Campus Alive

സച്ചാർ കമ്മിറ്റി റിപ്പോർട്ടിനോടുള്ള പ്രതികരണങ്ങൾ

(‘ഹിന്ദു ഓറിയന്റലിസം: സച്ചാർ കമ്മിറ്റി റിപ്പോർട്ടും ഇന്ത്യൻ ജയിലുകളിലെ ന്യൂനപക്ഷ പ്രാതിനിധ്യവും’ ലേഖനത്തിന്റെ മൂന്നാം ഭാഗം)


സച്ചാർ കമ്മിറ്റി റിപ്പോർട്ടിന് ശേഷം 2007-ൽ സമർപ്പിക്കപ്പെട്ട ‘നാഷണൽ കമ്മീഷൻ ഓൺ റിലീജിയസ് ആൻഡ് മൈനോരിറ്റീസ്’ പുറത്തിറക്കിയ റിപ്പോർട്ട് (രംഗനാഥ മിശ്ര കമ്മീഷൻ റിപ്പോർട്ട് [RMCR] എന്നും ഇതറിയപ്പെടുന്നു) കൂടി മുന്നിൽ വെച്ചുകൊണ്ട് വേണം സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ മനസ്സിലാക്കാൻ. (ഭാഷാ-മത) ന്യൂനപക്ഷങ്ങളിൽ നിന്ന് സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങളെ തിരിച്ചറിയാനും, അവയെ മറികടക്കാനുള്ള പദ്ധതികൾ നിർദ്ദേശിക്കാനുമായി ചുമതലയേൽപ്പിക്കപ്പെട്ട ഈ കമ്മീഷൻ, ഒ.ബി.സികളുടെ അതേ മാതൃകയിൽ മുസ്‌ലിംകൾക്കും ഗവണ്‍മെന്‍റ് ജോലികളിൽ സംവരണം നൽകണമെന്ന് ശിപാർശ ചെയ്തു (Alam 2014). ‘ദേശീയ ഉപദേശക സമിതി’ പുറത്തിറക്കിയ ‘പ്രിവൻഷൻ ഓഫ് കമ്മ്യൂണൽ ആൻഡ് ടാർഗറ്റഡ് വയലൻസ് ബില്ലും (PCTV) അത്ര തന്നെ പ്രസക്തമാണ്. 2002-ലെ ഗുജറാത്ത് വംശഹത്യ മാത്രമല്ല, മുസ്‌ലിംകളുടെ ജീവനും ധനവും മറ്റു വസ്തുക്കളും ഏറെ ഇല്ലായ്മ ചെയ്യപ്പെട്ട മുസ്‌ലിംവിരുദ്ധ ‘കലാപങ്ങളുടെ’ നീണ്ട നിര തന്നെയുണ്ടായ സാഹചര്യത്തിലാണ് ഈ ബിൽ അവതരിപ്പിക്കപ്പെട്ടത്. പല സന്ദർഭങ്ങളിലായി പോലീസും ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളും കണ്ണിചേർന്ന് മുസ്‌ലിംകൾക്കെതിരെ അക്രമങ്ങൾ നടത്തിയതും, അവർ പിടിക്കപ്പെടാതെ രക്ഷപ്പെട്ടത് എങ്ങനെയെന്നും രാജസ്ഥാനിലെ ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ച തന്റെ എത്നോഗ്രഫിക് പഠനത്തിൽ ശുഭ് മധുർ (2008: 12, 28, 184) സൂചിപ്പിക്കുന്നുണ്ട്. ചിലയവസരങ്ങളിൽ പോലീസ് കലാപകാരികളോടൊപ്പം ചേർന്ന് മുസ്‌ലിംവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2014-ന്റെ തുടക്കത്തിൽ പക്ഷേ ഗവണ്മെന്റ് ബിൽ പിൻവലിച്ചു. 2018 ഏപ്രിൽ വരെ ആ വിഷയത്തിൽ യാതൊരു പുരോഗതിയുമുണ്ടായില്ല. താഴെ പറയുന്ന പ്രകാരമായിരുന്നു ബില്ലിന്റെ ലക്ഷ്യങ്ങൾ:

“നിയമത്തിനു മുന്നിൽ തുല്യ പരിഗണനയും തുല്യ നിയമ പരിരക്ഷയും കൊടുക്കുക എന്നത് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ മേൽ ബാധ്യതയാക്കുന്നു. യൂണിയൻ ഓഫ് ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ വസിക്കുന്ന ഭാഷാ-മത ന്യൂനപക്ഷങ്ങളെയും പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഹിംസകളിൽ നിന്ന് അവരെ സംരക്ഷിക്കുന്ന തരത്തിൽ നിരപേക്ഷവും വിവേചനരഹിതവുമായ അധികാരപ്രയോഗങ്ങൾ നടത്താൻ ഭരണകൂടങ്ങൾക്ക് ബാധ്യതയുണ്ട്” (ahmed 2019: 167-8).

