Campus Alive

അറബ് സിനിമ: പുതിയ സൗന്ദര്യശാസ്ത്ര സമീപനങ്ങള്‍

ലോറ മാര്‍ക്‌സിന്റെ രണ്ട് പ്രധാനപ്പെട്ട പഠനങ്ങള്‍ കാമ്പസ് അലൈവില്‍ മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ലോറയുടെ മുഴുവന്‍ പഠനങ്ങളും ഒരു സീരീസായി അവതരിപ്പിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. മീഡിയ, ആര്‍ട്ട്, ഫിലോസഫി തുടങ്ങിയ മേഖലകളിലൂടെയാണ് ലോറ പ്രധാനമായും യാത്ര ചെയ്യുന്നത്. ഇസ്‌ലാമിക തത്വചിന്താ പാരമ്പര്യങ്ങളെയും പുതിയ രീതിയില്‍ സമീപിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അവരുടെ Enfoldment and Infinity എന്ന പുസ്തകം ആര്‍ട്ടിനെക്കുറിച്ച ചിന്തകള്‍ എന്നതിനുപരി ഇസ്‌ലാമിക തത്വചിന്തയെക്കുറിച്ച നല്ലൊരു ആമുഖം കൂടിയാണ്. ഈ പഠനത്തില്‍ അറബ് സിനിമകളെ ദെല്യൂസിന്റെയും ലെബിനീസിന്റെയും തത്വചിന്താ സമീപനങ്ങളിലൂടെ വായിക്കാന്‍ ശ്രമിക്കുകയാണ് ലോറ ചെയ്യുന്നത്. പഠനത്തിലൂടനീളം അവര്‍ ഉപയോഗിക്കുന്ന സങ്കീര്‍ണ്ണമായ തത്വചിന്താ പ്രയോഗങ്ങളുടെ പരിഭാഷകള്‍ അതിന്റെ എല്ലാ പരിമിതികളോടും കൂടി മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അവയുടെ ചെറിയ വിശദീകരണങ്ങള്‍ അവസാന ഭാഗത്ത് കൊടുത്തിട്ടുണ്ട്.

എന്തുകൊണ്ടാണ് ചരിത്രത്തിലെ ചില ഇമേജുകള്‍ നമ്മിലേക്കെത്തുകയും മറ്റുചിലത് മറഞ്ഞുപോവുകയും ചെയ്യുന്നത്? ചില ഇവന്റുകള്‍ മാത്രം നമ്മള്‍ ശ്രദ്ധിക്കുന്നതെന്തു കൊണ്ടായിരിക്കും? ഞാന്‍ മനസ്സിലാക്കുന്നത് മറഞ്ഞുപോയി എന്ന് നമ്മള്‍ കരുതുന്ന ഇമേജുകള്‍ ശരിക്കും മടക്കുകളാക്കപ്പെട്ടിരിക്കുകയാണ് എന്നാണ്. പ്രത്യേകിച്ചും അതിരുകളില്‍ നില്‍ക്കുന്ന (ബദല്‍ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന) സിനിമകള്‍ ചരിത്രത്തെ മടക്കുകളായിട്ടാണ് (enfolded) മനസ്സിലാക്കുന്നത്. മാര്‍ജിനല്‍ സിനിമകളായത് കൊണ്ടുതന്നെ പ്രാദേശിക ചരിത്രങ്ങളെയും ഓര്‍മ്മകളെയുമാണ് അവ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്. അത്തരം ചരിത്രങ്ങളും ഓര്‍മ്മകളും ഒരുപക്ഷെ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടിരിക്കാം. കൊളോണിയലിസ്റ്റുകളുടെ ഇടപെടലുകള്‍ക്ക് അവ ഇരയായിട്ടുണ്ടാകാം. അപ്പോഴും ഞാന്‍ മനസ്സിലാക്കുന്നത് അവ മടക്കുകളാക്കപ്പെടുകയാണ് (enfolded) ചെയ്തത് എന്നാണ്. ഇമേജിനെ മടക്കുകളാക്കപ്പെടുക-ചുരുള്‍ നിവര്‍ത്തപ്പെടുക (Enfolding-Unfolding) എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ സമീപിക്കുന്നത്.

