Campus Alive

ദി ഗെയ്റ്റ്കീപ്പർ: കാഫ്കിയൻ അന്യാപദേശകഥയ്ക്കൊരു മറുവായന

നിയമത്തിന്റെ വാതിൽക്കൽ ഒരു കാവൽക്കാരൻ ഇരിക്കുന്നു. പേര് ആലിം. ആലിമെന്നതിനർത്ഥം  ജ്ഞാനിയെന്നാണെങ്കിലും അതേപ്പറ്റി ആലിമിന്ന് അറിവുണ്ടായിരുന്നില്ല. അയാളൊരു താത്താർ ആയിരുന്നു, അല്ലെങ്കിൽ താർത്താർ; ഉച്ഛാരണം നിങ്ങളെവിടുന്നു വരുന്നു ഏതു ഭാഷ സംസാരിക്കുന്നു എന്നതനുസരിച്ചിരിക്കും. ആലിം പള്ളിക്കൂടത്തിൽ പോയിട്ടുണ്ടായിരുന്നില്ല, തന്റെ പേരിന്റെയർത്ഥത്തെപ്പറ്റി ആരുമദ്ദേഹത്തോട് പറഞ്ഞു കൊടുത്തതുമില്ല. മരിക്കുന്നതിന്റെ മുന്നേ തന്റെ അച്ഛൻ പറഞ്ഞതിൽ നിന്നും പിന്നീട് അയൽക്കാരായ തന്റെ ഗോത്രത്തിൽ പെട്ട ചുരുക്കം ചിലരുടെ സംസാരത്തിൽ നിന്നുമൊക്കെയായി ജന്മനാടിനെപ്പറ്റി ചിലതൊക്കെ അദ്ദേഹത്തിനറിയാമായിരുന്നു. രാത്രിയത്താഴത്തിന് ശേഷം പുകവലിക്കാനായി ഒന്നിച്ചിരിക്കുന്ന സമയത്തു മാത്രമാണ് താത്താർ ആണുങ്ങൾ അവരുടെ ഭൂതകാലത്തെപ്പറ്റി സംസാരിക്കാറ്. രണ്ടു കടലുകളാൽ ചുറ്റപ്പെട്ട ഒരു ഉപദ്വീപിൽ വസിക്കുന്നവരായിരുന്നു ആലിമിന്റെ മുൻഗാമികൾ. തെക്കൻ മലയിലെ ഒരു മുന്തിരിപ്പാടത്ത് പണിയെടുത്തിരുന്ന കർഷകനായ അദ്ദേഹത്തിന്റെ അച്ഛൻ, റഷ്യക്കാര് ദ്വീപ് പിടിച്ചടക്കിയതോടെ രാജ്യം വിട്ടു. സാർ ചക്രവർത്തിയുടെ കല്പനക്കൊത്ത് കഴിയുന്നതിലും അന്തസ്സ് അതിനാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ കുടുംബം കരിങ്കടലു കടക്കുമ്പോൾ നീണ്ട മൂക്കുള്ള ആലിമിന് പന്ത്രണ്ട് വയസ്സായിരുന്നു. രാജ്യം വിടാനുള്ള വൈമനസ്യം കൊണ്ടോ അല്ലെങ്കിൽ ആണുങ്ങളോടൊപ്പം എത്താൻ പറ്റാത്തതു കൊണ്ടോ എന്തോ, ആലിമിന്റെ അമ്മ ആ കടലിൽ മുങ്ങിമരിച്ചു. അവരുടെ ശരീരം പോലും തിരികെയെടുക്കാനുള്ള നേരമുണ്ടായിരുന്നില്ല അന്ന്. അമ്മയെ പിന്നിലുപേക്ഷിച്ചു മുന്നോട്ടു പോകവേ അച്ഛൻ പറഞ്ഞ വാക്കുകളെ ആലിമിങ്ങനെ ഓർത്തെടുത്തു;

“സങ്കടങ്ങളെ ഹൃദയത്തിനടിയിൽ മറമാടുന്ന പോലെ അവളെയവിടെ മറമാടിയേക്കൂ.”

