ചരിത്രം എല്ലായ്പ്പോഴും പുസ്തകങ്ങളിലോ മറ്റു രേഖകളിലോ മാത്രമല്ല സൂക്ഷിക്കപ്പെടുന്നത്. ചിലപ്പോൾ ഒരു വസ്ത്രത്തിന്റെ മടക്കുകളിൽ, ഒരു ചങ്ങലയുടെ തുരുമ്പിൽ, ഒരു ശൂന്യമായ കസേരയിൽ, ഒരു മനുഷ്യശരീരത്തിലെ മുറിവുകളിൽ പോലും ചരിത്രം അഭയം കണ്ടെത്തും. അധീശ അധികാരം മറച്ചുവെക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ പലപ്പോഴും ഇത്തരം വസ്തുക്കളിലൂടെയാണ് ദീർഘകാലം ജീവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സമകാലിക ക്യൂറേറ്റോറിയൽ സിദ്ധാന്തങ്ങളുടെ വിമർശനാത്മക പഠനങ്ങളിൽ ഒബ്ജക്ട് എന്നത് ഒരു പ്രദർശന വസ്തു മാത്രമല്ല എന്ന ആശയം മുന്നോട്ടുവെക്കപ്പെടുന്നത്. മറിച്ച്, അതൊരു പൊളിറ്റിക്കൽ ആർക്കൈവ് കൂടിയാണ്. അത്തരമൊരു ആർക്കൈവാണ് ഓറഞ്ച് ജമ്പ്സ്യൂട്ട്.
ലോകത്ത് അനവധി ജയിലുകളുണ്ട്. അവിടങ്ങളിലെല്ലാം തടവുകാരുടെ യൂണിഫോമുകളുണ്ട്. എന്നാൽ ലോകത്തിന്റെ രാഷ്ട്രീയ ഭാവനയെ കീഴടക്കിയ ഒരു ജയിൽ യൂണിഫോം ഉണ്ടെങ്കിൽ അത് ഗ്വാണ്ടനാമോ തടവറയിലെ ഓറഞ്ച് ജമ്പ്സ്യൂട്ടാണ്. ഒരു സാമ്രാജ്യത്വ ശക്തി തന്റെ ശത്രുവിനെ എങ്ങനെ രൂപപ്പെടുത്തി എന്നതിന്റെ ദൃശ്യഭാഷയായും, നിയമത്തിന് പുറത്തുള്ള മനുഷ്യജീവിതത്തിന്റെ പ്രതീകമായും, വാർ ഓൺ ടെറർ എന്ന ആഗോള രാഷ്ട്രീയ പദ്ധതിയുടെ ഏറ്റവും ശക്തമായ ദൃശ്യചിഹ്നമായും നമുക്ക് ഓറഞ്ച് ജമ്പ്സ്യൂട്ടിനെ വായിച്ചെടുക്കാൻ സാധിക്കും. 2002 ജനുവരി 11-ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗ്വാണ്ടനാമോയിൽ എത്തിച്ച ആദ്യഘട്ട തടവുകാരുടെ ചിത്രങ്ങൾ ലോകത്തിന്റെ രാഷ്ട്രീയ സ്മൃതിയിൽ നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല. മുട്ടുകുത്തിയ നിലയിൽ, കണ്ണുകൾ മൂടിക്കെട്ടി, കൈകാലുകൾ ബന്ധിക്കപ്പെട്ട്, ഓറഞ്ച് ജമ്പ്സ്യൂട്ട് ധരിച്ച കുറെ ശരീരങ്ങൾ. ആ ചിത്രം