Campus Alive

ഉഥ്‌മാനി ഖിലാഫത്തും സൂഫി രാഷ്ട്രീയ ചിന്തയും: ഹുസ്സൈൻ യിൽമാസിന്റെ പുസ്തകത്തെ കുറിച്ച്

ഉഥ്മാനി ഖിലാഫത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ ഇസ്ലാമിക രാഷ്ട്രീയ ചിന്തകളിൽ ഉഥ്മാനി സൂഫി പണ്ഡിതരുടെ സ്വാധീനത്തെക്കുറിച്ച് പേർഷ്യൻ, അറബിക്, തുർക്കിഷ് രചനകൾ അവലംബിച്ചു കൊണ്ടുള്ള ഹുസ്സൈൻ യിൽമാസി (Hüseyin Yılmaz)ന്റെ പഠനമാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ  Caliphate Redefined: The Mystical Turn in Ottoman Political Thought എന്ന പുസ്തകം. അബ്ബാസി ഖിലാഫത്തിന് ശേഷം ഖിലാഫത്ത് എന്ന ആശയത്തെ പറ്റിയുള്ള സൂഫി വിശകലനങ്ങളെ അപഗ്രഥിക്കുന്ന കൃതിയാണിത്. ഉഥ്മാനികളുടെ അധികാരാരോഹണത്തിനു ശേഷം അവർക്കിടയിലുണ്ടായ രാഷ്ട്രീയ ചിന്താ വികാസത്തെയും ഖിലാഫത്തിനെയും കുറിച്ചുള്ള വിവിധ ചർച്ചകൾ ഈ കൃതിയിലുണ്ട്. സൂഫികൾ, ഇസ്ലാമിക നിയമവിദഗ്ധർ, ഭരണകർത്താക്കൾ എന്നിവരുടെ വീക്ഷണങ്ങൾ ഉൾപ്പെടുത്തി രചയിതാവ് തന്റെ കൃതിയുടെ ആധികാരികത പ്രബലപ്പെടുത്തിയിരിക്കുന്നു. പ്രധാനമായും പതിനഞ്ചു, പതിനാറു നൂറ്റാണ്ടുകളിലെ ഉഥ്മാനികളുടെ രചനകളാണ് ഈ കൃതിയുടെ സുപ്രധാന സ്രോതസ്സുകൾ. ഏഷ്യ മൈനർ, തുർകിക് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജീവിച്ച പണ്ഡിതരുടെയും ഉഥ്മാനി ഭരണകർത്താക്കൾക്കായി രചന നടത്തിയ പണ്ഡിതരുടെയും കൃതികളാണ് രചയിതാവ് അവലംബിച്ചിട്ടുള്ളത്. ഉഥ്മാനികളുടെ അധീനതയിലല്ലാത്ത പ്രദേശങ്ങളിലെ അറബ് പണ്ഡിതരുടെ രചനകൾ ചർച്ചയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

Hüseyin Yılmaz

പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ അമീർ തൈമൂർ നടത്തിയ സൈനികാക്രമണം ഉഥ്മാനികളെ ഭരണപരിഷ്കാരത്തിനും രാജ്യഭരണവൈദഗ്‌ദ്ധ്യം നേടുന്നതിലേക്കും നയിച്ചിരുന്നു. മധേഷ്യൻ ദേശങ്ങൾ അമീർ തൈമൂറിന്റെ ഭരണത്തിലൂടെ സാംസ്‌കാരിക ഔന്നത്യം നേടിയിരുന്നതിനാൽ ഉഥ്മാനികൾ അവരെ മാതൃകയാക്കാൻ ശ്രമിച്ചുവെന്നാണ് രചയിതാവ് അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിൽ അറബി, പേർഷ്യൻ ഭാഷകളിലുള്ള ഇസ്ലാമിക രാഷ്ട്രീയ ചിന്തയെക്കുറിച്ച ധാരാളം കൃതികൾ തുർക്കി ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. സഫവി ഭരണാധികാരത്തിനു കീഴിൽ പ്രയാസമനുഭവിച്ച നിരവധി സൂഫി പണ്ഡിതർ ഉഥ്മാനി അധീന പ്രദേശങ്ങളിലേക്ക് കുടിയേറി. 1516–1517 ലെ ഉഥ്മാനികളുടെ പര്യടനത്തോടെ വിശാലമായ അറബ് പ്രദേശങ്ങൾ അവരുടെ അധീനതയിലായത് കാരണം ഇസ്ലാമിക വൈജ്ഞാനിക വ്യവഹാരങ്ങളിൽ ഉഥ്മാനികൾക്ക് മേൽക്കൈ ലഭിക്കുകയുണ്ടായി. അറബ് പ്രദേശങ്ങൾ കീഴടക്കിയതോടെ ഉഥ്മാനി ഖിലാഫത്തിന്റെ വിശാലത വർധിച്ചത് അവരുടെ വൈജ്ഞാനിക വ്യവഹാരങ്ങളിൽ വൈവിധ്യം രൂപപ്പെടാനും കാരണമായി. ഖലീഫ സുലൈമാൻ അൽ ഖാനുനിയുടെ ഭരണകാലഘട്ടത്തിൽ വന്ന സാമൂഹിക രാഷ്ട്രീയ മാറ്റത്തെക്കുറിച്ച രചയിതാവ് വിശദമായി വിശകലനം ചെയ്യുന്നുണ്ട്. സുലൈമാനിനു മുമ്പ് ഉഥ്മാനി രാഷ്ട്രീയ ചിന്തകളെ ഉത്തേജിപ്പിച്ചിരുന്നത് അറബി പേർഷ്യൻ കൃതികളുടെ വിവർത്തനങ്ങളായിരുന്നു. ഉഥ്മാനി ഖിലാഫത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭൂമികകളിൽ പ്രസക്തമായ പരിഷ്കാരത്തിനു സാക്ഷ്യം വഹിച്ച സുലൈമാൻ ഖാനുനിയുടെ ഭരണക്രമത്തിലെ മാറ്റങ്ങൾ ഈ കൃതിയിൽ വിശദീകരിക്കുന്നുണ്ട്.

അബ്ദുൽ വാസി ചെലബിയുടെ ഹലീൽ നാമ, താജുദ്ദിൻ ഇബ്രാഹിം ഇബ്ൻ ഹിദ്‌ർ അഹ്‌മദിയുടെ ഇസ്കെന്ദർ നാമ തുടങ്ങിയവയാണ് ഉഥ്മാനി ഭരണ വംശത്തിന്റെ ഇസ്ലാമിക മാനങ്ങൾ വിശദീകരിക്കുന്ന ആദ്യകാല ഗ്രന്ഥങ്ങൾ. 1402 ലെ അമീർ തൈമൂറിന്റെ ആക്രമണം ഉഥ്മാനീ ഭരണത്തെ പിടിച്ചുലച്ചിരുന്നു. രാഷ്ട്രീയ സംഘർഷങ്ങളും അഭ്യന്തര ഭിന്നതകളും തകർത്ത ഉഥ്മാനീ ദേശത്തിനു ഭദ്രമായ അധികാര വ്യവസ്ഥയും അനുപൂരകമായ സാമൂഹ്യ പിന്തുണയും അനിവാര്യമായിരുന്നു. അഹ്‌മദിയുടെ ഇസ്കന്ദർനാമയും അബ്ദുൽ വാസി ചെലബിയുടെ ഖലീൽ നാമയും ഉഥ്മാനികളുടെ ഉയിർത്തെഴുന്നേൽപ്പിനു സഹായകമായി വർത്തിച്ചു. മുൻകാല രാജഭരണകൂടങ്ങളുടെ പതനം ചൂണ്ടിക്കാട്ടിയ അഹ്‌മദി, മർദ്ദകരായ തൈമുർ ഭരണവും തകർന്നടിയുമെന്നും ഉഥ്‌മാനികൾ ഇസ്ലാമിന്റെ സംരക്ഷകരായി ഉയർന്നു വരുമെന്നും