Campus Alive

‘ഭീകരതക്കെതിരായ യുദ്ധ’ത്തിന്റെ 25 വർഷങ്ങൾ

2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ ഇരട്ട ഗോപുരങ്ങൾ നിലംപതിച്ചപ്പോൾ, ആ ദിവസത്തിന്റെ ആഘാതം കേവലം ഒരു നഗരത്തിന്റെയോ രാജ്യത്തിന്റെയോ ദുരന്തമായി ഒതുങ്ങിനിൽക്കില്ലെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടാവുമോ? കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ, ആ ഒരൊറ്റ പ്രഭാതം ലോകത്തിന്റെ രാഷ്ട്രീയ ഭൂപടത്തെയും മനുഷ്യാവകാശ സങ്കൽപങ്ങളെയും സുരക്ഷാ വ്യവഹാരങ്ങളെയും എത്രമേൽ മാറ്റിമറിച്ചിട്ടുണ്ട് എന്നത് വളരെയധികം വ്യക്തമായിരിക്കുന്നു. അമേരിക്ക പ്രഖ്യാപിച്ച ‘ഭീകരതക്കെതിരായ യുദ്ധം’, അവസാനിക്കാത്ത നിരീക്ഷണങ്ങളുടെയും അപരവൽക്കരണങ്ങളുടെയും ഒരു ആഗോള ചട്ടക്കൂടായി മാറുകയാണുണ്ടായത്.

കണക്കുകൾ പറയുന്ന കഥ

ബ്രൗൺ യൂണിവേഴ്സിറ്റിയുടെ ‘കോസ്റ്റ്സ് ഓഫ് വാർ’ പഠനം അനുസരിച്ച്, 2001-2024 കാലഘട്ടത്തിൽ ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ, യെമൻ, പാകിസ്താൻ എന്നിവിടങ്ങളിൽ 9/11-ന് ശേഷമുണ്ടായ നേരിട്ടുള്ള യുദ്ധ അക്രമങ്ങളിൽ 9,40,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇതിൽ 4,32,000-ത്തിലധികം പേർ സാധാരണക്കാരായിരുന്നു. സംഘർഷങ്ങൾ കാരണം പരിക്കേൽക്കുകയോ രോഗബാധിതരാവുകയോ ചെയ്തവരുടെ എണ്ണം ഇതിലും വളരെ കൂടുതലാണ്. അതുപോലെത്തന്നെ യുദ്ധങ്ങൾ മൂലമുണ്ടായ സാമ്പത്തിക തകർച്ച, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി എന്നിവയുടെ നാശം കാരണം “പരോക്ഷമായി” മരണമടഞ്ഞ സാധാരണക്കാരുടെ എണ്ണവും ഉയർന്നതാണ്. 9/11-ന് ശേഷമുള്ള യുദ്ധമേഖലകളിൽ ഏകദേശം 36 മുതൽ 38 ലക്ഷം വരെ ആളുകൾ പരോക്ഷമായി മരണമടഞ്ഞതായി കണക്കാക്കപ്പെടുന്നു. ഇത് ആകെ മരണസംഖ്യ ചുരുങ്ങിയത് 45 മുതൽ 47 ലക്ഷം വരെയായി ഉയർത്തുന്നുണ്ട്.

സെപ്റ്റംബർ 11-ന് ശേഷമുള്ള യു. എസ് യുദ്ധങ്ങളും അവയുടെ ചെലവുകളും അവലോകനം ചെയ്ത് ഈ പഠനം സൂചിപ്പിക്കുന്ന മറ്റു ചില വിവരങ്ങൾ കൂടി നോക്കൂ.

“സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്ക നടത്തിയ യുദ്ധങ്ങൾ നാട്ടിലും വിദേശത്തും സിവിൽ സ്വാതന്ത്ര്യങ്ങളും മനുഷ്യാവകാശങ്ങളും വൻതോതിൽ ലംഘിക്കപ്പെടുന്നതിന് കാരണമായി. നിലവിൽ 78 രാജ്യങ്ങളിലായി യു.എസ്. സർക്കാർ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. 9/11 സംഭവത്തിന് ശേഷമോ ഇറാഖ് അധിനിവേശത്തെക്കുറിച്ചുള്ള ചർച്ചകളിലോ യു. എസ് ഭരണാധികാരികൾ ശാന്തിയുടെയും സമാധാനത്തിന്റെയും മറ്റ് ബദൽ മാർഗ്ഗങ്ങളെക്കുറിച്ച് കാര്യമായി ചിന്തിച്ചില്ല; ഇത്തരം പല ബദലുകളും ഇപ്പോഴും ലഭ്യമാണ്.

