Campus Alive

കലയും ആത്മീയതയും: ഇസ്‌ലാമിക സൗന്ദര്യശാസ്ത്ര ഭാവനകളെക്കുറിച്ച്

സൂഫീ എഴുത്തുകളും സൗന്ദര്യശാസ്ത്രവും മനസിലാക്കുക എന്നത് ഇസ്‌ലാമിക കലയെക്കുറിച്ചുള്ള ഏതൊരു പഠനത്തിനും അത്യന്താപേക്ഷിതമാണ്. അനുഷ്ഠാനങ്ങളിലും മറ്റും വ്യാപകമായി ലയിച്ചതു മാത്രമല്ല, അവരുടെ എഴുത്തുകളും ഇസ്‌ലാമിക ലോകത്തെ കലയുടെ സാന്നിദ്ധ്യം തിരിച്ചറിയാനുള്ള മൂല്യവത്തായ ഉപാദാനങ്ങളായിരുന്നു. ”അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു” എന്ന പ്രവാചക വചനം നിരന്തരം ഉദ്ധരിക്കാന്‍ സൂഫികള്‍ ഇഷ്ടപ്പെട്ടിരുന്നു. സൂഫീ ആലോചനകളില്‍ സൗന്ദര്യം ഒരു പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു. ഇമാം ഗസ്സാലി തന്റെ പുസ്തകങ്ങളിലൊന്നില്‍ ഒരു ചൈനീസ് പെയിന്റര്‍ക്കും ഗ്രീക്ക് പെയിന്റര്‍ക്കുമിടയിലെ ഒരു മത്സരത്തിന്റെ കഥയെക്കുറിച്ചെഴുതുന്നുണ്ട്. ചൈനീസ് കലാകാരന്‍ ഒരു ചുമരില്‍ വിശദവും യഥാതഥവുമായ ഒരു സുന്ദരരംഗം പകര്‍ത്തിയപ്പോള്‍ ഗ്രീക്ക് കലാകാരന്‍ അദ്ദേഹത്തിന്റെ ചുമര്‍ വെറുതെ മിനുക്കുക മാത്രമായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ ആ ചുമരില്‍ ചൈനീസ് കലാകാരന്റെ രംഗസൗന്ദര്യം കൂടുതല്‍ മിഴിവോടെ പ്രതിഫലിച്ചു. ഇത് ഗസ്സാലിയെ സംബന്ധിച്ചിടത്തോളം ആത്മശുദ്ധീകരണത്തിനുള്ള സൂഫീ ശ്രമങ്ങളുടെ ദൃഷ്ടാന്തമായിരുന്നു. അങ്ങനെ അദ്ദേഹം ദൈവിക വെളിച്ചത്തിന്റെ ഒരു കണ്ണാടി ആയി മാറി.

