Campus Alive

ഇസ്ലാമിക ഭരണാധികാരിയോടുള്ള അനുസരണവും പ്രക്ഷോഭവും

ദീനിന്റെ സംരക്ഷണത്തിലും സാമൂഹിക വ്യവസ്ഥയുടെ സ്ഥിരതയിലും നിർണായക പങ്ക് വഹിക്കുന്നവരാണ് ഭരണാധികാരികൾ. ദീനിനെ നശിപ്പിക്കുന്നതിലും അവരുടെ പങ്ക് ഗണനീയമാണ്. അതുകൊണ്ടാണ്  ദീനിനെ നശിപ്പിക്കുന്ന ഘടകങ്ങളെ പരാമർശിക്കുമ്പോൾ  ഇമാം ഇബ്നുൽ മുബാറക്ക് “അൽമുലൂക്ക്” (ഭരണാധികാരികളെ) ആദ്യമായി എണ്ണിയത്. ഭരണാധികാരിക്ക് നൽകേണ്ട അനുസരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അയാളുടെ അവസ്ഥകൾ പരിഗണിച്ച് പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ഭിന്നതയില്ലാത്ത വിധം അനുസരണം നിർബന്ധമാവുന്ന അവസ്ഥയുണ്ട്. ചില സന്ദർഭങ്ങളിൽ അനുസരിക്കൽ നിഷിദ്ധമാകുന്നു. മറ്റു ചില സന്ദർഭങ്ങളിൽ ഭരണാധികാരിയെ അധികാര സ്ഥാനത്ത് നിന്നും താഴെ ഇറക്കൽ നിർബന്ധമാവുന്നു. മറ്റു ചില നിർബന്ധ സാഹചര്യങ്ങളിൽ അതിക്രമത്തിന് വിധേയരായി കഴിയേണ്ടി വരുന്നു. നിബന്ധനകൾ ഒത്തുവന്നാൽ ചില ഘട്ടങ്ങളിൽ ഭരണാധികാരിയെ പ്രക്ഷോഭത്തിലൂടെ താഴെ ഇറക്കൽ അനുവദിക്കപ്പെടുന്നു. ഇങ്ങനെ, രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും സാമൂഹിക പ്രത്യാഘാതങ്ങളും ശരീഅത്തിന്റെ സമഗ്ര ലക്ഷ്യങ്ങളും പരിഗണിച്ചുകൊണ്ട് അഹ്‌ലുസ്സുന്നയുടെ ഇമാമുമാർ ഭരണാധികാരിയോടുള്ള അനുസരണം, അനുസരണക്കേട്, പ്രക്ഷോഭം, സഹനം എന്നിവയുമായി ബന്ധപ്പെട്ട വിധികളെ വിശദമായി വിശകലനം ചെയ്തിട്ടുണ്ട്.

ഒന്ന്: ഭരണാധികാരിയോടുള്ള അനുസരണം നിർബന്ധമാകുന്ന അവസ്ഥ.

ഇസ്ലാമിക സമൂഹം തിരഞ്ഞെടുത്ത, മുസ്ലിമും, ഇസ്ലാമിക ശരീഅത്ത് യഥാവിധി നടപ്പിലാക്കുകയും ചെയ്യുന്ന ഇമാമിനെ അനുസരിക്കൽ ഒരു വിശ്വാസിയുടെ നിർബന്ധ ബാധ്യതയാണ്. വിശ്വാസികൾ പ്രസ്തുത ഇമാമിന് ബൈഅത്ത് നൽകണം. അദ്ദേഹത്തിന്റെ കൽപ്പനകൾ അനുസരണക്കേടില്ലാതെ പിൻപറ്റണം. അത്തരമൊരു ഇമാമിന്റെ തീരുമാനങ്ങൾ ലംഘിക്കുന്നതും, അദ്ദേഹത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതും ഇസ്ലാമിൽ നിഷിദ്ധമാണ്. “വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക” (അന്നിസാഅ്‌: 59), മുകളിൽ ഉദ്ധരിച്ച സൂറത്തുന്നിസാഇലെ 59-ാമത്തെ ആയത്താണ് ഈ വിഷയത്തിന്റെ അടിസ്ഥാനമായി പരിഗണിക്കുന്നത്. ഈ ആയത്തിനെ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ അദ്ദേഹത്തിന്റെ അസ്സിയാസ ശറഈയ്യ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ “ആയത്തുൽ ഉമറാഅ്‌” (ഭരണാധികാരികളുടെ ആയത്ത്) എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഈ ആയത്തിൽ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കണം എന്ന് കൽപ്പിച്ചതിന് തൊട്ടുടനെയാണ് ഭരണാധികാരികളെ അനുസരിക്കണമെന്ന കൽപ്പന വരുന്നത്. അതിനാൽ ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ ഭരണാധികാരികളെ അനുസരിക്കൽ നിർബന്ധമാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ “കൈകാര്യ കര്‍ത്താക്കൾ” എന്നത് കൊണ്ടുള്ള ഉദ്ദേശം ഇമാമുമാരും ഭരണാധികാരികളും ന്യായാധിപന്മാരും ഉൾപ്പെടെ ശരീഅത്ത് അടിസ്ഥാനത്തിലുള്ള അധികാരമുള്ളവരാണെന്നും, അവരെ അനുസരിക്കൽ നിർബന്ധമാണെന്നും ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ അല്ലാമാ ശൗഖാനി(റ) രേഖപ്പെടുത്തിയിട്ടുണ്ട് (തഫ്സീറു ശൗഖാനി 1/481). ഇബ്നുഉമർ(റ)ൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി(സ) പറയുന്നു: തെറ്റായ ഒരു കാര്യം കൽപ്പിക്കുന്നേടത്തോളം കാലം നേതൃത്വം പറയുന്നത് കേൾക്കലും അനുസരിക്കലും നിർബന്ധമാണ്. എന്നാൽ, തെറ്റായ കാര്യം കൽപ്പിക്കപ്പെട്ടാൽ കേൾക്കുകയോ അനുസരിക്കുകയോ വേണ്ടതില്ല (ബുഖാരി: 7144). അബൂ ഉമാമ അൽബാഹിലിയ്യ് പറയുന്നു: നബി (സ) ഹജ്ജത്തുൽ വദാഇൽ പ്രസംഗിക്കുന്നത് ഞാൻ കേട്ടു. നബി പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, അഞ്ച് നേരത്തെ നമസ്കാരം നിർവ്വഹിക്കുക, റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക, നിങ്ങളുടെ സമ്പത്തിൻ്റെ സകാത്ത് കൊടുക്കുക, നിങ്ങളുടെ ഭരണാധികാരികളെ അനുസരിക്കുക. എങ്കിൽ നിങ്ങളുടെ നാഥൻ്റെ സ്വർഗത്തിൽ നിങ്ങൾക്ക് പ്രവേശിക്കാം (തിർമിദി: 616).

ശറഈ വിധികൾ സമ്പൂർണ്ണമായും നടപ്പിലാക്കുന്ന ഇമാമിനെതിരെ കലാപമുണ്ടാക്കൽ ഗുരുതരമായ പാപമായി ഇസ്ലാം കണക്കാക്കുന്നു. ഇമാം മാസരി(റ) സ്വഹീഹു മുസ്ലിമിന്റെ വ്യാഖാനത്തിൽ നീതിമാനായ ഭരണാധികാരിക്കെതിരെ ഒരു നിലക്കും പ്രക്ഷോഭം നടത്തരുത് എന്നതിൽ പണ്ഡിത ലോകത്തിന്റെ ഏകോപനമുണ്ടെന്ന് പ്രസ്താവിക്കുന്നുണ്ട് (ഇക്മാലുൽ മുഅല്ലിം – 6/246). അത്തരം കലാപങ്ങൾ ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കാനുള്ള സാഹചര്യത്തെയും, ജനങ്ങളുടെ സുരക്ഷയെയും ദോഷകരമായി ബാധിക്കുന്നു. രക്തം ചീന്തുകയും, നിരപരാധികൾ കൊല്ലപ്പെടുകയും ചെയ്യുന്നതിൽ പര്യവസാനിക്കും. അപ്രകാരം ഇറങ്ങി പുറപ്പെടുന്ന സംഘത്തെ അടിച്ചമർത്തൽ ഇമാമിന്റെയും, അദ്ദേഹത്തെ സഹായിക്കൽ ജനങ്ങളുടെയും ബാധ്യതയാണെന്ന് ഫുഖഹാക്കൾ ഒന്നടങ്കം പഠിപ്പിക്കുന്നതായി കാണാം. സയ്യിദ് മൗദൂദി തഫ്ഹീമുൽ ഖുർആനിൽ സൂറത്തുൽ ഹുജറാത്തിന്റെ വ്യാഖാനത്തിൽ എഴുതുന്നു: “ഭരണകൂടത്തിനെതിരില്‍ കലാപത്തിന് ഇറങ്ങിപ്പുറപ്പെടുന്ന കക്ഷികളും പല തരത്തിലുള്ളവരാകാവുന്നതാണ്. കേവലം കുഴപ്പം സൃഷ്ടിക്കുന്നതിന് വേണ്ടി ഒരുങ്ങിപ്പുറപ്പെട്ടവര്‍; കലാപമുണ്ടാക്കുന്നതിന് അവര്‍ക്ക് ശര്‍ഇയ്യായ യാതൊരു ന്യായീകരണവും ഇല്ല. ഇത്തരക്കാര്‍ക്കെതിരില്‍ ഗവണ്‍മെന്റിനെ സഹായിക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു. ശര്‍ഇയ്യായ ഒരു ന്യായീകരണവുമില്ലാതെ ഗവണ്‍മെന്റിനെ അട്ടിമറിക്കാനായി ഇറങ്ങിപ്പുറപ്പെടുക. പ്രഥമ ദൃഷ്ട്യാ അവര്‍ അക്രമികളും അധര്‍മികളുമായി കാണപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ നീതിനിഷ്ഠമായ സര്‍ക്കാറിനെ സഹായിക്കല്‍ നിര്‍ബന്ധമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല”.

രണ്ട്: ഇമാം സത്യനിഷേധിയായി (കാഫിർ) മാറിയാലുള്ള വിധി.

