Campus Alive

അയോധ്യ വിധി: ഇന്ത്യൻ മുസ്‌ലിംകൾ തേടിയത് ഭൂമിയല്ല, ആത്മാഭിമാനമാണ്

കൂടുതൽ വേദനിപ്പിക്കുന്നത് എന്തെന്നാൽ, നവംബർ 9-ന് ഇന്ത്യക്കുമേൽ ഭവിച്ച ദുരന്തത്തെ, “സന്തുലിതമായ വിധി” എന്ന നുണപ്രയോഗത്തിലൂടെ, സാധൂകരിക്കാൻ ശ്രമിച്ചതാണ്.

“മുസ്‌ലിംകൾക്ക് അനുകൂലമായ വിധിയാണ് വന്നിരുന്നതെങ്കിൽ ഞങ്ങളുടെ രക്തം തെരുവിലൂടെ ഒഴുകുമായിരുന്നു! വലതുപക്ഷ ആൾക്കൂട്ടം എല്ലായിടവും കൈയേറുമായിരുന്നു. ഒരു മുസ്ലിമിനെയും അവർ അനങ്ങാൻ അനുവദിക്കുമായിരുന്നില്ല. അതാണ് പച്ചയായ സത്യം. എന്തുകൊണ്ടാണ് ആർക്കും ഇതു പറയാനുള്ള ധൈര്യം ഇല്ലാത്തത്?” രോഷം തുളുമ്പുന്ന ഈ വാക്കുകൾ ഡൽഹി യൂണിവഴ്സിറ്റിയിലെ ചെറുപ്പക്കാരനായ ഒരു മുസ്‌ലിം വിദ്യാർത്ഥിയുടെതാണ്. യുവാക്കൾക്കു മാത്രം സാധ്യമാകുന്ന ഭാഷയിലാണ് അവനതു പറഞ്ഞത് – ലളിതമായും സ്പഷ്ടമായും, കപടമായ തർക്കവാദങ്ങളോ അക്കാദമിക വിശേഷണ പദങ്ങളോ ഇല്ലാതെ.

അവൻ സംസാരം തുടർന്നു – അല്ലാത്തപക്ഷം അവൻ ചിതറിപ്പോകുമെന്നെനിക്ക് തോന്നി – അവന്റെ വികാരങ്ങളെ കുറിച്ച്, അവനേറ്റ അപമാനത്തെ കുറിച്ച്, അവന്റെ രോഷത്തെ, നിസ്സഹായാവസ്ഥയെ കുറിച്ച്. “മുസ്‌ലിംകൾ ഇത്രയ്ക്കു ദുർബലരായി മാറിയോ? നിങ്ങൾ ഞങ്ങളുടെ ഭൂമി കൈയേറി, ചരിത്രപ്രധാനമായ ഒരു പള്ളി തകർത്തു, ഞങ്ങളുടെ വീടുകൾക്ക് തീയിട്ടു, ഞങ്ങൾക്കെതിരെ കലാപമഴിച്ചു വിട്ടു, എന്നിട്ടും നിങ്ങൾ ആദരിക്കപ്പെടുന്നു. മുസ്‌ലിംകൾ ഇതിനെതിരെ പോരാടണം. നമ്മൾ ഈ പോരാട്ടത്തെ മുന്നിൽ നിന്ന് നയിക്കണം. മതനിരപേക്ഷരരായ ഹിന്ദുക്കളും നമ്മോടൊപ്പം ചേരട്ടെ…” കുറച്ച് ദിവസങ്ങളായി ഞാനുമായി സംസാരിച്ച വിദ്യാസമ്പന്നരായ ഒരുപാട് മുസ്‌ലിം യുവാക്കൾ ഇതേ രീതിയിലാണ് പ്രതികരിച്ചത്.

