Campus Alive

ആത്മനിരാസത്തിന്റെ പാരിതോഷികങ്ങള്‍

പലതട്ടുകളിലുള്ള എല്ലാത്തരം വൈവിധ്യങ്ങളായ അറിവുകളും അധികാരം എന്നതിന് പകരം അതിന്റെ നേർ വിപരീതം ആയിരുന്നെങ്കിലോ ? പൂർണ്ണമായും ഒരു മനുഷ്യനാവാൻ നാം അധികാരം എന്നതിൽ നിന്ന് ഓടിമാറുകയാണ് വേണ്ടതെങ്കിലോ ? ഈ ലോകത്തിലെ ഏറ്റവും മഹത്തായ നേട്ടം എന്നത് സമൂലമായ ഒരുതരം ആത്മനിഷേധമാണെങ്കിലോ? ഒരുപക്ഷെ നമുക്കെത്തിച്ചേരാൻ കഴിയുന്ന ഏറ്റവും ചെറിയ എക്ക്സിസ്റ്റൻഷ്യൽ പൊസിഷൻ!

എല്ലാ ജീവരൂപങ്ങളും പങ്കുവെക്കുന്ന ഒരു പ്രകൃതി ഉണ്ടെങ്കിൽ അത് ആത്മപ്രതിഷ്ഠ(Self-Assertion) എന്നതാണ്. ഏറ്റവും ലളിതമായതിൽ തുടങ്ങി സങ്കീർണ്ണമായതിൽവരെ എല്ലാ ജീവരൂപങ്ങളും താന്താങ്ങളുടെ സ്ഥിതിയിൽ തന്നെ നിലയുറപ്പിക്കാനും പുനരുത്പാദിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. അത് തുടരുന്നതിനായി എപ്പോഴും അപരനെ തള്ളിമാറ്റാനും ഒരുപക്ഷെ ഇല്ലായ്മ ചെയ്യാനുംവരെ അത് ശ്രമിച്ചുകൊണ്ടിരിക്കും. അതാണ് ജീവിതം എന്നതിനെ പ്രപഞ്ചത്തിലെ ക്രൂരമായ ഒരു രംഗമാക്കി മാറ്റുന്നത്,പക്ഷെ ക്രൂരത എന്നത് മനുഷ്യനോട് ചേർത്ത് വെക്കുമ്പോൾ മാത്രം പ്രസക്തമാകുന്ന ഒരു പ്രയോഗമാണ്. ജീവിതം എന്നതിന്റെ പ്രക്രിയ ഏതൊരു മനുഷ്യ താല്പര്യങ്ങൾക്കുമപ്പുറമാണ്. മറ്റേത് ജീവജാലങ്ങളെയുംപോലെ മനുഷ്യനുമതിനുള്ളിൽ പെട്ട് കിടക്കുകയാണ്. നാം ജീവിതത്താൽ ഉപയോഗിക്കപ്പെടുകയും ദുരുപയോഗിക്കപ്പെടുകയുമാണ്-അവിടെ നാം ഉണ്ടാവുകയും, ഉപയോഗിക്കപ്പെടുകയും പിന്നെ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. നാം പ്രണയിക്കുകയാണെന്ന് നാം വിശ്വസിക്കുന്നു. പക്ഷെ അത് ജീവിതം അതിനെ പുനരുൽപാദിപ്പിക്കാനുപയോഗിക്കുന്ന ഒരു ഉപകരണം മാത്രമാണ്. വീണ്ടും മറ്റൊരു മികച്ച ഉപകരണം നാം കണ്ടെത്തുകയും നാം സ്വയം മിടുക്കരാണെന്ന് വിചാരിക്കുകയും ചെയ്യും. പക്ഷെ തികച്ചും ആനന്ദകരമായ ഒരജ്ഞതയോടെ ജീവിതത്തിന്റെ ആത്മപ്രതിഷ്ഠ എന്ന കളി കളിക്കുക മാത്രമാണ് നമ്മൾ. നാമൊരു വിദൂഷക പ്രഹസനത്തിൽ ജീവിക്കുകയും അതിനെ സന്തോഷമെന്ന് വിളിക്കുകയും ചെയ്യുന്നു.

