2026ൽ ഇന്ത്യയിലെ ഏറ്റവും വിചിത്രവും അതേസമയം രാഷ്ട്രീയപരവുമായ മുദ്രാവാക്യം ഒരുപക്ഷേ ഇതായിരിക്കും:
“Cockroaches Don’t Die.”
(കൂറകൾ ചാവുകയില്ല)
ഒരു കാലത്ത് രാഷ്ട്രീയ പാർട്ടികൾ ജനിച്ചത് പ്രത്യയശാസ്ത്രങ്ങളിൽ നിന്നായിരുന്നു. ചിലത് സ്വാതന്ത്ര്യസമരങ്ങളിൽ നിന്ന്. ചിലത് വർഗ്ഗസമരങ്ങളിൽ നിന്ന്. മറ്റുചിലത് മത-ജാതി രാഷ്ട്രീയങ്ങളുടെ സാമൂഹിക യാഥാർഥ്യങ്ങളിൽ നിന്ന്. എന്നാൽ സമകാലിക ഇന്ത്യയുടെ ഡിജിറ്റൽ തലമുറ പെട്ടെന്ന് ഒരു കോക്ക്രോച്ചിനെ സ്വന്തം രാഷ്ട്രീയ പ്രതീകമായി തെരഞ്ഞെടുത്തിരിക്കുകയാണ്.
ആദ്യം അതൊരു ചിരിക്കുള്ള വകയായിരുന്നു. പിന്നീട് അത് മീമായി (meme). അതിനുശേഷം അതൊരു രാഷ്ട്രീയ മനോഭാവമായി മാറി. അങ്ങനെയാണ് “Cockroach Janata Party” അഥവാ CJP ഇന്ത്യൻ സോഷ്യൽ മീഡിയയുടെ വലിയ രാഷ്ട്രീയ പ്രതിഭാസങ്ങളിലൊന്നായി മാറിയത്.
ഇത് ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയല്ല. ഇതിന് കൊടികളേക്കാൾ reels ആണ് കൂടുതൽ. പാർട്ടി ഓഫീസുകളേക്കാൾ മീം പേജുകളാണ് കൂടുതൽ. പ്രഖ്യാപന പത്രങ്ങളേക്കാൾ ഇൻസ്റ്റാഗ്രാം ക്യാപ്ഷനുകളാണ് കൂടുതൽ. എന്നാൽ അതേ സമയം ഇത് വെറുമൊരു തമാശയുമല്ല. ഇന്ത്യൻ യുവത്വത്തിന്റെ അടങ്ങിക്കിടക്കുന്ന കോപം, തൊഴിലില്ലായ്മയുടെ ഉത്കണ്ഠത, പരീക്ഷാ സംവിധാനങ്ങളോടുള്ള അവിശ്വാസം, ഡിജിറ്റൽ യുഗത്തിന്റെ മാനസിക വിഭ്രാന്തി, രാഷ്ട്രീയ അവഗണന തുടങ്ങിയവയെല്ലാം ഒരുമിച്ച ഒരു gen -z പ്രസ്ഥാന മുന്നേറ്റമാണ് CJP.
ഇന്ത്യൻ gen -z കളുടെ ഈയൊരു ഡിജിറ്റൽ രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങുന്നത് പരമോന്നത നീതി പീഠമായ സുപ്രീം കോടതി മുറിയിൽ നിന്നാണ്. ജസ്റ്റിസ് സൂര്യകാന്ത് സോഷ്യൽ മീഡിയയിൽ പ്രതിഷേധിക്കുന്ന യുവാക്കളെ “cockroaches”(കൂറകൾ) എന്ന് വിശേഷിപ്പിച്ചുവെന്നാരോപിച്ച വാർത്ത പുറത്തുവന്നപ്പോൾ, മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് വൈറലായി. “കോക്ക്രോച്ചിനെ പോലെയുള്ള കുറച്ചു ചെറുപ്പക്കാരുണ്ട്, അവർക്ക് ജോലിയില്ല.” മെയ് 15 ന് നടന്ന ഒരു കോടതി വാദം കേൾക്കലിൽ അദ്ദേഹം പരമോന്നത നീതിപീഠത്തിൽ ഇരുന്ന് പറഞ്ഞ വാക്കുകളാണിത്. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് തൊഴിൽ രംഗങ്ങളിൽ പ്രവേശിക്കുന്നവരെക്കുറിച്ചായിരുന്നു തന്റെ പരാമർശമെന്ന് പിന്നീട് വിശദീകരിച്ചെങ്കിലും, യുവാക്കൾ കടുത്ത തൊഴിലില്ലായ്മയുടെ ഉത്കണ്ഠയിൽ ജീവിക്കുന്ന ഒരു രാജ്യത്ത് ആ വാക്കുകൾ ഇതിനകം തന്നെ മറ്റൊരു രാഷ്ട്രീയ അർത്ഥം സ്വീകരിച്ചു കഴിഞ്ഞിരുന്നു.