നീതിക്കു പകരമായി നൽകപ്പെട്ട അഞ്ച് ഏക്കർ ഭൂമിയോട് എങ്ങനെ പ്രതികരിക്കണമെന്നതിനെ ചൊല്ലിയും അവർ ആശയങ്ങൾ പങ്കുവെച്ചു. ചിലർ അത് അപ്പാടെ തള്ളിക്കളയണമെന്ന പക്ഷക്കാരാണ്. മറ്റു ചിലർ അവിടെ ഒരാശുപത്രിയോ വിദ്യാലയമോ പണിയണമെന്ന് അഭിപ്രായപ്പെട്ടു. 1992-93 ലെ കലാപ ഇരകൾക്കായി അയോധ്യയിൽ ഒരു സ്മാരകം നിർമിക്കുന്നതിനെ കുറിച്ച് പല യുവാക്കളും ചിന്തിക്കുന്നു. ബാബരി വിധിക്കു മുമ്പായി നടന്ന ആൾക്കൂട്ട കൊലപാതക പരമ്പരയിലെ ഇരകളുടെ ഓർമ്മക്കായി ഒരു സ്മാരകമാണ് മറ്റു ചിലരുടെ ആവശ്യം. എന്തുകൊണ്ട് അഖ്ലാകിനും പെഹ്‌ലുഖാനും ജുനൈദിനും തബ്രീസിനും ഒരു സ്മാരകം ആയിക്കൂടാ? നിലക്കാത്ത അനീതിയുടെ അടയാളസ്തംഭം. ഞാനുമായി സംസാരിച്ച ഒരാളു പോലും, ഒരു വിദ്യാർത്ഥിനി പറഞ്ഞതു പോലെ ‘അപമാനസ്തംഭമായ ഒരു പള്ളി’ ആ ഭൂമിയിൽ ഉയരണമെന്ന് വിശ്വസിക്കുന്നില്ല.

അവർക്കുള്ളിൽ തിളച്ചുമറിയുന്ന രോഷത്തിനു കാരണം വ്യക്തമായ നീതിനിഷേധം മാത്രമല്ല, അതിനെ തുടർന്നുണ്ടായ നിർബന്ധിത മൗനം കൂടിയാണ്.‘ഒടുവിൽ സമാധാനം’, ‘നീതിപൂർവ്വമായ തീരുമാനം’, ‘നമുക്ക് മുന്നോട്ട് നീങ്ങാം’, ‘സന്തുലിതമായ വിധി’ തുടങ്ങിയ വിവിധതരം ആഖ്യാനങ്ങൾ ഭീകരമാം വിധം അടിച്ചേൽപിക്കപ്പെട്ടിരിക്കുന്നു. ‘സാമുദായിക സൗഹാർദം തകരാതിരിക്കാൻ’ എന്ന വ്യാജേന ഭരണകൂടം ഭരണകൂടം വിധിയെ സ്വാഗതം ചെയ്യാൻ മടിക്കുന്ന ശബ്ദങ്ങളെയെല്ലാം ഭയപ്പെടുത്തി നിർത്തിയിരിക്കുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ നിരാശയും രോഷവും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രകടിപ്പിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല?

ഹിംസാത്മകമായി നിര്‍മിക്കപ്പെട്ട സമാധാന സന്ദേശം കപടമായ ഒന്നാണ്.. ബഹുഭൂരിപക്ഷം പേരും ഈ വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് പറയുന്നത് പെരുംനുണയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിഭജനാത്മകമായ നിയമയുദ്ധങ്ങളിലൊന്ന് എന്ന് എല്ലാവരാലും വിശേഷിപ്പിക്കപ്പെട്ട ഒരു കേസിലെ വിധി ഏകസ്വരത്തിൽ സ്വീകരിക്കപ്പെട്ടു എന്നു കരുതുന്നതു തന്നെ യുക്തിയല്ല. ഒരുപാട് ഇന്ത്യക്കാരെ, ഒരുപാട് മുസ്‌ലിംകളെ – അവരുടെ മൊത്തം ജനസംഖ്യ 20 കോടിയോളം വരും എന്നോർക്കുക – ഈ വിധി മുറിവേൽപ്പിച്ചിരിക്കുന്നു. അവർക്കേറ്റ മുറിവുണക്കുന്നതു പോകട്ടെ, മുറിവിന്റെ ആഴം കാണിക്കാനുള്ള സ്വാതന്ത്ര്യം പോലും അവർക്കില്ലേ? വാക്കുകളിലൂടെയെങ്കിലും?