സച്ചാർ കമ്മിറ്റി റിപ്പോർട്ടിന് മേൽപറഞ്ഞ പ്രകാരമുള്ള റീ-ഓറിയന്റലിസത്തിന്റെ ചാപ്പയടികൾ ഏൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നതുകൊണ്ടാണ്, കേവലം പക്ഷപാതപരമായ താത്പര്യങ്ങളുടെ പ്രചാരണം എന്നതിലുപരി സർവജനീയമായ ഭരണഘടനാ മൂല്യങ്ങൾ മുന്നിൽ വെച്ചുകൊണ്ടു വേണം മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നയങ്ങൾ ആവിഷ്കരിക്കാൻ എന്ന് അവർ പ്രത്യേകമായി സൂചിപ്പിച്ചത് (ഉപരിസൂചിത ബില്ലിന്റെ ലക്ഷ്യമായി പറഞ്ഞതുപോലെ). മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെ നേരിടാൻ അതു മുന്നോട്ടു വെച്ച നടപടികളിൽ ‘പൊതുവായതും’ സമുദായത്തിനു വേണ്ടി ‘പ്രത്യേകമായി’ തയ്യാറാക്കിയവയും (general and community-specific ones) ഉണ്ട്. മുസ്‌ലിംകൾക്ക് തുല്യത ഉറപ്പുവരുത്താൻ പൊതു നടപടികളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നും എസ്.സി.ആർ പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നു. ഈ ലക്ഷ്യം മുന്നിൽ വെച്ചുകൊണ്ട്, എല്ലാ അധസ്ഥിത വിഭാഗങ്ങൾക്കും തുല്യത ഉറപ്പു വരുത്താനും വിവേചനങ്ങൾക്കെതിരെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനുമായി ‘Equal Opportunities Commission’ (EOC) രൂപീകരിക്കണമെന്ന് കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. വിവിധ മത-സാമൂഹിക വിഭാഗങ്ങൾക്കും ലിംഗ സമൂഹങ്ങൾക്കുമിടയിൽ വൈവിധ്യങ്ങളുടെ പാലനം ഉറപ്പുവരുത്തുന്നതിനു വേണ്ടി അംഗീകൃതമായ ഒരു ‘വൈവിധ്യ സൂചിക’ (diversity index) വികസിപ്പിച്ചെടുക്കുക, മുസ്‌ലിംകൾ ഉൾപ്പെടെയുള്ള അരികുവത്കൃത മത-സാമൂഹിക വിഭാഗങ്ങൾക്കിടയിൽ തുല്യമായ വിഭവ വിതരണങ്ങൾ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ഒരു സ്വതന്ത്ര നിയന്ത്രണാധികാര സമിതി രൂപീകരിക്കുക, അതിനു വേണ്ട വിവരങ്ങൾ ശേഖരിക്കാൻ ദേശീയ നാഷണൽ ബാങ്ക് സ്ഥാപിക്കുക മുതലായവയും ഇതിന്റെ ലക്ഷ്യങ്ങളായിരുന്നു. ഇതും മതിയാവാത്തതാണെന്ന നിലക്ക്, സുപ്രീംകോടതിയുടെ ഒരു പ്രസ്താവനയെ സച്ചാർ ഇങ്ങനെ എടുത്തുദ്ധരിക്കുന്നുണ്ട്: “മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും അതുവഴി നമ്മുടെ തന്നെ ഭാഗമായ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും ഈ കോടതിക്ക് ബാധ്യതയുണ്ടെന്ന് നാം മനസ്സിലാക്കുന്നു” (Sachar 2010: xv).

രജീന്ദർ സച്ചാർ

അനവധി മിഥുകളെ പൊളിച്ചടക്കിയ റിപ്പോർട്ട് (hansen 2007:51), ഇന്ത്യൻ ന്യൂനപക്ഷങ്ങളെ കുറിച്ച പുതിയ വ്യവഹാരങ്ങളുടെ പ്രവേശിക (Basant 2016: 18), വിവര ശേഖരണത്തിന്റെയും ഒറ്റ വാല്യമായി അവ ക്രോഡീകരിച്ചതിന്റെയും അതുല്യമായ മാതൃക (jodka 2007: 2996) തുടങ്ങി അനേകം പ്രശംസകൾ സച്ചാർ കമ്മിറ്റി റിപ്പോർട്ട് പിടിച്ചു പറ്റിയെങ്കിലും, 2014 മെയ് മാസത്തിൽ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയതോടെ റീ-ഓറിയന്റലിസത്തിന്റെ ആഖ്യാനങ്ങൾ ഇവയുടെ മേൽ ആധിപത്യമുറപ്പിച്ചു തുടങ്ങി (Shariff 2017).

ബി.ജെ.പിയുടെ പ്രധാന നേതാവും അക്കാലത്ത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കപ്പെടുകയും ചെയ്തിരുന്ന എൽ.കെ അദ്വാനി സച്ചാർ പോലെയുള്ള ഒരു കമ്മിറ്റിയുടെ രൂപീകരണത്തിന് പോലും എതിരായിരുന്നു. അയാളെ സംബന്ധിച്ചിടത്തോളം ഈ കമ്മിറ്റിയുടെ രൂപീകരണം ന്യൂനപക്ഷ പ്രീണനമാണ്, അതാകട്ടെ രാഷ്ട്രീയമായ കുറ്റകൃത്യവും (oneindia.com 2006). സച്ചാർ കമ്മിറ്റി അവരുടെ കണ്ടെത്തലുകൾ പുറത്തുവിട്ടപ്പോൾ അദ്ദേഹം അതിനെ തുറന്നെതിർത്തു, കോൺഗ്രസ്‌ പാർട്ടിയുടെ വിലകുറഞ്ഞ വോട്ടു ബാങ്ക് തന്ത്രമാണ് അതെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത് (rediff.com). 1950-കളിൽ തന്നെ എം. എൻ ശ്രീനിവാസ് കർണാടകയിൽ നടത്തിയ ഫീൽഡ് വർക്കിന്റെ ഭാഗമായി ‘വോട്ട് ബാങ്ക്’ എന്ന പ്രയോഗം രൂപീകരിക്കുന്നുണ്ടെങ്കിലും (Bjorkman 2015; Guha 2008), അതിന് മുസ്‌ലിംകളുമായി ‘പ്രകൃത്യാ’ ബന്ധമൊന്നുമുണ്ടായിരുന്നില്ല. 1980-കൾ മുതൽ ബി.ജെ.പിക്ക് വല്ലാതെ താൽപര്യമില്ലാതിരുന്ന വോട്ട് ബാങ്ക് എന്ന പ്രയോഗത്തെ മുസ്‌ലിം വോട്ട് ബാങ്ക് എന്നാക്കി മാറ്റി പ്രയോഗിച്ചു തുടങ്ങി. മറ്റു ഹിന്ദുത്വവാദ സംഘങ്ങളെയും നേതാക്കളെയും സംബന്ധിച്ചിടത്തോളം സച്ചാർ കമ്മിറ്റി ശിപാർശകൾ ദേശവിരുദ്ധമായിരുന്നു (anti-national). അപ്രകാരം, തീവ്രവാദികൾക്കു വേണ്ടി വാദിക്കുന്നയാൾ എന്ന ചാപ്പയടി ജസ്റ്റിസ് രജീന്ദർ സച്ചാറിനും പതിച്ചു കിട്ടി (hansen 2007: 51). സച്ചാർ ഹിന്ദുവല്ലായിരുന്നെങ്കിൽ (തീവ്രവാദികൾക്കു വേണ്ടി വാദിക്കുന്നയാൾ എന്നതു മാറി) ‘തീവ്രവാദി’ എന്ന മുദ്ര തന്നെ അദ്ദേഹത്തിനു ലഭിക്കുമായിരുന്നു.

