Campus Alive

CAAയുംNRCയും: ഒഴിവാക്കുന്ന/പുറന്തള്ളുന്ന രാഷ്ട്രത്തെ പറ്റി

 

ഇന്ത്യയിൽ ഇപ്പോൾ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ആണ് നിയമനിർമ്മാണ സഭയുടെ രണ്ട് ഖണ്ഡങ്ങൾ ആയിരിക്കുന്നത്, ഒന്ന് ആദ്യമേ നടപ്പിൽ വരുത്തിയതും മറ്റേത് നിർമ്മാണത്തിലുമാണ്. പൗരാവലിയെ കുറിച്ചുള്ള അതിന്റെ നിർവ്വചനത്തിലൂടെ ദേശത്തിന്റെ കെട്ടിചമയ്ക്കപ്പെട്ട ആധുനിക വിഭാവനകളെ(modern mythical notions) സമർത്ഥിക്കുന്നതാണ് ഈ ഇരട്ട നിയമങ്ങളെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. കൗതുകകരമായ രീതിയിലൂടെ ഈ രണ്ട് നിയമങ്ങളും, എന്താണോ അഭയാർത്ഥിയെ അങ്ങനെ തന്നെ നിലനിർത്തുന്നത് അതിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് നിൽക്കുന്നത്, അതിലൊന്ന് അഭയാർത്ഥികളെ സ്വീകരിക്കുന്ന ഒരു വിശേഷ രൂപവും മറ്റൊന്ന് അഭയാർത്ഥികളെ നിർമ്മിച്ചെടുക്കുന്ന ഒരു സംവിധാനവുമാണ്.

ഭരണകൂട വ്യാഖ്യാനങ്ങൾ അനുസരിച്ച്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ,  ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ മതകീയ പീഠനങ്ങളനുഭവിക്കുന്ന,  2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലേക്ക് വന്ന ഹിന്ദു, കൃസ്ത്യൻ, സിഖ്, ബുദ്ധിസം, സൗരാഷ്ട്ര എന്നീ മതങ്ങളിലുള്ള മുഴുവൻ അംഗങ്ങൾക്കും ഇന്ത്യൻ പൗരത്വം നൽകുക എന്നതാണ് CAA ലക്ഷ്യം വെക്കുന്നത്.  ഒന്നാമത്തെ ചോദ്യം ഇതാണ്; കുടിയേറ്റക്കാർക്ക് അവരുടെ അവകാശവാദത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വം നൽകുവാനുള്ള നിയമ വ്യവസ്ഥ ഇന്ത്യയിൽ നിലവിൽ ഉണ്ടായിരിക്കേ ഇന്ത്യയിൽ ഇത്തരമൊരു ഭേദഗതിയുടെ ആവശ്യകത എന്താണ്? രാഷ്ട്രീയത്തിലും പ്രത്യയശാസ്ത്രത്തിലുമുള്ള ഈ ചോദ്യത്തിന്റെ ഉത്തരം പക്ഷേ നിയമമീമാംസയിൽ കാണാൻ കഴിയില്ല

പൗരനും അഭയാർത്ഥിയും

ഒന്നാമതായി പൗരൻ എന്ന ചോദ്യത്തെ കുറിച്ച് നാം ആലോചിക്കേണ്ടതുണ്ട്. വിരോധാഭാസമെന്നോണം, ന്യൂനപക്ഷങ്ങളെ ഉൾകൊള്ളാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു ജുഡീഷ്യൽ നിയമം(CAA) സ്വയം ഒരു പുറന്തള്ളൽ സ്വഭാവത്തിലേക്ക് വരുന്നു എന്നതാണ്. യഥാർത്ഥത്തിൽ ഈ സെലക്ടീവായ ഉൾക്കൊള്ളലും മുൻയോഗ്യതയും  (pre qualification) മനുഷ്യന്റെ അവകാശങ്ങളെ അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള അഭയാർത്ഥി എന്ന ആശയത്തിനെ തന്നെ ദുർബ്ബലപ്പെടുത്തുന്നു. ഹന്നാ ആരെന്റ് നിരീക്ഷിച്ച പോലെ അഭയാർത്ഥി ചോദ്യങ്ങൾ ദേശരാഷ്ട്രത്തിനോടും മനുഷ്യന്റെ അവകാശങ്ങളുടെ ഭാഗദേയത്തിനോടും ബന്ധപ്പെട്ട് കിടക്കുന്നതാണ്. അവരുടെ ഈ കാഴ്ച്ചപ്പാട് അവ രണ്ടും തമ്മിൽ അനിവാര്യവും അഗാധവുമായുള്ള ഒരു ബന്ധം ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. മനുഷ്യന്റെ അവകാശങ്ങൾ ഉൾക്കൊള്ളേണ്ട വ്യക്തി എന്ന നിലയിൽ അഭയാർത്ഥി ആ ആശയത്തിന്റെ മൗലികമായ പ്രതിസന്ധിയെയാണ് കാണിക്കുന്നത് എന്ന് ആരെന്റ് വാദിക്കുന്നു. NRC യുടെയും CAA യുടെയും പശ്ചാത്തലത്തിൽ ഒരു മത സമുദായത്തെ ഒന്നടങ്കം (അല്ലെങ്കിൽ ജനസംഖ്യയിലെ നല്ലൊരു ശതമാനം ജനങ്ങളെ) സ്വന്തം നാട്ടിൽ അഭയാർത്ഥികളാക്കി മാറ്റുന്നതിലൂടെ മനുഷ്യാവകാശങ്ങളെ പിടിച്ചുവെക്കുകയാണ് ചെയ്യുന്നത്.

