Campus Alive

സഹോദരൻ അയ്യപ്പന്റെ ഓണപ്പാട്ടും കേരള ബൗദ്ധ നാഗരികതയും

വാമനാദർശം വെടിഞ്ഞ് പ്രാക്തന പ്രബുദ്ധ ജനായത്തമായ മാബലി വാഴ്ച്ച വരുത്തിടേണമെന്നാണ് സഹോദരൻ ഓണപ്പാട്ടിലൂടെ കേരള മക്കളെ ബോധിപ്പിക്കുന്നത്. വാമനൻ എന്ന വൈഷ്ണവ ബ്രാഹ്മണിസത്തിന്റെ കുള്ളൻ അവതാരം ദാനധർമ്മിയും വാക്കുപാലിക്കുന്നവനുമായ മാബലിയെന്ന അസുരവൽക്കരിക്കപ്പെട്ട ബൗദ്ധ ധമ്മചക്രവർത്തിയെ കൊടിയ ചതിയിലൂടെ ചവിട്ടിത്താഴ്ത്തി ഹൈന്ദവ സാമ്രാജ്യത്തം സ്ഥാപിച്ചു. മാമല്ലപുരം സൂചിപ്പിക്കുന്ന പോലെ മാമല്ലനും മാവേലിയും മഹാബലിയുമെല്ലാം പുത്തരുടെ പര്യായങ്ങളാണ്. അയ്യോതി താസ പണ്ഡിതരവർകൾ പുത്തരെ ഇന്ദ്രിയ വേന്ദനായ ഇന്ദിരർ എന്നും വിളിച്ചു, ഇന്ദിരർ ദേസ സരിത്രമെഴുതി. താസർക്കും അംബേദ്കർക്കുമിടയിലെ രണ്ടാം നവബുദ്ധവാദ പ്രസ്ഥാനം കേരളത്തിൽ മൂലൂരും സഹോദരനും സി. വി. കുഞ്ഞുരാമനും മിതവാദിയുമടങ്ങുന്ന ഗുരുശിഷ്യരാണ് 1920 മുതൽ 50 വരെ നയിച്ചത്. അയ്യൻ, അപ്പൻ, അച്ചൻ എന്നിങ്ങനെ വിളിക്കുന്നതും പുത്തരായ ബുദ്ധരെ തന്നെ. എല്ലാ മതക്കാരും തെന്നിന്ത്യയിൽ അയ്യോ എന്നേ വിളിച്ചു കരയൂ വലിയ വേദനയിലും അദ്ഭുതത്തിലും. രണ്ടായിരം വർഷത്തോളം നിന്ന തെന്നിന്ത്യൻ അശോക ബൗദ്ധ സഭ്യതയുടെ തിരുശേഷിപ്പാണീ അയ്യോ. ചേര, ചോള, പാണ്ഡ്യ മൂപ്പന്മാരെ പോലെ  അശോകൻ നാഗരീകവും ഭിക്കുനിമാരുമാണ് കേരളത്തെ സാക്ഷരമാക്കിയത്. കേരളത്തെ കുറിച്ചുള്ള ആദ്യ ലിഖിത പരാമർശം അശോകരുടെ കേരപുത്തോ എന്ന ധമ്മലിപിയിലുളള ശിലാശാസനങ്ങളിലാണ്. ആ ബൗദ്ധ നാഗരികതയാണ് സഹോദരൻ തന്റെ പദ്യ കൃതികളിലെ ബൗദ്ധകാണ്ഡത്തിലൂടെ ഭാഷയിൽ അനശ്വരമാക്കിയത്. ഓണപ്പാട്ടെഴുതിയ മധ്യകാല കവിക്ക് അദ്ദേഹം ആദര പരാമർശം നടത്തുന്നു കവിതയിൽ.

