ഹുർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ അന്ത്യശാസനം അവസാനിച്ചപ്പോൾ മറ്റൊരു നാടകീയ നീക്കത്തിലൂടെ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുന്ന ട്രംപിനെയാണ് നാം കാണുന്നത്. ഈസ്റ്റർ ദിനത്തിൽ ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വാചകങ്ങളിലെ അസഭ്യവർഷം ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. അരോചകമായ ശരീരഭാഷയിൽ, അഹന്തയും ആത്മപ്രശംസയും വീമ്പുപറച്ചിലും കുത്തിനിറച്ച ട്രംപിൻ്റെ വാചാടോപങ്ങൾ അയാളെ ഇതിനകം ഒരു പരിഹാസകഥാപാത്രമായി മാറ്റിയിട്ടുണ്ട്. അപ്പോഴും അത് ഇങ്ങനെ പരിധി വിടുമെന്ന് പലരും കരുതിക്കാണില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കയുടെ പ്രസിഡണ്ട് മറ്റൊരു രാജ്യത്തിനും ജനതക്കുമെതിരെ ഉപയോഗിക്കുന്ന തെറിപ്രയോഗങ്ങൾ അതേപടി ലോകത്തെ കാണിക്കാൻ പറ്റാത്തത് കൊണ്ടാവണം പല മാധ്യമങ്ങളും എഡിറ്റ് ചെയ്താണ് ആ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. വംശീയച്ചുവയുള്ള തെറിവാക്കുകൾ കൊണ്ട് മാത്രമല്ല അത് ശ്രദ്ധിക്കപ്പെട്ടത്. ഇറാൻ്റെ ഊർജനിലയങ്ങളും പാലങ്ങളും അടക്കമുള്ള സിവിലിയൻ സംവിധാനങ്ങൾ ഒറ്റയടിക്ക് തകർത്ത് തരിപ്പണമാക്കുമെന്ന പരസ്യഭീഷണി അതിലുണ്ടായിരുന്നു. ഇതൊരു പുതിയ ഭീഷണിയല്ല, യുദ്ധം തുടങ്ങിയത് മുതൽ അമേരിക്കയും ഇസ്രായേലും ചെയ്ത് കൊണ്ടിരിക്കുന്ന കാര്യമാണ്.
ഇറാനികളെ ശിലായുഗത്തിലേക്ക് പറഞ്ഞയക്കുമെന്ന് നേരത്തെ പ്രഖാപിച്ച ട്രംപ് ഇത്തവണ പറഞ്ഞത് അവരെ നരകത്തിലേക്കയക്കുമെന്നാണ്. ഇറാൻ്റെ നാഗരികതയെത്തന്നെ ഒരിക്കലും തിരിച്ചുവരാത്തവിധം തുടച്ചുനീക്കുമെന്ന് പിന്നീടുള്ള സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് പ്രഖ്യാപിച്ചു. അന്തർദേശീയ നിയമങ്ങൾക്ക് വല്ല അർത്ഥവുമുണ്ടെങ്കിൽ ട്രംപിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കാൻ ഈ കുറച്ച് വാക്കുകൾ മാത്രം മതി !
വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ലോകത്തെ മുൾമുനയിൽ നിർത്തുകയും അതാസ്വദിക്കുകയും ചെയ്യുന്ന ട്രംപിൻ്റെ വ്യക്തിത്വത്തെക്കുറിച്ചും മനശ്ലാസ്ത്രത്തത്തെക്കുറിച്ചും നിരവധി പഠനങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. 2020 ൽ ഓക്‌സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച The Strange Case of Donald J Trump : A Psychological Reckoning എന്ന പുസ്തകം അക്കൂട്ടത്തിലൊന്നാണ്. പ്രമുഖ അമേരിക്കൻ സൈക്കോളജിസ്റ്റും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിസിറ്റി പ്രൊഫ്രസറുമായ ഡാൻ പി മക് ആഡംസ് ( Dan P McAdams) ആണ് ഗ്രന്ഥകാരൻ. സാധാരണ മനുഷ്യസ്വഭാവത്തിൽ നിന്ന് ട്രംപിനെ വേർതിരിച്ചു നിർത്തുന്നത് Episodic man എന്ന സവിശേഷതയാണ് എന്ന് ഗ്രന്ഥകാരൻ വാദിക്കുന്നു. മിക്ക മനുഷ്യർക്കും അവരുടെ ഭുതത്തെയും വർത്തമാനത്തെയും ഭാവിയെയും കൂട്ടിയിണക്കുന്ന ആത്മകഥാപരമായ ഒരു ആന്തരകഥയും (inner story) അതിലൂടെ രൂപപ്പെടുന്ന ഒരു ഐഡൻ്റിറ്റിയും ഉണ്ടാവും. ഇതാണ് അവരുടെ ജീവിതത്തിന് ലക്ഷ്യവും അർത്ഥവും താളപ്പൊരുത്തവും നൽകുന്നത്. ട്രംപിന് ഇതില്ല. അയാൾ ജീവിക്കുന്നത് പ്രോജ്വലമായ ഒരു വൈകാരിക വർത്തമാനത്തിലാണ്. ഓരോ മൊമൻ്റിനെയും ജയിക്കേണ്ടതായ ഒരു യുദ്ധവും എപിസോഡുമായിട്ടാണ് ട്രംപ് കാണുന്നത്. ഭൂതകാലത്തെക്കുറിച്ച ചിന്തയോ ഭാവിയെക്കുറിച്ച ഭദ്രമായ ഒരു പ്ലാനോ അയാൾക്കില്ല. ഓരോ നിമിഷത്തെയും ജയിക്കുക. എന്നിട്ട് അടുത്ത സംഘർഷത്തിലേക്ക് നീങ്ങുക. ട്രംപിൻ്റെ കരിസ്മയും ഏറ്റുമുട്ടൽ ശൈലിയും അസത്യത്തോടുള്ള അഭിവാജ്ഞയും നാർസിസിസ്സവും ഏകാധിപത്യ പ്രവണതയും മേൽപറഞ്ഞ ആന്തര കഥയുടെ അഭാവത്തിൽ നിന്ന് ഉണ്ടാവുന്നതാണെന്ന് മക് ആഡംസ് വാദിക്കുന്നു.
ട്രംപിൻ്റെ ഡീലുകൾ അഞ്ച് ഘടകങ്ങൾ ഉൾചേർന്നതാണെന്ന് ഗ്രന്ഥകാരൻ പറയുന്നു. ഒരു ആവശ്യം പൂർത്തീകരിക്കുക, അതിന് വേണ്ടി നിയമങ്ങൾ വളച്ചെടിക്കുക, ഒരു ഷോ പുറത്തെടുക്കുക, എതിർകക്ഷിയുടെ മേൽ പരമാവധി സമ്മർദ്ദമുണ്ടാക്കുക, എന്നിട്ട് ജയിക്കുക. ദീർഘകാല പ്രത്യാഘാതങ്ങളെ അവഗണിച്ചു കൊണ്ട്, വർത്തമാന നിമിഷത്തിൻ്റെ അധികാരചലനങ്ങളിലാണ് ട്രംപിൻ്റെ ചിന്തകൾ വിഹരിക്കുന്നത്.
അമേരിക്കയെ ട്രംപ് കാണുന്നത് ഒരു ഭൗതിക ശക്തിയായിട്ടാണ്, ധാർമിക ശക്തിയായിട്ടല്ല. അമേരിക്കയിലെ മുൻ പ്രസിഡണ്ടുമാർ ഏകാധിപത്യവിരുദ്ധത, മനുഷ്യാവകാശങ്ങൾ തുടങ്ങിയ മൂല്യങ്ങൾ വാക്കിലെങ്കിലും കൊണ്ടുനടക്കാറുണ്ടായിരുന്നു. ട്രംപിന് എല്ലാം കച്ചവട ഇടപാടുകളാണ്. പോളിസികൾ വിലയിരുത്തപ്പെടുന്നത് പെട്ടെന്നുള്ള വിജയവും മേധാവിത്ത പ്രകടനവും കാഴ്ചവെക്കാൻ അതിന് കഴിയുന്നുണ്ടോ എന്ന് നോക്കിയാണ്. അതിലെ നൈതികത ട്രംപിനെ സ്സംബന്ധിച്ചിടത്തോളം പരിഗണനാ വിഷയമേയല്ല.
യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ട്രംപിൻ്റെ വാക്കുകളും പ്രവൃത്തികളും ശ്രദ്ധിച്ചാൽ മക് ആഡംസിൻ്റെ നിരീക്ഷണങ്ങൾ കൃത്യമാണെന്ന് തോന്നിപ്പോവും. നുണകൾ കൊണ്ടും വാചാടോപം കൊണ്ടും ഓരോ മൊമൻ്റിനെയും ജയിക്കാൻ ശ്രമിക്കുന്ന ട്രംപിനെ നമുക്കവിടെ കാണാം. ഇറാൻ അധികൃതർ ചർച്ചയുടെ സാധ്യതയെ നിരാകരിക്കുമ്പോഴും അവർ ഡീലിന് വേണ്ടി യാചിക്കുകയാണെന്ന് ട്രംപ് നുണ പറയും. കഴിഞ്ഞ വർഷം ജൂണിൽ ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ടപ്പോൾ ട്രംപ് പറഞ്ഞത് അവരുടെ ആണവ ശേഷിയെ തകർത്തു തരിപ്പണമാക്കി എന്നായിരുന്നു. ഫെബ്രുവരി 28 ന് ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ അതിന് പറഞ്ഞ ന്യായം ഇറാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആണവായുധം ഉണ്ടാക്കാൻ പോകുന്നുവെന്ന്! ഇറാൻ അമേരിക്കയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് മറ്റാരു നുണ ബോംബ് ! ‘ഇറാനിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു,’ ‘ഹുർമുസ് കടലിടുക്ക് ഞാനും ആയത്തുല്ലയും ചേർന്ന് നിയന്ത്രിക്കും’ ‘ഹുർമുസ് കടലിടുക്കിൽ അമേരിക്കക്ക് കാര്യമൊന്നുമില്ല, അത് ആവശ്യമുളളവർ സംരക്ഷിച്ചുകൊളളട്ടെ’ തുടങ്ങിയ വിചിത്രവും പരസ്പര വിരുദ്ധവുമായ പ്രസ്താവനകളും ട്രംപിൽ നിന്ന് നാം കേട്ടു. ഒരു ഘട്ടത്തിൽ ബ്രിട്ടൻ്റെയും ഫ്രാൻസിൻ്റെയും യുദ്ധക്കപ്പലുകളെ കളിക്കോപ്പുകൾ (toys) എന്ന് പരിഹസിക്കുന്നേടത്തോളം ചെന്നെത്തി ട്രംപിൻ്റെ വിടുവായത്തം! യുദ്ധത്തിൽ പങ്കുചേരാനുളള ട്രംപിൻ്റെ അഭ്യർത്ഥനയോട് അനുകൂലമായി പ്രതികരിക്കാത്തതായിരുന്നു കാരണം. തൻ്റെ വാക്കുകളും പ്രവൃത്തികളും തിരിച്ചടിക്കുന്നുവെന്ന് കാണുമ്പോഴും താനാണ് ജയിക്കുന്നത് എന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള പിടിവാശിയായിരുന്നു ട്രംപിന്.
