Campus Alive

ഇസ്‌ലാമിന്റെ വിമോചനരാഷ്ട്രീയവും കറുത്തവര്‍ഗക്കാരും: ഷെര്‍മന്‍ ജാക്‌സന്റെ സമീപനങ്ങള്‍

എങ്ങനെയാണ് കറുത്തവര്‍ ആഫ്രിക്കയിലും അമേരിക്കയിലും ഒക്കെ അനുഭവിക്കുന്ന പീഡനത്തെയും വംശഹത്യയെയും നവകൊളോണിയല്‍ കടന്നു കയറ്റങ്ങളെയും വിശദീകരിക്കുക? ഇത്രയും കാലം അവരെ വിമോചിപ്പിക്കുമെന്നു പറഞ്ഞ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും പീഡനത്തിനും ഹിംസക്കും അറുതിവരുത്താന്‍ കഴിയില്ലെങ്കില്‍ പുതിയ രാഷ്ട്രീയ പരിഹാരങ്ങള്‍ക്ക് വഴിമാറി കൊടുക്കയല്ലേ വേണ്ടത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍കൊണ്ട് സജീവമാണ് ആഫ്രോ അമേരിക്കന്‍ ചിന്തയും ആക്ടിവിസവും. എലിജാ മുഹമ്മദ്, മാല്‍കം എക്‌സ്, മാര്‍ടിന്‍ ലുതര്‍ കിംഗ് ഒക്കെ മതത്തിലൂടെ ഇതിന്റെ പരിഹാരത്തെക്കുറിച്ച് സംസാരിച്ചെങ്കിലും ഇന്നും കറുത്തവരുടെ പീഡിതാവസ്ഥ അങ്ങനെ തന്നെ തുടരുന്നു. ജനാധിപത്യ രാജ്യമെന്ന് പറയുന്ന അമേരിക്കയിലെ ജയിലറകളില്‍ മാത്രമല്ല ദൈവത്തിനു മുന്നില്‍ എല്ലാവരും സമന്മാരെന്നു പറയുന്ന പള്ളികള്‍ മുതല്‍ അടിച്ചമര്‍ത്തുന്നവന്റെ ഇഹലോക വിമോചനത്തെ കുറിച്ച് മാത്രം സംസാരിക്കുന്ന പാര്‍ട്ടി ഓഫീസുകള്‍ വരെ വംശീയമായ അടിച്ചമര്‍ത്തലിന്റെ കൂടി ഇടങ്ങള്‍ ആവുന്നതിനെക്കുറിച്ച് ധാരാളം പഠനങ്ങളും അനുഭവവിവരണവും പുറത്തു വരുന്നു. ഈ സാഹചര്യത്തില്‍ ദൈവ ശാസ്ത്രത്തിന്റെ പഴകിയ ഭാഷ കൊണ്ട് പീഡിതരെ അധികകാലം മയക്കി നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. അത് കൊണ്ടാണ് കറുത്തവരായ നിരവധി ചിന്തകര്‍ തങ്ങളുടേതായ രീതിയില്‍ പുതിയൊരു വിമോചന രാഷ്ട്രീയത്തെ കുറിച്ച് ലോകത്തോട് സംസാരിക്കുന്നത്. ക്രിസ്ത്യന്‍ വിമോചന ദൈവശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്ന ജെയിംസ് എച്ച് കോണ്‍, ഇടതുപക്ഷ രാഷ്ട്രീയവും വിമോചന ദൈവ ശാസ്ത്രവും തമ്മില്‍ ഉള്ള സംവാദത്തിലൂടെ പുതിയൊരു വിമോചന രാഷ്ട്രീയം ഉണര്‍ന്നു വരുമെന്നു പറയുന്ന കോണല്‍ വെസ്റ്റ്, ആലീസ് വാകര്‍, പാട്രീഷിയ ഹില്‍ കോളിന്‍സ്, ബെല്‍ ഹൂക്‌സ് തുടങ്ങിയ കറുത്ത സ്ത്രീ വാദികള്‍ മുന്നോട്ടു വെക്കുന്ന സമീപനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവയില്‍ പ്രധാനമാണ്. ഈ നിരയില്‍ തന്നെ ഉള്ള, എന്നാല്‍ സുന്നി ഇസ്‌ലാമിക ചിന്താ ധാരയിലൂടെ കറുത്ത വിമോചനത്തെ കുറിച്ച് സംസാരിക്കുന്ന ബുദ്ധിജീവിയാണ് ഷെര്‍മാന്‍ അബ്ദുല്‍ ഹക്കീം ജാക്‌സണ്‍. ജാക്‌സന്റെ ശ്രമം എന്നത് ഇസ്‌ലാമിക വിശ്വാസ ധാരയിലൂടെ കറുത്ത വിമോചനത്തെ കുറിച്ച് പതിയ ചില നിരീക്ഷണങ്ങളും വഴികളും രൂപപ്പെടുത്തുക എന്നതാണ്.

നേരത്തെ സൂചിപ്പിച്ചതു പോലെ ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങളെ ഒട്ടും നിരാകരിക്കാതെ തന്നെ എന്നാല്‍ അതിനെ കുറിച്ചുള്ള സമകാലിക വിശദീകരണങ്ങളെയും വ്യാഖ്യാനങ്ങളെയും മുന്നില്‍വെച്ച്‌കൊണ്ടാണ് ജാക്‌സണ്‍ പുസ്തകം എഴുതുന്നത്. സൗത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അധ്യാപനം നടത്തുന്ന ജാക്‌സണ്‍ അമേരിക്കയിലെ ഒന്നാന്തരം പൊതു ബുദ്ധിജീവിയാണ്. ഇസ്‌ലാമിക നിയമം, സൂഫിസം തുടങ്ങിയ മേഖലകളിലും ജാക്‌സണ്‍ പുസ്തകങ്ങള്‍ എഴുതിയട്ടുണ്ട്. രണ്ടായിരത്തി അഞ്ചില്‍ പുറത്തിറങ്ങിയ ഇസ്‌ലാം ആന്റ് ബ്ലാക്ക് അമേരിക്കന്‍ എന്ന പുസ്തകം വംശീയത എന്ന രാഷ്ട്രീയ പ്രശ്‌നത്തെ ഇസ്‌ലാമിന്റെ തന്നെ വിമോചന രാഷ്ട്രീയത്തിലൂടെ വായിക്കാനുള്ള ഒരു പരിശ്രമം ആയിരുന്നു. പിന്നീട് കുറച്ചു കൂടി തികവുള്ള ചില വായനകള്‍ മുന്നോട്ട് വെച്ചുകൊണ്ട് രണ്ടായിരത്തി ഒമ്പതില്‍ പുറത്തിറങ്ങിയ പുസ്തകമാണ് ഇസ്‌ലാം ആന്റ് ദി പ്രോബ്ലം ഓഫ് ബ്ലാക്ക് സഫറിങ്ങ്. ഈ കുറിപ്പില്‍ ഇസ്‌ലാം ആന്റ് പ്രോബ്ലം ഓഫ് ബ്ലാക്ക് സഫറിംഗ് മുന്നോട്ട് വെക്കുന്ന ചില വായനകളെ കുറിച്ച് പറയാന്‍ ശ്രമിക്കാം.

വില്യം ആര്‍ ജോണ്‍സ് എന്ന ചിന്തകന്‍ 1973 ല്‍ ചോദിച്ച ഒരു ചോദ്യം ‘ദൈവം ഒരു വെളുത്ത വംശീയ വാദി ആണോ?’ എന്നായിരുന്നു. പൊതുവെ മാല്‍കം എക്‌സടക്കമുള്ളവര്‍ മുന്നോട്ടു വെച്ച ഇസ്‌ലാമിക അജണ്ട ഒരു പാട് പ്രായോഗിക പരിപാടികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കിലും ദൈവ ശാസ്ത്ര പരമായ ചര്‍ച്ചകളെ കുറിച്ചു ഒന്നും ശ്രദ്ധിച്ചിരുന്നില്ല. എന്ത് കൊണ്ട് നീതിമാനായ ദൈവം ഒരു പ്രത്യേക മനുഷ്യ വിഭാഗത്തെ മാത്രം ഇപ്പോഴും അടിച്ചമര്‍ത്തപ്പെട്ടവരായി നില നിറുത്തുന്നു? അങ്ങനെ നില നിറുത്തുന്ന ദൈവം ഒരു വെളുത്ത വംശീയ വാദിയുടെ കൈയാല്‍ ഉപയോഗിക്കപ്പെടുന്ന ഒരു ഉപകരണമാണോ? ഈ ചോദ്യം ആരും സമഗ്രമായി. ഇസ്‌ലാമിക ചിന്തയുടെ ചരിത്രത്തിലൂടെ വിശദീകരിച്ചിരുന്നില്ല. ഇങ്ങനെ പീഡനത്തിനറുതി വരുത്താതെ സന്ദേഹി ആയി നില്‍ക്കുന്ന ദൈവം എന്ന പ്രശ്‌നം ആണ് ഈ പുസ്തകത്തിലൂടെ ഷെര്‍മാന്‍ ജാക്‌സണ്‍ ചര്‍ച്ച ചെയുന്നത്.