ഇറാഖ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, സിറിയ എന്നിവിടങ്ങളിലെ യുദ്ധങ്ങൾക്കായി അമേരിക്ക ഇതുവരെ ഏകദേശം 8 ട്രില്യൺ ഡോളർ ചെലവഴിച്ചു, യുദ്ധങ്ങൾക്കായി എടുത്ത വായ്പകളുടെ ഭാവി പലിശ ചെലവുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ പോരാട്ടങ്ങൾ കാരണം അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇറാഖ്, സിറിയ, ലിബിയ, യെമൻ, സോമാലിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലായി ഏകദേശം 38 മില്യൺ ആളുകൾ സ്വന്തം വീടുകളിൽ നിന്ന് ആട്ടിപ്പായിക്കപ്പെട്ടു. കൂടാതെ, യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികരുടെ സംരക്ഷണത്തിനായി 2050-ഓടെ 2.2 ട്രില്യൺ മുതൽ 2.5 ട്രില്യൺ ഡോളർ വരെ തുക വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത് (ഇതിൽ ഭൂരിഭാഗവും ഇതുവരെ നൽകിയിട്ടില്ല). നിലവിൽ ഈ സൈനികർ ഗുരുതരമായ മാനസികാരോഗ്യ പ്രതിസന്ധി നേരിടുകയാണ്; യുദ്ധക്കളത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കുറഞ്ഞത് നാലിരട്ടി സൈനികരാണ് ആത്മഹത്യ കാരണം മരണമടഞ്ഞത്. ഇതിനൊക്കെ പുറമെ തൊഴിൽ നഷ്ടവും പലിശനിരക്കിലെ വർദ്ധനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ യു.എസ്. സമ്പദ്‌വ്യവസ്ഥയിലും വലിയ ആഘാതങ്ങൾ സൃഷ്ടിച്ചു.

ഗ്വണ്ടനാമോ

ഈ വ്യവഹാരത്തിന്റെ മനുഷ്യവിരുദ്ധ മുഖം ഏറ്റവും തീവ്രമായി വെളിവാക്കുന്ന മറ്റൊരു അനുഭവത്തിൻ്റെ ഇടം ജയിലുകളാണ്. ഗ്വണ്ടനാമോ തടവറയിൽ പതിനഞ്ച് വർഷത്തോളം കഴിഞ്ഞ യമനി പൗരൻ മൻസൂർ ദയ്ഫിയുടെ അനുഭവസാക്ഷ്യം കേട്ട് നോക്കൂ. കമ്പ്യൂട്ടർ സയൻസ് പഠിക്കണമെന്ന് ആഗ്രഹിച്ച് നാടുവിട്ട പതിനെട്ടുകാരനായിരുന്നു അദ്ദേഹം. ഒരു ഗവേഷണ യാത്രക്കിടെ അഫ്ഗാൻ യുദ്ധപ്രഭുക്കൾ അദ്ധേഹത്തെ പിടികൂടുകയുണ്ടായി. സംശയിക്കപ്പെടുന്ന അൽഖാഇദ, താലിബാൻ പോരാളികളെ പിടിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കൻ വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലുടനീളം ലഘുലേഖകൾ വിതറുന്ന സന്ദർഭമായിരുന്നു അത്. അത്തരത്തിൽ പിടിച്ചു കൊടുക്കപ്പെടാനായിരുന്നു അദ്ദേഹത്തിൻ്റെ വിധി.

രണ്ട് ആഴ്ചകൾക്ക് ശേഷം അവർ അദ്ദേഹത്തെ കൊണ്ടുപോകാൻ വന്നു. മുഖം മൂടിയും കൈകൾ ബന്ധിച്ചും കൊണ്ടുപോയ ആ യാത്രയിലെ ആക്രമണം, ട്രക്ക്, ഹെലികോപ്റ്റർ, വിമാനം, ഒടുവിൽ ഒരു ഭൂഗർഭ മുറി എന്നിവ മാത്രമാണ് അദ്ദേഹത്തിന് ഓർമയുള്ളത്. അദ്ദേഹത്തിന് നേരിടേണ്ടി വന്ന മർദ്ധനങ്ങളുടെയും പീഡനങ്ങളുടെയും കഥയാവട്ടെ വിവരണാതീതമാണ്.

