Campus Alive

‘നിർവഹണശേഷിയെയാണ് ജനാധിപത്യം എന്ന് വിളിക്കേണ്ടത്’

ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പ്രതിസന്ധികളെ തുറന്നുകാട്ടാനും അവക്കുള്ള ഒരു ബദൽ സമർപ്പിക്കാനുമാണ് ഇവിടെ ഞാനുദ്ദേശിക്കുന്നത്.

പൗരത്വ ഭേദഗതി ബില്ലിനും NRC ക്കും എതിരായ പ്രക്ഷോഭങ്ങളിൽ പങ്കുചേർന്നതിന് IIT മദ്രാസിലെ ജർമ്മൻ വിദ്യാർത്ഥിയായ ജേക്കബ് ലിൻഡെൻന്തലിനെ (Jacob Lindenthal) സ്വദേശത്തേക്ക് മടക്കി അയക്കുകയുണ്ടായി. അതേസമയം, പാകിസ്ഥാൻ വംശജനും കനേഡിയൻ പൗരനായ താരിഖ് ഫത്തേഹ് (Tarek Fatheh) ഇന്ത്യയിൽ സ്വീകാര്യനാണ്. ഫത്തേഹ് അദ്ദേഹത്തിന്റെ ഇസ്ലാമോഫോബിക് കാഴ്ചപ്പാടുകളുടെ പേരിൽ അറിയപ്പെട്ട വ്യക്തിയും സംഘി ആശയങ്ങളോട് ആഭിമുഖ്യം പുലർത്തുന്നയാളുമാണ്. മുസ്ലിംകളെ അവമതിക്കുന്നതിനും അവരെ വയലൻസിന് ഇരയാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രേരണകൾക്ക് ഏറെ വാഴ്ത്തലുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു. മാധ്യമ പ്രവർത്തകനായ അയാളുടെ നുണപ്രചാരണങ്ങളെക്കുറിച്ചും അപവാദനിർമ്മിതികളെക്കുറിച്ചും നമുക്ക് അറിവുള്ളതാണ്.

എന്തുകൊണ്ടാണ് താരിഖ് ഫത്തേഹിനെ പോലെയുള്ള ഒരു കോമാളി ഇന്ത്യൻ മീഡിയകളിൽ ധിഷണാശാലിയായ പത്രപ്രവർത്തകനായി അവതരിപ്പിക്കപ്പെടുന്നത്? എന്തുകൊണ്ടാണ് അയാളെപോലെയുള്ളവർ നാടുകടത്തപ്പെടാത്തത്?

ജേക്കബിന്റെയും താരിഖിന്റെയും കേസുകൾ ജനാധിപത്യത്തിന്റെ രണ്ട് മുഖങ്ങളെയാണ് പ്രതിനിധാനം ചെയുന്നത്. ജേക്കബ് പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുക വഴി ജനാധിപത്യത്തിന്റെ നീതി രൂപത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്നാൽ ഫത്തേഹ് നീതികേടും വെറുപ്പുമാണ് ഉൽപാദിപ്പിക്കുന്നത്.

എങ്കിലും കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കുമ്പോൾ ഈ കേസുകൾ ജേക്കബ് ഭാഗമായിട്ടുള്ള ജനാധിപത്യത്തിന്റെ ചില പ്രതിസന്ധികളെ കൂടി അനാവരണം ചെയ്യുന്നതായി കാണാം. ജനാധിപത്യം ദേശീയവും (national) പ്രദേശികവുമാണ് (territorial). ആഗോള ജനാധിപത്യം (global democracy) പോലെയുള്ള സിദ്ധാന്തങ്ങൾ വെറും ശൂന്യമായ മുദ്രാവാക്യങ്ങൾ മാത്രമാണ്. ഇന്ത്യയും ജർമനിയും ജനാധിപത്യരാജ്യങ്ങളാണ്. എന്നിരിക്കെ ജേക്കബ് പുറത്താക്കപ്പെടുന്നത് എന്തുകൊണ്ടാണ്? കാരണം, ജർമൻ പൗരനായിക്കൊണ്ട് ഇന്ത്യയിൽ പ്രക്ഷോഭത്തിൽ ഏർപ്പെടുക എന്നത് ഇന്ത്യയുടെ പ്രാദേശിക-ദേശീയ (national-territorial) ജനാധിപത്യ സങ്കൽപ്പങ്ങൾക്ക് എതിരായതിനാലാണത്.