ഒരു സത്യനിഷേധിക്ക് വിശ്വാസി സമൂഹത്തിന്റെ ഇമാമാവാൻ സാധ്യമല്ല എന്നത് ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയിൽ അടിസ്ഥാനപരമായ സിദ്ധാന്തമായി പരിഗണിക്കപ്പെടുന്നു. മുസ്ലിമാവുകയെന്നതാണ് ഇമാമാവാനുള്ള പ്രഥമ യോഗ്യത. അതിനാൽ ഒരു സത്യനിഷേധി ഇമാമായാൽ അയാളെ അനുസരിക്കണമോ എന്ന ചർച്ച ഫിഖ്ഹിന്റെ അടിസ്ഥാന ചർച്ചകളിൽ പ്രസക്തമായി ഉയരുന്നില്ല. ഇമാമത്തിന്റെ  സാധുതക്ക് പൂർത്തീകരിക്കപ്പെടേണ്ട  അടിസ്ഥാന നിബന്ധന തന്നെ അവനിൽ അഭാവപ്പെടുന്നുവെന്നാണ് പണ്ഡിതന്മാർ വിലയിരുത്തുന്നത്. ഒരു മുസ്ലിം നിബന്ധനകൾ പാലിക്കുന്ന നിലയിൽ ഇമാമായി കഴിഞ്ഞതിന് ശേഷം അയാൾ കാഫിറായി മാറിയാൽ പ്രസ്തുത ഇമാമിനെ അനുസരിക്കൽ നിർബന്ധമുണ്ടോ എന്ന ചോദ്യമാണ് മർമ്മം. അയാൾക്കുള്ള അനുസരണം നിഷിദ്ധമാണെന്നാണ് ഫുഖഹാക്കളുടെ വിധി.

ദീനിന്റെ സംരക്ഷണവും ലോകകാര്യങ്ങളുടെ നിയന്ത്രണവുമാണ് ഭരണ സംവിധാനം സ്ഥാപിക്കാൻ ശരീഅത്ത് ആവശ്യപ്പെടുന്നതിന്റെ മുഖ്യ ലക്ഷ്യമെന്ന് ഇമാം മാവർദി (അൽ അഹ്ക്കാം അസ്സുൽത്വാനിയ്യ, പേ:5) നിരീക്ഷിക്കുന്നുണ്ട്. ഒരു വിശ്വസിക്കല്ലാതെ ഇതിൽ പ്രഥമ ലക്ഷ്യമായ ദിനിന്റെ സംരക്ഷണം നിർവഹിക്കുക സാധ്യമല്ല. അതിനാൽ ഇമാം കാഫിറായാൽ, അയാളെ ഉടനടി പുറത്താക്കുകയും, ശേഷം ‏മുസ്ലിമായ ഇമാമിനെ അവരോധിക്കുകയും ചെയ്യണം. സൂറത്തുന്നിസാഇലെ “സത്യനിഷേധികള്‍ക്കു മുസ്‌ലിംകളെ അതിജയിക്കുന്നതിന് അല്ലാഹു ഒരു പഴുതും വെച്ചിട്ടില്ല തന്നെ” എന്ന സൂക്തമാണ് ഈ നിയമത്തിന്റെ അടിസ്ഥാനം. ഇമാം നവവി ഖാളി ഇയാദിൽ നിന്നും ഉദ്ധരിക്കുന്നു: “ഇമാം കാഫിറാവുകയോ, ശരീഅത്തിൽ മാറ്റം വരുത്തുകയോ, അല്ലെങ്കിൽ ഒരു ബിദ്‌അത്ത് ഉണ്ടാക്കുകയോ ചെയ്താൽ, അവൻ ഭരണാധികാരത്തിന്റെ നിയമബദ്ധതയിൽ നിന്ന് പുറത്താകുന്നു. പിന്നെ അവനോടുള്ള അനുസരണം നിർബന്ധമല്ല. മുസ്ലിംകൾ അവനെതിരെ ഉയിർത്തെഴുന്നേൽക്കുകയും, കഴിയുന്ന പക്ഷം അയാളെ പുറത്താക്കി ഒരു നീതിമാനായ ഇമാമിനെ നിയമിക്കുകയും ചെയ്യൽ നിർബന്ധമാകുന്നു” (ശറഹുമുസ്ലിം, 12/229). കാഫിർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് ഇമാമാവാൻ അനുവാദമില്ലെന്നതിൽ ഇജ്‌മാഉണ്ടെന്ന് ഇമാം ഇബ്നു ഹസം പ്രസ്താവിച്ചിട്ടുണ്ട്. കാഫിറായ ഭരണാധികാരിയെ പുറത്താക്കി മറ്റൊരാളെ അവരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ നാട്ടിൽ നിന്നും ഹിജ്റ പോകണമെന്നാണ് ഇമാം ഇബ്നു ഹജറിന്റെ വീക്ഷണം (ഫത്ഹുൽ ബാരി, 13/123).

മൂന്ന്: തെമ്മാടിയും, അക്രമിയുമായ ഭരണാധികാരിക്കുള്ള അനുസരണം.

തീർത്തും തെമ്മാടിയാണെന്ന് പ്രസിദ്ധമായ ഒരാളെ ഇമാമായി നിർണ്ണയിക്കൽ ഹറാമാണെന്നാണ് ഫുഖഹാക്കളുടെ പക്ഷം. അങ്ങനെയൊരാൾ ഇമാമായാൽ അയാളുടെ ഇമാമത്ത് തന്നെ സ്ഥിരപ്പെടുകയില്ല. സൂറത്തുൽ ബഖറയിലെ 124 -ാമത്തെ സൂക്തത്തിലെ قَالَ لَا يَنَالُ عَهْدِي الظَّالِمِينَ (അവൻ പറഞ്ഞു: എന്റെ കരാർ അക്രമികൾക്ക് ബാധകമാവുകയില്ല) എന്ന ഭാഗമാണ് ഈ നിയമത്തിന്റെ തെളിവായി മുഫസ്സിറുകൾ ഉദ്ധരിക്കുന്നത്. ഫാസിഖിന്റെ ഇമാമത്ത് നിലവിൽ വരികയില്ല എന്നതിന് ഈ ആയത്താണ് ബഹുഭൂരിഭാഗം പണ്ഡിതരുടെയും തെളിവെന്ന് ഇമാം റാസി പറയുന്നതായി കാണാം. തെമ്മാടിയുടെ ഇമാമത്ത് സ്ഥിരപ്പെടുകയില്ല എന്നതിൽ സമുദായത്തിനടയിൽ ഭിന്നതയില്ല എന്നാണ് ഇമാം ഖുർതുബി പ്രസ്താവിച്ചത് (തഫ്സീർ ഖുർതുബി, 1/270). വളരെ സ്നേഹവും കരുതലും ഉള്ള പിതാവായാലും, അവൻ തെമ്മാടിയാണെകിൽ തന്റെ മകന്റെ സ്വത്ത് കൈകാര്യം ചെയ്യാൻ അനുവദിക്കപ്പെടുകയില്ല. പിന്നെ, അല്ലാഹുവിനെ ഭയപ്പെടാത്ത ഒരു തെമ്മാടിയെ എങ്ങനെ മഹത്തായ ഇമാമത്ത് ഏൽപ്പിക്കാനാകും?, ഇമാം ജുവൈനി അദ്ദേഹത്തിന്റെ ഗിയാസുൽ ഉമമിൽ (പേ:68) ഉന്നയിക്കുന്ന യുക്തിയാണിത്. ഇമാം ഇബ്നു ഹജർ, ഇമാം നവവി, ഇമാം ബുജൈരിമി തുടങ്ങിയവരിൽ നിന്നൊക്കെയും ഇതേ അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം ജസ്സ്വാസ് وَأَنَّ أَحْكَامَهُ لَا تَنْفُذُ إذَا وَلِيَ الْحُكْمَ “അവൻ ഭരണാധികാരസ്ഥാനത്ത് പ്രവേശിച്ചാലും, അവന്റെ വിധികളും നിയമനിർണ്ണയങ്ങളും പ്രാബല്യത്തിൽ വരികയില്ല” എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ തെമ്മാടിയും, അക്രമിയുമെന്ന് സ്ഥിരപ്പെട്ട ഒരു വ്യക്തി ഭരണാധികാരിയായാൽ അയാളുടെ കൽപ്പനകൾ സ്വീകരിക്കലോ, അനുസരിക്കലോ നിർബന്ധമല്ല. കാരണം അയാളുടെ ഇമാമത്ത് തത്വത്തിൽ നിലവിൽ വന്നിട്ടില്ല. എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ (الضرورة) ഒരു ഫാസിഖിന്റെ അധികാരം നിലവിൽ വരുമെന്നാണ് പണ്ഡിത ലോകം അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇബ്നു തൈമിയ്യ, ഇസ്സ്ബ്നു അബ്ദിസ്സലാം തുടങ്ങിയവർ അത് രേഖപ്പെടുത്തിയിട്ടുണ്ട്. നീതിമാനായ ഇമാമിന്റെ അഭാവത്തിൽ മാത്രമേ ഇത് അനുവദനീയമുവുകയുള്ളു. തെമ്മാടിയായ വ്യക്തി മുഖേന അല്ലാഹു ചിലപ്പോൾ ദീനിനെ സഹായിക്കുമെന്ന് ഹദീസും, അനിവാര്യ ഘട്ടത്തിൽ ചില ഇളവുകൾ സ്വീകരിക്കാമെന്ന തത്വവുമാണ് ഈ വാദത്തിന്റെ പ്രമാണങ്ങൾ. ഖവാഇദുൽ അഹ്‌കാം ഫീ മസ്വാലിഹുൽ അനാം എന്ന ഗ്രന്ഥത്തിൽ ഇമാം ഇസ്സ് ബ്നു അബ്ദിസ്സലാം എഴുതുന്നു: “പൊതുവായോ സ്വകാര്യമായോ ഉള്ള സ്ഥാനങ്ങളിൽ പൂർണ്ണമായ നീതിയുള്ള ആളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, കുറഞ്ഞ ദുഷ്പ്രവണതയുള്ള ആളെയാണ് നാം അധികാരത്തിൽ നിയോഗിക്കുക”.

അൽ അഹ്ക്കാം അസ്സുൽത്വാനിയ്യ

നീതിമാനായ ഒരു മുസ്ലിം ഇമാമായതിന് ശേഷം, പിന്നീട് ക്രൂരനും തെമ്മാടിയുമായാൽ അയാളോട് സ്വീകരിക്കേണ്ട സമീപനമെന്താണ്?. ഇതിലാണ് തർക്കം നില നിൽക്കുന്നത്. രണ്ട് വാദങ്ങളാണ് ഈ വിഷയത്തിലുള്ളത്. ഒന്ന്: ഇമാം അക്രമിയായി മാറിയാൽ, അയാളെ ആ സ്ഥാനത്ത് നിന്ന് നീക്കാൻ സാധിക്കുമെങ്കിൽ അതിന് വേണ്ടി ഖുറൂജ് (അക്രമിക്കെതിരെ പ്രക്ഷോഭം നടത്താൻ ഇറങ്ങി പുറപ്പെടൽ) നടത്താം. രണ്ട്: അക്രമിയായ ഭരണാധികാരിയെ മാറ്റാൻ ശേഷിയുണ്ടെങ്കിലും അതിന് മുതിരാതെ അയാളെ അനുസരിച്ച്, വിധേയപ്പെട്ട് ജീവിക്കണം. അക്രമിയായ ഇമാമിനെതിരെ ഇറങ്ങി പുറപ്പെടൽ അഹ്‌ലുസുന്നയുടെ മാർഗ്ഗമല്ലെന്നും, ഇജ്മാഇന് വിരുദ്ധവും, ഖവാരിജുകളുടെ ചര്യയുമാണെന്ന് ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു.

