Campus Alive

അക്‌ബേറിയന്‍ ഫിലോസഫിയും ഇസ്‌ലാമിക ഫെമിനിസ്റ്റ് സംവാദങ്ങളും

നിങ്ങള്‍ക്കെല്ലാവര്‍ക്കും പരിചിതമായ ഒരു കഥയോട് കൂടി തുടങ്ങാനാണ് ഞാനാഗ്രഹിക്കുന്നത്. കഥയിതാണ്: പന്ത്രണ്ടാം നൂറ്റാണ്ടില്‍ അല്‍-അന്തലൂസില്‍ ജീവിച്ചിരുന്ന ഒരു മിസ്റ്റിക്കും ഫിലോസഫറുമായിരുന്നു ഇബ്‌നു അറബി. വളരെ ചെറുപ്പത്തില്‍ തന്നെ മിസ്റ്റിക്കലായ ഒരുപാട് അനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്താണ് ഇബ്‌നു റുഷ്ദ് തന്റെ വീട്ടിലേക്ക് ഇബ്‌നു അറബിയെ ക്ഷണിക്കുന്നത്. യുവാവായ ഇബ്‌നു അറബിയെ സ്വീകരിച്ച് കൊണ്ട് ഇബ്‌നു റുഷ്ദ് ‘അതെ’ എന്ന് മൊഴിഞ്ഞു. മറുപടിയായി ഇബ്‌നു അറബിയും അതേ വാക്കു തന്നെ ഉച്ചരിച്ചു. ഇബ്‌നു റുഷ്ദിനെ സ്തബ്ദനാക്കിക്കൊണ്ട് ഇബ്‌നു അറബി ‘ഇല്ല’ എന്ന് കൂടി പറഞ്ഞു. ഇബ്‌നു റുഷ്ദ് ചോദിച്ചു: നിങ്ങള്‍ക്കെങ്ങനെയാണ് മിസ്റ്റിക്കലായ അനുഭവങ്ങള്‍ ഉണ്ടാകുന്നത്? യുക്തിയിലൂടെ ഞങ്ങള്‍ കണ്ടെത്തുന്ന സത്യങ്ങള്‍ തന്നെയാണോ നിങ്ങള്‍ക്ക് ലഭിക്കുന്നത്? അതിന് മറുപടിയായി അതെ എന്നും ഇല്ല എന്നും മൊഴിയുകയാണ് ഇബ്‌നു അറബി ചെയ്തത്. അതിലടങ്ങിയിരിക്കുന്ന നിഗൂഢമായ അര്‍ത്ഥങ്ങള്‍ മനസ്സിലാക്കിയ ഇബ്‌നു റുഷ്ദ് മൊഴിഞ്ഞു: അല്ലാഹുവല്ലാതെ വേറൊരു അധികാരവുമില്ല ( There is no power but God).

ഇബ്‌നു റുഷ്ദും ഇബ്‌നു അറബിയും തമ്മിലുള്ള ഈ സംവാദം വ്യത്യസ്തങ്ങളായ മുസ്‌ലിം ജ്ഞാനപാരമ്പര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. അതോടൊപ്പം യാഥാര്‍ത്ഥ്യത്തെക്കുറിച്ച വളരെ ആഴമേറിയ നിഗൂഢതയെക്കൂടി അതാവിഷ്‌കരിക്കുന്നുണ്ട്. അഥവാ, ദൈവവും മനുഷ്യനുമടങ്ങിയ നിഗൂഢതയാണത്. ആധുനിക യുക്തിപരതയില്‍ക്കൂടി നമുക്ക് ആ യാഥാര്‍ത്ഥ്യത്തെ വിശദീകരിക്കാനാവില്ല. ഈ പഠനത്തില്‍ ഞാനന്വേഷിക്കുന്നത് എങ്ങനെയാണ് മിസ്റ്റിക്കലായ ജ്ഞാനാന്വേഷണങ്ങള്‍ ജെന്‍ഡറിനെക്കുറിച്ച അധീശമായ അധികാര ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്നത് എന്നാണ്. ഞാന്‍ വാദിക്കുന്നത് ജെന്‍ഡറിനെക്കുറിച്ച സൂഫി സംസാരങ്ങള്‍ അസ്തിത്വപരമായ പല ചോദ്യങ്ങളെയും അഭിമുഖീകരിക്കുന്നുണ്ട് എന്നാണ്. അത് പലപ്പോഴും ജെന്‍ഡറിനെക്കുറിച്ച ഹൈറാര്‍ക്കിക്കലായ നിശ്ചിത ( fixed) കാറ്റഗറികളെ ഡിസ്‌റപ്റ്റ് ചെയ്യുന്നുണ്ട്.

