Campus Alive

നമുക്ക് ഭയവും വിദ്വേഷവും അവസാനിപ്പിക്കാം: ബിൽക്കീസ് ബാനു

(ബില്‍ക്കീസ് ബാനു കേസ് വിധി പ്രഖ്യാപനത്തിന് ശേഷം ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ വെച്ച് ഒരുകൂട്ടം സാംസ്കാരിക-സാമൂഹിക പ്രവർത്തകർ സംഘടിപ്പിച്ച പത്രസമ്മേളനത്തിന് ശേഷം സംഘാടകര്‍ ഔദ്യോഗികമായി പുറത്തുവിട്ട പത്രക്കുറിപ്പ്.)

 

ഗുജറാത്ത് വംശഹത്യയുടെ ക്രൂരതകൾക്കിരയായ ബിര്‍ക്കീസ് ബാനുവിന് അന്‍പത് ലക്ഷം രൂപയും ജോലിയും വീടും നഷ്ടപരിഹാരം നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

കൃത്യമായ ലക്ഷ്യത്തോടെ നടത്തപ്പെട്ട വര്‍ഗ്ഗീയ കലാപത്തിനിടയില്‍ കൂട്ടബലാല്‍സംഗത്തെയും കൂട്ടക്കൊലയെയും അതിജീവിച്ച വ്യക്തിക്ക് ആദ്യമായാണ് ഇന്ത്യയില്‍ ഇത്രയും വലിയ നഷ്ടപരിഹാരം ലഭിക്കുന്നത്.

“എത്ര പണം നഷ്ടപരിഹാരമായി ലഭിച്ചു എന്നുള്ളതല്ല ഇവിടെ വിഷയം. എന്താണ് ഇതിലൂടെ ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ ആളുകള്‍ക്കും എന്താണ് ഇതിലൂടെ ലഭിക്കുന്ന സന്ദേശം എന്നുള്ളതാണ് പ്രധാനം. ഇന്ത്യയിലെ ഒരു പൗരനും രാഷ്ട്രഹിംസക്ക് ഇരയാവരുത്. നമുക്കീ ഭയവും വിദ്വേഷവും അവസാനിപ്പിക്കാം.” ഡല്‍ഹിയിലെ ജനക്കൂട്ടത്തെ അഭിമുഖീകരിച്ചുകൊണ്ട് ബില്‍ക്കീസ് ബാനു പറഞ്ഞ വാക്കുകളാണിത്.

“ഭരണഘടനയിലും പൗരനെന്ന നിലക്കുള്ള എന്റെ അവകാശങ്ങളിലും ഞാന്‍ വിശ്വസിച്ചിരുന്നു, സൂപ്രീം കോടതി എനിക്കുവേണ്ടി നിലകൊണ്ടു. അതിനാല്‍ തന്നെ ജഡ്ജിമാരോട് ഞാന്‍ തീര്‍ച്ചയായും കടപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ചുവടുവെപ്പുകള്‍ നടത്തിയ യാത്രയായിരുന്നു അത്. എന്റെയും എന്റെ കുഞ്ഞിന്റെയും എന്റെ കുടുംബത്തിന്റെയും ജീവിതം നശിപ്പിച്ചവര്‍ക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതായിരുന്നു എന്റെ ആദ്യ ലക്ഷ്യം. എന്നാലിന്ന് ധാര്‍മ്മികതയും ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന കോടതി ഭരണകൂടത്തെ പ്രതിയാക്കി വിധി പുറപ്പെടുവിച്ചിരിക്കുന്നു. ഈ വിധി നഷ്ടപരിഹാരത്തുകയെ സംബന്ധിച്ചുള്ളതല്ല. മറിച്ച് അത് രാഷ്ട്രത്തിനോടും ഇവിടുത്തെ ഓരോ പൗരനോടുമുള്ള സന്ദേശമാണ്. ഒരു ഭരണകൂടത്തിനും ജനങ്ങള്‍ക്കുമേല്‍ അനീതി കാണിക്കാനുള്ള അവകാശമില്ല എന്നുള്ളതാണ് ആ സന്ദേശം.” പതിനേഴു വര്‍ഷം നീണ്ടുനിന്ന തന്റെ അവകാശ പോരാട്ടങ്ങളെ പറ്റി അവര്‍ പറയുന്നു.