മനുഷ്യാവകാശ പ്രതിസന്ധികളെ പറ്റിയുള്ള ആരന്റിന്റെ ആശയങ്ങളെ വായിക്കുന്നിടത്ത്, 1789ലെ ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി ജോര്‍ജിയോ അഗമ്പന്‍(2003) നിരീക്ഷിക്കുന്നു: ‘ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനം പ്രകൃതി ജീവിതത്തെ-അഥവാ, ജനനം- അവകാശങ്ങളുടെ അടിസ്ഥാനവും ആവശ്യകതയുമായി വരുന്നു.  Nascere (ജനിക്കുന്നത്) എന്ന പദത്തിൽ നിന്നും ഉത്ഭവിച്ച Nation മനുഷ്യ ജനനത്തിന്റെ തുറന്ന വൃത്തത്തെ അടച്ചുമൂടുന്നു.’

മതാടിസ്ഥാനത്തിൽ പൗരത്വം വിതരണം ചെയ്യുന്നതിലൂടെ CAA ഹിന്ദു ദേശത്തിന്റെ ഭൗമമണ്ഡലത്തിന്റെ വിസ്തൃതി വ്യാപിക്കാനാണ് ശ്രമിക്കുന്നത്. തീര്‍ച്ചയായും NRC യിലെ ആന്തരിക വൈരുദ്ധ്യങ്ങൾ ആ വ്യാപനത്തിന് തടസ്സം സൃഷ്ടിക്കുക തന്നെ ചെയ്യും. CAAക്ക് വിരുദ്ധമായി NRC പ്രത്യക്ഷമായിത്തന്നെ Narcesse യുടെ -‘ജനനത്തിന്റെ’- നിര്‍മാണമാണ്. മറ്റെവിടെയോ ‘ജനനസ്ഥലമുള്ള’ മുസ്‌ലിംകൾ സ്വാഭാവിക പൗരന്മാരല്ല എന്നാണ് അത് പറയുന്നത്. ഈ ‘ഭാവനാത്മക മറ്റൊരിടത്തെ’ (Imaginary elsewhere) ഹിന്ദു ദേശത്തിന്റെ ശരീര-രാഷ്ട്രീയത്തില്‍(Body-politics) സ്ഥാപിക്കാനാണ് NRC  ശ്രമിക്കുന്നത്.

അത്തരം ‘മറ്റൊരിടത്തുള്ള രാഷ്ട്രീയം'(Elsewhere politics) നമ്മുടെ മതേതര ഭാവനകളില്‍ ആഴ്ന്നിറങ്ങിയതും സ്റ്റേറ്റിസ്റ്റ് ആഖ്യാനങ്ങളിലൂടെയും യുക്തിയിലൂടെയും പ്രതിനിധാനങ്ങളിലൂടെയും നിലനിന്നു പോകുന്നതുമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഷാഹിദ് അമീൻ തന്റെ Representing the Musalman(2005) ല്‍ ‘മുസല്‍മാൻ എന്ന പ്രകടമായ വിഭാഗത്തെ’ വരച്ചു കാണിക്കുകയും ഉത്തരേന്ത്യൻ മുസ്‌ലിമിന്റെ പൊതുബോധം എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് കണ്ടെത്തുകയും ചെയ്യുന്നുണ്ട്. പിന്നീട് അദ്ദേഹം ചോദിക്കുന്നു ‘എന്താണ് അവരുടെ അപരത്വത്തിന്റെ കാരണങ്ങള്‍?’ നിത്യ ജീവിതത്തിലെ (Everyday) വ്യത്യസ്തതകളെ മനസ്സിലാക്കുന്നതും വ്യത്യസ്ത ഭൂതകാലങ്ങളുമായുള്ള ബന്ധങ്ങളും തമ്മിലുള്ള ബന്ധമെന്താണ്? ഇന്ത്യൻ മുസ്‌ലിമിന്റെ ‘അപരസ്ഥാനത്തെ’  ചരിത്രത്തിന്റെയും ഓര്‍മ്മയുടെയും ആന്തരിക വ്യത്യാസത്തിന്റെയും മാറുന്ന വര്‍ത്തമാനകാലത്തിന്റെയും ഒന്നിച്ചുള്ള വായനകളിലൂടെ എങ്ങനെ മനസ്സിലാക്കാം?