 

കോൺസ്റ്റന്റ രാജ്യത്തെ ഹ്രസ്വകാല ജീവിതത്തിന് ശേഷം അദ്ദേഹം ബൊഹീമിയയിലേക്ക് മാറി, അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ അച്ഛനും മരണപ്പെട്ടു. നാട്ടിൽ റഷ്യക്കാരുടെ ആക്രമണം നടക്കുന്ന ഘട്ടത്തിലും റുമേനിയയിൽ യുദ്ധം നടക്കുന്ന ഘട്ടത്തിലുമൊന്നും സൈന്യത്തിൽ ചേരാൻ ആലിമിന്റെ അച്ഛൻ കൂട്ടാക്കിയിരുന്നില്ല. ആ രണ്ടവസരത്തിലും അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു;

“എന്റെയീ കൈകൾ മുന്തിരി പറിക്കാനുള്ളതാണ്, അല്ലാതെ കാഞ്ചി വലിക്കാനുള്ളതല്ല.”

അച്ഛന്റെ മരണത്തിനു ശേഷം താത്താർ ആചാര പ്രകാരം ആലിം താടി വളർത്താൻ തുടങ്ങി, കൂർത്ത നീണ്ട മൂക്കിനൊപ്പം അതുകൂടെയായപ്പോൾ ഒരു ഉഗ്രഭാവം അദ്ദേഹത്തിൽ കൈവന്നു. പല സ്ഥലങ്ങളിലായി ഭാഗ്യ പരീക്ഷണം നടത്തി ഒടുവിൽ നിയമത്തിന്റെ കാവല്ക്കാരനായി ജോലി കണ്ടെത്തി. അപൂർവ്വമായ കേസുകൾക്കു വേണ്ടി മാത്രം, പട്ടണത്തിന്റെ പുറംപോക്കിലായി ആയിരുന്നു ഇത് സ്ഥിതിചെയ്തിരുന്നത്. ഒരിക്കലും വരാത്ത ആളുകളേയും കാത്ത് വാതിൽക്കൽ ഒരു പണിയും ചെയ്യാതെ വെറുതെയിരിക്കുന്നതിനാണ് താൻ ശമ്പളം വാങ്ങുന്നതെന്ന് അദ്ദേഹത്തിന് പലപ്പോഴും തോന്നി. ദിനേനയുള്ള അദ്ദേഹത്തിന്റെ ഈ ആവലാതി കേട്ട് അയൽപക്കത്തുള്ളൊരാൾ ഇങ്ങനെ തമാശിച്ചു;

“സാങ്കല്പികമായ എന്തോ ഒന്നിനല്ല താൻ കാവലിരിക്കുന്നതെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