മനുഷ്യനിലേക്കെത്തുമ്പോൾ ആത്മപ്രതിഷ്ഠ “ആധികാരം” എന്ന സവിശേഷമായ രൂപം കൈകൊള്ളുന്നുണ്ട്. സങ്കീർണ്ണതയേറിയ ജീവജാലം എന്ന നിലയിൽ വിരളമായേ നാം നമ്മുടെ പ്രാഥമിക ചേതനകളിലും ഉൾപ്രേരണകളിലും തൃപ്തരാവാറുള്ളൂ. അപരൻ നമുക്ക് മുന്നിൽ കീഴടങ്ങാൻ കൂടി നാം ആഗ്രഹിക്കുന്നു. അപരന്റെ താഴ്ന്ന നയനങ്ങൾ കണ്ടാലേ നമുക്ക് അധികാരം ഉറപ്പിക്കാനാവൂ എന്ന് നമുക്കറിയാം. അധികാരം വ്യാപിപ്പിക്കുന്നതിനായി നിരവധി മാർഗ്ഗങ്ങളുണ്ട്. അതിൽ ഏറ്റവും മികച്ചത് അപരൻ നേരിടുന്ന നിന്ദയുടെ(humiliation) തോതുമായി ബന്ധപ്പെട്ടതാണ്.ആത്മപ്രതിഷ്ടയുടെ ഏറ്റവും ക്രൂരമായ തിരിച്ചറിവ് എന്ന നിലയിൽ അധികാരം (power) ആന്തരികമായിതന്നെ വശീകരണശക്തിയുള്ളതാണ്. അധികാരത്തിന്‌(Power) അപരന്റെ മനസ്സിലും ശരീരത്തിലും അടയാളങ്ങൾ ശേഷിപ്പിക്കാതെ ഒരിക്കലും നിലനിൽക്കാൻ കഴിയില്ല.

അധികാരത്തെ സംബന്ധിച്ച ഏറ്റവും സവിശേഷമായ കാര്യം എന്തെന്നാൽ എത്ര തീവ്രമായി വിനിയോഗിച്ചാൽപ്പോലും മടുപ്പിക്കില്ല എന്നതാണ്. മറിച്ച് എത്രത്തോളം അത് വിനിയോഗിക്കുന്നു അത്രത്തോളം തന്നെ അത് നിങ്ങൾക്ക് തിരിച്ച് തരും എന്നതാണ്. അധികാരത്തിനായുള്ള നമ്മുടെ നിരന്തര ദാഹത്താൽ നാം അപരനെ ഉപയോഗിക്കുകയും, ഇകഴ്ത്തുകയും, സ്വാധീനിക്കുകയും, അപമാനിക്കുകയും ചെയ്യും. പക്ഷെ അത് നമ്മുടെ ആസക്തിയെ അധികരിപ്പിക്കുകയേ ഉള്ളൂ. അപരൻ പൂർണ്ണമായി അടിച്ചമർത്തപെട്ടു എന്ന ഉറപ്പായാലല്ലാതെ ആവിശ്യത്തിനുള്ള (അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്ന്) ലഭിച്ചാലൊന്നും നാമത് അവസാനിപ്പിക്കില്ല. അപരൻ പൂർണ്ണമായും അടിച്ചമര്‍ത്തപ്പെട്ടു എന്നുറപ്പായാൽ നമ്മൾ വിജയിച്ചു. അപരൻ എത്രത്തോളം അടിച്ചമർത്തപ്പെടുന്നോ അത്രത്തോളം ആത്മപ്രതിഷ്ഠയെ നാം ഉറപ്പിക്കുന്നു. അധികാരത്തിനായുള്ള നമ്മുടെ പ്രയാണത്തിന് ഇന്ധനം പകരുന്നത് അതിൽ അന്തർലീനമായ വശീകരണശക്തിയാണ്. അപരനെ സ്വന്തം ഇച്ഛക്ക് കീഴൊതുക്കി അവനെ വ്യാഖ്യാനിച്ചും പുനര്‍വ്യാഖ്യാനിച്ചും സ്വന്തം വരുതിയിൽ നിർത്താനാവും എന്ന തിരിച്ചറിവ് നിങ്ങൾക്ക് ഏറ്റവും തീവ്രമായ ആനന്ദം പകരും. ഇത്തരമൊരു മോഹവും  അതിനെ സംതൃപ്തമാക്കാൻ ചെയ്യുന്ന പ്രവർത്തികളും മനുഷ്യ ജീവിതത്തിന്റെ ഓരോ അംശങ്ങളെയും രൂപീകരിക്കുന്നുണ്ട്. ചെറുതും വലുതുമായ എല്ലാ മാനുഷിക ഇടപാടുകളെയും നൈസര്‍ഗ്ഗികമായും അന്ധമായും സ്വേഛാപരമായും അത് ഭരിക്കുന്നു.