മതേതരത്വത്തെയും നെഹ്‌റുവിയൻ ‘നാനാത്വത്തിൽ ഏകത്വത്തെയും’ പറ്റിയുള്ള ആഖ്യാനങ്ങളെ ദേശരാഷ്ട്രങ്ങൾ രൂപപ്പെടുത്തിയെടുത്ത ‘വൈവിധ്യം’  എന്ന സങ്കല്‍പ്പനത്തിലെ പ്രതിനിധാന യുക്തിയെ ചോദ്യം ചെയ്തു കൊണ്ട് അദ്ദേഹം അന്വേഷിക്കുന്നുണ്ട്. ദേശീയ ഐക്യത്തിന്റെ പോസ്റ്ററുകളിലെ തുര്‍ക്കിത്തൊപ്പി അണിഞ്ഞ മുസ്‌ലിമിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ വായനകൾ ഈ വൈരുധ്യത്തെ വരച്ചു കാട്ടുന്നുണ്ട്. പോസ്റ്ററുകളിലെ മുസ്‌ലിം വാര്‍പ്പു മാതൃകകൾ യഥാര്‍ത്ഥ ജീവിത ചിത്രങ്ങളല്ലെന്ന് അമീൻ നിരീക്ഷിക്കുന്നു, എന്നാല്‍ സ്റ്റേറ്റിന്റെ താല്‍പര്യ പ്രകാരം ഔദ്യോഗികമായി അത്തരം ചിത്രങ്ങളെ നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്നു. ‘ഫലമോ’, അദ്ദേഹം പറയുന്നു: ‘വിരോധാഭാസമെന്നോണം, തുര്‍ക്കിത്തൊപ്പിയെ ഞങ്ങൾ ഇന്ത്യക്കാർ അധികമൊന്നും ഞങ്ങളുടെ ചിഹ്നമായി ഉപയോഗിക്കുന്നില്ല, എന്നാല്‍ ദേശീയൈക്യത്തിന്റെ പോസ്റ്ററുകളില്‍ ഞങ്ങളുടെ ചിഹ്നം അതാണ്. മറ്റൊരര്‍ഥത്തിൽ, ദേശീയ പരസ്യങ്ങൾ ദേശരാഷ്ട്രത്തിന്റെ പരിധിക്ക് പുറത്തുള്ള ചിഹ്നത്തെ ഞങ്ങളെ തിരിച്ചറിയാനായി ഉപയോഗിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നു’.