art

ഇമാം ഗസ്സാലിയുടെ കിമിയാഉസ്സആദത് (The alchemy of happiness) എന്ന 1106 ല്‍ എഴുതപ്പെട്ട ഗ്രന്ഥം സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. മനുഷ്യന്‍ സുന്ദരമായ വസ്തുക്കളില്‍ പൂര്‍ണത ഇഷ്ടപ്പെടുന്നു. കാരണം, അവന്‍ സ്വയം പരിപൂര്‍ണനാവാന്‍ ആഗ്രഹിക്കുന്നു. സൗന്ദര്യം എന്നത് പൂര്‍ണമായും ബാഹ്യമായ ഒരു കാര്യമല്ല. ഗസ്സാലി കലാസൗന്ദര്യത്തെ ആന്തരിക സൗന്ദര്യത്തിന്റെ പ്രതിഫലനമായി കാണുന്നു. ഈ ആഭ്യന്തര സൗന്ദര്യം ദര്‍ശിക്കാനായി ഒരാള്‍ തന്റെ ഹൃദയത്തിന്റെ മിഴിയെ കൂടുതല്‍ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. ‘ബാഹ്യസൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളാല്‍ ഒരു ഭിത്തിയിലെ സുന്ദര പെയിന്റിംഗ് ഇഷ്ടപ്പെടുന്ന ഒരാളും ആന്തരിക സൗന്ദര്യത്തിന്റെ മാനദണ്ഡത്താല്‍ പ്രവാചകന്‍ മുഹമ്മദിനെ(സ) ഇഷടപ്പെടുന്നയാളും തമ്മില്‍ വ്യാപക വ്യത്യാസമുണ്ട്. ‘കലാകാരന്റെ ആന്തരിക സൗന്ദര്യം അവ ഉല്‍പാദിപ്പിക്കുന്ന കലാരൂപങ്ങളുടെ ബാഹ്യസൗന്ദര്യത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നു. അനറ്റോളിയയില്‍ അന്തിമജീവിതം നയിച്ച ജലാലുദ്ധീന്‍ റൂമി കവിതയെയും ഗദ്യകഥകളെയും ആദ്ധ്യാത്മിക സന്ദേശം പരത്താനുപയോഗിച്ചിരുന്ന വിശ്രുതനായ ആത്മീയ ഗുരുവും പ്രമുഖ എഴുത്തുകാരനുമായിരുന്നു. മസ്‌നവി എന്ന അദ്ദേഹത്തിന്റെ 27000 വരികള്‍ വരുന്ന കൃതി കഥകളിലൂടെയും ഉദാഹരണങ്ങളിലുടെയും മറ്റും സൂഫീ തത്വങ്ങള്‍ വിശദീകരിക്കുന്ന പ്രമുഖമായ ഒന്നാണ്. അതില്‍ കലയും സര്‍ഗ്ഗാത്മകതയും പലപ്പോഴും രൂപകങ്ങളായും അലങ്കാരങ്ങളായും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. ഹമ്മാം അഥവാ, കുളിപ്പുര അദ്ദേഹത്തിന്റെ രൂപകങ്ങളിലൊന്നായിരുന്നു. അതിലാകട്ടെ, സാധാരണഗതിയില്‍ ചുമര്‍ചിത്രങ്ങളുണ്ടായിരുന്നു. പക്ഷെ, കുളിപ്പുരയിലെ തീച്ചൂളക്ക് ആ ചുമര്‍ച്ചിത്രങ്ങള്‍ക്ക് ഒരു ജീവനും നല്‍കാന്‍ കഴിഞ്ഞില്ല.

product_thumbnail