പ്രവചിച്ചു. ഇബ്റാഹിം (അ) യുടെ ജീവിതവും അദ്ധേഹം നേരിട്ട പരീക്ഷണങ്ങളും പ്രതിസന്ധികളും വിവരിക്കുന്ന അബ്ദുൽ വാസി ചെലബിയുടെ ഖലീൽ നാമ, ഉഥ്‌മാനികൾക്ക് ഭരണ മേഖലയിൽ ആത്മീയ ഊർജം നൽകി. അമീർ തൈമൂറിന്റെ ആക്രമണത്തിലൂടെ അപമാനിതരായ ഉഥ്‌മാനികൾക്ക് ശോഭനമായ ഭാവി പ്രവചിക്കുന്ന കൃതിയാണിത്. പ്രമുഖ സൂഫി വര്യൻ നജ്‌മുദ്ദിൻ കുബ്‌റയുടെ ശിഷ്യൻ നജ്‌മുദ്ദിൻ ദായെ (1256 )യുടെ മിർസാദുൽ ഇബാദ് ഭരണകൂടത്തെകുറിച്ച സൂഫി രചനകളിലൊന്നാണ്. സെൽജൂക് ഭരണാധികാരി അലാഉദ്ദിൻ കൈകുബാദിനു വേണ്ടി എഴുതിയ ഈ കൃതിയിലൂടെ ഉഥ്മാനി പ്രദേശങ്ങളിൽ കുബ്‌റവിയ ത്വരീഖത്തിന്റെ സ്വാധീനം ഏറിയിരുന്നു. മിർസാദുൽ ഇബാദ് കൂടാതെ നജ്‌മുദ്ദിൻ ദായെയുടെ മനാറാത് അൽ സാഇരീൻ എന്ന കൃതിയിലെ ഖിലാഫത്തിനെക്കുറിച്ച വിശകലനങ്ങൾ പതിനാറാം നൂറ്റാണ്ടിലെ ഉഥ്മാനി രാഷ്ട്രീയ ചിന്തകളിൽ ചലനം സൃഷ്ടിച്ചിരുന്നു. ഇബ്‌നു അറബിയുടെ സമകാലികനായ നജ്മുദ്ധീൻ റാസി ദായയുടെ ചിന്തകളും ഉഥ്മാനികളുടെ വൈജ്ഞാനിക വികാസത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈഖും പ്രമുഖ സൂഫി വര്യനുമായ നജ്മുദ്ധീൻ കുബ്‌റയുടെ ചിന്തകളുമുൾക്കൊള്ളുന്ന ‘മിർസാദുൽ ഇബാദ് മിനൽ മബ്‌ദഇ ഇലൽ മആദ്’ എന്ന കൃതിയിൽ അധികാരത്തെ ഖിലാഫത്തുമായി താരതമ്യം ചെയ്യുന്നു. മൂലൂകെ ദുനിയാ (ലോകത്തിന്റെ ഭരണകർത്താക്കൾ ), മുലൂകെ ദീൻ ( ദീനിന്റെ ഭരണകർത്താക്കൾ) എന്നീ രണ്ട് ഭാവങ്ങളും ചേരുമ്പോഴാണ് യഥാർത്ഥ ഖലീഫ ആകുന്നതെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. ഈ കാലഘട്ടത്തിൽ ഇമാം ഗസാലി, മാവർദി, ഫാറാബി എന്നിവരുടെ രചനകളും ഭാഷാന്തരം ചെയ്യപ്പെട്ടിരുന്നു. അഹ്‌മദ്‌ ബിൻ ഹുസാമുദ്ദിൻ അൽ-അമാസിയുടെ മിർആതുൽ മുലൂക് രാഷ്ട്രീയ തത്വമീമാംസയിൽ രചിക്കപ്പെട്ട ഉഥ്‌മാനി ഘട്ടത്തിലെ ആദ്യ കൃതിയായി പരിഗണിക്കപ്പെടുന്നു. സുൽത്താൻ മുഹമ്മദ് ഒന്നാമന് (ഭരണം 1413–1421) സമർപ്പിക്കപ്പെട്ട ഈ ഗ്രന്ഥത്തിൽ അറബി പേർഷ്യൻ ഭാഷകളിൽ ഇസ്ലാമിക രാഷ്ട്രീയ തത്വമീമാംസയെക്കുറിച്ചു രചിക്കപ്പെട്ട നിരവധി കൃതികൾ പരാമർശിക്കുന്നുണ്ട്.