ഭാഷയുടെ അടിത്തട്ടിലാണ്ടു കിടക്കുന്ന ആ സിദ്ധരൂപത്തെയാണ് എം. ബി. മനോജിന്റെ ബുദ്ധരൂപം പോലുള്ള ആഖ്യാന കവിതകളും അടയാളപ്പെടുത്തുന്നത്. സഹോദരന്റെ ബുദ്ധകാണ്ഡവും മൂലൂരിന്റെ 1925-ലെ പാലിയിൽ നിന്നുള്ള ധമ്മപദവിവർത്തനവും മിതവാദിയുടെ ബുദ്ധതത്വപ്രദീപികയും ആശാന്റെ കരുണയും ചണ്ഡാലഭിക്ഷുകിയും ശ്രീബുദ്ധചരിതവുമെല്ലാം ഭാഷയിലെ പ്രബുദ്ധതയുടെ ജ്ഞാനനിക്ഷേപങ്ങളാണ്. കവിതയിലും ചിന്തയിലും ഭാഷയുടെ മർമങ്ങളിലും നിറഞ്ഞ അനിത്യ സാന്നിധ്യമാണ് പുത്തൻ. ഓണത്തപ്പനും മറ്റാരുമല്ല. ഭാവിയുടെ ബോധിസത്വനായ മായാനികൾ കാണുന്ന മൈത്രേയനത്രേ ഓണത്തപ്പൻ. സാവണോൽസവമായിരുന്നു ഓണം. ചങ്ങമെന്ന സംഘത്തിലേക്ക് അഥവാ ഇഴചേരുന്ന ഈഴത്തിലേക്കു കടന്നുവന്നവരെ മഞ്ഞച്ചേല കൊടുത്തു ചേലകളെന്ന ശിഷ്യരാക്കിയ പുത്തരുടെ പ്രവർത്തനമാണ് നമ്മുടെ മഞ്ഞക്കോടി കൊടുക്കൽ. വട്ടം, മുട്ടം, കുടം എന്നിങ്ങനെ അറിയപ്പെടുന്ന ബൗദ്ധസ്തൂപത്തെയും ധമ്മചക്രത്തേയുമാണ് വട്ടത്തിലുള്ള പൂക്കളവും തൃക്കാക്കരയപ്പനെന്ന ഗയയിലെ മഹാബോധി പഗോഡയുടെ ചെറു മാതൃകയും സൂചിപ്പിക്കുന്നത്.

ഗയയിലെ മഹാബോധി പഗോഡ

ഇന്നു സമകാലിക കവിതയിലെ ബൗദ്ധബിംബങ്ങളേയും സൂചകങ്ങളേയും കുറിച്ചുള്ള പല അന്വേഷണങ്ങളും പുറത്തു വരുന്നുണ്ട്. കേരളത്തിലെ നവബുദ്ധമത പ്രസ്ഥാനത്തെ വഴിനടത്തിയ സഹോദരനയ്യപ്പന്റെ പദ്യകൃതികളിലാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഒരു ബൗദ്ധകാണ്ഡം പ്രത്യക്ഷപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നവോത്ഥാന സാമൂഹ്യ വിപ്ലവങ്ങളുടെ ഭാഗമായി ഒരു സവിശേഷ സംസ്‌കാര രാഷ്ട്രീയ രചനയായി ‘ഓണപ്പാട്ടെ’ഴുതുകയും പാടിനടക്കുകയും 1934-ലെ തന്റെ പദ്യകൃതികളിൽ അച്ചടിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്തത് സഹോദരനാണ്.  ഇതിന്റെ ഈണവും ശീലും ഏതാനും വരികളും ഒരുപക്ഷേ അമ്മാനപ്പാട്ടുപോലെയോ വഞ്ചിപ്പാട്ടുപോലെയോ അടിത്തട്ടിലുള്ള ബഹുജനങ്ങളുടെ സംഘബോധത്തിൽ നിലനിന്നിരിക്കാം.  എന്നാൽ അതൊരിക്കലും പല പരമ്പരാഗത പണ്ഡിതരും വാദിക്കുന്നതു പോലെ പത്താം നൂറ്റാണ്ടോളം പിന്നോട്ടു പോകുന്നില്ല, കാരണം പാട്ടുസാഹിത്യത്തിന്റെ കാലമായ 12 മുതൽ 14 വരെയുള്ള നൂറ്റാണ്ടുകളിൽ പോലും മിശ്രമായ മലയാം തമിഴായിരുന്നു സാഹിത്യരചനയുടെ ഭാഷ.  പതിനാറാം നൂറ്റാണ്ടിൽ ജീവിച്ച എഴുത്തച്ഛന്റെ രചനയിൽ മാത്രമാണ് ഇന്ന് വായിക്കാവുന്ന രീതിയിലുള്ള മലയാളം ദൃശ്യമാകുന്നത്.  കേരളത്തിൽ സംഘകാലം തൊട്ടിങ്ങോട്ടു നിലനിന്ന പഴന്തമിഴിൽ ഒമ്പതാം നൂറ്റാണ്ടുമുതൽ സംസ്‌കൃതം കലർന്നുള്ള ഒരു മണിപ്രവാള സങ്കര ഭാഷ ഉണ്ടായി വരുന്നതായും ഇത് ആര്യാധിനിവേശമെന്ന ബ്രാഹ്മണാധിനിവേശത്തിന്റെ സൂചനയായും ഭാഷാസാഹിത്യചരിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.  ചുരുങ്ങിയത് പതിനഞ്ചാം നൂറ്റാണ്ടോടെ മാത്രമാണ് ഇന്നു വായിച്ചു മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള മലയാളത്തിന്റെ ആദിരൂപങ്ങൾ തന്നെ തെളിയുന്നതെന്നു വ്യക്തം.  ഇങ്ങനെ നോക്കുമ്പോൾ തെളിഞ്ഞ നവീന മലയാളത്തിലുള്ള ഓണപ്പാട്ടിന്റെ ആദ്യരൂപത്തിനു തന്നെ പതിനാറാം നൂറ്റാണ്ടിനപ്പുറത്തേക്കു പോകാനാവില്ല.

