“ഞങ്ങൾ ഇനി നിങ്ങളുടെ കുരങ്ങന്മാരല്ല.” 1960-ൽ കോംഗോയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ യുവ നേതാവ് പാട്രിസ് ലുമുംബ ലോകത്തിന് മുന്നിൽ പ്രഖ്യാപിച്ചതിങ്ങനെയായിരുന്നു. അത് ഒരു രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളുടെ കൊളോണിയൽ അടിച്ചമർത്തലുകൾക്ക് നേരെയുള്ളു കോംഗോ ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ബെൽജിയം രാജാവായ ലിയോപോൾഡ് രണ്ടാമൻ കോംഗോയെ തന്റെ സ്വകാര്യ സ്വത്തായി പ്രഖ്യാപിച്ചത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൊളോണിയൽ ഭരണങ്ങളിൽ ഒന്നായിരുന്നു അത്. റബ്ബർ ഉത്പാദനത്തിനായി ലക്ഷക്കണക്കിന് ആഫ്രിക്കക്കാരെ അടിമപ്പണിയെടുപ്പിച്ചു. എണ്ണത്തിലധികം വന്ന അടിമകളുടെ കൈകൾ വെട്ടിമാറ്റി. ഗ്രാമങ്ങൾ ചുട്ടുചാമ്പലാക്കി. പഠനങ്ങൾ കണക്കാക്കുന്നത് ഒരു കോടി ജനങ്ങളോളം ആ കാലഘട്ടത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്നാണ്. അതേസമയം യൂറോപ്പ് പുരോഗതിയുടെയും നാഗരികതയുടെയും സൗകര്യങ്ങൾ ആഘോഷിക്കുകയായിരുന്നു. അതിന് ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആഫ്രിക്കയിൽ സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീശിത്തുടങ്ങിയപ്പോൾ കോംഗോയും അതിന്റെ ഭാഗമായിരുന്നു.
എന്നാൽ സ്വാതന്ത്ര്യം കോംഗോയ്ക്ക് സമാധാനം നൽകിയിരുന്നില്ല. ശീതയുദ്ധത്തിന്റെ ഭാഗമായ ഭൗമ-രാഷ്ട്രീയ പിടിവലികളും വൈദേശിക ഇടപെടലുകളും പ്രകൃതി വിഭവങ്ങൾക്ക് വേണ്ടിയുള്ള സാമ്രാജ്യത്വ കിടമത്സരങ്ങളും രാജ്യത്തെ വീണ്ടും അസ്ഥിരതയിലേക്ക് തള്ളിവിട്ടു. പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ നടന്ന രാഷ്ട്രീയ ഗൂഢാലോചനകൾക്കൊടുവിൽ ലുമുംബ കൊല്ലപ്പെട്ടു. പിന്നീടങ്ങോട്ട് ഏകാധിപത്യവും ആഭ്യന്തര യുദ്ധങ്ങളും തുടർന്നു. എന്നിരുന്നാലും കോംഗോയിലെ ജനങ്ങൾ അവരുടെ പ്രതീക്ഷകളെ പൂർണമായി ഉപേക്ഷിച്ചില്ല. സംഗീതത്തിലും സാഹിത്യത്തിലും മതജീവിതത്തിലും കായികരംഗത്തും അവർ തങ്ങളുടെ ജീവിതത്തെ വീണ്ടും കണ്ടെത്താൻ ശ്രമിച്ചു. ഫുട്ബോൾ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഷയായി മാറി. കൊളോണിയൽ ഭരണാധികാരികൾ കൊണ്ടുവന്ന കളി പിന്നീട് കൊളോണിയൽ ചരിത്രത്തിനെതിരെയുള്ള ആത്മാഭിമാനത്തിന്റെ പ്രതീകമായി മാറി. ബ്രസീലിലും അൾജീരിയയിലും സെനഗലിലും ഘാനയിലും മൊറോക്കോയിലും സംഭവിച്ചതുപോലെ കോംഗോയിലും ഫുട്ബോൾ അവരുടെ സ്വപ്നത്തിന്റെ ഭാഗമായിമാറി.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ലോകകപ്പിന്റെ വേദിയിലെത്തുന്നത് പരിശോധിക്കുമ്പോൾ ചരിത്രം നമ്മെ അൻപത്തിരണ്ട് വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോകും. ഇന്ന് കോംഗോ എന്നറിയപ്പെടുന്ന രാജ്യം 1974-ലും ലോകകപ്പിൽ എത്തിയിരുന്നു. എന്നാൽ അന്നത് ഇന്നത്തെ കോംഗോ ആയിരുന്നില്ല; സൈർ (Zaire) എന്ന പേരിലായിരുന്നു അന്ന് കോംഗോ ലോകത്തിന്റെ മുന്നിലെത്തിയത്.