ആത്മപ്രതിഷ്ഠക്കായുള്ള നമ്മുടെ തേട്ടം മൂലമാണ് പലപ്പോഴും മനുഷ്യചരിത്രം ഒരു കൊലക്കളമായി തോന്നുന്നത്. പക്ഷെ ഇത് സീസർമാരുടെയോ, നെപ്പോളിയന്മാരുടെയോ, സ്റ്റാലിൻമാരുടെയോ, അല്ലെങ്കിൽ യുദ്ധവും, വിപ്ലവവും, രാഷ്ട്രീയവുമായി ബന്ധപ്പെട്ടവരുടെയോ മാത്രം കളിക്കളമായി തോന്നുന്നുണ്ടെങ്കില്‍ അതൊരു തെറ്റിദ്ധാരണ മാത്രമാണ്. അധികാരമെന്നത് ജലം പോലെയാണ്. അധികാരം അതിന് കടന്ന് ചെല്ലുവാൻ കഴിയുന്ന ഏതൊരു വിടവിലേക്കും എത്തിച്ചേരുകയും പതിയിരുന്ന് എല്ലാത്തിനെയും മാറ്റിമറിക്കുകയും ചെയ്യും. ഗവണ്മെന്റ് ഓഫീസുകൾ മുതൽ കോർപ്പറേറ്റിടങ്ങൾവരെ, ക്ലാസ്സ് റൂമുകൾ മുതൽ ചാറ്റ് റൂമുകൾ വരെ ഒരിടവും അധികാരത്തിന് കടന്നുചെല്ലാൻ പറ്റാത്തിടത്തോളം ചെറുതല്ല. എന്തുവിഷയത്തിനു വേണ്ടിയുള്ളതാണെങ്കിലുമാവട്ടെ മനുഷ്യവംശത്തിന്റെ എല്ലാ കൂട്ടായ്മകളും ആത്മപ്രതിഷ്ഠയുടെ പേക്കൂത്തായി ക്രമേണ മാറിത്തീരും. അധികാരത്തിനായുള്ള മത്സരം നമ്മുടെ പ്രവർത്തികളെയും, പെരുമാറ്റത്തെയും, ചിന്തകളെയും അനുഭവങ്ങളെയും നിര്‍ണ്ണയിക്കുന്നുണ്ട്‌. ആ പ്രക്രിയയിൽ അത് നമ്മെ സൂക്ഷ്മമായും ഒരു പക്ഷെ വളരെ സുന്ദരമായും ദുഷിപ്പിക്കുന്നു. അധികാരത്തിൽ പതുങ്ങിയിരിക്കുന്ന അതിന്റെ സ്വഭാവത്തിന്റെ ഒരംശം പോലും ഒരു വ്യക്തിയുടെ ധാർമ്മികതക്ക് താങ്ങാവുന്നതിനപ്പുറമാണ്. നീണ്ടകാലയളവിൽ ജീവിതം പോലെതന്നെ അധികാരവും ഒരു മഹാമാരിയാണ്. പൂർണ്ണമായും ഒരു മനുഷ്യനാവുന്നതിനായി നാമത് രണ്ടിനുമെതിരായി നീങ്ങേണ്ടതുണ്ട്‌.