സഹോദരനയ്യപ്പൻ

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഈരാറ്റിങ്കൽ കുടിയിലെ പറയമൂപ്പനായ പാക്കനാരുടെ എട്ടുവരികൾ വീതമുള്ള തൊള്ളായിരം പാട്ടുകളിലൊന്നാവാം സഹോദരന്റെ ‘ഓണപ്പാട്ടി’ന്റെ പ്രാക്തന മാതൃക എന്നു പറയാറുണ്ട്.  1970-കളിൽ സഹോദരന്റേയും നവോത്ഥാന സാംസ്‌കാരിക പോരാളികളുടേയും മരണശേഷം ‘ആധികൾ വ്യാധികളൊന്നുമില്ല ബാലമരണങ്ങൾ കേൾപ്പതില്ല’ എന്ന വർണാശ്രമ ഭീതികളുൾപ്പെടുത്തി സഹോദരന്റെ ശക്തവും യുക്തിഭദ്രവുമായ ബ്രാഹ്മണിസത്തെ വിമർശിക്കുന്ന വരികൾ വെട്ടിനീക്കി മുഖ്യധാരാമാധ്യമങ്ങൾ വഴിയും ആകാശവാണി പോലുള്ള ഭരണകൂട ഉപകരണങ്ങളിലൂടെയും ഓണപ്പാട്ട് അജ്ഞാത കർതൃതമായും അനാദികാലം മുതൽ നിലനിൽക്കുന്ന ഒന്നായും പ്രചരിപ്പിക്കപ്പെട്ടു. ശംബൂകനെ ശൂദ്രമുനി അക്ഷരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തപ്പോഴാണ് ബ്രാഹ്മണബാലന്മാർ മരണപ്പെട്ടത്. ബാലമരണത്തെ കുറിച്ചുള്ള ആധി തികച്ചും ഹൈന്ദവവും വർണാശ്രമപരവും ബ്രാഹ്മണികവുമാണ്.  കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ നിരന്തര ഫാഷിസ്റ്റു പ്രചാരണത്തിലൂടെ അതങ്ങനെയാണെന്ന് പൊതുജനം കണ്ണടച്ചു വിശ്വസിക്കുന്ന അധീശസമവായം ഇവിടെ സൃഷ്ടിക്കപ്പെട്ടു. തികച്ചും ബ്രാഹ്മണികവും സവർണവുമായ ഒരു മാധ്യമ, അക്കാദമിക വരേണ്യസമവായമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നു കാണാം. സമൂഹത്തിന്റേയും സംസ്‌കാരത്തിന്റേയും രാഷ്ട്രീയത്തിന്റേയും എല്ലാ മേഖലകളിൽ നിന്നും ജാതിവിരുദ്ധമായ നവോത്ഥാനകാലത്തുരുത്തിരിഞ്ഞ ബ്രാഹ്മണിസത്തെ കുറിച്ചുള്ള വിമർശത്തെ ഗോപ്യമായി ഒഴിവാക്കിക്കൊണ്ട് കാൽപ്പനികവും വ്യാജഗൃഹാതുരപരവുമായ ഒരു സുവർണകാല ആഖ്യാനത്തിലേക്കും ബാലമരണങ്ങളേയും മറ്റു വ്യാധികളേയും കുറിച്ചുള്ള സവർണ ഹൈന്ദവ ആധികളിലേക്കും ഓണപ്പാട്ടിനെ ചെറുതാക്കി മലയാള