ഒരു വാർത്താചിത്രം മാത്രമായിരുന്നില്ല. മറിച്ച് പുതിയ ലോക ക്രമത്തിന്റെ ഉദ്ഘാടന ചിത്രമായിരുന്നു. “ഭീകരതയ്ക്കെതിരായ യുദ്ധം” എന്ന പേരിൽ രൂപപ്പെട്ട പുതിയ നിയമഭാഷയും, പുതിയ സുരക്ഷാ സങ്കൽപ്പവും, പുതിയ ശത്രുരൂപവും പൊതുബോധത്തിലേക്ക് പ്രവേശിച്ചത് ആ ചിത്രത്തിലൂടെയായിരുന്നു. ആർക്കൈവ് എന്നത് മനുഷ്യന്റെ ഭൂതകാലത്തെ സൂക്ഷിക്കുന്ന രേഖകളുടെ ശേഖരം മാത്രമാണെന്ന ധാരണ പുതിയ കാലത്ത് അപ്രസക്തമാണ്. ആരുടെ ഓർമ്മയാണ് സംരക്ഷിക്കപ്പെടുന്നത്? ആരുടെ അനുഭവമാണ് ഇല്ലാതാക്കപ്പെടുന്നത്? ഏത് ശരീരങ്ങളാണ് രേഖകളിൽ ഇടംപിടിക്കുന്നത്? ഏതാണ് അപ്രത്യക്ഷമാകുന്നത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉയർന്നതോടെയാണ് ആർക്കൈവ് എന്ന ആശയം തന്നെ രാഷ്ട്രീയമായിത്തീരുന്നത്. ഈ അർത്ഥത്തിൽ ഓറഞ്ച് ജമ്പ്സ്യൂട്ട് ഒരു കൗണ്ടർ ആർക്കൈവാണ്. കാരണം അത് ഒരു സാമ്രാജ്യത്വ ഭരണകൂടം എഴുതിയ ചരിത്രമല്ല; മറിച്ച് ഭരണകൂടം ഇല്ലാതാക്കാൻ ശ്രമിച്ച ശരീരങ്ങളുടെ ചരിത്രമാണ്.
War on Terror-ന്റെ ഇരുപത്തിയഞ്ചാം വാർഷികത്തെ മുൻനിർത്തി Solidarity Youth Movement സംഘടിപ്പിച്ച Countering 25 Years of War on Terror: Justice and Solidarity Conference-ന്റെ ഭാഗമായി ഒരുക്കിയ Orange Jumpsuit എന്ന എക്സിബിഷനിലെ ആർട്ട് ഇൻസ്റ്റലേഷനുകളെ മനസ്സിലാക്കേണ്ടതും ഈ പശ്ചാത്തലത്തിലാണ്. അഞ്ച് വർഷങ്ങൾക്കുമുമ്പ്, War on Terror-ന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് Solidarity Youth Movement തന്നെ സംഘടിപ്പിച്ച ഓൺലൈൻ സംഭാഷണത്തിൽ ഗ്വാണ്ടനാമോയിൽ പതിനാലു വർഷം തടവിലായിരുന്ന മൻസൂർ അദയ്ഫി പങ്കെടുത്തിരുന്നു. അദ്ദേഹം ആ സംഭാഷണത്തിലും പിന്നീട് നടത്തിയ നിരവധി പ്രഭാഷണങ്ങളിലും ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്.
