Campus Alive

ദാഇറത്തുല്‍ മആരിഫ് കൈയെഴുത്തുപ്രതികളെ വര്‍ത്തമാനത്തിലേക്ക് ബൈന്റിടുമ്പോള്‍

മുസ്‌ലിം സംസ്‌കൃതിയുടെ തനിമയില്‍ പടുത്തുയര്‍ത്തിയ ഓള്‍ഡ്‌സിറ്റിയുടെ തെരുവോരങ്ങളില്‍ നൈസാമുമാര്‍ ബാക്കിവെച്ച ശേഷിപ്പിന്റെ നിര്‍വൃതിയില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന മഞ്ഞ ഖമീസണിഞ്ഞ ബില്‍ഡിങ്ങുകള്‍, തൊപ്പിയും തലപ്പാവുമിട്ട പ്രതാപത്തിന്റെ അത്തര്‍പുരട്ടിയ പുതിയകാലത്തിലേക്ക് സുഗന്ധം
പരത്തിക്കൊണ്ടേയിരിക്കുന്നു. ഭൂതത്തിലെ ഇസ്‌ലാമിക പ്രതാപത്തിന്റെ കൊയ്ത്തുകാലം കഴിഞ്ഞ് തരിശായി തുടങ്ങിയ ഈ പ്രദേശത്തെ മണ്‍തരികളില്‍ കഥപറയുന്ന മിനാരങ്ങളും, സംസ്‌കൃതിയുടെ മഷി മണക്കുന്ന കിതാബുകളും, ഖവ്വാലിയുടെ സിംഫണികള്‍കൊണ്ട് സ്ഫുടം ചെയ്ത ദര്‍ഗകളും, ഹലീമിന്റെയും ഹൈദരാബാദ് ദമ്മ്ബിരിയാണിയുടെയും ദമ്മില്‍ പുളകിതരാകുന്ന ഹൈദരാബാദികളും മറ്റു മുസ്‌ലിം നഗരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥരാണ്‌.

sa

ഇവിടെ മുസ്‌ലിം പൈതൃകം പൂത്തുലഞ്ഞ സുവര്‍ണകാലത്തില്‍ മുസ്‌ലിം ധിഷണശാലികളായ വാന്‍ഗോക്കുമാര്‍ വരച്ചിട്ട കാന്‍വാസുകളെ പൊടിതട്ടി വര്‍ത്തമാനത്തിലേക്ക് ഇറക്കിക്കൊണ്ടുവരുകയെന്ന ചരിത്രപരമായ ദൗത്യമാണ് ദാഇറത്തുല്‍ മആരിഫ് നിര്‍വഹിച്ച് കൊണ്ടിരിക്കുന്നത്. കൈയെഴുത്ത് പ്രതികള്‍ ലോക്കറില്‍ അടച്ചുപൂട്ടി ശേഖരിക്കുന്ന ഒരു നിധി സൂക്ഷിപ്പുകേന്ദ്രമല്ല ദാഇറ. അറബി ഭാഷയിലെ ലഭ്യമായ കൈയെഴുത്തു ശേഖരങ്ങളെ സൂക്ഷ്മപഠനങ്ങള്‍ക്കു ശേഷം ഉപയോഗയോഗ്യമായ രീതിയില്‍ സമൂഹത്തിന് സമര്‍പ്പിക്കുക എ ദൗത്യമാണ് ദാഇറ നൂറ്റാണ്ടുകളായി നിര്‍വ്വഹിച്ച് പോരുന്നത്.

