിപ്പിക്കാനായി രചിക്കപ്പെട്ടവയും സങ്കുചിത ദേശീയതയെ പ്രവഹിപ്പിക്കുന്നതുമായിരുന്നു.

പലവിധ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആദ്യ രണ്ട് വരികൾ മാത്രം സ്വീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചുവെങ്കിലും ബാക്കി വരികളുടെ മൗലിക പ്രശ്നം മനസ്സിലാക്കാൻ അവർക്കായില്ലെന്ന് വേണം കരുതാൻ. ജവഹർ ലാൽ നെഹ്റു 1937 ഒക്ടോബറിൽ സുബാഷ് ചന്ദ്രബോസിനെഴുതുന്നുണ്ട്,

“ആനന്ദമഠം വായിച്ചശേഷം അതിലെ ഗാനത്തിൻ്റെ പശ്ചാത്തലം ‘മുസ്‌ലിംകളെ ചൊടിപ്പിക്കാൻ സാധ്യതയുണ്ട് എന്നു തോന്നുന്നു. വന്ദേമാതരത്തിനെതിരെയുള്ള ആക്രോശം വലിയ അളവോളം വർഗ്ഗീയ ശക്തികളുടെ സൃഷ്‌ടിയാണ്. പക്ഷേ അതേ സമയം അല്പം കാമ്പും ഇല്ലാതില്ല. വർഗ്ഗീയമായ ചായ്‌വുള്ളവരിൽ അത് വല്ലാതെ പ്രശ്‌നമുണ്ടാക്കും.”

യഥാർത്ഥത്തിൽ ഹിന്ദുത്വ-വൈദേശിക ആധിപത്യ താൽപര്യങ്ങൾക്ക് ആനന്ദം പകർന്ന നോവൽ, ഗുജാറത്തിലേതടക്കമുള്ള രാജ്യത്തെ മുസ്ലിം വംശഹത്യകൾക്ക് പ്രേരകമായ ‘ഹിന്ദുത്വ രാഷ്ട്രത്തിൻ്റെ വേദപുസ്തകം’ ആയി കണക്കാക്കപ്പെട്ടു. ദേശീയതയെന്നത് ആധുനിക ദേശരാഷ്ട്രത്തിൽ ഒരു മതം തന്നെയാണ്. ബങ്കിം ചന്ദ്ര ചാറ്റർജിയാണ് ഇന്ത്യ എന്ന ദേശത്തെ ആദ്യമായി ദൈവമാക്കി അവതരിപ്പിക്കുന്നത്. വിവിധ ഹിന്ദു ദേവതകളുടെ രൂപത്തിൽ അദ്ദേഹം അതിനെ വരച്ചിടുകയും ചെയ്തു. ഈ പാരമ്പര്യം ഹിന്ദു ദേശീയവാദികളിൽ ഇന്നും നിലനിൽക്കുന്നു. അതുകൊണ്ടാണ് ചിഹ്നങ്ങളുടെ ഉപയോഗം സംഘ്പരിവാറിൻ്റെ പ്രവർത്തനരീതിയുടെ പ്രധാന ഭാഗമാകുന്നത്. ഭഗവധ്വജം, ആചാരങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ മതചിഹ്നങ്ങൾ ഉപയോഗപ്പെടുത്തിയാണ് അവർ ഒരു സാംസ്കാരിക ദേശീയതയെ രൂപപ്പെടുത്തുന്നത്. ഗോ സംരക്ഷണത്തിൻ്റെ പേരിലുള്ള പ്രക്ഷോഭങ്ങൾ, രാമജന്മഭൂമി പ്രക്ഷോഭത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ ഗംഗാജലം, ശിലാപൂജ, രഥയാത്ര, രാമക്ഷേത്രം തുടങ്ങിയ ഹൈന്ദവ ചിഹ്നങ്ങൾ ഉപയോഗപ്പെടുത്തി അതിലൂടെ ജനങ്ങളെ വലിയരീതിയിൽ പ്രചോദിപ്പിക്കാൻ സംഘ്പരിവാറിന് സാധിക്കുന്നു. 