ശൈഖ് ഇബ്‌നു അറബിയുടെ ഖിലാഫത്തിനെ കുറിച്ച വീക്ഷണം ഉഥ്‌മാനി ഖിലാഫത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു രചയിതാവ് വിശദീകരിക്കുന്നു. ബിദ്‌ലിസി, ദിസ്ദാർ, താഷ്‌കോപ്രു സാദേ, അബുൽ ഫസൽ മുൻഷി, ശിർവാനി തുടങ്ങിയ ഉഥ്‌മാനി പണ്ഡിതർ ശൈഖ് ഇബ്‌നു അറബിയുടെ ചിന്തകളാണ് ഈ വിഷയത്തിൽ പിന്തുടർന്നത്.

1516-1517 കളിൽ സലിം ഒന്നാമൻ അറബ് പ്രദേശങ്ങൾ കിഴടക്കിയതോടെ ഇബ്‌നു അറബിയുടെ കീർത്തിയും അദ്ദേഹത്തിന്റെ ചിന്തകൾക്ക് ഖിലാഫത്തിൽ സ്വീകാര്യതയും വർദ്ധിക്കുകയാണുണ്ടായത്. ഉഥ്‌മാനികളുടെ ഉത്ഥാനത്തെക്കുറിച്ച പ്രവചനാത്മകമായ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഇബ്‌നു അറബിയെ ഖിലാഫത്തിന്റെ സുപ്രദാന സൂഫി ശൈഖായി പ്രതിഷ്ഠിക്കാൻ കാരണമായി. അദ്ദേഹത്തിന്റെ ഫുതുഹാതുൽ മക്കിയ, ഫുസൂസുൽ ഹികം തുടങ്ങിയ കൃതികളും സദറുദ്ധീൻ കുനാവി, ദാവൂദ് കൈസരി, മുല്ല ഫെനാരി, അഹ്‌മദ്‌ ബിജാൻ, ബാലി എഫന്ദി, ഹമദാനി അടക്കമുള്ള അനുയായികളുടെ വിശദീകരണങ്ങളും ഉഥ്‌മാനി വൈജ്ഞാനിക വ്യവഹാരങ്ങളിൽ ഇബ്‌നു അറബിയുടെ ചിന്തകൾക്ക് കൂടുതൽ സ്വാധീനം നേടിക്കൊടുത്തു. ഉഥ്‌മാനി ഖിലാഫത്തിന്റെ നിയമ സാധുത, അവരുടെ വംശചരിത്രത്തിൽ ഇസ്ലാമിന്റെ സ്ഥാനം, ഇസ്ലാമിക ലോകത്തു ഉഥ്‌മാനി ഖിലാഫത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ സമർത്ഥിക്കാൻ സൂഫികൾ അവരുടെ രചനകളിലൂടെ ശ്രമിച്ചു. ഉഥ്‌മാനി സൂഫികൾക്കിടയിൽ പ്രവാചകനു ആത്മീയം, രാഷ്ട്രീയം, പ്രവാചകത്വം എന്നീ സവിശേഷതകൾ കല്പിച്ചുകൊടുത്തിരുന്നു. ഖുറൈശി ഗോത്രത്തിനു അധികാരം എന്ന ഖിലാഫത്തിനെക്കുറിച്ച മധ്യകാല ഫുഖഹാക്കളുടെ നിബന്ധന അബ്ബാസി ഘട്ടത്തിന് ശേഷം വെല്ലുവിളിക്കപ്പെട്ടു. ഈ സൂഫികൾ ഖിലാഫത്തിനുള്ള പരമമായ മാതൃക അല്ലാഹുവിൽ കണ്ടു എന്നാണ് യിൽമാസ് വാദിക്കുന്നത്. അള്ളാഹുവിന്റെ പ്രതിനിധികളായി പ്രവാചകരിൽ ഭരമേല്പിച്ചു. സാധാരണ സൂഫി ശൈഖിന്‌ നല്കപ്പെട്ടിരുന്ന ‘ഖുത്ബ്’ എന്ന ആത്മീയ നേതൃത്വത്തെ സൂചിപ്പിക്കുന്ന പദം ഖലീഫക്കും ലഭിച്ചത് ഇക്കാലത്താണ്. ആത്മീയ ചൈതന്യത്തിലൂടെയല്ലാതെ ഭൂമിയിൽ ഔന്നത്യം ലഭിക്കുകയില്ല, ഖലീഫ നബി (സ)യുടെ പ്രതിരൂപമായി മാറണം, തുടങ്ങിയ വാദങ്ങൾ പ്രബലമായിരുന്ന സാഹചര്യത്തിലാണ് സൂഫി പണ്ഡിതർ ഖലീഫയ്ക്ക് ‘ഖുത്ബ്’ സ്ഥാനം നൽകി അലങ്കരിച്ചത്. തികച്ചും ധാർമിക മൂല്യങ്ങളിലൂന്നിയ ഖുത്ബ് എന്ന സ്ഥാനം നൽകിയത് ഇസ്ലാമിക നിയമ പാലനത്തിനും സംരക്ഷണത്തിനുമാണ്. ഖുതുബ്, ഗൗസ് എന്നീ പദങ്ങൾ രാഷ്ട്രീയ, ആത്മീയ ആശയതലങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഖുതുബിയ ഖിലാഫത് എന്നത് പൂരകമായാണ് ഇബ്‌നു അറബി ഫുതൂഹാത്തിൽ ഉപയോഗിച്ചത്.

പതിനഞ്ചാം നൂറ്റാണ്ടിൽ സൂഫീ പണ്ഡിതർ ഉഥ്‌മാനീ ഭരണകർത്താക്കളെ, ഭരണാധികാരി എന്നതിനപ്പുറം ആത്മീയ നേതാവ് എന്ന തലത്തിലേക്കും ചിത്രീകരിക്കാൻ ആരംഭിച്ചു. സൂഫികളുടെ വിശകലനത്തിലൂടെ ലഭ്യമായ മുസ്ലിംകൾക്കു മേലുള്ള സമ്പൂർണ അധികാരം, ഖിലാഫത്തിന്റെ വ്യാപനത്തിനു മുതൽക്കൂട്ടായി. ചരിത്രപരമായ കാരണങ്ങളാൽ മുസ്ലിം ലോകത്തിന്റെ അധികാരി എന്നർഥത്തിൽ മാത്രം വിളിക്കപ്പെട്ട ‘ഖലീഫ’ക്ക് തനത് മാനം കൈവരുന്നതിൽ ഈ സൂഫീകൾക്ക് പങ്കുണ്ട്. പൊതുജനത്തിന്റെ ധാർമിക നിലവാരവും സാമൂഹിക ക്രമസമാധനവും അവലംബിച്ചു വ്യവഹരിക്കപ്പെട്ട ക്ലാസിക് ഫിഖ്ഹ് രചനകളിലെ ‘ഖിലാഫത്തിൽ’ നിന്നും വിഭിന്നമായി ഭരണാധികാരിയുടെ ധാർമികതക്ക് പ്രാധാന്യം ലഭിച്ചത് സൂഫീ വിശകനങ്ങളിലൂടെയാണ്. പൂർണനായ ദൈവിക പ്രതിനിധിയായി ഉഥ്‌മാനീ ഭരണാധികാരി വാഴ്ത്തപ്പെട്ടു. ഖിലാഫത്തിന്റെ പുതിയ വ്യാഖ്യാനം, ഉഥ്‌മാനീ ഭരണ നേതൃത്വത്തിനു വെല്ലുവിളിയും ഉയർത്തിയിരുന്നു. ജനവിരുദ്ധനയങ്ങളും അടിച്ചമർത്തലും അധികാരത്തിൽ നിന്നും നിഷ്കാസനം ചെയ്യപ്പെടാനുള്ള കാരണമായി അവർ വിലയിരുത്തി. എങ്കിലും കുടുംബ ഭരണം തുടർന്ന ഉഥ്‌മാനികളുടെ അധികാര വ്യവസ്ഥക്ക് ദൈവശാസ്ത്രപമായ താത്വിക പിൻബലം നൽകുന്നതിൽ ഈ സൂഫി പണ്ഡിതർ വിജയിച്ചു. ധാർമികത, സദാചാരം, കരുണ എന്നിവയെല്ലാം സൂഫീ വിശകലനങ്ങളിലെ ഖിലാഫത്തിന്റ സുപ്രധാന ഘടകങ്ങളായി മാറി. മുപ്പതു വർഷത്തെ ഖിലാഫത്തു റാഷിദയെക്കുറിച്ച നബി (സ)യുടെ പ്രവചനത്തെ അവലംബിച്ചു അലായി ബിൻ മുഹിബ്ബി അൽ ശീറാസി ഖിലാഫത്തിനെ ഖിലാഫ കാമില, ഖിലാഫ ഹഖീഖിയ്യ എന്ന് രണ്ടായി തരാം തിരിച്ചിരുന്നു. ഖിലാഫത്തു റാഷിദയെ ഖിലാഫ കാമിലയെന്നും ഷേമുള്ള മുസ്ലിം ഭരണകൂടങ്ങളെ ഹഖീഖിയ്യ എന്നും. മുഹമ്മദ് ബിൻ മെഹ്‌സിൻ അൽ അൻസാരി എന്ന പണ്ഡിതൻ ഖലീഫയ്ക്ക് സുൽത്താനല്ലാഹ് എന്ന വിശേഹനം കൂടെ നൽകി. പ്രവാചക ഭരണം (ഖിലാഫ നുബുവ്വ) പിന്തുടരുന്ന പരമാധികാരിയെന്ന നിലയിൽ സംസ്കരണ നയങ്ങൾ നടപ്പിലാക്കുന്നവനും (ഇസ്ലാഹ്) ഇസ്ലാം ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്യുകയും അവരുടെ സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്യുന്നവൻ ആണ് ഖലീഫ അഥവാ സുൽത്താനുള്ളാഹ്. മുസ്ലിംകളുടെ ജീവിതവും അവരുടെ സംരക്ഷണവും അള്ളാഹു ഖലീഫയെ ഭരമേല്പിച്ചിരിക്കുന്നു.

ഇമാം, സുൽത്താൻ ഖലീഫ തുടങ്ങിയ സുപ്രധാന ഇസ്ലാമിക പദ സഞ്ജയങ്ങളെക്കുറിച്ച ചരിത്ര വായനയും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണകർത്തകളായിരുന്ന മുൻകാല പ്രവാചകരുടെ മാതൃക ഉഥ്‌മാനി പണ്ഡിതർ ഖലീഫയുടെ സ്ഥാനത്തെക്കുറിച്ച ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നു. യഥാർത്ഥ ഖിലാഫത് ഖിലാഫത്തു റാശിദക്കു ശേഷം അവസാനിച്ചുവെന്ന് താഷ്‌കോപ്രു സാദേ അഹ്‌മദ്‌ എഫന്ദിയുടെ നിരീക്ഷണം ഖലീഫത് റസൂലില്ലാ എന്ന രാഷ്ട്രീയ പദപ്രയോഗത്തിൽ നിന്നും ഇമാം അല്ലെൽങ്കിൽ ഖലീഫാത്തുല്ലാഹ് എന്ന ആശയത്തിലേക്കുള്ള മാറ്റം കുറിക്കുന്നുണ്ട്. ഖലീഫത് റസൂലില്ലാ എന്ന പദം വഹിക്കുന്ന ആശയതലങ്ങളെക്കാൾ എളുപ്പമുള്ള രാഷ്ട്രീയ സംജ്ഞയായി ഖലീഫാത്തുല്ലാഹിനെ ഉഥ്‌മാനി പണ്ഡിതർ കണ്ടു. വ്യക്തമായ രാഷ്ട്രീയ പ്രാധാന്യമുള്ള വിശകലനങ്ങൾക്കും കൂടുതൽ സ്വാതന്ത്ര്യമുള്ള വ്യഖ്യാനങ്ങൾക്കും ഖലീഫാത്തുല്ലാഹ് മതിയാകുമെന്നു അവർ വീക്ഷിച്ചു.