അത്രയെളുപ്പത്തിൽ ചിരിക്കുന്നൊരാളല്ല ആലിം, ഈ വർത്തമാനത്തിലും അതിനുള്ളൊരു കാരണം അദ്ദേഹം കണ്ടതുമില്ല. ഒരു പ്രസന്ന പ്രഭാതത്തിൽ, പതിവുപോലെ താനിരിക്കാറുള്ളിടത്ത് ആരെയെന്നില്ലാതെയിങ്ങനെ കാത്തിരിക്കവേ ഒരാൾ തന്നെ ലക്ഷ്യമാക്കി നടന്നുവരുന്നത് അദ്ദേഹം കണ്ടു. തിടുക്കത്തിലൊരു തീർപ്പിലെത്താൻ മടിച്ചുകൊണ്ട് ആലിം കാത്തിരുന്നു. അടുത്തെത്തിയപ്പോൾ ഒരു ഹാങ്ങറിൽ തൂക്കിയിട്ടപോലെ ചുമലിൽ തൂങ്ങിയാടുന്ന കോട്ടു ധരിച്ച ഒരു വിളറിയ മനുഷ്യനെ ആലിം കണ്ടു. ഇത്രക്കും ശുഷ്കിച്ചൊരു മനുഷ്യന് അനുചിതമാം വിധം വലിയ ചെവികളായിരുന്നു അദ്ദേഹത്തിന്റേത്, അതുകൊണ്ട് തന്നെ അദ്ദേഹത്തെ കണ്ടാൽ ചിരിവരും. എങ്കിലും അദ്ദേഹത്തിന്റെ കണ്ണുകളിൽ സ്ഫുരിക്കുന്ന തെളിച്ചം ആലിമിന്റെ ശ്രദ്ധയാകർഷിച്ചു. അദ്ദേഹം എന്നെയാണോ നോക്കുന്നത് അതല്ല അദ്ദേഹത്തിലേക്ക് തന്നെ ആഴത്തിൽ നോക്കുകയാണോ അയാളെന്നു പറയുക പ്രയാസമായിരുന്നു. ആലിമിനാലോചിക്കാൻ സമയമില്ലായിരുന്നു. അയാളദ്ദേഹത്തിന്റെ അടുത്ത് വന്ന് അകത്തേക്ക് കടക്കാനുള്ള അനുവാദം കാത്ത് നിന്നു. അയാളെ അകത്തേക്ക് വിടാൻ ആലിമിന്ന് ഒരു നിവൃത്തിയുമുണ്ടായിരുന്നില്ല. കാലങ്ങളായി കാത്തിരിക്കുകയായിരുന്നു ആലിം. തന്റെ ജോലി ഒരു തമാശയല്ലെന്നും താൻ കാവലിരിക്കുന്ന നിയമം യഥാർത്ഥത്തിൽ നിലനിന്നിരുന്നുവെന്നും ഉള്ളതിന്ന് തെളിവായി തന്റെ മുന്നിൽ ഞെളിഞ്ഞു നിൽക്കുന്ന ആ മനുഷ്യൻ ഒരു ദൈവാധീനമായിരുന്നു. കൃതജ്ഞതയോടെ ആലിം അദ്ദേഹത്തെ തന്നെ നോക്കിനിന്നു. ഹ്രസ്വമായൊരു നിശ്ശബ്ദതയ്ക്ക് ശേഷം അദ്ദേഹത്തിന് ഇപ്പോൾ അകത്ത് കടക്കാൻ കഴിയില്ലെന്ന് ആലിം പറഞ്ഞു. കുറച്ച് സമയം പിടിച്ചുനിർത്തുകയെന്ന ഉദ്ദേശത്തോടെ “ഇപ്പോൾ” എന്ന വാക്കിന് അദ്ദേഹം ഊന്നൽ കൊടുത്തു. അയൊളൊന്നത്ഭുതം കൂറിയെങ്കിലും അത് പുറത്തു കാണിച്ചില്ല. കുറച്ചു കഴിഞ്ഞെങ്കിലും തനിക്കകത്ത് കടക്കാൻ കഴിയുമോയെന്ന് അദ്ദാഹം ശാന്തനായി ആരാഞ്ഞു.

“ചിലപ്പോൾ,” അയാളുടെ പ്രതീക്ഷകളെ അലട്ടിക്കൊണ്ട് ആലിം പറഞ്ഞു.