ആർ.എസ്.എസിന്റെ ഏറ്റവും പ്രമുഖനായ ആശയ വക്താവാണ് ഡൽഹി യൂണിവേഴ്സിറ്റിയിൽ പൊളിറ്റികൽ സയൻസ് പ്രൊഫസറും ഇന്ത്യൻ പോളിസി ഫൌണ്ടേഷന്റെ ഡയറക്ടറുമായ രാകേഷ് സിൻഹ (Sinha 2017). ന്യൂനപക്ഷ മൗലികവാദത്തിന്റെയും (minorityism) രാഷ്ട്രത്തിനു മേലുള്ള വഞ്ചനയുടെയും പ്രകടരൂപമാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത് (Basant 2016: 19, 36, 40). 2017-ൽ അദ്വാനി നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ മറ്റൊരു പതിപ്പായിരുന്നു 2013-ൽ സിൻഹ വിശദീകരിച്ചു നടത്തിയ അയാളുടെ വിയോജന കുറിപ്പ്.

രാകേഷ് സിൻഹ

അയാളുടെ വിയോജിപ്പുകൾ ഒരു തരത്തിൽ ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ സാകല്യത്തെ മുസ്‌ലിംകളോടും സന്നിഹിതമായ ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങളിലേക്കും ചുരുക്കുന്നതായിരുന്നു. അയാളുടെ ആഖ്യാനങ്ങളിലെ പ്രധാന സൂചക പദങ്ങളെ (keywords, Raymond Williams 1983) അന്വേഷിക്കുകയാണെങ്കിൽ, മുസ്‌ലിം വിഘടന വാദം, ജിന്ന, സർ സയ്യിദ് അഹ്മദ് ഖാൻ (ദ്വിരാഷ്ട്ര സമവാക്യത്തിന്റെ യഥാർഥ പിതാവ് എന്ന് വിളിക്കപ്പെടുന്ന), രാഷ്ട്രത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും ഭീഷണി (അതിനെതിരിൽ ദേശീയ ശക്തികൾ പൊരുതേണ്ടിയിരിക്കുന്നു) തുടങ്ങിയ നിർമിതികളാണ് കണ്ടെത്താനാവുക. റിപ്പോർട്ടിന്റെ ഓരോ പുറവും കണിശമായ് വായിച്ചു എന്നവകാശപ്പെടുന്ന സിൻഹ, അതിലെ കണക്കുകളിലും വസ്തുതകളിലും സംശയം പുലർത്തുന്നു. എന്നാൽ, ആ സംശയത്തെ നീതീകരിക്കുന്ന വസ്തുതകളൊന്നും അയാൾ മുന്നോട്ടു വെക്കുന്നുമില്ല. എന്തുകൊണ്ടാണ് കണക്കുകളും വസ്തുതകളും കൃത്യമല്ലാത്തത് (അയാളുടെ വാദമനുസരിച്ച്) എന്ന് ചർച്ച ചെയ്യാനും അദ്ദേഹം മുതിരുന്നില്ല. മറ്റൊരിടത്ത് അദ്ദേഹം പറയുന്നത് സച്ചാർ കമ്മിറ്റിയുടെ ‘ഉദ്ദേശ്യങ്ങൾ’ (intentions) മുച്ചൂടും എതിർക്കപ്പേടേണ്ടതാണെന്നാണ്. അത് ഭരണഘടനാവിരുദ്ധമാണെന്നു മാത്രമല്ല, ദേശത്തിനകത്ത് മറ്റൊരു ദേശം സ്ഥാപിക്കപ്പെടാനും അതു കാരണമാകും എന്നയാൾ പറയുന്നു. കമ്മിറ്റിയുടെ ശിപാർശകൾ വർഗീയമാണ്, അത് ദേശത്തിനെ വിഭജിക്കും. ഇത് വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇങ്ങനെ പോകുന്നു സിൻഹയുടെ വാദങ്ങൾ. മാത്രവുമല്ല, സിൻഹ താഴെ പറയും പ്രകാരമുള്ള ഒരു ആഹ്വാനവും നടത്തുന്നുണ്ട്;

“മുസ്‌ലിംകൾ ഈ രാജ്യത്തെ മറ്റുള്ള വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തരാണ് എന്ന മനഃശാസ്ത്ര നിർമിതിയെ അപനിർമിക്കേണ്ടതുണ്ട്. ഇതിനായി ഭരണഘടനയിലെ ആർട്ടിക്കിൾ 30 നീക്കം ചെയ്യണം. മുസ്‌ലിംകളെ ദേശീയ മുഖ്യധാരയിലേക്ക് ഉൾച്ചേർക്കാൻ ഇതുവഴി സാധിക്കും. സ്വത്വ രാഷ്ട്രീയത്തിന്റെ മിഥ്യാ ബോധങ്ങളാണ് തകർക്കപ്പെടേണ്ടത്. അവയെ ചെറുക്കുകയും അത്തരം ബോധങ്ങളെ അപനിർമിക്കുകയും ചെയ്യുകയാണ് വേണ്ടത് (സിൻഹ 2013).

അദ്ദേഹത്തിന്റ വാചകങ്ങളിൽ നിന്നു വ്യക്തമാവുന്നത് പോലെ, ഭരണഘടനയിലെ 30-ാം വകുപ്പ് എടുത്തുകളയുന്നതിലൂടെ മറ്റുള്ളവരാൽ അപനിർമിക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യേണ്ടുന്ന ഒരു പ്രശ്നത്തിന്റെ മൂല വിഷയിയായാണ് മുസ്‌ലിംകളെ സിൻഹ കാണുന്നത്. എല്ലാ ന്യൂനപക്ഷങ്ങൾക്കും -അതു ഭാഷാ ന്യൂനപക്ഷങ്ങളാവട്ടെ മത ന്യൂനപക്ഷങ്ങളാവട്ടെ- അവരുടേതായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും പ്രവർത്തിപ്പിക്കാനുമുള്ള അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 30-ാം വകുപ്പ്. ആർ.എസ്.എസ് ജിഹ്വയായ ഓർഗനൈസറിൽ പ്രസിദ്ധീകരിക്കപ്പെട്ട സച്ചാർവിരുദ്ധ പ്രതികരണങ്ങളിലൂടെ റീ-ഓറിയന്റലിസത്തിന്റെയും സിൻഹയുടേത് പോലുള്ള ചിന്തകളുടെയും മുഴുവൻ ക്രോധവും വ്യക്തമാവുന്നുണ്ട്. കറകളഞ്ഞ രാജ്യസ്നേഹത്തിന്റെ സംരക്ഷകർ എന്ന് അവകാശപ്പെടുന്ന പത്രത്തിന്റെ വായനക്കാരിൽ പാർലമെന്റ് അംഗങ്ങൾ മുതൽ ബിസിനസ് രംഗത്തുള്ളവർ അടക്കമുള്ള എല്ലാ വിധ അധികാര വരേണ്യരും പെടും. 57 രാജ്യങ്ങളിൽ അതിനു വായനക്കാരുണ്ട്, പ്രത്യേകിച്ച് യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ (Organiser 2017).

