Campus Alive

എസ്.എഫ്.ഐയുടെ ജാതി

”രക്ഷകഭാവവും അധരാനുതാപവും മതിയായി…

ന്യായവും നീതിയും ഞങ്ങള്‍ ആവശ്യപ്പെടുന്നു…”

രണ്ടാം വട്ടമേശ സമ്മേളനം കഴിഞ്ഞ് ബോംബെയില്‍ കപ്പലിറങ്ങിയ ഗാന്ധിയെ ആവേശോജ്വലമായാണ് കോണ്‍ഗ്രസ് സേവികാസേവകര്‍ വരവേറ്റത്. അതേ സന്ദര്‍ഭത്തില്‍ ദലിതര്‍ അദ്ദേഹത്തെ എതിരേറ്റത് കരിങ്കൊടി ഉയര്‍ത്തിക്കൊണ്ടായിരുന്നു. അവര്‍ ഗാന്ധിക്കെതിരെ നല്‍കിയ കുറ്റപത്രത്തിലെ മുഖവാചകമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ആധുനിക ഇന്ത്യയിലെ ദലിതരുടെ സ്വതന്ത്ര കര്‍ത്തൃത്വരൂപവത്കരണത്തിന്റെ സുപ്രധാന ചരിത്രരേഖകളിലൊന്നാണിത്. ദേശീയ അധീശ സവര്‍ണ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെയും അതിന്റെ നേതാവായ ഗാന്ധിയുടെയും രക്ഷാകര്‍ത്തൃത്വത്തെ പരസ്യമായി ദലിതര്‍ വിച്‌ഛേദിച്ചതായിരുന്നു ആ സംഭവം. വര്‍ത്തമാനകാലത്ത് ഇതിനു സമാനമായി ദലിത് യുവത്വം അധീശസവര്‍ണ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളായ മാര്‍ക്‌സിസത്തെയും ഹിന്ദുത്വവാദത്തെയും വിച്‌ഛേദിക്കുകയും പ്രശ്‌നവത്കരിക്കുകയും ചെയ്യുന്നതിന്റെ ശക്തമായ രണ്ട് ചെറു ആഖ്യാനങ്ങളാണ് അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ (എ.എസ്.എ) ഡിസംബര്‍ 2008-ല്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ (എച്ച്.സി.യു) പതിച്ച പോസ്റ്ററും അഭിലാഷ് പി.ടി. എന്ന ദലിത് യുവാവിന്റെ രാഷ്ട്രീയ ജീവിതാഖ്യാന ശകലവും.

എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും ദലിതനുമായ പി.കെ. ബിജുവിന്റെ അനുഭവകഥനത്തെ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2008, ഡിസംബര്‍ 16) ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം. ദലിത് യുവത്വം വര്‍ത്തമാന പ്രക്ഷോഭ രാഷ്ട്രീയത്തെയും ദലിത് കര്‍ത്തൃസ്ഥാനത്തെയും എങ്ങനെയെല്ലാം പ്രതിനിധാനം ചെയ്യുന്നുവെന്ന് മനസ്സിലാക്കുകയും ദലിത് യുവത്വത്തെ ചുറ്റിവരിഞ്ഞുനില്‍ക്കുന്ന ആധിപത്യ പ്രത്യയശാസ്ത്ര വ്യവഹാരങ്ങളെ അഴിച്ചെടുക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവ മൂന്നും ഒരുമിച്ചു ചേര്‍ത്തുവെച്ച് വായിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. പി. കെ. ബിജുവുമായുള്ള അഭിമുഖ സംഭാഷണത്തിന്റെ ആമുഖത്തില്‍ അഭിമുഖ സംഭാഷകന്‍ നിസ്സഹായനായി ചിത്രീകരിച്ച് വസ്തുവിന്റെ സ്ഥാനം നല്‍കിയ രാമുവിനെ; തുളയുള്ള ടൗസറില്‍ നിലത്തിരിക്കേണ്ടിവരുകയും ഉറുമ്പുകടിയേറ്റ് വേദനിക്കുമ്പോള്‍ ബെഞ്ചിലേക്ക് കയറിയിരിക്കാന്‍ ആഗ്രഹിക്കുകയും ആ സമയത്ത് അധ്യാപകന്റെ ആട്ട് കേള്‍ക്കേണ്ടിവരുകയും ചെയ്യുന്ന ആന്ധ്രയിലെ ദലിത് വിദ്യാര്‍ഥിയെ, പ്രതിനിധാനം ചെയ്യുന്നവരുടെ ശബ്ദമാണ് എ.എസ്.എ പോസ്റ്ററില്‍ കേള്‍ക്കുന്നത്. മറ്റൊന്ന് മാര്‍ക്‌സിയന്‍ വിദ്യാര്‍ഥി രാഷ്ട്രീയ വ്യവഹാരത്തില്‍ ജീവിച്ചതിന്റെ അനുഭവവും അറിവും അഭിലാഷ് പി.ടി.ക്കുണ്ടെന്നതാണ്.

ഈ മൂന്ന് (അനുഭവ) ആഖ്യാനങ്ങളും ഏതെല്ലാം പ്രത്യയശാസ്ത്ര വ്യവഹാരങ്ങളെയാണ് അന്തര്‍വഹിക്കുന്നത് എന്ന് കണ്ടെത്താനും അവയുടെ വ്യതിരിക്തമായ രാഷ്ട്രീയ സ്വത്വത്തെ (Political self) മനസ്സിലാക്കാനും ആദ്യമായി ‘എ.എസ്.എ’ പോസ്റ്ററും അഭിലാഷ് പി.ടി.യുടെ രാഷ്ട്രീയ ജീവിതാഖ്യാനശകലവും എന്താണെന്ന് നോക്കാം. 2008ലെ സ്റ്റുഡന്‍സ് യൂനിയന്‍ തെരഞ്ഞെടുപ്പിനോടുള്ള ഒരു പ്രതികരണം എന്ന നിലയിലാണ് എച്ച്.സി.യുവിലെ (ഇന്ത്യയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ തന്നെ ഏറ്റവും വലിയ) ദലിത് വിദ്യാര്‍ഥിസംഘടന എ.എസ്.എ യൂനിവേഴ്‌സിറ്റി ചുവരുകളില്‍ ഈ പോസ്റ്റര്‍ പതിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള അതിന്റെ പ്രധാന ഭാഗങ്ങളുടെ സ്വതന്ത്ര പരിഭാഷ കാര്യങ്ങളെ സ്വയം വിശദീകരിക്കും.

എ.എസ്.എ പോസ്റ്റര്‍: ഒരു രാഷ്ട്രീയ പാഠം

”തൊട്ടു മുമ്പുകഴിഞ്ഞ സ്റ്റുഡന്‍സ് യൂനിയന്‍ തെരഞ്ഞെടുപ്പിനോടും അതുമായി ബന്ധപ്പെട്ട സംഭവങ്ങളോടുമുള്ള അവബോധവും അനുഭവവും നിറഞ്ഞ പ്രതികരണമാണിത്. തെരഞ്ഞെടുപ്പില്‍ എ.എസ്.എയോടൊപ്പം നിന്ന വിദ്യാര്‍ഥി സമൂഹത്തോട് നന്ദി രേഖപ്പെടുത്തുന്നു. വിദ്യാര്‍ഥി സമൂഹത്തെ കേവലം ബാലറ്റുകൂട്ടമായി അക്കങ്ങളായി കാണുന്ന വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഞങ്ങള്‍ പരിതപിക്കുന്നു. ‘ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും’ എന്നതിനുപകരം ‘ലക്ഷ്യംപോലെതന്നെ മാര്‍ഗവും പ്രധാനമാണ്’ എന്ന തത്വത്തിലുറച്ചുനിന്ന് വിദ്യാര്‍ഥി സംഘടനകള്‍ അക്കങ്ങള്‍ രൂപപ്പെടുത്തിയതെങ്ങനെയാണെന്ന് പരിശോധിക്കാം.

എ.ബി.വി.പിയുടെ വിജയം അവരുടെ മേല്‍ജാതി ഹിന്ദു അജണ്ടയെയും അക്രമത്തെയും ഉറപ്പിക്കുന്നതാണ്. ദലിതരെയും ആദിവാസികളെയും സ്ത്രീകളെയും മതന്യൂനപക്ഷങ്ങളെയും ഇല്ലായ്മ ചെയ്തുകൊണ്ട് എ.ബി.വി.പി അവരുടെ വിജയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷിക്കുന്നതിനെക്കുറിച്ച് നമുക്കറിയാം. ഇന്ത്യയിലെ എച്ച്.സി.യുവിലെ ദലിത്-ബഹുജന്‍ ബദല്‍ രാഷ്ട്രീയത്തിന് മുമ്പില്‍ എ.ബി.വി.പിയുടെ മേല്‍ജാതി ഹിന്ദു കൂട്ടുകെട്ടിന് മറുപടി പറയാന്‍ കഴിയില്ലെന്ന് വ്യക്തമാണ്.