കുലീനതയുടെ എഴുത്തധികാരവും അടയാളക്കോയ്മയും. പാക്കനാരുടെ വാമൊഴിയെന്നു പറയുന്ന പാഠത്തിലോ സഹോദരന്റെ 1934 മുതലുള്ള വരമൊഴി പാഠത്തിലോ ഇല്ലാത്ത ഈ ആധിയും വ്യാധിയും തികച്ചും ഹൈന്ദവവും വൈദികവുമാണെന്നു ബഹുജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ആന്തരാധിനിവേശമായ ഹിന്ദുദേശീയവാദം ഇന്ത്യയെ കീഴടക്കുകയും ബാലറ്റിലൂടെ തന്നെ അധികാരത്തിലേറുകയും ചെയ്തിരിക്കുന്ന ഈ സന്ദർഭത്തിൽ സാംസ്‌കാരികവും രാഷ്ട്രീയവുമായ ജാഗ്രതയും ചെറുത്തുനിൽപ്പും അനിവാര്യമായിരിക്കുന്നു. നാരായണഗുരുവും അയ്യങ്കാളിയും സഹോദരനും കറുപ്പൻമാഷും പൊയ്കയിലപ്പച്ചനും എണ്ണമറ്റ നവോത്ഥാന വിപ്ലവകാരികളും ഫൂലേയേയും അംബേദ്കറേയും പോലെ പാശ്ചാത്യ അധിനിവേശ ആധുനികതയുടെ വിമോചന സന്ദർത്തിൽ കേരളീയമായ പ്രബുദ്ധതയെ വീണ്ടെടുത്തുകൊണ്ടു സാധ്യമാക്കിയ മാതൃകാസ്ഥാനത്തിന്റെ ജാതിവിരുദ്ധതയും ബ്രാഹ്മണ്യവിമർശവും സമഭാവനയിലും സാഹോദര്യത്തിലുമൂന്നിയ മതേതരത്വവും നൈതികമായ സാമൂഹ്യജനായത്തവും നാം വിമർശ ചരിത്രാവബോധത്തോടെ സംരക്ഷിക്കേണ്ടിയിരിക്കുന്നു.

സഹോദരന്റെ 1934-ലെ ഓണപ്പാട്ട്

മാവേലി നാടുവാണീടും കാലം

മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കുംകാലം

ആപത്തങ്ങാർക്കുമൊട്ടില്ല താനും

കള്ളവുമില്ല ചതിവുമില്ല –

എള്ളോളമില്ല പൊളിവചനം

തീണ്ടലുമില്ല തൊടീലുമില്ല –

വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല

ചോറുകൾവച്ചുള്ള പൂജയില്ല –

ജീവിയെക്കൊല്ലുന്നയാഗമില്ല

ദല്ലാൾവഴിക്കീശസേവയില്ല

വല്ലാത്ത ദൈവങ്ങളൊന്നുമില്ല

സാധുധനികവിഭാഗമില്ല –

മൂലധനത്തിൻ ഞെരുക്കലില്ല

ആവതവരവർ ചെയ്തുനാട്ടിൽ –

ഭൂതി വളർത്താൻ ജനം ശ്രമിച്ചു

വിദ്യ പഠിക്കാൻ വഴിയേവർക്കും

സിദ്ധിച്ചു മാബലി വാഴും കാലം

സ്ത്രീക്കും പുരുഷനുംതുല്ല്യമായി

വാച്ചുസ്വതന്ത്രതയെന്തു ഭാഗ്യം?