നമ്മുടെയെല്ലാം ഏറ്റവും സവിശേഷമായ വിരോധാഭാസം എന്തെന്നാൽ ജീവൽ പ്രക്രിയയെ മനസ്സിലാക്കി അതിലൂടെ ശരിയെ കണ്ടെത്തി അതിന്റെ വ്യർത്ഥതയെയും അയാർഥാത്യത്തെയും തിരിച്ചറിഞ്ഞ് അതിനും മേലെ ഉയർന്ന് ഒരു പൂർണ്ണ മനുഷ്യനാവാൻ നമുക്ക് ജീവിതത്തിനെതിരായി തന്നെ നിൽക്കേണ്ടി വരുന്നു എന്നതാണ്. ആത്മപ്രതിഷ്ഠയാലല്ല ആത്മനിഷേധത്താലാണ് നമുക്ക് മനുഷ്യത്തം പൂർത്തീകരിക്കാൻ കഴിയുക. മോഹങ്ങള്‍ ഏറെയുള്ള ഒരു ജീവി എന്ന നിലയിൽ നമുക്കുള്ളത് ഒരേയൊരു സാധ്യതയാണ്, എത്രത്തോളം നാം ആഗ്രഹിക്കുന്നത് നമുക്ക് നിഷേധിക്കപ്പെടുന്നു അത്രത്തോളം നാം മനുഷ്യനാകുന്നു. ഇത് കേവലം ഇന്നിന്റെയോ നാളെയുടെയോ പ്രശ്‌നമല്ല. തീർച്ചയായും ഇത് ജീവിതകാലം മുഴുവന്‍ തുടരേണ്ട പ്രക്രിയയാണ്. പൂർണ്ണമായും ഒരു മനുഷ്യനാവുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്, വളരെ ചുരുക്കം ചില ആളുകളെ അതിൽ വിജയിച്ചിട്ടുള്ളൂ എന്നതിൽ വലിയ അദ്‌ഭുതമൊന്നുമില്ല. ചുരുക്കം ചില കലാകാരന്മാർക്കും, അനുകമ്പയാർന്ന ആത്മാക്കൾക്കും, ആത്മപരിത്യാഗികൾക്കും മാത്രമേ ജീവിതത്തിന്റെ ഒഴുക്കിൽ മുങ്ങിപ്പോവുന്നതിൽ നിന്ന് രക്ഷനേടാൻ കഴിയൂ എന്നാണ് ജർമൻ ചിന്തകൻ ഷോപ്പൻഹൌവർ( Schopenhauer ) നിരീക്ഷിച്ചത്.

