Campus Alive

ഹൃദയശൂന്യ വ്യവസ്ഥയാൽ തുടരുന്ന ഹിംസകൾ

(ഡോ. പായൽ തദ്വി സ്ഥാപനവൽകൃത കൊലപാതകത്തിനിരയായ സന്ദർഭത്തിൽ ഡോ. സിൽവയ കർപ്പഗം The News Minute ൽ എഴുതിയ ലേഖനം.)

ഡോ. പായൽ തദ്വി വെറുതെ കൊല്ലപ്പെട്ടതല്ല. അവൾ മാനസികമായി നിരന്തരം പീഡിപ്പിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും, അധിക്ഷേപിക്കപ്പെടുകയും, ഒറ്റപ്പെടുത്തപ്പെടുകയും ചെയ്തിരുന്നു. അതിന് ശേഷം മാത്രമാണ് അവൾ കൊല്ലപ്പെടുന്നത്.

പായൽ തദ്വിയുടെ കൊലപാതകികൾ അവർ ഇപ്പോൾ വഹിക്കുന്ന സാമൂഹിക സ്ഥാനങ്ങളിൽ ഉള്ളവരല്ലായിരുന്നുവെങ്കിൽ എന്ന് ഞാൻ ആലോചിച്ചു നോക്കി. അവർ പായൽ തദ്വിയുടെ സ്വന്തം സമുദായമായ ആദിവാസി മുസ്ലിം സമുദായത്തിൽ നിന്നുള്ളവരായിരുന്നെങ്കിലോ? അവർ ചെറുപ്പം മുതലേ മറ്റുള്ള പായൽ തദ്വികളോടൊപ്പം സൗഹൃദം സൂക്ഷിച്ചവരായിരുന്നെങ്കിലോ? അവർ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും, ഒരുമിച്ച് കളിക്കുകയും, ഒരേ തരത്തിലുള്ള പ്രണയാനുഭവങ്ങൾ പങ്കുവെക്കുകയും, സമാന പ്രദേശങ്ങളിൽ ജീവിക്കുകയും ചെയ്തിരുന്നെങ്കിലോ എന്നും ഞാൻ ആലോചിച്ചു.

ജാതി, മതം, നിറം, വർഗ്ഗം എന്നിവയെ നോക്കാതെ മറ്റുള്ളവരെ മാനിക്കണമെന്ന്  അവരുടെ മാതാപിതാക്കൾ അവരെ പഠിപ്പിച്ചിരുന്നെങ്കിൽ? “എന്തായാലും, നിനക്കു അപരിചിതരായവരോടും ഇഷ്ടമില്ലാത്തവരോടും നീ ഒരിക്കലും ക്രൂരമായി പെരുമാറരുത്” എന്ന് അവർ പറഞ്ഞിരുന്നെങ്കിൽ? കുടുംബാഘോഷങ്ങളിൽ സ്വന്തം ജാതി-വർഗ്ഗ വലയത്തിന് പുറത്തുള്ളവർക്കും പങ്കെടുക്കാനുള്ള സാധ്യതകളെ തുറന്നിട്ടിരുന്നെങ്കിൽ? “നിങ്ങൾ നല്ല മനുഷ്യരാകണം; വിജയം രണ്ടാമതാണ്” എന്ന് അവർ തങ്ങളുടെ മക്കളോട്  പറഞ്ഞിരുന്നെങ്കിൽ എന്നും ഞാൻ ആഗ്രഹിച്ചു പോയി.

പായലിന്റെ ചുറ്റുമുണ്ടായിരുന്ന ആളുകൾ അവൾക്കുവേണ്ടി പ്രതിരോധം തീർത്തിരുന്നെങ്കിൽ? കൊലയാളികളെ ചോദ്യം ചെയ്തിരുന്നെങ്കിൽ? പായലിനോട് കാണിച്ച മോശം പെരുമാറ്റത്തിനെതിരെ  അവർ പരാതിപ്പെട്ടിരുന്നെങ്കിൽ?