ഇമാം അക്രമിയാണെങ്കിലും അയാൾക്കെതിരിൽ ഇറങ്ങി പുറപ്പെടാൻ പാടില്ലെന്ന വാദമുള്ളവരുടെ ചില തെളിവുകൾ കാണാം:

ഔഫ് ബിൻ മാലിക് ഉദ്ധരിക്കുന്നു: “നിങ്ങളുടെ ഭരണാധികാരികളിൽ ഏറ്റവും ഉത്തമന്മാർ, നിങ്ങൾ അവരെ സ്നേഹിക്കുകയും അവർ നിങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നവരാണ്. അവർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും നിങ്ങൾ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. എന്നാൽ നിങ്ങളുടെ ഭരണാധികാരികളിൽ ഏറ്റവും മോശപ്പെട്ടവർ, നിങ്ങൾ അവരെ വെറുക്കുകയും അവർ നിങ്ങളെ വെറുക്കുകയും ചെയ്യുന്നവരാണ്. നിങ്ങൾ അവരെ ശപിക്കുകയും അവർ നിങ്ങളെ ശപിക്കുകയും ചെയ്യും.” അപ്പോൾ ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ അവരെ വാളുകൊണ്ട് നേരിടേണ്ടതില്ലേ?” നബി ﷺ പറഞ്ഞു: “പാടില്ല, അവർ നിങ്ങൾക്കിടയിൽ നമസ്കാരം നിലനിർത്തുന്ന കാലത്തോളം (അങ്ങനെ ചെയ്യരുത്). നിങ്ങളുടെ ഭരണാധികാരികളിൽ നിന്ന് നിങ്ങൾ വെറുക്കുന്ന വല്ലതും നിങ്ങൾ കണ്ടാൽ, അവരുടെ ആ പ്രവൃത്തിയെ നിങ്ങൾ വെറുക്കുക; എന്നാൽ അനുസരണത്തിൽ നിന്ന് നിങ്ങൾ കൈ വലിക്കരുത്.” (സ്വഹീഹ് മുസ്‌ലിം – 1855).

ഉമ്മു സലമ ഹിന്ദ് ബിൻത് അബീ ഉമയ്യ റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിൽ റസൂൽ ﷺ പറഞ്ഞു: “(എനിക്ക് ശേഷം) ചില ഭരണാധികാരികൾ ഉണ്ടാകും. (അവരിൽ നിന്ന് നല്ലതും ചീത്തയുമായ കാര്യങ്ങൾ) നിങ്ങൾ കാണുകയും എതിർക്കുകയും ചെയ്യും. അപ്പോൾ ആരെങ്കിലും (ആ തിന്മകളെ) മനസ്സിലാക്കി (അവയെ വെറുത്താൽ) അവൻ കുറ്റമുക്തനായി. ആരെങ്കിലും അതിനെ എതിർത്താൽ അവൻ രക്ഷപ്പെട്ടു. എന്നാൽ ആരെങ്കിലും അതിൽ തൃപ്തിപ്പെടുകയും അവരെ പിൻപറ്റുകയും ചെയ്താൽ (അവൻ നാശമടഞ്ഞു).”സ്വഹാബികൾ ചോദിച്ചു: “അവരോട് ഞങ്ങൾ യുദ്ധം ചെയ്യേണ്ടതില്ലേ?” നബി ﷺ പറഞ്ഞു: “പാടില്ല, അവർ നമസ്കരിക്കുന്ന കാലത്തോളം.” [സ്വഹീഹ് മുസ്‌ലിം – 1854].

ഹുദൈഫ (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ, പ്രവാചക കല്പനകൾ അനുസരിക്കാത്ത ഭരണാധികാരികളെക്കുറിച്ച് ഇപ്രകാരം കാണാം: “എനിക്ക് ശേഷം ചില ഭരണാധികാരികൾ ഉണ്ടാകും. അവർ എന്റെ സന്മാർഗ്ഗം സ്വീകരിക്കില്ല; എന്റെ ചര്യ പിൻപറ്റുകയുമില്ല. മനുഷ്യരുടെ ശരീരത്തിൽ പിശാചുക്കളുടെ ഹൃദയങ്ങളുള്ള ചില ആളുകൾ അവർക്കിടയിൽ ഉയർന്നുവരും.”ഹുദൈഫ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ഞാനീ കാലഘട്ടത്തിൽ എത്തിച്ചേർന്നാൽ എന്താണ് ചെയ്യേണ്ടത്? ”നബി പറഞ്ഞു: “നീ ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക; നിന്റെ മുതുക് അടിക്കപ്പെട്ടാലും, നിന്റെ സമ്പത്ത് കവർന്നെടുക്കപ്പെട്ടാലും നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. [സ്വഹീഹ് മുസ്‌ലിം – 1847].

ജുനാദതുബ്നു അബീ ഉമയ്യയിൽ നിന്ന് നിവേദനം: “ഉബാദതുബ്നുസ്വാമിത് രോഗിയായിരിക്കെ ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു. എന്നിട്ട് ഞങ്ങൾ പറഞ്ഞു: ‘അല്ലാഹു താങ്കൾക്ക് നല്ലത് വരുത്തട്ടെ. നബിയിൽനിന്ന് താങ്കൾ കേട്ട, അല്ലാഹു ഉപകാരപ്രദമാക്കുന്ന ഒരു ഹദീസ് ഞങ്ങൾക്ക് പറഞ്ഞു തന്നാലും’. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘നബി ഞങ്ങളെ വിളിക്കുകയും ഞങ്ങൾ നബിയോട് ബൈഅത്ത് ചെയ്യുകയുമുണ്ടായി. അവിടുന്ന് അപ്പോൾ ഞങ്ങളിൽ നിന്ന് സ്വീകരിച്ച കരാറിൽപെട്ടതാണ്: ഉത്സാഹമുള്ളപ്പോഴും ഇഷ്ടമില്ലാത്ത സമയത്തും പ്രയാസമുള്ളപ്പോഴും എളുപ്പമുള്ളപ്പോഴും, അവർ സ്വാർഥതയോടെ പ്രവർത്തിക്കുമ്പോഴും (ഭരണകർത്താക്കളെ) ഞങ്ങൾ കേട്ട് അനുസരിച്ചുകൊള്ളാം; അധികാരത്തിന്റെയും നേതൃത്വത്തിന്റെയും കാര്യത്തിൽ അതിന്റെ ആൾക്കാരെ ഞങ്ങൾ എതിർക്കുകയില്ലെന്നുമുള്ള ബൈഅത്ത്. അപ്പോൾ നബി ഇതിനോട് കൂട്ടിച്ചേർത്തു; “അല്ലാഹുവിങ്കൽ നിന്ന് വ്യക്തമായ തെളിവ് മുഖേന നിങ്ങളുടെയടുത്ത് സ്ഥിരപ്പെട്ടിട്ടുള്ള കടുത്ത നിഷേധം (കുഫ്ർ) അവരിൽ നിങ്ങൾ കണ്ടാലല്ലാതെ” (സ്വഹീഹുൽ ബുഖാരി).

വിശകലനം:

ഒന്ന്: ഈ ആശയത്തിൽ വന്ന ഒട്ടനവധി ഹദീസുകളുണ്ട്. ഇത്തരം ഹദീസുകളാണ് ഖുറൂജ് പാടില്ലെന്ന വീക്ഷണം സ്വീകരിച്ചവരുടെ തെളിവുകൾ. ഇമാം നമസ്ക്കാരം നിലനിർത്തുന്ന കാലമത്രയും ഭരണാധികാരിയുടെ അക്രമങ്ങൾ ഒക്കെ ക്ഷമിക്കണമെന്നും, അല്ലാഹുവിങ്കൽ നിന്ന് വ്യക്തമായ തെളിവ് മുഖേന സ്ഥിരപ്പെട്ടിട്ടുള്ള പ്രത്യക്ഷ കുഫ്ർ അവരിൽ നിങ്ങൾ കണ്ടാലല്ലാതെ ഇമാമിനെതിരെ തിരിയരുതെന്നുമാണ് ഈ ഹദീസുകളുടെ വെളിച്ചത്തിൽ ഇക്കൂട്ടർ ഉയർത്തുന്ന വാദം. എന്നാൽ ഉത്തമ നൂറ്റാണ്ടിലെ പ്രവാചകന്റെ സ്വഹാബത്ത് തന്നെ പല ഘട്ടങ്ങളിൽ ഇമാമിനെതിരെ പ്രക്ഷോഭം നടത്തിയതായി ചരിത്രങ്ങളിൽ കാണാം. അലി (റ), ആഇശ (റ), ത്വൽഹ (റ), സുബൈർ (റ), മുആവിയ (റ), അംറ് ബ്നു ആസ് (റ), നുഅമാനു ബ്നു ബശീർ (റ), ഹുസ്സൈൻ (റ) തുടങ്ങിയ സ്വഹാബിമാരും, ഇവരുടെ കൂടെ അണിനിരന്ന വലിയൊരു സംഘം സ്വഹാബത്തും ഇമാമിനെതിരെ ഇറങ്ങി പുറപ്പെടാം എന്ന വാദക്കാരാണ്. ഇമാം ഇബ്‌നു ഹസം എഴുതുന്നു: ഈ അഭിപ്രായം അലി ഇബ്‌നു അബി താലിബ് (റ)യും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സഹാബികളും പറഞ്ഞതാണ്. ആയിഷ (റ), ത്വൽഹ, സുബൈർ എന്നിവരും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന സഹാബികളും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതുപോലെ മുആവിയ, അംർ ഇബ്‌നുൽ ആസ്, നുഅ്മാൻ ഇബ്‌നു ബഷീർ എന്നിവരും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന സഹാബികളും ഇതേ അഭിപ്രായത്തിലാണ്. ഇതേ നിലപാട് അബ്ദുള്ളാഹ് ഇബ്‌നു സുബൈർ, ഹസൻ ഇബ്‌നു അലി, മുഹമ്മദ് ഇബ്‌നു അലി എന്നിവരും മറ്റു മുഹാജിറുകളും അൻസാറുകളും പിന്തുടർന്നിട്ടുണ്ട്. അതുപോലെ, ഹജ്ജാജിനെതിരെ നിലകൊണ്ട സഹാബികളിൽ അനസ് ഇബ്‌നു മാലികിനെ പോലുള്ളവരും, സഈദ് ഇബ്‌നു ജുബൈർ, ഹസൻ അൽ ബസ്വരിയെ തുടങ്ങി ഉന്നതരായ താബിഊങ്ങളും ഇതേ നിലപാടിലായിരുന്നു. ഇതിന് ശേഷം വന്ന തലമുറകളിൽ നിന്നുള്ള പല പണ്ഡിതന്മാരും, ഉദാഹരണത്തിന് അബു ഹനീഫ, മാലിക് ഇബ്‌നു അനസ്, ശാഫിഈ എന്നിവരും അവരുടെ അനുയായികളും ഇതേ അഭിപ്രായം സ്വീകരിച്ചു. ഇവരിൽ ഓരോരുത്തരും – പഴയവരും പുതിയവരും – ഇത് അവരുടെ ഫത്‌വകളിലൂടെ വ്യക്തമാക്കിയവരാണ്, അല്ലെങ്കിൽ അവർ തെറ്റായി കണ്ട കാര്യങ്ങൾക്കെതിരെ വാളെടുത്ത് പ്രതിഷേധിച്ചവരാണ്”.