“ഗ്വാണ്ടനാമോയിൽ പ്രവേശിക്കപ്പെട്ട നിമിഷം മുതൽ അവരുടെ പേരുകൾ നഷ്ടപ്പെട്ടു; അവർ കേവലം നമ്പറുകളായി മാറി. അവർ ധരിച്ചിരുന്ന ഓറഞ്ച് ജമ്പ്സ്യൂട്ട് എല്ലാവരെയും ഒരേ പോലുള്ള ശരീരങ്ങളാക്കി മാറ്റി. അതിലൂടെ അവരുടെ വ്യക്തിത്വവും ചരിത്രവും സാമൂഹിക ബന്ധങ്ങളും രാഷ്ട്രീയ പശ്ചാത്തലവും മായ്ച്ചുകളയപ്പെടുകയും “സംശയിക്കപ്പെടുന്ന ശരീരം” എന്ന ഒറ്റ അർത്ഥത്തിലേക്ക് അവരെ ചുരുക്കുന്ന അധികാരത്തിന്റെ ഉപകരണമായി ആ വസ്ത്രം പ്രവർത്തിക്കുകയും ചെയ്തു”.എന്നാൽ അധികാരം ഒരു പ്രതീകത്തിന് നൽകിയ അർത്ഥം എന്നെന്നേക്കുമായി നിയന്ത്രിക്കാൻ അധികാരത്തിന് കഴിയില്ല. ചരിത്രത്തിൽ പലപ്പോഴും അധീശ അധികാരം അടിച്ചമർത്തലിനും അപമാനത്തിനുമായി നിർമ്മിച്ച പ്രതീകങ്ങൾ പിന്നീട് പ്രതിരോധത്തിന്റെ ഭാഷയായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പതിനാലു വർഷങ്ങൾക്ക് ശേഷം മോചിതനായ മൻസൂർ അദയ്ഫി അതേ ഓറഞ്ച് ജമ്പ്സ്യൂട്ടിനെ മറ്റൊരു ഭാഷയാക്കി മാറ്റിയത്. ഒരിക്കൽ വേദനയുടെയും അപമാനത്തിന്റെയും ചിഹ്നമായിരുന്ന ആ വസ്ത്രം പിന്നീട് അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യത്തിന്റെ ചിഹ്നമായി മാറി. ഗ്വാണ്ടനാമോയുടെ ഇരുണ്ട തടവറകളിൽ അദ്ദേഹത്തെ നിശ്ശബ്ദനാക്കിയ അതേ വസ്ത്രം, പിന്നീട് അദ്ദേഹത്തിനുവേണ്ടി സംസാരിക്കാൻ തുടങ്ങി.
സോളിഡാരിറ്റി സംഘടിപ്പിച്ച ഈ എക്സിബിഷന്റെ ക്യൂറേറ്റോറിയൽ യുക്തി ഓരോ ഇൻസ്റ്റലേഷനെയും വേറിട്ട അനുഭവങ്ങളായി (object-centred) അവതരിപ്പക്കുന്നതിലല്ല. അതിലേക്കല്ല അത് കാഴ്ചക്കാരനെ ക്ഷണിക്കുന്നതും. മറിച്ച്, ഇൻസ്റ്റലേഷനുകൾക്കിടയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സംഭാഷണങ്ങളിലൂടെയാണ് (relation-centred) ഈ എക്സിബിഷൻ പ്രവർത്തിക്കുന്നത്. കാരണം ഒരു എക്സിബിഷന്റെ രാഷ്ട്രീയം പലപ്പോഴും ഒറ്റപ്പെട്ട ഒരു ഒബ്ജക്ടിനുള്ളിലല്ല, മറിച്ച് ഒരു ഒബ്ജക്ട് മറ്റൊന്നുമായി സ്ഥാപിക്കുന്ന ബന്ധങ്ങളിലാണ് രൂപംകൊള്ളുന്നത്. അതുകൊണ്ടാണ് സമകാലിക ക്യൂറേറ്റോറിയൽ വിമർശനങ്ങൾ ഒരു എക്സിബിഷന്റെ അർത്ഥം അതിലെ വസ്തുക്കളിൽ അല്ല, അവ പരസ്പരം നിർമ്മിക്കുന്ന ബന്ധങ്ങളിലാണ് അന്വേഷിക്കുന്നത്. ഈ എക്സിബിഷൻ ഈ ബന്ധങ്ങളെയാണ് അതിന്റെ പ്രാഥമിക ക്യൂറേറ്റോറിയൽ യുക്തിയായി സ്വീകരിക്കുന്നത്.