അവളെ പോലുള്ളവർക്കെതിരായ ഹിംസയും അപമാനവും സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതായിരുന്നെങ്കിൽ? അവളുടേത് പോലുള്ള മരണങ്ങൾക്ക് പിന്നാലെ പ്രതിഷേധങ്ങളും ബഹിഷ്‌കരണങ്ങളും ഉണ്ടായിരുന്നെങ്കിൽ? അത്തരത്തിലുള്ള മരണങ്ങൾക്ക് ശേഷം മരിച്ചവരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും, പ്രതികളുടെ ഗുണങ്ങളെ ന്യായീകരിക്കാൻ നടത്തുന്ന വ്യാജ വാദങ്ങളും ഇല്ലായിരുന്നെങ്കിൽ എന്നും ഞാൻ ആഗ്രഹിച്ചു.

സ്കൂളുകളിലും കോളേജുകളിലും ജോലി സ്ഥലങ്ങളിലും വിവേചനത്തിനെതിരെയുള്ള നിയമങ്ങൾ കർശനമായും മാപ്പില്ലാതെയും നടപ്പിലാക്കിയിരുന്നെങ്കിൽ? പായലിന്റെ കുടുംബം സ്വാധീനമുള്ളതും ശക്തമായ ബന്ധങ്ങളുള്ളതുമായിരുന്നെങ്കിൽ? അങ്ങനെയെങ്കിൽ അവരുടെ മകൾ കൂടുതൽ സുരക്ഷിതരാവുമോ? അവളുടെ പരാതികൾ അധികൃതരുടെ പിളരാത്ത പ്രതിരോധഭിത്തി തുരന്ന് മുന്നോട്ട് പോകുമോ?

അവളുടെ മരണത്തിന് ശേഷം എന്തെങ്കിലും, ആരെങ്കിലും മാറിയിട്ടുണ്ടോ? അവളുടെ സ്വന്തം സമൂഹത്തിലുള്ളവർക്കും, അവളെ പോലെ അരികുകളിൽ ജീവിക്കുന്നവർക്കും മാറ്റം സംഭവിച്ചിരിക്കാം. പണം, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, പോഷണം, അതിലും പ്രധാനമായി ആത്മാഭിമാനമുള്ള ജീവിതം എന്നിവയ്ക്കായി പോരാടുന്നവർക്കും മാറ്റം സംഭവിച്ചിരിക്കാം. അവളെപ്പോലെ തങ്ങൾ  എവിടെ നിന്നാണ് വന്നതെന്ന് മനസ്സിലാക്കുന്നവർക്കും,  എവിടേക്കാണ് പോകാൻ സാധ്യതയെന്ന് തിരിച്ചറിയുന്നവർക്കും മാറ്റങ്ങൾ സംഭവിച്ചേക്കാം.

എന്നാൽ, മാറ്റത്തെ ഉറച്ച നിസ്സംഗതയോടെ നിരസിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരു വിഭാഗം അവളുടെ കൊലയാളികൾ പ്രതിനിധാനം ചെയ്യുന്ന സമൂഹമാണ്. ഇവർക്കുള്ളിൽ ആത്മപരിശോധനയ്ക്കുള്ള സ്വാഭാവികമായ യാതൊരു സംവിധാനവും ഇല്ല; ശരി തെറ്റുകൾ പരിശോധിക്കേണ്ട നൈതിക ബോധവും ഇല്ല.  പ്രബലമായ ഒരേയൊരു മനോഭാവം പ്രത്യേക പദവികൾക്കും വിഭവങ്ങൾക്കും മേലുള്ള തങ്ങളുടെ ആധിപത്യ അവകാശബോധം മാത്രമാണ്.