എന്നിരുന്നാലും ബുദ്ധ പാരമ്പര്യത്തിലൂന്നി ഷോപ്പൻഹൌവർ മുന്നോട്ട് വെക്കുന്ന ആത്മനിഷേധത്തിന്റെ പരിഹാരം എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. ആത്മപീഢ പ്രായാസമേറിയ ഒന്ന് തന്നെയാണ്. എന്നാൽ മറ്റൊരു പരിഹാരം നമുക്ക് മുന്നിലുണ്ട്. നിർവാണം പോലെ പകിട്ടേറിയതല്ലെങ്കിലും അത് പ്രായോഗികവും നമ്മുടെ കൈയ്യകലത്തിലുള്ളതുമായ ഒന്നാണ്. വിനയം, വണക്കം, അടക്കം എന്നെല്ലാം അർത്ഥം പറയാവുന്ന ഹ്യുമിലിറ്റി (humility) ആണത്. ഹ്യുമിലിറ്റി എന്നതിലൂടെ ജീവിതം എന്നതിന്റെ ഓട്ടത്തിൽ നിന്ന് നമ്മെ തന്നെ സ്വതന്ത്രമാക്കി മാറിനിന്ന് അതിനെ നിസംഗതയോടും കൂടുതൽ വ്യക്തതയോടും നോക്കികാണുവാൻ സാധിക്കും. അധികാരം ഇപ്പോഴും ഉത്പാദിപ്പിക്കുന്ന നിന്ദ (humiliation) എന്നതിന്റെ നേർ വിപരീതമായി ഹ്യുമിലിറ്റി എന്നതിന് ജീവിതം അധികാരത്തിനായുള്ള രക്തരൂക്ഷിതമായ ഒരിടമാണെന്നുള്ള യാഥാർഥ്യം അനാവരണം ചെയ്യാൻ കഴിയും. ഇതെല്ലം കേവലം കളികൾ മാത്രമാണെന്ന തിരിച്ചറിവില്ലാത്ത നിങ്ങളുടെ ഇരയുടെ വേട്ടക്കാരനാവാനുള്ളയത്ര വന്യത നിങ്ങൾക്കില്ലാതിരിക്കുമ്പോൾ ലഭിക്കുന്ന ഒന്നാണ് നിന്ദ്യത. എന്നാൽ നേരെമറിച്ച് ഹ്യുമിലിറ്റി നിങ്ങളെ ആ അധികാരത്തിനായുള്ള കളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് തന്നെ ആദ്യമേ വിലക്കുന്നു.

എല്ലാത്തിലുമപരി ഹ്യുമിലിറ്റി എന്നത് കാഴ്ച്ചയും ഉൾക്കാഴ്ച്ചയുമായി ബന്ധപ്പെട്ട ഒന്നാണ്. ഐറിസ് മർഡോക്ക് ഹ്യുമിലിറ്റിയെ വ്യാഖ്യാനിക്കുന്നത് യാഥാർഥ്യത്തോടുള്ള നിസ്വാർത്ഥമായ ബഹുമാനമായിട്ടാണ്. അത് നോക്കികാണുന്നവനെ ഒരുതരം താഴ്ന്ന ആംഗിളിലേക്കെത്തിക്കുന്നു. ഹ്യുമിലിറ്റി എന്ന പദം ഉരിത്തിരിയുന്നത് തന്നെ താഴ്മ എന്നർത്ഥം വരുന്ന humilitas എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. ഭൂമി, മണ്ണ്, എന്നെല്ലാം അർത്ഥം വരുന്ന humus എന്ന പദമാണ് ഇതിന്റെയെല്ലാം മൂലം. യാസുജിറോ ഒസുവിന്റെ സിനിമകളിലെ ലോ ക്യാമറ ആംഗിളുകൾ ലോകത്തിന്റെ സമഗ്രമായ ചിത്രത്തോടൊപ്പം  മനുഷ്യരുടെ മനസ്സിലും ഹൃദയങ്ങൾക്കുള്ളിലും ഉൾകാഴച്ചയും പ്രധാനം ചെയ്യുന്നതുപോലെ ഹ്യുമിലിറ്റി എന്നത് വസ്തുതകളുടെ യാഥാർഥ്യത്തിലേക്ക് ഉള്‍ക്കരുത്തോടുകൂടിയ ഒരു പ്രവേശനം സാധ്യമാക്കുന്നു. ഉയരങ്ങളിൽ നിന്നുള്ള കാഴ്ച്ചകൾ ഒരു മായയും പലപ്പോഴും ശരിയായ വസ്തുതകൾ വിട്ടുപോവുന്നതിനുമുള്ള കാരണവുമാണ്.