വല്ല സാധ്യതയുമുണ്ടോയെന്നറിയാൻ ആലിമിനു മുകളിലൂടെ ഗെയ്റ്റിനകത്തേക്ക് അദ്ദേഹം എത്തിനോക്കി. ആലിം ചിരിയടക്കിപ്പിടിച്ചു. പുറത്തുള്ളവരുടെ മുന്നിൽ വെച്ച് അദ്ദേഹമിതുവരെയും ചിരിച്ചിട്ടില്ല. തന്നേക്കാളും ശക്തരായ കൂടുതൽ കാവൽക്കാർ ഉള്ളിലുണ്ടെന്ന് അദ്ദേഹം അയാളോട് പറഞ്ഞു. ബാക്കിയുള്ളവരൊക്കെ അവിടുത്തുകാർ തന്നെയായിരുന്നുവെന്ന് അദ്ദേഹം അയാളോട് പറഞ്ഞില്ല. ഏറ്റവും താഴേത്തട്ടിലുള്ള ആലിം മാത്രം ഒരു അഭയാർത്ഥിയായിരുന്നു. തന്റെ കഥ കൂടുതൽ വിശ്വാസ്യയോഗ്യമാക്കുന്നതിനു വേണ്ടി മൂന്നാമത്തെ കാവല്‍ക്കാരന്‍റെ പേടിപ്പെടുത്തുന്ന ഒരു ചിത്രം അദ്ദേഹം വരച്ചുകാണിച്ചു. മറ്റു കാവൽക്കാരെപ്പറ്റിയുള്ള വാർത്ത ഒരുവളേ അയാളെ നിശ്ചലനാക്കി. ഉടനടി ആലിം അദ്ദേഹത്തിനിരിക്കാൻ ഒരു സ്റ്റൂള് നീക്കിയിട്ടു കൊടുത്തു. തളർന്നവശനായ ഒരു സഞ്ചാരിയുടെ മന്ദതയോടുകൂടി അയാളിരുന്നു. അയാൾ ആലിമിനെ ഉറ്റുനോക്കി—അദ്ദേഹത്തിന്റെ ചുമലും മൂക്കും ഒരു ഫ്ലീ മാർക്കറ്റിൽ നിന്നദ്ദേഹം മേടിച്ച നരച്ചു മുഷിഞ്ഞ രോമക്കോട്ടും പിന്നെയദ്ദേഹത്തിന്റെ താടിയും. അവിടുത്തുകാരായ ആളുകളിൽ ആ താത്താർ താടി എന്നും കൗതുകം ജനിപ്പിച്ചിരുന്നു. ഹൃദയം കൊണ്ടല്ലാതെ താടികൊണ്ട് ജീവിക്കുന്ന ഒരു താത്താറെന്ന പോലെ. ആലിമിനെ സംബന്ധിച്ചിടത്തോളം ആ താടിയായിരുന്നു അച്ഛനുമായി തനിക്കുള്ള സാമ്യതയുടെ ഏകയടയാളം. അയാളദ്ദേഹത്തോട് അകത്ത് കയറ്റാൻ അപേക്ഷിച്ചു കൊണ്ടേയിരുന്നു, ആലിം പിറുപിറുത്തുകൊണ്ട് സമയമായില്ലെന്ന് ആംഗ്യത്തിലൂടെ അദ്ദേഹത്തെ ധരിപ്പിച്ചു. ശേഷമദ്ദേഹം അയാളോട് ചോദ്യങ്ങൾ ചോദിച്ചുതുടങ്ങി.

“ജന്മനാട് വിട്ടു പോവാൻ നിർബന്ധിതരായ ജനങ്ങളെ തനിക്കറിയാമോ?”

അയാൾ കട്ടിയേറിയ പുരികം പൊക്കി എന്തോ ഒന്നു പറയാനോങ്ങി. പക്ഷേ ഒന്ന് തലയാട്ടുക മാത്രം ചെയ്തു. ആലിം അദ്ദേഹത്തിന്റെ ജോലിയും കൂലിയുമൊക്കെ തിരക്കിയെങ്കിലും വ്യക്തമായൊരു ഉത്തരം കിട്ടിയില്ല. ഏറ്റവുമൊടുവിൽ അദ്ദേഹത്തെ ഏറ്റവും അലട്ടിക്കൊണ്ടിരുന്ന ആ ചോദ്യം അയാൾ തൊടുത്തു വിട്ടു.

“മുങ്ങിമരിച്ച ആരെയെങ്കിലും പറ്റി തനിക്കറിയാമോ?”