മുസ്‌ലിംകള്‍ നവോത്ഥാനത്തിന്റെ ഉത്തുംഗതയില്‍ വീണമീട്ടിയിരുന്നൊരു കാലമുണ്ടായിരുന്നു. അക്കാലത്ത് വിജ്ഞാനത്തിന്റെ സകലമേഖലകളും കയ്യടക്കിയിരുന്നത് മുസ്‌ലിം പണ്ഡിതമഹത്തുക്കളായിരുന്നു. പുസ്തകസ്‌നേഹികളായിരുന്ന അവര്‍ ഗ്രന്ഥ ശേഖരങ്ങള്‍ക്ക് വേണ്ടി സര്‍വ്വം ത്യജിച്ചു. അബ്ബാസിഭരണാധികാരിയായിരുന്ന ഹാറൂണ്‍ റഷീദിന്റെ കാലത്ത് റോമക്കാരുമായുള്ള യൂദ്ധവേളയില്‍ മുസ്‌ലിം പടയാളികള്‍ സന്ധിയിലേര്‍പ്പെട്ടപ്പോള്‍ ഹാറുണ്‍ റഷീദ് വ്യവസ്ഥയില്‍ ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചത് തങ്ങളുടെ കൈവശമുള്ള ഗ്രന്ഥശേഖരങ്ങള്‍ കൈമാറാനായിരുന്നു. ഭൂതവും വര്‍ത്തമാനവും ഭാവിയും ഒരേ ചരടില്‍ കെട്ടിപിടിച്ച് കിടന്നിരുന്ന ഇത്തരം കിതാബുകളോടുള്ള അടങ്ങാത്ത മുഹബ്ബത്തായിരുന്നു റഷീദിനെ ഇത്തരമൊരു തീരുമാനത്തിലേക്കാനയിച്ചത്. ഗ്രന്ഥശേഖരങ്ങളുടെ പോരിശകള്‍കൊണ്ട് മൗലൂദുകള്‍ തീര്‍ത്ത ബൈത്തുല്‍ ഹിക്മയും, മുസ്തന്‍സരിയ്യ ലൈബ്രറിയും ദാറുല്‍ ഹിക്മയും അലക്‌സാന്‍ഡ്രിയന്‍ ലൈബ്രറിയും മുസ്‌ലിം ധിഷണശാലികള്‍ക്ക് വേണ്ടി രാപ്പകല്‍ഭേദമന്യേ ഉറക്കമൊഴിച്ച് കിടന്നു. അന്ന് നവേത്ഥാനത്തിന്റെ സപ്തവര്‍ണ്ണം തീര്‍ത്ത ആ സ്വര്‍ഗഭൂമിയിലെ ഹൂറിലീങ്ങളായിരുന്നു പിന്നീട് അറിവിന്റെ അക്ഷയഖനികള്‍ ലോകത്തിന്റെ അഷ്ടദിക്കുകളിലേക്കെത്തിച്ചത്.