സമ്പൂര്‍ണ്ണമായ ഈയൊരറിവാണ്‌ ഹ്യുമിലിറ്റിയുടെ ഏറ്റവും വിലപിടിച്ച പാരിതോഷികം. അധികാരത്തിന് ഒരിക്കലും തിരിച്ചറിയാൻ കഴിയാത്ത ഒന്നാണിത്. സോവിയറ്റ് ഗുലാഗിലെ തന്റെ ഏറ്റം കീഴാളമായ ജീവിതത്തിലൂടെ ഇവാൻ ഡെനിസോവിച്ച്(1) ലോകത്തെയും അതിന്റെ മൂല പ്രവർത്തനങ്ങളെയുംക്കുറിച്ച് ആര്ജിച്ചെടുക്കുന്നത് ഇത്തരമൊരു അറിവാണ്. ഓരോ പേജുകൾ കഴിയുമ്പോഴും അത്തരത്തിലൊന്ന് നേടിയെടുത്തവനായാണ് ഡെനിസോവിച്ചിനെ സോൾഴെനിസ്റ്റിൻ അവതരിപ്പിക്കുന്നത്. ഡെനിസോവിച്ച് എല്ലാം കാണുകയും എല്ലാം മനസ്സിലാക്കുകയും എല്ലാം പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. ഈയൊരു വിനയാന്വിതനായ തടവുപുള്ളിയുമായി താരതമ്യം ചെയ്യുമ്പോൾ അന്ധമായ സ്വേച്ചാധികാരം കൈവശമുള്ള സ്റ്റാലിൻ അറിയാൻ യോഗ്യമായതൊന്നും അറിയുന്നില്ല. മനുഷ്യനെ പറ്റി സിമോൺ വെയ് എഴുതുന്നു “അടിച്ചമർത്തുന്നവൻ ഒന്നും അറിയുന്നില്ല മറിച്ച് മർദ്ദിതനാണ് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാൻ കഴിയുക”.