ഒരു നിമിഷം അയാളൊരു അന്ധാളിപ്പ് കാണിച്ചെങ്കിലും വീണ്ടും അയാളൊന്നു തലയാട്ടുക മാത്രം ചെയ്തു. ഈ പിടിവാശിക്കാരനായ കാവൽക്കാരനെക്കൊണ്ട് പ്രകോപിതനാവുകയല്ലാതെ ആലിമിന്റെ ചോദ്യങ്ങളിലൊന്നും അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നില്ല. തന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ലഭിക്കുന്ന നിശ്ശബ്ദത ആലിമിനും രസിച്ചിരുന്നില്ല. എന്നാലും ഒരു കാവല്‍ക്കാരനും അയാളെ തടയാനുള്ള അധികാരമില്ലെന്ന ബോധം അയാൾക്കില്ലാതെ പോയതെങ്ങിനെ? ആലിം ചിന്തിച്ചു. നിയമം ആർക്കുമൊരു ഗുണവും ചെയ്തിട്ടില്ല, എന്നാലെല്ലാവരെയും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ആ രാജ്യക്കാരനായ ഈ മനുഷ്യന്റെ പച്ചയായ നിഷ്കളങ്കതയിൽ അത്ഭുതം കൂറുകയായിരുന്നു ആലിം. ഇതവനെക്കൊണ്ട് ചിന്തിപ്പിച്ചു. ഇയാളിവിടെ വന്നത് നിയമം വിളിപ്പിച്ചത് കൊണ്ടാണോ അതല്ല തന്നത്താൻ വന്നതാണോ? നിസ്സാരമായ എന്തോ സംശയം തീർക്കാൻ വേണ്ടി മാത്രമാണോ നിയമത്തിന്റെ പടിവാതിൽക്കലേക്ക് അദ്ദേഹം കയറിവന്നത്? അങ്ങനെയെങ്കിൽ അത് വെറും സമയം കളയലായിരിക്കും. ആലിം സ്വയം അടക്കിച്ചിരിച്ചു—അയാളെ ഉള്ളിലേക്ക് കടത്തിവിടാതിരിക്കുക വഴി ഒരു പക്ഷേ നിയമത്തിന് അദ്ദേഹമൊരു ഉപകാരം ചെയ്യുകയായിരിക്കാം. അല്ലെങ്കിൽ ഒരു പക്ഷേ അയാൾക്ക് തന്നെ ഒരു സഹായം ചെയ്യുകയായിരിക്കാം, അല്ലെങ്കിലും നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയുമെങ്കിൽ പിന്നെന്തിനാണ് നിയമത്തിന്റെ ഈ നൂലാമാലകളിൽ സ്വയം ചെന്നു ചാടുന്നത്? അയാൾ തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു വസ്തു പുറത്തെടുത്ത് ആലിമിന് നേരെ വെച്ച് നീട്ടിയപ്പോഴാണ് ആലിം ചിന്തയിൽ നിന്നുണർന്നത്. ആലിം അല്പനേരം അദ്ദേഹത്തെ നോക്കിനിന്ന ശേഷം മിണ്ടാതെ ആ സമ്മാനം സ്വീകരിച്ചു. സമയമൽപ്പം പിന്നിട്ടപ്പോൾ മറ്റൊരു സംഗതി ആലിമിനദ്ദേഹം വെച്ചു നീട്ടി. ആലിം അത് വീണ്ടും സ്വീകരിച്ചു. മൂന്നാമതും ഇതു തന്നെ സംഭവിച്ചപ്പോൾ ഇതു കൊണ്ടൊന്നും താൻ കയറ്റാൻ പോകുന്നില്ലെന്ന് ആലിം അയാളോട് പറഞ്ഞു. അയാൾക്ക് താൻ പ്രയത്നിക്കുന്നില്ലെന്ന തോന്നലുണ്ടാവാതിരിക്കാനാണ് ആ സമ്മാനങ്ങളൊക്കെ അദ്ദേഹം അയാളിൽ നിന്ന് വാങ്ങിച്ചത്. അയാൾ ക്ഷമയോടെ ഇരിപ്പു തുടർന്നു. ആലിമിന് ഒരു നിമിഷം ചെറിയ കുറ്റബോധം തോന്നിത്തുടങ്ങിയെങ്കിലും ആ സമയമായപ്പോഴേക്കും അദ്ദേഹം ശരിക്കും പെട്ടു കഴിഞ്ഞിരുന്നു. ഈ മനുഷ്യനാണ് അദ്ദേഹത്തിന്റെ ജോലിക്കൊരു അർത്ഥം നൽകിയത്. അയാളിവിടം വിട്ടു പോയാൽ വീണ്ടും എല്ലാം പഴയപടി അർത്ഥശൂന്യമായിത്തീരും. സമയം പോകുന്നതിനനുസരിച്ച് അയാൾ തന്റെ പക്കലിലുള്ളതിൽ എന്തെങ്കിലുമൊക്കെ ആലിമിന്റെ നേരെ വെച്ചുനീട്ടിക്കൊണ്ടേയിരുന്നു. പക്ഷേ വളരെക്കുറച്ചു മാത്രമേ അവർ രണ്ടുപേരും പരസ്പരം സംസാരിച്ചിട്ടുള്ളൂ. വൈകുന്നേരമായപ്പോഴേക്കും അയാൾ വിചിത്രമായ ചില ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി.  അയാൾ വിധിയെ പഴിക്കാൻ തുടങ്ങി. അസ്വസ്ഥനാകാൻ തുടങ്ങി, തണുപ്പ് കൊണ്ട് വിറയ്ക്കാൻ തുടങ്ങി, കണ്ണുകൾ ചക്രവാളത്തിലേക്ക് ഉറ്റുനോക്കി. അയാൾ വയസ്സായവനെപ്പോലെ തോന്നിപ്പിച്ചു, ഒരുതരം വിഭ്രാന്തിയുടെ അവസ്ഥയിൽ സ്വയം പിറുപിറുത്തു. അവരിങ്ങനെ പരസ്പരം മുഖാമുഖം നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് ഒരു ദിവസമല്ല അനേകം ദിവസങ്ങളും വർഷങ്ങളുമായെന്ന് ആ നിമിഷം ആലിമിന് തോന്നി. പൊടുന്നനെ അയാളെന്തോ ഒന്ന് പറയാനോങ്ങി. ആലിമെഴുന്നേറ്റ് അയാളുടെയടുക്കലേയ്ക്ക് ചെന്നു. വ്യക്തമായി കേൾക്കാൻ കഴിയാത്തത് കൊണ്ട് ആലിം ഒന്ന് മുന്നോട്ട് ചാഞ്ഞു. അയാളിങ്ങനെ മന്ത്രിച്ചു,