ഡോ. പായൽ തദ്വി

ഡോ. പായൽ തദ്വിക്ക് ഈ വ്യവസ്ഥയെ തകർക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇത് ഹൃദയശൂന്യവും ആത്മരഹിതവുമായ, ധാർമ്മികമോ നൈതികമോ ആയ അസ്വസ്ഥതകളൊന്നും ഇല്ലാത്ത ഒരു സംവിധാനമാണ്. നിരന്തരമായി പരിഹസിച്ചും വേദനിപ്പിച്ചും ഉന്മൂലനം ചെയ്യേണ്ട വ്യതിചലനങ്ങളായാണ് പായലിനെ പോലുള്ളവരെ ഈ വ്യവസ്ഥ മനസ്സിലാക്കുന്നത്. ആയിരം വർഷമായി ഈ വ്യവസ്ഥ അവരെ നീതിപൂർവ്വം സമീപിച്ചിട്ടില്ല; ഇനി വരുന്ന ആയിരം വർഷവും അങ്ങനെ തന്നെ തുടരും.

പായൽ തദ്വി മരിച്ച സന്ദർഭത്തിൽ പൊതുജനാരോഗ്യ രംഗത്തുള്ള ചിലർ അനുശോചനവും രോഷകരമായ ഇടപെടലുകൾ നടത്തുകയും, ഇത്തരത്തിലുള്ള മരണങ്ങൾ ഇനി ഒരിക്കലും സംഭവിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൃദയസ്പർശിയായ ഒരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ, അതേ സംഘത്തിൽ നിന്നുള്ള, മുമ്പ് ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത രണ്ട് ഡോക്ടർമാർ, തങ്ങൾ നേരിട്ട ജാതി അടിസ്ഥാനത്തിലുള്ള പീഡനങ്ങളെ വ്യക്തമായി വിവരിച്ചു കൊണ്ട് ഇമെയിലുകൾ അയച്ചെങ്കിലും പൂർണമായ നിശബ്ദതയായിരുന്നു ഈ സംഘത്തിൻറെ പ്രതികരണം.

മരണത്തിനു ശേഷം മാത്രം എന്തുകൊണ്ടാണ് ജാതി കൂടുതൽ പ്രശ്നവൽക്കരിക്കപ്പെടുന്നത്? മരിച്ചുപോയവർക്ക് നീതി വേണ്ടാത്തതിനാലാണോ? അവർക്ക് സഹാനുഭൂതിയും ദുഃഖവും വിലാപവും പ്രതിഷേധവും മാത്രം മതിയോ? ഓരോ മരണത്തിനു ശേഷവും യഥാർത്ഥത്തിൽ എന്താണ് മാറുന്നത്? ഒരു ഘടനയും മാറുന്നില്ല. ഒരു സംഘടനയും ലജ്ജിച്ച് തല കുനിക്കുന്നില്ല. നഷ്ടപരിഹാരത്തിനും പ്രായശ്ചിത്തത്തിനും ഒരു നേതാക്കളും ആഹ്വാനം ചെയ്യുന്നില്ല. വാസ്തവത്തിൽ, ജീവിതം പതിവുപോലെ വീണ്ടും മുന്നോട്ട് പോകുന്നു. പായലിനെ ‘ഇഷ്ടപ്പെടുന്ന’ ആളുകൾ മാത്രമാണ് അല്പമെങ്കിലും ഭയക്കുന്നത്, ആത്മഹത്യയിലേക്ക് നയിക്കുന്ന സ്ഥാപനങ്ങൾ, എന്താണെന്ന് ചിന്തിക്കുന്നത്. പായലിനെ പോലുള്ളവരുടെ മാതാപിതാക്കൾ അവരുടെ കുട്ടികളുടെ വിജയത്തെക്കുറിച്ച് ഒരേസമയം സന്തോഷിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. 