ആ ലോകകപ്പ് പ്രവേശനത്തിന് പിന്നിൽ വെറും കായിക മികവിന്റെ കഥ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. അതിനുപിന്നിൽ ആഫ്രിക്കയുടെ കോളനിവിരുദ്ധ ചരിത്രവും, പാൻ-ആഫ്രിക്കൻ രാഷ്ട്രീയവും, സ്വാതന്ത്ര്യാനന്തര ആഫ്രിക്കൻ പ്രദേശങ്ങളുടെ സ്വപ്നങ്ങളും അടങ്ങിയിരുന്നു. 1966-ൽ ലോകകപ്പ് യോഗ്യതയിലെ വ്യവസ്ഥാപിതമായ വിവേചനത്തിനെതിരെ ആഫ്രിക്കൻ രാജ്യങ്ങൾ കൂട്ടായി ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ ആധിപത്യത്തിനെതിരായ ആ പ്രതിഷേധത്തിന്റെ ഫലമായാണ് പിന്നീട് ആഫ്രിക്കയ്ക്ക് പ്രത്യേക ലോകകപ്പ് സീറ്റ് ലഭിച്ചത്. ചരിത്രപരമായ ഈ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് 1974-ൽ സൈർ ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്.
കായികപരമായി നോക്കിയാൽ, ആ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ ആഫ്രിക്കൻ ടീമുകളിലൊന്നായിരുന്നു സൈർ. ടോഗോ, കാമറൂൺ, ഘാന, മൊറോക്കോ, സാംബിയ തുടങ്ങിയ ശക്തരായ എതിരാളികളെ മറികടന്നാണ് അവർ പശ്ചിമ ജർമ്മനിയിൽ നടന്ന ലോകകപ്പിലേക്ക് പ്രവേശിച്ചത്. അതേ വർഷം അവർ ആഫ്രിക്കൻ നേഷൻസ് കപ്പും സ്വന്തമാക്കിയിരുന്നു.
അതായത് 1974-ലെ സൈറിന്റെ ലോകകപ്പ് പ്രവേശനം ഒരു രാജ്യത്തിന്റെ നേട്ടം മാത്രമായിരുന്നില്ല. കോളനിവാഴ്ചയുടെ നീണ്ട നിഴലുകൾക്കപ്പുറം സ്വന്തം സാന്നിധ്യം ലോകവേദിയിൽ പ്രഖ്യാപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരു ഭൂഖണ്ഡത്തിന്റെ ആത്മവിശ്വാസത്തിന്റെ പ്രകടനമായിരുന്നു. അൻപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ വീണ്ടും ലോകകപ്പിന്റെ വേദിയിലേക്ക് എത്തുമ്പോൾ, ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്, ചില ടീമുകൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് കേവലമായ കായിക വാർത്ത എന്നതിനേക്കാൾ ചരിത്ര പ്രാധാന്യമുള്ള ഒരു പ്രതിരോധ സാന്നിധ്യമായിട്ടാണ് അതിനെ നോക്കിക്കാണേണ്ടത് എന്നാണ്.

ലോകകപ്പ് ഫുഡ്‌ബോളിന്റെ ചരിത്രം ആധുനിക ലോകരാഷ്ട്രീയത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു വഴിയാണ്. ദേശീയതയുടെയും സാമ്രാജ്യത്വത്തിന്റെയും കോളനിവിരുദ്ധതയുടെയും ശീതയുദ്ധത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും അനവധി സാംസ്കാരിക പ്രതിരോധങ്ങളുടെയും ചരിത്രങ്ങൾ പരസ്പരം കൂടിച്ചേരുന്ന ഒരു ആഗോള വേദിയായി പലപ്പോഴും ഫുട്ബോൾ ലോകകപ്പുകൾ മാറിയിട്ടുണ്ട്.
ലോകവേദിയുടെ രാഷ്ട്രീയം
ആധുനിക ലോകം സ്വയം തന്നെ ഒരു ലോക വേദിയായി സങ്കൽപ്പിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്യൻ സാമ്രാജ്യങ്ങൾ സംഘടിപ്പിച്ച ലോക മേളകൾ അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്. 1851-ലെ ലണ്ടനിലെ ഗ്രേറ്റ് എക്സിബിഷൻ മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ വിവിധ ലോക മേളകൾ വരെ, ലോകത്തെ ഒരുമിച്ച് പ്രദർശിപ്പിക്കാനും മനുഷ്യപുരോഗതിയുടെ സാർവലൗകിക ചരിത്രം അവതരിപ്പിക്കാനുമുള്ള ശ്രമങ്ങളായിരുന്നു.എന്നാൽ ആ ലോകവേദികൾ എല്ലാവർക്കും ഒരുപോലെ സാധ്യതയുള്ള ഇടമായിരുന്നില്ല. അവിടെ പ്രതിനിധീകരിക്കപ്പെട്ടിരുന്ന ലോകം ആധുനിക യൂറോപ്യൻ സാമ്രാജ്യത്വത്തിന്റേതായിരുന്നു. അഥവാ യൂറോപ്യൻ ശക്തികൾ പുരോഗതിയുടെയും നാഗരികതയുടെയും പ്രതിനിധികളായി ഇത്തരം ലോക വേദികളിൽ സ്വയം അവതരിപ്പിച്ചപ്പോൾ, കോളനിവത്കരിക്കപ്പെട്ട സമൂഹങ്ങൾ പലപ്പോഴും അപരിഷ്കൃതരായ പ്രദർശന വസ്തുക്കളായോ, സാമ്രാജ്യത്വത്തിന്റെ നേട്ടങ്ങളെ ന്യായീകരിക്കുന്ന അടയാളങ്ങളായിട്ടോ ആണ് അവിടെയെല്ലാം പ്രത്യക്ഷപ്പെട്ടത്.