അനുഭവം (Experience), വിവരം (Information), ഇമേജ് (Image) എന്നിവ തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചരിത്രരചനയുടെ സമകാലിക രാഷ്ട്രീയത്തെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. ഇന്‍ഫര്‍മേഷന്റെ കാലഘട്ടത്തില്‍ ഇമേജിന്റെ സ്വഭാവത്തെ മനസ്സിലാക്കാന്‍ ഇവ മൂന്നും തമ്മിലുള്ള ബന്ധത്തെ പരിശോധിക്കാനാണ് ഞാന്‍ നിര്‍ദേശിക്കുന്നത്.

അനുഭവം അനന്തമാണെങ്കിലും അവയിലധികവും വെളിവാകാതെ കിടക്കുകയാണ് ചെയ്യുന്നത്. ഇമേജുകള്‍ അവയില്‍ നിന്ന് ഉദയം കൊള്ളുന്നില്ല. അതേസമയം അവയില്‍ നിന്ന് വരുന്ന ഇമേജുകളാകട്ടെ, രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇന്‍ഫര്‍മേഷനായി ഉപയോഗിക്കപ്പെടുകയാണ് ചെയ്യുന്നത്. ആര്‍ക്കു വേണമെങ്കിലും അനുഭവത്തിന്റെ ഏതൊരു വശത്തിന്റെയും ചുരുള്‍ നിവര്‍ത്തിക്കൊണ്ട് അതിനെ പൊതു ഇമേജാക്കാന്‍ സാധിക്കും. ആര്‍ട്ടിസ്റ്റുകള്‍ അങ്ങനെ ചെയ്യാറുണ്ട്. ചരിത്രരചന ഇത്തരത്തിലുള്ള ഒരു ചുരുള്‍ നിവര്‍ത്തല്‍ പ്രക്രിയയാണ്. ചരിത്രകാരനായ സിഗ്‌ഫ്രൈഡ് ക്രാക്വൊര്‍ എഴുതുന്നത് ഒരു ചരിത്രകാരന്‍ ഭൂതകാല വിവരങ്ങളെ സൂക്ഷമമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ്. അല്ലാത്തപക്ഷം അവ മറവിയിലേക്ക് തള്ളിയിടപ്പെടും.

ഭൂതവുമായി ഇടപെടുന്ന ആര്‍ട്ട്‌വര്‍ക്കുകളെക്കുറിച്ച സൂക്ഷമമായ അന്വേഷണങ്ങളെ ഈ സമീപനം (enfolding-unfolding) തീര്‍ച്ചയായും സഹായിക്കും. അറബ് സിനിമകളുടെ കാര്യവും അതുതന്നെയാണ്. അറബ് സിനിമകള്‍ ഏതൊരു അതിരു സിനിമകളെയും പോലെ ചരിത്രവ്യഥകളെയാണ് പ്രതിനിധീകരിക്കുന്നത്. കാരണം കഴിഞ്ഞ നൂറ്റാണ്ടിലെ അറബ് ചരിത്രം എന്നതുതന്നെ സംഘര്‍ഷങ്ങളുടേതാണ്. മാത്രമല്ല, അറബ് ലോകത്തെക്കുറിച്ച് നിലനില്‍ക്കുന്ന ആഖ്യാനങ്ങളും വ്യവഹാരങ്ങളുമെല്ലാം കൃത്രിമവുമാണ്. ഓരോരുത്തരും അവരവര്‍ക്ക് തോന്നിയ ഇമേജുകളാണ് ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം നിര്‍ണ്ണയങ്ങളായ ഇമേജുകളെയാണ് ഞാന്‍ പുതിയൊരു സമീപനത്തിലൂടെ (enfolding-unfolding approach) മറികടക്കാന്‍ ശ്രമിക്കുന്നത്.

ഒട്ടുമിക്ക സമകാലിക അറബ് സിനിമകളും ആര്‍ട്ട് സിനിമകളാണ്. പാശ്ചാത്യരടങ്ങിയ വലിയൊരു പ്രേക്ഷകസമൂഹം തന്നെ അറബ് സിനിമകള്‍ക്കുണ്ട്. അവരെല്ലാം തന്നെ അറബ് സിനിമകളെ അപരരുടെ കാഴ്ചയിലൂടെയാണ് കാണുന്നത്. മാത്രമല്ല, അങ്ങേയറ്റം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട അറബ് സാമൂഹികാന്തരീക്ഷത്തില്‍ പ്രയോജനപ്രദവും ലാഭകരവുമായ അനുഭവങ്ങളാണ് ഇമേജുകളായി ചുരുള്‍ നിവര്‍ത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ബാഹ്യമായ ലോകം രാഷ്ട്രീയ താല്‍പര്യങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് അറബ് ലോകത്തെ സിനിമാ സംവിധായകര്‍ മനസ്സിലാക്കുന്നുണ്ട്. ആ ലോകത്തെ നിരാകരിക്കാതെ സിനിമാവിഷ്‌കാരം സാധ്യമല്ല എന്ന് അവര്‍ക്ക് നന്നായറിയാം.