ഇസ്‌ലാമിക കാല്‍പനികത ചിലപ്പോഴൊക്കെ സൂഫിസത്തിന്റെ ഒരാത്മീയ ശോഭ കാണിക്കാറുണ്ട്. അതവരുടെ അലങ്കാര ബിംബങ്ങളിലേക്ക് ശ്രദ്ധേയമായ ഒരു ഉള്‍ക്കാഴ്ച പകരുന്നുണ്ട്. പോടിഫറിന്റെ ഭാര്യ സുലേഖക്ക് ബൈബിളിലെ ജോസഫിനോടുണ്ടായിരുന്ന പ്രണയം അനേകം എഴുത്തുകാരാല്‍ ആഘോഷിക്കപ്പെട്ട ഒന്നാണ്. പേര്‍ഷ്യന്‍ കവി ജാമി അതിലൊരാളാണ്. ജോസഫിനെ വശീകരിക്കാനുള്ള വിഫലമായ ശ്രമത്തിനായി, അവര്‍ തന്റെയും ജോസഫിന്റെയും കാമോദ്ദീപകമായ ചിത്രങ്ങളാല്‍ തന്റെ മുറി അലങ്കരിച്ചിരുന്നു. പ്രാഥമികമായി ആസക്തിയെ സംബന്ധിച്ചാണെങ്കിലും ഈ കഥ വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടത് ദൈവികമായ സൗന്ദര്യത്തിനായുള്ള ആത്മാവിന്റെ നിരന്തരാന്വേഷണങ്ങളെ സംബന്ധിച്ച അന്യാപദേശ കഥയായാണ്. അദ്ധ്യാത്മിക സങ്കല്‍പങ്ങള്‍ ഗ്രന്ഥകര്‍ത്താവ് തന്റെ കൃതിയില്‍ ഉദ്ദേശിച്ചിട്ടില്ലെങ്കിലും അത് സൂഫീ പണ്ഡിതന്‍മാരാല്‍ വായിച്ചെടുക്കപ്പെട്ടിരുന്നു. റൂമി കലീലാ വ ദിംനാ എന്ന ജന്തു കഥയെ സൂഫീ അന്തരാര്‍ത്ഥകഥയായാണ് വായിച്ചെടുക്കുന്നത്. ഫിര്‍ദൗസിയുടെ ഷാഹ്നാമയില്‍ നിന്നുള്ള ആലേഖനം വഹിക്കുന്ന പള്ളിയുടെ മേല്‍ചുമരുകള്‍ ആ പദ്യത്തിന്റെ ആത്മീയ വായനാസാധ്യതയെ സൂചിപ്പിക്കുന്നുണ്ട്. റുസ്തം എന്ന നായകന്റെ ചിത്രം പ്രാരംഭവായനക്കാരുടെ കണ്ണിലൂടെ കാണുമ്പോള്‍ ഒരു വീരനായകന്‍ അല്ലെങ്കില്‍ കരുത്തന്‍ എന്നതിനപ്പുറമുള്ള ചില കാര്യങ്ങളാണ് പ്രതിഫലിപ്പിക്കുക. ഷാഹ്നാമയില്‍ ചിത്രീകരിച്ചിട്ടുള്ള അലക്‌സാണ്ടറുടെ മഹത്തായ പര്യവേക്ഷണം വായിക്കപ്പെട്ടത് ദൈവത്തിലേക്കുള്ള അദ്ധ്യാത്മിക യാത്ര ആയാണ്. ഇത്തരം ഗ്രന്ഥങ്ങളോടുള്ള സൂഫീ വായനകള്‍ സാധാരണമാണെങ്കില്‍ അതിന് കാരണം, അധികം വായനക്കാരും ഗ്രന്ഥത്തിലെ ചിത്രീകരണങ്ങള്‍ ഹീനമായി കാണാന്‍ ശ്രമിക്കാത്തതു കൊണ്ടാകും. ഒരു മിനിയേച്ചര്‍ ചിത്രത്തിലെ അതിസൂക്ഷ്മമായ ഘടകങ്ങള്‍ പോലും അദ്ധ്യാത്മിക തലങ്ങളില്‍ ആവിഷ്‌കരിക്കപ്പെട്ടതാവാം. ഒരു കൂട്ടിലെ പക്ഷി ലോകത്ത് അടഞ്ഞുപോയ ആത്മാവിനെ സൂചിപ്പിക്കുന്ന പ്രതീകമാകാം. ചുരുണ്ട മുടിക്കെട്ട് സൗന്ദര്യത്തിന്റെ ആരാധകനെ കുടുക്കിയിട്ട ദൈവികമായ ഒരു പാശമായും പ്രതീകവല്‍ക്കരിക്കപ്പെടാം. ഒരു പൊങ്കമരം സ്വര്‍ഗ്ഗത്തിലെ കൗസര്‍ ഉറവയെ സൂചിപ്പിക്കാം, വാതില്‍ എന്ന രൂപകം സ്വര്‍ഗ്ഗത്തിലെ പ്രവേശത്തെ വിളംബരം ചെയ്യുന്നതാകാം. ഷാഹിദ് എന്ന, രക്തസാക്ഷിയെന്നും സാക്ഷിയെന്നും അര്‍ത്ഥം