കാരണമൊന്നുമില്ലാതെയല്ല മിസ്റ്റിക്കുകളും തത്വചിന്തകരും പലപ്പോളും ഹ്യുമിലിറ്റിയെ പരമസത്യവുമായി ചേർത്ത് വായിച്ചിട്ടുള്ളത്. ക്ലെയർവോക്‌സിലെ ബെർണാഡ് എഴുതി, “ഹ്യുമിലിറ്റിയാണ് മാർഗ്ഗം ലക്ഷ്യം സത്യവും. ആദ്യത്തേത് തൊഴിലും രണ്ടാമത്തേത് പ്രതിഫലവും”. വ്ലാദിമിർ ഴാങ്ങ്‌ലെവിച്ചിന് “ഹ്യുമിലിറ്റി സത്യത്തിന് സമമാണ്”. ആന്ദ്രേ കോംറ്റെ സ്പോൺവിൽ വാചാലമായി ഹ്യുമിലിറ്റിയെ “സ്വന്തത്തേക്കാളേറെ സത്യത്തെ സ്നേഹിക്കുന്ന” ഒന്നായാണ് വ്യാഖ്യാനിക്കുന്നത്. സത്താപരമായ ഹ്യുമിലിറ്റിയുടെ ആധിക്യത്താല്‍ ജീവിതവും രചനകളും നിര്‍ണ്ണയിക്കപ്പെട്ട സിമോൺ വെയ് തന്റെ ഗ്രാവിറ്റി ആന്റ് ഗ്രെയ്സ് (gravity and grace) എന്ന ഗ്രന്ഥത്തിൽ എഴുതുന്നു, ദൈവം “ഞാൻ നിൽക്കുന്ന പോയിന്റിൽ നിന്ന് മാത്രം കാണാൻ കഴിയുന്ന പരിപ്രേഷ്യത്തിലുള്ള സൃഷ്ടിയെയാണ് സ്നേഹിക്കുന്നത്”. പക്ഷെ താൻ ദൈവത്തിന്റെ വഴിമുടക്കിയാണ് നിൽക്കുന്നതെന്ന് അവർ തിരിച്ചറിയുന്നുണ്ട്. “ഞാൻ ഒരു തിരശ്ശീലയിലെന്നപോലെയാണ് പെരുമാറുന്നത്”. തുടർന്നവർ എഴുതുന്നു “ഞാൻ തീർച്ചയായും പിന്‍വാങ്ങേണ്ടതുണ്ട്‌ എന്നാലേ അവന് കാണുവാൻ കഴിയൂ”. തൽക്കാലത്തേക്ക് നമുക്ക് സിമോണിന്റെ ദൈവത്തെ മാറ്റിനിർത്താം. അവരുടെ കാഴ്ച്ചപ്പാട് കുറച്ചധികം വിശദമാക്കുകയാണെങ്കിൽ നാം പലപ്പോഴും നമ്മോട് തന്നെ ഒരു തിരശ്ശീലയെന്നപോലെയാണ് പ്രവർത്തിക്കുന്നതെന്ന് കാണാം. നാം നമ്മുടെ തന്നെ വഴിമുടക്കുകയാണ്. കൂടുതൽ വിശാലമായ കാഴ്ച്ചക്കും തിരിച്ചറിവിനുമായി നാം “പിന്‍വാങ്ങേണ്ടതുണ്ട്‌”. ഇതാണ് വ്യക്തമായും ഹ്യുമിലിറ്റി ചെയ്യുന്നത്, അത് നമ്മെ ചിത്രത്തിൽ നിന്ന് മാറ്റിനിർത്തുന്നതിനാൽ കാര്യങ്ങൾക്ക് സ്വമേധയാ വ്യക്തമാവാൻ കഴിയുന്നു. അപ്പോൾ മാത്രമേ നമുക്ക് ലോകത്തെ അവലോകനം ചെയ്യുന്നു എന്ന പറയാൻ കഴിയൂ.

ബുദ്ധമതം, ക്രിസ്തുമതം തുടങ്ങി ഇസ്‌ലാം വരെയുള്ള പ്രമുഖ വിശ്വാസധാരകളെല്ലാം തന്നെ ഹ്യുമിലിറ്റിക്ക് തക്കതായ പ്രാമുഖ്യം നൽകുന്നുണ്ട്. മറ്റനേകം മതേതരമായ ധാരകളും അതെ പ്രാമുഖ്യം തന്നെ ഇതിന് കൊടുക്കുന്നുണ്ട്. തീർച്ചയായും ഏതൊരു നാഗരികതയും നമ്മുടെ അഹന്തതയോടുള്ള ചായ്‌വിനെയും തീവൃമായ ആത്മപ്രതിഷ്ടയെയും കടിഞ്ഞാണിടാനാണ് ശ്രമിക്കുന്നത്. (ജപ്പാനിലെ കുറിയ മനുഷ്യരെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഉദാഹരണത്തിന് അവർ നിത്യജീവിതത്തിൽ എന്നും ഹ്യുമിലിറ്റിയെ ഉൾകൊള്ളുന്നുണ്ട്). എന്നിരുന്നാലും ഏറ്റവുമൊടുവിൽ ഇതൊരു പരാജയപ്പെടുന്ന സമരമാണ്. നാഗരികത എന്നത് അനിശ്ചിതമായതും ദുർബലവുമാണ് മറിച്ച് ജീവിതം കൂടുതൽ കരുത്തുള്ളതും വന്യവുമാണ്. ആത്മപ്രതിഷ്ഠ എന്നത് പ്രകൃതിയും, തൃപ്തിപ്പെടുത്തുന്നതും, വശീകരിക്കുന്നതുമാണ്. ആത്മനിഷേധമോ ഇതൊന്നുമല്ലതാനും. എല്ലാ ജീവജാലങ്ങളിലും വച്ച് മനുഷ്യനെയാണ് മെരുക്കുവാൻ ഏറ്റവും ബുദ്ധിമുട്ട്. ഇതുകൊണ്ടാണ് ഹ്യുമിലിറ്റി എന്നത് വളരെയേറെ പ്രസക്തമാവുന്നത്. അതിലൂടെ നമുക്ക് എങ്ങനെ നമ്മോട് തന്നെയും അപരനോടും സഹിഷ്ണുത പാലിക്കാം എന്ന് തിരിച്ചറിയാൻ കഴിയും. നല്ലതോ ചീത്തയോ ആവട്ടെ നാമാവുന്ന മൃഗത്തെ മെരുക്കുവാനുള്ള ഏറ്റവും സമർത്ഥമായ ഉപകരണം ഇതാണ്.