സാധാരണയായി ഇത്തരം പരാമർശങ്ങൾ ഒരു ദിവസം വാർത്തയാകും; രണ്ടാം ദിവസം മറന്നുപോകും. പക്ഷേ ഇവിടെ മറ്റൊന്നാണ് സംഭവിച്ചത്. ഇന്ത്യൻ Gen-Z ആ വാക്കുകളെ തിരിച്ചു പിടിച്ചു.
“അതെ, ഞങ്ങൾ കോക്ക്രോച്ചുകളാണ്. സിസ്റ്റം അഴുക്കുചാലായാൽ അവിടെ കോക്ക്രോച്ചുകളാണ് പിറക്കുക.”
ഈ വാചകം പിന്നീട് ഇന്ത്യൻ ഡിജിറ്റൽ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ മീമുകളിലൊന്നായി മാറുകയാണുണ്ടായത്. അവിടെ നിന്നാണ് ഒരു അപമാന പദം ഒരു രാഷ്ട്രീയ ചിഹ്നമായി മാറിയത്.
ചരിത്രത്തിൽ പല സമൂഹങ്ങളും അവരെ അപമാനിക്കാൻ ഉപയോഗിച്ച വാക്കുകളെ പിന്നീട് പ്രതിരോധത്തിന്റെ ഭാഷയാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ആദ്യമായാണ് ഒരു മുഴുവൻ ഓൺലൈൻ തലമുറ അത് മീം കൾച്ചറിലൂടെ ആവിഷ്കരിക്കുന്നത്.

ഒരുപക്ഷെ ഈ പ്രസ്ഥാനത്തിന് ഒരു കടുവയെയോ സിംഹത്തെയോ പ്രതീകമാക്കാമായിരുന്നു. പക്ഷേ അവർ തെരഞ്ഞെടുത്തത് കോക്ക്രോച്ചിനെയാണ്. കോക്ക്രോച്ച് ഒരിക്കലും ഒരു സൗന്ദര്യത്തിന്റെ പ്രതീകമല്ല. അതൊരു വീരചിഹ്നവുമല്ല. അത് വെറുപ്പിന്റെയും അവഗണനയുടെയും ജീവിയാണ്. പക്ഷേ അതേ സമയം അതിജീവനത്തിന്റെ പ്രതീകവുമാണ്. മനുഷ്യർ എത്ര നശിപ്പിക്കാൻ ശ്രമിച്ചാലും വീണ്ടും തിരിച്ചുവരുന്ന ജീവി. ഇരുട്ടിലും ജീവിക്കുന്ന ജീവി. മാലിന്യത്തിനിടയിലും നിലനിൽക്കുന്ന ജീവി. ഇന്ത്യൻ യുവാക്കൾ അതിൽ സ്വന്തം ജീവിതത്തിന്റെ രൂപകം കണ്ടു. “ഈ സിസ്റ്റം ഞങ്ങളെ ആവശ്യമില്ലാത്ത ജീവികളായി കാണുന്നു. പക്ഷേ ഞങ്ങൾ അപ്രത്യക്ഷമാകില്ല.” ഇതാണ് CJPയുടെ രാഷ്ട്രീയ രൂപകം.