നഗരങ്ങളിലെ വരേണ്യവർഗ, ആധിപത്യ ജാതി, വർഗ രോഗികളോട് പക്ഷപാതം കാണിക്കുന്ന ഒരു കൊളോണിയൽ അലോപ്പതി ആരോഗ്യ സംവിധാനത്തിന്റെ ഭാരം ഇന്ത്യക്കുണ്ട്. അക്ഷമ, പരിഹാസം, അപമാനം, സംവേദനക്ഷമതയില്ലായ്മ, മനഃപൂർവ്വം വേദനയുണ്ടാക്കൽ തുടങ്ങി ചെറിയ ഇടപെടലുകളിൽ പോലും ദരിദ്രരായ രോഗികളോടുള്ള ഡോക്ടർമാരുടെ അസ്വസ്ഥതകൾ പ്രകടമാണ്.

പ്രസവസമയത്ത് രോഗികൾ വേണ്ടത്ര തള്ളാത്തതിനാൽ അവരുടെ സ്വകാര്യ ഇടങ്ങളിൽ അടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഗുളികകളോ, മരുന്ന്-ഡോസ് അളവോ, ആശുപത്രി കാർഡുകളോ മറക്കുന്ന രോഗികൾ ശക്തമായി അധിക്ഷേപിക്കപ്പെടുന്നു. ഒരു ‘ലളിതമായ നിർദ്ദേശം’ മനസ്സിലാക്കാനാവാത്ത രോഗി വെറും രോഗിയല്ല, വിഡ്ഢിയാണെന്ന രൂപത്തിൽ, രോഗിയുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നു. അങ്ങനെ രോഗിയുടെ സാമ്പത്തിക ശേഷിയും സാമൂഹിക പദവിയും അവരോടുള്ള സമീപന രീതികളിൽ തന്നെ മാറ്റങ്ങൾ രൂപപ്പെടാൻ കാരണമാകുന്നു. 

പലപ്പോഴും തങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളോട് ഡോക്ടർമാർക്ക് അമർഷമാണ്. തങ്ങൾ കഠിനാധ്വാനികളും അനുകമ്പയുള്ളവരുമായാണ് ഡോക്ടർമാർ അവരെതന്നെ സ്വയം അവതരിപ്പിക്കാറുള്ളത്. ഡോക്ടർമാരുടെ മോശം പെരുമാറ്റത്തിന്റെ സവിശേഷ ഉദാഹരണങ്ങൾ അവരുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ അവർ പറയുക, “എല്ലാ ഡോക്ടർമാരും അങ്ങനെയല്ല” അല്ലെങ്കിൽ, “ചില ‘മോശം ആളുകൾ’ കാരണം നമ്മൾ എല്ലാവരെയും അത്തരത്തിൽ കളങ്കപ്പെടുത്തരുത്” എന്നൊക്കെയാണ്. ഇത്തരം വിശദീകരണങ്ങൾ  ആത്മപരിശോധനയിലേക്കും ആഴമേറിയ ആത്മവിമർശനത്തിലേക്കും നയിക്കില്ല.

ഇന്ത്യയിൽ ഡോക്ടർമാർക്ക് ലഭിക്കുന്ന അഞ്ച് വർഷത്തെ പരിശീലനത്തിനിടയിൽ ധാർമ്മികത, പ്രാഥമികാരോഗ്യ സംരക്ഷണം, ആരോഗ്യത്തിന്റെ സാമൂഹിക നിർണ്ണയ ഘടകങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. മിക്ക മെഡിക്കൽ കോളേജുകളിലും, പ്രത്യേകിച്ച് വളർന്നുവരുന്ന സ്വകാര്യ കോളേജുകളിൽ, ഉയർന്ന സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നും അത്യാവശ്യം സാമൂഹിക മൂലധനമുള്ള വിദ്യാർത്ഥികളാണ് അഡ്മിഷൻ നേടുന്നത്. ആരോഗ്യം രാജ്യത്തിന്റെ സാമൂഹിക സാഹചര്യങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ഒരു സാമൂഹിക വിഷയമാണെന്ന യാഥാർത്ഥ്യത്തെ ഈ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അതിനാൽ തന്നെ ഇവർ നഗരങ്ങളിലെ മുഖ്യധാരയിൽ നിന്ന് വ്യത്യസ്തമായി, അരികുകളിലുള്ള സാമൂഹ്യ ശരീരങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കുകയും അവരോടൊപ്പം ചേർന്ന് നിന്ന് സഹാനുഭൂതിയോടെ പരിചരണം സാധ്യമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. ഈ സാഹചര്യത്തിൽ, തന്റെ  സമുദായത്തിനായി ജൽഗാവിൽ ഒരു ആശുപത്രി സ്ഥാപിക്കാൻ സ്വപ്നം കണ്ട പായൽ തദ്വിയെന്ന ഡോക്ടറിന് ബദലായി മാറുക എന്നത് അസാധ്യമാണ്.