രണ്ട്: അക്രമിയായ ഭരണാധികാരിയെ അനുസരിക്കണം എന്ന കൽപ്പന ഹദീസുകളിൽ ഉണ്ടെങ്കിൽ പിന്നെ സ്വഹാബത്തും താബിഈങ്ങളും എങ്ങനെ പ്രക്ഷോഭം നടത്തി?. ഭരണാധികാരി അക്രമിയാണെങ്കിലും അദ്ദേഹത്തെ അനുസരിക്കണമെന്ന ഹദീസുകളെയും ഉത്തമ നൂറ്റാണ്ടിൽ സ്വഹാബത്തും താബിഈങ്ങളും നടത്തിയ പ്രക്ഷോഭങ്ങളെയും എങ്ങനെ സംയോജിപ്പിക്കാനാകും?.

ഒന്നുകിൽ ഖുറൂജ് നടത്തിയ ഉത്തമ നൂറ്റാണ്ടിലെ സ്വഹാബത്തിനും, അനുയായികൾക്കും അതിൽ പിഴവ് പറ്റി എന്ന് തീർപ്പുകൽപ്പിക്കേണ്ടി വരും. ഈ വാദം ഒരു നിലക്കും സ്വീകാര്യമല്ല. അല്ലെങ്കിൽ അക്രമിയായ ഭരണാധികാരിയെ ഏതവസ്ഥയിലും അനുസരിക്കണമെന്നതിന്റെ ഖണ്ഡിത പ്രമാണമല്ല ആ ഹദീസുകൾ എന്ന വ്യാഖാനം സ്വീകരിക്കണം. ഭരണാധികാരിക്കെതിരെയുള്ള ഖുറൂജിൽ രാഷ്ട്രത്തിന്റെ സുരക്ഷ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലായതിനാൽ, അതിൽ നിന്നും ജനങ്ങളെ ജാഗ്രതയുള്ളവരാക്കലാണ് ഖുറൂജ് പാടില്ലെന്ന നിലക്ക് ഹദീസുകളിൽ വന്ന വിലക്കിന്റെ ഉദ്ദേശമെന്നും, എന്നാൽ അക്രമിയായ ഭരണാധികാരി അധികാരത്തിൽ തുടരുന്നത് ദീനിന്റെ അടിസ്ഥാനങ്ങളുടെ തകർച്ച, അല്ലെങ്കിൽ രാഷ്ട്രത്തിന്റെ നാശം പോലുള്ള വലിയ അപകടങ്ങളിലേക്ക് വഴി മാറുമ്പോൾ അയാൾക്കെതിരെ യുദ്ധം നടത്തൽ ഈ ഹദീസുകളിലുള്ള വിലക്കിന്റെ പരിധിയിൽ ഉൾപ്പെടില്ല എന്ന നിഗമനത്തിൽ എത്തിച്ചേരാവുന്നതാണ്. നന്മ കൽപ്പിക്കണം തിന്മ തടയണമെന്ന പ്രമാണങ്ങളുടെ പൊതു കൽപ്പന, ഹദീസുകളിൽ ഖുറൂജ് തടഞ്ഞു കൊണ്ടുള്ള ഭാഗങ്ങൾ നിരൂപാധിക നിരോധനത്തിനെ സൂചിപ്പിക്കുന്നില്ലെന്ന് സ്വഹാബത്തിന്റെ നടപടികളിലൂടെ സ്ഥിരപ്പെടുക, ഇസ്‌ലാമിക നിയമത്തിലെ ചെറിയ ദോഷം സഹിച്ച് വലിയ ദോഷം ഒഴിവാക്കുക എന്ന തത്വം (ارْتِكَابُ أَخَفِّ الضَّرَرَيْنِ) തുടങ്ങിയവയുടെ അടിസ്ഥാനനത്തിൽ ഖുറൂജ് അനുവദനീയമാണെന്ന് മനസ്സിലാക്കാവുന്നതാണ്.

അക്രമിയായ ഭരണാധികാരിക്കെതിരെ പ്രക്ഷോഭം നയിച്ച്, അയാളെ ഭരണത്തിൽ നിന്നും പുറത്താക്കാമെന്നത് ഉത്തമനൂറ്റാണ്ടിൽ (സലഫ്) തന്നെ നിലനിന്നിരുന്ന വീക്ഷണമാണ്. നീതിമാനല്ലാത്ത ഭരണാധികാരികൾക്കെതിരെ ഇറങ്ങിപുറപ്പെടാൻ പാടില്ലെന്ന നിലപാട് ആദ്യ കാല സലഫുകളുടെ കാലത്തിനു ശേഷമാണ് വ്യാപകമായി പ്രചരിച്ചത്. പൊതുതാൽപര്യങ്ങളും (മസ്ലഹത്ത്) ദോഷ ഫലങ്ങളും (മഫ്‌സദത്ത്) സംബന്ധിച്ച പണ്ഡിതരുടെ നിരീക്ഷണങ്ങളാണ് ഖുറൂജ് പാടില്ലെന്ന നിലപാട് പണ്ഡിതലോകത്തിന്റെ വ്യാപക നിലപാടായി പിന്നീട് മാറാനുള്ള കാരണം. ഇമാം ഇബ്നു ഹജർ അസ്ഖലാനി ഹസനുബ്നു സ്വാലിഹ്ബ്നു ഹയ്യിനെ തഹ്‌ദീബുത്തഹ്ദീബിൽ (വാ:2, പേ:263) നിരൂപണം ചെയ്യുമ്പോൾ എഴുതുന്നു: “അദ്ദേഹം അന്യായ ഭരണാധികാരികൾക്കെതിരെ വാൾ എടുത്ത് പോരാടണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത് ആദ്യകാല സലഫുകളുടെ നിലപാടായിരുന്നു. പക്ഷേ പിന്നീട്, അത് വലിയ അനർത്ഥങ്ങളിലേക്ക് നയിക്കുന്നതായി അവർ കണ്ടതിനാൽ, ഈ നിലപാട് ഉപേക്ഷിക്കപ്പെട്ടു. മദീനക്കാരും യസീദും തമ്മിൽ നടന്ന യുദ്ധവും, ഇബ്‌നുൽ അശ്അസ് വിപ്ലവം തുടങ്ങിയ സംഭവങ്ങൾ, ചിന്തിക്കുന്നവർക്ക് ഒരു പാഠമാണ്”. ഇമാം ഖാളി ഇയാളിൽ നിന്നും ഇമാം നവവി അദ്ദേഹത്തിന്റെ ശറഹുമുസ്ലിമിൽ ഇതേ അഭിപ്രായം ഉദ്ധരിക്കുന്നുണ്ട്. ഇമാം ഖാളി (റ) എഴുതുന്നു : “ഈ വിഷയത്തിൽ ആദ്യം പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് ഭരണാധികാരികൾക്കെതിരെ പൊരുതുന്നത് നിരോധിച്ചു കൊണ്ടുള്ള ഇജ്മാഅ് രൂപപ്പെട്ടു (ശർഹ്മുസ്ലിം, 12/470).

മൂന്ന്: ഖുറൂജ് അനുവദനീയമാണ്, ഇതായിരുന്നു ഉത്തമ നൂറ്റാണ്ടിലെ സലഫുകളുടെ നിലപാടടെന്ന് ചരിത്രത്തിന്റെയും, ഇമാം ഇബ്നു ഹജർ, ഖാളി ഇയാള് എന്നിവരുടെ പ്രസ്താവനയിൽ നിന്നും നാം വ്യക്തമാക്കുകയുണ്ടായി. പിന്നെ എങ്ങനെയാണ് ഭരണാധികാരിക്കെതിരെ പ്രക്ഷോഭം പാടില്ലെന്ന അഭിപ്രായം വ്യാപകമായത്?.

ഇർശാദുൽ ഫുഹുൽ

മുൻപ് വ്യക്തമാക്കിയത് പോലെ സ്വഹാബത്തിന്റെയും താബിഈങ്ങളുടെയും കാലശേഷം ഖുറൂജ് പാടില്ലെന്ന ഇജ്മാഅ് രൂപപ്പെട്ടു എന്നാണ് ഒരു വാദം. ഇങ്ങനെ ഇജ്മാഅ് രൂപപ്പെടുമോ എന്നതിൽ ഉസൂലി പണ്ഡിതർക്കിടയിൽ ഏകോപനമുള്ള ഒരു വീക്ഷണമില്ല. ഇമാം ഇബ്നു ഹസം സ്വഹാബത്തിന്റെ കാല ശേഷം അവകാശപ്പെടുന്ന ഇജ്മാഇനെ അംഗീകരിക്കുന്നില്ല. സലഫി ലോകത്തെ പ്രഗത്ഭ പണ്ഡിതനായ അല്ലാമാ ശൗഖാനി ഇങ്ങനെയൊരു ഇജ്മാഇനെ അംഗീകരിക്കുന്നില്ല എന്ന് അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ ഇർശാദുൽ ഫുഹുലിൽ (1/317) കാണാം. ഇമാം ഇബ്നു തൈമിയ്യ(റ) ഇമാം അഹ്മദിന്റെ ഇജ്മാഇനോടെയുള്ള നിലപാട് വിശദീകരിച്ച് കൊണ്ട് എഴുതുന്നു: “ഇമാം അഹ്മദ്(റ) സഹാബാക്കളുടെ ശേഷം, അല്ലെങ്കിൽ താബിഈങ്ങൾക്ക് ശേഷവും, അല്ലെങ്കിൽ ആദ്യത്തെ മൂന്നു ശ്രേഷ്ഠ തലമുറകൾക്ക് ശേഷവും ഉണ്ടായി എന്ന് പറയുന്ന “ഇജ്മാഅ്” (പണ്ഡിതസമ്മതി) എന്ന അവകാശവാദങ്ങളെ അംഗീകരിച്ചിരുന്നില്ല. അതിനാൽ, ഇമാം അഹ്മദിന്റെ വാക്കുകളിൽ താബിഈങ്ങളുടെ കാലത്തിനു ശേഷമുള്ള ഇജ്മാഅ് തെളിവായി ഉപയോഗിക്കുന്നത് വളരെ വിരളമാണ്” (മജ്മൂഉൽ ഫതാവ). അഥവാ സലഫിന്റെ കാലശേഷം രൂപപ്പെട്ട ഇജ്മാഇന്റെ വിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് സാരം. അതിനാൽ തന്നെ ഖുറൂജ് അനുവദനീയമാണെന്ന വാദം വെച്ചുപുലർത്തുന്നവരെ, സ്വഹാബത്തിന് ശേഷം രൂപപ്പെട്ടു എന്ന് അവകാശപ്പെടുന്ന ഇജ്‌മാഇന് വിരുദ്ധരെന്ന് പറഞ്ഞ് അഹ്‌ലുസുന്നയിൽ നിന്നും പുറം തള്ളി മുദ്രകുത്തുന്നത് സൂക്ഷ്മമല്ല. കാരണം പ്രസ്തുത ഇജ്‌മാഅ് തന്നെ അഹ്‌ലുസുന്നക്കിടയിൽ തർക്ക വിഷയമാണ്.