INTIMACY

ഇസ്‌ലാമിലെ ജെന്‍ഡറിനെക്കുറിച്ച അര്‍ത്ഥവത്തായ ഏത് സംവാദങ്ങളും ദൈവവും മനുഷ്യനും തമ്മിലുള്ള തീവ്രമായ ബന്ധത്തെക്കുറിച്ച സംവാദങ്ങള്‍ കൂടിയാണ്. അഥവാ, തിയോളജിയും മതനരവംശശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച സംവാദങ്ങള്‍. ഈ പഠനത്തില്‍ ഞാന്‍ ശ്രദ്ധയൂന്നുന്ന പ്രധാന വിഷയം ഇബ്‌നു അറബിയുടെ നെഗറ്റീവ് തിയോളജി എന്ന വളരെ പ്രധാനപ്പെട്ട ഒരു കണ്‍സപ്റ്റാണ്. അത്പ്രകാരം നിശ്ചിതമായ (Fixed) ജ്ഞാനനിര്‍മ്മിതികള്‍ വിവിധങ്ങളായ സാമൂഹ്യ ഇടങ്ങളില്‍ നിന്നും വരുന്ന വിജ്ഞാനീയങ്ങളെ തടഞ്ഞ് നിര്‍ത്തുന്നുണ്ട്. അതിനാല്‍ തന്നെ fixed ആയ ജ്ഞാനാന്വേഷണങ്ങളില്‍ നിന്നും നാം അകലം പാലിക്കേണ്ടതുണ്ട്. ഒരേ സമയം അതെ എന്നും ഇല്ല എന്നുമുള്ള ഇബ്‌നു അറബിയുടെ പ്രഖ്യാപനം fixed ആയ ജ്ഞാനനിര്‍മ്മിതികളെ വെല്ലുവിളിക്കാനുള്ള തിയോളജിക്കലായ ശ്രമമാണ്.