ജനാധിപത്യത്തിന്റെ പ്രദേശികവും-ദേശീയവുമായ ഈ മാനങ്ങൾ ആന്തരികമായും പ്രവർത്തിക്കുന്നുണ്ട്. ഭൂമിശാസ്ത്ര വിദഗ്ദൻമാർ എല്ലാ വിഷയങ്ങളെയും സ്ഥലപരവും (spatial) ഭൗമികവുമായാണ് (territorial) മനസ്സിലാക്കുന്നത്. ഇന്ത്യൻ ജനാതിപത്യവും ഈ സ്ഥലാടിസ്ഥിത നിർവചനങ്ങൾക്ക് പുറത്തല്ല. രാമചന്ദ്ര ഗുഹയെ പോലുള്ള അവാർഡ് ജേതാക്കളായ ലിബറലുകൾ പോലും മലപ്പുറത്തെ മുസ്ലിം ഭൂരിപക്ഷ ജില്ലയെന്നും കാശ്മീരിനെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം എന്നുമാണ് വിശേഷിപ്പിക്കുന്നത്. ബിഹാറിലെ മുസഫർപൂരിനടുത്ത് എന്റെ മാതാപിതാക്കൾ താമസിക്കുന്ന പ്രദേശത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമെന്ന് വിശേഷിപ്പിക്കാൻ തിടുക്കപ്പെടുന്ന ആളുകൾ, ഹിന്ദു ഭൂരിപക്ഷ പ്രദേശമായിട്ടുകൂടി മുസഫർപൂരിനെ അപ്രകാരം വിശേഷിപ്പിക്കാൻ മുതിരുന്നില്ല. ഗുഹയെ പോലുള്ളവർ പോലും ചെന്നൈയെ ഹിന്ദു ഭൂരിപക്ഷ സിറ്റിയെന്നോ ഒറീസ്സയെ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമെന്നോ വിശേഷിപ്പിക്കുന്നവരല്ല.

ജനാധിപത്യത്തെ ഒരു പ്രാദേശിക-ഭൂരിപക്ഷാടിസ്ഥിത ആശയമായി തെറ്റിദ്ധരിപ്പിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് മണ്ഡലങ്ങൾ  പോലും സ്ഥലപരമായാണ് നിർണ്ണയിക്കപ്പെടുന്നത് എന്നോർക്കുക. ഭൂരിപക്ഷസിദ്ധാന്തത്തെ (Majoritarinism) പ്രമോട്ട് ചെയ്യുന്ന രീതിയിലും ന്യൂനപക്ഷങ്ങളുടെ പൈതൃകങ്ങളെയും അഭിലാഷങ്ങളെയും പിഴുതെറിയുന്ന രീതിയിലുമാണ് മണ്ഡലങ്ങൾ അതിര് തിരിക്കപ്പെട്ടിരിക്കുന്നത്.

ജനാധിപത്യത്തിൻറെ വംശീയവും ഭൂരിപക്ഷാധിഷ്ഠിതവുമായ യുക്തികൾ, നിലവിൽ ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിന്റെ പശ്ചാത്തലത്തിൽ കൂടുതലായി വെളിവാകുന്നുണ്ട്. എന്നാൽ അതിന്റെ വേരുകൾ ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നത് മുതൽ ചികഞ്ഞെടുക്കാൻ സാധിക്കും. അതിനാൽ തന്നെ നെഹ്റുവിന്റെയും ഗാന്ധിയുടെയും ആശയങ്ങളെ തിരിച്ചുപിടിക്കണമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവരും ഈ പ്രശ്നത്തിന്റെ ഭാഗമാവുകയാണ്. നെഹ്റുവിയൻ ജനാധിപത്യവും പ്രശ്നത്തിന്റെ ഭാഗമാണ്, മറിച്ച് പരിഹാരമല്ല. ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ മീമാംസകനായ അബുൽ അഅ്ലാ മൗദൂദി നെഹ്റുവിനെക്കാൾ ജനാധിപത്യവാദിയാണ് എന്ന് പറയാം. 1940കളിൽ തന്നെ അദ്ദേഹം നെഹ്റുവിയൻ ജനാധിപത്യ വീക്ഷണം നിഷേധകവും (exclusive) ദേശീയവും (national) ആകെയാൽ അത് ബഹുസ്വരതക്ക് (plural) എതിരാണ് എന്ന് പറഞ്ഞുവെക്കുകയുണ്ടായി.