അതുപോലെ തന്നെ സമകാലിക ക്യൂറേറ്റോറിയൽ വ്യവഹാരങ്ങളിൽ ഇമ്മേഴ്സീവ് എക്സ്പീരിയൻസ് (എല്ലാ ഇന്ദ്രിയങ്ങളെയും ഉൾക്കൊള്ളുകയും സന്ദർശകനെ അനുഭവലോകത്തിലേക്ക് പൂർണമായി ലയിപ്പിക്കുകയും ചെയ്യുന്ന അനുഭവം) എന്നത് ഏറ്റവും സ്വാധീനശേഷിയുള്ള മാർഗങ്ങളിൽ ഒന്നാണ്. അതായത് ഒരു എക്സിബിഷൻ കേവലമായ കാഴ്ചവസ്തുക്കളുടെ ക്രമീകരണമല്ല, മറിച്ച് കാഴ്ചക്കാരനെ ഒരു പുതിയ അനുഭവലോകത്തിലേക്ക് കടത്തിവിടുന്ന അന്തരീക്ഷമാണെന്നുമാണ് ഈ സങ്കൽപ്പം കൊണ്ട് അർത്ഥമാക്കുന്നത്. ശബ്ദം, വെളിച്ചം, സ്പേസ്, വസ്തുക്കളുടെ ക്രമീകരണം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ശരീരത്തിന്റെ ചലനപാതകൾ തുടങ്ങി നിരവധി ഘടകങ്ങൾ ചേർന്നാണ് ഇത്തരം ഇമ്മേഴ്സ്സീവ് അനുഭവങ്ങൾ നിർമ്മിക്കപ്പെടുന്നത്. അവിടെ കാഴ്ചക്കാരൻ ഒരു ഒബ്ജക്ടിനെ നോക്കുന്നവനല്ല; ആ അനുഭവത്തിന്റെ ഭാഗമായിത്തീരുന്നവനാണ്.എന്നാൽ ഇത്തരം ഇമ്മർഷൻ പലപ്പോഴും ഇന്ദ്രിയാനുഭവത്തിന്റെ തലത്തിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. അത് കാഴ്ചക്കാരന്റെ പഞ്ചേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുകയും, ഒരു പ്രത്യേക മാനസികാവസ്ഥയിലേക്കോ വൈകാരിക ലോകത്തിലേക്കോ അയാളെ നയിക്കുകയും ചെയ്യും. പക്ഷേ, കാഴ്ചക്കാരന്റെ ഓർമ്മകളും ജീവിച്ച അനുഭവങ്ങളും രാഷ്ട്രീയ സ്മരണകളും സാമൂഹിക ആഘാതങ്ങളും അതിനോട് പ്രതിപ്രവർത്തിക്കണമെന്നത് അതിന്റെ അനിവാര്യ വ്യവസ്ഥയല്ല. അഥവാ ഒരു ഇമ്മേഴ്സിവ് ഇൻസ്റ്റലേഷൻ നമുക്ക് നൽകുന്ന അനുഭവം ആഴമുള്ളതാകാം. എന്നാൽ അത് കാഴ്ചക്കാരന്റെ രാഷ്ട്രീയമായ വൈകാരിക ലോകത്തോട് പ്രതിപ്രവർത്തിക്കണമെന്ന് ഒരു നിർബന്ധവുമില്ല. ഓറഞ്ച് ജമ്പ്സ്യൂട്ട് എന്ന ഈ എക്സിബിഷൻ ഈ സങ്കൽപ്പത്തെ മറ്റൊരു തലത്തിലേക്ക് വികസിപ്പിക്കുന്നുണ്ട്. ഇവിടെ ഇമ്മർഷൻ എന്നത് ഇൻസ്റ്റലേഷനുകൾ മാത്രം സൃഷ്ടിക്കുന്ന ഒരു അനുഭവമല്ല. വാർ ഓൺ ടെററിന്റെയും ഭരണകൂട അക്രമത്തിന്റെയും ജീവിച്ച അനുഭവങ്ങളുമായി എത്തിച്ചേരുന്ന മനുഷ്യരുടെ സാന്നിധ്യത്തിലൂടെയാണ് അത് പൂർണമാകുന്നത്. ഈ എക്സിബിഷനിൽ എത്തിയ കാഴ്ചക്കാരൻ അതിൽനിന്ന് വേർപ്പെട്ട ഒരു അസ്തിത്വമായിട്ടല്ല അതിലേക്ക് പ്രവേശിച്ചത്. മറിച്ച് അവർ ജീവിച്ച അനുഭവങ്ങളും എക്സിബിഷനിലെ ഇൻസ്റ്റലേഷനുകളും പരസ്പരം സംഭാഷണം നടത്തുന്ന ഒരു രാഷ്ട്രീയ ഇടത്തിലേക്കാണ് അവർ പ്രവേശിച്ചത്. അതിനാൽ ഇവിടെ ഇമ്മർഷൻ കേവലം സൗന്ദര്യശാസ്ത്രപരമായ ഉപാധി മാത്രമല്ല. മറിച്ച് പരസ്പരമുള്ള സാക്ഷ്യങ്ങളുടെയും സ്മരണകളുടെയും രാഷ്ട്രീയ ഐക്യദാർഢ്യത്തിന്റെയും അനുഭവലോകമായി അത് മാറുകയായിരുന്നു.