ലോകത്തെ ഒരുമിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്ന പ്രസ്തുത വേദികൾ തന്നെ ലോകത്തിലെ അസമത്വങ്ങളെയും അധികാര ബന്ധങ്ങളെയും പുനരുത്പാദിപ്പിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിന്തുണയോടെ സംഘടിപ്പിക്കപ്പെട്ട ലണ്ടൻ ഗ്രേറ്റ് എക്സിബിഷൻ മാത്രമായിരുന്നില്ല ഇത്തരത്തിലുള്ള ലോക സങ്കൽപ്പങ്ങൾക്ക് രൂപം നൽകിയിരുന്നത്. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ അഭിലാഷങ്ങളും സാമ്രാജ്യത്വ താല്പര്യങ്ങളും പ്രതിഫലിച്ച പാരീസ് ലോകമേളകളും, അമേരിക്കയുടെ ഉയർന്നുവരുന്ന ആഗോള ശക്തിയെ പ്രഖ്യാപിച്ച 1893-ലെ ചിക്കാഗോ കൊളംബിയൻ എക്സ്പോസിഷനും ഈ ചരിത്രത്തിന്റെ ഭാഗമായിരുന്നു. പിന്നീട്, പിയറി ദെ കൂബെർത്തേന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഒളിമ്പിക്സും ലോകത്തെ ഒരു പൊതു ഇടമായി സങ്കൽപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായി മാറി. എന്നാൽ മനുഷ്യരാശിയുടെ സർവലൗകികതയെ ആഘോഷിക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്ന ഈ വേദികൾ ഒരിക്കലും രാഷ്ട്രീയത്തിൽ നിന്ന് മുക്തമായിരുന്നില്ല. അവയുടെ നിർമ്മാണത്തിനും നടത്തിപ്പിനും പിന്നിൽ ബ്രിട്ടീഷ്, ഫ്രഞ്ച്, പിന്നീട് അമേരിക്കൻ ആധിപത്യത്തിന്റെ രാഷ്ട്രീയവും സാമ്രാജ്യത്വ താൽപര്യങ്ങളും പ്രവർത്തിച്ചിരുന്നു.
എന്നാൽ ചരിത്രത്തിന്റെ വൈരുദ്ധ്യം മറ്റൊന്നായിരുന്നു. സാമ്രാജ്യത്വങ്ങൾ നിർമ്മിച്ച ആഗോള ബന്ധങ്ങളും സാങ്കേതിക വിദ്യകളും ആശയവിനിമയ ശൃംഖലകളും പിന്നീട് കോളനിവിരുദ്ധ ദേശീയതകൾക്കും നവ സ്വാതന്ത്ര രാഷ്ട്രങ്ങൾക്കും സ്വന്തമായ സാന്നിധ്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള സാധ്യതകൾ തുറന്നുകൊടുത്തു. അത്തരം വേദികളിലൂടെ ഒരു കാലത്ത് പ്രദർശിപ്പിക്കപ്പെട്ടിരുന്ന ജനതകൾ പിന്നീട് സ്വയം പ്രതിനിധീകരിക്കാൻ തുടങ്ങി. ലോകകപ്പ് ഫുട്ബോളിനെ ഈ വിശാലമായ ചരിത്രത്തിനുള്ളിലാണ് നമുക്ക് കാണാൻ സാധിക്കുക. എന്നാൽ അതിനെ നിഷ്കളങ്കമായ ആഗോള സൗഹൃദത്തിന്റെ ആഘോഷമായി മാത്രം കാണാനുമാവില്ല. കാരണം ലോകകപ്പും ആധുനിക ലോകത്തിന്റെ അധികാരബന്ധങ്ങളിൽ നിന്ന് പുറത്തല്ല രൂപപ്പെട്ടത്. ദേശീയതകൾ, സാമ്രാജ്യങ്ങൾ, ശീതയുദ്ധം, ആഗോള മൂലധനം, മാധ്യമങ്ങൾ, കോർപ്പറേറ്റുകൾ, ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയെല്ലാം അതിന്റെ ചരിത്രത്തെയും നിരന്തരം രൂപപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ലോകകപ്പ് വെറും ആധിപത്യത്തിന്റെ വേദി മാത്രമായിരുന്നുവെന്നും പറയാനാവില്ല. ചിലപ്പോൾ അവഗണിക്കപ്പെട്ട ജനതകൾക്കും കോളനിവാഴ്ചയുടെ നീണ്ട ചരിത്രങ്ങളിൽ നിന്ന് ഉയർന്നുവന്ന രാജ്യങ്ങൾക്കും കുടിയേറ്റ സമൂഹങ്ങൾക്കും ലോകത്തോട് തങ്ങളുടെ സാന്നിധ്യം പ്രഖ്യാപിക്കാനുള്ള ഒരു വേദിയായും അത് മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പിന്റെ ചരിത്രം സാമ്രാജ്യങ്ങളുടെയും പ്രതിരോധങ്ങളുടെയും, ആധിപത്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും, ആഗോള മൂലധനത്തിന്റെയും ജനകീയ വികാരങ്ങളുടെയും പരസ്പര സംഘർഷങ്ങളുടെ ചരിത്രം കൂടിയാണ്.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രം, ആധിപത്യവും പ്രതിരോധവും, ദേശീയതയും ആഗോളവൽക്കരണവും, സാമ്രാജ്യത്വവും കോളനി വിരുദ്ധതയും, കോർപ്പറേറ്റ് മൂലധനവും ജനകീയ വികാരങ്ങളും പരസ്പരം ഏറ്റുമുട്ടുകയും പരസ്പരം രൂപപ്പെടുത്തുകയും ചെയ്ത ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ്. അതുകൊണ്ടുതന്നെ 1930-ൽ ഉറുഗ്വേയിൽ ആരംഭിച്ച ലോകകപ്പിന്റെ ചരിത്രം, ഫുട്ബോളിന്റെ ചരിത്രം മാത്രമല്ല; ആധുനിക ലോകത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ വായിക്കാനുള്ള മറ്റൊരു വഴികൂടിയാണ്. ലോകകപ്പ് എങ്ങനെ വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ അർത്ഥങ്ങൾ സ്വീകരിക്കുകയും പലപ്പോഴും പരസ്പരവിരുദ്ധമായ ചരിത്രശക്തികളുടെ സംഘർഷഭൂമിയായി മാറുകയും ചെയ്തുവെന്നതിന്റെ ചില ശ്രദ്ധേയമായ ഉദാഹരണങ്ങൾ പരിശോധിച്ചാൽ നമ്മുക്കത് വ്യക്തമാകും.
ഫുട്ബോൾ ലോകകപ്പ്: ആധിപത്യത്തിന്റെയും പ്രതിരോധത്തിന്റെയും ഒരു നൂറ്റാണ്ട്
1930-ൽ ഉറുഗ്വേയിൽ നടന്ന ആദ്യ ലോകകപ്പ്, ഒന്നാം ലോകമഹായുദ്ധത്തിന്റെയും മഹാമാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ രൂപംകൊണ്ട പുതിയ ലോകക്രമത്തിന്റെ ഭാഗമായിരുന്നു. യൂറോപ്യൻ ശക്തികൾ അപ്പോഴും ആഗോള രാഷ്ട്രീയത്തിൽ മേൽക്കോയ്മ നിലനിർത്തിയിരുന്നെങ്കിലും, ലാറ്റിനമേരിക്കയുടെ ഉയർന്നുവരുന്ന സാന്നിധ്യവും അവിടെ പ്രകടമായിരുന്നു. ആദ്യ ലോകകപ്പിന്റെ ആതിഥേയത്വവും വിജയവും സ്വന്തമാക്കിയ ഉറുഗ്വേ, യൂറോപ്യൻ ആധിപത്യത്തിന്റെ പുറത്തുനിന്നുള്ള പുതിയ രാഷ്ട്രീയത്തിന്റെയും സാംസ്കാരത്തിന്റെയും പ്രതീകമായി മാറി. എന്നാൽ ഫുട്ബോളിന്റെ അന്താരാഷ്ട്ര സ്ഥാപന ഘടനകളും നിയമങ്ങളും അപ്പോഴും യൂറോപ്യൻ സ്വാധീനത്തിൽ നിന്ന് മുക്തമായിരുന്നില്ല. 1934-ൽ ഇറ്റലിയിൽ നടന്ന ലോകകപ്പ്, ബെനിറ്റോ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടം തങ്ങളുടെ ദേശീയതയുടെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു. നാല് വർഷങ്ങൾക്കുശേഷം ഫ്രാൻസിൽ നടന്ന ലോകകപ്പ് യൂറോപ്പിനെ യുദ്ധത്തിലേക്ക് നയിച്ചുകൊണ്ടിരുന്ന സംഘർഷങ്ങളുടെ നിഴലിലായിരുന്നു. ഒടുവിൽ രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലെയും 1946-ലെയും ലോകകപ്പുകൾ തന്നെ റദ്ദാക്കപ്പെട്ടു.