വേദനയെ അവഗണിക്കുന്നത് വിഷാദത്തില്‍ കൊണ്ടെത്തിക്കും. അവർ ആവശ്യപ്പെടുന്നത് നീതി പോലുമല്ല. കേവലാംഗീകാരം മാത്രമാണ്. തങ്ങൾക്കു സാക്ഷികളാവാൻ വേണ്ടിയാണ് അവർ മറ്റുള്ളവരോടാവശ്യപ്പെടുന്നത്. അവർക്കായി കാതോർക്കുക മാത്രമാണ് ശമനത്തിലേക്കുള്ള മാർഗം. അവരുടെ സത്യം വിളിച്ചുപറയലാണത് – അവരത് എങ്ങനെ അനുഭവിക്കുന്നുവോ അതുപോലെ, അവരുടെ കണ്ണുകളിലൂടെ, ഓർമകളിലൂടെ, ഹൃദയങ്ങളിലൂടെ. അവരുടെ വായകൾ മൂടിക്കെട്ടിക്കൊണ്ടല്ല, അവരുടെ ‘പോസ്റ്റു’കൾക്ക് ഭ്രഷ്ട് കൽപ്പിച്ചു കൊണ്ടല്ല, പൊതുസംവാദങ്ങളിൽ നിന്നും ആശയപ്രകാശനങ്ങളിൽ നിന്നും അവരുടെ ശബ്ദങ്ങൾ തുടച്ചുനീക്കിക്കൊണ്ടല്ല.

ജസ്റ്റിസ് രൻജൻ ഗഗോയി

അസദുദ്ദീൻ ഉവൈസി മുസ്‌ലിം യുവാക്കൾക്കായി ഈ വിടവ് നികത്തുന്നതിൽ പങ്കുവഹിക്കുന്നു. മറ്റൊരു രാഷ്ട്രീയക്കാരനും പറയാൻ സാധിക്കാത്തത് ഒരുപാട് കാലമായി അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നു. അദ്ദേഹം സംസാരിക്കുന്നത് നിഗൂഢമായ ഏതോ സാമുദായിക ഭാഷയിലല്ല. വിധിക്കു ശേഷം അദ്ദേഹം പറഞ്ഞതിൽ പ്രകോപനപരമായ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞത് ഒന്ന്, സുപ്രീം കോടതി പരമോന്നതമാണ്, എന്നാൽ പിഴവുകൾക്കതീതമല്ല. രണ്ട്, നീതി നടപ്പിലാക്കപ്പെട്ടിട്ടില്ല. മൂന്ന്, പോരാട്ടം നീതിക്കു വേണ്ടിയായിരുന്നു, അതിനാൽ മുസ്‌ലിംകൾ പകരം ലഭിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കാൻ പാടില്ല. അദ്ദേഹം ഒരു സായുധ വിപ്ലവത്തിനോ ബഹിഷ്കരണ പ്രസ്ഥാനത്തിനോ ആഹ്വാനം ചെയ്തില്ല. പലർക്കും മനസ്സിൽ തോന്നിയ കാര്യം വാക്കുകളിൽ പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. മതനിരപേക്ഷ യുക്തിയുടെ ഈ ചെറിയ പ്രവൃത്തി മുസ്ലിം യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് നായകസ്ഥാനം നൽകുന്നു. എന്തുകൊണ്ടെന്നാൽ മറ്റൊരാളും വായ തുറക്കുന്നില്ല.