new

ഗ്രന്ഥ രചന, ശേഖരണം,ലൈബ്രറി നിര്‍മ്മാണം തുടങ്ങിയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിം ഭരണാധികാരികള്‍ കാണിച്ച ഉത്സാഹവും പ്രവര്‍ത്തനങ്ങളും നിസ്തുലമായിരുന്നു. രചന, മുദ്രണം, സൂക്ഷിപ്പ്, വിതരണം എന്നിവക്ക് ആധുനിക യന്ത്രസൗകര്യങ്ങളില്ലാത്ത കാലത്ത് അവര്‍ കാണിച്ച ത്യാഗത്തിന്റെ കഥകള്‍ അല്‍മക്തബാത്തു ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. താര്‍ത്താരികള്‍ മുസ്‌ലിം പണ്ഡിതന്മാരെയും മതനേതാക്കളെയും തെരഞ്ഞുപിടിച്ചു പീഢനങ്ങള്‍ക്കിരയാക്കിയ കാലത്ത് മുസ്‌ലിം ഗ്രന്ഥശാലകളെയും അമൂല്യമായ ഗ്രന്ഥശേഖരങ്ങളെയും അവര്‍ പുച്ഛത്തോടെ നശിപ്പിച്ചു. എത്രത്തോളമെന്ന് വെച്ചാല്‍ ട്രൈഗ്രീസിന്റെ കരയിലെത്തിയ താര്‍ത്താരിപ്പടക്ക് അക്കരപറ്റാന്‍ അവര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം മുസ്‌ലിംകളുടെ ഗ്രന്ഥാലയങ്ങളില്‍ നിന്ന് ഗ്രന്ഥങ്ങള്‍ കൊണ്ടുവന്ന് നദിയില്‍ അട്ടിയിട്ട് അതിന്മേല്‍കൂടി കുതിരയോടിച്ചു പോവുകയെന്നതായിരുന്നു. യുഫ്രട്ടീസ് നദിയുടെ അക്കരപ്പറ്റാന്‍ മാത്രം ഗ്രന്ഥശേഖരങ്ങള്‍ അവരുടെ കരങ്ങളില്‍ സ്വന്തമായിരുന്നു. നീണ്ടവര്‍ഷക്കാലം മുസ്‌ലിം പണ്ഡിതന്മാരും ധിഷണശാലികളും നിരന്തരമായി നടത്തിയ പ്രയത്‌നങ്ങളായിരുന്നു യൂഫ്രട്ടീസ് നദിയില്‍ കാലങ്ങളോളം കലങ്ങി നശിച്ചത്. ഇത്രത്തോളം പുസ്തശേഖരങ്ങള്‍ അക്കാലത്ത് മുസ്‌ലിം പണ്ഡിതന്മാര്‍ സൂക്ഷിച്ചിട്ടുള്ളതായി ചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുതാണ്. ഈ ഒരു നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരായിരുന്നു ഹൈദരാബാദിലെ പണ്ഡിതമഹത്തുക്കള്‍. ഇന്നത്തെ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടന്നിരുന്ന നൈസാമുമാരുടെ ഹൈദരാബാദ് അറിവിനും വിജ്ഞാനത്തിനും അളവറ്റ പോത്സാഹനം നല്‍കി. ഈ പോത്സാഹനത്തിന്റെ ഫലമായി് ഹൈദരാബാദില്‍ ഒരുപാട് ഗ്രന്ഥാലയങ്ങള്‍ ഉയര്‍ന്നു പൊങ്ങി. ആ ഗ്രന്ഥാലയങ്ങളെല്ലാം കൈയെഴുത്തു കൃതികള്‍ സൂക്ഷിച്ച് വെക്കുന്നതിന് പ്രത്യേക പരിഗണനകള്‍ സജ്ജീകരിച്ചു. സാലാര്‍ജംഗ് മ്യൂസിയം, താര്‍നാകാ ഗവണ്‍മെന്റ് ഈസ്റ്റ് ലൈബ്രറി, സഈദിയ്യാ ലൈബ്രറി, ഉസ്മാനിയ്യാ യുനിവേഴ്‌സിറ്റി ലൈബ്രറി, നിസാമിയ്യാ ലൈബ്രറി തുടങ്ങിയവ ഇതില്‍പ്പെടും.