രണ്ടാമത്തെ വലിയ കീറാമുട്ടി തെരഞ്ഞെടുപ്പ് വിശകലനത്തില്‍ അക്കങ്ങള്‍ കൂട്ടുകയും കുറക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ ആണ്. ദലിത് രാഷ്ട്രീയത്തിന്റെയും മതേതരത്വത്തിന്റെയും തത്ത്വങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതുകൊണ്ടാണ് തങ്ങള്‍ക്ക് വോട്ടുകൂടിയതെന്നാണ് എസ്.എഫ്.ഐയുടെ ആശ്ചര്യകരമായ അവകാശവാദം. 2002 മുതല്‍ 2005 വരെയുള്ള ഇലക്ഷനുകളില്‍ എസ്.എഫ്.ഐ അവരുടെ പ്രസിഡന്റ് പോസ്റ്റ് ‘റെഡ്ഡി’ ജാതിക്കാര്‍ക്ക് റിസര്‍വ് ചെയ്തിരുന്നു. ദലിതരുടെ ആത്മാര്‍ഥവും ശക്തവുമായ പിന്തുണയോടെ അവര്‍ ആ സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. 2006ലെ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയും ഞങ്ങളും തമ്മില്‍ സഖ്യമായിരുന്നു. ആ പാനലില്‍ ഞങ്ങളുടേതായിരുന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി. എസ്.എഫ്.ഐ ബാക്കി അഞ്ചു സീറ്റുകളിലും തൂത്തുവാരി ജയിച്ചപ്പോള്‍ ആ പാനലില്‍ ഉണ്ടായിരുന്ന ഞങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിമാത്രം അദ്ഭുതകരമായി പരാജയപ്പെട്ടു. ആരാണ് ദലിത് ശക്തിയെ പരാജയപ്പെടുത്തിയത്? ഇതാണോ എസ്.എഫ്.ഐയുടെ വിശ്വാസയോഗ്യമായ മതേതരത്വം?

അവര്‍ (എസ്.എഫ്.ഐ) പ്രതിപക്ഷ പ്രസിഡന്റുമായി ഒത്തുപോവാന്‍ തയ്യാറായിരുന്നു. അവര്‍ക്ക് ദലിത് പ്രസിഡന്റിനെ സ്വീകരിക്കുക സാധ്യമല്ലെന്നതായിരുന്നു ഒരേ ഒരു കാരണം. ഈ വര്‍ഷം ജാതിവാദികളായ ചുവന്ന കൂട്ടര്‍ ആശ്ചര്യകരമായി ഒരു ദലിത് സ്ഥാനാര്‍ഥിയെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിറുത്തിയത്. ദലിത്, പിന്നാക്ക ജാതി, ന്യൂനപക്ഷ, സ്ത്രീ വിദ്യാര്‍ഥികള്‍ അനിഷേധ്യ ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണിത് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ദലിത് ഒറ്റുകാരനെ ‘ടോക്കണാ’യി നിറുത്തി ദലിത്-ബഹുജന്‍ സമൂഹത്തെ വഴിതെറ്റിച്ചും വിഭജിച്ചും മാത്രമേ ഇനി ഇവര്‍ക്ക് അതിജീവിക്കാന്‍ കഴിയുകയുള്ളൂ. ഈ വര്‍ഷം എന്‍.എസ്.യു.ഐ, നോര്‍ത്ത് ഈസ്റ്റ് വിദ്യാര്‍ഥികള്‍ എന്നിവരുമായി സഖ്യത്തിലായിക്കൊണ്ടാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, തീര്‍ത്തും മൂല്യരഹിതവും അധാര്‍മികവുമായി എസ്.എഫ്.ഐ ഞങ്ങളുടെ സ്‌പോര്‍ട്‌സ് സെക്രട്ടറിയുടെ പേര് അവരുടെ പാനലില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് വോട്ടുപിടിച്ചത്. ഇതാണോ എസ്.എഫ്.ഐയുടെ ദലിത് ശക്തിക്കുവേണ്ടിയുള്ള ധാര്‍മികതയും താല്‍പര്യവും?

വിഭജിച്ച് ഭരിച്ചുകൊണ്ട് വംശീയ മേധാവിത്വം പുലര്‍ത്തുന്നതിനും അധികാര രാഷ്ട്രീയത്തിനുംവേണ്ടി മാത്രമുള്ളതാണ് എസ്.എഫ്.ഐയുടെ പഠനവും സമരവും ജനാധിപത്യവും സോഷ്യലിസവുമെല്ലാം. എ.ബി.വി.പിയെപ്പോലുള്ള മേല്‍ജാതി ഹിന്ദു സംഘടനയുമായി സഖ്യത്തിനുവേണ്ടി ഏതുവിധേനയും ശ്രമിക്കാനും വിലപേശാനുമുള്ള ഒരു അവസരവും അവര്‍ പാഴാക്കിയിരുന്നില്ല. മതേതരവാദികള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ കള്ളവിശ്വാസ്യയോഗ്യതയാണിത്. അവര്‍ തങ്ങളെ മതേതരത്വത്തിന്റെ ചാമ്പ്യന്മാരായി പ്രചരിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥി വിരുദ്ധമായ അഡ്മിനിസ്‌ട്രേഷന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച പത്ത് ദലിത് വിദ്യാര്‍ഥികളെ യൂണിവേഴ്‌സിറ്റിയില്‍നി്ന്ന് പുറത്താക്കിയ നടപടിയെ കാവി, ഇടതുപക്ഷ സംഘടനകള്‍ ഒരുമിച്ചുനിന്ന് പിന്താങ്ങുകയായിരുന്നു.

asa

ഇരുതലമൂര്‍ച്ചയുള്ള ഫാഷിസ്റ്റ് ശക്തിയായ ഈ ചുവന്ന ജാതിക്കൂട്ടര്‍ ദലിത് ശക്തിക്കുവേണ്ടി നില്‍ക്കുകയും അതേസമയംതന്നെ ദലിതരെ പോലീസിനെക്കൊണ്ട് കൊല്ലിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ഉദാഹരണമാണ് സി.പി.എം ഖമ്മം ജില്ലയില്‍ നടത്തിയ സമരത്തില്‍ പോലീസ് വെടിവെപ്പില്‍ ദലിത് ബഹുജനങ്ങള്‍മാത്രം കൊല്ലപ്പെട്ടത്. എപ്പോള്‍ അവര്‍ അധികാരത്തില്‍ വന്നോ അപ്പോഴെല്ലാം ഈ ജാതീയ ശക്തികള്‍ ദലിത്-ബഹുജനങ്ങളെയും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും തട്ടിക്കൊണ്ടുപോയും പീഡിപ്പിച്ചും ബലാല്‍സംഘം ചെയ്യുകയും കൊല്ലുകയുമാണ് ചെയ്തിട്ടുള്ളത്. ആരാണ് കേരളത്തിലെ ചെങ്ങറയിലെയും വെസ്റ്റ് ബംഗാളിലെ നന്ദീഗ്രാമിലെയും സിംഗൂരിലെയും ദലിതരെയും മുസ്‌ലിംകളെയും കൊന്നത്? ഫാഷിസ്റ്റ് പ്രവൃത്തിയുടെ കാര്യത്തില്‍ ചുവപ്പും കാവിയും ഒരുപോലെയാണ്. ഒരേയൊരു വ്യത്യാസം, കാവിക്കാര്‍ ബംഗാരുലക്ഷ്മണ അനുഭവത്തോടെ ദലിതരില്‍നിന്ന് ഒറ്റുകാരെ നിര്‍മിക്കുന്ന പദ്ധതി നിറുത്തിയിരിക്കുന്നു. എന്നാല്‍, ചുവപ്പു ഫാഷിസ്റ്റുകള്‍ ചരിത്രം മറന്നുകൊണ്ട് ആത്മവിശ്വാസത്തോടെ ഇപ്പോഴും നവ ബംഗാരു ലക്ഷ്മണന്‍മാരെ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അംബേദ്കറിന്റെ തത്ത്വങ്ങളെ ചതിച്ചതിന്റെ പേരില്‍ ഞങ്ങള്‍ രണ്ടുവര്‍ഷം മുമ്പ് ബംഗാരുലക്ഷ്മണിനെ ഇവിടെനി്ന്ന് ഓടിച്ചതിന്റെ ചരിത്രം ഓര്‍മിപ്പിക്കട്ടെ. ആത്മാഭിമാനികളായ ദലിത്-ബഹുജന്‍ സമൂഹത്തില്‍നി്ന്ന് നവ-ബംഗാരുലക്ഷ്മണന്‍മാരും ചുവന്ന ജാതീയ ശക്തികളും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഞങ്ങള്‍ ഉറച്ചു പറയുന്നു ദലിത് ശക്തി തോല്‍പിക്കപ്പെട്ടിട്ടില്ലെന്ന്. ഒറ്റുകാരെ പരാജയപ്പെടുത്തുന്നതിലൂടെ ഞങ്ങള്‍ ദലിത് ശക്തിയെ സംരക്ഷിച്ചിരിക്കുകയാണ്.”