കോൺഗ്രസിലെ ലിബറൽ മുസ്‌ലിം മുഖമായ സൽമാൻ ഖുർഷിദ്, “ചില ആളുകൾ അല്പം നിരാശരാണ്” എന്നു പറഞ്ഞുകൊണ്ട്, വിധിയെച്ചൊല്ലിയുള്ള മുസ്‌ലിം, അതല്ലെങ്കിൽ ലിബറൽ, ആകുലതകളിൽ നിന്നും തീർത്തും വിഭിന്നമായ തന്റെ നിലപാട് വെളിപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം തുടർന്നു പറയുന്നു: “മുസ്‌ലിംകൾക്ക് തങ്ങളുടെ നയചാതുരിയും ഹൃദയവിശാലതയും തെളിയിക്കുവാനും, ദേശത്തിന്റെ ഉദ്ഗ്രഥനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സ്ഥാനം പിടിക്കുന്നതിനായി കഠിനാദ്ധ്വാനം ചെയ്യുവാനുമുള്ള അവസരം കൈവന്നിരിക്കുന്നു”. കഠിനാദ്ധ്വാനം ചെയ്യണമെന്നോ? സ്ഥാനം പിടിക്കണമെന്നോ? ദേശീയ ഐക്യത്തിനായി സംഭാവന ചെയ്യണമെന്നോ? അപ്പോൾ ഇത്രയും നാൾ ആ സ്ഥാനം അവരുടേത് അല്ലായിരുന്നോ?

ഇടതുപക്ഷ പാർട്ടികളുടേതായി അവശേഷിക്കുന്ന നിലപാടുകളും അതേപോലെ തള്ളിക്കളയേണ്ടതാണ്. അവരുടെ നിർജ്ജീവമായ പ്രസ്താവനകൾ ഇങ്ങനെ വായിക്കാം: “ഈ കോടതിവിധി പ്രശ്നഗുരുതരമായ (fractious) ഒരു വിഷയത്തിൽ നിയമപരിഹാരം നൽകിയെങ്കിലും വിധിയിലെ ചില ഭാഗങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്” (CPM). “അനുരഞ്ജനത്തിന്റെ വിധി” എന്ന് വിധിയെ വിശേഷിപ്പിച്ച CPI “ധാർമികതയുടെയും, നീതിയുടെയും മതനിരപേക്ഷതയുടെയും വിശാലമായ വീക്ഷണത്തിലൂടെ” അതിനെ നോക്കിക്കാണാൻ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ യുവതുർക്കികൾ – ജിഗ്നേഷ് മേവാനിമാരും കനയ്യ കുമാറുമാരും – JNU വിലെ ഫീസ് വർദ്ധനയെ തുടർന്നുള്ള അസ്വസ്ഥതകൾ ട്വീറ്റ് ചെയ്യുമ്പോഴും, T.N. ശേഷന്റെ നിര്യാണത്തിൽ ദുഃഖമാചരിക്കുമ്പോൾ പോലും, അയോധ്യ വിധിയുടെ കാര്യത്തിൽ കടുത്ത മൗനത്തിലാണ്. നവംബർ 8-നും 11-നും ഇടയ്ക്കുള്ള അവരുടെ ട്വിറ്റർ ടൈംലൈനുകളിൽ അസാധാരണമായ ഒരു നിശ്ശബ്ദത തളംകെട്ടി നിൽക്കുന്നു. വിധിയെ കുറിക്കുന്ന ഒരു ട്വീറ്റും കാണാനില്ല. ഒരു ഇലയനക്കം പോലുമില്ല. ലിബറലുകളാൽ പുണരപ്പെട്ട, മോദിയെയും ഷായെയും ഭയരഹിതമായ ശബ്ദങ്ങളിൽ കൈകാര്യം ചെയ്ത, ഈ യുവരാഷ്ട്രതന്ത്രജ്ഞർ, നിശ്ചിത സന്ദർഭങ്ങളിൽ മാത്രം ശബ്ദിക്കാനും നീതിബോധമുള്ളവരാകാനുമുള്ള തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുന്നു.