ഇവിടെ ഹൈദരാബാദ് പടുത്തുയര്‍ത്തിയ നവോത്ഥാന വസന്തത്തിന് തിരികൊളുത്തിയിരുന്നത് ദാഇറത്തുല്‍ മആരിഫിന്റെ ശില്‍പ്പികളായിരുന്നു.1888 ല്‍ അന്നത്തെ ഹൈദരാബാദ് നൈസാമായിരുന്ന ആസിഫ്ജാഹി ഭരണകൂടത്തിലെ ആറാമന്‍ നവാബ് മീര്‍ മഹ്ബൂബ് അലിഖാനാണ് ദാഇറത്തുല്‍ മആരിഫ് സ്ഥാപിക്കുന്നത്. സയ്യിദ് ഹുസൈന്‍ ബല്‍ഗ്രാമി, മുല്ലാ അബ്ദുല്‍ ഖയ്യൂം, ജാമിഅ നിസാമിയ്യാ സ്ഥാപകന്‍ അന്‍വറുല്ലാഖാന്‍ തുടങ്ങിയ മഹത്തുക്കളുടെ ഇഖ്‌ലാസിനാല്‍ മകുടം ചാര്‍ത്തിയ കര്‍മ്മങ്ങളും ദാഇറത്തിന്റെ പ്രൗഢി നിലനിര്‍ത്തുതില്‍ വളരെയധികം സ്വാധീനിച്ചു. നൈസാം ആറാമനു ശേഷം അധികാരമേറ്റ മീര്‍ ഉസ്മാന്‍ അലിഖാന്‍ ദാഇറത്തിന്റെ പുരോഗതിക്ക് വേണ്ടി ധാരാളം ധനം വഖ്ഫ് ചെയ്തു. മാത്രമല്ല ദാഇറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ഗ്രന്ഥങ്ങള്‍ പഠനവിധേയമാക്കി പ്രസിദ്ധീകരണയോഗ്യമാക്കുന്നതിനും അറബ് പണ്ഡിതന്മാരെ വരെ അദ്ദേഹം ചുമതലപ്പെടുത്തി. യമന്‍ പണ്ഡിതന്‍ അബ്ദുറഹ്മാന്‍ അല്‍ മുഅല്ലിമി, സാലിം ഖത്താബ് തുടങ്ങിയവരുടെ സേവനങ്ങള്‍ ദാഇറത്തിന്റെ ചരിത്രത്തില്‍ ഇന്നും ചിതലരിക്കാതെ ബൈന്റിട്ട കിതാബിനെപ്പോലെ പുഞ്ചിരിതൂകി നില്‍ക്കുന്നു.

ഈ കര്‍മ്മനിരതരായ പണ്ഡിത മഹത്തുകളുടെ ആത്മാര്‍ത്ഥനിര്‍ഭരമായ ശ്രമഫലമെന്നോണം ദാഇറത്തിന്റെ പോരിശകള്‍ ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചു. വിശ്വപ്രസിദ്ധ പണ്ഡിതനായിരുന്ന ഡോ. ഹമീദുല്ലയുടെ നേതൃത്വത്തില്‍ ജര്‍മനി, തുര്‍ക്കി തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിന്ന് കൈയെഴുത്ത് ഗ്രന്ഥങ്ങള്‍ ദാഇറത്തില്‍ എത്തിച്ച് ഗ്രന്ഥങ്ങളെ മുഴുവനും തഹ്ഖീഖ് ചെയ്ത് നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി തെളിച്ചം മാഗസിന്‍ നടത്തിയ അഭിമുഖത്തില്‍ ദാഇറത്തുല്‍ മആരിഫ് ഡയറക്ടര്‍ മുസ്ത്വഫാ ശരീഫ് പറയുകയുണ്ടായി. മാത്രമല്ല ലണ്ടനിലെ ഇന്ത്യന്‍ ഓഫീസ് ലൈബ്രറിയില്‍ നിന്നും നിരവധി അമൂല്യശേഖരങ്ങള്‍ കണ്ടെത്താനായതും ദാഇറത്തിന്റെ ചരിത്രത്തിലെ പുതിയൊരു ആദ്ധ്യായമായിരുന്നു.

മുസ്‌ലിം സംസ്‌കൃതിയുടെ എട്ടാം നൂറ്റാണ്ടിലെ വിജ്ഞാനങ്ങളുടെ തിരുശേഷിപ്പുകളെയാണ് ദാഇറ മുന്നോട്ട് വെക്കുന്നത്. ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ക്ലാസിക്കല്‍ പിരീഡായി കണക്കാക്കപ്പെട്ട ഇക്കാലത്തിലെ അമൂല്യങ്ങളായ കൃതികളെ ദാഇറത്തിലെത്തിച്ച് തഹ്ഖീഖ് ചെയ്യുകയും അവയെ പുതിയ രൂപത്തിലും ഭാവത്തിലും പ്രിന്റ് ചെയ്ത് പൊതു ലൈബ്രറിയിലേക്കെത്തിക്കുക എന്നത് ദാഇറ ഇന്നും ചെയ്തുപോരുന്ന സല്‍കര്‍മ്മമാണ്. ഇന്ത്യയുടെയും ലോകത്തിന്റെയും നാനാഭാഗങ്ങളില്‍ കഫന്‍പുടവ ധരിച്ച് മരണത്തെ കാതോര്‍ത്ത് കിടക്കുന്ന ഹദീസ് ഗ്രന്ഥങ്ങളെയും ഹനഫീകര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെയും കുളിപ്പിച്ച് പുതുജന്മം നല്‍കുന്ന പ്രക്രിയയും ദാഇറ നടത്തിപ്പോരുന്നു.

tam014_0006bt

ഇതുവരെയായി ഇരുനൂറ്റി അന്‍പതിലേറെ കൈയെഴുത്തു കൃതികള്‍ അഥവാ ഏകദേശം 800 ല്‍ പരം വാല്യങ്ങള്‍ ദാഇറത്തിനു കീഴില്‍ സംശോധന നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ മുഹദ്ദിസായിരുന്ന ശൈഖ് അലി അല്‍മുത്തഖി രചിച്ച കന്‍സുല്‍ ഉമ്മാലാണ് ദാഇറത്തിനു കീഴില്‍ തഹ്ഖീഖ് നടത്തി പ്രസിദ്ധീകരിച്ച ആദ്യഗ്രന്ഥം. ശൈഖ് അന്‍വറുല്ലാ ഫാറൂഖി മക്കയില്‍ താമസിച്ച് സ്വയം പകര്‍ത്തിയെടുത്ത് കൊണ്ടുവന്നു എന്നത് ഈ കൃതിയുടെ സവിശേഷതയാണ്. മാത്രമല്ല ഇരുപത്തിനാല് വാല്യങ്ങളടങ്ങിയ അബൂബക്കര്‍ റാസിയുടെ അല്‍ഹാവി ഫിത്ത്വിബ്ബ് എന്ന ഗ്രന്ഥവും ഇതില്‍പ്പെടുന്നു.

ദാഇറ കണ്ടെടുത്ത കൈഴുത്തപ്രതികളുടെ ഭൂരിഭാഗ എഴുത്തുകാരും അറബി- പേര്‍ഷ്യന്‍-ഇന്ത്യന്‍ വംശജരായിരുന്നു. ഷാ വലിയുള്ളാ ദഹ്‌ലവി, അലി മുത്തഖി അല്‍ഹിന്ദി, മുല്ലാ ഹുസൈന്‍ ഇസ്‌ക്കന്ദര്‍ തുടങ്ങിയ പ്രമുഖര്‍ അവരില്‍പ്പെടും. ഫിഖ്ഹ്, ഹദീസ്, തഫ്‌സീര്, തത്വശാസ്ത്രം, ചരിത്രഗ്രന്ഥങ്ങള്‍ തുടങ്ങിയ വിവിധമേഖലകളിലുള്ള അനേകം കിതാബുകള്‍ കണ്ടെടുക്കുകയും സമൂഹത്തിന്റെ നാനോന്മുഖ സമ്പുര്‍ണ്ണ ജീവിത പദ്ധതിക്കായ് അവകളെ സമൂഹസമക്ഷം ഹാജറാക്കാനും അവര്‍ മുന്നോട്ടുവന്നു.