“അതെന്തേ ഞാനിവിടെ വന്നതു മുതൽ ആരുമീവഴിക്ക് വരാതെ പോയി?”

ആലിം പറഞ്ഞു,

“ഈ ഗെയ്റ്റ് നമുക്ക് വേണ്ടി മാത്രമുള്ളതാണ്. നിനക്ക് ശേഷം ഞാനിതടച്ചുപൂട്ടി എന്നെന്നേക്കുമായി ഇവിടം വിടും.”

അങ്ങേയറ്റം രോഗസ്ത്രനായി കാണപ്പെട്ട അയാൾ തളർന്നുവീഴുമോ എന്നു പോലും ആലിമിന് തോന്നി. അവർക്ക് പരസ്പരം എത്ര കുറച്ചു മാത്രമേ അറിയുകയുള്ളൂ എന്ന് ഒരുവളേ ആലിം തിരിച്ചറിഞ്ഞു. നിയുക്തമായ സമയം അവരെയാ വാതിൽക്കലെത്തിച്ചു. അകത്തേക്ക് കടക്കാൻ ശ്രമിക്കുന്ന ആ മനുഷ്യനെക്കുറിച്ച് അദ്ദേഹത്തിനൊന്നും അറിയാമായിരുന്നില്ല. ആ ജൂതനാവട്ടെ ‘കീഴ്ത്തട്ടിലുള്ള’ ആ കാവല്‍ക്കാരനെപ്പറ്റി അയാളുടെ നീണ്ട താടിക്കും മൂക്കിനും പിടിവാശിക്കുമപ്പുറം യാതൊന്നും അറിയുമായിരുന്നില്ല. വിധിയാൽ ഒരുമിച്ചവരും ചരിത്രത്താൽ വേർപെട്ടുകിടക്കുന്നവരുമായിരുന്നു അവർ. ചക്രവാളത്തിൽ വെളിച്ചം അസ്തമിക്കവേ കഠിനമായ ദുഃഖം ആ ദൃശ്യത്തെയാകെ ആവരണം ചെയ്തു. അടുത്തുള്ള മസ്ജിദിൽ നിന്ന് മുഅദ്ദിൻ പ്രാർത്ഥനയ്ക്ക് വിളിച്ചു. ആ രാജ്യക്കാരനായ മനുഷ്യൻ മരിക്കാനായിരിക്കുന്നു. നമസ്കാരത്തിനായി പഴയ പായ വിരിയ്ക്കവേ വേദനാജനകമായൊരു മൂകത ആലിമിനെ വന്നുപൊതിഞ്ഞു. അത്രയും ഏകാന്തത ജീവിതത്തിലൊരിക്കൽ പോലും അദ്ദേഹമനുഭവിച്ചിട്ടില്ല.