ലിബറൽ മൂകതയുടെ ഈ കരിമ്പടം ഭീതിപ്പെടുത്തുന്നു. സമകാലിക ഇന്ത്യയിലെ മുസ്‌ലിം നിസ്സഹായാവസ്ഥ ഭാവനാസൃഷ്ടിയാണെന്ന ഭൂരിപക്ഷ വിശ്വാസത്തിന് അത് ശക്തിപകരുന്നു. ന്യായത്തിനും നീതിക്കും മുമ്പിൽ അത് മുഖം തിരിക്കുന്നു. യഥാർത്ഥത്തിൽ, മുസ്‌ലിം വികാരത്തെ മാനിക്കുന്നത്, അതുണ്ടാക്കുന്ന രാഷ്ട്രീയ നഷ്ടങ്ങളെ സഹിക്കാൻ മാത്രമാണ്. തന്റെ മുസ്‌ലിം നാമം കാരണം വേട്ടയാടപ്പെടുകയും പരിഹസിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്ത ഒരു ഉമർ ഖാലിദ് മാത്രം വിധിയെ ചോദ്യം ചെയ്യുന്ന കമന്റുകൾ റീട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നു എന്നുള്ളത് സമകാലികാവസ്ഥയുടെ സൂചകമാണ്. പൊതു-രാഷ്ട്രീയ മണ്ഡലങ്ങളിൽ നാമ്പിട്ടു കൊണ്ടിരിക്കുന്ന നവ ശബ്ദങ്ങൾക്കിടയിൽ പോലും, നാക്കും നായകനെയും നഷ്ടപ്പെട്ട മുസ്ലിംകളുടെ വേദന പങ്കുവെക്കുന്നതിൽ നിന്നും, മുസ്‌ലിമേതരർ എപ്പോഴും ഒരു നിശ്ചിത അകലം കാത്തുസൂക്ഷിക്കുന്നു. അവരാ വേദനയെ ആശ്ലേഷിക്കുവാനോ, അതിനു വിശ്വാസ സാധുത നൽകുവാനോ ആർജ്ജവം കാണിക്കുന്നില്ല; നീതിയെക്കുറിച്ച് പ്രത്യാശ പകരൽ അവരുടെ അധികാര പരിധിക്കതീതമാണെങ്കിൽപ്പോലും.

ഉമര്‍ ഖാലിദ്‌

പൊതുസമൂഹത്തിനു മുന്നിൽ സത്യം തുറന്നു പറഞ്ഞുകൊണ്ടും മുസ്‌ലിംകൾക്ക് മനഃശ്ശാന്തി പകർന്നുകൊണ്ടും ഉവൈസി തന്റെ കർത്തവ്യം നിറവേറ്റുമ്പോഴും അഭ്യസ്തവിദ്യരായ മറ്റു മുസ്‌ലിം യുവാക്കൾക്കു മുന്നിൽ ഒരു ദേശീയ തെരഞ്ഞെടുപ്പു രാഷ്ട്രീയ നേതാവായി അദ്ദേഹം സ്വീകാര്യനാണോ എന്ന ചോദ്യം അവശേഷിക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനരീതിയിൽ, സൗന്ദര്യ ശാസ്ത്രത്തിൽ, അദ്ദേഹത്തിന്റെ പാർട്ടിയുടെ നാമത്തിനു കീഴിൽ (മജ്ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ), അദ്ദേഹത്തിന്റെ  സമ്മതിദായകർ മുസ്‌ലിംകൾ മാത്രമായിരിക്കും. അദ്ദേഹത്തിനതാണാവശ്യം, അതനുസരിച്ച് അദ്ദേഹം പ്രവർത്തിക്കുന്നു. രാഷ്ട്രീയ നിരീക്ഷകനായ ഒരു സുഹൃത്ത് പറഞ്ഞതുപോലെ, “ഒരു മുസ്‌ലിമിന് മുസ്‌ലിമിതരരുടെ നേതാവാകാൻ ഇന്നത്തെ ഇന്ത്യയിൽ ഒരിക്കലും സാധിക്കില്ല, പിന്നെന്തിന് ഉവൈസി തന്റെ രാഷ്ട്രീയ സൗന്ദര്യ ശാസ്ത്രത്തിൽ മാറ്റം വരുത്തണം? അദ്ദേഹമാരാണെന്നും, ആരോടാണ് സംസാരിക്കുന്നതെന്നും, അദ്ദേഹത്തിനറിയാം”.