ഈ എക്സിബിഷൻ സന്ദർശിച്ചവരിൽ ഭരണകൂട വേട്ടകൾ നേരിട്ടവരും, വർഷങ്ങളോളം ഭീകരവിരുദ്ധ നിയമങ്ങൾക്കു കീഴിൽ തടവിലാക്കപ്പെട്ടവരും, ലിഞ്ചിംഗ് ഇരകളുടെ കുടുംബാംഗങ്ങളും, അവരോട് രാഷ്ട്രീയമായി ഐക്യപ്പെട്ടവരും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ ഇൻസ്റ്റലേഷനുകൾ കേവലം പ്രതിനിധാനങ്ങളായി നിലകൊണ്ടില്ല; അവ ജീവിച്ച അനുഭവങ്ങളുമായി നേരിട്ട് സംഭാഷണം നടത്തുന്ന രാഷ്ട്രീയ ഇടങ്ങളായി മാറി. ആ സംഭാഷണത്തിലാണ് ഈ എക്സിബിഷന്റെ യഥാർഥ ഇമ്മേഴ്സീവ് അനുഭവം രൂപപ്പെട്ടത്.
ഈ എക്സിബിഷന്റെ മറ്റൊരു പ്രത്യേകത, അതിലെ ഇൻസ്റ്റലേഷനുകൾ സമകാലിക രാഷ്ട്രീയ കലയുടെ ആഗോള പാരമ്പര്യവുമായി സംഭാഷണം നടത്തുന്നു എന്നതാണ്. ഭരണകൂട അക്രമം, തടവ്, നിരീക്ഷണം, മാധ്യമങ്ങൾ, ഓർമ്മ എന്നിവയെ വിഷയമാക്കിയ അനേകം അന്തർദേശീയ ഇൻസ്റ്റലേഷനുകളെപ്പോലെ, ഇവയും ഒരു സംഭവത്തെ പുനരാവിഷ്കരിക്കുകയല്ല ചെയ്യുന്നത്; മറിച്ച് അധികാരം എങ്ങനെ അനുഭവിക്കപ്പെടുന്നു എന്നതിന്റെ പുതിയൊരു ക്യൂറേറ്റോറിയൽ വ്യാകരണം നിർമ്മിക്കുകയാണ് ചെയ്യുന്നത്. അതേസമയം, അവയെ വെറും അനുകരണങ്ങളായി കാണാനുമാവില്ല. മറിച്ച് ഇന്ത്യയിലെ War on Terror-ന്റെ അനുഭവങ്ങളെ കേന്ദ്രമാക്കി മറ്റൊരു രാഷ്ട്രീയ ഭാഷ സൃഷ്ടിക്കുകയയാണ് ഓറഞ്ച് ജമ്പ്സ്യൂട്ടിലെ ഇൻസ്റ്റലേഷനുകൾ ചെയ്തത്. ഈ എക്സിബിഷനിലേക്ക് പ്രവേശിച്ച് മുന്നോട്ടുള്ള യാത്രയിൽ ഇൻസ്റ്റലേഷനുകൾ ഓരോന്നായി വേർപെട്ട് നിൽക്കുന്നില്ല. മറിച്ച് അവ പരസ്പരം അടുത്തതിലേക്ക് കാഴ്ചക്കാരനെ നയിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. സംശയത്തിന്റെ സാമൂഹികവൽക്കരണത്തിൽ നിന്ന് നിയമത്തിന്റെ അക്രമ ഭാഷയിലേക്കും, അവിടെ നിന്ന് മനുഷ്യശരീരത്തിലേക്ക് പതിയുന്ന ഭരണകൂട ഹിംസയിലേക്കുമാണ് ഈ എക്സിബിഷന്റെ സഞ്ചാരം. മീഡിയ നാറേറ്റീവ്സ്, Innocents wall,Chargesheet, തുടങ്ങിയ ഇൻസ്റ്റലേഷനുകൾ War on Terror എങ്ങനെ ഒരു രാഷ്ട്രീയ ആഖ്യാനമായും നിയമപരമായ ഹിംസയായും രൂപപ്പെടുന്നു എന്ന് തുറന്നുകാട്ടുമ്പോൾ, തുടർന്ന് വരുന്ന അണ്ടാസെൽ, കസ്റ്റഡിയിലെ പീഡനങ്ങൾ, വാട്ടർബോർഡിങ്, കാഴ്ചയുടെ രാഷ്ട്രീയം പുനഃക്രമീകരിക്കുന്ന Right Perspective തുടങ്ങിയ ഇൻസ്റ്റലേഷനുകൾ ആ ആഖ്യാനം ഒടുവിൽ മനുഷ്യശരീരത്തിൽ എങ്ങനെയാണ് എഴുതപ്പെടുന്നത് എന്ന അനുഭവത്തിലേക്ക് കാഴ്ചക്കാരനെ പ്രവേശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഈ എക്സിബിഷനിൽ പീഡനം ഒറ്റപ്പെട്ട ദൃശ്യ സംഭവമായി വിവരിക്കുന്നില്ല. മറിച്ച് സംശയത്തിൽ നിന്ന് ആരംഭിച്ച് ശരീരത്തിൽ പ്രവേശിച്ച് പൂർത്തിയാകുന്ന ഒരു രാഷ്ട്രീയ പ്രക്രിയയായിട്ടാണ് അത് ക്രമീകരിച്ചിരിക്കുന്നത്.
ഈ എക്സിബിഷനിലൂടെയുള്ള യാത്രയുടെ ഏറ്റവും ശ്രദ്ധേയമായ അനുഭവങ്ങളിൽ ഒന്നാണ് വൈറ്റ് റൂം. അണ്ടാസെൽ, കസ്റ്റഡിയിലെ ശാരീരിക പീഡനങ്ങൾ, വാട്ടർബോർഡിങ്, ശരീരത്തെ നേരിട്ട് ലക്ഷ്യമിടുന്ന മറ്റ് ഇൻസ്റ്റലേഷനുകൾ എന്നിവ കടന്നുവന്ന ശേഷമാണ് കാഴ്ചക്കാരൻ ഈ മുറിയിലേക്ക് പ്രവേശിക്കുന്നത്. ആ ക്രമീകരണം യാദൃശ്ചികമല്ല. കാരണം വൈറ്റ് റൂം മറ്റൊരു പീഡനരംഗം കാണിക്കുന്നില്ല. പീഡനത്തിന്റെ ചരിത്രത്തിലും സ്വഭാവത്തിലും സംഭവിച്ച മാറ്റത്തെയാണ് അത് നമ്മെ അനുഭവിപ്പിക്കുന്നത്.