നിരവധി ക്രൂരമായ ആൾക്കൂട്ടക്കൊലകളും പിഞ്ചുകുഞ്ഞുങ്ങളുടെ ബലാത്സംഗങ്ങളും നിത്യ യാഥാർത്ഥ്യമായ ഒരു രാജ്യത്ത്, ഇത്തരം വ്യവസ്ഥാപിത മരണങ്ങൾ പലപ്പോഴും പെട്ടെന്ന് വിസ്മൃതിയിലാവുന്നു. നിലനിൽക്കുന്ന അനീതിയുടെ ഘടനയിലും വ്യവസ്ഥയിലും വളരെ ചെറിയ ഇളക്കങ്ങൾ മാത്രമേ സംഭവിക്കുന്നുള്ളൂ. നിങ്ങൾ എന്തുകൊണ്ട് മിടുക്കനും വൃത്തിയുള്ളവനും കൂടുതൽ അറിവുള്ളവനും ആയിരുന്നില്ല? നിങ്ങൾ എന്തുകൊണ്ട് പരാതിപ്പെട്ടില്ല? നിങ്ങൾ എന്തുകൊണ്ട് പരാതിപ്പെട്ടു? നിങ്ങൾ എന്തുകൊണ്ട് നേരത്തെ സംസാരിച്ചില്ല? നിങ്ങൾ എന്തുകൊണ്ട് പിന്നീട് സംസാരിച്ചില്ല? നിങ്ങൾ എന്തുകൊണ്ട് എഴുതി? നിങ്ങൾ എന്തുകൊണ്ട് എഴുതിയില്ല? എന്തുകൊണ്ട് ഇത്? എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല? തുടങ്ങിയ പ്രതികരണങ്ങളിലൂടെ എപ്പോഴും ഇരയിൽ കുറ്റം ആരോപിക്കാനാണ് വ്യവസ്ഥ ശ്രമിക്കുന്നത്.  

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എല്ലാവരും ദരിദ്രരല്ല. ചിലർ വളരെ നന്നായി വായിക്കുന്നവരും, ബുദ്ധിമാന്മാരും അവരുടെ സമ്പത്ത് പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ സമ്പന്നരോ ദരിദ്രരോ വ്യത്യാസമില്ലാതെ കീഴാള വിദ്യാർത്ഥികൾ ഈ ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് സ്വാഗതം ചെയ്യപ്പെടുന്നില്ല. അവർ  അപ്രത്യക്ഷരാകണം എന്ന് മാത്രമാണ് വരേണ്യ വിഭാഗങ്ങൾ അവരിൽ നിന്നും ആഗ്രഹിക്കുന്നത്. വാസ്തവത്തിൽ, സവർണ വിഭാഗങ്ങൾ വസിക്കുന്ന എല്ലാ ഇടങ്ങളിൽ നിന്നും കീഴാള വിദ്യാർഥികളെ ആസൂത്രിതമായി അദൃശ്യവൽക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നു. മുസ്ലീങ്ങളോടുള്ള വിദ്വേഷം ആഴത്തിൽ പടരുന്നു, ‘ബഹുമാനപ്പെട്ട’ ഡോക്ടർമാരുടെ അധിക്ഷേപകരമായ ഇസ്ലാമോഫോബിക് അഭിപ്രായങ്ങൾ അസാധാരണമല്ല.