ചില അറബ് സിനിമാ സംവിധായകര്‍ ഇമേജ് വിമര്‍ശത്തിന്റെ ലിബറല്‍ രീതികള്‍ പിന്തുടരാറുണ്ട്. പ്രകടമായി നിലില്‍ക്കുന്ന ഇമേജുകള്‍ പ്രത്യയശാസ്ത്രത്തിന്റെ പരിണതഫലമാണെന്നാണ് അതിലൂടെ അവര്‍ വാദിക്കുന്നത്. എന്നാല്‍ ഇമേജുകളും കഥകളുമെല്ലാം അനുഭവത്തില്‍ നിന്ന് നേരിട്ട് വരുന്നതല്ല. മറിച്ച്, ഇന്‍ഫര്‍മേഷനില്‍ നിന്നാണ് അവ വരുന്നത്. അനുഭവത്തില്‍ നിന്ന് അരിച്ചെടുക്കുന്നതാണത്. മറ്റുചില അറബ് സംവിധായകര്‍ ചരിത്രത്തിലൂടെ വിശദമായി സഞ്ചരിക്കാറുണ്ട്. അനുഭവത്തിന്റെ വിതാനത്തില്‍ തന്നെയാണ് അവര്‍ തങ്ങിനില്‍ക്കുന്നത്. അവരുടെ സിനിമകളില്‍ ഔപചാരിക ചരിത്രം തള്ളിമാറ്റിയ ഇമേജുകളാണ് ഒരു ബദല്‍ ചരിത്രരചനയുടെ ഭാഗമായി ചുരുള്‍ നിവര്‍ത്തപ്പെടാറുള്ളത്.

എന്തുകൊണ്ടാണ് ചരിത്രത്തിന്റെ ചില ഇമേജുകള്‍ മാത്രം നമ്മിലേക്കെത്തുകയും മറ്റുള്ളവ മറക്കപ്പെടുകയും ചെയ്യുന്നത് എന്ന ചോദ്യത്തോടെയാണ് ഞാന്‍ ഈ ലേഖനം തുടങ്ങിയത്. ഞാന്‍ മനസ്സിലാക്കുന്നത് ഭൂതം മറക്കപ്പെടുകയല്ല, മറിച്ച്, മടക്കുകളാക്കപ്പെടുകയാണ് (enfolding) ചെയ്യുന്നത് എന്നാണ്. മടക്കുകളാക്കപ്പെടുക, ചുരുള്‍ നിവര്‍ത്തപ്പെടുക (enfolding-unfolding) തുടങ്ങിയ പ്രയോഗങ്ങള്‍ ലെബിനിസിന്റെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച ദെല്യൂസിന്റെ വിശദീകരത്തെയാണ് സൂചിതമാക്കുന്നത്. ഒരു പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ ഘടകം ഒരു മടക്കാണ് (fold) എന്നാണ് ലെബിനിസ് പറയുന്നത്. അതിനെ പിന്തുടര്‍ന്ന് കൊണ്ടാണ് ദെല്യൂസും ഗുത്താരിയും തങ്ങളുടെ plane of immanence എന്ന ആശയത്തെ വിശദീകരിക്കാന്‍ അനന്തമായ മടക്കുകള്‍ (infinite folds) എന്ന പ്രയോഗം നടത്തുന്നത്. അഥവാ, യാഥാര്‍ത്ഥ്യം (Actual) എന്നത് അനന്തമായ മടക്കുകളായി ഭാവനയില്‍ (virtual) നിക്ഷിപ്തമാണ്. ഭൂതം നമ്മിലേക്കെത്തുന്നത്, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യമാകുന്നത് വളരെ സെലെക്ടീവായ ചുരുള്‍ നിവര്‍ത്തലുകളിലൂടെയാണ് (selective unfolding). അനുഭവം (experience), വിവരം (information), ഇമേജ് എന്നിവ തമ്മിലുള്ള ബന്ധത്തിലൂടെയാണ് അത് സാധ്യമാകുന്നത്. ഈ മൂന്ന് ഘട്ടങ്ങളും plane of immanence നെ ആവിഷ്‌കരിക്കുന്നുണ്ട്.