41IagSP9rxL._SX333_BO1,204,203,200_

വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം പുസ്തകത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ജാക്‌സണ്‍ ഉന്നയിക്കുന്നു. അമേരിക്കയിലെ കറുത്തവര്‍ മതവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ആയി മനസിലാകുന്നത് നീതി ആണ്. അതായത് ഇസ്‌ലാം തങ്ങള്‍ക്ക് ശരിക്കും മോചനം നല്‍കുമോ എന്നായിരിക്കും ഒരു കറുത്ത വംശക്കാരന്‍ എപ്പോഴും ചോദിക്കുക. എന്നാല്‍ വെളുത്ത ആളുകള്‍ മതം എത്രത്തോളം ശാസ്ത്രീയമാണ് എന്നാണ് എപ്പോഴും ചോദിച്ചു കൊണ്ടിരിക്കുക. അവരെ സംബന്ധിച്ചേടത്തോളം സാമൂഹിക നീതി എന്നത് അവര്‍ അനുഭവിക്കുന്ന സാമൂഹിക സ്ഥാനത്തിന്റെ ഉള്ളില്‍ തന്നെയുള്ളതിനാല്‍ അതൊരു വലിയ പ്രശ്‌നമല്ല. വെളുത്തവരെ സംബന്ധിച്ചേടത്തോളം കുറച്ചു കൂടി അമൂര്‍ത്തമായ പ്രശ്‌നങ്ങള്‍ ആയ ശാസ്ത്രീയത ആണ് വലിയ പ്രശ്‌നം. ഈയൊരു സാഹചര്യത്തില്‍ ആണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന കുടിയേറ്റ മുസ്‌ലിംകള്‍ അമേരിക്കയില്‍ പുലര്‍ത്തുന്ന ചില സമീപനങ്ങള്‍ ജാക്‌സണ്‍ ചൂണ്ടി കാട്ടുന്നത്. കുടിയേറ്റ മുസ്‌ലിം ബുദ്ധി ജീവികളും ആക്ടിവിസ്റ്റുകളും വളരെ അപൂര്‍വം ആയി മാത്രമേ കറുത്തവരുടെ ജീവിതത്തെ മതത്തിലൂടെ അഭിസംബോധന ചെയ്യാറുള്ളൂ. എന്നാല്‍ അതേസമയം അവര്‍ വെളുത്തവരുടെ പ്രശ്‌നം വളരെ വേഗം അഭിസംബോധന ചെയ്യാറുണ്ട്. ഇത് വ്യക്തമാകണമെങ്കില്‍ ഇസ്‌ലാമും ശാസ്ത്രവും എന്ന തലക്കെട്ടില്‍ എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇറങ്ങിയ പുസ്തകങ്ങളും അത് എഴുതിയ മുസ്‌ലിം ബുദ്ധി ജീവികളെയും നോക്കിയാല്‍ മതി. മാത്രമല്ല ഇസ്‌ലാമും വംശീയതയുടെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ഒന്നും തന്നെ അവരാരും തന്നെ വളരെ വിപുലമായി എഴുതിയതായി കാണുന്നില്ല. അത് നാം ചോദിക്കേണ്ടത് ഇക്കാലയളവില്‍ അവിടെ ജീവിച്ചു പോയ എല്ലാതരം മുസ്‌ലിം ബുദ്ധി ജീവികളോടുമാണ്. എന്ത്‌കൊണ്ട് ഈ ബുദ്ധി ജീവികള്‍ വെളുത്തവരോട് കൂടുതല്‍ സംസാരിച്ചു? എന്ത്‌കൊണ്ട് അവര്‍ കറുത്തവരെ അവഗണിച്ചു? ഈ ചോദ്യത്തിന്റെ ഉത്തരം എന്നത് ഇന്നത്തെ യുറോ അമേരിക്കാന്‍ മുസ്‌ലിം രാഷ്ട്രീയത്തിന്റെ മുന്‍ ഗണനയുടെ പ്രശ്‌നം ആയാണ് ജാക്‌സണ്‍ വിശദീകരിക്കുന്നത്. മാത്രമല്ല സെപ്റ്റംബര്‍ പതിനൊന്നിനു ശേഷമാണ് മുസ്‌ലിംകളെ ഒരു വംശം എന്ന രീതിയില്‍ ഉന്നമിട്ടു കൊണ്ട് നടന്ന കാമ്പയിനുകള്‍ക്കെതിരെ ഇരു വിഭാഗവും ഒന്നിച്ചു നടത്തിയ ചെറുത്തുനില്‍പുകള്‍ പുതിയൊരു സംവാദം തുടങ്ങുന്നതിലേക്കു നയിച്ചത്. ഇതുകൂടി കൊണ്ടാണ് കറുത്തവരുടെ സാമൂഹിക അനുഭവം ഒരു പ്രായോഗിക പ്രശ്‌നം എന്നതിനപ്പുറം ഒരു വിശ്വാസ രാഷ്ട്രീയ പ്രശ്‌നം ആയുള്ള സൈദ്ധാന്തിക സമീപനം ആയി വികസിക്കാതെ പോയത്.