 

മനാഷ് ഫിറാഖ് ഭട്ടാചർജീ

അനുബന്ധം; കഥാകൃത്തിന്റെ കുറിപ്പ്

10 വർഷങ്ങൾക്കു മുമ്പാണ് ഞാനീ കഥയെഴുതുന്നത്, അതിൽ വീണ്ടും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയും ചെയ്തു. കാഫ്കയുടെ 99—ാം ചരമവാർഷികത്തിൽ തന്നെ അത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു. ബിഫോർ ദ ലോ എന്ന കഥയിൽ കാവല്‍ക്കാരന് കാഫ്ക നൽകിയ “അദ്ദേഹത്തിന്റെ രോമക്കോട്ട്… നീണ്ട മൂക്കും നീണ്ട കറുത്ത ഇടതൂർന്ന താർത്താർ താടിയും” എന്ന വിശദീകരണമാണ് കാവല്ക്കാരന്റെ സ്വത്വത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് (ഒരപരൻ എന്ന നിലയിൽ). ആ രാജ്യക്കാരനായ ആ മനുഷ്യന് നിയമത്തിനകത്തേക്ക് പ്രവേശിക്കുന്നതിലുള്ള വിഷമാവസ്ഥയിൽ നിർത്തുകയാണ് കാഫ്കയുടെ അന്യാപദേശകഥയുടെ വ്യാഖ്യാതാക്കളൊക്കെ ചെയ്തിട്ടുള്ളത്. അധികാരത്തിന്റെ, നിയമത്തിന്റെ വാതിൽ ഉദ്യോഗസ്ഥസംബന്ധമായ വശീകരണത്തോടും പതിഭ്രമതയോടും ദൃഢനിശ്ചയത്തോടും കൂടി കാത്തു സംരക്ഷിക്കുന്ന ഒരു ടിപ്പിക്കൽ ഫിഗറായാണ് കാവല്‍ക്കാരനെ എല്ലാവരും ഈ കഥയിൽ കണ്ടിട്ടുള്ളത്. പക്ഷേ നിയമത്തിനുള്ളിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ പ്രതിസന്ധിയെയും നൈരാശ്യത്തെയും വ്യാഖ്യാനിച്ചെടുക്കാനുള്ള പ്രതലമൊരുക്കുന്നത് ആ കാവല്‍ക്കാരനാണ്. സാഹിത്യം നിയമത്തെ അഭിമുഖീകരിക്കുന്ന ദൃഷ്ടാന്തകഥയായിട്ടാണ് ഴാങ്ങ് ദെറീദ ആ സന്ദർഭത്തെ വായിക്കുന്നത്; “നിയമം നിർമ്മിക്കപ്പെട്ട ഇടം.” കാവല്ക്കാരന്റെ ഭാഗത്തു നിന്ന് ആ കഥയെ വീണ്ടും പറയുകയാണ് ഞാൻ ചെയ്തത്. ഒരു ആധുനിക അന്യാപദേശകഥയെന്ന നിലയിൽ ചരിത്രത്തിൽ അത് മറ്റൊന്നാണ് പറയുന്നത്. കാവല്‍ക്കാരൻ ഇനിയൊരു കാവല്‍ക്കാരൻ മാത്രമല്ല, ഒരു പ്രത്യേകതരം ചരിത്രപരതയെ അയാൾ ഉൾവഹിക്കുന്നുണ്ട്. അപ്പോഴും ആ രാജ്യക്കാരനായ മറ്റേ മനുഷ്യൻ അസാധാരണവും നിഗൂഢവുമാണ്. കാവല്ക്കാരനുമായുള്ള അദ്ദേഹത്തിന്റെ സ്ഥലസംബന്ധിയായ വ്യത്യാസം അല്പം വ്യതിരിക്തമാണ്. പരസ്പരമുള്ള മുൻവിധി, തെറ്റിദ്ധാരണ എന്നീ പ്രശ്നങ്ങളെ മുൻനിർത്തിയാണ് അവരുടെ കണ്ടുമുട്ടലിനെ ഞാൻ പുനഃസൃഷ്ടിച്ചത്. നൈതികമായ പരാജയം ദുരന്തപൂർണമായ ഫലങ്ങളിലേക്ക് നയിക്കുന്ന ചരിത്രപരമായ ഒരു കൂട്ടിമുട്ടലിന്റെ രൂപകമായി ഈ അന്യാപദേശകഥയെ വായിക്കാം.