ഇനി ഞാനിവിടെ experience, information, image എന്നിവയെ ചെറുതായൊന്ന് വിശദീകരിക്കാം. experience എന്നത് വ്യക്തിപരമായ അനുഭവം എന്ന അര്‍ത്ഥത്തിലല്ല ഞാന്‍ ഉപയോഗിക്കുന്നത്. മറിച്ച് എല്ലാ തരത്തിലുമുള്ള അനുഭവങ്ങളെയുമാണ്. അനുഭവം അനന്തമായത് കൊണ്ടുതന്നെ അവയില്‍ ഭൂരിപക്ഷവും മറഞ്ഞാണ് കിടക്കുന്നത്. അവയില്‍ നിന്ന് ഇമേജുകള്‍ ഉണ്ടാകുന്നില്ല. മിക്കതും മറക്കപ്പെടുകയാണ് ചെയ്യുന്നത്. ഇനി ചിലത് ചുരുള്‍ നിവര്‍ത്തപ്പെടുന്നുണ്ടെങ്കിലും ഉടന്‍ തന്നെ അനുഭവത്തിലേക്ക് തന്നെ തിരിച്ച് മടക്കുകളാക്കപ്പെടുകയാണ് ചെയ്യുന്നത്.

രണ്ടാമത്തേത് ഇന്‍ഫര്‍മേഷനാണ്. അനുഭവത്തിന്റെ (experience) അനന്തതയില്‍ നിന്ന് വരുന്നതാണത്. എന്നാല്‍ ഇന്‍ഫര്‍മേഷനിലൂടെ വെളിവാവുന്നതില്‍ പരിമിതിയുണ്ട്. വളരെ സൂക്ഷമമായ തലത്തില്‍ ഇന്‍ഫര്‍മേഷനിലൂടെ അധികാരം നിലനില്‍ക്കുന്നുണ്ട്. കാരണം, വളരെ സെലക്ടീവായ ചരിത്രവും യാഥാര്‍ത്ഥ്യവുമൊക്കെയാണ് ഇന്‍ഫര്‍മേഷനിലൂടെ വെളിവാകുന്നത്. എന്താണ് ചരിത്രം, യാഥാര്‍ത്ഥ്യം എന്നൊക്കെ തീരുമാനിക്കുന്നത് അധികാരമാണ് എന്ന് ചുരുക്കം. അപ്പോള്‍ അനുഭവത്തിന്റെ (experience) വളരെ സെലക്ടീവായ ചുരുള്‍ നിവരലാണ് (unfolding) ഇന്‍ഫര്‍മേഷനിലൂടെ സാധ്യമാകുന്നത്. അധികാരത്തെ താങ്ങിനിര്‍ത്തുന്ന അനുഭവങ്ങളാണ് ഇന്‍ഫര്‍മേഷനിലൂടെ നമുക്ക് ലഭിക്കുന്നത്. അതിലൂടെ ഉണ്ടാകുന്ന ഇമേജ് ക്ലീഷേ ആണെന്നാണ് ദെല്യൂസ് പറയുന്നത്. വളരെ ഏകതാനകവും നിര്‍ണ്ണയപരവുമായ അനുഭവമാണ് അത് പ്രതിഫലിപ്പിക്കുന്നത്.

മൂന്നാമത്തേത് ഇമേജാണ്. അനുഭവവും (experience) വിവരവും (information) തമ്മിലുള്ള ബന്ധത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. എല്ലാ ഇമേജുകളും അനുഭവത്തിന്റെ (experience) നേരിട്ടുള്ള പ്രതിഫലനങ്ങളാണ് എന്നാണ് നാം കരുതുക. എന്നാല്‍ അനുഭവത്തിന്റെ വളരെ സെലെക്ടീവായ ചുരുള്‍നിവരലാണ് (unfolding) യഥാര്‍ത്ഥത്തില്‍ ഇമേജുകള്‍. ഏതെല്ലാം ഇമേജുകളാണ് ചുരുള്‍ നിവര്‍ത്തപ്പെടേണ്ടത് (unfold) എന്ന് തീരുമാനിക്കുന്നത് അധികാരമാണ്. എന്നാല്‍ വളരെ അനന്തമായി ഇമേജുകളെ ആവിഷ്‌കരിക്കുകയാണ് ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുന്നത്. സിനിമകളും ശ്രമിക്കുന്നത് ഇമേജുകളിലൂടെ അനുഭവത്തെ നിര്‍ണ്ണയ സമീപനങ്ങളില്‍ നിന്നും മോചിപ്പിച്ച് അനന്തമായി ആവിഷ്‌കരിക്കാനാണ്. നിയോറിയലിസറ്റ് സിനിമകള്‍ അതിനാണ് ശ്രമിക്കുന്നത്. അനുഭവത്തെ (experience) നേരിട്ട് ചുരുള്‍ നിവര്‍ത്തുകയാണ് ((unfold) അത്തരം സിനിമകള്‍ ചെയ്യുന്നത്. സെലക്ടീവായ ഇമേജുകളെ അവ തടയുന്നുണ്ട്. മൈക്കലാഞ്ചോ അന്റോണിയോണി, ചാന്റല്‍ അകെര്‍മാന്‍, കീലോവ്‌സകി, സിസാക്കോ തുടങ്ങിയവരുടെ സിനിമകളെ നമുക്ക് ഈ ഗണത്തില്‍ പെടുത്താവുന്നതാണ്.   (തുടരും)