അമേരിക്കന്‍ കുടിയേറ്റ മുസ്‌ലിം ലോകത്ത് പൊതുവെ നിലനില്കുന്ന മറ്റൊരു സമീപനം ആണ് കറുത്ത രാഷ്ട്രീയത്തെ ചാരിറ്റബിള്‍ രാഷ്ട്രീയം ആക്കി മാറ്റുക എന്നത്. അതായത് കറുത്തവരുടെ ജീവിതം എന്നത് വംശീയമായ ഒരു സാമൂഹിക ഘടനയുടെ പ്രശ്‌നം എന്ന നിലയില്‍ നിന്ന് മാറി അതിന്റെ ഒരു അരാഷ്ട്രീയ ചാരിറ്റബിള്‍ പ്രശ്‌നം ആക്കി ചുരുക്കുകയാണ് പൊതുവെ ചെയ്തിരുന്നത്. ഇത് പൊതുവെ ക്രിസ്ത്യന്‍ വലതു പക്ഷത്തില്‍ നിന്ന് ഇവര്‍ കടം കൊണ്ടതാണെന്നും വളരെ വേഗം വ്യകതമാകും. ഈയൊരു സാഹചര്യത്തില്‍ ആണ് കറുത്തവരുടെ സാമൂഹ്യ സ്ഥാനത്തെ മുന്‍ നിര്‍ത്തിയുള്ള സമീപനം ഷെര്‍മന്‍ ജാക്‌സണ്‍ വികസിപ്പിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ തന്നെ ആണ് തന്റെ കറുത്ത മുസ്‌ലിം എന്ന സാമൂഹിക അനുഭവത്തെ മുന്‍ നിറുത്തി ഷെര്‍മന്‍ ജാക്‌സണ്‍ ചിന്തിക്കുന്നത്. ഇത് ഒരേ സമയം ദൈവ ശാസ്ത്രത്തെ ഒട്ടും പരിഗണിക്കാതെ കറുത്തവര്‍ അനുഭവിക്കുന്ന പീഡനത്തെ തങ്ങളുടെ പരിമിതം ആയ സാമൂഹികാനുഭാവത്തെ മുന്‍നിര്‍ത്തി മാത്രം മനസിലാക്കുന്ന അധീശ സമീപനങ്ങളോട് ഇടയുമ്പോള്‍ തന്നെ തന്നെ കറുത്തവരുടെ ദൈവികാനുഭവത്തെ തന്നെ നിരാകരിക്കുന്ന സെക്യുലര്‍ ഹ്യൂമനിസത്തെ തള്ളിക്കളയുകയും ചെയ്യുന്നു. പലപ്പോഴും വില്യം ജോണ്‍സനെ പോലുള്ളവര്‍ ദൈവികാനുഭവത്തെ വംശീയം എന്ന് മനസിലാകുമ്പോള്‍ സെക്യുലര്‍ ഹ്യൂമനിസത്തിന്റെ വെളുത്ത വംശീയ പശ്ചാത്തലം സൗകര്യപൂര്‍വം മറക്കുന്നുവെന്നും ജാക്‌സണ്‍ പറയുന്നു.