എല്ലാ അമേരിക്കൻ പ്രസിഡണ്ടുമാരും വിശ്വസിച്ചത് അമേരിക്കയാണ് ലോകം ഭരിക്കേണ്ടത് എന്നായിരുന്നു. ട്രംപ് വിശ്വസിക്കുന്നത് താനാണ് ലോകം ഭരിക്കുന്നത് എന്നാണ്. രാജാക്കന്മാർ വേണ്ട (No kings) എന്ന് വിളിച്ചുപറയാൻ അമേരിക്കൻ തെരുവുകളെ പ്രേരിപ്പിക്കുമാറ്, അയാളുടെ മാനറിസങ്ങൾ അതിരു വിട്ടിരിക്കുന്നു. അമേരിക്കൻ കോൺഗ്രസ്സിനോട് പോലും കൂടിയാലോചിക്കാതെയാണ് ട്രംപ് ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ട്രംപിൻ്റെ ഏകാധിപത്യ പ്രവണതയും കുടിയേറ്റ വിരുദ്ധ, സ്ത്രീവിരുദ്ധ, തീവ്രവലതുപക്ഷ നിലപാടുകളും ഒന്നാമൂഴത്തിൽ തന്നെ വെളിപ്പെട്ടതാണ്. എന്നിട്ടും അമേരിക്കൻ ജനത ഒരു ഇടവേളക്ക് ശേഷം വീണ്ടും അയാളെ അധികാരത്തിലേറ്റി. ട്രംപിനെപ്പോലെ ഒരാൾക്ക് ഒന്നിലധികം തവണ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലിരിക്കാൻ കഴിയുന്നു എന്നത് ആധുനിക ദേശരാഷ്ട്രത്തിൽ ജനാധിപത്യം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൻ്റെ സൂചനയാണ്. ട്രംപിനെ പോലുളള വ്യക്തികൾ അവരുടെ വിചിത്രമായ പെരുമാറ്റത്തിലൂടെ ജനങ്ങളിൽ ഉൽപാദിപ്പിക്കുന്ന ആരാധനാ മനോഭാവത്തെക്കുറിച്ച് നേരത്തെ പറഞ്ഞ പുസ്‌തകത്തിൽ ഗ്രന്ഥകാരൻ എഴുതുന്നുണ്ട്. വംശീയതയുടെയും കുടിയേറ്റ വിരുദ്ധതയുടെയും വികാരങ്ങളെ ഊതിയുണർത്തിയാണ് ട്രംപ് രണ്ടാമതും അധികാരത്തിലേറിയത്. ആധുനിക ജനാധിപത്യവും സാമ്രാജ്യത്വവും എങ്ങനെ അനുപൂരകമായി നിലകൊളളുന്നു എന്നതിൻ്റെ ഏറ്റവും നല്ല മാതൃക കൂടിയാണ് അമേരിക്ക. ഇതരരാജ്യങ്ങളിൽ അധിനിവേശം നടത്താനും ജനാധിപത്യത്തെ കൊലചെയ്യാനും അമേരിക്കൻ പ്രസിഡണ്ട്മാർക്ക് അധികാരം നൽകുന്ന ‘ജനാധിപത്യ’ പ്രക്രിയയാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പുകൾ. അലിഖിതമായ ആ അധികാരത്തെ ചോദ്യം ചെയ്യാൻ ഐക്യരാഷ്ട്രസഭക്ക് പോലും അനുവാദമില്ല. വെനിസ്വേലയുടെ പ്രസിഡൻ്റ് നിക്കോളസ് മദുരോയെ തട്ടിക്കൊണ്ടു പോയി രായ്ക്കുരാമാനം അവിടെ ഒരു പാവ ഭരണകൂടത്തെ ട്രംപ് പ്രതിഷ്ഠിച്ചപ്പോഴും, ഇറാൻ്റെ മേൽ അനീതിപരമായ യുദ്ധം അടിച്ചേൽപിച്ചപ്പോഴും അതിനെതിരെ ഒരു പ്രമേയം പോലും ഐക്യരാഷ്ട്രസഭയിൽ വരാതിരുന്നത് അത് കൊണ്ടാണ്. ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചപ്പോഴേക്കും അമേരിക്കൻ ആക്രമണത്തിനെതിരെ സംസാരിക്കാൻ നാവു പൊങ്ങാത്ത ലോകരാജ്യങ്ങൾ ഇറാനെതിരെ പ്രമേയവുമായി യു. എൻ രക്ഷാസമിതിയിൽ അണിനിരന്നു ! സ്വന്തം മേൽക്കോയ്മയെയും അമേരിക്കയുടെ ലോകാധിപത്യത്തെയും അരക്കിട്ടുറപ്പിക്കാൻ വേണ്ടിയാണ് ട്രംപ് യുദ്ധം ചെയ്യുന്നത്. നൈതികതയുടെ അംശമില്ലാത്ത, ആധിപത്യത്തിൻ്റെയും അധിനിവേശത്തിൻ്റെയും ശരീരഭാഷയാണ് അയാളുടേത്.