പൊതുതാൽപര്യങ്ങളും (മസ്ലഹത്ത്) ദോഷഫലങ്ങളും (മഫ്‌സദത്ത്) അടിസ്ഥാനമാക്കിയാണ് ഖുറൂജ് പാടില്ല എന്ന നിലപാടിൽ പിന്നീട് പണ്ഡിത ലോകം എത്തിച്ചേർന്നത് എന്നതാണ് രണ്ടാമത്തെ വാദം. ഭരണാധികാരിക്കെതിരെ പ്രക്ഷോഭം നയിക്കുമ്പോൾ അത് മനുഷ്യരുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുകയും, രക്തച്ചൊരിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. ഇത് ഗുണത്തേക്കാൾ ഏറെ ദോഷമുണ്ടാക്കും. ഇമാം ഖുർതുബി എഴുതുന്നു: “അന്യായിയായ ഭരണാധികാരിയുടെ കീഴിൽ സഹിഷ്ണുതയോടെ തുടരുന്നത്, അവനെതിരെ ഖുറൂജ് (പ്രതിരോധം) നടത്തുന്നതിനെക്കാൾ ഉചിതമാണ്. ഇതാണ് പണ്ഡിതന്മാരിൽ ഭൂരിഭാഗം ആളുകൾ സ്വീകരിച്ച നിലപാട്. കാരണം, ഭരണാധികാരിയോട് പോരാടുകയും അദ്ദേഹത്തിനെതിരെ പ്രക്ഷോഭം നടത്തുകയും ചെയ്യുന്നത് സുരക്ഷയെ ഭയമായി മാറ്റുകയും, രക്തച്ചൊരിച്ചിൽ ഉണ്ടാക്കുകയും, മൂഢന്മർക്ക് അധികാരം ലഭിക്കാനും, മുസ്ലിംകളുടെ മേൽ ആക്രമണങ്ങൾ വർദ്ധിക്കാനും, ഭൂമിയിൽ കുഴപ്പം വ്യാപിക്കാനും കാരണമാകുന്നു (തഫ്സീറുൽ ഖുർതുബി). തിന്മ തടയുമ്പോൾ പാലിക്കേണ്ട അനേകം അടിസ്ഥനങ്ങൾ ശരീഅത്ത് പഠിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് أَنَّهُ لَا يَجُوزُ إِزَالَةُ الشَّرِّ بِمَا هُوَ أَشَرُّ مِنْهُ، بَلْ يَجِبُ دَرْءُ الشَّرِّ بِمَا يُزِيلُهُ أَوْ يُخَفِّفُهُ എന്ന തത്വം. ഭരണാധികാരിക്കെതിരെ തിരിയുന്നതിലൂടെ പൊതുവെ കുഴപ്പങ്ങൾ രൂക്ഷമാവുകയാണ് ചെയ്യുക. ഇമാം ഇബ്നു തൈമീയ്യ(റ) എഴുതുന്നു: “ഒരു ഭരണാധികാരിക്കെതിരെ തിരിഞ്ഞ ഏതൊരു കൂട്ടത്തെയും നോക്കിയാൽ, അവർ ഇല്ലാതാക്കിയ ദോഷത്തേക്കാൾ വലിയ കുഴപ്പം അവരുടെ പ്രക്ഷോഭം മുഖേന ഉണ്ടായിട്ടുണ്ട് എന്നതാണ് സാധാരണ കാണുന്നത്” (മിൻഹാജുസുന്ന, 3/391). അതിനാൽ, ചരിത്രാനുഭവങ്ങളും ശരീഅത്തിന്റെ പൊതുതത്വങ്ങളും പരിഗണിക്കുമ്പോൾ, ഭരണാധികാരിക്കെതിരായ പ്രക്ഷോഭം കൂടുതൽ ഗുരുതരമായ സാമൂഹിക-രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കപ്പെടേണ്ടതാണെന്നാണ് ഈ വാദത്തിന്റെ സാരാംശം.

ഈ വാദം ഖുറൂജ് നിഷിദ്ധമാണെന്ന് സ്ഥാപിക്കുന്നതിനുള്ള സാർവത്രിക തത്വമായി സ്വീകരിക്കുന്നതിൽ പിശകുണ്ട്. എല്ലാ ഖുറൂജുകളും കുഴപ്പങ്ങളിൽ മാത്രമേ പര്യവസാനിക്കുകയുള്ളു എന്ന ന്യായം ഉന്നയിച്ച്, ദീനിനെ സംരക്ഷിക്കുന്നതിൽ വലിയ ചുമതലയുള്ള ഭരണാധികാരിയുടെ എല്ലാ മതവിരുദ്ധതയും, വൃത്തികേടുകളും, ക്രൂരതകളും സഹിക്കണമന്ന ശാഠ്യം ഇസ്ലാമിന്റെ പൊതു മൂല്യങ്ങളെ തന്നെ തകർക്കുന്നതാണ്. കൂടുതൽ ഫിത്ന രൂപപ്പെടാൻ ഇടവരാത്ത വിധം, വിശ്വാസികൾ ശക്തി സംഭരിച്ച് അക്രമിയായ ഭരണാധികാരിക്കെതിരെ പ്രക്ഷോഭം നടത്തിയാൽ അത് നിഷിദ്ധമാണെന്ന് പറയാൻ ഇതൊന്നും ന്യായമേ അല്ല. മാത്രവുമല്ല എല്ലാ ഖുറൂജുകളും കൂടുതൽ ഫിത്നകളാണ് ബാക്കിയാക്കിയത് എന്ന തീർപ്പുകൽപ്പിക്കൽ ചരിത്രപരമായി ശരിയല്ല. ക്രൂരരായ ഭരണാധികാരികൾക്ക് എതിരെയുള്ള എത്രയോ പ്രക്ഷോഭങ്ങൾ സമൂഹങ്ങൾക്ക് വിമോചനവും പുതുജീവനും രാഷ്ട്രീയ-സാമൂഹിക പുനർനിർമാണത്തിനുള്ള അവസരങ്ങളും സമ്മാനിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷ്യമാണ്.

അതോടൊപ്പം, കുഴപ്പങ്ങൾ ഉണ്ടാകുന്നതിനാൽ ഖുറൂജ് നിഷിദ്ധമാണ് എന്നല്ല ഇക്കൂട്ടരുടെ  മൗലിക വാദം. മറിച്ച് ഭിന്ന വീക്ഷണം വെച്ച് പുലർത്താൻ പാടില്ലാത്ത വിധം ഖണ്ഡിതമായി ഖുറൂജ് ഹറാമാണെന്ന് ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ടെന്നാണ്. ഇത് തീർത്തും അജ്ഞതയും, സ്വഹാബത്തിനെ വരെ കുറ്റവാളികളാക്കുന്നതിലേക്ക് നയിക്കുന്ന വിശകലനവുമാണ്. ഹദീസുകൾക്ക് വിരുദ്ധമായി, ഇസ്ലാമിക ഭരണാധികാരിയായ യസീദിനെതിരെ ഹുസ്സൈൻ (റ) ഇറങ്ങി പുറപ്പെട്ടതിനാൽ ഹുസ്സൈൻ (റ) അധികാര ലംഘകനായെന്ന് (الباغي) കറാമിയ്യ പോലുള്ള വിഭാഗങ്ങളെ പറയാൻ പ്രേരിപ്പിച്ചത് ഈ അതിവാദമാണ്. സലഫി പണ്ഡിതൻ അല്ലാമാ ശൗഖാനി എഴുതുന്നു: “കറാമിയ്യ വിഭാഗവും, അവരെ അനുകൂലിക്കുന്ന ചില പണ്ഡിതരും ഈ വിഷയത്തിലെ ഹദീസുകൾ കർശനമായി പിടിച്ച് അതിരുകടന്നു പോയതായി പറയപ്പെടുന്നു. ഹുസൈൻ (റ) യസീദ് ഇബ്‌നു മുആവിയക്കെതിരെ തിരിഞ്ഞത് കാരണം, അവർ ഹുസൈനെ (റ) “الباغي” (അന്യായമായി കലാപമുണ്ടാക്കിയവൻ) എന്ന് വരെ വിധിച്ചു. അതേസമയം യസീദ് മദ്യപാനം ഉൾപ്പടെ ദോഷകരമായ പ്രവർത്തികളിൽ ഉൾപ്പെട്ട ആളായിരുന്നു. ഹുസൈൻ(റ)നെ കുറിച്ചുള്ള ഈ ആരോപണം അതീവ അത്ഭുതമുണ്ടാക്കുകയും, തൊലി പൊളിഞ്ഞ് പോവുകയും ചെയ്യുന്ന വർത്തമാനമാണ്” (നൈലുൽ ഔതാർ, കിതാബുൽ ഹുദൂദ്). ചുരുക്കത്തിൽ ഖുറൂജ് പാടില്ലെന്നതിന് തെളിവായി ഉദ്ധരിക്കുന്ന ഹദീസുകൾ ഖണ്ഡിത പ്രമാണല്ല, ഖുറൂജ് പാടില്ല എന്ന വിഷയത്തിൽ സ്വഹാബത്തിന്റെ കാലത്തിന് ശേഷം രൂപപ്പെട്ട ഇജ്‌മാഇൽ തന്നെയും ഏകോപനമില്ല. എന്ന് മാത്രമല്ല ഖുറൂജ് നടത്താൻ പാടില്ല എന്ന് അഭിപ്രായപ്പെട്ട പണ്ഡിതർ പോലും ഭരണാധികാരിയുടെ അതിക്രമം അതിരുവിട്ടാൽ, അയാൾക്കെതിരെ ഖുറൂജ് അനുവദനീയമായെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പ്രസിദ്ധനായ ഹദീസ് പണ്ഡിതൻ ഇമാം മുഹമ്മദ് ഇബ്‌റാഹീം അൽവസീർ (ഹി: 840) എഴുതുന്നു: “ഖുറൂജ് പാടില്ലെന്ന് പറഞ്ഞവർ പോലും യസീദ് ഇബ്ൻ മുഅാവിയ, ഹജ്ജാജ് ഇബ്ൻ യൂസുഫ് പോലുള്ള അതിക്രമം അത്യന്തം ഗുരുതരമായ ഭരണാധികാരികൾക്കെതിരെ പ്രക്ഷോഭം നയിക്കുന്നതിൽ ഇളവ് നൽകുന്നുണ്ട്. ഇത്തരം അവസ്ഥയിലുള്ളവരെ ഭരണാധികാരിയായി അംഗീകരിക്കാമെന്ന് ഗൗരവപ്പെട്ട പണ്ഡിതരാരും പറഞ്ഞിട്ടില്ല. എന്നാൽ അവരുടെ ചില വാക്കുകളുടെ പുറം അർത്ഥം മാത്രം കണ്ടവർക്ക് അങ്ങനെ തോന്നിയേക്കാം” (അറൗളുൽ ബാസിം, 1/51).