1950-ൽ ബ്രസീലിൽ ലോകകപ്പ് പുനരാരംഭിക്കപ്പെട്ടത് യുദ്ധാനന്തര ലോകത്തിന്റെ പുനർനിർമ്മാണത്തിന്റെയും പുതിയ ദേശീയ സ്വപ്നങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു. യുദ്ധാനന്തര ലോകത്തിൽ ശീതയുദ്ധം അന്താരാഷ്ട്ര രാഷ്ട്രീയത്തിന്റെ കേന്ദ്ര വിഷയമായി മാറിയപ്പോൾ, കായികരംഗവും അതിൽ നിന്ന് മുക്തമായിരുന്നില്ല. അതേസമയം ഏഷ്യയിലും ആഫ്രിക്കയിലും കോളനിവിരുദ്ധ പ്രസ്ഥാനങ്ങൾ ശക്തിപ്രാപിക്കുകയും പുതിയ രാഷ്ട്രങ്ങൾ ലോകവേദിയിലേക്ക് കടന്നുവരികയും ചെയ്തു. അപ്പോഴും ഫിഫയുടെ ഘടനയിൽ യൂറോപ്യൻ ആധിപത്യം തുടർന്നിരുന്നു. 1966-ലെ ലോകകപ്പിനുള്ള യോഗ്യതാ സംവിധാനത്തിലെ വിവേചനത്തിനെതിരെ ആഫ്രിക്കൻ രാജ്യങ്ങൾ കൂട്ടായ ബഹിഷ്കരണം പ്രഖ്യാപിച്ചത് ഈ അസമത്വങ്ങൾക്കെതിരെയുള്ള ശക്തമായ രാഷ്ട്രീയ ഇടപെടലായിരുന്നു. പിന്നീട് ആഫ്രിക്കയ്ക്ക് പ്രത്യേക യോഗ്യതാ സീറ്റ് അനുവദിക്കപ്പെടുന്നതിലേക്ക് ഈ പ്രതിഷേധം വഴിതുറന്നു.
ഈ പശ്ചാത്തലത്തിൽ 1970-ലെ ലോകകപ്പും ശ്രദ്ധേയമായിരുന്നു. പെലെയുടെ നേതൃത്വത്തിൽ ബ്രസീൽ ലോകഫുട്ബോളിൽ അസാധാരണമായ സ്വാധീനം നേടിയപ്പോൾ, മൂന്നാം ലോക രാഷ്ട്രങ്ങളുടെ (ഗ്ലോബൽ സൗത്ത്) ആത്മാഭിമാനത്തിന്റെയും ദേശീയതയുടെയും പ്രതീകമായി ആ വിജയം ആഘോഷിക്കപ്പെട്ടു. അതേ സമയം ബ്രസീലിലെ സൈനിക ഭരണകൂടം ആ വിജയത്തെ സ്വന്തം ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയും ചെയ്തു. ജനകീയ വികാരങ്ങളും ഭരണകൂട രാഷ്ട്രീയവും ഒരേ വിജയത്തിൽ എങ്ങനെ പരസ്പരം ഇഴചേരുന്നുവെന്നതിന്റെ ഉദാഹരണമായിരുന്നു അത്.

ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 1974-ൽ സൈർ ലോകകപ്പിലെത്തിയത്. അത് ഒരു ടീമിന്റെ വിജയം മാത്രമായിരുന്നില്ല; കോളനിവിരുദ്ധ രാഷ്ട്രീയത്തിന്റെ ദീർഘമായ ചരിത്രവുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നു. അതേ ലോകകപ്പ് തന്നെ ശീതയുദ്ധത്തിന്റെയും വംശീയ വിഭജനങ്ങളുടെയും വേദികൂടിയായിരുന്നു. അന്ന് കിഴക്കൻ ജർമ്മനിയും പശ്ചിമ ജർമ്മനിയും തമ്മിലുള്ള മത്സരം രാഷ്ട്രീയമായി വിഭജിക്കപ്പെട്ട ലോകത്തിന്റെ പ്രതീകാത്മക ഏറ്റുമുട്ടലായി വായിക്കപ്പെട്ടു. 1978-ൽ അർജന്റീനയിലെ സൈനിക ഭരണകൂടം ലോകകപ്പിനെ അന്താരാഷ്ട്ര തലത്തിലുള്ള തങ്ങളുടെ അംഗീകാരത്തിന്റെ ഉപാധിയായി ഉപയോഗിച്ചപ്പോൾ, മനുഷ്യാവകാശ സംഘടനകൾ അതേ ലോകകപ്പിനെ ഭരണകൂടത്തിന്റെ അക്രമങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരാനുള്ള അവസരമായും ഉപയോഗിച്ചു. ലോകകപ്പ് ഒരേസമയം അധികാരത്തിന്റെ വേദിയും പ്രതിരോധത്തിന്റെ വേദിയും ആകാമെന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമായിരുന്നു അത്.
1986-ൽ മെക്സിക്കോയിൽ മറഡോണയുടെ അർജന്റീന ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയപ്പോൾ, ഫാക്ക്‌ലാൻഡ് യുദ്ധത്തിന്റെ ഓർമ്മകൾ മുൻനിർത്തി ആ വിജയത്തെ മുൻ സാമ്രാജ്യത്വ ശക്തിക്കെതിരായ സാങ്കല്പിക പ്രതികാരമായി ആഘോഷിക്കാൻ ഇടം നൽകി. 1998-ലെ ഫ്രാൻസ് ലോകകപ്പ് ബഹു സാംസ്കാരിക ദേശീയതയുടെയും കുടിയേറ്റ സമൂഹങ്ങളുടെയും ചോദ്യങ്ങൾ മുന്നോട്ടുവെച്ചപ്പോൾ, 2002-ൽ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ലോക ഫുട്ബോളിന്റെ യൂറോപ്യൻ-ലാറ്റിനമേരിക്കൻ കേന്ദ്രീകരണത്തിൽ നിന്ന് മാറി മറ്റൊരു പ്രധാനപ്പെട്ട ഭൂമിശാസ്ത്രപരമായ മാറ്റത്തെ അടയാളപ്പെടുത്തി. അതേ ലോകകപ്പിൽ സെനഗൽ മുൻ കൊളോണിയൽ ശക്തിയായ ഫ്രാൻസിനെ പരാജയപ്പെടുത്തിയത് പലരും ചരിത്രത്തിന്റെ സാങ്കല്പിക പ്രതികാരമായി വിലയിരുത്തി.
2010-ൽ ലോകകപ്പ് ആദ്യമായി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്തിയപ്പോൾ അത് അപ്പാർത്തെയ്ഡ് വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിന് ശേഷമുള്ള ഒരു ഭൂഖണ്ഡത്തിന്റെ അഭിമാന നിമിഷമായി ആഘോഷിക്കപ്പെട്ടു. എന്നാൽ അതേ സമയം ഫിഫയുടെ കോർപ്പറേറ്റ് രാഷ്ട്രീയത്തെയും വികസനത്തിന്റെ പേരിലുള്ള സാമ്പത്തിക പുനർക്രമീകരണങ്ങളെയും കുറിച്ചുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. 2014-ൽ ബ്രസീലിൽ ലോകകപ്പിനെതിരെ ഉയർന്ന ജനകീയ പ്രതിഷേധങ്ങൾ ഈ വൈരുദ്ധ്യങ്ങളെ കൂടുതൽ ചർച്ച ചെയ്യാൻ സഹായിച്ചു. 2018-ൽ റഷ്യ ലോകകപ്പിനെ സ്വന്തം ആഗോള പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിനുള്ള നയതന്ത്ര ഉപകരണമായി ഉപയോഗിച്ചപ്പോൾ, ലോക രാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന പാശ്ചാത്യ-റഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള കായിക വേദികളുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള ചോദ്യങ്ങളും ശക്തമായി ഉയർന്നു. 2022-ൽ ഖത്തർ ലോകകപ്പ് മനുഷ്യാവകാശം, തൊഴിൽ, പാശ്ചാത്യ മാധ്യമങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട വിമർശനങ്ങൾ, അറബ് സ്വത്വം, ഫലസ്തീൻ ഐക്യദാർഢ്യം, മൊറോക്കോയുടെ ചരിത്രപരമായ മുന്നേറ്റം എന്നിവയെ ചുറ്റിപ്പറ്റിയ പുതിയ സംവാദങ്ങൾക്ക് വഴിവെച്ചു. ഖത്തറിന്റെ സോഫ്റ്റ് പവർ രാഷ്ട്രീയവും അതിനെ ചുറ്റിപ്പറ്റിയ വിവാദങ്ങളും ലോകകപ്പ് ഒരു കായികവേദി മാത്രമല്ല, ആഗോള നൈതികതയുടെ പ്രതിനിധാനത്തെ കുറിച്ചുള്ള സംഘർഷങ്ങളുടെ ഇടം കൂടിയാണെന്ന് നമ്മെ വീണ്ടും ഓർമ്മിപ്പിച്ചു.
ഓരോ കാലഘട്ടത്തിലും ലോകകപ്പ് വ്യത്യസ്ത രാഷ്ട്രീയ അർത്ഥങ്ങൾ സ്വീകരിച്ചെങ്കിലും, ഒരൊറ്റ അർത്ഥത്തിലേക്ക് അതിനെ ചുരുക്കാനാവില്ല. ചിലപ്പോൾ അത്അ ധികാരത്തിന്റെ ഭാഷ സംസാരിക്കുകയും, മറ്റു ചിലപ്പോൾ അതേ വേദി പ്രതിരോധത്തിന്റെ ഭാഷയ്ക്ക് ഇടം നൽകുകയും ചെയ്തു. ഈ വൈരുദ്ധ്യങ്ങളിലൂടെയാണ് ലോകകപ്പ് ആധുനിക ലോകത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിച്ചുകൊണ്ടിരുന്നത്.