ഇറാനിലെയും മിഡിൽ ഈസ്റ്റിലെയും അമേരിക്കൻ ഇടപെടലിൻ്റെ ചരിത്രവും ഭൗമരാഷ്ട്രീയവും നിരീക്ഷിക്കുന്ന പലരും ഇറാണതിരെ ഒരു യുദ്ധം നേരത്തെ പ്രതീക്ഷിച്ചതും പ്രവചിച്ചതുമാണ്. മറ്റാരെക്കാളുമേറെ അതറിയാവുന്നത് ഇറാന് തന്നെയായിരുന്നു. അമേരിക്കയുമായുള്ള ഒരു യുദ്ധം ജയിക്കാനുള്ള സൈനിക ശേഷി ഇറാനില്ല എന്ന് എല്ലാവർക്കുമറിയാം. ഈ യുദ്ധത്തിൽ ഇറാൻ്റെ വിജയം അതിജീവനമാണെന്ന് രാഷ്ട്രീയ, സൈനിക നിരീക്ഷകർ പറയുന്നതിൻ്റെ കാരണമിതാണ്. കനത്ത നാശനഷ്ടങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് അടിച്ചേൽപിക്കപ്പെട്ട ഈ യുദ്ധത്തെ അതിജീവിക്കുക എന്നതാണ് ഇറാൻ്റെ മുന്നിലുള്ള ഒരേയൊരു വഴി. മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സാമ്രാജ്യത്വ താൽപര്യങ്ങൾക്ക് ഇറാൻ ഉയർത്തുന്ന വെല്ലുവിളി എന്നന്നേക്കുമായി ഇല്ലാതാക്കുക എന്നതാണ് നെതന്യാഹുവിൻ്റെവും ട്രംപിൻ്റെയും യുദ്ധ ലക്ഷ്യം. അത് വഴി മിഡിൽ ഈസ്റ്റിലെ ഒരേയൊരു സൈനിക ശക്തിയായി ഇസ്രായേലിനെ മാറ്റുകയും മേഖലയുടെ മേലുള്ള അമേരിക്കയുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയുമാണ് ട്രംപിന് വേണ്ടത്. വെനിസ്വേലയുടെ എണ്ണയുടെ നിയന്ത്രണം കൈക്കലാക്കിയത് പോലെ, ഇറാൻ്റെ എണ്ണപ്പാടങ്ങളുടെയും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൻ്റെയും നിയന്ത്രണം കയ്യടക്കുക എന്നതാണ് ട്രംപിൻ്റെ സ്വപ്നം. ഗൾഫ് എണ്ണയുടെ നിയന്ത്രണം ഇപ്പോൾ തന്നെ അമേരിക്കയുടെ കയ്യിലാണ്. നെതന്യാഹുവിൻ്റെ സ്വപ്നം ഗ്രേറ്റർ ഇസ്രായേലാണ്. ഇത് രണ്ടും നടക്കണമെങ്കിൽ ഇനി ഉയർത്തെഴുന്നേൽക്കാൻ കഴിയാത്തവിധം ഇറാൻ തകരുകയോ ശിഥിലമാവുകയോ ഒരു അമേരിക്കൻ പാവ ഭരണകൂടം അവിടെ അധികാരത്തിൽ വരികയോ വേണം. ഈ ലക്ഷ്യം പൂർത്തിയാവാതെ ട്രംപിന് യുദ്ധം നിർത്തേണ്ടിവന്നാൽ അമേരിക്കൻ സൈനിക ശേഷിയുടെയും സാമ്രാജ്യത്വ മേൽക്കോയ്മയുടെയും തകർച്ചയുടെ സൂചനയായി അത് വിലയിരുത്തപ്പെടും.