അത്തരം മതേതര പ്രതിനിധാന യുക്തിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ NRC ബില്ല് നിലനില്‍ക്കുന്നതെന്നും അത് മുസ്‌ലിമിന്റെ നിത്യ ജീവിതത്തില്‍ നിന്നും വിഭിന്നമാണെന്നും ഇന്ത്യൻ മുസ്‌ലിമിനെ കുറിച്ചുള്ള വാര്‍പ്പു മാതൃകകളെ ആ പ്രതിനിധാന യുക്തി സ്വാഭാവിക വൽകരിക്കുന്നുണ്ട് എന്നുമാണ് ഞാൻ വാദിക്കുന്നത്. അമീന്റെ തന്നെ വാക്കുകളില്‍ ‘ഞങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിൽ വിത്യസ്ത വര്‍ഗ സ്ഥാനങ്ങളിലും സാമൂഹിക പരിസരങ്ങളിലും വ്യക്തി-സ്ഥാന ചലനങ്ങളിലുമാണ്(Individual disposition). നിത്യ ജീവിതത്തിലെ സാധ്യതകളെ വാര്‍പ്പുമാതൃകകൾ ഇല്ലാതാക്കുന്നുണ്ട്. അത്തരം വാര്‍പ്പുമാതൃകകൾ ഞങ്ങളുടെ ചരിത്രത്തെയും സംഭവങ്ങളെയും ഞങ്ങളിൽ നിന്നും അകറ്റി നിര്‍ത്തുകയും ഞങ്ങൾ മറ്റൊരു മനുഷ്യ വിഭാഗമാണ് എന്ന് ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു.’ യഥാര്‍ഥത്തിൽ വര്‍ഗ്ഗീകരണത്തിലൂടെ അത്തരം ചിത്രങ്ങള്‍ക്ക് നിയമ സാധുത നല്‍കിക്കൊണ്ട് ഹിന്ദു സ്റ്റേറ്റിന് യഥാര്‍ത്ഥ സാധ്യത തുറക്കുക എന്നുള്ളതാണ് NRC യിലൂടെ സംഭവിക്കുന്നത്. ഭരണകൂടം ആവശ്യപ്പെടുന്ന ഒരു പ്രത്യേക സമയത്തിന് മുമ്പ് ഇന്ത്യയിൽ ജനിച്ചതിനുള്ള തെളിവ് യഥാർത്ഥത്തിൽ മുസ്‌ലിം പൂര്‍ണ്ണമായും ഇന്ത്യയില്‍ ജനിച്ചവനല്ല എന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതിനെ ഞാന്‍ ‘മറ്റൊന്നിന്റെ രാഷ്ട്രീയം’ (Politics of elsewhere) എന്ന് വിളിക്കുകയാണ്. സമരക്കാരെ ‘അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം’ എന്നുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ദേശരാഷ്ട്രത്തിന്റെ അത്തരം പ്രതിനിധാന യുക്തിയുടെ പ്രതിഫലനമായി വേണം മനസ്സിലാക്കാന്‍.

‘മുസ്‌ലിംകൾ മുസ്‌ലിംകളായി സമരത്തിലിറങ്ങുന്നത് വര്‍ഗ്ഗീയത വളര്‍ത്തുകയും ഹിന്ദുത്വ അജണ്ടക്ക് വളക്കൂറാവുകയും’ ചെയ്യുമെന്നുള്ള ഇടത്-ലിബറല്‍ ആകുലതകളും ആ പ്രതിനിധാന യുക്തിയുടെ മറ്റൊരു പ്രതിഫലനമാണ്. ഉദാഹരണത്തിന്, കേരളത്തില്‍ നടന്നിട്ടുള്ള ന്യൂനപക്ഷങ്ങളുടെയും ദലിത്-ബഹുജനങ്ങളുടെയും പ്രക്ഷോഭങ്ങൾ എതിർ ഫലങ്ങളുണ്ടാക്കുമെന്നാണ് അവർ കരുതുന്നത്. എന്നാല്‍ മുസ്‌ലിമായി ജീവിക്കുക എന്നുള്ളത് തന്നെ പ്രശ്‌നകരമായ ഒന്നാണ് എന്ന് അവർ ഉപദേശിക്കുന്നു. അവരുടെ യുക്തിയില്‍, CAA ക്കും NRC ക്കും എതിരെ മുസ്‌ലിമിന് സമരം ചെയ്യേണ്ടതുണ്ടെങ്കിൽ അവരുടെ മുസ്‌ലിം സ്വത്വത്തെ മാറ്റിവെച്ചു കൊണ്ട് വ്യക്തമായും മതേതരന്മാരായി മുസ്‌ലിംകൾ മാറേണ്ടതുണ്ട്. ഇപ്പോഴത്തെ അപകടകരമായ സാഹചര്യത്തിൽ ഇടതു-ലിബറലുകള്‍ ഹന്നാ ആരന്റിന്റെ(Hannah Arendt-2005) ഈ വാക്കുകൾ ഓര്‍മ്മിക്കേണ്ടതുണ്ട്; ‘ജൂതനായതിനാല്‍ ഒരാൾ ആക്രമിക്കപ്പെട്ടാൽ ജൂതനായിക്കൊണ്ടു തന്നെ അയാൾ അതിനെ നേരിടേണ്ടതുണ്ട്, അല്ലാതെ ജെര്‍മൻ ആയിക്കൊണ്ടോ ലോക പൗരൻ ആയിക്കൊണ്ടോ അല്ല അത് ചെയ്യേണ്ടത്. അല്ലെങ്കില്‍ മനുഷ്യാവകാശങ്ങൾ ഉയര്‍ത്തിപ്പിടിക്കുന്നവനായിക്കൊണ്ടല്ല പ്രതികരിക്കേണ്ടത്. മറിച്ച് ജൂതനായി തനിക്ക് എന്തു ചെയ്യാൻ കഴിയും എന്നവർ ആലോചിക്കേണ്ടതുണ്ട്.’

‘ഇന്ത്യന്‍ മുസ്‌ലിംകൾ ഭയപ്പെടേണ്ടതില്ല’ എന്ന ലോക്‌സഭയിലെ കേന്ദ്രമന്ത്രിയുടെ വാക്കുകൾ ഭരണഘടനാപരമായ പൗരനാവാനുള്ള അവകാശത്തെ എങ്ങനെയാണ് സ്റ്റേറ്റ് മുസ്‌ലിംകള്‍ക്ക് കണ്ടീഷണൽ ആയ ഒന്നായി പരിവര്‍ത്തിപ്പിക്കുന്നത് എന്നതിനുള്ള തെളിവാണ്. അഥവാ, ഇന്ത്യന്‍ മുസ്‌ലിം തന്റെ ദേശ സ്‌നേഹം പ്രകടമാക്കുകയോ അല്ലെങ്കിൽ തന്റെ മുസ്‌ലിം സ്വത്വത്തെ മറച്ചു പിടിക്കുകയോ ചെയ്‌തെങ്കിൽ മാത്രം അവര്‍ക്ക് ലഭിക്കുന്ന ഒന്നായി പൗരത്വം മാറുന്നു. കേന്ദ്രമന്ത്രിയുടെ വാക്കുകളിലൂടെ ഭരണകൂടം സ്വയം തങ്ങളുടെ നിയമങ്ങളെ രൂപപ്പെടുത്തുകയും പൗരത്വത്തെ കുറിച്ചുള്ള ആഖ്യാനങ്ങൾ സ്വന്തമായി കണ്ടെത്തുകയുമാണ് ചെയ്യുന്നത്.

ഒഴിവാക്കലിന്റെ രാഷ്ട്രീയം

നിയമ വ്യവസ്ഥയില്‍ CAA  ഒരു തരത്തിലുള്ള ഒഴിവാക്കലാണ്. മുസ്‌ലിം സമുദായത്തെ ഒഴിച്ച് മറ്റു പല മത സമൂഹങ്ങളെയും അതിന്റെ നിയമ പരിധിയില്‍ നിന്നും ഒഴിവാക്കുന്നു. ആ അര്‍ഥത്തിൽ CAA പുറന്തള്ളല്‍ (Exclusion) കൂടിയാണ്. അത് മുസ്‌ലിംകളെ മാത്രമല്ല, മറിച്ച് നേപ്പാൾ, മ്യാന്മർ, ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങളെയും പുറന്തള്ളുന്നു. അത്തരം ചില പ്രത്യേക സമുദായങ്ങളെയും ദേശരാഷ്ട്രങ്ങളെയും പുറന്തള്ളുന്നതിനെ കൂടുതൽ വിശകലനാത്മകമായി സമീപിക്കേണ്ടതുണ്ട്.

ശ്രീലങ്കയെയും മ്യാന്മറിനെയും എടുക്കുക, ഈ രണ്ടു രാജ്യങ്ങള്‍ക്കും ചില പ്രത്യേക മത-വംശ വിഭാഗങ്ങളെ ഇല്ലാതാക്കിയതിന്റെയും സ്റ്റേറ്റിന്റെ നേരിട്ടുള്ള വംശഹത്യകളുടെയും ചരിത്രമുണ്ട്. മ്യാന്‍മറിലെ മുസ്‌ലിംകളായ റോഹിംഗ്യക്കാരും ശ്രീലങ്കയിലെ ഹിന്ദുക്കളായ തമിഴരും ദക്ഷിണേഷ്യയിലെ അഭയാര്‍ഥി പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണങ്ങളാണ്. CAA യുടെ അധികാര പരിധിയിൽ നിന്നും ഈ രണ്ടു രാജ്യങ്ങളും പുറത്താണ്. മഹത്തായ ഹിന്ദുരാഷ്ട്രം എന്ന ആശയത്തിനകത്താണ് ഈ പുറന്തള്ളലിന്റെ രാഷ്ട്രീയ യുക്തി കിടക്കുന്നത്. സെമിറ്റിക് മതങ്ങളൊഴികെ മറ്റു മതങ്ങളെല്ലാം തന്നെ ‘ഇന്‍ഡിക് മതങ്ങളാണ്’ എന്നാണ് ദേശത്തെ കുറിച്ചുള്ള അത്തരം സങ്കല്‍പ്പനം മുന്നോട്ടു വെക്കുന്ന ആശയം. എങ്ങനെയാണ് ബുദ്ധിസവും ജൈനിസവും സിക്കിസവും ചരിത്രപരമായി വിശാല ഹിന്ദുമതത്തിന്റെ ഭാഗമായിത്തീര്‍ന്നത് എന്ന് നമുക്ക് കൃത്യമായി അറിയാം.