ഓർഗനൈസർ വെബ്സൈറ്റിൽ ‘സച്ചാർ കമ്മിറ്റി’ എന്ന് സെർച്ച് ചെയ്യുമ്പോൾ 2006 ഓഗസ്റ്റ് ആറിനും 2015 ഫെബ്രുവരി 28-നുമിടക്ക് പ്രസിദ്ധീകരിക്കപ്പെട്ട 13 ലേഖനങ്ങളാണ് ലഭിക്കുക. ആദ്യ ലേഖനം സച്ചാർ കമ്മിറ്റി റിപ്പോർട്ടിന് ഏതാനും മാസങ്ങൾക്കു മുൻപ് പ്രസിദ്ധീകരിക്കപ്പെട്ടതും, അവസാനത്തേത് മോഡി ഗവണ്മെന്റ് അധികാരത്തിലേറിയതിന് ആറു മാസങ്ങൾക്കു ശേഷം പ്രസിദ്ധീകരിച്ചതുമാണ്. ഈ പതിമൂന്ന് ലേഖനങ്ങളുടെയും ഉള്ളടക്കങ്ങളെ പരിശോധനാ വിധേയമാക്കാവുന്നതാണ്. എന്നാൽ തെരഞ്ഞെടുത്ത ഏതാനും ലേഖനങ്ങളിൽ ഊന്നിക്കൊണ്ട്, സച്ചാർ കമ്മിറ്റി റിപ്പോർട്ടിനോടുള്ള ഓർഗനൈസറിന്റെ എതിർപ്പുകളെ അവലോകനം ചെയ്യാനാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ ഗുണാത്മകമായ ഒന്നുമില്ല, മറിച്ച് ഹിന്ദുക്കളെ അടിച്ചമർത്തും വിധമുള്ള മുസ്‌ലിം മതഭ്രാന്തും ഭീകരവാദവും വിഘടനവാദ-ന്യൂനപക്ഷ പ്രീണനങ്ങളും മാത്രമാണ് അതിലുള്ളത് എന്നാണ് ആ ലേഖനങ്ങളുടെ സൂചകപദങ്ങൾ വായിക്കുമ്പോൾ ഒരാൾക്ക് തോന്നുക. അതുകൊണ്ട് സച്ചാർ കമ്മിറ്റി റിപ്പോർട്ട് ബഹിഷ്കരിക്കപ്പെടണം എന്നാണ് അവരുടെ വാദം. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്കു കാരണം അവർ തന്നെയാണ് എന്നും ഈ തലവാചകങ്ങൾ പറഞ്ഞു വെക്കുന്നു.

ഗവണ്മെന്റ് സർവ്വീസുകളിൽ, വിശിഷ്യാ പോലീസിലും ആർമിയിലുമുള്ള മുസ്‌ലിംകളുടെ കുറഞ്ഞ പ്രാതിനിധ്യത്തെ മാത്രം എണ്ണുക വഴി ‘വർഗീയ’മായ കണക്കെടുപ്പാണ് സച്ചാർ നടത്തുന്നത്, അതുവഴി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് റിപ്പോർട്ട്, അതുകൊണ്ട് ആ കമ്മിറ്റിയെ തന്നെ പിരിച്ചുവിടണം എന്നൊക്കെയാണ് ആദ്യ ലേഖനം (6 ഓഗസ്റ്റ് 2006) പറഞ്ഞു വെക്കുന്നത്. ദേശീയ സുരക്ഷാ ഉപദേശകനായ എം. കെ നാരായണന്റെ “രാജ്യത്തിന്റെ സേനയിൽ ഭീകരവാദികൾ കടന്നുകയറിയിട്ടുണ്ടാകാം” എന്ന മുന്നറിയിപ്പ് കൂടി ഉന്നയിച്ചുകൊണ്ട്, ലഷ്കറെ ത്വയ്യിബയുമായി ബന്ധം പുലർത്തി എന്നു കരുതപ്പെടുന്ന മൂന്നു പട്ടാളക്കാരെയും രണ്ടു പോലീസുകാരെയും ശ്രീനഗർ പോലീസ് അറസ്റ്റു ചെയ്ത സംഭവവും ലേഖനം സൂചിപ്പിക്കുന്നുണ്ട് (രണ്ടിന്റെയും ഉറവിടം വ്യക്തമാക്കിയിട്ടില്ല). ‘ഉണ്ടാകാം’, ‘കരുതപ്പെടുന്ന’ മുതലായ സൂചകങ്ങളെ പാടെ അവഗണിക്കുകയും, ഇവയൊക്കെയും വസ്തുതകളാണെന്ന് സ്വയം കരുതുകയാണ് ഓർഗനൈസർ പത്രം. ആ രണ്ടു പോലീസുകാരുടെയും പേരു പറഞ്ഞുകൊണ്ട്, ഇന്ത്യ ആന്തരികമായും ബാഹ്യമായും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഭീഷണികളുടെ മത പ്രഭാവത്തെ പറ്റിയും, കുറ്റവാളികളുടെ മത സ്വത്വത്തെ പറ്റിയും പത്രം വാചാലമാകുന്നു. സമുദായ അടിസ്ഥാനത്തിൽ ഏതു മേഖലയിലുമുള്ള തൊഴിൽ കണക്കുകൾ ശേഖരിക്കുന്നത് തടയണമെന്നും സച്ചാർ കമ്മിറ്റിയെ ഉടൻ പിരിച്ചു വിടണമെന്നും ഓർഗനൈസർ ഗവണ്മെന്റിനോട് ആവശ്യപ്പെടുന്നു (organiser 2006a).