ഇന്ത്യയിൽ ജീവിക്കുന്ന ജനങ്ങളെല്ലാം ഹിന്ദു സംസ്ക്‌കാരം എന്ന് പേരു നൽകപ്പെട്ട ഈ പൊതു സംസ്‌കാരത്തിൽ ലയിച്ചുചേരണമെന്നാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നത്. അതിൻ്റെ സാംസ്കാരിക മൂല്യങ്ങളും അടിസ്ഥാന സങ്കൽപനങ്ങളും മാറ്റത്തിന് വിധേയമല്ല എന്നും അവർ വാദിക്കുന്നു. ഹിന്ദുത്വ രാഷ്ട്രത്തിൻ്റെ വിജയത്തിൻ്റെയും പുരോഗതിയുടെയും അടയാളങ്ങളാണവ. അതിൽ ദേശസ്നേഹം എന്നത് കേവലം രാജ്യത്തോടുള്ള കൂറല്ല; മറിച്ച്, ഈ സാംസ്കാരിക ദേശീയതയോടുള്ള വിധേയത്വമാണ്. ദേശസ്നേഹമെന്നത് അവരുടെ മതം തന്നെയാണ്. ഇവ്വിധം ദേശീയത ഒരു മതമായിത്തീരുകയും രാജ്യം അതിലെ ഉന്നതനായ ദൈവമായി മാറുകയും ചെയ്യുന്നു. അതിനാവശ്യമായ അടിസ്ഥാന പ്രമാണങ്ങളും ആചാരങ്ങളും ആഘോഷങ്ങളും മന്ത്രങ്ങളുമുണ്ട്. അതിൽ തന്നെ ഏറ്റവും മഹത്തായ മന്ത്രമാണ് വന്ദേ മാതരം. 

ഇന്ത്യയിലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ ബ്രിട്ടൻ ഭയപ്പെട്ടിരുന്ന സാമുദായിക സൗഹൃദത്തെ തകർക്കുകയും ഹിന്ദുത്വ പ്രത്യയശാസ്തം ഉൽപാദിപ്പിക്കുന്ന സാംസ്കാരിക ദേശീയതക്ക് വെള്ളവും വളവും നൽകുകയുമായിരുന്നു ചുരുക്കത്തിൽ ബങ്കിംചന്ദ്ര ചാറ്റർജി തൻ്റെ നോവലിലൂടെ നിർവഹിച്ച ദൗത്യം. ഇതേ കൃതിയുടെ സ്വാധീനത്തിലാണ് അബനീന്ദ്രനാഥ ടാഗോര്‍ ഭാരതമാതാവിൻ്റെ ആദ്യ ദൃശ്യരൂപം വരച്ചത്. ഈ ചിത്രത്തെ പലവട്ടം പരിഷ്‌കരിച്ച്, പൂര്‍ണമായും ഹിന്ദുദേവതാ സങ്കല്‍പ്പത്തിലേക്ക് മാറ്റിയ പതിപ്പാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ അവരുടെ കാഴ്ചപ്പാടിലെ ഭാരതമാതാ പ്രതിനിധാനമായി ഉപയോഗിക്കുന്നത്.