അഭിലാഷ് പി.ടി.യുടെ വിദ്യാര്‍ഥി ജീവിതം

”കുട്ടനാട്ടില്‍ രാമങ്കരി പഞ്ചായത്തിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട ദലിത് ഭൂരിപക്ഷ പ്രദേശമായ വേഴപ്രയില്‍നിന്നാണ് ഞാന്‍ 1999-ല്‍ ചങ്ങനാശേരി എന്‍.എസ്.എസ് കോളേജില്‍ പഠിക്കാന്‍ വരുന്നത്. അന്ന് സി.പി.എം പാര്‍ട്ടി മെമ്പറും ഡി.വൈ.എഫ്.ഐ, പു.ക.സ എിവയുടെ പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു. കോളേജില്‍ ചേര്‍ന്ന അതേവര്‍ഷംതന്നെ എസ്.എഫ്.ഐയുടെ യൂനിറ്റ് കമ്മിറ്റി അംഗമാവാന്‍ അത് കാരണമായി. അന്നും കൂലിപ്പണി എടുത്തുകൊണ്ടാണ് കോേളജില്‍ പോയത്. എസ്.എഫ്.ഐക്കുവേണ്ടി കഠിനമായി പ്രവര്‍ത്തിച്ചിരുന്നത് ഞാനടങ്ങുന്ന ദലിത് ക്രിസ്ത്യന്‍ വിദ്യാര്‍ഥികളായിരുന്നു. സംഘടനയുടെ പോസ്റ്ററിംഗ് കാമ്പയിനിംഗ്, പണംപിരിവ് തുടങ്ങിയ പാര്‍ട്ടി സംവിധാനത്തിന്റെ അടിത്തട്ടുജോലികള്‍ മുഴുവന്‍ ചെയ്തിരുന്നത് ഞങ്ങളായിരുന്നു. ഇലക്ഷനടുക്കുമ്പോള്‍ കാമ്പയിനിംഗിനായി രാവിലെ എട്ടുമണിക്കുതന്നെ ദലിത് പെണ്‍കുട്ടികള്‍ കാമ്പസിലെത്തും. വൈകീട്ട് അഞ്ചുമണിവരെ അവര്‍ പ്രവര്‍ത്തിച്ച് വൈകുന്നേരം വര്‍ക്ക് അസസ്‌മെന്റ് നടത്തുമ്പോള്‍ കടുത്ത ജോലികൊണ്ടും ഭക്ഷണം കഴിക്കാത്തതിനാലും പല പെണ്‍കുട്ടികളും തലകറങ്ങിവീഴുക പതിവായിരുന്നു. അന്ന് എസ്.എഫ്.ഐയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന സഖാവ് അനിതാ കെ. ബാബു ഞങ്ങളുടെ കോേളജില്‍ പഠിച്ചിരുന്നു. ദലിതയായ അവര്‍ക്ക് ദലിത് പെണ്‍കുട്ടികള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്നു.

സംഘടനക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതും വിയര്‍പ്പൊഴുക്കുന്നതും ഞങ്ങളായിരുന്നെങ്കിലും നേതാക്കള്‍ ഭൂരിപക്ഷവും ഈഴവ, മുസ്‌ലിം, സുറിയാനി ക്രിസ്ത്യന്‍, നായര്‍ സമുദായങ്ങളില്‍ നിന്നുള്ളവരായിരുന്നു. ആയിടക്കാണ് എസ്.എഫ്.ഐ ഇലക്ഷന് നിറുത്തിയ സ്ഥാനാര്‍ഥികളെല്ലാം ഈ സമുദായങ്ങളില്‍ നിന്നുള്ളവരാണെ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. മാത്രമല്ല, അവരില്‍ പലരും പുതുമുഖങ്ങളും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്തവരുമായിരുന്നു. അപ്പോള്‍ ഞാനും എന്റെ സുഹൃത്തുക്കളും കൂടി പ്രശ്‌നം പാര്‍ട്ടി കമ്മിറ്റിയില്‍ അവതരിപ്പിച്ചു. എന്തുകൊണ്ടാണ് നിങ്ങള്‍ ദലിതരെ സ്ഥാനാര്‍ഥികളാക്കാത്തത്, നിങ്ങള്‍ക്ക് അനിതാ കെ. ബാബുവിനെ സ്ഥാനാര്‍ഥിയാക്കിക്കൂടെ തുടങ്ങിയ ചോദ്യങ്ങള്‍ ഞങ്ങള്‍ ഉന്നയിച്ചു. പക്ഷേ, മറുപടി ഉടനെ ഉണ്ടായില്ല. കുറച്ച് ദിവസങ്ങള്‍ക്കുശേഷം എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി. അനില്‍കുമാറാണ് ഞങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചത്. അദ്ദേഹം പറഞ്ഞു: ‘പ്രായോഗിക രാഷ്ട്രീയത്തില്‍ എല്ലാവരുടേയും വോട്ടുനേടാന്‍ നമ്മള്‍ ചില അടവുതന്ത്രങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. തന്നെയുമല്ല, നവജീവന്റാണി എന്ന ദലിത് പെണ്‍കുട്ടിയെ കുറച്ചുവര്‍ഷം മുമ്പ് ഞങ്ങള്‍ സ്ഥാനാര്‍ഥിയാക്കി നിറുത്തിയതാണ്. എന്നാല്‍, അവര്‍ ജയിച്ചില്ലെന്നു മാത്രമല്ല, എസ്.എഫ്.ഐയുടെ പാനല്‍ മുഴുവന്‍ പരാജയപ്പെടുകയാണുണ്ടായത്. അതുകൊണ്ട് ദലിതരെ സ്ഥാനാര്‍ഥികളാക്കി നിര്‍ത്തില്ലെന്നതാണ് ഈ കാമ്പസിലെ പാര്‍ട്ടിനയം.’ ഞാന്‍ പറഞ്ഞു: അധികമാരും പറഞ്ഞ് മെനക്കെടേണ്ട, ഇതിനാണ് ജാതി എന്നുപറയുന്നത്. ഈഴവനായ അദ്ദേഹം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ജാതീയത പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് സ്വകാര്യമായി അംഗീകരിച്ചെങ്കിലും എന്‍.എസ്.എസ് കോളേജിലില്ലെന്ന് ഭാവിക്കുകയായിരുന്നു.

ഇതിനെല്ലാം വളരെ മുമ്പുതന്നെ ദലിതരെക്കുറിച്ചുള്ള ജാതീയമായ അധിക്ഷേപങ്ങളും തമാശകളും എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി ഭേദമില്ലാതെ കാമ്പസില്‍ സജീവമാണെ കാര്യം ഞാനും എന്റെ ദലിത് സുഹൃത്തുക്കളായ ഹനു ജി. ദാസും കെ.കെ. ജയസൂര്യനും മറ്റും സംസാരിച്ചിരുന്നു. ദലിത് വിദ്യാര്‍ഥികളുടെ ശരീരം, ലൈംഗികത, ശൈലി, നിറം, ഭാഷ, വസ്ത്രം എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു അത്. അതിലൊന്നാണ് രജീഷ്‌കുമാര്‍ എന്ന നായര്‍ എ.ബി.വി.പി നേതാവ് ഷിയാസ് എന്ന മുസ്‌ലിം എസ്.എഫ്.ഐ നേതാവിനോട് ‘ഹിസ്റ്ററി നിങ്ങള്‍ക്കൊപ്പമായതിനാല്‍ നിങ്ങള്‍ ജയിക്കുമെന്ന് ഉറപ്പല്ലേ! പക്ഷേ, ഹാലജന്‍ ബള്‍ബിടണം’ എന്നു പറഞ്ഞത്. ഹിസ്റ്ററിയില്‍ കൂടുതല്‍ പഠിക്കുന്നത് ദലിത് വിദ്യാര്‍ഥികളായതുകൊണ്ട് അവര്‍ എസ്.എഫ്.ഐക്കേ വോട്ട്ുചെയ്യൂ എന്നും അവര്‍ കറുത്ത നിറമുള്ളവരായതുകൊണ്ട് കാണാന്‍ ഹാലജന്‍ ബള്‍ബിടണം എന്നുമായിരുന്നു അതിനര്‍ഥം.

ഞങ്ങളുടെ ശ്രമഫലമായി എസ്.എഫ്.ഐ കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പ് ജയിച്ചു. മാഗസിന്‍ എഡിറ്റര്‍ മാത്രം എ.ബി.വി.പിക്ക് കിട്ടി. ഞങ്ങള്‍ ഉയര്‍ത്തിയ ജാതിപ്രശ്‌നത്തെ തന്ത്രപൂര്‍വം മറികടക്കാനും ദലിത് വിദ്യാര്‍ഥികളെ എസ്.എഫ്.ഐ ഉള്‍ക്കൊള്ളുന്നുണ്ടെന്ന ധാരണ വളര്‍ത്താനും വേണ്ടി എസ്.എഫ്.ഐ കോളേജ് ഡേക്ക് പൂച്ചെണ്ട് നല്‍കാന്‍ കുറച്ച് ദലിത് പെണ്‍കുട്ടികളെ ഏര്‍പ്പാടാക്കി. സാധാരണ വെളുത്ത സവര്‍ണ പെണ്‍കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്ന കാര്യമാണത്. ഒരു ദലിത് പെണ്‍കുട്ടി മുഖ്യാതിഥിക്ക് പൂച്ചെണ്ട് നല്‍കാന്‍ സ്‌റ്റേജിലേക്ക് കയറിയപ്പോള്‍ താഴെ കൂടിയിരുന്ന ദലിതിതര എസ്.എഫ്.ഐക്കാര്‍ക്കിടയില്‍നിന്ന്് ഒരു മുട്ടന്‍ തെറി ഉയര്‍ന്നു. പറഞ്ഞത് റഫിന്‍ ലത്തീഫ് എന്ന കക്ഷിയാണ്. കുറച്ച് മയപ്പെടുത്തി പറഞ്ഞാല്‍ ‘ഈ കറുത്തയോനി പെണ്‍പിള്ളേരെല്ലാം അണിഞ്ഞൊരുങ്ങി എത്തിക്കോളും. ഇവറ്റക്കൊന്നും വേറെ പണിയൊന്നുമില്ലേ?’ എന്നായിരുന്നു അത്. എന്റെ പെരുവിരലില്‍നി്ന്ന് ഒരു പെരുപ്പ് കയറി ഉള്ളന്‍ കൈയിലെത്തി. എനിക്കെന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഞാനവനെ കയറിപ്പിടിച്ചു. അടിക്കാനോങ്ങി. പക്ഷേ, അടിച്ചില്ല. അത് കോളേജിലാകെ പ്രശ്‌നമായി. അവന്‍ മാപ്പുപറഞ്ഞു. അത് ആരോടും പറയരുതെന്നും അവന് അടുത്ത ഇലക്ഷന് നില്‍ക്കാനുള്ളതാണെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു. എസ്.എഫ്.ഐക്കാര്‍ എന്നോട് വിശദീകരണം ചോദിച്ചു. ഞാന്‍ പറഞ്ഞു: അത് ജാതി പ്രശ്‌നമാണ്. എല്ലാവരുടെയും ഉള്ളിലുള്ളത്. നമ്മള്‍ ചര്‍ച്ചചെയ്തതുകൊണ്ടുമാത്രം തീരുന്ന കാര്യമല്ല. അടുത്ത ദിവസം കോേളജ് യൂനിറ്റ് കമ്മിറ്റി ചേര്‍ന്നു. അവരെന്നെ കോളേജിലെ യൂനിറ്റ് കമ്മിറ്റിയില്‍നി്ന്ന് പുറത്താക്കി. ഹനു ജി. ദാസ് കമ്മിറ്റിയിലുണ്ട്. അവന്‍ പറഞ്ഞു: ‘ജാതിപ്രശ്‌നം ഉന്നയിച്ച അഭിലാഷിനെ ജാതിവാദിയാണെന്ന് ആരോപിച്ച് പുറത്താക്കിയ സ്ഥിതിക്ക് എനിക്കിനി കമ്മിറ്റിയില്‍ തുടരാന്‍ താല്‍പര്യമില്ല.’ അവര്‍ പ്രശ്‌നമുന്നയിച്ച ആളിനെ പ്രശ്‌നക്കാരനാക്കുകയായിരുന്നു. ഗതികെട്ട് അവര്‍ റഫിനേയും പുറത്താക്കി.