വിചാരണ കൂടാതെ, കുറ്റം ചുമത്താതെ വർഷങ്ങളോളം തടവിലാക്കപ്പെട്ട അദ്ദേഹത്തിന്റെ അനുഭവം, ഗ്വണ്ടനാമോയിലൂടെ കടന്നുപോയ വിവിധ ദേശക്കാരായ ധാരാളം മുസ്‌ലിംകളുടെ പൊതു അനുഭവത്തിന്റെ പ്രതിനിധാനമാണ്. അമേരിക്കൻ രേഖകളും അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നത്, ഗ്വണ്ടനാമോയിൽ തടവിലാക്കപ്പെട്ടവരിൽ 98 ശതമാനത്തോളം പേരും തെറ്റായി തടവിലാക്കപ്പെട്ടവരാണ് എന്നാണ്.

ഈ ‘ഭീകരവിരുദ്ധ’ സംവിധാനം അമേരിക്കൻ അതിർത്തിക്കുള്ളിലും വ്യാപിച്ചു. ന്യൂയോർക്ക് പൊലീസിന്റെ മുസ്‌ലിം പരിസരങ്ങളിലെ നിരീക്ഷണം, എൻ. എസ്. എയുടെ ബഹുജന നിരീക്ഷണം, എഫ്. ബി. ഐ ഒരുക്കിയ ചതിക്കുഴികളിലേക്ക് ചെറുപ്പക്കാരായ മുസ്‌ലിംകളെ വീഴ്ത്തിയ ഓപ്പറേഷനുകൾ, യാത്രാ വിലക്ക് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി. ബ്രിട്ടനിലെ ‘പ്രിവന്റ്’ പദ്ധതി കുട്ടിക്കാലം മുതൽ മുസ്‌ലിം ജീവിതത്തെ നിരീക്ഷണവലയത്തിലാക്കി. ദയ്ഫി ചൂണ്ടിക്കാട്ടുന്ന മറ്റൊരു ഗൗരവമുള്ള കാര്യം, മുസ്‌ലിംകൾക്കെതിരെ നിർമിക്കപ്പെട്ട ഈ നിരീക്ഷണ, സംശയ യന്ത്രസംവിധാനം ഇന്ന് കുടിയേറ്റക്കാർക്കും ഇടതുപക്ഷ പ്രവർത്തകർക്കും ഫലസ്തീൻ അനുകൂല പ്രക്ഷോഭകർക്കും എതിരെ അതേപടി ഉപയോഗിക്കപ്പെടുന്നു എന്നതാണ്. അമേരിക്കയിൽ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രവർത്തകർക്കും സ്റ്റാൻഡിങ് റോക്ക് പ്രതിഷേധക്കാർക്കും എതിരെ ഭീകരവിരുദ്ധ ചട്ടക്കൂടുകൾ പ്രയോഗിച്ചതും, ബ്രിട്ടനിൽ ‘ഫലസ്തീൻ ആക്ഷൻ’ എന്ന സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതും ഈ വ്യാപനത്തിന്റെ ഉദാഹരണങ്ങളാണ്.

ഓർമയുടെ രാഷ്ട്രീയം: മ്യൂസിയവും മറവിയും

ന്യൂയോർക്കിലെ 9/11 മ്യൂസിയം സന്ദർശിച്ച മാധ്യമപ്രവർത്തകൻ അസദ് ഈസയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. എൺപത്തിമൂവായിരത്തിലധികം വസ്തുക്കൾ സൂക്ഷിക്കുന്ന ഈ മ്യൂസിയം അമേരിക്കൻ ദുരന്തത്തെ അതിസൂക്ഷ്മമായി രേഖപ്പെടുത്തുമ്പോൾ, അതിനു ശേഷമുള്ള ഇരുപത് വർഷത്തെ യുദ്ധങ്ങളെക്കുറിച്ചും അതിൽ കൊല്ലപ്പെട്ട ദശലക്ഷക്കണക്കിന് മനുഷ്യരെക്കുറിച്ചും ഏറക്കുറെ മൗനം പാലിക്കുന്നു. അൽഖാഇദയുടെ പിറവിക്ക് പിന്നിലെ ശീതയുദ്ധകാല അമേരിക്കൻ ഇടപെടലുകളെ ഉപരിപ്ലവമായി മാത്രം പരാമർശിക്കുന്ന മ്യൂസിയം, പകരം അതിനെ ഒരു മതപരമായ പ്രത്യയശാസ്ത്ര പ്രശ്നമായി ചുരുക്കിക്കാണിക്കുന്നു. മ്യൂസിയത്തിലേക്കുള്ള പ്രവേശനം തന്നെ വിമാനത്താവള സുരക്ഷാ പരിശോധനയെ അനുസ്മരിപ്പിക്കുന്നതാണെന്നും, അവിടെ അമേരിക്കയിൽ കൊല്ലപ്പെട്ടവർക്ക് പേരും മുഖവും നൽകുമ്പോൾ അമേരിക്കയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടവർ പേരില്ലാത്തവരും മുഖമില്ലാത്തവരുമായി തുടരുന്നുവെന്നും അദ്ദേഹം എഴുതുന്നുണ്ട്.