പുസ്തകത്തില്‍ ജോണ്‍സണ്‍ ചര്‍ച്ച ചെയ്യുന്ന കാഴ്ചപ്പാടുകള്‍ പലപ്പോഴും സാമാന്യമായി ചുരുക്കി വിശദീകരിക്കാന്‍ സാധ്യമല്ല. എല്ലാത്തിനും കഴിവുള്ള ദൈവം എന്ന ആശയത്തെ പല ഇസ്‌ലാമിക ചിന്തകരും വിശ്വാസപരമായി പല രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. മുഹ്തസിലി സരണിയിലുള്ളവര്‍ അല്ലാഹുവിന്റെ ഈ പ്രത്യേകതയെ അംഗീകരിച്ചു കൊണ്ട് തന്നെ, മനുഷ്യനു അതിന്റെ ഉള്ളില്‍ നിന്ന് കൊണ്ട് തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ഇടം ഇസ്‌ലാം നല്‍കുന്നുവെന്നു പറയുന്നു. എന്നാല്‍ ഈ കാഴ്ച്ചപ്പാടിനോട് ഇടഞ്ഞു കൊണ്ടാണ് അശ്അരി ചിന്താധാര മനുഷ്യന്റെ സ്വാതന്ത്ര്യം എന്നത് അല്ലാഹുവിന്റെ നടപടിക്രമങ്ങളെ കുറിച്ചുള്ള മനുഷ്യ കേന്ദ്രീകൃതമായ വ്യാഖ്യാനമാണെന്നു പറയുന്നത്. ഇങ്ങനെ വളരെ സങ്കീര്‍ണമായ ഇസ്‌ലാമിലെ ദൈവശാസ്ത്ര സംഘര്‍ഷങ്ങള്‍ പരിശോധിക്കുന്ന ഷെര്‍മന്‍ ജാക്‌സണ്‍ നേരത്തെ വില്യം ജോണ്‍സ് പറയുന്ന രീതിയില്‍ തിന്മയെ ഒരു ദൈവിക വിധിയായി കറുത്തവര്‍ അംഗീകരിക്കണം എന്നതു ഇസ്‌ലാമിലെ ഒരു ദൈവിക ശാസ്ത്ര സരണികളും ഒരിക്കലും പറയുന്നില്ലെന്നു മാത്രമല്ല വ്യത്യസ്തമായ രീതികളില്‍ തിന്മക്കറുതി വരുത്താന്‍ ഇവയൊക്കെ ആഹ്വാനം ചെയ്യുന്നുവെന്നു കൂടി പറയുന്നു. അതിലൂടെ കറുത്ത ജീവിതാനുഭാവത്തെ മുന്‍ നിറുത്തിയുള്ള ഒരു ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത ആയി ഇതിനെ വികസിപ്പിക്കാനും ആഹ്വാനം ചെയ്യുന്നു. കൊളോണിയലിസമടക്കം ഉള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനം എന്ന ആശയത്തെ ഇസ്‌ലാമിക ചിന്തക്ക് സംഭാവന ചെയ്തതെങ്കില്‍ പോസ്റ്റ് കൊളോണിയല്‍ ദേശ രാഷ്ട്രത്തിനുള്ളില്‍ കറുത്തവര്‍ അടക്കമുള്ളവര്‍ അവകാശമുള്ള മനുഷ്യവരാവാന്‍ നടത്തുന്ന സമരങ്ങള്‍ ഉണ്ടാകുന്ന അനുഭവങ്ങളാണ് ഇങ്ങനെയുള്ള പുതിയ ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയുടെ അടിസ്ഥാനം. അത് കൊണ്ട് തന്നെ ഇതിനെ ഇസ്‌ലാമിക വിമോചന രാഷ്ട്രീയത്തിന്റെ പുതിയ അദ്ധ്യായം ആയി തന്നെയാണ് ഷെര്‍മന്‍ ജാക്‌സണ്‍ മനസിലാക്കുന്നത്.