മഹാരാജാസിലെ എസ്.എഫ്.ഐ യുടെ ജാതീയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കാമ്പസിലെ ദലിത് വിദ്യാര്‍ത്ഥികള്‍ നടത്തിയ ധര്‍ണ്ണയില്‍ നിന്ന്‌

പിറ്റേന്ന് മുതല്‍ ഞങ്ങള്‍ ഓരോ ദലിത് വിദ്യാര്‍ഥികളെയും കണ്ട് എസ്.എഫ്.ഐയിലെയടക്കം കാമ്പസിലെ ജാതീയതയെക്കുറിച്ച് സംസാരിച്ചുതുടങ്ങി. ഭൂരിപക്ഷം ദലിത് വിദ്യാര്‍ഥികളും അതൊരു യാഥാര്‍ഥ്യമാണെന്ന് സമ്മതിച്ചു. അത് ഞങ്ങളുടെ നിര്‍ബന്ധംകൊണ്ടായിരുന്നില്ല. അവരില്‍ മുഴുവന്‍പേരും നേരിട്ടോ അല്ലാതെയോ ജാതീയമായ അധിക്ഷേപങ്ങള്‍ക്കോ തമാശകള്‍ക്കോ വിധേയരായിരുന്നു. ദലിത് വിദ്യാര്‍ഥികള്‍ കാമ്പസിന്റെ പല ഭാഗത്തുനിന്നുകൊണ്ട് ഒറ്റക്കും കൂട്ടമായും ജാതിയെക്കുറിച്ച് സംസാരിച്ചുതുടങ്ങി. അങ്ങനെയൊരു ദിവസം പി. അനില്‍കുമാര്‍ എെന്നയും ഹനു ജി. ദാസിനെയും ചങ്ങനാശ്ശേരിയിലുള്ള പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു. അവിടെവെച്ച് അനില്‍ പറഞ്ഞു: ‘ദലിത് വിദ്യാര്‍ഥികളുമായുള്ള ബന്ധം നിങ്ങള്‍ വിച്‌ഛേദിക്കണം. അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കായികമായി നേരിടും.’ ഞങ്ങളും വെറുതെയിരിക്കില്ല -ഞാന്‍ തിരിച്ചടിച്ചു. ഭീഷണികൊണ്ട് ഞങ്ങള്‍ പിന്മാറില്ലെന്ന് അവര്‍ക്ക് മനസ്സിലായി. എ.ബി.വി.പിക്കാര്‍ ഞങ്ങളെ സമീപിച്ചു. അവര്‍ പറഞ്ഞു: നിങ്ങളെ ഞങ്ങള്‍ സംരക്ഷിക്കാം. എസ്.എഫ്.ഐയെ നമുക്ക് ഒരുമിച്ച് നേരിടാം. ഞങ്ങള്‍ പറഞ്ഞു: ഞങ്ങളെ നോക്കാന്‍ ഞങ്ങള്‍ക്കറിയാം. നിങ്ങളുടെ സഹായമാവശ്യമില്ല. നിങ്ങളോട് ഐക്യപ്പെടാനും താല്‍പര്യമില്ല… പക്ഷേ, കാമ്പസിലെ ജാതിയെക്കുറിച്ച് ഞങ്ങളൊരു ലേഖനമെഴുതുന്നുണ്ട്. അത് കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിക്കാമോ? അപ്പോള്‍ അവര്‍ പറഞ്ഞു: അതിനെന്താ… തീര്‍ച്ചയായും.
പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ എസ്.എഫ്.ഐക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു. പി.കെ. ബിജുവിനെയും പിന്നാക്ക ജാതിക്കാരനായ രൂപേഷിനെയുമാണ് അതിനായി നിയമിച്ചത്. ബിജുവും രൂപേഷും ഞങ്ങളോട് സംസാരിച്ചു. ഞങ്ങളാരും പ്രതികരിച്ചില്ല. അന്വേഷണ കമ്മീഷനെന്നത് പാര്‍ട്ടിക്കെതിരായി ഉയര്‍ന്നുവരുന്ന സ്വതന്ത്രാഭിപ്രായങ്ങളെ അടിച്ചൊതുക്കാനുള്ള ഒരു പാര്‍ട്ടി സംവിധാനമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.

അതുകഴിഞ്ഞ് ഒരു ദിവസം എ.ബി.വി.പിക്കാര്‍ ഞങ്ങളെ വന്നുകണ്ടു പറഞ്ഞു: ‘ലേഖനം പ്രസിദ്ധീകരിക്കുന്നതിന് ചില സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. ലേഖനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുന്നതായി ഒരു മുദ്രപത്രത്തില്‍ എഴുതിത്തന്നാല്‍ പ്രസിദ്ധീകരിക്കാം.’ വിദ്യാര്‍ഥി സമൂഹത്തെ കാമ്പസിലെ ജാതീയതയെക്കുറിച്ച് ധരിപ്പിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ മുദ്രപത്രത്തില്‍ എഴുതിക്കൊടുത്തു. പക്ഷേ, മാഗസിന്‍ പുറത്തുവപ്പോള്‍ ലേഖനമുണ്ടായില്ല. അന്വേഷിച്ചപ്പോള്‍ എ.ബി.വി.പിക്കാര്‍ പറഞ്ഞത്, നാരായണപ്പണിക്കര്‍ നേരിട്ട് വിളിച്ചുപറഞ്ഞു, ആ ലേഖനം പ്രസിദ്ധീകരിക്കരുത് എന്നാണ്. എസ്.എഫ്.ഐ സംഭവം എങ്ങനെയോ അറിഞ്ഞ് പണിക്കരെ സമ്മര്‍ദപ്പെടുത്തുകയായിരുന്നു. അവര്‍ കോളേജ് മാനേജ്‌മെന്റിനോട് പറഞ്ഞു: ‘ലേഖനം പുറത്തുവന്നാല്‍ ഞങ്ങള്‍ മൂന്നു മാസം കോളേജ് അടച്ചിടീക്കും.’ പക്ഷേ, അടുത്ത വര്‍ഷം ഇലക്ഷനില്‍ എസ്.എഫ്.ഐ ദയനീയമായി പരാജയപ്പെട്ടു.”

അനുഭവപാഠങ്ങളും അര്‍ഥതലങ്ങളും

അനുഭവങ്ങളുടെ തീക്ഷ്ണതയെ അറിവാക്കി മാറ്റിയ അവബോധമാണ് ഈ പാഠങ്ങളുടെ ഉള്ളടക്കം. ഇടതു-വലത് പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അതിവര്‍ത്തിച്ചുനില്‍ക്കുന്ന ദലിത് വിരുദ്ധ സവര്‍ണ / ദലിതിതര കര്‍ത്തൃത്വത്തിന്റെ അധീശത്വമാണിവിടെ വെളിപ്പെടുത്. ഗാന്ധിയന്‍ / നെഹ്‌റുവിയന്‍ ദേശീയവാദവും ഹൈന്ദവ സാംസ്‌കാരിക ദേശീയതയും മാര്‍ക്‌സിയന്‍ വര്‍ഗരാഷ്ട്രീയവും പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മും അവരുടെ പോഷക സംഘടനകളായ എന്‍.എസ്.യു (ഐ), എ.ബി.വി.പി, എസ്.എഫ്.ഐ എന്നിവയും ഒരേ സവര്‍ണ ശരീരത്തിന്റെ ഇടതും വലതും കൈകളാണെന്ന യാഥാര്‍ഥ്യമാണിത്.

ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ മുതല്‍ സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി, ഏരിയാ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി വരെയുള്ള ശ്രേണീപരമായ അധികാരക്രമം വര്‍ത്തമാന ജാതി അധികാരഘടനയുടെ പകര്‍പ്പാണ്. സണ്ണി എം. കപിക്കാട് ഒരു ചര്‍ച്ചയില്‍ നിരീക്ഷിച്ചതുപോലെ പ്രാദേശികമായി മേധാവിത്വം പുലര്‍ത്തുന്ന ജാതി-മത സമുദായങ്ങളുടെ പാര്‍ട്ടി എന്ന നിലയിലാണ് കേരളത്തിലെ ഓരോ പ്രദേശങ്ങളിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. സംഖ്യാപരമായും സാമൂഹികമായും സാമ്പത്തികമായും ഈഴവര്‍ / തിയ്യര്‍ മുന്നിട്ടുനില്‍ക്കുന്ന ഇടങ്ങളില്‍ പാര്‍ട്ടി ഈഴവ / തിയ്യ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായി മാറുന്നു. അതേപോലെ മുസ്‌ലിംകള്‍ മേധാവിത്വം പുലര്‍ത്തുന്ന ഇടങ്ങളില്‍ മുസ്‌ലിം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയായും, നായര്‍, സുറിയാനി ക്രിസ്ത്യാനികള്‍ എന്നിവര്‍ മേധാവിത്വം പുലര്‍ത്തു ഇടങ്ങളില്‍ അവരുടെ പാര്‍ട്ടിയായുമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയുടെ പ്രവര്‍ത്തനരീതി. ഈഴവ വിദ്യാര്‍ഥികള്‍ സംഖ്യാപരമായും മറ്റും മേധാവിത്വം പുലര്‍ത്തുന്ന കാമ്പസില്‍ ഈഴവ വിദ്യാര്‍ഥി ഫെഡറേഷനാവുന്ന എസ്.എഫ്.ഐ, മുസ്‌ലിം, നായര്‍, സുറിയാനി ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ മേധാവിത്വം പുലര്‍ത്തുന്ന കാമ്പസുകളില്‍ അവരവരുടെ വിദ്യാര്‍ഥി ഫെഡറേഷനാവുകയാണ് ചെയ്യുന്നത്. എവിടെയും അണികളില്‍ ഭൂരിപക്ഷവും ദലിതരാണെന്നതാണ് മാറ്റമില്ലാത്ത യാഥാര്‍ഥ്യം.

rohith

ഒരു സ്വകാര്യ സംഭാഷണത്തില്‍ കെ.കെ. കൊച്ച് വിലയിരുത്തിയപോലെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിന്റെ പേരുമാറ്റി ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’ എന്നാക്കുന്നതിലൂടെ, ദലിതര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് വന്നില്ലെന്ന പ്രശ്‌നമുയിച്ചുകൊണ്ട്, മാര്‍ക്‌സിസത്തിന്റെ പ്രയോഗത്തെ വിമര്‍ശിച്ചതുകൊണ്ട് തീരുന്നതല്ല പ്രശ്‌നങ്ങള്‍. മറിച്ച് കെ.കെ. കൊച്ചും സണ്ണി എം. കപിക്കാടും കെ.കെ. ബാബുരാജുമെല്ലാം തിരിച്ചറിഞ്ഞപോലെ ഇന്ത്യന്‍ സാമൂഹികഘടനയായ ജാതിയെ അഭിസംബോധന ചെയ്യാന്‍ ഒരു സിദ്ധാന്തം എന്ന നിലയില്‍ മാര്‍ക്‌സിസം പര്യാപ്തമല്ലെന്നതാണ്.

അംബേദ്കറിന്റെ ഒരു വ്യക്തി ഒരു മൂല്യം എന്ന തത്ത്വത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് വിദ്യാര്‍ഥികളെ ബാലറ്റു കൂട്ടങ്ങളായിക്കാണുന്ന ദലിത് ഇതര വിദ്യാര്‍ഥി രാഷ്ട്രീയത്തെ എ.എസ്.എ വിമര്‍ശവിധേയമാക്കുന്നത്. അതുപോലെ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന തത്ത്വത്തെ നിഷേധിച്ചുകൊണ്ട് ലക്ഷ്യംപോലെ മാര്‍ഗവും പ്രധാനമാണെ കാഴ്ചപ്പാടില്‍ എ.എസ്.എയെ എത്തിക്കുന്നത് ബുദ്ധദര്‍ശനമാണ്. നേപ്പാളില്‍വെച്ച് അംബേദ്കര്‍ നടത്തിയ ‘ബുദ്ധനോ കാള്‍ മാര്‍ക്‌സോ’ എന്ന സുദീര്‍ഘമായ പ്രസംഗത്തില്‍ മാര്‍ക്‌സിന്റെ വിമോചനമാര്‍ഗമായ രക്തരൂഷിത വിപ്ലവത്തെ തള്ളിക്കളയുന്നതും ഈ കാഴ്ചപ്പാട് പിന്‍പറ്റിക്കൊണ്ടാണ്. സംവാദത്തെയും സാഹോദര്യത്തെയും നിഷേധിച്ചുകൊണ്ട് അപരനോടുള്ള വെറുപ്പും ഹിംസയുമുല്‍പാദിപ്പിക്കുന്നതോടൊപ്പം സ്വയം കല്‍പിത രാഷ്ട്രീയ ശരികളില്‍ അപരന്റെ ജീവനുമേല്‍ മരണവിധി നടപ്പാക്കുമെന്നതിനാലാണ് മാര്‍ക്‌സിന്റെ മാര്‍ഗത്തെ അംബേദ്കര്‍ നിഷേധിച്ചത്. എസ്.എഫ്.ഐയുടെ മതേതരത്വത്തെ സംബന്ധിച്ച് എ.എസ്.എ ഉന്നയിക്കുന്ന ”ഇതാണോ എസ്.എഫ്.ഐയുടെ വിശ്വാസയോഗ്യമായ മതേതരത്വം”, ”മതേതരവാദികള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ കള്ള വിശ്വാസയോഗ്യതയാണിത്”, ”അവര്‍ തങ്ങളെ മതേതരത്വത്തിന്റെ ചാമ്പ്യന്മാരായി പ്രചരിപ്പിക്കുകയായിരുന്നു” തുടങ്ങിയ വിമര്‍ശനങ്ങള്‍ മതേതരത്വം പോലുള്ള സാര്‍വലൗകിക പരികല്‍പനകളില്‍ തലപൂഴ്ത്തി നില്‍ക്കുന്ന എസ്.എഫ്.ഐയുടെ ജാതിമുഖമാണ് പുറത്തെടുക്കുന്നത്. മാത്രമല്ല, ദേശീയ പ്രസ്ഥാനത്തിലൂടെ ഇന്ത്യയില്‍ വികസിച്ചുവന്ന മതേതരത്വം എന്ന സാര്‍വലൗകിക പരികല്‍പന വ്യത്യസ്ത ജാതി-മത-ഗോത്ര-ലിംഗ-ഭാഷാ വിഭാഗങ്ങളുടെ സ്വയം പ്രതിനിധാനത്തിന്റെയും ആഗ്രഹാഭിലാഷങ്ങളുടെയും കഴുത്തറുത്ത് ജാതി ഹിന്ദുവിന്റെ സര്‍വ പ്രതിനിധാനപരമായ സര്‍വാധിപത്യത്തെയും പുനര്‍വിന്യസിക്കുകയായിരുന്നെന്ന തിരിച്ചറിവും ഇത് ഉള്‍ക്കൊള്ളുന്നുണ്ട്.

പോസ്റ്ററിംഗ്, പണം പിരിവ്, കാമ്പയിനിംഗ് തുടങ്ങിയ സംഘടനാ സംവിധാനത്തിന്റെ അടിത്തട്ടു ജോലികള്‍ ചെയ്ത് ക്ഷീണിതമാവുന്ന ദലിത് വിദ്യാര്‍ഥി ശരീരങ്ങളെക്കുറിച്ച് അഭിലാഷ് പി.ടി പറയുന്നുണ്ട്. ജാതീയമായ ‘പൗരോഹിത്യ ഭൂപ്രഭുത്വ’ വ്യവസ്ഥക്കുള്ളിലെ ദലിത് ശരീരങ്ങളുടെ തീവ്ര ചൂഷണത്തെയാണ് ഇത് ഓര്‍മപ്പെടുത്തുന്നത്. എസ്.എഫ്.ഐക്കും മറ്റും വേണ്ടി പോസ്റ്ററിംഗ് തുടങ്ങിയ അടിത്തട്ടു ജോലികള്‍ ചെയ്യുന്നതിലൂടെ, അധ്വാനത്തിലേര്‍പ്പെടുന്നതിലൂടെ ചണ്ടിയാക്കപ്പെടുന്ന ദലിത് വിദ്യാര്‍ഥി ശരീരങ്ങള്‍ക്ക് കാമ്പസ് രാഷ്ട്രീയാധികാരത്തില്‍ യാതൊരു പങ്കുമില്ലെന്നതാണ് യാഥാര്‍ഥ്യം. മാര്‍ക്‌സിസത്തിലൂടെ ജാതീയമായ പൗരോഹിത്യ ഭൂപ്രഭുത്വത്തിന്റെ കാലത്തെ അതേ ചൂഷണം തന്നെ പുനരുല്‍പാദിപ്പിക്കപ്പെടുന്നതിന് തെളിവാണിത്. ഈ അനുഭവപാഠങ്ങള്‍ ദലിതര്‍ക്കു നേരെയുള്ള കാമ്പസുകളിലെ ചൂഷണാവസ്ഥകളെ വിവരിക്കുന്നതോടൊപ്പം അവക്കെതിരെ ദിനംപ്രതി ദലിത് പക്ഷത്തുനിന്നുയരുന്ന പ്രതിരോധത്തെയുമുള്‍ക്കൊള്ളുന്നുണ്ട്. ദയനീയവും അനുകമ്പാപൂര്‍വം തളംകെട്ടിയതുമായി മാത്രം ദലിത് അവസ്ഥകളെ ചിത്രീകരിക്കുന്ന മുഖ്യധാരാ ദലിത് ജീവിതാഖ്യാന വാര്‍പ്പുമാതൃകകളില്‍ നി്ന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതാണിത്. അഭിലാഷിന്റെയും മറ്റ് ദലിത് വിദ്യാര്‍ഥികളുടെയും ശബ്ദത്തിന് പാഠബലം നല്‍കുന്നതാണീ പ്രതിരോധം.