വാർ ഓൺ ടെററിനെക്കുറിച്ചുള്ള സമകാലിക വിമർശനങ്ങളിൽ ആവർത്തിച്ച് ഉയരുന്ന ഒരു നിരീക്ഷണമുണ്ട്. ഭീകരതയെ യുക്തിക്ക് പുറത്തുള്ള, അസാധാരണമായ ഒരു ഭീഷണിയായി വ്യവഹരിച്ചപ്പോൾ, അതിനെ നേരിടുന്ന അക്രമവും സാധാരണ നിയമ ധാർമ്മിക നിയന്ത്രണങ്ങൾക്ക് പുറത്തുള്ളതാകണമെന്ന ഒരു പുതിയ അടിച്ചമർത്തൽ യുക്തി രൂപീകരിക്കപ്പെട്ടു. ക്രിട്ടിക്കൽ സെക്യൂരിറ്റി സ്റ്റഡീസിലെ ക്ലാഡിയ അരഡോ (CLAUDIA ARADAU) വിശദീകരിക്കുന്ന എക്സപ്ഷനലിസം (Exceptionalism)എന്ന ആശയവും, ലിസ സ്റ്റാമ്പ്നിറ്റ്സ്കി (Lisa Stampnitzky) വാർ ഓൺ ടെററിന്റെ പശ്ചാത്തലത്തിൽ പീഡനം എങ്ങനെ പൊതു ഇടങ്ങളിൽ ന്യായീകരിക്കപ്പെടുന്ന ഭാഷയായി മാറി എന്ന വിശകലനവും ഈ മാറ്റത്തെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, വൈറ്റ് റൂം ഒരു തടവറയുടെ കേവല ദൃശ്യമല്ല.ആധുനിക ഭരണകൂടം പീഡനത്തെ എങ്ങനെ കൂടുതൽ ശാസ്ത്രീയവും,മനഃശാസ്ത്രപരവുമാക്കി മാറ്റി എന്നതിന്റെ ക്യൂറേറ്റോറിയൽ ആവിഷ്കാരമാണ്. ഈ ഇൻസ്റ്റലേഷൻ Gregor Schneider ന്റെ Weisse Folter (White Torture) എന്ന ഇൻസ്റ്റലേഷനെ ഓർമിപ്പിക്കുന്നുണ്ട്. എന്നാൽ അതിന്റെ ഘടനപരമായ സാമ്യതയിലൂടെയല്ല ഈ ഇൻസ്റ്റലേഷൻ നിലകൊള്ളുന്നത്. കണ്ണ് കൊണ്ട് കാണാൻ കഴിയുന്ന പീഡനത്തെ അക്രമത്തെ ഒഴിവാക്കികൊണ്ട്, വെളിച്ചം, ശൂന്യത, നിശ്ശബ്ദത, വെളുത്ത നിറം എന്നിവയിലൂടെ മാനസിക പീഡനത്തിന്റെ അനുഭവം ആവിഷ്കരിക്കാനാകുമോ എന്ന ക്യൂറേറ്റോറിയൽ അന്വേഷണമാണ് രണ്ട് ഇൻസ്റ്റലേഷനെയും സാമ്യപ്പെടുത്തുന്നത്. ഇവിടെ ആ അന്വേഷണം വാർ ഓൺ ടെററിന്റെയും ഗ്വാണ്ടനാമോയുടെയും ചരിത്രത്തിനുള്ളിൽ പുനഃസ്ഥാപിക്കപ്പെടുകയാണ് ചെയ്യുന്നത്.
ഈ മുറിയിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ പീഡനത്തിന്റെ ചരിത്രം മനുഷ്യശരീരത്തിൽ നിന്ന് മനുഷ്യന്റെ മനസ്സിലേക്കുള്ള ഒരു പരിണാമത്തിന്റെ ചരിത്രം കൂടിയാണെന്നുള്ള ബോധ്യം നമുക്കുണ്ടാകും. അഥവാ എല്ലാ അക്രമങ്ങളും രക്തത്തിന്റെ നിറത്തിലായിരിക്കണമെന്നില്ല. ചിലപ്പോൾ ഏറ്റവും ക്രൂരമായ അക്രമങ്ങൾ പൂർണമായ നിശ്ശബ്ദതയിലും പൂർണമായ വെളുപ്പിലുമാണ് പ്രവർത്തിക്കുന്നത്. ആ അസ്വസ്ഥതയെ ദൃശ്യങ്ങളിലൂടെയല്ല, അനുഭവത്തിലൂടെ കാഴ്ചക്കാരനിലേക്ക് എത്തിക്കാൻ ഈ ഇൻസ്റ്റലേഷന് കഴിഞ്ഞു. അതുകൊണ്ടുതന്നെ, ഈ എക്സിബിഷനിലെ ഏറ്റവും ഗംഭീരമായ മനസ്സിൽ തങ്ങിനിന്ന ക്യൂറേറ്റോറിയൽ മുഹൂർത്തമായി വൈറ്റ് റൂം അനുഭവപ്പെടുകയുണ്ടായി.