2026-ലെ ലോകകപ്പ്, ആധുനിക ലോകവേദികളെക്കുറിച്ചുള്ള പഴയ ചോദ്യങ്ങളെ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവയുടെ ആതിഥേയത്വത്തിൽ നടക്കുന്ന ഈ ടൂർണമെന്റ് സമാധാനത്തിന്റെയും ബഹുസ്വരതയുടെയും ആഗോള പൗരത്വത്തിന്റെയും ഭാഷയിൽ അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രം മറ്റൊരു കഥയാണ് പറയുന്നത്. ഗസ്സ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഫിഫ സമാധാനത്തിന്റെ ഭാഷ സ്വീകരിക്കുകയും, കായികത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർതിരിച്ചു നിർത്തുന്ന പഴയ നിലപാട് ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഫിഫയുടെ സമാധാനത്തിനുള്ള അവാർഡ് ഡൊണാൾഡ് ട്രംപിന് പ്രഖ്യാപിച്ച് വിതരണം ചെയ്തുകൊണ്ടാണ് ഫിഫ ലോകകപ്പ് ആരഭിച്ചത് തന്നെ. എന്നാൽ അതേസമയം ആതിഥേയ രാജ്യമായ അമേരിക്കയിൽ ശക്തിപ്പെട്ട കുടിയേറ്റവിരുദ്ധ ദേശീയതയും ഇസ്ലാമോഫോബിയയും അതിർത്തിയെ മുൻനിർത്തിയുള്ള സുരക്ഷാ രാഷ്ട്രീയവും ലോകകപ്പിന്റെ സാർവലൗകിക ഭാഷയുമായി അസ്വസ്ഥകരമായ വൈരുദ്ധ്യങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിസ നിയന്ത്രണങ്ങൾ, ചില രാജ്യങ്ങളോടുള്ള സുരക്ഷാ സംശയങ്ങൾ, രാഷ്ട്രീയ പ്രകടനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ, റഫറിമാരുടെയും സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്ന് മൈതാനത്തെ “രാഷ്ട്രീയ രഹിത” മേഖലയായി നിലനിർത്താനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം ലോകവേദി നിഷ്പക്ഷമായ ഒരു ഇടമല്ലെന്നും, മറിച്ച് നിലവിലുള്ള ആഗോള അധികാര ബന്ധങ്ങളുടെ പരിധിക്കുള്ളിൽ മാത്രമാണ് അതിന്റെ സർവലൗകികത പ്രവർത്തിക്കുന്നതെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ലോകവേദി അമേരിക്കൻ നേതൃത്വത്തിലുള്ള നിലവിലെ രാഷ്ട്രീയ-നൈതിക ക്രമത്തെ ചോദ്യം ചെയ്യുന്ന ഒരു അപര രാഷ്ട്രീയ സാന്നിധ്യമായി മാറാൻ അനുവദിക്കപ്പെടുന്നില്ല; അത്തരമൊരു സാധ്യത ഉയർന്നുവരുമ്പോഴെല്ലാം അതിനെ നിയന്ത്രിക്കാനും നിർവീര്യമാക്കാനുമുള്ള ശ്രമങ്ങൾ ആവർത്തിക്കപ്പെടുന്നു.
അതേസമയം, ഈ ലോകകപ്പ് മറ്റൊരു ചരിത്രത്തെയും വെളിപ്പെടുത്തുന്നുണ്ട്. കോംഗോയുടെയും കേപ് വെർഡെയുടെയും മുന്നേറ്റങ്ങൾ കേവലം ചെറിയ രാജ്യങ്ങളുടെ കായിക നേട്ടങ്ങളായി മാത്രം വായിക്കാൻ കഴിയില്ല. ട്രാൻസ് അറ്റ്ലാന്റിക് അടിമക്കച്ചവടത്തിന്റെയും കോളനിവാഴ്ചയുടെയും കുടിയേറ്റത്തിന്റെയും ചരിത്രങ്ങളാൽ രൂപപ്പെട്ട അറ്റ്ലാന്റിക് ലോകത്തിന്റെ മറുവശത്തുനിന്നുള്ള ജനതകളുടെ സാന്നിധ്യമാണ് അവ. യൂറോപ്യൻ സാമ്രാജ്യത്വം ഒരുകാലത്ത് തൊഴിൽശക്തികളായും പ്രദർശന വസ്തുക്കളായും കണക്കാക്കിയ ജനതകൾ ഇന്ന് ലോകവേദിയിൽ സ്വയം പ്രതിനിധീകരിക്കുകയാണ്. ഇറാൻ, മൊറോക്കോ, സെനഗൽ, കോംഗോ, കേപ് വെർഡെ തുടങ്ങിയ രാജ്യങ്ങളുടെ സാന്നിധ്യം, ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ, ഇസ്ലാമോഫോബിയക്കെതിരായ ജനകീയ പ്രതിഷേധങ്ങൾ എന്നിവ ലോകകപ്പിനെ വീണ്ടും ആധിപത്യത്തിന്റെയും പ്രതിരോധത്തിന്റെയും സംഘർഷഭൂമിയാക്കി മാറ്റുന്നു.