biju

ഇവക്കു പുറമെ എസ്.എഫ്.ഐ അടക്കമുള്ള ജാതി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദലിത് സമീപനത്തിലുള്ള മാറ്റവും ഈ പാഠങ്ങളില്‍ വ്യക്തമാണ്. 1999-2003 കാലഘട്ടത്തില്‍ നടക്കുന്ന അഭിലാഷിന്റെ രാഷ്ട്രീയ ജീവിതം, എസ്.എഫ്.ഐ, ഭൂരിപക്ഷം വരുന്ന ദലിത് വിദ്യാര്‍ഥികളെ അധികാര സ്ഥാനങ്ങളില്‍ നി്ന്ന് പൂര്‍ണമായി ഒഴിച്ചു നിറുത്തുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാട്ടുന്നു.ഇത് തന്നെയാണ് പി.കെ. ബിജുവിന്റെ പ്രസിഡന്റ് പദത്തിനുമടിസ്ഥാനം. 2000-ത്തിനു ശേഷം ഇന്ത്യ മുഴുവന്‍ ദൃശ്യമാവുന്ന ദലിത് വിദ്യാര്‍ഥികളുടെ സ്വതന്ത്ര രാഷ്ട്രീയ ഉണര്‍വുകളെ തന്ത്രപരമായി വഴി അടക്കുകയാണിത്. ഈ രണ്ട് ജീവിതാഖ്യാനങ്ങളും ദലിത് വിദ്യാര്‍ഥികളോട് എസ്.എഫ്.ഐ ചെയ്യുന്ന ഹിംസയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെയോ, ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോേളജിലെയോ ദലിതര്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ലിത്. മറിച്ച്‌ ഇന്ത്യയിലുടനീളം കാമ്പസുകളില്‍ ദലിതര്‍ നേരിടുന്ന ഹിംസയുടെ നേര്‍ക്കാഴ്ചയാണിത്. കേരളത്തില്‍ ദലിത് വിദ്യാര്‍ഥി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച എം.ബി. മനോജിനും എ.കെ. വാസുവിനും ഒ.പി. രവീന്ദ്രനും രേഖാരാജിനും മറ്റു വ്യക്തികള്‍ക്കും എസ്.എഫ്.ഐയില്‍നി്ന്ന് നിരവധി അതിക്രമങ്ങളാണ് നേരിടേണ്ടി വന്നത്. ഇടതും വലതും ബഹുവിധവുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെയും ദേശീയതാ സങ്കല്‍പങ്ങളിലൂടെയും നിര്‍വാഹകത്വം കൈവരിക്കുന്ന ദലിതിതര ഇന്ത്യന്‍ ജാതി രാഷ്ട്രീയ കര്‍ത്തൃത്വം, മുസ്‌ലിമിനെയോ ക്രിസ്ത്യാനിയെയോ സിഖിനെയോ ദലിതിന് പകരമായ ‘ദേശീയ അപര’മായി പുനര്‍വിന്യസിക്കുകയും ദലിതരെ ‘ഉറ്റ അപര’ (intimate other) രാക്കി അദൃശീകരിച്ചുകൊണ്ട് ഹിംസിക്കുന്നതിന്റെ ചിത്രംകൂടിയാണിത്.

വിദ്യാഭ്യാസ ഇടങ്ങളും അക്കാദമിക് (കെട്ടു) കാഴ്ചകളും

വിദ്യാഭ്യാസ ഇടങ്ങളെക്കുറിച്ചും അവയിലെ അധികാര ബന്ധങ്ങളെക്കുറിച്ചുമുള്ള അക്കാദമിക് പഠനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അറിവിനെ ഈ അവസരത്തില്‍ ചെറുതായി പരിശോധിക്കാം. അതിനായി പച്ചക്കുതിര മാസിക (2006 ജൂലൈ-ആഗസ്റ്റ്) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച റിറ്റി ലൂക്കോസിന്റെ ‘വിദ്യാഭ്യാസം, രാഷ്ട്രീയം, ആഗോളവല്‍ക്കരണം’ എന്ന പഠനം ശ്രദ്ധിക്കാം. അവര്‍ ആഗോളീകരണത്തിന്റെ ഉപഭോഗവത്കരണ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയിലെ പൊതു, സ്വകാര്യം എന്നീ വാക്കുകള്‍ക്കും അവയുള്‍ക്കൊള്ളുന്ന ഇടങ്ങള്‍ക്കും സംഭവിക്കുന്ന അര്‍ഥഭേദത്തെ വിശദീകരിക്കാനാണ് ശ്രമിക്കുന്നത്. അതിനുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ വ്യവഹാരത്തെ പരിശോധിക്കുന്നുണ്ട്.

ഈ പഠനത്തില്‍ ജാതിയും അതിന്റെ അധികാര ബന്ധങ്ങളും കൂടുതലായി ചിത്രീകരിക്കപ്പെടുന്നത് നവോത്ഥാനകാല, സ്വാതന്ത്ര്യപൂര്‍വ ആധുനികാരംഭ ഘട്ടത്തിലുണ്ടായിരുന്ന ഒരു സാമൂഹിക പ്രതിഭാസമായാണ്. എന്നാല്‍, വര്‍ത്തമാനകാലത്തെക്കുറിച്ചുള്ള അവരുടെ ചര്‍ച്ചകളില്‍ ജാതി ഇല്ലെന്ന് മാത്രമല്ല, പകരം ലിംഗാടിസ്ഥാനത്തിലുള്ള ആണ്‍-പെണ്‍ വിഭജനങ്ങളും വര്‍ഗങ്ങളും മാത്രം ദൃശ്യത കൈവരിക്കുന്നു. കേരളത്തിലെ നവ മാര്‍ക്‌സിയന്‍ /സ്ത്രീപക്ഷവാദ/പരിസ്ഥിതിവാദ ആഖ്യാനങ്ങളിലും ജാതിയെക്കുറിച്ചുള്ള അദൃശ്യത ദൃശ്യമാണ്. ഇതേപോലെ പി.കെ. ബിജുവുമായുള്ള അഭിമുഖ സംഭാഷണവും, ജാതിയെ കേരളത്തിലില്ലാത്ത നവോത്ഥാനപൂര്‍വ അനുഭവമാക്കിയും കേരളത്തെ ജാതിരഹിത പ്രദേശമാക്കി കേരളത്തിന് പുറത്ത് ആന്ധ്രയിലും മറ്റുമുള്ള ഒരു സാമൂഹിക പ്രതിഭാസമാക്കി അവതരിപ്പിക്കുന്നതും കാണാം. പൊതു-സ്വകാര്യം, ആണ്‍-പെണ്‍, കമ്പോളം-കമ്പോളരഹിതം, ഉപഭോഗം-ഉപഭോഗരഹിതം തുടങ്ങിയ ദ്വന്ദ്വമാനവര്‍ഗീകരണങ്ങളാണ് റിറ്റി ലൂക്കോസിന്റെ പഠനത്തിന്റെ സവിശേഷത. ഇത്തരം വര്‍ഗീകരണങ്ങളും വിശകലനങ്ങളും കേരളത്തെക്കുറിച്ചുള്ള ചില (മാര്‍ക്‌സിയന്‍/ദേശീയവാദ/കീഴാള പഠന) അക്കാദമിക് മുന്‍ ധാരണകളെ പുനരുല്‍പാദിപ്പിക്കുന്നതോടൊപ്പം, ഇവയെ മുറിച്ചു കടന്നുകൊണ്ടും ഒളിച്ചു കടന്നുകൊണ്ടും പ്രവര്‍ത്തിക്കുന്ന സമുദായങ്ങളുടെയും വ്യത്യസ്ത ജനവിഭാഗങ്ങളുടെയും അതിസങ്കീര്‍ണമായ സൂക്ഷ്മ രാഷ്ട്രീയത്തെ പുറന്തള്ളുന്നതുമാണ്.