ഇങ്ങനെ ഒരേ സമയം പറയുകയും പറയാതിരിക്കുകയും ( saying and unsaying) ചെയ്യുക എന്ന ഇബ്‌നു അറബിയുടെ മിസ്റ്റിക്കല്‍ കണ്‍സപ്റ്റിനെ ഉപയോഗിച്ച് സമകാലിക ഫെമിനിസ്റ്റ് സംവാദങ്ങളെ വായിക്കാനുള്ള ശ്രമമാണ് ഇനി ഞാന്‍ നടത്തുന്നത്. അഥവാ, ഇസ്‌ലാമിക മിസ്റ്റിസിസത്തെ മുന്‍നിര്‍ത്തി ഫെമിനിസത്തെ വായിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അതിനായി നമുക്ക് വളരെ പ്രധാനപ്പെട്ട മൂന്ന് ഫെമിനിസ്റ്റ് സൈദ്ധാന്തികരുടെ സംഭാവനകളെ ഇസ്‌ലാമിക മിസ്റ്റിസിസത്തിലൂടെ വിശദീകരിക്കാന്‍ ശ്രമിക്കാം. ആദ്യമായി സമകാലിക ഫെമിനിസ്റ്റ് സൈദ്ധാന്തികയായ ജൂഢിത് ബട്‌ലറെയാണ് ഞാന്‍ വായിക്കുന്നത്. 1990ല്‍ എഴുതപ്പെട്ട അവരുടെ Gender Trouble എന്ന പുസ്തകത്തില്‍ അത്‌വരെയുള്ള ഫെമിനിസ്റ്റ് ചിന്തകളില്‍ അന്തര്‍ലീനമായിരുന്ന ബൈനറി കാറ്റഗറികളെ ബട്‌ലര്‍ വെല്ലുവിളിക്കുന്നുണ്ട്. കൂട്ടത്തില്‍ ജെന്‍ഡര്‍\ ലൈംഗികത, പുരുഷന്‍\സ്ത്രീ, ആണത്വം\സ്ത്രീത്വം, എതിര്‍ലൈംഗികത\സ്വവര്‍ഗലൈംഗികത എന്നിവ തമ്മിലുള്ള ക്ലാസിക്കല്‍ വിഭജനത്തെയും അവര്‍ പൊളിക്കുന്നുണ്ട്. ബട്‌ലര്‍ പറയുന്നത് ഈ കാറ്റഗറികളെല്ലാം നമ്മുടെ തന്നെ സാമൂഹ്യ നിര്‍മ്മാണങ്ങളുടെ ഉല്‍പ്പന്നങ്ങളാണ് എന്നാണ്. അവരെ സംബന്ധിച്ചിടത്തോളം വളരെ എസ്സെന്‍ഷ്യലും പ്രകൃത്യാ ഉള്ളതുമായ ഒരു ജെന്‍ഡര്‍ കാറ്റഗറി യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നില്ല. വളരെ fluid ആയി ജെന്‍ഡറിനെ മനസ്സിലാക്കണമെന്നാണ് അവരാവശ്യപ്പെടുന്നത്. അഥവാ എസ്സെന്‍ഷ്യലായ എല്ലാ ജെന്‍ഡര്‍ വ്യത്യാസങ്ങളെയും മറികടക്കണമെന്നാണ് അവരുടെ വാദം. ഇസ്‌ലാമിക മിസ്റ്റിസിസത്തിന്റെ ലെന്‍സിലൂടെ നോക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ബട്‌ലര്‍ ചെയ്യുന്നത് പറയുകയും പറയാതിരിക്കുകയും ( saying and unsaying) എന്ന അക്‌ബേറിയന്‍ ആക്ടാണ്.

butler
ജൂഢിത് ബട്‌ലര്‍

ഇനി ഞാന്‍ പരിശോധിക്കുന്നത് ലൂസ് ഇറിഗറെ (Luce Irigaray) എന്ന ഫ്രഞ്ച് ഫെമിനിസ്റ്റിന്റെ സൈദ്ധാന്തിക സംഭാവനകളാണ്. ജെന്‍ഡറിനെക്കുറിച്ച് വളരെ വ്യത്യസ്തമായ സമീപനമാണ് അവര്‍ക്കുള്ളത്. fixation സംഭവിക്കാതെ ജെന്‍ഡര്‍ വ്യത്യാസത്തെ അടയാളപ്പെടുത്തുക എന്ന വാദമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. ജെന്‍ഡറിനെക്കുറിച്ച അവരുടെ സമീപനങ്ങളെ നമുക്കിങ്ങനെ വിശദീകരിക്കാം. 1: പാട്രിയാര്‍ക്കല്‍ അധികാരത്തെ നിഷേധിക്കുക എന്നതിനര്‍ത്ഥം ലിംഗവ്യത്യാസങ്ങളെ നിഷേധിക്കുക എന്നതല്ല. മറിച്ച്, വ്യത്യസ്തതയോടെ തന്നെ അവയെ മനസ്സിലാക്കുക എന്നതാണ്. 2: ജെന്‍ഡര്‍ വ്യത്യാസങ്ങളെ അടയാളപ്പെടുത്തുക എന്നതിനര്‍ത്ഥം ഫെമിനിറ്റി\മാസ്‌കുലിനിറ്റി എന്ന എസ്സെന്‍ഷ്യലായ ബൈനറികളെ നിര്‍മ്മിക്കുക എന്നതല്ല. ഇറിഗറെ ഇവിടെ ഒരേസമയം ചെയ്യുന്നത് ലൈംഗിക വ്യത്യാസങ്ങളെ അടയാളപ്പെടുത്തുകയും ഏതെങ്കിലും ഒരു പ്രത്യേക നിമിഷത്തിലേക്കോ യാഥാര്‍ത്ഥ്യത്തിലേക്കോ ഉള്ള അവയുടെ fixation നെ നിഷേധിക്കുകയുമാണ്.