Gen-Zയുടെ രാഷ്ട്രീയ ഭാഷ
ഈയൊരു പ്രസ്ഥാനത്തെ മനസ്സിലാക്കാൻ ആദ്യം ഒരു കാര്യം അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ Gen-Z രാഷ്ട്രീയം മുൻ തലമുറകളിലേതു പോലെയല്ല. അവർ വാർത്താ ചാനലുകളിൽ നിന്ന് രാഷ്ട്രീയം പഠിക്കുന്നില്ല; മീം കൾചറിലൂടെയാണ് അവർ രാഷ്ട്രീയം മനസ്സിലാക്കുന്നത്. ഇൻസ്റ്റാഗ്രാം റീൽസ്, റെഡ്ഡിറ്റ്, ത്രെഡ്സ്, ഡാർക്ക് ഹ്യൂമർ പേജുകൾ, ആക്ഷേപഹാസ്യ അക്കൗണ്ടുകൾ, പ്രതികരണവീഡിയോകൾ— ഇവയാണ് അവരുടെ പുതിയ രാഷ്ട്രീയ വീഥികൾ. അവർക്ക് വിരോധാഭാസം (irony) ഒരു ഭാഷയാണ്. മീമുകൾ രാഷ്ട്രീയ ആയുധമാണ്. അതുകൊണ്ടാണ് CJP ഇത്ര വേഗത്തിൽ വ്യാപിച്ചത്. സമൂഹ മാധ്യമ പ്ലാറ്റുഫോമുകളായ എക്സിലും ഇൻസ്റ്റാഗ്രാമിലും CJP അക്കൗണ്ടുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കോടിക്കണക്കിനു അനുയായികളെയാണ് സ്വന്തമാക്കിയത്. ഇതിലൂടെ ഒരു റീൽ പങ്കുവെക്കുന്നത് രാഷ്ട്രീയ പ്രസ്താവനയായി മാറി. ഒരു മീം റിപോസ്റ്റ് (repost) ചെയ്യുന്നത് പ്രതിഷേധമായി മാറി. മുൻ തലമുറകൾ തെരുവുകളിൽ മുദ്രാവാക്യം വിളിച്ചതിന് പകരം Gen-Z നോട്ടിഫിക്കേഷൻ ബാറുകളിലാണ് കലാപം നടത്തുന്നത്.
CJPയുടെ മാനിഫെസ്റ്റോ പോലും ഒരു പരിഹാസരാഷ്ട്രീയ രേഖയാണ്. പ്രസ്ഥാനത്തിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ (eligible criteria) തൊഴിലില്ലായ്മ നേരിടുന്ന ഓൺലൈനിൽ വിഹരിക്കുന്ന ഇന്ത്യൻ യുവത്വത്തിന്റെ മാനസികാവസ്ഥയെ പ്രതിനിധീകരിക്കുകയാണ്:
“Lazy & unemployed.”
“Chronically online.”
“Ability to rant professionally.”
ഒറ്റനോട്ടത്തിൽ ഇത് തമാശയാണ്. പക്ഷേ അതിന്റെ ഉള്ളിൽ ഒരു തലമുറയുടെ ആത്മനിന്ദയും നിരാശയും രാഷ്ട്രീയ നൈരാശ്യവും പരിഹാസവും ഒളിഞ്ഞിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ CJPയെ വെറും ഡിജിറ്റൽ തമാശയായി കാണുന്നത് വലിയൊരു സാമൂഹിക യാഥാർഥ്യത്തെ അവഗണിക്കലാണ്. ഈ പ്രസ്ഥാനത്തിന്റെ പിന്നിൽ ഇന്ത്യൻ യുവത്വത്തിന്റെ സാമൂഹിക-സാമ്പത്തിക-മാനസിക പ്രതിസന്ധിയുണ്ട്.
ഡിഗ്രിയുണ്ട്.
ജോലിയില്ല.
പരീക്ഷകളുണ്ട്.
വിശ്വാസമില്ല.
കഴിവുകളുണ്ട്.
അവസരമില്ല.
NEET പരീക്ഷ പേപ്പർ ചോർച്ച വിവാദങ്ങൾ, NTAക്കെതിരായ (National Testing Agency) പ്രതിഷേധങ്ങൾ, സർക്കാർ നിയമനങ്ങളിലെ താമസങ്ങൾ, കരാർ തൊഴിൽ സംസ്കാരം, ഉയർന്നുവരുന്ന ജീവിതച്ചെലവ് — ഇതെല്ലാം ചേർന്നാണ് ഇന്നത്തെ ഇന്ത്യൻ യുവത്വത്തിന്റെ മാനസികാവസ്ഥ രൂപപ്പെടുന്നത്. അവർ ഉന്നയിക്കുന്ന പ്രധാന ആവശ്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണ്. എൻട്രൻസ് പരീക്ഷകളോടുള്ള വിശ്വാസ്യത ഇന്ന് യുവതലമുറക്ക് ഇല്ലാതായിരിക്കുകയാണ്.
“തെറ്റുകൾ ചെയ്യുന്നത് സർക്കാരാണ്; പക്ഷേ അതിന്റെ വില നൽകേണ്ടി വരുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ്. ഇത് എന്ത് സംവിധാനമാണ്?”