റിറ്റി ലൂക്കോസിന്റെ ഒരു പഠന ഭാഗം നോക്കൂ: ”കോളേജില്‍ സ്ഥിരമുണ്ടാവുന്ന സംഘര്‍ഷങ്ങള്‍ക്ക് മറ്റൊരു മുഖമുണ്ടാവാം. ഒരു അധ്യാപകന്‍ എന്നോടു പറഞ്ഞതുപോലെ ‘പെണ്‍ പ്രശ്‌നമാവാം അതിനു പിന്നില്‍. ഇത്തരം സംഭവങ്ങള്‍ക്ക് സ്ഥിരം ഒരു പാറ്റേണുണ്ടാവും. ഒരാണ്‍കുട്ടി പെണ്‍കുട്ടിയോട് അപമര്യാദയായി സംസാരിക്കുന്നു, മറ്റൊരാണ്‍കുട്ടിക്ക് അതില്‍ ദേഷ്യം വരുന്നു. അവന്‍ (അവളുടെ ‘ലൈനോ’, ‘ബന്ധുവോ’, ‘നാട്ടുകാരനോ’ ആവാം) മറ്റവനെ ആക്രമിക്കുന്നു. രണ്ടു പേരും എതിര്‍ പാര്‍ട്ടിക്കാരാവാം. അതോടെ തുടര്‍ സംഘര്‍ഷങ്ങളുടലെടുക്കുന്നു. ഫലത്തില്‍ സ്‌ത്രൈണ ലൈംഗികതയെ വരുതിക്കു നിറുത്താനും അടക്കവും ഒതുക്കവുമുള്ളവരാക്കി നിലനിറുത്താനുമാണ് അവരുടെ മാനം കാക്കാനുള്ള ഇത്തരം ആണ്‍ പോരാട്ടങ്ങള്‍ ഉതകുന്നത്.”

വര്‍ത്തമാന കോേളജ് സാഹചര്യത്തെ വിവരിക്കുമ്പോള്‍ ജാതിയും മതവും അപ്രസക്തമാവുന്നത് ഇവിടെ കാണാം. ഇതുപോലെതന്നെ ബിജു, ശ്രീജന്‍ തുടങ്ങിയ വിദ്യാര്‍ഥികളുടെ അനുഭവാഖ്യാനങ്ങള്‍ അടയാളപ്പെടുത്തുമ്പോഴും വര്‍ഗവും ലിംഗവും അവരുടെ തന്മ (identity) യുടെ ഭാഗമായി കുറിക്കപ്പെടുകയും അവരുടെ സമകാലീന തന്മയുടെ അവിഭാജ്യ ഘടകമാവുന്ന ജാതി, മതം എന്നിവ പരാമര്‍ശവിധേയമാവാതെ അപ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ഇടത്തിലെ സംഘര്‍ഷത്തെ ആണ്‍-പെണ്‍ അധികാരത്തിന്റെ പ്രശ്‌നമായി മാത്രം വായിക്കുമ്പോള്‍ ലിംഗത്തെയും വര്‍ഗത്തെയും അതിവര്‍ത്തിച്ച് പല സന്ദര്‍ഭങ്ങളിലും (കേരളത്തില്‍) പ്രവര്‍ത്തിക്കുന്ന ജാതി-മത സമുദായങ്ങള്‍ തമ്മിലുള്ള അധികാര ഘടനയും ബലതന്ത്രവുമാണ് മറക്കപ്പെടുന്നത്. അഭിലാഷിന്റെ അനുഭവ ആഖ്യാനത്തില്‍ ദലിത് സ്ത്രീക്കു നേരെ തെറി ഉയരുമ്പോള്‍ ദലിത് പുരുഷന് അപമാനകരമാവുകയും അയാള്‍ ദലിത് ഇതരനായ മുസ്‌ലിം യുവാവിനോട് സംഘര്‍ഷപ്പെടുകയും ചെയ്യുന്നതിനെ, ദലിത് യുവാവിന്റെ ദലിത് സ്ത്രീ ലൈംഗികതയെ വരുതിക്ക് നിറുത്താനും അടക്കാനുമായുള്ള ശ്രമമായി മാത്രം കാണാനാവുമോ? ഇവിടെയും ലിംഗപരമായി അധികാര വ്യത്യാസം നിലനില്‍ക്കുന്നുവെന്നും കേരളത്തിലെ ആധുനികമായ ജാതി/മത സമുദായങ്ങള്‍ പുരുഷാധിപത്യ ഭാവനകളാല്‍ നിര്‍മിതമാണെ വാദം പങ്കുവെക്കുമ്പോഴും ലിംഗാവസ്ഥകളെ ഉള്‍ക്കൊണ്ടുതന്നെ ജാതീയമായ അനുഭവങ്ങളിലൂടെ ജീവിതവും അധികാരാവസ്ഥകളും രൂപപ്പെടുത്തിയ ഒരു തന്മയായി ദലിത് അനുഭവപ്പെടുന്നുണ്ടെന്ന കാര്യം ഇത്തരം പഠനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നില്ലെന്നത് ചൂണ്ടിക്കാണിക്കാതെ വയ്യ. ദലിത് തന്മ തിരിച്ചറിയപ്പെടുന്ന പല ആരോപിത സൂചകങ്ങളിലൊന്നായി കറുപ്പ് നിറം ഇവിടെ മാറുന്നുണ്ട്. ദലിത് തന്മ അന്തര്‍വഹിക്കുതിനാലാണ് അഭിലാഷിന് സംഘര്‍ഷപ്പെടേണ്ടി വരുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദലിത് സ്ത്രീയെ അപേക്ഷിച്ച് ദലിത് പുരുഷന്റെ ലിംഗപരമായ സവിശേഷ അധികാരം അഭിലാഷില്‍ നിലനില്‍ക്കുമ്പോഴും ജാതീയമായ അനുഭവ മണ്ഡലങ്ങളിലൂടെ ദലിത് സ്ത്രീയോട് താദാത്മീകരിക്കപ്പെടുകയും, തന്റെ ദലിത് പുരുഷാധികാരത്തെ ആന്തരികമായി സങ്കീര്‍ണമാക്കുകയും ചെയ്യുന്ന ഒരു സന്ദര്‍ഭമായി അഭിലാഷിന്റെ സംഘര്‍ഷത്തെ കാണാവുന്നതാണ്. കാരണം, ജാതിവ്യവസ്ഥ ദലിത് പുരുഷന് നല്‍കുന്ന സാധാരണമായ ബോധം ദലിത് സ്ത്രീക്കു നേരേയുള്ള കടന്നുകയറ്റങ്ങളെയും അതിക്രമങ്ങളെയും സ്വാഭാവികമായി കാണുക എന്നതാണ്. താദാത്മീകരണത്തില്‍ പ്രവര്‍ത്തിക്കുന്ന അധികാരത്തെ അറിഞ്ഞുകൊണ്ടു തന്നെ അതിന് പിന്നിലെ രാഷ്ട്രീയ സമാനതകള്‍ക്കാണ് ഇവിടെ ഊന്നല്‍ നല്‍കുന്നത്. ഇത്തരം സംഘര്‍ഷത്തെ പുരുഷാധിപത്യമായി മാത്രം വായിച്ചെടുക്കുമ്പോള്‍ ജാതീയമായി/മതപരമായി/ഭാഷാപരമായി/വര്‍ഗപരമായി/പ്രദേശപരമായി വ്യത്യാസമുള്ള സ്ത്രീകള്‍ക്കിടയിലേയും വ്യത്യാസമുള്ള പുരുഷന്മാര്‍ക്കിടയിലേയും പൊതുവില്‍ അവര്‍ തമ്മിലുമുള്ള അധികാരത്തിന്റെ അധികഭാവങ്ങളാണ് കാണാതെ പോവുന്നത്. അഭിലാഷിന്റെ അനുഭവ വ്യാഖ്യാനത്തിലെ സംഘര്‍ഷത്തെ റിറ്റി ലൂക്കോസിന്റെ ധാരണയിലൂടെ വായിച്ചെടുത്താല്‍ കേരളീയ സമൂഹത്തില്‍ സ്ത്രീ എന്ന ‘പൊതു’ സംവര്‍ഗത്തിന്റെ അനുഭവ മണ്ഡലത്തിനുള്ളില്‍ ദലിത് സ്ത്രീയനുഭവിക്കുന്ന അധികാരപരമായ അഭാവവും പുരുഷനെന്ന ‘പൊതു’ സംവര്‍ഗത്തിന്റെ അനുഭവ മണ്ഡലത്തിനുള്ളില്‍ ദലിത് പുരുഷനനുഭവിക്കുന്ന അധികാരപരമായ അഭാവവുമാണ് കുഴിച്ചുമൂടപ്പെടുന്നത്.

ജാതിയുടെ വര്‍ഗവത്കരണവും വര്‍ഗത്തിന്റെ മതവും 

പി.കെ. ബിജുവുമായുള്ള അഭിമുഖ സംഭാഷണത്തിലേക്ക് തിരിച്ചു വരാം. അതില്‍ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും അടയാളപ്പെടുന്നത് കര്‍ഷകത്തൊഴിലാളി എന്ന സംവര്‍ഗത്തിലൂടെയാണ്. ”കുട്ടിക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെ ഉണ്ടായിരുന്നു… ചുറ്റും താമസിച്ചിരുന്ന കര്‍ഷകത്തൊഴിലാളികള്‍ പരമ ദരിദ്രരായിരുന്നു” എന്ന വാചകം കര്‍ഷകത്തൊഴിലാളി എന്ന സംവര്‍ഗത്തെ ചുറ്റും താമസിച്ചവര്‍ക്കു കൂടി ബാധകമാക്കുകയാണ്. ഈ സംവര്‍ഗത്തിന്റെ പ്രയോഗം ദലിത് അവസ്ഥക്കു കാരണമായ ജാതി വ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്തെയും അതിന്റെ നിര്‍വാഹകരെയും മറച്ചുവെക്കുതോടൊപ്പം ആ വ്യവസ്ഥയോടുള്ള ദലിത് വിഷയിയുടെ പ്രതിരോധത്തെതന്നെ ഉന്മൂലനം ചെയ്യുന്നുണ്ട്. ബിജു ജീവിച്ച സമൂഹത്തിന്റെ ജാതീയ സവിശേഷതകളായ നായര്‍, സുറിയാനി ക്രിസ്ത്യന്‍, ഈഴവര്‍ തുടങ്ങിയ വ്യത്യസ്ത ജാതി വിഭാഗങ്ങളെക്കുറിച്ചും അവര്‍ക്കിടയിലെ വിഭവ, മൂലധനാടിസ്ഥാനത്തിലുള്ള വിഭജന രേഖകളെക്കുറിച്ചുമുള്ള മുഴുവന്‍ യാഥാര്‍ഥ്യങ്ങളും മായ്ച്ചു കളഞ്ഞുകൊണ്ട് മാര്‍ക്‌സിയന്‍ സാമ്പത്തിക സംവര്‍ഗങ്ങളിലൂടെയാണ് സമൂഹത്തിന്റെ അനുഭവ ആഖ്യാനം പ്രതിനിധാനം ചെയ്യുന്നത്.