വരുന്ന പദം, ഭൗമസൗന്ദര്യത്തെക്കുറിച്ച് ആലോചിക്കുന്ന ദൈവത്തിന്റെ മുന്നില്‍ മറകളാഗ്രഹിക്കാത്ത സൂഫീവര്യനെ സൂചിപ്പിക്കാനും ഉപയോഗിക്കപ്പെടുന്നുണ്ട്. അത്തരമൊരു സൂഫീവര്യന്‍ ദൈവത്തിന്റെ ദര്‍ശനം ലഭിക്കാനായി മരണത്തെ പുല്‍കേണ്ടി വരുന്നു. അങ്ങനെ ആലോചിക്കുമ്പോള്‍ ദര്‍ശനം, അല്ലെങ്കില്‍ നോട്ടവും രക്തസാക്ഷ്യവും അഭേദ്യബന്ധം പുലര്‍ത്തുന്നു. തീര്‍ച്ചയായും സൗന്ദര്യനിരീക്ഷണം അനേകം സൂഫികളുടെ ഉപാസനയിലെ അത്യന്തം പ്രധാനമായ ഒരു ഭാഗമാണ്.  ഇബ്‌നു അറബി  പ്രഖ്യാപിക്കുന്നത് ‘സ്ത്രീകളെ സ്‌നേഹിക്കുക എന്നത് ജ്ഞാനികളുടെ പരിപൂര്‍ണതയുമായി ബന്ധിപ്പെട്ടിരിക്കുന്നു’ എന്നാണ്. കാരണം അത് പ്രവാചകനില്‍ നിന്ന് പകര്‍ന്നു വന്നതും ദൈവികവുമായ ഒരു സ്‌നേഹമാണ്. ദൈവത്തെ ഒരു സ്ത്രീയുടെ രൂപത്തില്‍ ദര്‍ശിക്കുക എന്നതാണ് ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിപൂര്‍ണമായ ദര്‍ശനം. മറ്റു പലരെയും അപേക്ഷിച്ച് പല സൂഫികളും ശാരീരിക സൗന്ദര്യത്തിന്റെ ആസ്വാദനത്തിലൂടെ ആത്യന്തിക നിര്‍വൃതിക്കായി അന്വേഷിച്ചപ്പോള്‍ ബെക്താഷി സൂഫികള്‍ ഭൗമപ്രകൃതിയുടെ നിരീക്ഷണത്തിലൂടെ ദൈവത്തെ സമീപിക്കാന്‍ ശ്രമിച്ചു. രൂപകദര്‍ശനം ശീലിച്ച ഒരാള്‍ ഒരു കെട്ടിടത്തില്‍ പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ പ്രവേശിച്ച അതേ കെട്ടിടമായിരിക്കില്ല അത്. ചിലപ്പോള്‍ കെട്ടിടത്തിലെ ആലേഖനങ്ങള്‍ അവയുടെ പ്രതീകാര്‍ത്ഥത്തെ സംബന്ധിച്ച് നേരിട്ട് സംസാരിക്കാം. പതിനാലാം നൂറ്റാണ്ടിലെ, ഗ്രാനഡയിലെ മുസ്‌ലിം ഭരണാധികാരികളുടെ ഭവനമായ, അല്‍ഹംറ കെട്ടിടം അതിന്റെ മുറ്റത്തെ ചുമരില്‍ ഇപ്രകാരമുള്ള ആലേഖനം ഉള്‍ക്കൊള്ളുന്നു. ‘എന്റെ നൗകയിലെ ജലം ദൈവത്തെ അനുസ്മരിച്ചു കൊണ്ടിരിക്കുന്ന വിശ്വാസിയുടെ ആത്മാവിനെപ്പോലെയാണ്.’ കൂടുതല്‍ വിസ്തരിച്ചു പറഞ്ഞാല്‍, എല്ലാ കാര്യങ്ങളും അസ്ഥിരമാണ് എന്ന ബോധം ദൈവത്തെ മാത്രമവശേഷിപ്പിക്കുന്നു. മറ്റ് എല്ലാ രൂപങ്ങളും ചിതറിനശിക്കുമെന്നതാവണം അല്‍ഹംറയിലെ കൊത്തിവെയ്പുകള്‍ പറയുന്നത്. അതോടൊപ്പം, വാസ്തുശില്പാകൃതികള്‍ സാമ്പ്രദായികമായി സ്വര്‍ഗ്ഗത്തിലെ അത്യധികം സുന്ദരമായ കുംഭഗോപുരവുമായി താരതമ്യം ചെയ്യപ്പെടുന്നു.