എന്തിനുവേണ്ടിയാണ് പണം ചെലവഴിക്കാന്‍ ഉദ്ധേശിക്കുന്നത് എന്ന ചോദ്യത്തിന് തന്റെ മക്കളുടെ സുരക്ഷിതമായ ജീവിതത്തിന് വേണ്ടി എന്നാണവര്‍ മറുപടി പറഞ്ഞത്. മറ്റുള്ളവര്‍ക്ക് വേണ്ടി വാദിക്കുന്ന നിയമജ്ഞയായി തന്റെ മകൾ മാറുമെന്ന് അവർ സ്വപ്നം കാണുന്നു. “വിദ്വേഷത്തിനും വര്‍ഗ്ഗീയ കലാപത്തിനും ഇരയായി നീതിക്കുവേണ്ടി വാദിക്കുന്ന മറ്റു സ്ത്രീകളെ സഹായിക്കുവാനും ഞാനീ പണം ചെലവഴിക്കും. എനിക്ക് അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി അവരെ സഹായിക്കേണ്ടതുണ്ട്. അവര്‍ എന്റെ മകള്‍ സലേഹയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകണം.” നിശ്ചലനായിരിക്കുന്ന ഭര്‍ത്താവ് യാക്കൂബിന്റെ അടുത്തിരുന്ന് വിതുമ്പിക്കൊണ്ട് ബില്‍ക്കീസ് പറയുന്നു.

ബില്‍ക്കീസ് ബാനുവിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ച അഡ്വക്കറ്റ് ശോഭയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. കുറ്റാരോപിതരായ ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥരോട് അന്വേഷണാര്‍ഥം ലീവില്‍ പോകാന്‍ വിധിച്ച സുപ്രീം കോടതി വിധിയും ബില്‍ക്കീസ് ബാനു അനുഭവിച്ച ഭീകരമാംവിധമുള്ള പൗരാവകാശ ധ്വംസനങ്ങളെ കോടതി നിരീക്ഷിച്ചതെങ്ങനെയെന്നും അവര്‍ വിശദീകരിക്കുന്നു:

ബില്‍ക്കീസ് ബാനുവും അഡ്വ. ശോഭ ഗുപ്തയും

⮞ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടു; ശാരീരിക സുരക്ഷക്കുള്ള അവകാശം, ഭരണകൂടത്താല്‍ സംരക്ഷിക്കപ്പെടാനുള്ള അവകാശം, അവരനുഭവിച്ച ഹിംസകള്‍ക്ക് നീതി ലഭിക്കുവാനുള്ള അവകാശം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ ബിൽക്കീസ് ബാനുവിന് നിഷേധിക്കപ്പെട്ടു.

⮞ ബില്‍ക്കീസ് ബാനുവിടെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയവര്‍ മാത്രമല്ല അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുന്നത്, മറിച്ച് ഭരണകൂടത്തിന്റെ അറിവോടെയും പിന്തുണയോടെയും ആസൂത്രണം ചെയ്‌തെന്നും കുറ്റം തെളിയിക്കപ്പെടാതിരിക്കാന്‍ കൊല്ലപ്പെട്ട ശരീരങ്ങളില്‍ അംഗഛേദം നടത്തുകയും രഹസ്യമായി കുഴിച്ചിടുകയും ചെയ്തതായി കോടതിയില്‍ തെളിഞ്ഞിട്ടുണ്ട്.

⮞ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ കുറ്റകരമായ പ്രവൃത്തികള്‍ മൂലം മൂന്നര വയസ്സുള്ള ആദ്യ മകളെ നഷ്ടപ്പെടുകയും കുഞ്ഞിന്റെ മൃതശരീരം വീണ്ടെടുക്കാന്‍ കഴിയാതാവുകയും ചെയ്തതിനാല്‍ പരാതിക്കാരിക്കും ഭര്‍ത്താവിനും രക്ഷാകര്‍ത്താക്കള്‍ എന്ന നിലക്ക് കുഞ്ഞിനോടുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കാനും കുഞ്ഞിന്റെ അവസാന കര്‍മ്മങ്ങള്‍ നടത്തുവാനും കുഞ്ഞിനെ മനുഷ്യത്വപരമായി മറമാടാനും കഴിഞ്ഞില്ല.

⮞ ശാരീരികമായ കഷ്ടതകള്‍, മാനസിക തകര്‍ച്ച, നഷ്ടപ്പെടല്‍, ഹരജിക്കാരിയുടെയും സമൂഹത്തിന്റെ സദാചാര ബോധത്തിനുമേലുള്ള ഹിംസ തുടങ്ങി ഹരജിക്കാരി ധാര്‍മ്മികമായി ഹിംസിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പൗര എന്ന നിലക്ക് ഹരജിക്കാരിയുടെ അവകാശങ്ങളെ സംരക്ഷിക്കേണ്ടുന്ന ഭരണകൂടത്തിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെയാണ് അവയെല്ലാം അനുവദിച്ച് കൊടുത്തത്.

⮞ ക്രൂരമായ കൂട്ടബലാല്‍സംഗം, കുടുംബാംഗങ്ങള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതും തുടങ്ങി പരാതിക്കാരി അനുഭവിച്ച ശാരീരിക അതിക്രമങ്ങള്‍ക്ക് നീതി ലഭിക്കാനായി സ്റ്റേറ്റ് ഉദ്യോഗസ്ഥര്‍ അവരെ സഹായിക്കേണ്ടിയിരുന്നു.