അവസാനമായി നാം പരിശോധിക്കുന്നത് കാഥറിന്‍ കെല്ലറുടെ ഫെമിനിസ്റ്റ് വായനകളെയാണ്. Gender Fixation നെതിരെ Gender Fluidity യെയാണ് അവരും മുന്നോട്ട് വെക്കുന്നത്. ഇബ്‌നു അറബിയുടെ ബര്‍സക്ക് ( in-between) എന്ന മിസ്റ്റിക്കല്‍ കണ്‍സപ്റ്റുമായി അതിനെ ചേര്‍ത്ത് വായിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഈ മൂന്ന് ഫെമിനിസ്റ്റ് സൈദ്ധാന്തികരെ സംബന്ധിച്ചിടത്തോളവും ജെന്‍ഡര്‍ എന്നത് ഒരു കണ്‍സപ്ച്ച്വല്‍ കാറ്റഗറിയായിരിക്കുമ്പോള്‍ തന്നെ വളരെ നിഗൂഢവും നോണ്‍-എസ്സെന്‍ഷ്യലുമാണ്.

irigare
ലൂസ് ഇറിഗറെ

സൂഫി പ്രാക്ടീസിന്റെ ഒരു പ്രധാന കണ്‍സേണ്‍ എന്നത് മനുഷ്യഹൃദയത്തെ ശുദ്ധീകരിക്കുക എന്നതാണ്. മനുഷ്യനില്‍ അന്തര്‍ലീനമായ ദൈവികഗുണങ്ങള്‍ അപ്പോഴാണ് പ്രകാശിക്കപ്പെടുന്നത്. ഇബ്‌നു അറബി അതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അല്‍-ഇന്‍സാനുല്‍ കാമില്‍ എന്ന അവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്നത് ദൈവികഗുണങ്ങള്‍ പ്രകാശിപ്പിക്കുമ്പോള്‍ മാത്രമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള സവിശേഷമായ ബന്ധത്തെക്കുറിച്ച് പറയുന്നിടത്ത് ഇബ്‌നു അറബി അത് വിശദീകരിക്കുന്നുണ്ട്. ദൈവത്തിലേക്കുള്ള യാത്രയില്‍ നമ്മെ തടസ്സപ്പെടുത്തുന്ന മുഴുവന്‍ ആന്തരിക\ബാഹ്യ ദൈവങ്ങളെയും നാം കൈവെടിയേണ്ടതുണ്ട്. അഥവാ, കോപം, അസൂയ, അധികാര മനോഭാവം, ലോകമാന്യത തുടങ്ങിയവയെല്ലാം മനുഷ്യനും ദൈവവും തമ്മിലുള്ള മറയാണ്. അത് നീക്കം ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് മനുഷ്യന് ദൈവദര്‍ശനം സാധ്യമാകുന്നത്. സ്വന്തത്തെ അറിഞ്ഞവന്‍ ദൈവത്തെ അറിഞ്ഞു എന്ന ഹദീസ് വചനത്തെ മുന്‍നിര്‍ത്തിയാണ് ഇബ്‌നു അറബി ഇവിടെ Unveiling നെക്കുറിച്ച് സംസാരിക്കുന്നത്.