കാലിക്കുകൂടി ചികിത്സ ചെയ്യാൻ

ആലയം സ്ഥാപിച്ചിതന്നു മർത്യർ

സൗഗതരേവം പരിഷ്കൃതരായ്

സർവ്വം ജയിച്ചു ഭരിച്ചുപോന്നോർ

ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി

ഭൂതികെടുക്കാനവർ തുനിഞ്ഞു

കൗശലമാർന്നൊരു വാമനനെ

വിട്ടു ചതിച്ചവർ മാബലിയെ

ദാനം കൊടുത്ത സുമതിതന്റെ

ശീർഷം ചവിട്ടിയായാചകനും

അന്നുതൊട്ടിന്ത്യയധഃപതിച്ചു

മന്നിലധർമ്മം സ്ഥലം പിടിച്ചു.

ദല്ലാൾ മതങ്ങൾ നിറഞ്ഞു കഷ്ടം!

കൊല്ലുന്ന ക്രൂര മതവുമെത്തി

വർണ്ണവിഭാഗവ്യവസ്ഥ വന്നു

മന്നിടം തന്നെ നരകമാക്കി

മർത്യനെ മർത്യനശുദ്ധനാക്കു –

മയ്ത്തപ്പിശാചും കടന്നുകൂടി

തന്നിലശക്തന്റെ മേലിൽകേറി

തന്നിൽ ബലിഷ്ഠന്റെ കാലുതാങ്ങും

സ്നേഹവും നാണവും കെട്ടരീതി-

മാനവർക്കേകമാം ധർമ്മമായി.

സാധുജനത്തിൻ വിയർപ്പു ഞെക്കി

നക്കിക്കുടിച്ചു മടിയർ വീർത്തു

നന്ദിയും ദീനകരുണതാനും

തിന്നുകൊഴുത്തിവർക്കേതുമില്ല

സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ

ഗർവ്വിഷ്ഠരീ ദുഷ്ടർ നാക്കറുത്തൂ

സ്ത്രീകളിവർക്കുകളിപ്പാനുള്ള

പാവകളെന്നു വരുത്തിവെച്ചു

ആന്ധ്യമസൂയയും മൂത്തു പാരം

സ്വാന്തബലം പോയ് ജനങ്ങളെല്ലാം

കഷ്ടമേ, കഷ്ടം! പുറത്തുനിന്നു –

മെത്തിയോർക്കൊക്കെയടിമപ്പെട്ടു

എത്രനൂറ്റാണ്ടുകൾ നമ്മളേവം

ബുദ്ധിമുട്ടുന്നു സഹോദരരേ

നമ്മെയുയർത്തുവാൻ നമ്മളെല്ലാ-

മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ

ബ്രാഹ്മണോപജ്ഞമാം കെട്ട മതം

സേവിപ്പവരെ ചവിട്ടും മതം

നമ്മളെത്തമ്മിലകറ്റും മതം

നമ്മൾ വെടിയണം നന്മ വരാൻ

സത്യവും ധർമ്മവും മാത്രമല്ലൊ

സിദ്ധി വരുത്തുന്ന ശുദ്ധമതം

ധ്യാനത്തിനാലെ പ്രബുദ്ധരായ

ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.

ആ മതത്തിന്നായ് ശ്രമിച്ചിടേണം

ആ മതത്തിന്നു നാം ചത്തിടേണം

വാമനാദർശം വെടിഞ്ഞിടേണം

മാബലിവാഴ്ച വരുത്തിടേണം

ഓണം നമുക്കിനി നിത്യമെങ്കിൽ

ഊനം വരാതെയിരുന്നുകൊള്ളും.

ഡോ. അജയ് ശേഖർ

അസി. പ്രൊഫസർ, ഇംഗ്ലീഷ് വിഭാഗം, സംസ്‌കൃത സർവകലാശാല കാലടി