ഇബ്ൻ ഈസ സറൂഹാനി, താഷ്‌കോപ്രു സാദേ, മുസ്തഫ ചെലബി ജലാൽ സാദേ, കിനാലി സാദേ അലി ചെലബി, ലൂഥ്ഫി പാഷ തുടങ്ങിയവരുടെ രചനകളെക്കുറിച്ചും ഈ കൃതിയിൽ വിശകലന വിധേയമാക്കുന്നുണ്ട്. ഈ രചനകളെല്ലാം സുലൈമാൻ ഭരണകാലം മുതൽ ഉഥ്‌മാനി രാഷ്ട്രീയ ചിന്തകളിൽ കാതലായ മാറ്റം സംഭവ്യമാക്കി. കൂടാതെ ഈ രചനകളിലൂടെ ഉഥ്മാനി രാഷ്ട്രീയ ചിന്തകളിൽ സൂഫി ചിന്തകൾ അഗാധമായി സ്വാധീനം നേടി. ഭരണാധികാരി എന്ന വ്യക്തിയെക്കുറിച്ച വായനകൾക്കപ്പുറം ദേശം, ഭരണക്രമം, ആഭ്യന്തര വ്യവസ്ഥ എന്നിവയെക്കുറിച്ച വീക്ഷണങ്ങൾക്കും പ്രാധാന്യം ലഭിച്ചു. അബുൽ ഫസൽ മുൻഷി, ശൈഹോഗ്‌ലു മുസ്തഫ, ഖാസിം ബിൻ മഹ്‌മൂദ് കറാഹിസാരി, ഖാസിം ചെലബി, ഖാസിം ബിൻ സെയ്ദി അൽ ഹാഫിസ് അങ്കാരി തുടങ്ങിയവരും ഉഥ്‌മാനി രാഷ്ട്രീയ ചിന്തകളിൽ ധാരാളം സംഭാവനകൾ അർപ്പിച്ചവരാണ്.

ഉഥ്‌മാനീ ഖിലാഫത്തിന്റെ വരവോടെയാണ് പരമ്പരാഗത നിയമഞ്ജർക്ക് ബദലായി സൂഫി പണ്ഡിതർക്ക് നിയമാധികാരത്തിൽ നിർണായക സ്വാധീനം ലഭിക്കുന്നത്. അബ്ദാലീ സൂഫികൾ, ബെക്‌തഷീ സൂഫികൾ, ഖൽവതീ ത്വരീഖത്, യസവിയ്യ ത്വരീഖത് തുടങ്ങി നിരവധി സൂഫി സരണികൾ ഉഥ്‌മാനീ ഖിലാഫത്തിന്റെ സ്ഥാപനത്തിലും വികാസത്തിലും അനിഷേധ്യമായ പങ്കു വഹിച്ചിട്ടുണ്ട്. ഉഥ്‌മാനീ ഖിലാഫത്തിലെ ആദ്യ ശൈഖുൽ ഇസ്ലാം ശൈഖ് ഫെനാരീ സൂഫീ ശൈഖ് ആയിരുന്നു. ആകസ്‌മികമായല്ല, പകരം ഇസ്ലാമിക മുന്നേറ്റത്തിനും നവജാഗരണത്തിനും നേതൃത്വം കൊടുക്കാനാണ് ഉഥ്‌മാനികൾ ഉദയം ചെയ്തതെന്ന് പതിനാറാം നൂറ്റാണ്ടിലെ ശൈഖുൽ ഇസ്ലാം ഇബ്ൻ കമാൽ അദ്ദേഹത്തിന്റെ ചരിത്ര ഗ്രന്ഥത്തിൽ എഴുതുന്നു. സൂഫീ ത്വരീഖത്തുകൾക്കിടയിലെ കേന്ദ്രീകൃത അധികാരഘടനയും അതിനെക്കുറിച്ച തത്വചിന്തയും ഉഥ്‌മാനീ ഖലീഫമാർ ഖിലാഫത്തിന്റെ വളർച്ചക്കായി ഉപയോഗിച്ചിട്ടുണ്ട്.