എന്നിരിക്കെ എന്താണ് ഇതിനൊരു ബദൽ? ഈ പ്രതിസന്ധിയുടെ ബദൽ കണ്ടെത്തുന്നതിന് ജനാധിപത്യത്തെ മൗലികമായ ചില ഉടച്ചുവാർക്കലുകൾക്ക് വിധേയമാക്കേണ്ടി വരും.

‘Demokratia’ എന്ന ഗ്രീക്ക് പദത്തിന്റെ യഥാർത്ഥ അർത്ഥം ‘കാര്യനിർവ്വഹണശേഷി’ (capacity to do things) എന്നാകുന്നു. ഭൂരിപക്ഷഭരണം എന്നല്ല. ജനാധിപത്യമെന്നാൽ ഭൂരിപക്ഷ ഭരണമാണെന്ന് സാമാന്യധാരണക്ക് എതിരാണ് ഇത്. ‘Monarchia’ (ഏകാധിപത്യം) ‘Oligarchia’ (ഏതാനും ചിലരുടെ ഭരണം) എന്നീ പദാവലികളിൽ നിന്നും ഭിന്നമായി ജനാധിപത്യത്തിന് സംഖ്യകളുമായി യാതൊരു ബന്ധവുമില്ല. ആളുകൾ ചേർന്ന് രൂപപ്പെടുന്ന ഒരു സംഘത്തെയാണ് ജനാധിപത്യം പ്രധാനമായി കാണുന്നത്. ജനങ്ങൾ എവിടെയും ഏകശിലാത്മകമായി നിലനിൽക്കുന്നില്ല എന്നതിനാൽ തന്നെ ജനാധിപത്യത്തിന്റെ ഈ ‘കാര്യനിർവഹണ ശേഷി’ വിപുലവും വൈവിധ്യങ്ങൾ നിറഞ്ഞതുമാണ്. അതിന് സാംസ്കാരിക ലക്ഷ്യങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടാവും. ജനാധിപത്യത്തിന് വിമർശനങ്ങൾ രേഖപ്പെടുത്തിയവരെല്ലാം ഭൂരിപക്ഷസിദ്ധാന്തവും ജനാധിപത്യവും തമ്മിലെ തെറ്റായ സങ്കലനത്തെ തുറന്നുകാട്ടിയവരായിരുന്നു  എന്ന കാര്യവും വിസ്മരിക്കപ്പെട്ടിരിക്കുന്നു.

ഇനി ജനാധിപത്യം ഭൂരിപക്ഷ ഭരണമല്ല എന്ന് വരികയും കാര്യനിർവഹണശേഷിയെ പ്രധാനമായി കാണുകയും ചെയ്താൽ, എന്താണ് ഈ കാര്യനിർവഹണ ശേഷി എന്ന ചോദ്യം ന്യായമായും ഉയർന്നുവരും. ഈ ചോദ്യത്തിന്റെ ഉത്തരമാണ് ആയിഷ റെന്നയും ലദീദയും ഷഹീൻ അബ്ദുല്ലയും ആഴ്ചകൾക്ക് മുമ്പ് ചെയ്തുവെച്ചത്. അവരെല്ലാം ജനാധിപത്യത്തിന്റെ ഈ കാര്യനിർവ്വഹണ ശേഷിയുടെ സാധ്യതകളെയാണ് ഉപയോഗപ്പെടുത്തുന്നത്. ആയിഷയും ലദീദയും ശഹീനും പഠിച്ചുകൊണ്ടിരിക്കുന്ന ജാമിയ മില്ലിയയിൽ അലുംനിയായിരിക്കുന്നതിൽ ഞാൻ സ്വയം അഭിമാനിക്കുന്നു എന്നും സാന്ദർഭികമായി പറയട്ടെ.