അതുകൊണ്ടുതന്നെ 2026-ലെ ലോകകപ്പിനെ ഒരു കായികമാമാങ്കമായി മാത്രം കാണുന്നത് അപര്യാപ്തമാണ്. മറിച്ച്, ലോകത്തെ ആരാണ് പ്രതിനിധീകരിക്കുന്നത്, ആരുടെ സ്മരണകളാണ് ആഘോഷിക്കപ്പെടുന്നത്, ആരുടെ രാഷ്ട്രീയ പ്രകടനങ്ങളാണ് നിയന്ത്രിക്കപ്പെടുന്നത്, ആരുടെ സാന്നിധ്യമാണ് സംശയത്തിന്റെ പരിധിക്കുള്ളിൽ നിർത്തപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള നമ്മുടെ കാലത്തിന്റെ ആഴത്തിലുള്ള ഭൗമരാഷ്ട്രീയവും അധിനിവേശാനന്തര സംഘർഷങ്ങളുടെ ഭാഗമായും അതിനെ വായിക്കേണ്ടിവരും. അതുകൊണ്ടുതന്നെ, 2026-ലെ ലോകകപ്പും ഒരു നിഷ്കളങ്കമായ ആഘോഷത്തിന്റെ കഥയല്ല. മറിച്ച്, ആധിപത്യവും പ്രതിരോധവും, ചരിത്രവും സ്മരണയും, സാമ്രാജ്യത്വവും അധിനിവേശാനന്തര ആത്മാഭിമാന രാഷ്ട്രീയവും പരസ്പരം കൂടിച്ചേരുന്ന മറ്റൊരു ലോക വേദിയായാണ് അത് വീണ്ടും പ്രത്യക്ഷപ്പെടുന്നത്.
ചിലപ്പോൾ ഇത്തരം വിശാലമായ ചരിത്രങ്ങൾ അപ്രതീക്ഷിതമായ ചില നിമിഷങ്ങളിൽ നമുക്ക് മുന്നിൽ അസാധാരണമാം വിധം ചില പ്രതീകാത്മക ഓർമകൾ സമ്മാനിക്കാറുണ്ട്. ഉദാഹരണത്തിന് പോർച്ചുഗലും കോംഗോയും തമ്മിലുള്ള ആദ്യ മത്സരം സമനിലയിൽ അവസാനിച്ചതിനെ ഒരു ഫുട്ബോൾ ഫലമായി മാത്രം വായിക്കാതിരിക്കാനും നമുക്ക് കഴിയും. തീർച്ചയായും, ചരിത്രം ഫുട്ബോൾ മത്സരങ്ങളുടെ രൂപത്തിൽ നേരിട്ട് പ്രത്യക്ഷപ്പെടുന്നതല്ല.എന്നാൽ പോർച്ചുഗലിനെതിരെ കോംഗോ നേടിയ ഈ സമനിലയെ ചിലർക്ക് ചരിത്രത്തിന്റെ ഒരു പ്രതീകാത്മക പ്രതിധ്വനിയായി വായിക്കാം.ഒരു കാലത്ത് പോർച്ചുഗീസ് സമുദ്ര വ്യാപനത്തിന്റെയും അറ്റ്ലാന്റിക് ലോകത്തിന്റെ രൂപീകരണത്തിന്റെയും ഭാഗമായി കയ്യടിക്കിയ പ്രദേശങ്ങളിൽ നിന്നുള്ള ഒരു ജനത, ഇന്ന് അതേ ലോകവേദിയിൽ മുൻ സാമ്രാജ്യത്വ ശക്തികളോടൊപ്പം തുല്യ സാന്നിധ്യമായി പ്രത്യക്ഷപ്പെടുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലായും ഈ നിമിഷത്തെ കാണാവുന്നതാണ്.
ഒരു പക്ഷേ, അതായിരിക്കാം ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരുകാലത്ത് ലോകത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ടിരുന്ന ജനതകൾ, ഇന്ന് അതേ ലോകവേദിയിൽ സ്വന്തം ചരിത്രങ്ങളുമായും സ്മരണകളുമായും ആത്മാഭിമാനങ്ങളുമായും തിരിച്ചെത്തുകയാണ്. അതുകൊണ്ടുതന്നെ, ലോകകപ്പിന്റെ ചരിത്രം വിജയങ്ങളുടെയും തോൽവികളുടെയും മാത്രം ചരിത്രമല്ല; ലോകത്തെ ആരാണ് പ്രതിനിധീകരിക്കുന്നത്, ആരാണ് സംസാരിക്കുന്നത്, ആരാണ് കേൾക്കപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള മനുഷ്യചരിത്രത്തിന്റെ നിരന്തരമായ പുനർരചനയുടെ ചരിത്രം കൂടിയാണ്.