ലളിതമായ ഭരണഘടനാ ഭാഷയാണ് (constitutional semantic) ഉവൈസിയുടേത്. അതൊട്ടും മതകീയമല്ല. എങ്കിലും ഒരുപാട് യുവാക്കൾ, തങ്ങളുടെ വികാരങ്ങളുടെ പ്രകാശകനെന്ന നിലയ്ക്ക് ഉവൈസിയോട് നന്ദിയുള്ളവരായിരിക്കെത്തന്നെ, മറ്റൊരു തരം നേതാവിനെ സ്വപ്നം കാണുന്നവരാണ്. മുസ്‌ലിംകളല്ലാത്ത ആളുകളെക്കൂടി ആകർഷിക്കാൻ – അല്ലെങ്കിൽ അവരെ അകറ്റാതിരിക്കാനെങ്കിലും – കഴിവുറ്റവനായ ഒരു നേതാവിനെ. ആത്യന്തികമായി, പ്രശ്നങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഒരു ന്യൂനപക്ഷം പോലും, മുഖ്യധാരയിലേക്ക് ഒരു കുഞ്ഞു വാതിലെങ്കിലും തുറന്നുകിട്ടാൻ ആഗ്രഹിക്കുന്നവരാണ്.

മാധ്യമങ്ങൾക്കു മുമ്പിൽ ‘മുസ്‌ലിം നേതാക്കളാ’യി പ്രച്ഛന്നവേഷം കെട്ടുന്ന മറ്റൊരു കൂട്ടം പ്രധാനികൾ ഉപരിപ്ലവ ജീവികളായ മതപുരോഹിതന്മാരാണ്. ഒരു പക്ഷേ, അധികാരസ്ഥാനികളുമൊത്തുള്ള ഫോട്ടോ അവസരങ്ങളിലൂടെ അതിജീവനം തേടുന്നവരാണിവർ.  വിധിയെ സ്വാഗതം ചെയ്തു കൊണ്ട് ഒരുപാട് പേർ നവംബർ 10-ന് അജിത് ഡോവലിനെ സന്ദർശിക്കുവാനും, ‘സമാധാനം ഉറപ്പുനൽകുവാനും’ തയ്യാറായി. മറ്റുള്ളവർക്കുവേണ്ടി സംസാരിക്കാൻ അവരാരാണ്? മാത്രമല്ല, ഇന്ത്യൻ മുസ്‌ലിംകൾ ഒരു സമാധാനലംഘനത്തിനും മുതിർന്നിട്ടില്ല.

മുസ്‌ലിം നേതാക്കളെന്ന് വിളിക്കപ്പെടുന്ന ഇവർ മഹാത്മ്യത്തിന്റെ ശ്രേഷ്ഠകഥകൾ ചമയ്ക്കാൻ ശ്രമിക്കുന്നത് – ‘ഇന്ത്യൻ മുസ്‌ലിംകൾ എന്തു മാത്രം പക്വതയാണ് കാണിക്കുന്നതെന്നു നോക്കൂ’ – അപകടം പിടിച്ച ബുദ്ധിശൂന്യതയാണ്. അതിൽ മറഞ്ഞിരിക്കുന്ന പ്രസ്താവന എന്താണെന്ന് പരിശോധിക്കൂ – മുസ്‌ലിംകൾ കലാപ പ്രവണതയുള്ളവരാണ്, രാജ്യത്തിന്റെ സ്വസ്ഥതയ്ക്കു ഭീഷണിയാണ്, അതിനാൽ സമാധാനം പാലിക്കൽ, അതായത് അതിഭീകരമായ നീതിനിഷേധത്തിനു മുന്നിൽ ഒന്നും ചെയ്യാതെ അന്തിച്ചുനിൽക്കൽ, തീർത്തും പ്രശംസയർഹിക്കുന്നതാണത്രേ.