ഈ കാര്യനിർവഹണശേഷിയെ മനസ്സിലാക്കുന്നിടത്ത് ജനാധിപത്യത്തിന്റെ Consociational മോഡലിനെ പരിഗണിക്കേണ്ടതായിട്ടുണ്ട്. ഡച് രാഷ്ട്രീയ മീമാംസികനായ അരെൻഡ് ലീജ്പാർത് (Arend Lijphart) ഇതിനെ വിശദീകരിക്കുന്നുണ്ട്. ഈ മോഡലാണ് ഇന്ത്യ പോലെ ഭാഷാപരമായും സാംസ്കാരികമായും മതപരമായും വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന രാജ്യത്തിന് അനുരൂപമായിട്ടുള്ളത്. ഇന്ത്യയെ വംശീയശുദ്ധി നടത്താനും സമജാതീയമാക്കാനും നിലവിൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങൾ അപകടകരവും ഫാഷിസത്തിന് കളമൊരുക്കുന്നതുമാണ്.

നിലവിൽ ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യ രൂപത്തിൽ നിന്നും ഭിന്നമായി നെതർലൻഡ്‌സിൽ പ്രയോഗത്തിലുള്ള ജനാധിപത്യത്തെ സ്വീകരിക്കുന്നതിനുള്ള ആലോചനകൾ നടത്തേണ്ട സമയം അധികരിച്ചിരിക്കുന്നു. ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി ഡാനിഷ് ജനാധിപത്യത്തിൽ പാർലമെന്റ് മെമ്പർമാർ തെരഞ്ഞെടുക്കപ്പെടുന്നത് ദേശീയതലത്തിൽ അവർക്ക് ലഭിക്കുന്ന വോട്ടുകളുടെ ശതമാനം പരിഗണിച്ചാണ്. മറിച്ച് പ്രാദേശികവും സ്ഥലപരമായ തിരഞ്ഞെടുപ്പ് മണ്ഡലങ്ങൾ തിരിച്ചു കൊണ്ടല്ല. ഈ മോഡൽ സ്വീകരിക്കാനും ലീജ്പാർത്തിന്റെ Consocialitionalism-ആയി ബന്ധിപ്പിക്കാനും കഴിഞ്ഞാൽ കൂടുതൽ വിശാലവും ബഹുസ്വരവുമായ ഇന്ത്യയെ നിർമ്മിക്കാൻ സാധിക്കും. പരസ്പര സംവാദവും ചർച്ചകളും മുഖേന ഇതിന്റെ സാധ്യതകളെ വികസിപ്പിക്കുകയും “നമ്മുടെ കാര്യനിർവഹണ ശേഷി” എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നതിന് വേണ്ടി നമ്മുടെ ഭാവനകളെ ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്.

ഈ കാര്യനിർവഹണശേഷിയെ കുറിച്ച് സംശയാലുക്കളായ ആളുകൾക്ക് അതിന്റെ ഒരു ബാഹുല്യമായി നിലവിലെ CAA ക്കും NRC ക്കും എതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ കാണിച്ചു കൊടുക്കാൻ കഴിയും.

മുൻസൂചിപ്പിച്ച പോലെ കാര്യനിർവഹണ ശേഷിയുള്ളത് മാത്രമാണ് ശരിയായ ജനാധിപത്യം. അല്ലാത്തതെല്ലാം കപട ജനാധിപത്യ രൂപങ്ങളാണ്. അവ പുറന്തള്ളലിന്റെയും വംശീയബുദ്ധിയുടെയും തീവ്രാശയങ്ങൾ പേറുന്നവയാണ്.

ഈ ഫെസ്റ്റിവൽ പുതിയ ജനാധിപത്യത്തെക്കുറിച്ച ചർച്ചകൾക്ക് മുതൽക്കൂട്ടും ഭയലേശമന്യേ ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള തുടക്കവുമാവട്ടെ എന്നാശംസിക്കുകയാണ്.  ഇത് വരാനിരിക്കുന്ന ജനാധിപത്യമാണ്, എങ്കിലും അതിന് വേണ്ടി കാത്തിരിക്കുവാൻ നമുക്ക് കഴിയില്ല. നിർഭയത്വത്തോടെ അതിന് വേണ്ടി നാം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.

 

(ഫെസ്റ്റിവൽ ഓഫ് ഐഡിയസ് ആൻഡ് റെസിസ്റ്റൻസിന്റെ ഉദ്‌ഘാടന വേളയിൽ പ്രൊഫെസ്സർ ഇർഫാൻ ആഹ്മെദ് അവതരിപ്പിച്ച പ്രബന്ധത്തിന്റെ പൂർണ രൂപം)

വിവർത്തനം: അഫ്സൽ ഹുസ്സൈൻ

 

ഇര്‍ഫാന്‍ അഹ്മദ്‌