അസദ് ഈസ

അദ്ദേഹത്തിൻ്റെ തന്നെ വാക്കുകൾ നോക്കൂ “മൂന്ന് മണിക്കൂറോളം ഞാൻ ഉള്ളിൽ ചെലവഴിച്ചു. ആ ഞെട്ടിക്കുന്ന ദിവസത്തെ ചിത്രങ്ങളും വീഡിയോകളും കണ്ട് സന്ദർശകർ നെടുവീർപ്പിടുന്നതും ശ്വാസമടക്കിപ്പിടിക്കുന്നതും വാ പൊത്തുന്നതും ഞാൻ കണ്ടു. ഞാൻ ആളുകളുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചു, പ്രദർശിപ്പിച്ചിരിക്കുന്ന വിവരങ്ങൾ വായിച്ചു…..വിമാന ജീവനക്കാരുടെ ശബ്ദരേഖകൾ, ഭർത്താക്കന്മാർ ഭാര്യമാർക്കയച്ച അവസാന ശബ്ദസന്ദേശങ്ങൾ, കെട്ടിടത്തിൽ നിന്ന് ആളുകൾ താഴേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ, പുകയുയരുന്ന ന്യൂയോർക്ക് ആകാശം എന്നിവ അന്നത്തെ ദുരന്തത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു…സന്ദർശകർ അന്നത്തെ ആഘാതത്തിലേക്ക് വീണ്ടും വീണ്ടും വലിച്ചിഴക്കപ്പെടുന്നു. എന്നാൽ ഇവ കൃത്യമായ കാലക്രമത്തിലല്ല അവതരിപ്പിച്ചിരിക്കുന്നത്. ഈ ആവർത്തനം സംഭവം ആ നിമിഷത്തിൽ നടക്കുന്നതായി തോന്നിപ്പിക്കുന്നു…

അഞ്ചു ലക്ഷത്തിലധികം ആളുകളുടെ ജീവനെടുക്കുകയും 3. 7 കോടി ജനങ്ങളെ ആവാസയോഗ്യമല്ലാതാക്കുകയും ചെയ്ത 20 വർഷത്തോളം നീണ്ട യുദ്ധങ്ങളെക്കുറിച്ചോ ‘ഭീകരവിരുദ്ധ യുദ്ധ’ങ്ങളെക്കുറിച്ചോ മ്യൂസിയത്തിന് അധികമൊന്നും പറയാനില്ല.”

ഭീകരതാ വിരുദ്ധ യുദ്ധം’ ഇന്ന്

മാധ്യമപ്രവർത്തകയായ ബെലെൻ ഫെർണാണ്ടസ് ചൂണ്ടിക്കാട്ടുന്നത്, ‘ഭീകരതക്കെതിരായ യുദ്ധ’ത്തിന്റെ അതേ യുക്തി ഇന്ന് പുതിയ രൂപത്തിൽ തുടരുകയാണെന്നാണ്. വിവാഹ ചടങ്ങുകൾക്കുനേരെയുള്ള ഡ്രോൺ ആക്രമണങ്ങൾ, രഹസ്യ തടവറകളിലെ പീഡനം തുടങ്ങിയവയെല്ലാം ഭീകരതയുടെ പൊതു നിർവചനത്തിൽതന്നെ ഉൾപ്പെടുന്നതാണെന്ന് അവർ വാദിക്കുന്നു. “രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനായി, സാധാരണ ജനങ്ങളിൽ ഭയം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന അക്രമപരമായ പ്രവർത്തനങ്ങൾ അല്ലെങ്കിൽ ഭീഷണികൾ” എന്നാണ് കാംബ്രിഡ്ജ് ഡിക്ഷ്ണറി ‘ടെററിസം’ എന്ന പദത്തിന് നൽകുന്ന നിർവചനം. ട്രംപ് ഭരണകൂടം ഇറാനെതിരായ സൈനിക നീക്കങ്ങൾ, കരീബിയൻ കടലിൽ മത്സ്യത്തൊഴിലാളികൾക്കുനേരെയുള്ള നിയമവിരുദ്ധ ആക്രമണങ്ങൾ, മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരെ തട്ടിക്കൊണ്ടുപോകൽ എന്നിവയിലൂടെ സാമ്രാജ്യത്വ അധികാരപ്രയോഗം കൂടുതൽ വിപുലീകരിച്ചതായി അവർ നിരീക്ഷിക്കുന്നു. ഭീകരവിരുദ്ധ യുദ്ധത്തിനായി രൂപപ്പെടുത്തിയ സംവിധാനങ്ങൾ ഇന്ന് രേഖയില്ലാത്ത കുടിയേറ്റക്കാരെയും ഭരണകൂടത്തിന് അനിഷ്ടകരമായ ആരെയും ലക്ഷ്യംവെക്കാൻ ഉപയോഗിക്കപ്പെടുന്നു എന്നും  അവർ ചൂണ്ടിക്കാട്ടുന്നു.