ഈ ചോദ്യം CJPയുടെ മുഴുവൻ രാഷ്ട്രീയ വികാരത്തെ സംഗ്രഹിക്കുന്നുണ്ട്. ഇന്ത്യയിലെ PG ക്ലാസ്സ്മുറികളിലും ഹോസ്റ്റൽ ഇടനാഴികളിലും മെട്രോ സ്റ്റേഷനുകളിലും ഇന്ന് ഒരേ തരത്തിലുള്ള സംഭാഷണങ്ങളാണ് ആവർത്തിക്കപ്പെടുന്നത്:
“ഇനി എന്ത്?”
“ജോലി കിട്ടുമോ?”
“ഈ പരീക്ഷയും leak ആകുമോ?”
“ഈ രാജ്യത്ത് മെറിറ്റിന് ഇനിയും വിലയുണ്ടോ?”
ഈ ചോദ്യങ്ങൾക്ക് രാഷ്ട്രീയ സംവിധാനത്തിന് വ്യക്തമായ മറുപടി ഇല്ലാതാകുമ്പോഴാണ് മീമുകളിലൂടെ രാഷ്ട്രീയം ജനിക്കുന്നത്.
CJPയുടെ മറ്റൊരു പ്രധാന ആക്രമണം മുഖ്യധാര മാധ്യമങ്ങൾക്കെതിരെയാണ്.
“Godi Media” എന്ന പദത്തിലൂടെയാണ് അവരിത് വിമർശിക്കുന്നത്.

കോർപ്പറേറ്റ് മീഡിയ സ്ഥാപനങ്ങൾ അധികാരത്തിന് മുന്നിൽ മുട്ടുകുത്തിയെന്നാണ് യുവാക്കളുടെ ആരോപണം. അംബാനി-അദാനി കോർപ്പറേറ്റ് കുത്തക ഇന്ത്യൻ മാധ്യമലോകത്തെ നിയന്ത്രിക്കുന്നുവെന്ന വാദവും വ്യാപകമായി പ്രചരിക്കുകയാണ്. അതിനാൽ തന്നെ ബ്രേക്കിംഗ് ന്യൂസുകളെക്കാൾ മീം പേജുകളെയാണ് യുവാക്കളിന്ന് വിശ്വസിക്കുന്നത്.
ഇത് വെറുമൊരു ഇന്റർനെറ്റ് ട്രെൻഡല്ല. ജനാധിപത്യത്തോടുള്ള gen-z കളുടെ വിശ്വാസ പ്രതിസന്ധിയുടെ സൂചനയാണ്. ഈ പ്രസ്ഥാനത്തിന്റെ പ്രധാന മുഖമായി ഉയർന്നുവന്നത് അഭിജീത് ദിപ്കെ എന്ന നിലവിൽ അമേരിക്കയിലെ ബോസ്റ്റൻ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ചെയ്യുന്ന പൂണെ സ്വദേശിയാണ്. മുൻപ് ആം ആദ്മി പാർട്ടിയുടെ (AAP) രാഷ്ട്രീയ സോഷ്യൽ മീഡിയ ക്യാംപെയിനുകളുമായി ബന്ധപ്പെട്ടിരുന്ന ദിപ്കെ, ഇത് ആദ്യം ആക്ഷേപഹാസ്യ പരീക്ഷണമായിട്ടാണ് ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
“We made a meme. India turned it into a movement.”
ദിപ്കെയുടെ ഈ വാചകം ഇന്നത്തെ ഡിജിറ്റൽ രാഷ്ട്രീയത്തിന്റെ സ്വഭാവം നമ്മെ വ്യക്തമാക്കുന്നുണ്ട്. അഥവാ രാഷ്ട്രീയം ഇനി മുകളിൽ നിന്ന് നിർമ്മിക്കപ്പെടുന്നതല്ല. അത് സോഷ്യൽ മീഡിയ അൽഗോരിതത്തിലൂടെയും വൈറാലിറ്റിയിലൂടെയുമാണ് ജനിക്കുന്നത്. അതുകൊണ്ടുതന്നെ CJPയുടെ യഥാർത്ഥ നേതാവായി ഒരുപക്ഷേ ഒരു മനുഷ്യനെ കാണാനാവുകയില്ല. അത് സമൂഹ മാധ്യമ അൽഗോരിതം തന്നെയാണ്.