നിസ്സഹായരുടെ ദുരന്തപൂർണ്ണമായ നിശ്ശബ്ദത മാത്രമാണിത്.

2013 മുസഫർനഗർ കലാപത്തെ അതിജീവിച്ച, തന്റെ നാടും വീടും ഉപേക്ഷിക്കാൻ നിർബന്ധിതനായ, ഞാനറിഞ്ഞതിൽ വെച്ച് ഏറ്റവും വിവേകശാലികളിൽ ഒരാളായ, അല്ലാഹ്മർ ചാച്ച, എന്റെ 2017-ലെ ചിത്രമായ The Colour of My Home-നു വേണ്ടി, ക്യാമറയ്ക്കു മുന്നിൽ, എന്നോട് പറഞ്ഞു: “പ്രാണികളോ മൃഗങ്ങളോ ഇഷ്ടപ്രകാരം തങ്ങളുടെ ഭൂമി ഉപേക്ഷിക്കാറില്ല. ഭീഷണിക്കു മുന്നിൽ അവർ മുന്നോട്ടു കയറി ആക്രമിക്കും. പക്ഷേ, നിങ്ങൾ ന്യൂനപക്ഷമാവുമ്പോൾ, നിങ്ങൾ നിസ്സഹായരായിത്തീരും. നിങ്ങൾ പിന്മാറാൻ നിർബന്ധിതരാവും. നിങ്ങൾ ഓടിയൊളിക്കേണ്ടിവരും”. ഇത് സമാധാനമല്ല.

അഞ്ച് ഏക്കർ ഭൂമി തള്ളിക്കളയുക. അല്ലെങ്കിൽ ലോകനിലവാരത്തിലുള്ള ഒരു നിയമകലാലയം അവിടെ സ്ഥാപിക്കുക. അതിനെ ‘ഇഖ്റഅ്’ എന്ന് പേരുവിളിക്കുക – ഖുർആനിലെ ആദ്യ വാചകം. ‘വായിക്കുക’ എന്നർത്ഥം. നീതിക്കായുള്ള പ്രതിജ്ഞ പുനഃപരിശോധിക്കുന്നതിന്റെയും പുനരുദ്ധരിക്കുന്നതിന്റെയും ആവശ്യകതയെ എന്നുമെന്നും അത് ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും; മതേതര ഇന്ത്യയുടെ അടയാളമായി, എല്ലാ വിശ്വാസങ്ങൾക്കുമിടയിലെ തുല്യനീതിക്ക് അത് അടിത്തറ പാകും. പക്ഷേ, സുപ്രീം കോടതി ഭൂമി അനുവദിച്ചത് ഒരു ‘നഷ്ടപരിഹാര’ പള്ളിക്ക് വേണ്ടി മാത്രമാണ്, മറ്റൊന്നിനുമല്ല. ഈ തരംതാഴ്ന്ന ലക്ഷ്യത്തെ അവർക്ക് ഉപേക്ഷിക്കാനാവില്ലേ? നമ്മുടെ പരമാധികാരികൾ – കാലത്തിനതീതമായി, മതത്തിന്റെയും പുരാവൃത്തത്തിന്റെയും പുതിയ ലോകങ്ങളിലൂടെ സഞ്ചരിച്ചവർ – ഏറ്റവും പരമപ്രധാനമായ പ്രവൃത്തിമണ്ഡലങ്ങളിൽ പോലും പ്രവേശിക്കാൻ പ്രാപ്തിയുള്ളവരല്ലേ; ആത്മാഭിമാനത്തിനായുള്ള മനുഷ്യചോദനയുടെ, മറവിക്കെതിരെയുള്ള അടിസ്ഥാന പോരാട്ടത്തിന്റെ?

 

വിവര്‍ത്തനം: ഫസീഹ തസ്‌നീം

ഫറാ നഖ്‌വി