നെഗറ്റീവ് തിയോളജിയിലൂടെയുള്ള (saying and unsaying) ദൈവാസ്തിക്യത്തെക്കുറിച്ച ഇബ്‌നു അറബിയുടെ മിസ്റ്റിക്കലായ ആലോചനകള്‍ക്ക് മനുഷ്യസ്വഭാവത്തെക്കുറിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ജെന്‍ഡറിനെക്കുറിച്ചുമുള്ള വളരെ എസ്സെന്‍ഷ്യലായ മനസ്സിലാക്കലുകളെ വൈരുദ്ധ്യാത്മക ( Dielectical) രീതിയിലുള്ള ജ്ഞാനാന്വേഷണങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്. അഥവാ, അതെ എന്നും ഇല്ല എന്നുമുള്ള ഇബ്‌നു അറബിയുടെ പ്രഖ്യാപനം നിശ്ചിതവും നിര്‍വ്വചിക്കപ്പെട്ടതുമായ ജെന്‍ഡര്‍ വ്യവഹാരങ്ങളെയാണ് തകിടം മറിക്കുന്നത് എന്നാണ് ഞാന്‍ വാദിക്കുന്നത്.

 

യാഥാര്‍ത്ഥ്യത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് വിശദീകരിക്കാന്‍ ഇബ്‌നു അറബി ജെന്‍ഡറിനെ ഒരു മെറ്റഫറായി എടുക്കുന്നുണ്ട്. പിതാവ്, മാതാവ്, ആണ്‍, പെണ്‍, ലൈംഗിക ബന്ധം, തുടങ്ങിയ പദങ്ങളെ വ്യത്യസ്തങ്ങളായ ആത്മീയ പ്രതിഭാസങ്ങളെയും ദൈവവുമായുള്ള മനുഷ്യന്റെ ബന്ധങ്ങളെയും കുറിച്ച് വിശദീകരിക്കാന്‍ ഇബ്‌നു അറബി ഉപയോഗിക്കുന്നുണ്ട്. മാസ്‌കുലിനിറ്റി\ഫെമിനിറ്റി എന്ന കണ്‍സപ്റ്റിനെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം സൃഷ്ടിപ്പിനെക്കുറിച്ച് സംസാരിക്കുന്നത്. അഥവാ, മാസ്‌കുലിനിറ്റിയും ഫെമിനിറ്റിയും തമ്മിലുള്ള സവിശേഷവും തീവ്രവുമായ ബന്ധത്തിലൂടെയാണ് സൃഷ്ടിപ്പിന്റെ being ഉം becoming ഉം സാധ്യമാകുന്നത്. ഈ ഫ്രെയിമവര്‍ക്കിലൂടെ ആണ്‍ ( maleness) പ്രതിനിധീകരിക്കുന്നത് പ്രവര്‍ത്തനവും ( activity) പെണ്‍ ( femaleness) പ്രതിനിധീകരിക്കുന്നത് സ്വീകരണവും (Receptivity) അതിലൂടെയുള്ള മാറ്റവുമാണ്. പിതാവും മാതാവും തമ്മിലുള്ള ലൈംഗിക ബന്ധത്തെയും അതില്‍ നിന്നുണ്ടാകുന്ന സന്താനത്തെയും ഇവിടെ ഇബ്‌നു അറബി ഒരു മെറ്റഫറായി സ്വീകരിക്കുന്നുണ്ട്. അഥവാ, ആണ്‍ എന്ന യാഥാര്‍ത്ഥ്യത്തിന്റെ പ്രവര്‍ത്തനത്തെ (Active male reality) പെണ്‍ എന്ന യാഥാര്‍ത്ഥ്യം സ്വീകരിക്കുമ്പോഴാണ് ( Receptive female reality) സൃഷ്ടിപ്പിന്റെ മനോഹരമായ ആവിഷ്‌കാരങ്ങളുണ്ടാകുന്നത്. അപരന്റെ പ്രവര്‍ത്തനങ്ങളെ സ്വീകരിക്കുന്നവരാണ് ഇവിടെ female ആയി മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍ അതേസമയം സത്താപരമായി ( Ontological) ആണിനും പെണ്ണിനും സൃഷ്ടിപ്പിന്റെ പ്രക്രിയയില്‍ തുല്യധര്‍മ്മമാണ് നിര്‍വ്വഹിക്കാനുള്ളത്. അതിനാല്‍ തന്നെ Activity യും Receptivity യും ആപേക്ഷികമാണ്.