⮞ അദ്യകുഞ്ഞിനെ കണ്‍മുന്നില്‍ വെച്ച് കൊലപ്പെടുത്തിയതും തല കല്ലില്‍ ശക്തമായി കുഞ്ഞിനെ കല്ലില്‍ ശക്തമായി ഇടിക്കുന്നത് കൂട്ടബലാല്‍സംഗത്തിനിടെ നിസ്സംഗമായി നോക്കിനിന്നതും പരാതിക്കാരിയെ വിവരിക്കാന്‍ കഴിയാത്ത വിധമുള്ള മാനസികാഘാതത്തിലേക്കും വിഷാദത്തിലേക്കും ഉത്കണ്ഠ(Anxiety) യിലേക്കും തള്ളിവിട്ടിട്ടുണ്ട്.

⮞ പരാതിക്കാരിക്കും ഭര്‍ത്താവിനും വലിയ അളവില്‍ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്. വീടു നഷ്ടപ്പെട്ടതിനാല്‍ നിത്യ അഭയാര്‍ഥികളായി അവര്‍ മാറി. എല്ലാ തരത്തിലുള്ള വരുമാനവും നഷ്ടപ്പെട്ടു. പതിനഞ്ചു വര്‍ഷം നീണ്ടുനിന്ന കരുത്തുറ്റ അവകാശ പോരാട്ടത്തില്‍ ഇരുപതോളം സ്ഥലങ്ങളില്‍ മക്കളുമായി അവര്‍ക്ക് മാറിത്താമസിക്കേണ്ടി വന്നിട്ടുണ്ട്.

⮞ സ്‌നേഹിക്കാനും പരസ്പരബന്ധം പുലര്‍ത്തുവാനും വൈകാരികമായി സമീപിക്കാനുമുള്ള അടിസ്ഥാനപരവും മാനവികവുമായ അവകാശം അവര്‍ക്ക് നിഷേധിക്കപ്പെട്ടു. അവര്‍ക്ക് അടുത്ത കുടുംബത്തില്‍ പെട്ട എല്ലാ സ്ത്രീകളുമടക്കം പതിനാല് കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടു. കൂട്ടുകുടുംബത്തിലെ എല്ലാ സ്ത്രീകളില്‍ നിന്നും ലഭിക്കേണ്ടുന്ന പരിചരണം അവരുടെ വളര്‍ന്നു വലുതായ കുട്ടികള്‍ക്ക് ലഭിച്ചില്ല.

⮞ ഇത്തരം കാരണങ്ങള്‍ എല്ലാം കൊണ്ട് തന്നെ ഈ രാജ്യത്തെ മറ്റെല്ലാ പൗരന്മാരെയും പോലെ ഭരണകൂടത്തില്‍ നിന്നും ബഹുമാനപ്പെട്ട കോടതിയില്‍ നിന്നും എല്ലാവിധ സംരക്ഷണങ്ങളും അര്‍ഹിച്ച ഇപ്പോഴും അര്‍ഹിക്കുന്ന ബില്‍ക്കീസ് ബാനുവിന് ഭരണഘടനാപരവും കുടുംബപരവും സാമൂഹികവുമായ അവകാശങ്ങള്‍ നഷ്ടപ്പെട്ടതിന് പ്രായശ്ചിത്തമായി മാതൃകാപരമായ നഷ്ടപരിഹാരം അവര്‍ അര്‍ഹിക്കുന്നതായി കോടതി നിരീക്ഷിക്കുന്നുണ്ട്.

സമൂഹത്തിലെ എല്ലാ മേഘലകളില്‍ നിന്നുമുള്ള ആളുകളെ കൊണ്ട് കോണ്‍ഫറന്‍സ് ഹാള്‍ നിറഞ്ഞിരുന്നു. സ്ത്രീ അവകാശ പോരാട്ടങ്ങളിലും മനുഷ്യാവകാശ പോരാട്ടങ്ങളിലും പങ്കാളികളാവുന്ന ഒരുപാട് ആളുകള്‍ പങ്കെടുത്ത പ്രസ്തുത പരിപാടിയില്‍ അവരെല്ലാം തന്നെ ബില്‍ക്കീസ് ബാനുവിന്റെ മഹത്തായ അവകാശ പോരാട്ടത്തിന് അഭിവാദ്യങ്ങളര്‍പ്പിക്കാനാണ് അവിടെ ഒരുമിച്ച് കൂടിയത്. വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ പ്രവര്‍ത്തനങ്ങളും ഏറ്റവും ഭീകരമായി വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ചരിത്ര മുഹൂര്‍ത്തങ്ങളെ നാം ആഘോഷിക്കുക തന്നെ വേണം.

Admin Admin