മൗലാനാ മുഹമ്മദ് ഇമ്രാന്‍ അസ്മി ഉമരി തങ്ങളുടെ നേതൃത്തില്‍ എഡിറ്റിംഗ് പൂര്ത്തിയാക്കിയ പ്രശസ്ത ഗ്രന്ഥമാണ് നള്മുദുററ്. റിബാത്തിലെ പബ്ലിക്ക് ലൈബ്രറിയില്‍ നിന്ന് കണ്ടെടുത്ത ഈ കിതാബിന്റെ കൈയെഴുത്ത് പ്രതിയുടെ എഡിറ്റിംഗ് പൂര്‍ത്തികരണത്തിന് മദീന, ഡമസ്‌കസ്, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് നള്മുദുററിന്റെ കൈയെഴുത്ത് കോപ്പികള്‍ എത്തിക്കുകയും വര്‍ഷങ്ങളെടുത്ത് ഇരുപത്തിരണ്ട് വാള്യമായി അത് പുറം ലോകത്തേക്കെത്തിക്കുകയും ചെയ്തു. നബിതങ്ങളുടെ ദൈനംദിന ജീവിതചര്യയെ വരച്ച് കാണിക്കു ഇബ്‌നു സുന്നി രചിച്ച അമലുല്‍ യൗമി വല്‍ ലൈല, മുത്വഖീ അല്‍ഹിന്ദിയുടെ കന്‍സുല്‍ ഉമ്മാല്‍, ഇബ്‌നുഹജറുല്‍ അസ്‌കലാനി തങ്ങളുടെ നുസ്ഹത്തുല്‍ അല്‍ബാബ് ഫില്‍ അല്‍ഖാബ്, അല്‍ദുററുല്‍കാമിന, ഇന്‍ബാഉല്‍ ഉമര്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതികള്‍ കണ്ടെടുക്കുകയും അവ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് കയറ്റുമതിചെയ്യുകയും റിസേര്‍ച്ച് ചെയ്യുവര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ ക്രമീകരിക്കുകയും ചെയ്തു.

ചുരുക്കത്തില്‍ ദൈനംദിനം വളര്‍ന്നു വരുന്ന വാണിജ്യടൂറിസവും ഹൈടെക് സിറ്റിയും പുതിയ ഹൈദരാബാദിനെ പുരാതന തനിമയില്‍ നിന്ന് അടര്‍ത്തിയെടുത്ത് ആധുനികതയുടെ കോട്ടും സ്യൂട്ടും ധരിപ്പിച്ച് പുതിയ ചരിത്രം കെട്ടിപ്പടുക്കാനുള്ള രാഷ്ടീയ ശ്രമത്തിന്റെ നെട്ടോട്ടത്തില്‍, ഇസ്‌ലാമിക പൈതൃകത്തിന്റെ ശേഷിപ്പുകളായ ഈ ഗ്രന്ഥങ്ങളെയും അവകളന്തിയുറങ്ങുന്ന ഈ സ്വര്‍ഗഭൂമിയെയും നരകതുല്യമായ ശിക്ഷയിലേക്കാനയിക്കുന്ന വേദനാജനകമായ വിവരങ്ങളാണ് ദാഇറത്തുല്‍ മആരിഫിന്റെ നടത്തിപ്പുകാരില്‍ നിന്ന് അറിയാന്‍ സാധിച്ചത്. മാത്രമല്ല മുസ്‌ലിം പ്രതാപത്തിന്റെ തിരുശേഷിപ്പുകളായ ചാര്‍മിനാറിനെയും ഗോല്‍കൊണ്ട ഫോര്‍ട്ടിനെയും ഹുസൈന്‍സാഗറിനെയും ഹിന്ദുരാഷ്ട്രവാദികളുടെ തറവാട് സ്വത്തായി പരിഗണിക്കാനുള്ള ശ്രമങ്ങള്‍ ഹൈദരബാദിലെ പുതിയ രാഷ്ടീയസാഹചര്യത്തില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഈ ഒരു ശ്രമത്തിന്റെ ഭാഗമായി, കിതാബുകള്‍ തഹ്ഖീഖ് ചെയ്യുന്ന ഗ്രന്ഥപുരകളോട് നീതി പുലര്‍ത്താത്തതിനാല്‍ പുതിയ സൗകര്യങ്ങള്‍ സ്വപ്‌നം കാണാനാകാതെ ദാഇറ പ്രയാണം തുടരുന്നു.

ഫാസില്‍ ഫിറോസ്