ആമുഖവും ഉപസംഹാരവും ഒഴിച്ച് അഞ്ചു അധ്യാനയങ്ങള്‍ ആണ് പുസ്തകത്തിലുള്ളത്. അതില്‍ അവസാന നാല് അധ്യായങ്ങള്‍ ഇസ്‌ലാമിലെ നാല് പ്രധാന ദിവ്യ ശാസ്ത്ര ശാസനകളെ പരിചയപ്പെടുത്തുകയും അവയെ കറുത്തവരുടെ പീഡിതാവസ്ഥയെ അപരിഹരിക്കുന്നത്തില്‍ എത്ര കണ്ടു സഹായകമാവും എന്ന രീതിയില്‍ പരിശോധിക്കുകയും ചെയ്യുന്നു. ഷെര്‍മന്‍ അബ്ദുല്‍ ഹകീം ജാക്‌സന്റെ ശ്രമം എന്നത് ബ്ലാക്ക് തിയോളജിയില്‍ ഇപ്പോള്‍ നടക്കുന്ന സംവാദങ്ങളിലേക്ക് ഇസ്‌ലാമിക വിശ്വാസത്തിന്റെ ചര്‍ച്ചകള്‍ കൂടി അതി ശക്തമായി കൊണ്ട് വരിക എന്നതാണ്. ഈ പുസ്തകത്തിന്റെ വലിയൊരു മേന്മ എന്നത് ഇസ്‌ലാമിലെ ദിവ്യശാസ്ത്ര ചര്‍ച്ചകള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന വരണ്ട അനുഭവത്തില്‍ നിന്ന് ജാക്‌സണ്‍ വായനക്കാരനെ രക്ഷിക്കുന്നു എന്നതാണ്. മാത്രമല്ല സാമൂഹിക ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് ഇസ്‌ലാമിക ദൈവശാസ്ത്ര ചര്‍ച്ചയെ അതീവ സൂക്ഷ്മതയോടെ തന്നെ ജാക്‌സണ്‍ കൊണ്ട് വരുന്നു. അതിലൂടെ ഇസ്ലാമിക വിമോചന ചിന്തയുടെ ഭാഗമായി ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത വലിയൊരു രാഷ്ട്രീയ പ്രശ്‌നത്തെ തന്നെ ആണ് ജാക്‌സണ്‍ ഈ പുസ്തകത്തിലൂടെ വിവരിക്കുന്നത്. കറുത്ത ആഫ്രോ അമേരിക്കന്‍ മുസ്‌ലിംകള്‍ ഇസ്‌ലാമിലെ ദൈവശാസ്ത്ര ചര്‍ച്ചയെ ആണ് വളരെ പ്രധാനമായി കാണുന്നത്. അവരുടെ സവിശേഷ സാഹചര്യത്തില്‍ ദൈവത്തിന്റെ ഇടപെടലും തിന്മയുടെ വിപാടനവും എന്ന പ്രശ്‌നത്തിന് ചരിത്രപരമായി തന്നെ ലഭിച്ച പ്രാമുഖ്യത്തിന്റെ കാരണവും ഒരു പക്ഷെ ഇതായിരിക്കാം. ശരിക്കും ഈ പുസ്തകം ഉലക്കുന്നതു വില്യം ജോണ്‍സിനെ പോലുള്ള സെകുലര്‍ ഹ്യുമനിസ്റ്റുകളെ മാത്രമല്ല പാര്‍ശ്വ വല്‍കൃതരുടെ സാമൂഹികാനുഭനവങ്ങളെക്കുറിച്ച് പല മുസ്‌ലിംകളും വെച്ച് പുലര്‍ത്തുന്ന നിഷ്‌കളങ്കതകളെ കൂടിയാണ്.

 

 

ഡോ. കെ അഷ്‌റഫ്‌

Postdoctoral Fellow in Johannesburg Institute of Advance Studies at University of Johannesburg, South Africa.