ഡിജിറ്റൽ കലാപവും കോക്ക്രോച് റിപ്പബ്ലിക്കും
CJP വളർന്നതോടെ അതിനെതിരായ പ്രതികരണങ്ങളും ശക്തമായിരിക്കുകയാണ്. ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തടയപ്പെട്ടു. പ്രത്യേകിച്ച് എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക CJP അക്കൗണ്ട് നിരോധിക്കപ്പെട്ടുവെന്ന ആരോപണം വലിയ ചർച്ചയായിരിക്കുകയാണ്. അതിലുപരി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചിലർക്ക് വധഭീഷണികൾ ലഭിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിനെതിരെ CJPസ്ഥാപക പ്രസിഡന്റായ അഭിജീത് ദിപ്കെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെന്ന വാർത്തയും വളരെ ചർച്ചയായിരിക്കുകയാണ്.
പക്ഷേ ഇവിടെ ഒരു പ്രശ്നമുണ്ട്, ഒരു മീമിനെ പൂർണമായി ഇല്ലാതാക്കാനാവില്ല. ഭരണകൂടം ഒരു അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ പത്ത് പുതിയ അക്കൗണ്ടുകൾ വരും. അതാണ് CJPയുടെ ഔദ്യോഗിക അക്കൗണ്ട് നിരോധിക്കപ്പെട്ടതിന് പിന്നാലെ “Cockroaches Came Back” എന്ന പേരിൽ പുതിയ അക്കൗണ്ട് ഉയർന്നുവന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകൾ അതിനെ പിന്തുടർന്നു. അതുകൊണ്ടാണ് ഡിജിറ്റൽ സറ്റയർ ഇന്നത്തെ അധികാര ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്നതാകുന്നത്. ഇതൊരു കേന്ദ്രീകൃതമായ ഒരു പ്രസ്ഥാന മുന്നേറ്റമല്ല. നിരന്തരം രൂപാന്തരപ്പെട്ടുക്കൊണ്ടിരിക്കുന്നതാണത്.
CJPയെക്കുറിച്ചുള്ള ഏറ്റവും വലിയ ചോദ്യം, ഇത് യഥാർത്ഥ രാഷ്ട്രീയ പ്രസ്ഥാനമാണോ? അതോ ഒരു താൽക്കാലിക ഇന്റർനെറ്റ് മൂഡ് മാത്രമാണോ? എന്നതാണ്. സത്യത്തിൽ അത് രണ്ടുമാണ്. എന്നാൽ ഇതിന് വ്യക്തമായ ഒരു പ്രത്യയശാസ്ത്രമില്ല (ideology). ശക്തമായ കേഡർ സംവിധാനമില്ല. പക്ഷേ ഇതിന് ഒരു യുവ തലമുറയുടെ കോപം, അരികുവൽക്കരണം, നിരാശ, അവഹേളനം തുടങ്ങിയ കൂട്ടായ വികാരമുണ്ട് (collective emotion).
നേപ്പാളിലും ബംഗ്ലാദേശിലും കണ്ടതുപോലെ ഇന്ത്യൻ യുവത്വവും ഭരണകൂടത്തിനെതിരെ പൊട്ടിത്തെറിക്കുമോയെന്ന ചോദ്യങ്ങൾക്ക് മറുപടിയായി അഭിജീത് ദിപ്കെ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു:
“ഇന്ത്യൻ യുവത്വത്തെ നിങ്ങൾ തെറ്റായി വായിക്കുകയാണ്. അവർ നേപ്പാളിലെയോ ബംഗ്ലാദേശിലെയോ യുവാക്കളെപ്പോലെ തെരുവുകൾ കത്തിക്കുന്ന രീതിയിൽ പ്രതികരിക്കുന്നില്ല എന്നത് അവരുടെ ദൗർബല്യമല്ല. അവർ ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ് പ്രതിഷേധിക്കുന്നത്. അവർ ജനാധിപത്യത്തിന്റെ ഭാഷ മനസ്സിലാക്കുന്നവരാണ്.”
ഈ പ്രസ്താവനയുടെ ഉള്ളിൽ ഒരു വലിയ രാഷ്ട്രീയ മാനസികാവസ്ഥ ഒളിഞ്ഞിരിക്കുന്നുണ്ട്. CJPയുടെ വാദമനുസരിച്ച് ഇന്ത്യൻ യുവത്വം അരാഷ്ട്രീയരല്ല; മറിച്ച് അവർ പഴയ രാഷ്ട്രീയ ഭാഷകളെ വിശ്വസിക്കുന്നില്ല. അവർ ജനാധിപത്യത്തെ നിരസിക്കുന്നില്ല. പക്ഷേ ജനാധിപത്യ സ്ഥാപനങ്ങൾ അവരുടെ വിശ്വാസത്തിന് യോഗ്യമായി പെരുമാറുന്നില്ലെന്നതാണ് അവരുടെ പരാതി.