ഇറാൻ്റെ മേലുള്ള ഏകപക്ഷീയവും അനീതിപരവുമായ ഈ കടന്നാക്രമണത്തെ യുദ്ധം എന്ന് വിളിക്കുന്നത് പോലും അനീതിയാണ്. അമേരിക്കയുടെ അധിനിവേശ ചരിത്രത്തിൻ്റെ തുടർച്ച മാത്രമാണത്. ഇറാൻ ആണവായുധം നിർമിക്കാൻ ശ്രമിക്കുന്നു എന്നതാണ് ആക്രമണത്തിൻ്റെ ന്യായമായി ട്രംപ് പറയുന്നത്. 1990 ആഗസ്‌ത് 2 ന് സദ്ദാം ഹുസൈൻ കുവൈത്ത് പിടിച്ചടക്കിയതിനെ തുടർന്ന് യു.എന്നിൻ്റെയും അറബ് , യുറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയോടെ അമേരിക്കൻ പ്രസിഡണ്ട് ജോർജ് ഡബ്യൂ ബുഷ് ഇറാഖിനെതിരെ ഒന്നാം ഗൾഫ് യുദ്ധം ആരംഭിച്ചപ്പോൾ പറഞ്ഞ ന്യായം സദ്ദാം കുവൈത്തിൻ്റെ പരമാധികാരം ലംഘിച്ചു എന്നതായിരുന്നു. ട്രംപിന് വെനിസ്വേലയിലും ഇറാനിലും കടന്നു കയറി അധികാരം പിടിച്ചെടുക്കാൻ അത്തരം ന്യായങ്ങൾ ആവശ്യമില്ല. ജനാധിപത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും അന്തർദേശീയ നിയമങ്ങളുടെയും മുഖംമൂടിയണിഞ്ഞാണ് ഇത് വരെയുള്ള അമേരിക്കൻ പ്രസിഡണ്ടുമാർ വിവിധ രാജ്യങ്ങളിൽ അധിനിവേശം നടത്തിയത്. അത്തരം നാട്യങ്ങളേതുമില്ലാതെയാണ് അമേരിക്കയുടെ കച്ചവടതാൽപര്യങ്ങൾ പറഞ്ഞു കൊണ്ട് ട്രംപ് യുദ്ധങ്ങളും അധിനിവേശവും നടത്തുന്നത്. അന്തർദേശീയ നിയമങ്ങളെയും പൊളിറ്റിക്കൽ കറക്റ്റ്നസിനെയും അയാളും അയാളുടെ ഡിഫൻസ് സെക്രട്ടരി പീറ്റ് ഹെഗ്‌സെത്തും പരസ്യമായി പരിഹസിക്കുന്നു. ട്രംപിൻ്റേത് വെറും ഭ്രാന്തോ കോമാളിത്തരമോ ആണെന്ന് കരുതുന്നതിൽ അർത്ഥമില്ല. അമേരിക്കൻ ഇംപീരിയലിസത്തിൻ്റെ മുഖാവരണമിടാത്ത പ്രതീകമാണയാൾ.
ആണവ നിർവ്യാപന കരാറിൽ (Nuclear Non Proliferation Treaty) ഒപ്പു വെക്കുക പോലും ചെയ്യാതെ നൂറുക്കണത്തിന് ആണവായുധങ്ങൾ കയ്യിൽ വെച്ചിരിക്കുന്ന ഇസ്രായേലും, ലോകത്തിലെ ഏറ്റവും വലിയ ആണവ ശക്തിയായ അമേരിക്കയും ചേർന്നാണ് ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നു എന്നാരോപിച്ചു കൊണ്ട് , ആ രാഷ്ട്രത്തിൻ്റെ പരമാധികാരത്തിൽ കടന്ന് കയറി അതിൻ്റെ സാമ്പത്തിക സൈനിക ശേഷിയെ തകർത്തു കൊണ്ടിരിക്കുന്നതും ഇറാൻ ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതും. ലോകത്തിൻ്റെ മറവിയെയും നിഷ്ക്രിയത്വത്തെയുമാണ് സാമ്രാജ്യത്വം ആയുധമാക്കുന്നത്. 1951 ൽ ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഇറാൻ്റെ പ്രധാനമന്ത്രി മുഹമ്മദ് മുസ്സദിഖ് ബ്രിട്ടൻ്റെ നിയന്ത്രണത്തിലുള്ള ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനി ദേശസാൽക്കരിച്ചപ്പോൾ അമേരിക്കയും ബ്രിട്ടനും ചേർന്ന്, അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയുടെ നേതൃത്വത്തിൽ ഓപറേഷൻ അജാക്സിലൂടെ മുസ്സദിഖിനെ പുറന്തള്ളി മുഹമ്മദ് രിസാ ഷാ പഹ്‌ലവിയെ അധികാരത്തിൽ പുനരവരോധിച്ചു. മുസ്സദിഖ് തടവിലാക്കപ്പെട്ടു. പിന്നീട് ഇസ്രായേലിനോടൊപ്പം ഷായും ഇറാനും അമേരിക്കയുടെ അരമന സൂക്ഷിപ്പുകാരായി. മിഡിൽ ഈസ്റ്റിൽ അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കുന്ന കാവൽക്കാരായി. ഇസ്രായേലിനെ ആയുധമണിയിച്ചത് പോലെ ഇറാനെയും അമേരിക്ക ആയുധമണിയിച്ചു. ഇതേ കാലയളവിലാണ് അമേരിക്കൻ പ്രസിഡണ്ട് ഐസൻഹോവർ ആറ്റം ഫോർ പീസ് പദ്ധതിയിലൂടെ ഇറാന് സമ്പുഷ്ട യുറാനിയവും ന്യൂക്ളിയർ റിസേർച്ച് റിയാക്ടറും നൽകിയത്. വലിയ തോതിലുള്ള ആയുധവിൽപനക്ക് പുറമെ, ഷായുടെ രഹസ്യപ്പോലീസായ സവാക്കിൻ്റെ രൂപീകരണത്തിലും അമേരിക്ക സഹായം നൽകി. 1979 ൽ ഇറാനിൽ ഇസ്‌ലാമിക വിപ്ലവം അരങ്ങേറിയപ്പോൾ ഷാക്ക് നൽകിയ ആയുധങ്ങൾ ഇറാൻ വെല്യൂഷനറി ഗാഡിൻ്റെ കയ്യിൽ എത്തിച്ചേർന്നു. ഷാക്ക് ആണവോർജം വികസിപ്പിക്കാനുള്ള സഹായം നൽകിയ അമേരിക്ക ഇപ്പോൾ ഇറാൻ ആണവായുധം നിർമിക്കുന്നുവെന്ന നുണ പറഞ്ഞു കൊണ്ട് ഇറാനെ കടന്നാക്രമിക്കുന്നു!

എട്ട് വർഷം നീണ്ട് നിന്ന ഇറാഖ് – ഇറാൻ യുദ്ധത്തിൽ ഇറാനെതിരെ സദ്ദാമിനെ അമേരിക്കയും സഖ്യകക്ഷികളും ആയുധമണിയിച്ചു. സദ്ദാം പിന്നീട് ഇസ്രായേലിൻ്റെയും അമേരിക്കയുടെയും താൽപര്യങ്ങൾക്ക് വെല്ലുവിളിയാകുന്നു എന്ന് കണ്ടപ്പോൾ, അയാളുടെ കയ്യിൽ കൂട്ട നശീകരണ ആയുധങ്ങൾ (Weapons of Mass Destruction) ഉണ്ടെന്ന് നുണ പറഞ്ഞ് അമേരിക്ക ഇറാഖിൽ അധിനിവേശം നടത്തി, ലക്ഷക്കണക്കിന് മനുഷ്യരെ കൊലചെയ്ത്, സദ്ദാമിനെ പിടികൂടി വധിച്ച്, ആ രാജ്യത്തെ ശിഥിലമാക്കി, വംശീയ കലാപത്തിന് വിത്തുപാകി ഒടുക്കം പിൻവാങ്ങി. പിന്നീട് വന്നു കുറ്റസമ്മതം, സദ്ദാമിൻ്റെ കയ്യിൽ കൂട്ടനശീകരണ ആയുധങ്ങൾ ഇല്ലായിരുന്നുവത്രെ! സാമ്രാജ്യത്വ യുക്തി എത്ര ലളിതം, ഭീകരം ! (ഇറാഖ്-ഇറാൻ യുദ്ധത്തിൽ രണ്ട് പക്ഷത്തെയും ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചു കൊണ്ട് തമ്മിൽ തല്ലിച്ച് തളർത്തുകയായിരുന്നു അമേരിക്കയുടെ സ്‌ട്രാറ്റജി എന്നും നിരീക്ഷണമുണ്ട്.) ഇറാഖ് തകർക്കപ്പെട്ടപ്പോൾ തന്നെ വ്യക്തമായിരുന്നു അടുത്ത ഇര ഇറാൻ ആയിരിക്കുമെന്ന്. ദീർഘകാലം സാമ്പത്തിക ഉപരോധം കൊണ്ട് അമേരിക്ക ഇറാനെ വീർപ്പുമുട്ടിച്ചു. ഇറാൻ ഭരണത്തിരെ നിലനിൽക്കുന്ന വ്യാപകമായ ആഭ്യന്തര അസംപ്തൃതിയെ മുതലെടുത്ത് കൊണ്ട് ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു. പരസ്പരപൂരകമായ വ്യക്തിത്വവും സ്വഭാവവിശേഷതകളുമുള്ള രണ്ട് സാമ്രാജ്യവാദികൾ ഒരുമിച്ച് ചേർന്നപ്പോഴാണ് സംഹാരാത്മകമായ ഒരു യുദ്ധത്തിലേക്ക് അത് വഴിമാറിയത്. മൊമൻ്റുകളിൽ ജീവിക്കുന്ന, സ്വന്തം അന്തപ്രേരണകളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു ഭരണാധികാരി അമേരിക്കയെയും ലോകത്തെയും എവിടെക്കൊണ്ടെത്തിക്കുമെന്ന് കാത്തിരുന്ന് കാണണം.