നാല്: അക്രമിക്കെതിരെ യുദ്ധം നയിക്കാമെന്ന വാദം ഇസ്ലാമിക ലോകത്ത് പ്രമുഖരായ പല പണ്ഡിതരും സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത വാദം ഖവാരിജുകളുടെ വാദമാണെങ്കിൽ മുസ്ലിം ലോകത്തെ അനിഷേധ്യരായ പല ഇമാമുമാരെയും ഖവാരിജുകളായി പ്രഖ്യാപിക്കേണ്ടി വരും. മദ്ഹബിന്റെ ഇമാമുമാരിൽ ഇമാം അബൂഹനീഫയുടെ (റ) നിലപാട് ഇതിൽ തീർത്തും അനുകൂലമാണ്. അദ്ദേഹത്തിൽ നിന്നും ഖുറൂജിന്റെ വിഷയത്തിൽ രണ്ട് നിലപാടുകൾ ഉദ്ധരിച്ച് വന്നിട്ടുണ്ട്. എന്നാൽ അബൂഹനീഫ ഇമാമിന്റെ സ്ഥിരപ്പെട്ട അഭിപ്രായമായി അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യൻ ഇമാം അബൂ യൂസുഫ് സ്ഥിരപപ്പെടുത്തുന്നത്, അക്രമിക്കെതിരെ യുദ്ധം നയിക്കാമെന്ന വീക്ഷണമാണ്. ഇമാം ജസ്സ്വാസ് പറയുന്നു: “അന്യായ ഭരണാധികാരികളോട് യുദ്ധം ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ വീക്ഷണം പ്രസിദ്ധമായിരുന്നു. അതുകൊണ്ടാണ് ഔസാഈ പറഞ്ഞത്: ‘അബൂ ഹനീഫയെ ഞങ്ങൾ പല കാര്യങ്ങളിലും സഹിച്ചു, എന്നാൽ അദ്ദേഹം ആയുധവുമായി (വാൾ ഉപയോഗിച്ച്) വന്നപ്പോൾ — അതായത് അക്രമികളോടുള്ള യുദ്ധം ഉദ്ദേശിച്ച് — ഞങ്ങൾ അത് സഹിക്കാൻ കഴിഞ്ഞില്ല’. നല്ലത് ചെയ്യാൻ പറയുകയും, തെറ്റ് തടയുകയും ചെയ്യൽ ആദ്യം വാക്കിലൂടെ നിർബന്ധമാണ്; അത് അംഗീകരിക്കപ്പെടില്ലെങ്കിൽ, പിന്നീട് വാളിലൂടെ ചെയ്യണം. ഇതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം (അഹ്‌കാമുൽ ഖുർആൻ, വാ:1, പേ:81). മാത്രവുമല്ല, സൈദ് ബിനു അലി ഉമവി ഭരണാധികാരിയായിരുന്ന ഹിശാം ബ്നു അബ്ദിൽ മലിക്കിനെതിരെ കലാപം നയിച്ചപ്പോൾ ഇമാം അബൂ ഹനീഫ ധനം നൽകി സഹായിച്ചത് പ്രസിദ്ധമാണ്. ജനങ്ങളോട് അദ്ദേഹം സൈദിന്റെ പക്ഷത്ത് അണിനിരക്കാൻ പ്രോത്സാഹനം നൽകിയിരുന്നു. ഈ ഖുറൂജിനെ ഇമാം അബൂഹനീഫ എല്ലാ നിലക്കും അനുകൂലിച്ചു എന്ന് മാത്രമല്ല, നബി(സ) ബദ്റിലേക്കുള്ള പുറപ്പെടലിനോട് ഉപമിക്കുകയും ചെയ്തതായി ഇമാം ജസ്സ്വാസ് രേഖപ്പെടുത്തിയിട്ടുണ്ട്. സൈദ്(റ) ഇമാം അബൂ ഹനീഫയുടെ സഹായം ആവശ്യപ്പെട്ട് ദൂതനെ അയച്ചപ്പോൾ അബൂ ഹനീഫ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞുവത്രേ: “ജനങ്ങൾ അദ്ദേഹത്തെ വഞ്ചിക്കില്ലെന്നും, സത്യസന്ധമായി അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നും ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തോടൊപ്പം ചേർന്ന് നിന്ന് അദ്ദേഹത്തെ എതിർക്കുന്നവരോട് ജിഹാദ് ചെയ്യുമായിരുന്നു. കാരണം അദ്ദേഹം നീതിമാനായ ഇമാമാണ്. എന്നാൽ അദ്ദേഹത്തിന്റെ പിതാവായ സയ്യിദ് ഹുസൈനെ ജനങ്ങൾ വഞ്ചിച്ചതുപോലെ ഇവരും വഞ്ചിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അതിനാൽ ഞാൻ അദ്ദേഹത്തെ എന്റെ സമ്പത്ത് കൊണ്ട് സഹായിക്കും; അതിലൂടെ അദ്ദേഹം തന്റെ എതിരാളികളെ നേരിടാൻ ശക്തനാകും”.

ഇമാം മാലിക്കിൽ നിന്നും ഈ വീക്ഷണം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ബ്നു അബ്ദില്ല (അന്നഫ്സുസകിയ്യ) അബ്ബാസി ഖലീഫ മൻസൂറിനെതിരെ യുദ്ധത്തിന് ഇറങ്ങിയപ്പോൾ മദീന നിവാസികൾ ഇമാം മാലിക്കിനോട് മുഹമ്മദിന് (റ) പിന്നിൽ അണിനിരക്കാൻ അനുവാദം ചോദിച്ചപ്പോൾ ഇമാം അനുവാദം നൽകുകയുണ്ടായി. “ഞങ്ങൾ മൻസൂറിന് ബൈഅത്ത് ചെയ്തവരല്ലേ?” എന്ന് അവർ ചോദിച്ചപ്പോൾ, “നിങ്ങൾ നിർബന്ധപൂർവ്വം ബൈഅത്ത് ചെയ്യപ്പെട്ടവരാണ്” എന്നാണ് ഇമാം മാലിക് പറഞ്ഞത് (താരീഖുത്വബരി 4/427).

ശാഫിഈ മദ്ഹബിലെ പ്രമുഖനായ ഇമാം ജുവൈനിയുടെ വീക്ഷണം ഖുറൂജ് പറ്റുമെന്നാണ്. ഇമാം തഫ്താസാനി അദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നു: “ഒരു ഭരണാധികാരി അന്യായം ചെയ്യുകയും അവന്റെ പീഡനം വ്യക്തമായി പ്രകടമാകുകയും, തെറ്റുകൾ നിർത്താൻ പറഞ്ഞിട്ടും അവൻ തിരുത്തുന്നില്ലെങ്കിൽ, സമൂഹത്തിലെ പ്രധാന നേതാക്കളും പണ്ഡിതരുമായ ആളുകൾ ചേർന്ന് അവനെ തടയാൻ ശ്രമിക്കണം, അത് ആയുധം എടുത്ത് പോരാടേണ്ടി വന്നാലും” (ശറഹുൽ മഖാസിദ്, 2/272).

ഹിജ്റ 467ൽ മരണമടഞ്ഞ ഇമാം അബ്ദുറഹ്മാൻ അദ്ദാവൂദിയിൽ നിന്നും ഇമാം ഇബ്നു തീൻ (ഹി: 611) ഉദ്ധരിക്കുന്നു: “അക്രമിയായ ഭരണാധികാരികളെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നത് ഇങ്ങനെയാണ് – അവരെ യാതൊരു കലഹവും അന്യായവും ഉണ്ടാക്കാതെ നീക്കം ചെയ്യാന്‍ കഴിയുമെങ്കില്‍, അത് നിര്‍ബന്ധമാണ്. അല്ലെങ്കില്‍, ക്ഷമയോടെ സഹിക്കുക തന്നെയാണ് നിര്‍ബന്ധം”. പണ്ഡിതരിൽ ഒരു വിഭാഗം ഈയൊരു വീക്ഷണം വെച്ച് പുലർത്തിയിട്ടുണ്ടെന്ന് ഇമാം അദ്ദാവൂദിയുടെ വിശകലനത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. ഇമാം ഇബ്നു ഹജർ ഫത്ഹുൽ ബാരിയിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട് (8/13). ഹനഫീ മദ്ഹബിലെ പ്രസിദ്ധനായ ഇമാം ഇബ്നു അഖീൽ (ഹി: 513), ഹമ്പലി മദ്ഹബിലെ പ്രമുഖനായ ഇമാം ഇബ്നുൽ ജൗസി (ഹി: 597), മാലിക്കി പണ്ഡിതനായ ഇമാം ഇബ്നു റസീൻ (ഹി:535) തുടങ്ങിയവർ അക്രമിയായ ഇമാമിനെതിരെ ഖുറൂജ് നടത്താമെന്ന് അഭിപ്രായപെട്ടവരാണ്. ഇമാം സുലൈമാൻ അൽമർദാവി (ഹി:885) അദ്ദേഹത്തിന്റെ അൽ ഇൻസാഫിലും, ഇമാം റുഹൈബാനി അദ്ദേഹത്തിന്റെ മത്വാലിബ് ഉലിന്നഹ്യിലും (വാ:6, പേ:266) ഇക്കാര്യം രേഖപെടുത്തിയിട്ടുണ്ട്. ഇമാം ഹസ്നുബ്നു അലി യസീദിനെതിരെ യുദ്ധം നടത്തിയതാണ് ഇവർ തെളിവായി ഉദ്ധരിച്ചത്.