സച്ചാർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ആഴ്ചകൾക്കു ശേഷം, “സച്ചാർ റിപ്പോർട്ടും ഭീകരവാദത്തിന്റെ ചന്ദ്രക്കലയും” എന്ന തലക്കെട്ടിൽ ഓർഗനൈസറിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. സച്ചാർ ഭീകരവാദത്തിന് പിന്തുണ നൽകുന്നു എന്നാണ് ലേഖനം ആരോപിക്കുന്നത്. ലോഡ് മിന്റോക്കും മിസ്റ്റർ മാർലിക്കും നൽകപ്പെട്ട അതേ ദൗത്യം (ഇന്ത്യൻ സമൂഹത്തെ മുസ്‌ലിംകൾ, മറ്റു വിഭാഗങ്ങൾ എന്ന് വേർതിരിക്കുക) തന്നെയാണ് സച്ചാറിനുമുള്ളത് എന്ന് ലേഖനം വാദിക്കുന്നു. മുസ്‌ലിംകളെ മറ്റു വിഭാഗങ്ങൾക്ക് എതിരാക്കി കാണിച്ചുകൊണ്ട് കാൾ ഷ്മിത്തിയൻ (1996) ശൈലിയിലുള്ള ശത്രു-മിത്രം ദ്വൈത സങ്കൽപത്തെയാണ് ലേഖനം പുനർനിർമ്മിക്കുന്നത്. ലേഖനം പുരോഗമിക്കുമ്പോൾ ഒരുപാട് വസ്തുതകളെ അത് അദൃശ്യമാക്കുന്നുണ്ട്. ഇന്ത്യയിൽ പ്രാതിനിധ്യ രാഷ്ട്രീയം കൊണ്ടുവരുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാർ മാർലി-മിന്റോ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. അതിന്റെ ഭാഗമായി മുസ്‌ലിംകൾക്കു മാത്രമല്ല, ദലിത്, ക്രിസ്ത്യൻ, ആംഗ്ലോ-ഇന്ത്യൻ തുടങ്ങി മറ്റു അവശ വിഭാഗങ്ങൾക്കും പ്രത്യേക നിയോജക മണ്ഡലങ്ങൾ (electorate) ശിപാർശ ചെയ്തിരുന്നു. അവശ വിഭാഗങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടും പ്രത്യേക നിയോജക മണ്ഡലങ്ങൾക്കു വേണ്ടി വാദിച്ചു കൊണ്ടും അതിനെ എതിർത്തിരുന്ന ഗാന്ധിയുമായി അംബേദ്കറിന് ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുതയും പ്രധാനമാണ് (Bose and Jalal 2004: 84ff, Keer 1990: 207-8). ഓർഗനൈസറിന്റെ സൗകര്യപൂർവമുള്ള ഈ മറന്നുകളയൽ ഒരു തരത്തിൽ രാകേഷ് സിൻഹയുടെ ഉപരിസൂചിത സംഭവത്തോട് സാമ്യപ്പെടുന്നുണ്ട്. സർ സയ്യിദ് അഹ്മദ് ഖാനെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെയും വിഘടനവാദത്തിന്റെയും യഥാർത്ഥ പിതാവെന്ന് വിളിക്കുമ്പോഴും, അവ രണ്ടിനെയും സച്ചാർ റിപ്പോർട്ടുമായി ബന്ധിപ്പിക്കുമ്പോഴും, ബ്രിട്ടീഷ് എഴുത്തുകാരനും പട്ടാളക്കാരനുമായ വില്യം വാട്ട്സ് ആണ് 1760-കളിൽ തന്നെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് അടിത്തറ പാകിയത് എന്ന വസ്തുത സിൻഹ (അറിഞ്ഞുകൊണ്ടു തന്നെ) മറന്നുകളയുന്നു. “ഇന്ത്യയെന്ന മനോഹരിയായ മണവാട്ടിയുടെ ഇരു കണ്ണുകളാണ് ഹിന്ദുവും മുസ്‌ലിമും” എന്ന സർ സയ്യിദിന്റെ വാചകങ്ങളടക്കമാണ് സിൻഹ മായ്ച്ചുകളയുന്നത് എന്നോർക്കുക. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ ആമുഖത്തിൽ സച്ചാർ തന്നെ അതു സൂചിപ്പിക്കുന്നുമുണ്ട്. കൽക്കത്ത കൗൺസിൽ മെമ്പറായിരുന്ന വാട്ട്സ്, ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ 1757-ലെ പ്ലാസി യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. ‘മെമ്മോയേഴ്സ് ഓഫ് ദി റെവലൂഷൻ ഇൻ ബംഗാൾ’ (1760-കൾ) എന്ന കൃതിയിൽ വാട്ട്സ് രേഖപ്പെടുത്തുന്നത് കാണുക:

“ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിന്‍റെ ഇങ്ങേ തലക്കൽ വസിക്കുന്ന രണ്ടു വലിയ ദേശങ്ങൾ, ഭാഷയിലും രീതിയിലും കാഴ്ചയിലും മതവിശ്വാസങ്ങളിലും തികച്ചും വ്യത്യാസപ്പെടുന്നവ. മൂറുകൾ (Moors, Moormen) എന്നു വിളിക്കപ്പെടുന്ന മംഗോളുകൾ ഒരു വശത്ത്, അവർ ശക്തരും പ്രതാപശീലരുമാണ്. കാഴ്ചയിൽ ഭംഗിയുള്ളവരും. പൊങ്ങച്ചത്തിനും ആഡംബരങ്ങൾക്കും അടിപ്പെട്ടവരാണവർ. ഭീകരന്‍മാരും ആക്രമണകാരികളും, അധിക അവസരങ്ങളിലും പിടിച്ചു പറിക്കാരുമാണ് അവർ. ജെന്റൂവുകൾ (Gentoows) അഥവാ തദ്ദേശീയരായ ഇന്ത്യക്കാർ, അവർ ഇരുണ്ട പ്രകൃതക്കാരാണ്. മൂറുകളെ അപേക്ഷിച്ച് യുദ്ധപരത കുറഞ്ഞവരും, കൂടുതൽ വ്യവസായ തൽപരരുമാണ് അവർ. പതിഞ്ഞ സ്വഭാവമുള്ളവരും മിതവ്യയം ശീലമാക്കിയവരുമാണ് അവർ. ഏറെ അന്ധവിശ്വാസങ്ങൾ ഉള്ളവരും കാഴ്ചയിൽ വിധേയത്വഭാവമുള്ളവരും, പ്രകൃത്യാ അസൂയാലുക്കളും സംശയവാദികളുമാണ് ഇക്കൂട്ടർ. മൂറുകളുടെ നിന്ദ്യമായ അടിമത്വത്തിനു പാത്രമായതിന്റെ അനന്തര ഫലങ്ങളാണ് ഇവയെല്ലാം (sen 2002: 100).

മാർലി-മിന്റോ പരിഷ്കാരങ്ങളിലേക്ക് തിരിച്ചുവരാം, സിൻഹ ചെയ്തതു പോലെ തന്നെ മുസ്‌ലിംകളെ ഒറ്റ തിരിക്കാൻ ചരിത്രപരമായി നടന്ന മുഴുവൻ ശ്രമങ്ങളെയും ഈ ലേഖനം അദൃശ്യമാക്കുന്നു. നേരെമറിച്ച്, മുസ്‌ലിംകളും മറ്റുള്ളവരും എന്ന വിനാശകരമായ വിഭജനം സാധ്യമാക്കുക മാത്രമാണ് സച്ചാർ റിപ്പോർട്ടിന്റെ ഫലമെന്ന് ലേഖനം പറഞ്ഞുവെക്കുകയും ചെയ്യുന്നു. അവസാനമായി, ഭീകരവാദത്തിലേക്ക് സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ ചേർത്തുവെക്കാനുള്ള ശ്രമവും ഉണ്ട്. ഒരു സമുദായം എന്ന നിലക്ക് മുസ്‌ലിംകൾ ഏറെക്കുറെ അതിലേക്ക് കടന്നിട്ടുണ്ടത്രേ.

ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെ വായിക്കാം: “ഇന്ത്യൻ പൗരന്മാർ അൽ ഖാഇദ വൈറസിൽ നിന്ന് പൂർണമായി മുക്തമായിട്ടുണ്ട് എന്നു പറയുക വയ്യ. രാജ്യത്തുടനീളമുള്ള ക്യാമ്പസുകളിലും നയതന്ത്രജ്ഞരിലും ബിസിനസ് പ്രമുഖന്മാരിലും വരെ അതിന്റെ സെല്ലുകളും സ്വാധീനവും കാണാം. 1990-കളിൽ നിന്നു വ്യത്യസ്തമായി യു പി, രാജസ്ഥാൻ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, കേരള എന്നീ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഭീകരവാദികൾക്ക് പ്രാദേശിക പിന്തുണ ലഭിക്കുന്നുമുണ്ട് (organiser 2006b).

ഓർഗനൈസറിൽ വന്ന മറ്റൊരു ലേഖനം സച്ചാർ കമ്മിറ്റി കണ്ടെത്തലുകളെ നിരാകരിക്കുന്നില്ല എന്നു മാത്രമല്ല, മുസ്‌ലിം പിന്നാക്കാവസ്ഥയും പൊതു മേഖലയിലുള്ള അവരുടെ പ്രാതിനിധ്യക്കുറവും വസ്തുതയാണെന്ന് അംഗീകരിക്കുന്നുമുണ്ട്. എന്നാൽ അവരതിന്റെ കാരണം കണ്ടെത്തുന്നത് ഇസ്‌ലാമിൽ തന്നെയാണ്. 1835-ൽ കൽക്കത്തയിൽ വെച്ച് പാശ്ചാത്യൻ സാഹിത്യവും ശാസ്ത്രവും പഠിക്കുന്നതിനെതിരെ 8000ഓളം മൗലവിമാർ നിവേദനം ഒപ്പിട്ടു സമർപ്പിച്ചു എന്ന് യാതൊരു തെളിവുകളും സൂചനകളും നൽകാതെ ലേഖനം പറഞ്ഞുവെക്കുന്നു; ഒരു ഹിന്ദുവും പാശ്ചാത്യൻ വിദ്യാഭ്യാസത്തെ എതിർക്കുകയുമുണ്ടായില്ല. മുസ്‌ലിംകളുടെ വിശ്വാസം തന്നെയാണ് അവരുടെ പിന്നാക്കാവസ്ഥക്കു കാരണം എന്ന് ‘തിരിച്ചറിയുന്നതോടെ’, മുസ്‌ലിംകളെ മത വെറിയന്മാരായ പൗരോഹിത്യത്തിൽ നിന്നു മോചിപ്പിക്കാനാണ് പിന്നീട് ലേഖനം ശ്രമിക്കുന്നത്. ന്യൂനപക്ഷ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കപ്പെടുന്നതോടെ ന്യൂനപക്ഷങ്ങൾക്ക് വിശേഷാധികാരങ്ങൾ സ്ഥിരപ്പെട്ടു കിട്ടും എന്നാണ് ആർ.എം.സി.ആർ പ്രസിദ്ധീകരിക്കപ്പെട്ട ഉടനെ ഓർഗനൈസർ പ്രഖ്യാപിച്ചത്. അത്തരം പദ്ധതികൾ സാക്ഷാത്കരിക്കപ്പെട്ട ആറു വർഷത്തെ യു.പി.എ ഗവണ്‍മെന്‍റിന്‍റെ ഭരണകാലത്തെ ‘ഹിന്ദു പീഡനത്തിന്റെ’ നാളുകൾ എന്നാണ് ഓർഗനൈസർ വിളിക്കുന്നത് (organiser 2010). മുസ്‌ലിംകളുടെ അരികുവത്കൃത സാമൂഹികാവസ്ഥയെ കീഴ്മേൽ മറിച്ച് ഹിന്ദു അടിച്ചമർത്തലിന്റെ ആഖ്യാനങ്ങളെ എങ്ങനെയാണ് ഹിന്ദു ഓറിയന്റലിസം നിർമിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇവയെല്ലാം. ഇതുവരെ ഞാൻ സൂചിപ്പിച്ച പ്രതികരണങ്ങളെല്ലാം കേവലം എഴുത്തിലോ പറച്ചിലുകളിലോ മാത്രം ഒതുങ്ങുന്നവയല്ല. നയപരമായ മേഖലകളിലും അതിന്റെ പ്രതിഫലനങ്ങളുണ്ടായിട്ടുണ്ട്.