തമിഴ് ന്യൂനപക്ഷത്തെ CAA യുടെ അധികാര പരിധിയിൽ നിന്നും പുറന്തള്ളുന്നതിന്റെ രാഷ്ട്രീയം യഥാര്‍ഥത്തിൽ ഹിന്ദു/ഇന്ത്യന്‍ രാഷ്ട്രത്തിന്റെ ‘യഥാര്‍ഥ പൗരനെ’ പറ്റിയുള്ള ആശയങ്ങളിലാണ് കിടക്കുന്നത്. അഥവാ, ഒരു രാഷ്ട്രത്തിൽ എല്ലാവര്‍ക്കും യഥാര്‍ത്ഥ പൗരന്മാരായിരിക്കാന്‍ കഴിയില്ല, അത് ചില പ്രത്യേക സാമൂഹിക വിഭാഗങ്ങള്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ്. സ്ത്രീകള്‍, ‘താഴ്ന്നജാതിക്കാർ’, ഹിന്ദി സംസാരിക്കാത്തവര്‍, മുസ്‌ലിംകളും മറ്റു മത-ന്യൂനപക്ഷങ്ങളും, വംശ-ലൈംഗിക ന്യൂനപക്ഷങ്ങൾ തുടങ്ങിയവര്‍ക്കൊന്നും യഥാര്‍ഥ പൗരന്മാരാവാൻ കഴിയില്ല. മറിച്ച് ഹിന്ദിയറിയുന്ന സവര്‍ണ്ണ (എതിര്‍ ലൈംഗികതയുള്ള) പുരുഷന് മാത്രം നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളതാണത്. ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലക്, ദയാനന്ദ സരസ്വതി, വിവേകാനന്ദൻ തുടങ്ങിയ ‘ആര്യന്‍’ ചിഹ്നങ്ങളിലൂടെയാണ് ഇന്ത്യയുടെ ഭൂതകാലം പ്രധാനമായും വായിക്കപ്പെടുന്നത്. അഥവാ ഹിന്ദു മതത്തിലും മതാതിര്‍ത്തിയിലും ശ്രീലങ്കയിലെ തമിഴര്‍ക്ക് ഭാഗികമായ സ്ഥാനം മാത്രമേ ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രം അവരുടെ സാന്നിധ്യത്തെ മനഃപ്പൂര്‍വ്വം ഒഴിവാക്കുന്നതും.

ഹിന്ദുത്വയുടെ വക്താക്കളുടെ ഭൗമ രാഷ്ട്ര ഭാവനകളിൽ പാകിസ്താനും ബംഗ്ലാദേശും അഫ്ഘാനിസ്ഥാനും വ്യതിചലിക്കപ്പെട്ട (Anomaly) ഇടങ്ങളാണ്. ഈ രാജ്യങ്ങളിലെ ഇന്‍ഡിക് മതങ്ങളിൽ പെട്ടവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്നതിലൂടെ സ്റ്റേറ്റ് ഒരു തരം വൈകാരിക രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നത്. മുസ്‌ലിംകളെ ഒഴിവാക്കുന്നതിലൂടെ, ആഗോള ഹിന്ദുക്കള്‍ക്കുള്ള അഭയസ്ഥാനമായി ഇന്ത്യയെ സ്‌റ്റേറ്റ് വിഭാവന ചെയ്യുന്നു. ക്രിസ്ത്യാനികളെയും സൊരാഷ്ട്രരെയും ഉള്‍പ്പെടുത്തുന്നതിന്റെ രാഷ്ട്രീയം മറ്റൊന്നാണ്. ഒന്നാമത്, അവ രണ്ടും ഈ ദേശത്തെ വലിയ മത വിഭാഗങ്ങളല്ല, കൂടാതെ അവരെ ഒഴിവാക്കിയാല്‍, പ്രത്യേകിച്ചും ക്രിസ്ത്യാനികളെ, ഈ ഹിംസാത്മക നിയമ വ്യവസ്ഥിതിക്കെതിരെ കൂടുതൽ ആഗോള പ്രതികരണങ്ങളുണ്ടായേക്കാം. അഥവാ, ഈ രാഷ്ട്രീയ ഒഴിവാക്കല്‍ ഹിന്ദുരാഷ്ട്രം എന്ന ആശയത്തിന്റെ പ്രായോഗിക നിലനില്‍പ്പിനായുള്ളതാണ് എന്നാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്.