സ്വാതന്ത്ര്യാനന്തരം ഭരണഘടന നിർമാണസഭയിൽ ഏതാവണം ദേശീയഗാനം എന്നതിനെക്കുറിച്ച്  ചർച്ച നടക്കുന്നുണ്ട്. മൂന്നു ഗാനങ്ങളായിരുന്നു പരിഗണനാ വിധേയമായത്. അല്ലാമാ മുഹമ്മദ് ഇഖ്ബാൽ രചിച്ച “സാരേ ജഹാൻ സെ അഛാ’, രവീന്ദ്രനാഥ ടാഗോറിൻ്റെ ‘ജനഗണമന’, ബങ്കിംചന്ദ്ര ചാറ്റർജിയുടെ “വന്ദേ മാതരം’. കാവ്യഗുണംകൊണ്ട് ഉത്തമമാവുകയും, വരികളിൽ ഇന്ത്യയുടെ ‘മതേതര’ കാഴ്ചപ്പാടിന് വിഘാതമാവുന്ന ഒന്നുമില്ലാതിരിക്കുകയും ചെയ്തിട്ടും “സാരേ ജഹാൻ സെ അഛാ’ അതിൻ്റെ രചയിതാവ് വിഭജനാനന്തരം പാകിസ്ഥാനിലായി എന്നതിനാൽ ആദ്യമേതന്നെ മാറ്റിവച്ചു. മറ്റു രണ്ടു ഗാനങ്ങളും തുല്യ പരിഗണനയോടെ ചർച്ചയ്ക്കു വിധേയമാക്കി. അതിൽ ‘ജനഗണമന’ ദേശീയ ഗാനമാവുകയും “വന്ദേ മാതരം’ തുല്യപ്രാധാന്യത്തോടെ ദേശീയഗീതമാവുകയും ചെയ്തു. രാജ്യത്തിൻ്റെ അഖണ്ഡതയും സൗന്ദര്യവും ഇതിവൃത്തമാവുന്ന ഗാനം അതിൻ്റെ രചയിതാവ് വിഭജനാനന്തരം പാകിസ്ഥാനിലായി എന്ന കാരണം കൊണ്ട് പരിഗണനയിലേ വരാതിരിക്കുകയും തികച്ചും ബ്രാഹ്മണ ആധിപത്യം ഊട്ടിയുറപ്പിക്കുന്ന ശ്ലോകങ്ങൾ ‘ദേശഭക്തി’ ഗാനമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് എങ്ങനെയാണ്? 

ഒരു വിഭാഗത്തിൻ്റെ മാത്രം ആചാരങ്ങളെ അതിൽ നിന്ന് വ്യത്യസ്തരായ വിശ്വാസ ജനവിഭാഗങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് ഇന്ത്യയിലെ സവർണ സാമൂഹിക വ്യവസ്ഥ നൽകുന്ന പേരാണ് ‘ദേശീയത’. ഈ സവർണ സാംസ്കാരിക ദേശീയത ഇന്ത്യൻ സാമൂഹിക ശരീരത്തിൽ ലയിച്ചു ചേർന്നിരിക്കുന്ന ഒരു പുളിച്ച യാഥാർത്ഥ്യമാണ്. അത് ഒളിഞ്ഞും തെളിഞ്ഞും, നിയാമകമായും സാമൂഹികമായുമെല്ലാം ഇടക്കിടെ പുറത്ത് ചാടിക്കൊണ്ടേയിരിക്കും. അതാണ് തീയേറ്ററിൽ ദേശീയ ഗാനം ചൊല്ലുമ്പോൾ എഴുന്നേൽക്കാത്തതിന് ആളുകൾക്കെതിരെ കേസെടുക്കുന്നത് മുതൽ നിലവിളക്ക് കൊളുത്താൻ വിസമ്മതം അറിയിക്കുമ്പോൾ നെറ്റിചുളിയുന്ന കേരളീയ പൊതുബോധത്തിൽ വരെ നാം കണ്ടുകൊണ്ടേയിരിക്കുന്നത്. 

രണ്ട് മാസം മുമ്പാണ് ജനഗണമനക്ക് തത്തുല്യമായ പ്രോട്ടോക്കോള്‍ വന്ദേമാതരത്തിനും നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. അത് സംബന്ധിച്ച ഒരു അഡ്വൈസറി സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും അതിന് മുന്‍പ് വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നാണ് മാര്‍ഗനിര്‍ദേശം. ഭരണഘടനാ അസംബ്ലി ചര്‍ച്ച ചെയ്ത് ഒഴിവാക്കിയ ഭാഗങ്ങളടക്കം ആലപിക്കണം. ഇതിൻ്റെ ബാക്കിപത്രമാണ് പുതിയ കേരള, തമിഴ്‌നാട് സര്‍ക്കാറുകളുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പുറത്തുവരുന്നത്.