അവസാനമായി, ഈ എക്സിബിഷന്റെ ക്യൂറേറ്ററായി പ്രവർത്തിച്ച അബ്ദുള്ള നേമത്തെയും ഈ എക്സിബിഷൻ സാക്ഷാത്കരിച്ച വിദ്യാർത്ഥികളായ ഒരു കൂട്ടം കലാകാരന്മാരെയും പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. അവരുടെ സാമൂഹിക സ്ഥാനം, അനുഭവങ്ങൾ, രാഷ്ട്രീയ ഐക്യദാർഢ്യം, വാർ ഓൺ ടെററിന്റെ ഇരകളോടുള്ള അവരുടെ ധാർമ്മിക പ്രതിബദ്ധത എന്നിവ ഈ എക്സിബിഷന്റെ ഓരോ ഇൻസ്റ്റലേഷനിലും, ഓരോ ഇടവേളയിലും, ഓരോ ക്യൂറേറ്റോറിയൽ തീരുമാനത്തിലും പ്രകടമാണ്. അതുകൊണ്ടുതന്നെ ഇത് ഇൻസ്റ്റലേഷനുകളുടെ ഒരു സമാഹാരം മാത്രമല്ല; രാഷ്ട്രീയമായി ചിന്തിച്ചുറപ്പിച്ച ഒരു ക്യൂറേറ്റോറിയൽ ഇടപെടൽ കൂടിയാണ്.
കേരളത്തിൽ രാഷ്ട്രീയമായ എക്സിബിഷനുകളുടെ ചരിത്രമുണ്ടെങ്കിലും, സമകാലിക ക്യൂറേറ്റോറിയൽ ഭാഷയെ രാഷ്ട്രീയ സ്മരണയുമായും ആഗോള കലാസംഭാഷണങ്ങളുമായും ഇത്രത്തോളം ബോധപൂർവം ബന്ധിപ്പിക്കുന്ന ശ്രമങ്ങൾ ഇപ്പോഴും വിരളമാണ്. ആ അർത്ഥത്തിൽ ഓറഞ്ച് ജമ്പ്സ്യൂട്ട് കേരളത്തിലെ പൊളിറ്റികൾ എക്സിബിഷൻ ക്യൂറേഷനുകളിലെ ഒരു പുതിയ ചുവടുവെപ്പായി വിലയിരുത്തപ്പെടേണ്ടതാണ്.
കലാ ചരിത്രകാരനായ വൈ എസ്. അലോൺ നിരന്തരം ഓർമിപ്പിക്കുന്നതുപോലെ, കലയുടെ ദൗത്യം യാഥാർഥ്യങ്ങളെ അലങ്കരിക്കുന്നതിലല്ല, മറിച്ച് സമൂഹം കാണാതെ പോകുന്നതിനെ ദൃശ്യമാക്കുന്നതിലാണ്.ആ അർത്ഥത്തിൽ ഓറഞ്ച് ജമ്പ്സ്യൂട്ട് ഒരു എക്സിബിഷൻ മാത്രമല്ല; പൊതുസ്മരണയിൽ നിന്ന് പുറന്തള്ളപ്പെട്ട ചരിത്രങ്ങളെയും ശരീരങ്ങളെയും അനുഭവങ്ങളെയും വീണ്ടും കാണാൻ നമ്മെ നിർബന്ധിക്കുന്ന ഒരു പൊളിറ്റിക്കൽ ക്യൂറേറ്റോറിയൽ ഇടപെടലാണ്.