0901

ഇങ്ങനെയൊക്കെ ആണെങ്കിലും, വാസ്തുശില്പ സവിശേഷതകളിലെ ആദ്ധ്യാത്മികാര്‍ത്ഥങ്ങളിലേക്ക് പ്രമാണസാക്ഷ്യം ചേര്‍ത്തുവെക്കുന്നത് ദുര്‍ലഭമായേ കാണാനാവൂ. പേര്‍ഷ്യന്‍ ഗ്രന്ഥങ്ങളിലെ ചിത്രീകരണങ്ങള്‍ വായിക്കാന്‍ ഒരു സൂഫീ രീതിശാസ്ത്രമുണ്ടെങ്കിലും നമുക്ക് ആ വായന യഥാതഥമാണെന്ന് തിരിച്ചറിയാന്‍ മാത്രം നേരിട്ടുള്ള തെളിവുകളില്ല. കൂടാതെ, ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ആദ്ധ്യാത്മികവും മതകീയവുമായ സ്വഭാവത്തില്‍ അത്യുക്തി കലര്‍ത്തുന്നതില്‍ ചെറിയ അപകടം പതിയിരിക്കുന്നുണ്ട്. ഇസ്‌ലാമിക കലയിലെ ‘ആത്മീയത’യിലെ പ്രധാന കാര്യമാണ് അതിന്റെ തെളിവുകള്‍ക്കപ്പുറം ഊന്നലുകളില്‍ കേന്ദ്രീകരിക്കുന്നു എന്നത്. ആലോചിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ്, തെളിവുകളന്വേഷിക്കുന്നിടത്ത് ആന്തരികമായ പക്ഷപാതം ഉണ്ട് എന്നത്. മതകീയനിര്‍മ്മിതികളും വസ്തുക്കളും ഭക്തിപൂര്‍ണമായ ഉപാസനകളാലും ചിലപ്പോള്‍ നിയമപരവും സാമ്പത്തികവുമായ നിബന്ധനകളാലും സംരക്ഷിതമായിരിക്കും. മതേതരമായ കാര്യങ്ങള്‍, ശുദ്ധസാഹിത്യങ്ങളിലെ ചിത്രണങ്ങള്‍, രാജകീയ കൊട്ടാരങ്ങള്‍, ഗാര്‍ഹികമായ തച്ചുശാസ്ത്രം തുടങ്ങിയവയൊന്നും ഇത്തരത്തിലുള്ള സംരക്ഷണത്തിന് വിധേയമായിട്ടില്ല, തദ്ഫലമായി അവയില്‍ കുറച്ചു മാത്രമേ ഇന്ന് അതിജീവിക്കുന്നുള്ളൂ. മതകീയവും മതേതരവുമായ വാസ്തു നിര്‍മ്മിതികള്‍ക്കുമിത് ബാധകമാണ്. പ്രത്യേകിച്ച് ഇസ്‌ലാമിക വിശ്വാസവൃത്തത്തിലും മുസ്‌ലിം സമുദായത്തിലും രൂപകപരമായും അക്ഷരാര്‍ത്ഥത്തിലും കേന്ദ്രസ്ഥാനം വഹിക്കുന്ന പള്ളികളുടെ കാര്യത്തില്‍.