വന്ദേമാതരം ആലപിക്കാതിരുന്നത് ദേശവിരുദ്ധതയായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.  ജനഗണമന പാടുന്നത് തന്നെ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി ഒരു ഘട്ടത്തിൽ വിധിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തിലെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്ന് 1986ലെ കേരളത്തില്‍ നിന്നുള്ള ബിജോ ഇമ്മാനുവല്‍ v/s സ്റ്റേറ്റ് ഓഫ് കേരള എന്നതായിരുന്നു. യഹോവ സാക്ഷി വിശ്വാസികളായ  മൂന്ന് കുട്ടികള്‍ (ബിജോ ഇമ്മാനുവലും സഹോദരിമാരും) സ്‌കൂളില്‍ ദേശീയഗാനം പാടുമ്പോള്‍ കൂടെ പാടിയില്ല എന്നായിരുന്നു കേസ്. അവർ ബഹുമാനപൂർവ്വം എഴുന്നേറ്റു നിന്നെങ്കിലും യഹോവയെ അല്ലാതെ മറ്റൊന്നിനേയും വാഴ്ത്താനാകില്ല എന്ന മതവിശ്വാസം കാരണം ദേശീയഗാനം പാടാൻ വിസമ്മതിച്ചു എന്നതായിരുന്നു പ്രശ്‌നം. അവരെ പുറത്താക്കിയ സ്‌കൂളിൻ്റെ നടപടി സുപ്രീം കോടതി വരെയെത്തി. സുപ്രീം കോടതി കുട്ടികളുടെ മതവിശ്വാസത്തെ അംഗീകരിച്ചു. ദേശീയഗാനം പാടുന്നത് നിര്‍ബന്ധമല്ലെന്നും എഴുന്നേറ്റ് നില്‍ക്കുകയും ബഹുമാനം കാണിക്കുകയും ചെയ്താല്‍ മതിയെന്നുമായിരുന്നു കോടതി വിധി. അവരെ അത് പാടാൻ നിർബന്ധിക്കുന്നത് ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള അവരുടെ മൗലികാവകാശത്തിൻ്റെ ലംഘനമാണെന്നും, ആർട്ടിക്കിൾ 25(1) പ്രകാരം, പൗരന്മാർക്ക് സ്വതന്ത്രമായി സ്വന്തം മതം പ്രഖ്യാപിക്കാനും ആചരിക്കാനും അവകാശമുണ്ടെന്നും വിദ്യാർത്ഥികളെ അവരുടെ കർശനമായ മതവിശ്വാസങ്ങൾക്ക് വിരുദ്ധമായി പാടാൻ നിർബന്ധിക്കുന്നത് ഈ അവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.  എന്നാല്‍ ദേശീയ ഗീതത്തിന്റെ കാര്യത്തില്‍ ഈ വ്യവസ്ഥകളൊന്നും തന്നെയില്ലെന്ന് കേന്ദ്ര സർക്കാർ 2022ല്‍ സുപ്രീം കോടതിയെ അറിയിച്ചതാണ്. 

ബഹുത്വങ്ങളിൽ നിലകൊള്ളുന്ന ഒരു സമൂഹത്തിൽ ഹിന്ദുത്വ അജണ്ടകളിലൂടെ സാംസ്‌കാരിക ഏകീകരണം നടപ്പിലാക്കാൻ പ്രതീകങ്ങളെയും ആചാരങ്ങളെയും രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൻ്റെ ഭാഗമായാണ് സംഘ്പരിവാർ അധികാര കേന്ദ്രങ്ങളിൽ നിന്ന് ഇത്തരം ആഹ്വാനങ്ങൾ ഉണ്ടാവുന്നത്. പരസ്യമായ രാഷ്ട്രീയ കടന്നുകയറ്റങ്ങളേക്കാൾ അപകടകരമാണ് സാംസ്‌കാരികമായ  ഇടപെടലുകൾ. അത് നമ്മുടെ സാമൂഹിക ശരീരത്തിൽ നാമറിയാതെ തന്നെ ലയിച്ചുചേരും. അത് അപരവിദ്വേഷമായും വെറുപ്പായും പരിണമിക്കും. ഒത്ത അവസരം സംജാതമായാൽ അത് തൻ്റെ പല്ലും നഖവും പുറത്തിടും. 