ദലിത് ജീവിതാനുഭവത്തെ സൂചിപ്പിക്കാനായി അഭിമുഖ സംഭാഷണത്തിലുടനീളം ഉപയോഗിച്ചിട്ടുള്ള പട്ടിണി, വേദന, യാതന, നിസ്സഹായത, ദാരുണം തുടങ്ങിയ പദങ്ങള്‍ ജാതീയ സമൂഹത്തിലെ ദലിതരുടെ സവിശേഷ അനുഭവമായ സമ്പത്ത്, അധികാരം, പദവി എന്നിവയില്‍ നിന്നുള്ള പുറന്തള്ളലിനെ മറച്ചുവെച്ചു കൊണ്ട് മത സാഹിത്യത്തില്‍ പാപികളെ കുറിക്കുന്ന സമാഹൃത ഓര്‍മകളാണ് പുനര്‍ജനിപ്പിക്കുന്നത്. ”ഞങ്ങള്‍ തന്നെ ഞങ്ങളില്‍ അടിച്ചേല്‍പിക്കുന്ന പരിമിതികളുണ്ടായിട്ടും ദാരിദ്ര്യം അതിന്റെ ഉച്ചസ്ഥായിയില്‍ തന്നെ ഞങ്ങള്‍ക്കുണ്ടായിരുന്നു” എന്ന ബിജുവിന്റെ സാക്ഷ്യം ജാതിയുടെ നിര്‍വാഹകരെ രക്ഷിക്കുന്നതും ദലിതര്‍ സ്വയം ചെയ്ത തെറ്റിനാല്‍ പാപികളായിത്തീര്‍വരാണെന്ന (ദലിതവസ്ഥക്കു കാരണം അതാണെന്ന) ഹൈന്ദവ – ക്രിസ്തീയ ധാരണകളെ ഉറപ്പിക്കുന്നതുമാണ്.

”എന്റെ അച്ഛനമ്മമാര്‍ക്ക് ഇടതുപക്ഷാഭിമുഖ്യമുണ്ടായതും അവരുടെ ജീവിതത്തിലുണ്ടായ ഇടതുപക്ഷ സാന്ത്വനംകൊണ്ടാണ്. ഞാനും ഒരു ഇടതുപക്ഷക്കാരനായത് അതുകൊണ്ടാണ്. നമ്മുടെ ജീവിതത്തിലുണ്ടാവുന്ന സാന്ത്വനത്തിനും സഹായത്തിനുമപ്പുറം എന്ത് ഇടപെടലാണ് നമുക്ക് ലഭിക്കേണ്ടത്” എന്ന് ബിജു പറയുമ്പോള്‍ ഇവിടെ തന്റെ ജീവിതത്തെ നിര്‍ണയിക്കുന്ന ജാതീയ സാമൂഹിക ഘടന തിരിച്ചറിഞ്ഞ ഒരു യുവാവിന്റെ വിമര്‍ശാത്മക അവബോധമല്ല പ്രകടമാവുന്നത്‌. പകരം മാര്‍ക്‌സിസ്റ്റുകളുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പാത്രമാവുകയും രക്ഷപ്രാപിക്കുകയും ചെയ്ത അശരണനായൊരു വിശ്വാസിയുടേതാണ്.

”മാന്നാനം കോേളജിലെ അധ്യാപകരും എന്നോട് നല്ല രീതിയില്‍ സഹകരിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ പുസ്തകം വാങ്ങാനൊക്കെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അപ്പോള്‍ കോേളജിലെ സൊസൈറ്റിയാണ് സഹായകമായത്. സെന്റ് വിന്‍സന്റ് ഡീപോള്‍ സൊസൈറ്റി.” ബിജുവിന് ഇത്തരത്തില്‍ വ്യക്തിപരമായി സഹായകമാവുന്ന മാന്നാനം കോളജിനെയും മാന്നാനത്തെയും സംബന്ധിച്ച ദലിത് അനുഭവമെന്താണ്? എന്‍.എസ്.എസ് എങ്ങനെ നായര്‍ സമുദായത്തെ ആധുനിക കേരളത്തിലെ വംശീയമേധാവിത്വ സമുദായമാക്കി മാറ്റിയോ അതേപോലെ സുറിയാനി ക്രിസ്ത്യാനികളെ (സവര്‍ണ ക്രിസ്ത്യാനികളെ) കേരളത്തിലെ വംശീയമേധാവിത്വ സമുദായമാക്കി മാറ്റിയ നസ്രാണി ജാതൈ്യക്യ സംഘത്തിന്റെ പ്രഭവ കേന്ദ്രങ്ങളിലൊാണ് മാന്നാനം. കേരളത്തിലെ വിദ്യാഭ്യാസ – ആരോഗ്യ-എന്‍.ജി.ഒ- മദ്യ വ്യാപാര വ്യവസായ മേഖലയിലെ കുത്തക സമുദായമായ സുറിയാനി ക്രിസ്ത്യന്‍ സമുദായത്തിന്റെ മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജ്, പ്രദേശത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സ്ഥാപനമാണ്. മാത്രമല്ല, സുറിയാനി ക്രിസ്ത്യന്‍ സമുദായത്തിന്റെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പോലത്തന്നെ സംവരണ വിരുദ്ധതക്ക് കുപ്രസിദ്ധമാണീ സ്ഥാപനം. ഈ കോളേജ് സംവരണ സീറ്റുകള്‍ സംവരണീയര്‍ക്കു നല്‍കാതെ മറിച്ചു വിറ്റത് വിവാദമായതിന്റെ പശ്ചാത്തലത്തില്‍ എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ റിലേഷന്‍സിലെ അധ്യാപകനായിരുന്ന എ.കെ. രാമകൃഷ്ണനടങ്ങുന്ന ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷന്റെ അന്വേഷണത്തില്‍ കോളേജ് സംവരണനിഷേധം നടത്തിയതായി തെളിഞ്ഞതുമാണ്. എന്നാല്‍, യൂണിവേഴ്‌സിറ്റിക്ക് കോളേജിന് നേരേ ചെറുവിരലനക്കാന്‍പോലും കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ഥ്യം. എസ്.എഫ്.ഐയിലെ തന്റെ അനുഭവത്തെക്കുറിച്ച് പറയുമ്പോള്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ”റിസര്‍വേഷന്‍ ലഭ്യമായിരുന്നില്ല” എന്നത് മേന്മയായി പറയുകയാണ് ബിജു. സംവരണം യോഗ്യതയില്ലാത്തവര്‍ക്ക് നല്‍കുന്ന സൗജന്യമാണെന്ന സവര്‍ണ പൊതുബോധത്തെയാണിത് പുനരുല്‍പാദിപ്പിക്കുന്നത്. ഈ ഒരു മനോഘടനയുള്ള അദ്ദേഹത്തിന് മാന്നാനം കോേളജിന്റെ സംവരണ നിഷേധത്തെ ദലിത് അവകാശ നിഷേധമായി കാണാന്‍ കഴിയാത്തതില്‍ അദ്ഭുതപ്പെടാനില്ല. അഭിമുഖ സംഭാഷണത്തില്‍ ദലിത് തന്മയെ പ്രതിനിധാനം ചെയ്യുന്നവനായി ബിജു അവതരിപ്പിക്കപ്പെടുന്നത് മാര്‍ക്‌സിസം, ദലിത് എന്ന പരികല്‍പനയുടെ നിര്‍മിതിയില്‍ അന്തര്‍ലീനമായ ജാതീയ സവിശേഷതയെ അംഗീകരിക്കുന്നതുകൊണ്ടല്ല. മറിച്ച്, വര്‍ത്തമാന കാലഘട്ടത്തില്‍ ഈ പരികല്‍പന നിര്‍മിച്ച സാംസ്‌കാരികാവബോധത്തെയും രാഷ്ട്രീയ മുേന്നറ്റത്തെയും ഒരു ദലിത് നാമധാരിയിലൂടെ കൊള്ളയടിക്കാമെന്ന വ്യാമോഹത്താലാണ്.

കെ. അഷ്‌റഫ് എഡിറ്റ് ചെയ്ത് എസ്.ഐ.ഒ കേരള പുറത്തിറക്കിയ ക്ലാസ്‌മേറ്റ്‌സ് എന്ന പുസ്തകത്തില്‍ നിന്ന്‌

അരുണ്‍ അശോകന്‍