ഈ അധിനിവേശങ്ങൾക്ക് ജനകീയ പിന്തുണ നേടാൻ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കപ്പെട്ട ആയുധം കൃത്രിമമായി നിർമിക്കപ്പെട്ട ഇസ്‌ലാമോഫോബിയ തന്നെയാണ്. ഇതിന്റെ അനുരണനങ്ങൾ ഇന്ത്യയിലും കേരളത്തിലുമെല്ലാം എത്തുകയും നിരന്തരം ഉത്തരം പറയേണ്ടവരായും രാജ്യത്തോട് കൂറ് തെളിയിക്കേണ്ടവരായും മുസ്‌ലിംകളെ മാറ്റുകയും ചെയ്തു.

‘ആരാണ് ഭീകരവാദി?’ എന്ന ചോദ്യത്തിനപ്പുറം

തുർക്കിയിലെ ഇബ്നുഖൽദൂൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും നരവംശ ശാസ്ത്രജ്ഞനുമായ ഡോ. ഇർഫാൻ അഹ്മദ്, തന്റെ ‘Terrorism in Question: Decolonizing Anthropology and the Study of Islam’ എന്ന കൃതിയിൽ ഈ ‘ഭീകരതാ വിരുദ്ധ’ വ്യവഹാരത്തെ അടിസ്ഥാനപരമായി തന്നെ ചോദ്യംചെയ്യുന്നത് കാണാം.

ഭീകരവാദത്തിന് സാർവത്രികമായ ഒരു നിർവചനം ഇന്നും ഇല്ലെന്നും, ഓരോ ഭരണകൂടവും ഏജൻസിയും തങ്ങളുടെ താൽപര്യാനുസരണം ആ വാക്കിനെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കയിലും മറ്റിടങ്ങളിലും ‘ഭീകരവാദി’ എന്ന വിശേഷണം ഏതാണ്ട് സ്ഥിരമായി മുസ്‌ലിം സ്വത്വവുമായി ചേർത്തുവെക്കപ്പെട്ടത് യാദൃച്ഛികമല്ലെന്നും, അധികാര കേന്ദ്രങ്ങൾ അതിന്റെ നിർവചനവും പ്രയോഗവും തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങൾക്കായി ക്രമപ്പെടുത്തുകയാണെന്നും അദ്ദേഹം വാദിക്കുന്നു.

ഭീകരവാദം എന്താണ് എന്നതിനെക്കാൾ, ജെയിംസ് ബാൾഡ്‌വിന്റെ ചിന്താരീതി പിന്തുടർന്ന്, ‘ഭീകരവാദി’ എന്ന സംവർഗത്തിന് ആർക്കാണ് ആവശ്യം എന്ന ചോദ്യമാണ് പ്രസക്തമെന്ന് അദ്ദേഹത്തിന്റെ പഠനം സമർഥിക്കുന്നു. ഇന്ത്യയിലും ഓസ്‌ട്രേലിയയിലും ഔദ്യോഗികമായി ‘ഭീകരവാദി’കളെന്ന് മുദ്രകുത്തപ്പെട്ടവരുമായി നടത്തിയ അഭിമുഖങ്ങളും ഭീകരവാദം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുമായുള്ള ഫീൽഡ് വർക്കും അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിൻ്റെ പഠനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിലൂടെ നരവംശശാസ്ത്രത്തെയും ഭീകരവാദ സങ്കൽപത്തെയും ഒരുപോലെ വിമർശനാത്മകമായി പരിശോധിക്കുകയാണ് അദ്ദേഹം ചെയ്തത്. അത്തരത്തിൽ നിലവിലെ ചോദ്യങ്ങളെ പ്രശ്‌നവൽകരിച്ചും പുതിയ ചോദ്യങ്ങൾ ഉന്നയിച്ചും ഇത്തരം ആഖ്യാനങ്ങളെ നമുക്ക് മറികടക്കേണ്ടതായിട്ടുണ്ട്.

ഹാമിദ് ടിപി