“സംഘടിതമായി, അതിവേഗത്തിൽ പായുന്ന ഒരു ക്രൂരജന്തുവായ വെറുപ്പിനോട് ഇത്രമാത്രം ആകർഷണത്വം തോന്നുന്നതെന്തുകൊണ്ടാണ്?’ എന്ന് 2002ൽ നടന്ന ഗുജറാത്ത് മുസ്‌ലിം വിരുദ്ധ വംശഹത്യയെ ആധാരമാക്കി രേവതി ലോൾ രചിച്ച Anatomy of Hate ന്റെ ആമുഖത്തിൽ അവർ ചോദിക്കുന്നുണ്ട്. ശേഷം സുരേഷ്, ദൻഗർ, പ്രണവ് എന്നീ മൂന്നു പേരുടേയും ജീവിതത്തെ സൂക്ഷ്മമായി വിശദീകരിച്ചുകൊണ്ടാണ് വേട്ടക്കാരുടെ മനസ്സിനെ നിർമ്മിച്ച വെറുപ്പിൻ്റെ പ്രത്യയശാസ്ത്രത്തെ രേവതിലോൾ വിശകലനം ചെയ്യുന്നത്. ഹിംസ എങ്ങനെയാണ് മനുഷ്യർക്കിടയിലേക്ക് കുടിയേറിപ്പാർക്കുന്നതെന്നും, എങ്ങനെയാണ് അത് ഇന്നലെ വരെ ഒരുമിച്ചുകഴിഞ്ഞ അയൽക്കാരൻ്റെ രക്തം തേടി കൊലക്കത്തിയുമായി പുറപ്പെടുന്നതെന്നും അവർ നരോദാപാട്യയിലെ വ്യത്യസ്ത സംഭവങ്ങളിലൂടെ വിശദീകരിക്കുന്നുണ്ട്. 

“വലിയൊരു ദുരന്തം സംഭവിക്കാൻ പോവുകയാണെന്ന സൂചന അബ്ദുൽ മജീദിന് നേരത്തേ ലഭിച്ചിരുന്നു. എന്നാൽ, ‘കിച്ചഡി’യാണ് ദുരന്തത്തെ ഉറപ്പിച്ചത്. ഉച്ചകഴിഞ്ഞ സമയം. ആൾക്കൂട്ടം നരോദാപാട്യ വളഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഒരു വീടിന് മുകളിൽ ഒളിച്ചിരിക്കുകയാണ് മജീദും കുടുംബവും. അപ്പോഴാണ് സുഹൃത്തായ ജയ് ഭവാനി മജീദിനോട് സംസാരിക്കാൻ വരുന്നത്. ‘നിങ്ങളൊന്നും കഴിച്ചില്ലല്ലോ, താഴോട്ട് ഇറങ്ങിവരൂ, അടുക്കളയിൽ നിങ്ങൾക്ക് തൈരിന്റെ കിച്ചഡി ഉണ്ടാക്കി തരാം’, ഭവാനി മജീനിനോട് പറഞ്ഞു. ‘അത് ശവമടക്കിനല്ലേ ഉണ്ടാക്കുക’, ഉടലാകെ വിറച്ചുകൊണ്ട് മജീദ് ചോദിച്ചു. ‘അതെ, നീയെല്ലാം ചാവാൻ പോവുകയാണ്, ഭവാനി പറഞ്ഞുനിർത്തി”. 

സാംസ്കാരിക ഫാഷിസം നിർമ്മിച്ചെടുക്കുന്ന പൊതുബോധ നിർമ്മിതി വംശീയ അധികാരക്രമത്തിൻ്റെ വഴി എളുപ്പമാക്കുകയാണ് ചെയ്യുക. സംഘ്പരിവാർ വിരുദ്ധ ചേരിയിൽ അണിനിരക്കുന്നു എന്ന് പറയുന്നവർക്ക് അതിനെ തൊട്ട് സൂക്ഷ്മജാഗ്രത അനിവാര്യമാണ്. വെറുപ്പ് അരിച്ചിറങ്ങുന്നത് തിരിച്ചറിയണമെങ്കിൽ കേവല ഫാഷിസ്റ്റ് വിരുദ്ധ പ്രഖ്യാപനങ്ങൾ പോരാതെ വരും.

ഷഫാഖ് കക്കോടി