ഇതിൽ ആശ്ചര്യപ്പെടാൻ മാത്രമായൊന്നുമില്ല. എന്തെങ്കിലുമുണ്ടെങ്കിൽ ഇതാണ് ഏറ്റവും വിരസമായ (ഒരുപക്ഷെ എളിയ) തത്വചിന്തകളിലൊന്ന്. ബുദ്ധൻ മുതൽ സൂഫികൾ വരെ ഷോപ്പൻഹോയർ മുതൽ ബെർഗ്സനും സിമോൺ വെയും, മിസ്റ്റിക്കുകളും തത്വചിന്തകരും, കിഴക്കും പടിഞ്ഞാറും ആത്യന്തികമായി ഇതല്ലാതെ മറ്റൊന്നും പറഞ്ഞട്ടില്ല. അത് തന്നെ വീണ്ടും കേൾക്കുന്നത് നമ്മെ ആശ്ചര്യപ്പെടുത്തും, കാണുവാൻ കണ്ണുകളുണ്ട് എന്നത് പോലും മറന്നുകൊണ്ട് മുമ്പെങ്ങുമില്ലാത്തവിധം അന്ധമായി നാം ജീവിതത്തിന്റെ മത്സരയോട്ടത്താൽ വശീകരിക്കപ്പെട്ടതിനാലാണത്.

കുറിപ്പുകൾ:

(1) ഇവാൻ ഡെനിസോവിച്ച് : One day in the Life of Ivan Denisovich എന്ന സോവിയറ്റ് എഴുത്തുകാരൻ അലക്‌സാണ്ടർ സോൾഴെൻസ്റ്റിന്റെ നോവലിലെ കേന്ദ്രകഥാപാത്രം. സ്റ്റാലിൻ കാലഘട്ടത്തിലെ സോവിയറ്റ് ഗുലാഗിലെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം.

Humility എന്ന വാക്കിന് കൃത്യമായ അര്‍ഥം മലയാളത്തില്‍ കണ്ടെത്താന്‍ കഴിയാത്തതു മൂലമാണ് ആ വാക്കുതന്നെ കൊടുത്തിട്ടുള്ളത്. സ്വന്തത്തെ പറ്റിയുള്ള ബോധം പൂര്‍ണ്ണമായും ഇല്ലാതാക്കിയാല്‍ ഉണ്ടായിത്തീരുന്ന പ്രത്യേകമായ മാനസികാവസ്ഥക്കാണ് ഇവിടെ Humility എന്ന് ഉപയോഗിച്ചിരിക്കുന്നത്.
(വിവര്‍ത്തകക്കുറിപ്പ്)

 

വിവര്‍ത്തനം: ബിലാല്‍ ബിന്‍ ജമാല്‍

കടപ്പാട്: lareviewofbooks.org

കോസ്റ്റിക്ക ബ്രഡാതന്‍