ഗണനത്തിന്റെ(Enumeration) രാഷ്ട്രീയം

ഇനി നമുക്ക് മറ്റൊരു ‘പ്രശ്‌നവൽകൃത’ ഗണനത്തെ പരിശോധിക്കാം. NRC ക്ക് വിരുദ്ധമായി, ഇന്ത്യന്‍ രാഷ്ട്രീയത്തിൽ കാലങ്ങളായി നടന്നിട്ടുള്ള പാര്‍ശ്വവൽകൃത സമൂഹങ്ങളുടെ പോരാട്ടങ്ങളുടെ ഫലമായി രൂപം കൊണ്ടതാണിത്. 2011 ലെ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസാണ് (SECC) ഞാന്‍ എടുക്കുന്നത്. ദിലീപ് മണ്ഡൽ (2018) നിരീക്ഷിക്കുന്നു; ‘സാധാരണ പത്തു വര്‍ഷം കൂടുമ്പോൾ നടക്കുന്ന വീടു വീടാന്തരമുള്ള സെന്‍സസിന് സമാനമായാണ് ഇന്ത്യ മുഴുവന്‍ SECC യും നടന്നിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ പ്രഖ്യാപനവും ആസൂത്രണവും 2011 ഡിസംബറോടെ സെന്‍സസ് പൂര്‍ത്തീകരിക്കും എന്ന് പറയുന്നു. സര്‍ക്കാറിന്റെ ഇന്‍ക്ലൂസീവായ വളര്‍ച്ചക്കുള്ള അജണ്ടയെ സാധ്യമാക്കാനാണ് അത് നടന്നതെന്ന് പറയപ്പെടുന്നു. 12-ാം പഞ്ചവത്സര പദ്ധതിയിൽ ആ വിവരങ്ങൾ ഉള്‍പ്പെടുത്തുമെന്നും പറഞ്ഞിരുന്നു. ‘ഗവണ്‍മെന്റിന്റെ ഈ പ്രഖ്യാപനത്തില്‍ നിന്നും വിഭിന്നമായി ഇന്നും SECC യിലൂടെ ശേഖരിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. തീര്‍ച്ചയായും, സര്‍ക്കാർ ഉദ്ദേശിച്ച ഫലമല്ല സെന്‍സസിലൂടെ ലഭിച്ചത് എന്നതു കൊണ്ടാണ് ഔദ്യോഗികമായി ഈ വിവരങ്ങൾ രഹസ്യമാക്കിയിരിക്കുന്നത്. ഭൂമിയും വിദ്യാഭ്യാസവും വരുമാനവും ജാതിയെ അടിസ്ഥാനപ്പെടുത്തി അന്യായമായാണ് വിതരണം ചെയ്യപ്പെട്ടെതെന്ന് കാണാം. ഭരണകൂടം ഉറപ്പുനല്‍കുന്ന വൈവിധ്യങ്ങളെ മാനിച്ചുകൊണ്ടുള്ള തുല്യതയെ NRC ഇല്ലാതാക്കുന്നുണ്ടെങ്കില്‍, അതേ തുല്യതക്കു വേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടങ്ങളെ ഇല്ലാതാക്കാനാണ് SECC ശ്രമിക്കുന്നത്.