keller
കാഥറിന്‍ കെല്ലര്‍

ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം ആണ്‍\പെണ്‍ വിഭജനം അധികാര വിന്യാസത്തെയല്ല പ്രതിനിധീകരിക്കുന്നത്. കാരണം പ്രവര്‍ത്തനവും ( Activity) സ്വീകരണവും ( Receptivity) ഒരേസമയം ആണിലും പെണ്ണിലും നടക്കാറുണ്ട്. അഥവാ, ജൈവിക പുരുഷന്‍ ചിലപ്പോള്‍ receptivity യെയും ജൈവിക സ്ത്രീ activity യെയും പ്രതിനിധീകരിച്ചേക്കാം. ഉദാഹരണത്തിന് ഇബ്‌നു അറബിയുടെ ജീവിതം തന്നെ ധാരാളമാണ്. അദ്ദേഹത്തിന്റെ ആത്മീയ ഗുരുക്കന്‍മാരില്‍ ( spiritual masters) അധിക പേരും സ്ത്രീകളായിരുന്നു. അവരില്‍ നിന്നാണ് ഇബ്‌നു അറബി മതാധ്യാപനങ്ങള്‍ സ്വായത്തമാക്കിയത്. ഇവിടെ ഇബ്‌നു അറബി receptivity എന്ന ആക്ടാണ് നടത്തുന്നത്. ജെന്‍ഡറിനെക്കുറിച്ച കണ്‍വെന്‍ഷണലായ ഫെമിനിസ്റ്റ് ധാരണകള്‍ തന്നെയാണ് ഇവിടെ വെല്ലുവിളിക്കപ്പെടുന്നത്. അതോടൊപ്പം മാസ്‌കുലിന്‍\ഫെമിനിന്‍ എന്ന ഹൈറാര്‍ക്കിക്കലായ അധീശനിര്‍മ്മിതിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

സത്താപരമായി ( Ontologically) എല്ലാ മനുഷ്യരും receptivity എന്ന തലത്തില്‍ നിന്ന് നോക്കുമ്പോള്‍ femaleness നെ പ്രതിനിധീകരിക്കുന്നു എന്ന് ഇബ്‌നു അറബി പറയുന്നുണ്ട്. ഇവിടെ female receptivity യെയും male activity യെയും കുറിച്ച ഇബ്‌നു അറബിയുടെ സങ്കല്‍പ്പങ്ങള്‍ പാട്രിയാര്‍ക്കലായ സാമൂഹ്യഘടനകള്‍ക്ക് പരിക്കേല്‍പ്പിക്കുന്നില്ല എന്ന ഫെമിനിസ്റ്റ് വിമര്‍ശനങ്ങളുടെ മുനയൊടിയുന്നത് femaleness നെക്കുറിച്ച അദ്ദേഹത്തിന്റെ വളരെ റാഡിക്കലായ ഭാവനകള്‍ക്ക് മുമ്പിലാണ്. പറയലും പറയാതിരിക്കലുമെന്ന (saying and unsaying) ഇബ്‌നു അറബിയുടെ ഫിലോസഫിക്കല്‍ കണ്‍സപ്റ്റിന്റെ റാഡിക്കലായ പൊട്ടന്‍ഷ്യലിനെയാണ് ഇത് കാണിക്കുന്നത്. അത്‌കൊണ്ടാണ് ദൈവത്തെക്കുറിച്ചും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സൃഷ്ടിപ്പിനെക്കുറിച്ചുമൊക്കെ വിശദീകരിക്കുമ്പോള്‍ feminine ആയ മെറ്റഫറുകള്‍ അദ്ദേഹം ഉപയോഗിക്കുന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ചാണ് അവ സംസാരിക്കുന്നത്.

ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം ദൈവത്തെ ഏതെങ്കിലും ഒരു പ്രത്യേക സാമൂഹ്യ ഇടത്തേക്ക് ലൊക്കേറ്റ് ചെയ്യുക എന്നത് വളരെ ഗുരുതരമായ ഒരു ആത്മീയ പിഴവാണ്. മാത്രമല്ല, ദൈവത്തിന്റെ പരമാധികാരത്തെ തന്നെ ചോദ്യം ചെയ്യലാണത്. അല്‍-ഇന്‍സാനുല്‍ കാമില്‍ (സമ്പൂര്‍ണ്ണ മനുഷ്യന്‍) എന്ന ഉന്നതമായ ആത്മീയ അവസ്ഥയിലേക്ക് സ്ത്രീക്കും പുരുഷനും ഒരുപോലെ എത്തിച്ചേരാന്‍ സാധിക്കുമെന്ന അക്‌ബേറിയന്‍ പ്രസ്താവന യഥാര്‍ത്ഥത്തില്‍ ദൈവത്തെക്കുറിച്ച അത്തരം fixation- കളെയാണ് അസ്ഥിരപ്പെടുത്തുന്നത്. അഥവാ, വളരെ fixed ആയ ജെന്‍ഡര്‍ കാറ്റഗറികളില്‍ ദൈവത്തെ de-limit ചെയ്യുന്ന പ്രവണതകളെയാണ് ഇബ്‌നു അറബി ചോദ്യം ചെയ്യുന്നത്. ഇവിടെയാണ് പറയുകയും പറയാതിരിക്കുകയും ചെയ്യുക (Negative Theology) എന്ന അദ്ദേഹത്തിന്റെ ഫിലോസഫിക്കല്‍ കണ്‍സപ്റ്റിന്റെ പ്രസക്തി. അഥവാ, വളരെ എസ്സെന്‍ഷ്യലും അധീശവും അറിവധികാരത്താല്‍ നിര്‍വ്വചിക്കപ്പെട്ടതുമായ ജെന്‍ഡര്‍ നിര്‍വ്വചനങ്ങളെ അസ്ഥിരപ്പെടുത്തുന്ന നൈതികമായ സാമൂഹ്യ-രാഷ്ട്രീയ ഭാവനകളെയാണ് അക്‌ബേറിയന്‍ ഫിലോസഫി മുന്നോട്ട് വെക്കുന്നത്. ഇസ്‌ലാമിക ഫെമിനിസ്റ്റ് സംവാദങ്ങളെക്കുറിച്ച പുതിയ വായനകളില്‍ അതിന് നിര്‍ണ്ണായക പങ്കാണ് വഹിക്കാനുള്ളത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

 

 

കേപ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ മതപഠന വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറാണ് സാദിയ ശൈഖ്. ഇസ്‌ലാമിക പഠനങ്ങളും ലിംഗപഠനങ്ങളുമാണ് പ്രധാന ഗവേഷണ മേഖല. Sufi Narratives of Intimacy: Ibn Arabi, Gender and Sexuality എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്.

തയ്യാറാക്കിയത്: ടി.പി സുമയ്യബീവി

സാദിയ ശൈഖ്