മറാത്തിബുൽ ഇജ്മാഅ്

അഞ്ച്: ഈ വിഷയത്തിൽ ഇമാം ഇബ്നു ഹസം അദ്ദേഹത്തിന്റെ മറാത്തിബുൽ ഇജ്മാഇൽ വിശദമായ ചർച്ച നടത്തുന്നുണ്ട്. അതിന്റെ ചുരുക്കം ഇവിടെ വിവരിക്കാം. നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും നിർബന്ധ ബാധ്യതയാണ്. ആയുധം കൊണ്ട് ഭരണാധികാരിക്കെതിരെ പ്രക്ഷോഭം നടത്തിയാൽ മാത്രമാണ് ആ ബാധ്യത പൂർത്തീകരിക്കപ്പെടുകയുള്ളുവെങ്കിൽ ആയുധം ഉപയോഗിക്കൽ വാജിബാണ്. “വ്യക്തമായ കുഫ്ർ കണ്ടാൽ മാത്രമേ ഖുറൂജ് നടത്താൻ പാടുള്ളൂ”, നമസ്ക്കാരം നിലനിർത്തുന്ന കാലത്തോളം പ്രക്ഷോഭം നടത്തരുത്”, “നിന്റെ മുതുക് അടിക്കപ്പെട്ടാലും, നിന്റെ സമ്പത്ത് കവർന്നെടുക്കപ്പെട്ടാലും നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക”, “നീ കൊല്ലപ്പെടുന്ന അടിമയാവുക കൊലയാളിയായ അടിമയാവരുത്” തുടങ്ങിയ ഹദീസുകൾ നിരൂപാധികം ഭരണാധികാരിയുടെ അക്രമത്തിന് വിധേയപ്പെടണമെന്നതിന് തെളിവല്ല. സമ്പത്ത് കവർന്നെടുത്താലും നീ അനുസരിക്കണമെന്ന കൽപ്പന ന്യായമായ രീതിയിൽ ഭരണാധികാരി പിടിച്ചെടുക്കുന്ന ധനത്തെ പറ്റിയുള്ളതാണ്, അല്ലാത്ത പക്ഷം സമ്പത്ത് കവർന്നെടുക്കുമ്പോൾ, അത് തടയാൻ കഴിവുണ്ടായിരിക്കെ സ്വയം അക്രമിക്ക് വിധേയപ്പെടൽ “കുറ്റത്തിലും അക്രമത്തിലും നിങ്ങൾ പരസ്പ്പരം സഹകരിക്കരുതെന്ന” ആയത്തിനോട് വിരുദ്ധമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മുസ്ലിമിന്റെ പവിത്രമായ ധനം ഒരാൾ തട്ടിയെടുക്കുകയും, അത് തടയൽ സാധ്യമാണെന്നിരിക്കെ തടയാതിരിക്കുകയും ചെയ്യൽ ഖുർആനിന്റെ നസ്സ് കൊണ്ട് ഹറാമാണ്. “ഒരാൾ തിന്മ കണ്ടാൽ അത് കൈ കൊണ്ട് തടയണം, സ്വന്തം അവകാശത്തിന് വേണ്ടി പോരാടി കൊല്ലപ്പെട്ടാൽ അയാൾ ശഹീദാണ്, നന്മ കൽപ്പിക്കുകയും തിന്മ തടയുകയും ചെയ്തില്ലെങ്കിൽ അല്ലാഹുവിന്റെ ശിക്ഷ നിങ്ങളെ പിടികൂടും” തുടങ്ങിയ ഹദീസുകളൊക്കെ നിരൂപാധിക വിധേയത്വത്തിന് വിരുദ്ധമാണ്. അതിനാൽ ഒന്നുങ്കിൽ അനുസരണത്തിന്റെ ഹദീസുകൾ, അല്ലെങ്കിൽ ഇമാമിനോടുള്ള യുദ്ധത്തിന്റെ ഹദീസുകൾ, ഇവയിൽ ഒന്ന് നാസിഖാണെന്ന് ഇബ്നു ഹസം പറയുന്നു. സ്വാഭാവികമായും യുദ്ധം ചെയ്യാതിരിക്കുക എന്നത് ഇസ്ലാമിന്റെ ആദ്യ അവസ്ഥയായിരുന്നതിനാലും, യുദ്ധം ചെയ്യാനുള്ള അനുമതി പിന്നീട് ഉണ്ടായതിനാലും ഖുറൂജ് പറ്റും എന്ന നിലക്ക് പൊതു നിർദ്ദേശമുള്ള ഹദീസുകൾ നിരൂപാധിക വിധേയത്വം നിർബന്ധമാക്കുന്ന ഹദീസുകളെ നസ്ഖ് ചെയ്യുന്നു.

അദ്ദേഹം ഒരു ഉദാഹരണം ചോദിക്കുന്നുണ്ട്. ഒരു ഭരണാധികാരി ഉണ്ടെന്ന് കരുതുക. അവൻ യഹൂദന്മാരെയും ക്രിസ്ത്യാനികളെയും തന്റെ സഹായികളാക്കുകയും മുസ്ലിംകളിൽ നികുതി ചുമത്തുകയും, കുട്ടികളടക്കമുള്ള മുസ്ലിംകളെ കൊല്ലുകയും, സ്ത്രീകളെ അപമാനിക്കുകയും, അവരുടെ സമ്പത്തും കുടുംബവും പിടിച്ചെടുക്കുകയും ചെയ്യുന്നു. ഇതെല്ലാം ചെയ്യുമ്പോഴും അവൻ ഇസ്ലാം വിശ്വാസിയാണെന്ന് പറഞ്ഞ് നമസ്കാരം ഉപേക്ഷിക്കാതെ തുടരുന്നു. ഇയാൾക്കെതിരെ യുദ്ധം ചെയ്യാമോ?. ഇത്തരം ഒരു ഭരണാധികാരിക്കെതിരെ പൊരുതാൻ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ, അതിന്റെ ഫലം എന്തായിരിക്കും?. അയാളെ വെറുതെ വിട്ടാൽ എല്ലാവരെയും നശിപ്പിക്കും. ഒടുവിൽ അവനും അവന്റെ കൂട്ടരും മാത്രം ശേഷിക്കും. അതിനാൽ അയാൾക്കെതിരെ യുദ്ധം ചെയ്യരുതെന്ന് പറയൽ ഇസ്ലാമിന്റെ അടിസ്ഥാനത്തിനു തന്നെ വിരുദ്ധമാണെന്ന് ഇബ്നു ഹസം നിരീക്ഷിക്കുന്നു.

ഇനി യുദ്ധം ചെയ്യാം എന്ന് അവർ സമ്മതിച്ചാൽ, അദ്ദേഹം വീണ്ടും ചോദ്യം തുടരുന്നു. ഒരുപാട് പേരെ കൊല്ലുമ്പോൾ മാത്രമോ, അല്ലെങ്കിൽ ഒരാൾ മാത്രം കൊല്ലപ്പെടുമ്പോഴും അതേ നിലപാട് സ്വീകരിക്കാമോ? ഒരു സ്ത്രീയെ മാത്രം അപമാനിച്ചാൽ, അല്ലെങ്കിൽ ഒരാളുടെ സമ്പത്ത് മാത്രം അന്യായമായി എടുത്താൽ, അതും എതിർക്കാമോ?. എതിർക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ അത് അവിവേകമാകും. കാരണം ഒന്നിനെ മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായി പരിഗണിക്കുന്നുവെങ്കിൽ, അവർ തർക്ക വിരുദ്ധതയിൽപ്പെടുകയും തെളിവില്ലാതെ സ്വമേധയാ വിധിനിർണ്ണയം നടത്തുകയും ചെയ്യുന്നു; ഇത് യുക്തിപരമായി അംഗീകരിക്കാനാവാത്തതാണ്. എല്ലാം എതിർക്കണം എന്ന് അവർ സമ്മതിച്ചാൽ, അതോടെ തർക്കം അവസാനിച്ചു.

ഖുറൂജ് സമൂഹത്തിൽ രക്തച്ചൊരിച്ചിലുണ്ടാക്കുമെന്ന ന്യായവും യുക്തി രഹിതമാണെന്ന് ഇബ്നു ഹസം സമർഥിക്കുന്നു. ജിഹാദിൽ രക്ത ചൊരിച്ചിലും, കൊള്ളയും, ബന്ധനവുമൊക്കെ ഉണ്ടായിരിക്കെ തന്നെ ജിഹാദ് നിർബന്ധമാണെന്നതിൽ തർക്കമില്ല. ജിഹാദും, ഖുറൂജും ഇവ രണ്ടിനിടയിലും വേർതിരിവൊന്നുമില്ല. രണ്ടും ഖുർആനിലേക്കും, സുന്നത്തിലേക്കുമുള്ള ജിഹാദും, വിളംബരവുമാണെന്ന് അദ്ദേഹം പറയുന്നു.