സച്ചാർ റിപ്പോർട്ടിനോടുള്ള പ്രതികരണം എന്ന നിലക്ക്, അക്കാദമികവും സാമ്പത്തികവുമായ മാനദണ്ഡങ്ങളെ മുൻനിർത്തി കേന്ദ്ര ഗവണ്മെന്റ് മുസ്‌ലിം വിദ്യാർത്ഥികൾക്കായി പ്രീ മെട്രിക് സ്കോളർഷിപ്പ് നടപ്പിലാക്കി. വാർഷിക പരീക്ഷകളിൽ അൻപതു ശതമാനത്തിലധികം മാർക്ക് നേടുകയും രക്ഷിതാവിന്റെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാതിരിക്കുകയും ചെയ്യുന്ന ആരും സ്കോളർഷിപ്പിന് അർഹരാണ്. പദ്ധതിയിലേക്ക് കേന്ദ്ര ഗവണ്‍മെന്‍റ് 3.75 കോടി രൂപയും, സംസ്ഥാന ഗവണ്‍മെന്‍റുകൾ 1.25 കോടി രൂപയും നൽകേണ്ടതുണ്ടായിരുന്നു. എന്നാൽ മറ്റു സമുദായങ്ങളിൽ നിന്നുള്ള പാവപ്പെട്ട വിദ്യാർത്ഥികളെ അവഗണിക്കുന്നു എന്നു കാണിച്ച് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡി ഗ്രാന്റ് നൽകാൻ വിസമ്മതിച്ചു. പിന്നീടത് നിയമ പ്രശ്നമായി. ഗുജറാത്ത് ഹൈക്കോടതിയിലെ ഒരു ബെഞ്ച് പദ്ധതിക്ക് അനുകൂലമായി വിധി പറഞ്ഞപ്പോൾ മറ്റൊരു ബഞ്ച് പ്രതികൂലിച്ചു. 2013-ൽ അഥവാ പദ്ധതി നടപ്പിൽ വന്നതിന് അഞ്ചു വർഷങ്ങൾക്കു ശേഷം അഞ്ചംഗ ബെഞ്ച് പദ്ധതി ശരിവെച്ചു. ഇതിൽ അതൃപ്തരായ മോഡി ഗവണ്മെന്റ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് തന്നെ ഭരണഘടനാ വിരുദ്ധവും ചട്ടവിരുദ്ധവുമാണ് എന്നു കാണിച്ച് അഫിഡവിറ്റ് സമർപ്പിച്ചു (Jaffrelot 2016: 239; Nag 2015: 144-5). പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഉടനെ മുസ്‌ലിംകൾക്ക് വേണ്ടിയുള്ള ആർ.എൻ.എം.സിയുടേത് പോലെയുള്ള എല്ലാ നീക്കങ്ങളും മോഡി റദ്ദാക്കി. ഇന്ത്യൻ ഭരണഘടന മതത്തിന്‍റെ പേരിലുള്ള സംവരണങ്ങളൊന്നും അംഗീകരിക്കുന്നില്ല എന്നാരോപിച്ചു കൊണ്ടായിരുന്നു നടപടി. മാധ്യമപ്രവർത്തകൻ ഖാന്റെ അഭിപ്രായത്തിൽ മോഡിയുടെ ഈ അഭിപ്രായം തെറ്റാണ്. കാരണം 341-ാം വകുപ്പ് പരാമർശിച്ചു കൊണ്ട് ഭരണഘടനയിൽ പറയുന്നത് കാണുക, ഹിന്ദു മതത്തിൽ നിന്നും വ്യത്യസ്തമായി സിഖ്-ബുദ്ധ മതങ്ങളിൽ വിശ്വസിക്കുന്ന ആരെയും പട്ടിക ജാതികളായി പരിഗണിക്കുകയില്ല (khan 2015).

2011-ലെ പ്രിവൻഷൻ ഓഫ് കമ്മ്യൂണൽ ആൻഡ് ടാർഗറ്റഡ് വയലൻസ് ബില്ലിലേക്ക് ഒരിക്കൽ കൂടി തിരിച്ചു വന്നുകൊണ്ട് ലേഖനത്തിന്റെ ഈ ഭാഗം അവസാനിപ്പിക്കാം. ആർ.എസ്.എസ് നേതൃത്വം കൊടുക്കുന്ന ഹിന്ദുത്വ ബെൽറ്റ്‌ ഇതിനെ ‘ഹിന്ദുവിരുദ്ധം’ എന്നാണ് വിലയിരുത്തുന്നത്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ, 2011-ൽ ആന്ധ്രയിലെ ആർ.എസ്.എസ് ശാഖ നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം സമർപ്പിക്കുകയുണ്ടായി. ഏഴു വ്യക്തികൾ (രണ്ട് റിട്ടയേർഡ് പോലീസ് ഡയറക്ടർ ജനറൽമാർ, രണ്ടു മുൻ ആർമി ഓഫീസർമാർ, ഒരു മുൻ ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി, ഒരു പ്രൊഫസ്സർ, ഒരു ബിസിനസുകാരൻ തുടങ്ങിയവരാണ് അവർ) ഒപ്പു വെച്ച നിവേദനം തുടങ്ങുന്നത് ഇങ്ങനെയൊരു വിരോധാഭാസത്തിലൂടെയാണ്: “പുരാതന കാലം മുതൽക്കേ, ഈ രാജ്യത്തിന്റെ നാഗരികതയും സംസ്കാരവുമായ സനാതന ധർമ്മ വ്യവസ്ഥ അഹിംസയും സഹിഷ്ണുതയും വ്യത്യസ്തതകൾ തമ്മിലുള്ള സമാധാനവുമാണ് പ്രഘോഷണം ചെയ്തത്. അതുകൊണ്ടുതന്നെ, ഹിന്ദുക്കൾ അവരുടെ ധർമമനുസരിച്ച് മറ്റുള്ളവരെ കൊല്ലുകയോ ആക്രമിക്കുകയോ അവർക്കെതിരെ കലാപം നടത്തുകയോ അരുത്”. അതേസമയം ഈ ബിൽ ഭൂരിപക്ഷ സമുദായക്കാരായ ഹിന്ദുക്കളെയാകെ കലാപങ്ങളുടെയും ഹിംസകളുടെയും തുടക്കക്കാരും തുടർച്ചക്കാരുമായി കാണുന്നു എന്നാണ് ന്യൂനപക്ഷ സംരക്ഷണം ചമഞ്ഞുകൊണ്ട് അവർ പറയുന്നത്. മതം ഇന്നൊരു ആഗോള വിഷയമായിരിക്കുന്നു എന്നും കുഞ്ഞൻ മതങ്ങളെ വിഴുങ്ങാൻ അന്താരാഷ്ട്ര തന്ത്രങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുത മറന്നുപോയതു കൊണ്ടാണ് തങ്ങൾ ഈ നിവേദനത്തിലൂടെ ബില്ലിനെ എതിർക്കുന്നതെന്ന് ബോധിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ഈ ബില്ലിന്റെ വ്യവസ്ഥകൾ കാരണം പുറത്തു നിന്ന് ഒഴുകിയെത്തുന്ന ഫണ്ടുകളെ കണ്ടെത്തുക സാധ്യമല്ലാതായിരിക്കുന്നു. ഈ വിഷയത്തെ പഠിക്കുമ്പോൾ ഹണ്ടിങ്ടണിന്റെ പഠനങ്ങൾ ഓർക്കേണ്ടതുണ്ട്, ഇങ്ങനെ പോകുന്നു അവരുടെ വാദങ്ങൾ. ദേശീയ ഉപദേശക സമിതിയുടെ ഭരണഘടനയെ പരാമർശിച്ചുകൊണ്ട് ഈ ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് വാദിക്കുകയും, മുസ്‌ലിംകളും ക്രിസ്ത്യാനികളും അവരുടെ ചൂണ്ടയിൽ കുടുങ്ങിയ ഇടതുപക്ഷ ഹിന്ദുക്കളും ചേർന്നാണ് ഈ ബിൽ നിർമ്മിച്ചതെന്ന് ആരോപിക്കുകയും ചെയ്യുന്നു.

മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെ അട്ടിമറിച്ചു കൊണ്ട് യാതൊരു തെളിവുകളുമില്ലാതെ ഭീകര വാദം, വിഘടന വാദം, ന്യൂനപക്ഷ പ്രീണനം, ദേശ വിരുദ്ധം, മത ഭ്രാന്ത് തുടങ്ങിയവയിലേക്ക് ചേർത്തുകൊണ്ട് ഹിന്ദുത്വ കല്പനകൾ, വിശിഷ്യാ ആർ.എസ്.എസ് എങ്ങനെയാണ് റീ-ഓറിയന്റലിസം സ്ഥാപിച്ചെടുത്തതെന്ന് നാം വായിച്ചു കഴിഞ്ഞു. ഒരു കൂട്ടം റീ-ഓറിയന്റലിസ്റ്റ് തന്ത്രങ്ങളിലൂടെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥകളെ അദൃശ്യമാക്കിക്കൊണ്ട് ‘പീഡിപ്പിക്കപ്പെടുന്ന ഹിന്ദു’ എന്ന നിർമിതിയെ സാധ്യമാക്കുന്നതോടെയാണ് ഈ അട്ടിമറി പൂർണമാകുന്നത്. സച്ചാർ കമ്മിറ്റി റിപ്പോർട്ട്, ആർ.എൻ.എം.സി, പി.സി.ടി.വി തുടങ്ങിയവയുടെ നിതാന്ത ശത്രുക്കളായതുകൊണ്ടു മാത്രമല്ല, 2014-ൽ അധികാരത്തിലേറിയതു കൊണ്ടു കൂടിയാണ് ഹിന്ദുത്വ നിർമിതകളിൽ കൂടുതലായി ഞാൻ ഊന്നിയത്. ഈ കമ്മിറ്റികൾ സ്ഥാപിക്കുകയും അവയിലെ ശിപാർശകളിൽ ചിലത് നടപ്പിലാക്കുകയും ചെയ്തുവെങ്കിലും, കോൺഗ്രസ് പാർട്ടി അക്കാര്യത്തിൽ പൂർണമായ ആത്മാർത്ഥത പുലർത്തി എന്നു വാദിക്കുക എന്റെ ലക്ഷ്യമായിരുന്നില്ല. 2014 ഇലക്ഷനിൽ നേരിട്ട തിരിച്ചടിയെ കുറിച്ചു പഠിക്കാൻ കോൺഗ്രസ്‌ പാർട്ടി ഏൽപ്പിച്ച കമ്മിറ്റി ഒടുവിൽ കണ്ടെത്തിയത് ‘ന്യൂനപക്ഷ പ്രീണന നയങ്ങൾ’ അതിൽ ഒരു പ്രധാന ഘടകമായിരുന്നു എന്നാണ് (Naqshabandi 2014). മാത്രവുമല്ല, 2014-നു വളരെ മുൻപു തന്നെ കോൺഗ്രസ്‌ പി.സി.ടി.വി പിൻവലിച്ചിരുന്നു. ന്യൂനപക്ഷ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കാൻ അവർക്കു കഴിഞ്ഞുവെങ്കിലും, ഫണ്ട് ശേഖരണത്തിലും വിതരണത്തിലും ഒട്ടും തൃപ്തികരമായിരുന്നില്ല അതിന്റെ അവസ്ഥ. സച്ചാറാനന്തര പ്രവർത്തനങ്ങളെ വിലയിരുത്താൻ 2014-ൽ ഏൽപ്പിക്കപ്പെട്ട അമിതാബ് കുണ്ടുവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ നിരീക്ഷണം നടത്തിയത്. സിംഗ് ആൻഡ് കിം എന്നിവർ ഹിന്ദു ഓറിയന്റലിസം എന്ന പ്രയോഗം നടത്തുന്നില്ലെങ്കിലും, സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രായോഗികവത്കരിക്കുന്നതിനോടുള്ള നിയമപരവും സ്ഥാപനപരവുമായ വിരോധങ്ങളെ അവരും എടുത്തുപറഞ്ഞിട്ടുണ്ട്.

(തുടരും)


വിവർത്തനം: അഫ്സൽ ഹുസൈൻ

ഇര്‍ഫാന്‍ അഹ്മദ്‌