Gen-Zയുടെ രാഷ്ട്രീയ അനാഥത്വം

ഈ Gen-Z മുന്നേറ്റത്തിന്റെ കേന്ദ്രത്തിൽ ഒളിഞ്ഞുകിടക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള അസ്വസ്ഥമാക്കുന്ന ഒരു സത്യമാണ്. ഇന്ത്യൻ യുവത്വത്തിന്റെ വലിയൊരു വിഭാഗം ഇന്ന് രാഷ്ട്രീയ അനാഥത്വം നേരിടുകയാണ്. അവർക്ക് നിലവിലുള്ള രാഷ്ട്രീയ പാർട്ടികളിൽ അവരുടെ ആവശ്യങ്ങൾ കാണാനാകുന്നില്ല. ദേശീയത വിളമ്പുന്ന വലിയ പ്രസംഗങ്ങളിൽ അവരുടെ തൊഴിലില്ലായ്മ കാണാതാകുന്നു. വികസനത്തിന്റെ തിളങ്ങുന്ന കണക്കുകളിൽ അവരുടെ ഉത്കണ്ഠ അപ്രത്യക്ഷമാകുന്നു. “Viksit Bharat” എന്ന മുദ്രാവാക്യത്തിനിടയിൽ അവരുടെ വ്യക്തിപരമായ തകർച്ച ആരും ഗൗനിക്കുന്നില്ല.
CJP ഇന്ത്യയിലെ വളരെ അപകടകരമായ ഒരു സാമൂഹിക മാറ്റത്തിന്റെ സൂചനയാണ്. കാരണം ഇത് ഒരു പാർട്ടിയുടെ ഉദയം മാത്രമല്ല; സ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങളോടുള്ള വിശ്വാസത്തിന്റെ തകർച്ച കൂടിയാണ്. ഒരു തലമുറ അപഹാസ്യത്തെ സ്വന്തം രാഷ്ട്രീയ ഭാഷയാക്കുന്ന നിമിഷം, അത് സാധാരണ അസംതൃപ്തിയല്ല ഉണ്ടാക്കുന്നത്. അത് അവരുടെ പ്രാതിനിധ്യ പ്രതിസന്ധിയെയാണ് വെളിപ്പെടുത്തുന്നത് (representation crisis).
അവർക്ക് ഇനി വലിയ ideology-കളിൽ വിശ്വാസമില്ല. വലിയ നേതാക്കളിൽ വിശ്വാസമില്ല. വലിയ വാഗ്ദാനങ്ങളിൽ വിശ്വാസമില്ല. പക്ഷേ അവർക്കിപ്പോഴും ഒരു ആവശ്യമുണ്ട്:
“ഞങ്ങളുടെ ആവശ്യങ്ങളും ആരെങ്കിലും കാണണം.”
CJPയുടെ മീമുകളിൽ ഒളിഞ്ഞിരിക്കുന്ന ഏറ്റവും വലിയ ഉൾവിളി അതാണ്.
ഇത് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ? ഒരു യഥാർത്ഥ പാർട്ടിയാകുമോ? അല്ലെങ്കിൽ മറ്റ് മീം ട്രെൻഡ് പോലെ അപ്രത്യക്ഷമാകുമോ? ഒന്നും ഉറപ്പില്ല. പക്ഷേ ഒരു കാര്യം വ്യക്തമാണ്, CJP ഇന്ത്യയിലെ യുവത്വത്തിന്റെ മാനസികാവസ്ഥയെ തുറന്നു കാട്ടിയിരിക്കുകയാണ്. നോട്ടിഫിക്കേഷൻ ശബ്ദങ്ങളുടെ ഇടയിൽ, ഇൻസ്റ്റാഗ്രാം റീൽസുകളുടെ ഇടയിൽ, ഡാർക്ക് ഹ്യൂമർ മീമുകളുടെ ഇടയിൽ ഒരു തലമുറ നിശ്ശബ്ദമായി ചോദിച്ചുകൊണ്ടിരിക്കുന്നു:
“ഈ രാജ്യത്തിന്റെ ഭാവിയിൽ ഞങ്ങൾക്കും യഥാർത്ഥത്തിൽ ഒരു സ്ഥാനമുണ്ടോ?”