1956 ലെ സൂയസ് പ്രതിസന്ധിയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ തകർച്ചക്ക് ആക്കം കൂട്ടിയതും മിഡിൽ ഈസ്റ്റിൽ ബ്രിട്ടൻ്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചതും. ബ്രിട്ടൻ്റെയും ഫ്രാൻസിൻ്റെയും നിയന്ത്രണത്തിലായിരുന്ന സൂയസ് കനാൽ ഈജിപ്ഷ്യൻ പ്രസിഡണ്ട് ജമാൽ അബ്ദുന്നാസർ ദേശസാൽക്കരിച്ചതിനെ തുടർന്ന് ബ്രിട്ടനും ഫ്രാൻസും ഇസ്രായേലും ചേർന്ന് ഈജിപ്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അമേരിക്ക പക്ഷെ നാസറിനെയാണ്
പിന്തുണച്ചത്. നാസറിൻ്റെ കീഴിൽ അറബികൾ സോവിയറ്റ് പക്ഷം ചേരുമോ എന്നായിരുന്നു പ്രസിഡണ്ട് ഐസൻഹോവറിൻ്റെ ആശങ്ക. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി ബ്രിട്ടനും ഫ്രാൻസിനും യുദ്ധം അവസാനിപ്പിക്കേണ്ടി വന്നു. സൂയസ് കനാലിൻ്റെ നിയന്ത്രണം ഈജ്പ്തിൻ്റെ കയ്യിൽ തുടർന്നു. ബ്രിട്ടൻ്റെ സൈനിക മേൽക്കോയ്മക്ക് കാര്യമായ തിരിച്ചടി നേരിടുകയും ഏതാനും വർഷങ്ങൾക്കുള്ളിൽ മേഖലയിൽ നിന്ന് പിൻമാറാൻ നിർബന്ധിക്കപ്പെടുകയും ചെയ്തു. തകർന്നു കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ അവസാനത്തെ തുരുത്തായിരുന്നു മിഡിൽ ഈസ്റ്റ്. ബ്രിട്ടൻ പിൻവാങ്ങിയപ്പോൾ ആ വിടവിലേക്ക് അമേരിക്ക കയറിവന്നു. സൂയസ് പ്രതിസന്ധി പാലെ ഹോർമുസ് കടലിടുക്കിൽ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധി ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവായി മാറുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
യുദ്ധം എങ്ങനെ അവസാനിച്ചാലും അവശേഷിക്കുന്ന ഒരു ചോദ്യമുണ്ട്. അമേരിക്കയും ഇസ്രായേലും ചേർന്ന് തകർത്തെറിഞ്ഞ ഇറാൻ്റെ സൈനിക, സാമ്പത്തിക ശേഷിക്ക് ആര് നഷ്‌ടപരിഹാരം നൽകും? മിഡിൽ ഈസ്റ്റിനെ പ്രതിസന്ധിയുടെ ആഴക്കടലിലേക്ക് വലിച്ചെറിഞ്ഞതിൻ്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും?