മെഡിക്കൽ പ്രൊഫഷൻ അതിന്റെ ജാതീയ, വംശീയ, ഇസ്ലാമോഫോബിക്, വരേണ്യ പദവി യാഥാർഥ്യമായി നിലനിൽക്കുന്നുവെന്ന് അംഗീകരിക്കാൻ വിസമ്മതിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ഒരു ഡോക്ടർ രോഗിയുമായി പങ്കിടുന്ന സ്വകാര്യ ബന്ധത്തെ നിയന്ത്രിക്കാൻ ഒരു ബാഹ്യ ‘നിയന്ത്രണത്തിനും’ കഴിയില്ല. മെലിഞ്ഞ എച്ച്ഐവി പോസിറ്റീവ് രോഗികളോട് മാംസം കഴിക്കുന്നത് നിർത്താനും പച്ചക്കറികളും പഴങ്ങളും മാത്രം കഴിക്കാനും ഡോക്ടർമാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇത് വൈദ്യശാസ്ത്രത്തിന്റെ ശാസ്ത്രമല്ല, മറിച്ച് ജാതിയാൽ അടിച്ചേൽപ്പിക്കപ്പെട്ട മതമാണ്. അത് എങ്ങനെ കടന്നുവരും? അഞ്ച് വർഷത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ ആഴത്തിൽ വേരൂന്നിയ ഇത്തരം മുൻവിധികളെ പരിഹരിക്കാൻ സത്യത്തിൽ ആരും ഒന്നും ചെയ്യുന്നില്ല. അവ രോഗികൾക്ക് ലഭിക്കുന്ന ചികിത്സകളെ ബാധിക്കുന്നു, കൂടാതെ ‘വ്യക്തിപരമായ വിശ്വാസങ്ങൾ’ എന്ന നിലയിൽ   അവഗണിക്കാൻ കഴിയാതെയും വരുന്നു.

ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം അഭിസംബോധന ചെയ്യേണ്ടത് മെഡിക്കൽ പ്രൊഫഷനിൽ അത്യധികം അനിവാര്യമല്ലേ? ദയ, കാരുണ്യം, കരുതൽ, സ്നേഹം, സഹാനുഭൂതി തുടങ്ങിയ സാമൂഹിക ഗുണങ്ങൾ ഡോക്ടർമാർക്ക് ഉണ്ടായിരിക്കേണ്ടതല്ലേ? ജാതി, മത ഭേദമന്യേ എല്ലാ രോഗികളും വൈദ്യസഹായം തേടുന്ന പരിചരണ ഇടങ്ങളിലേക്ക് ജാതി പീഡനം നടത്തുന്ന ഡോക്ടർമാരെ എങ്ങനെയാണ് മെഡിക്കൽ കോളേജുകൾക്ക് തുറന്നുവിടാൻ കഴിയുന്നത്?

ഇപ്പോൾ അവശേഷിക്കുന്നത് സുന്ദരിയും, എപ്പോഴും പുഞ്ചിരിക്കുന്നവളും, അവിശ്വസനീയമാംവിധം അർഹതയുള്ളവളുമായ ഡോക്ടർ പായൽ തദ്‌വിയുടെ – തണുത്ത പോസ്റ്റ്‌മോർട്ടം ടേബിളിൽ മരിച്ചുകിടക്കുന്ന – ഓർമ്മകൾ മാത്രമാണ്. ശൂന്യവും ഏകാന്തവുമായ ഒരു മോർച്ചറിയുടെ ഇടനാഴികളിൽ നീതി, സമത്വം, സാഹോദര്യം എന്നീ വാക്കുകൾ അനന്തമായി പ്രതിധ്വനിക്കുന്നു എന്നതല്ലാതെ മറ്റൊന്നും മാറിയിട്ടില്ല.

വിവർത്തനം : ഷിബിൻ റഹ്മാൻ 

ഡോ. സിൽവിയ കർപ്പഗം