ഇനി നമുക്ക് NRC യുടെ കപടമായ ചട്ടക്കൂടിനെ പരിശോധിക്കാം. NRC യുടെ അടിസ്ഥാന ആശയം പ്രകാരം മുസ്‌ലിംകൾ മറ്റെവിടെയെങ്കിലുമാണ് ‘ജനിക്കുന്നതെങ്കില്‍’, കീഴാള സമുദായങ്ങളും ‘ഈ രാജ്യത്തിന് പുറത്ത് ജനിക്കാൻ’ സാധ്യതയുള്ളവരാണ്. ഇന്ത്യയിലെ ജാതി-സമ്പത്ഘടനയെ പരിശോധിക്കുമ്പോഴാണ് രണ്ടാമത് പറഞ്ഞ ആശയം യഥാര്‍ത്ഥത്തിൽ സാധ്യമാവുന്നത്. ആസ്സാമില്‍ NRC മൂലം സംഭവിച്ചത് നോക്കുകയാണെങ്കിൽ, പൗരത്വ പട്ടികയിൽ ഉള്‍പ്പെടാനുള്ള ഘടകങ്ങളെ നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു. നിയമാനുസൃതമായ പൗരന്മാരാകണമെങ്കില്‍ സര്‍ക്കാർ ഉത്തരവനുസരിച്ച് ഒരു പ്രത്യേക തിയതിക്ക് മുമ്പ് താമസിച്ചിരുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഹാജറാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ വലിയ വിഭാഗം ദലിത്-ബഹുജന്‍ പൗരന്മാരും ഭൂവുടമ സമുദായങ്ങളില്‍ നിന്നുള്ളവരല്ല. അഥവാ ഹിന്ദു മത തത്വങ്ങള്‍ അവരെ ഭൂമി ഉടമസ്ഥതയിൽ നിന്നും അകറ്റി നിര്‍ത്തിയിട്ടുണ്ട്. അതിന് പകരമായി സവര്‍ണ്ണരെ സേവിക്കാനുള്ള ദൗത്യം അവരെ ഏല്‍പ്പിക്കുകയും ചെയ്തു. ചരിത്രപരമായ ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ ഇന്നും അരികുവൽകൃത സമുദായങ്ങളെ സംബന്ധിച്ചിടത്തോളം ഭൂവുടമസ്ഥത അസാധ്യമായിവരുന്നു. അങ്ങനെയെങ്കില്‍ കീഴാള സമുദായങ്ങള്‍ NRCയുടെ അടുത്ത ഇരകളാവേണ്ടി വരുന്നു. വിരോധാഭാസമെന്നോണം, പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത അവരുടെ ഹിന്ദു നാമങ്ങള്‍ സ്റ്റേറ്റിന്റെ പുറന്തള്ളലിന് മതേതര പരിവേഷം നല്‍കിയേക്കാം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള ബില്ലും NRC ക്കും CAA ക്കും ഒപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടുന്ന ഒന്നാണ്. ജാതി വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കാളികളാവുന്നു എന്ന് അവകാശപ്പെടുന്ന വലിയൊരു വിഭാഗം ഇടതു പാര്‍ട്ടികളും, സംഘടനകളും ബുദ്ധിജീവികളും ബില്ലിന് അനുകൂലമായി സംസാരിക്കുകയോ മൗനം പാലിക്കുകയോ ചെയ്തു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കാനും വഴി തിരിച്ചു വിടാനുമുള്ള ശക്തമായ ശ്രമമായി വേണം ഈ ബില്ലിനെ മനസ്സിലാക്കാന്‍. സാമ്പത്തിക സ്ഥിതി സംവരണത്തിന്റെ മാനദണ്ഡമാക്കുന്നതിലൂടെ സംവരണത്തിന്റെയും അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തിന്റെയും ആത്മാവിനെ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഭരണഘടന ഒരു ‘Pharmakon’ ആണെന്ന അംബേദ്കറിന്റെ ഓര്‍മ്മപ്പെടുത്തൽ ഇവിടെ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഭരണഘടനയുടെ ശേഷിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ തന്നെ ആകുലതകൾ പ്രായോഗിക നീതിയും യഥാര്‍ത്ഥ നീതി ബോധവും തമ്മിലുള്ള ആന്തരിക സംഘര്‍ഷത്തെ മനസ്സിലാക്കിയതിലൂടെയാണ് അദ്ദേഹം രൂപപ്പെടുത്തിയത്.

 

അനുബന്ധം

CAA യെ ഒരു ഭരണഘടനാ ഭേദഗതിയായി മനസ്സിലാക്കുന്നതിന് പകരം, CAA യെയും NRC യെയും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നവയായി തന്നെ നാം കണക്കാക്കേണ്ടതുണ്ട്. തുല്യത, സ്വാതന്ത്രം, നീതി, സാഹോദര്യം തുടങ്ങിയവയുടെ മൂല്യത്തിന് വിലകല്‍പ്പിക്കാതെ ദേശരാഷ്ട്രത്തിന്റെ നിയമാവകാശങ്ങളുടെ അടിത്തറയായ ഭരണഘടനയുടെ ആമുഖത്തെ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

കടപ്പാട്: e-flux Conversations

 

സന്തോഷ് എസ്

ഡൽഹിയിലെ അംബേദ്കർ യൂണിവേഴ്സിറ്റിയിൽ അധ്യാപകനാണ് ലേഖകൻ