 

ദി ഗെയ്റ്റ്കീപ്പറിനെക്കുറിച്ച് തലാൽ അസദ്

കാഫ്കയുടെ പ്രസിദ്ധമായ അന്യാപദേശകഥയായ  ബിഫോർ ദ ലോയിൽ നിന്നാണ് മനാഷ് ഫിറാഖ് ഭട്ടാചർജിയുടെ മനോഹരമായ കഥ ഉരുത്തിരിയുന്നത്. എന്നെ സംബന്ധിച്ച് കാഫ്കയുടെ അർത്ഥത്തിന്റെ വ്യാഖ്യാനമല്ല ദ ഗെയ്റ്റ് കീപ്പർ, മറിച്ച് കാഫ്കയുടെ അർത്ഥത്തെ അഭിമുഖീകരിക്കുന്ന മറ്റൊരു അന്യാപദേശമാണ്. “ദുർഗ്രഹമായവ ദുർഗ്രഹമാണെന്ന് മാത്രം പറയുകയാണ് അന്യാപദേശ കഥകൾ ചെയ്യാനുദ്ദേശിക്കുന്നത്, അതു നമുക്കറിയുകയും ചെയ്യാം,” എന്നാണ് കാഫ്ക വിശ്വസിച്ചത്. ഈ അന്യാപദേശകഥ കൃത്യമായി ശ്രദ്ധിക്കുന്ന ഏതൊരാൾക്കും (എന്റെ ആദ്യ വായനയിൽ എനിക്കതിന് കഴിഞ്ഞിട്ടില്ല) ഈ കഥ ഒറിജിനലിനെ ചരിത്രം കൊണ്ട് (“യഥാർത്ഥത്തിലുള്ള സ്ഥലത്ത് വെച്ച് യഥാർത്ഥത്തിലുള്ള ആളുകൾക്ക് യഥാർത്ഥത്തിലെന്ത് സംഭവിച്ചു എന്നത്”)  പുനഃസ്ഥാപിക്കാനല്ല ശ്രമിക്കുന്നതെന്നും, മറിച്ച് വായനക്കാരനെ കാവല്ക്കാരന്റെ സ്വരൂപത്തിലേക്ക് സാങ്കല്പികമായി പ്രവേശിക്കാൻ ക്ഷണിക്കുന്ന മറ്റൊരു അന്യാപദേശകഥ വെച്ച് പുനഃസ്ഥാപിക്കുകയായിരുന്നു എന്നു ബോധ്യപ്പെടും. സാധ്യമായ എല്ലാ വ്യാഖ്യാനങ്ങൾക്കുമപ്പുറം കാഫ്കയുടെ കഥ നിയമത്തിനകത്ത് പ്രവേശനം ലഭിക്കാൻ ശ്രമിക്കുന്ന ജൂതന്റെ സന്ദിഗ്ധ സന്ധിയെ മാത്രമാണ് കൈകാര്യം ചെയ്യുന്നത്; കുടിയേറ്റക്കാരനായ താർത്താർ തനിക്ക് നിയോഗിക്കപ്പെട്ട കടമ നിർവ്വഹിക്കുക മാത്രമാണ് ചെയ്യുന്നത്. അപ്പോഴും നിയമത്തിനകത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നയാളും അദ്ദേഹത്തിന്റെ പ്രവേശനം നിയമപരമായി തടയുന്നയാളും അവര്‍ ചെയ്യുന്നതിൽ—അവര്‍ എന്താണെന്നതിലും—പരസ്പരം ആശ്രിതരാണ്. അതുകൊണ്ടാണ് ജൂതന്റെ പരാജയത്തിലും ക്രമേണയുള്ള മരണത്തിലും കുടിയേറ്റക്കാരനായ താർത്താർ ദുഃഖിതനാവുന്നത്. ഒരുപക്ഷേ പൂർണമായി ദുർഗ്രഹമല്ലെങ്കിലും മാനുഷികമായ ഒരു വിഷമസന്ധിയാണിതെന്ന് തീർച്ച.

കാഫ്കയുടെ ബിഫോർ ദ ലോ വായിക്കാൻ.

കടപ്പാട്: ദ സ്ക്രോൾ

സ്വതന്ത്ര വിവർത്തനം: മൻഷാദ് മനാസ്

മനാഷ് ഫിറാഖ് ഭട്ടാചർജീ