Actual , Virtual : ഒറ്റ നോട്ടത്തില്‍ യാഥാര്‍ത്ഥ്യമല്ല എന്ന് നമുക്ക് തോന്നുന്ന കാര്യങ്ങളാണ് virtual ആയി മനസ്സിലാക്കപ്പെടുന്നത്. ഉദാഹരണത്തിന് നമ്മുടെ മനസ്സില്‍ രൂപപ്പെടുന്ന ഒരു ആശയം. അത് അങ്ങനെ തന്നെ നിലനില്‍ക്കുമ്പോള്‍ virtual ആണ്. അത് പ്രായോഗികവല്‍ക്കരിക്കപ്പെടുമ്പോള്‍ (അല്ലെങ്കില്‍ മെറ്റീരിയല്‍ ആയി അനുഭവിക്കുമ്പോള്‍) നാമതിനെ Actual എന്ന് വിളിക്കുന്നു. എന്നാല്‍ ദെല്യൂസ് ഈ വിഭജനത്തെ സ്വീകരിക്കുന്നില്ല. ദെല്യൂസ് പറയുന്നത് രണ്ടും യാഥാര്‍ത്ഥ്യമാണ് എന്നാണ്. രണ്ടിനെയും പരസ്പരം വേര്‍തിരിക്കാന്‍ സാധിക്കാത്ത വിധം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ദെല്യൂസിന്റെ പക്ഷം. ലോറ മാര്‍ക്‌സ് പ്രധാനമായും ദെല്യൂസിയന്‍ സമീപനമാണ് ഈ പഠനത്തില്‍ സ്വീകരിക്കുന്നത്.

Plane of Immanence: existing or remaining within എന്നാണ്  immanence നെക്കുറിച്ച് ഫിലോസഫിയില്‍ നിലനില്‍ക്കുന്ന നിര്‍വ്വചനം. Transcendence ന് നേര്‍വിപരീപതമായി നിലനില്‍ക്കുന്നു എന്ന അര്‍ത്ഥത്തിലാണ് immanence പൊതുവെ മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍ ദെല്യൂസ് അത്തരത്തിലുള്ള മനസ്സിലാക്കലുകളെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ദെല്യൂസ് പറയുന്നത് transcendence, immanence എന്ന നിര്‍ണ്ണിതമായ വിഭജനം നിലനില്‍ക്കുന്നില്ല എന്നാണ്. അതിനു പകരം plane of immanence എന്ന ആശയമാണ് ദെല്യൂസ് മുന്നോട്ടുവെക്കുന്നത്. ജീവിതത്തെയും മരണത്തെയും അതുള്‍ക്കൊള്ളുന്നുണ്ട്. ജീവിതത്തിന് പുറത്ത് സംഭവിക്കുന്ന ഒരു ഇവന്റല്ല മരണം. അതിന്റെ തുടര്‍ച്ച തന്നെയാണ്. വളരെ അനന്തമായിക്കിടക്കുന്ന, വിഭജനങ്ങളില്ലാത്ത ഒരു ഇടമാണ് plane of immanence. ദെല്യൂസ് തന്നെ പറയുന്നത് നോക്കൂ: ‘It is only when immanence is no longer immanence to anything other than itself that we can speak of a plane of immanence’.

 

വിവ: സഅദ് സല്‍മി

ലോറ മാര്‍ക്‌സ്