ഖിലാഫത്തിന്റെ ചരിത്രപരമായ വികാസവും അതിൽ സുന്നി ശീഈ വ്യഖ്യാനങ്ങൾ സൃഷ്ടിച്ച അന്തരഫലങ്ങളും ഈ ഗ്രന്ഥം ചർച്ച ചെയ്യുന്നു. അബൂബകർ (റ), അലി (റ) എന്നിവർക്കു സൂഫീ ത്വരീഖത്തുകൾക്കിടയിൽ ലഭിച്ച സ്ഥാനത്തെകുറിച്ച വിവിധ വിശകലനങ്ങൾ ഇതിൽ കാണാം. ഉഥ്മാനി കാലഘട്ടത്തിലെ ശീഈ- സുന്നി അഭിപ്രായ ഭിന്നതകളും ഉഥ്മാനി സഫവി ഭരണ നേതൃത്വങ്ങളിൽ ചെലുത്തിയ സ്വാധീനവും ഈ കൃതി ചർച്ച ചെയ്യുന്നുണ്ട്. സഫവി ഉഥ്മാനി രാഷ്ട്രീയ സംഘർഷം പതിനാറാം നൂറ്റാണ്ടിലെ ഉഥ്‌മാനി രാഷ്ട്രീയ ചിന്തകളിൽ കൂടുതൽ സുന്നി കേന്ദ്രീകൃത വ്യാഖ്യാനങ്ങൾക്ക് വഴിയൊരുക്കി. ഹിസിർ മുൻഷി, ശിർവാനി പോലുള്ള പണ്ഡിതർ ശീഈ വിരുദ്ധ വായനയ്ക്ക് നേതൃത്വം നൽകിയിരുന്നത്. ശീഈ സഫവി രാജകുടുംബത്തെ എതിരിടാനുള്ള ശ്രമത്തിലൂടെ സുന്നി പണ്ഡിതരുടെ ഖിലാഫത്തിനെക്കുറിച്ച നവ വ്യാഖ്യാനങ്ങളും രൂപപ്പെടാൻ സാധ്യതയൊരുങ്ങി. ദൈവ ശാസ്ത്ര ആഖ്യാനങ്ങളിലൂടെയും ഫിഖ്‌ഹീ ചർച്ചകളിലൂടെയും ഉഥ്‌മാനി ഖലീഫമാരുടെ സ്ഥാനം ഉയർത്തിക്കാണിക്കാൻ അവർ ശ്രമിച്ചു എന്ന് രചയിതാവ് അഭിപ്രായപ്പെടുന്നു. ഹനഫി മദ്ഹബിനു അപ്രമാദിത്വം ഉണ്ടായിരുന്ന ഏഷ്യാ മൈനർ പ്രദേശങ്ങളിൽ അബുസുഊദ്, ഇബ്ൻ കമാലിനെപ്പോലുള്ള പണ്ഡിതർ ആ മദ്ഹബിന്റെ അടിസ്ഥാനത്തിൽ ഖിലാഫത്തിന്റെ ഭരണനിയമങ്ങൾ രൂപപ്പെടുത്താൻ മുന്നിൽ നിന്നു. മറ്റു മദ്ഹബുകളുടെയും സാമൂഹിക രാഷ്ട്രീയ പ്രാധാന്യം ഈ കൃതിയിൽ പരാമർശിക്കുന്നുണ്ട്. ഇസ്ലാമിക രാഷ്ട്രീയ ചിന്തകളിൽ സൂഫിവര്യന്മാരുടെയും ഉഥ്‌മാനി ഖിലാഫത്തിന്റെയും സംഭാവനകളെക്കുറിച്ച് വിശദ പഠനം നടത്താനാഗ്രഹിക്കുന്നവർക്ക് ഈ കൃതി ഒരു മുതൽക്കൂട്ടാണ്.

ഡോ: സൈഫുദ്ദീൻ കുഞ്ഞ്. എസ്