ആറ്: നമസ്ക്കാരം നിഷേധിച്ചാൽ മാത്രമേ ഒരു ഭരണാധികാരി അയോഗ്യനാവുകയുള്ളു എന്ന വാദം ഉയർന്ന് വരാറുണ്ട്. ഇത് ശരിയല്ല. ശരീഅത്തിന്റെ ഏന്തെങ്കിലുമൊരു അടിസ്ഥാന തത്വം നിഷേധിക്കുകയോ, ജനങ്ങളെ ബിദ്അത്തിലേക്ക് ക്ഷണിക്കുകയോ ചെയ്‌താൽ അയാൾ ഇമാമാവാൻ യോഗ്യനല്ല. അയാൾ അത് തിരുത്തിയില്ലെങ്കിൽ അധികാര സ്ഥാനത്ത് നിന്നും പുറത്താക്കണം. ഇമാം ഖുർതുബി എഴുതുന്നു: “മതത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽപെട്ട നമസ്കാരം സ്ഥാപിക്കൽ, റമദാൻ നോമ്പ് പാലിക്കൽ, ശിക്ഷാ നിയമങ്ങൾ നടപ്പാക്കൽ എന്നിവ ഉപേക്ഷിക്കുകയും, ആളുകളെ അതിൽ നിന്ന് തടയുകയും ചെയ്യുന്ന ഭരണാധികാരിയെയും നീക്കേണ്ടത് അനിവാര്യമാണെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമില്ല. അതുപോലെ, മദ്യപാനം, വ്യഭിചാരം എന്നിവ അനുവദിക്കുകയും അത് തടയുന്നുമില്ലെങ്കിൽ അവനെ ആ സ്ഥാനത്തിൽ നിന്ന് നീക്കണമെന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായ വ്യത്യാസമില്ല” (കിതാബിൽ മുഫ്ഹിം, 12/98). അങ്ങനെയൊരു ഭരണാധികാരി അധികാരം ഉപേക്ഷിക്കാൻ വിസമ്മതിച്ചാൽ അയാൾക്കെതിരെ ഖുറൂജ് നടത്താം. മാലികി പണ്ഡിതനായ ഇമാം ഇബ്രാഹിം സഫാഖിസിയിൽ നിന്നും ഇമാം ഖസ്ത്വല്ലാനി അതിൽ ഇജ്മാഅ് ഉദ്ധരിക്കുന്നുണ്ട്. ഇമാം സഫാഖസി പറയുന്നു: “ഭരണാധികാരി കുഫ്റിലേക്കോ അല്ലെങ്കിൽ ബിദ്‌അത്തിലേക്കോ ആളുകളെ വിളിക്കുകയാണെങ്കിൽ, അയാൾക്കെതിരെ യുദ്ധം നടത്തണം എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിതരാണ്” (ഇർഷാദുസ്സാരി, 10/217). അഥവാ നമസ്ക്കാരം ഉപേക്ഷിക്കൽ മാത്രമല്ല, ദീനിൽ ബിദ്അത്തുകൾ ഉണ്ടാക്കുക, അത് കൽപ്പിക്കുക, തിന്മ തടയാതിരിക്കുക പോലുള്ള നടപടികളും ഒരാളെ സ്ഥാനഭ്രഷ്ടനാക്കാൻ മതിയായ കാരണമാണെന്ന് ഫുഖഹാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഏഴ്: കാഫിറായ ഭരണാധികാരിക്കെതിരെ ഖുറൂജ് നടത്താൻ പണ്ഡിത ലോകം വിശദീകരിച്ച നിബന്ധനകളൊക്കെയും അക്രമിയായ ഭരണാധികാരിക്കെതിരെ ഖുറൂജ് നടത്തുമ്പോഴും പാലിക്കപ്പെടണം. വ്യക്തികൾക്ക് സ്വയം ആയുധമെടുത്ത് ഇമാമിനെതിരെ ഇറങ്ങി പുറപ്പെടാൻ അനുവാദമില്ല. പ്രക്ഷോഭം വിജയിക്കുമെന്നതിൽ വലിയ പ്രതീക്ഷയുണ്ടാവണം. യുദ്ധത്തിന്റെ പരിണിതിയായി ഒട്ടേറെ നിരപരാധികളുടെ ജീവഹാനി മാത്രമാവരുത്. അക്രമിയായ ഇമാമിന് പകരം നീതിമാനായ മറ്റൊരു ഭരണാധികാരിയെ സ്ഥാപിക്കാൻ വേണ്ടിയാകണം. നീതിമാനല്ലാത്ത ഒരാളെ മാറ്റി മറ്റൊരു അക്രമിയെ അവരോധിക്കുന്ന സാഹചര്യമുണ്ടാവരുത്. അല്ലാമാ ഇബ്നു ഉസൈമീൻ കാഫിറായ ഇമാമിനെതിരെയുള്ള ഖുറൂജിന്റെ നിബന്ധനകൾ വിശദീകരിച്ച് കൊണ്ട് പറയുന്നു: “നമുക്ക് അയാളെ നീക്കാൻ കഴിയുമെങ്കിൽ, അപ്പോൾ നാം അയാൾക്കെതിരെ യുദ്ധത്തിനിറങ്ങും. എന്നാൽ നമുക്ക് കഴിയാത്ത പക്ഷം, നാം പ്രക്ഷോഭം നയിക്കേണ്ടതില്ല. കാരണം എല്ലാ മതപരമായ ബാധ്യതകളും നമ്മുടെ കഴിവിനും ശേഷിക്കും ആശ്രയിച്ചാണ്. ചിലപ്പോൾ നാം പ്രക്ഷോഭത്തിനിറങ്ങിയാൽ അതുമേഖേന നമുക്ക് ഉണ്ടാകുന്ന ദോഷം, ആ ഭരണാധികാരി അധികാരത്തിൽ തന്നെ തുടരുന്നതിനെക്കാൾ കൂടുതലാകാം. കാരണം അയാൾക്കെതിരെ ഇറങ്ങി പുറപ്പെട്ട്, ശേഷം അവൻ പ്രക്ഷോഭത്തെ അടിച്ചമർത്തി കൂടുതൽ ശക്തി കൈവരിച്ചാൽ, അതോടെ നമ്മൾ കൂടുതൽ ദുർബലരാകും. കൂടാതെ അവൻ തന്റെ അഹങ്കാരത്തിലും അടിച്ചമർത്തലിലും കൂടുതൽ മുന്നോട്ട് പോകും”. ഈ നിബന്ധനകളൊക്കെയും ഖുറൂജ് അനുവദനീയമാണെന്ന വാദം ഉന്നയിക്കുന്നവരും അംഗീകരിക്കുന്നുണ്ട്. ഇമാം അബൂഹനീഫയും, ഇമാം ജുവൈനിയും ഒക്കെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രത്യക്ഷത്തിൽ കുഫ്ർ ഉണ്ടാവുകയോ, നമസ്കാരം ഉപേക്ഷിക്കുകയോ ചെയ്‌താൽ മാത്രമേ ഖുറൂജ് നടത്തൽ അനുവദനീയമാവുകയുള്ളു എന്ന നിബന്ധനയിലാണ് വിയോജിപ്പുള്ളത്. അതിനാൽ ഇസ്ലാമിക രാഷ്ട്രങ്ങളെ ഒക്കെ ഉപാധികളില്ലാതെ ആക്രമിക്കാൻ ഫത്‌വ കൊടുത്തവരാണിവർ എന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്.

സംഗ്രഹം:

ഇസ്ലാമിക രാഷ്ട്രീയചിന്തയിൽ ഭരണാധികാരിയോടുള്ള അനുസരണവും, അദ്ദേഹത്തിനെതിരായ പ്രക്ഷോഭവും സംബന്ധിച്ച ചർച്ചകൾ ഏകമാനമായോ വികാരാധിഷ്ഠിതമായോ രൂപപ്പെട്ടതല്ല. ശരീഅത്തിന്റെ സമഗ്ര ലക്ഷ്യങ്ങൾ, സാമൂഹിക യാഥാർഥ്യങ്ങൾ, പൊതുതാൽപര്യങ്ങൾ (മസ്ലഹത്ത്), ദോഷഫലങ്ങൾ (മഫ്‌സദത്ത്) എന്നിവയുടെ സൂക്ഷ്മമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് അവ വികസിച്ചുവന്നത്. അതുകൊണ്ടുതന്നെ എല്ലാ സാഹചര്യങ്ങളിലും ഭരണാധികാരിയെ അനുസരിക്കണം എന്നതോ, അക്രമിയായ ഭരണാധികാരിക്കെതിരെ എല്ലാ ഘട്ടങ്ങളിലും ഖുറൂജ് നിർബന്ധമാണ് എന്ന നിലക്കുള്ളതോ ആയ അതിസരളമായ സമീപനങ്ങൾ അഹ്‌ലുസ്സുന്നയുടെ നിലപാടിനെ സമഗ്രമായി പ്രതിനിധീകരിക്കുന്നില്ല. ഖുർആൻ, സുന്നത്ത്, സ്വഹാബത്തിന്റെ പ്രയോഗങ്ങൾ, പിന്നീട് രൂപപ്പെട്ട ഫിഖ്ഹി നിരൂപണങ്ങൾ എന്നിവ വിശകലനം ചെയ്യുമ്പോൾ, അക്രമിയായ ഭരണാധികാരിയോടുള്ള സമീപനം സാഹചര്യാധിഷ്ഠിതമാണെന്നത് വ്യക്തമാകുന്നു. ഭരണകൂടത്തിനെതിരായ പ്രക്ഷോഭം സമൂഹത്തെ കൂടുതൽ അനർത്ഥത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും നയിക്കുന്ന സാഹചര്യങ്ങളിൽ സഹനവും വിധേയത്വവും മുൻഗണന നൽകപ്പെട്ടിട്ടുണ്ട്. അതേസമയം, ഭരണാധികാരിയുടെ അതിക്രമം ദീനിന്റെ അടിസ്ഥാന ഘടനകളെ തകർക്കുകയും, അനീതി വ്യവസ്ഥാപിതരൂപം കൈക്കൊള്ളുകയും, സമൂഹത്തിന്റെ മത-സാമൂഹിക നിലനിൽപ്പിനെ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഘട്ടങ്ങളിൽ, അദ്ദേഹത്തെ അധികാരത്തിൽ നിന്ന് നീക്കാനുള്ള ശ്രമം മതപരമായും രാഷ്ട്രീയപരമായും ന്യായീകരിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രമുഖ ഇമാമുമാരുടെ നിരീക്ഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഇമാം അള്ദു ദീൻ അൽഈജി (ഹി:756) എഴുതുന്നു: “ഒരു ഇമാമിനെ നീക്കാൻ ന്യായമായ കാരണമുണ്ടെങ്കിൽ സമൂഹത്തിന് അത് ചെയ്യാനുള്ള അവകാശമുണ്ട്. ഉദാഹരണത്തിന് മുസ്ലിംകളുടെ കാര്യങ്ങളിൽ അസ്ഥിരത ഉണ്ടാകുക, മതകാര്യങ്ങൾ തകരുക തുടങ്ങിവ. അയാളെ നിയമിച്ചതു പോലെ തന്നെ പുറത്താക്കാനും അവർക്കു അധികാരമുണ്ട്. അത് ഫിത്‍നക്ക് കാരണമാകുന്നുവെങ്കിൽ, രണ്ട് ദോഷങ്ങളിൽ ചെറിയ ദോഷത്തെ സഹിക്കണം” (ആൽമവാഖിഫ്, 8/352). സമാനമായ നിരീക്ഷണം ഇമാം ജുവൈനി (റ)യും നടത്തുന്നുണ്ട്. അതിനാൽ, ഖുറൂജിന്റെ വിഷയത്തെ “ഖവാരിജ് ചിന്ത” എന്ന ഒറ്റവാചക മുദ്രകൊണ്ട് നിരാകരിക്കുന്നത് ഉത്തമ നൂറ്റാണ്ട് മുതലുള്ള അഹ്‌ലുസുന്നയുടെ തീർത്തും പ്രാമാണികമായ ഒരു രാഷ്ട്രീയ സമീപനത്തിനെതിരെയുള്ള അപകടം നിറഞ്ഞ ആരോപണമാണ്.

ബിലാൽ ഇബ്നു അബ്ദുല്ല