I am a creative person, but I don’t see myself as an artist. I want to beautify the game for the fans watching the match. Football is an incredible sport, and it should look spectacular visually as well.
– Michael Olise
ഫുട്ബോൾ, മറ്റേതൊരു കായികവിനോദത്തെയും കലാരൂപത്തെയും പോലെ തന്നെ, അതിന്റെ യാഥാർത്ഥ്യങ്ങളെ പൂർണ്ണമായും വിസ്മരിച്ചുകൊണ്ട് അമിതമായി കാൽപ്പനികവത്കരിക്കപ്പെടുമ്പോൾ പലവിധത്തിലുള്ള സാമൂഹികവും വ്യവസ്ഥാപിതവുമായ പ്രശ്നങ്ങൾക്ക് വഴിമാറുന്നുണ്ട്. അളന്നുമുറിച്ച ഒരു പാസോ, മനോഹരമായ ഡ്രിബ്ലിംഗോ, അതിശയകരമായ ഒരു ഗോളോ ഒരു ആർട്ട് ഗാലറിയിലെ ഉത്കൃഷ്ടമായ കലാസൃഷ്ടിക്ക് സമാനമായ സൗന്ദര്യാത്മക പ്രതികരണങ്ങൾ ഉളവാക്കുന്നുണ്ടെന്നതും, പ്രതിഭയും സഹജവാസനയും ഒത്തൊരുമയും കൂട്ടിമുട്ടുന്ന മൈതാനത്തിന് ആഴമേറിയ കാവ്യാത്മകതയുണ്ടെന്നതും നേരാണെങ്കിലും, കേവലമൊരു ശുദ്ധമായ കലയായി മാത്രം വീക്ഷിക്കുന്നത് കളിക്ക് പിന്നിലെ കടുത്ത യാഥാർത്ഥ്യങ്ങളെ മറച്ചുകളയും. ആധുനിക ഫുട്ബോളിനെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ, വംശീയത, ഭരണപരമായ കടുത്ത അഴിമതികൾ എന്നിവയെക്കുറിച്ച് ചിന്തിക്കാതെ കളിയെ അന്ധമായി ആരാധിക്കാൻ, ഇത്തരം കാൽപ്പനിക ചിന്തകൾ പ്രൊമോട്ട് ചെയ്യുമ്പോൾ, ആരാധകർ പ്രേരിതരാകുന്നുണ്ട്. ശൈലിയേക്കാൾ കിരീടങ്ങൾക്കും ലാഭത്തിനും മാത്രം മുൻഗണന നൽകുന്ന തികച്ചും പ്രായോഗികവും ഫലകേന്ദ്രീകൃതവുമായ വലിയൊരു ബിസിനസ്സ് സാമ്രാജ്യം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന വസ്തുത ഇത്തരം അതിവൈകാരികതകൾക്കിടയിൽ വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്.
കൂടാതെ, കളി ഗ്രൗണ്ടിൽ തീരുന്ന ഒന്നാണെന്ന ബോധ്യത്തിന് പകരം ഇതിനെ ജീവശ്വാസ തുല്യമായ ഒരു തീവ്രപ്രണയമായി കണക്കാക്കുന്നത് ആരാധകരിൽ കടുത്ത വൈകാരിക അസ്ഥിരത ഉണ്ടാക്കുന്നതിനും, മത്സരപരാജയങ്ങൾക്ക് പിന്നാലെ അവർ വലിയ രീതിയിൽ മാനസികമായി തകരുകയോ തെരുവിൽ അക്രമാസക്തരാകുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. റെഡ്ഡിറ്റ് പോലുള്ള പൊതുവേദികളിൽ കളിയെ കലയായി കാണുന്നവരും അമിത വാണിജ്യവത്കരണത്തിൽ മനംമടുത്തവരും തമ്മിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ, ഫുട്ബോൾ രംഗത്തെ വിദഗ്ദ്ധർ കുറച്ചുകൂടി യാഥാർത്ഥ്യബോധമുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. കളി അതിന്റെ പൂർണ്ണതയിൽ കളിക്കുമ്പോൾ മാത്രമേ അതൊരു കലയായി മാറുന്നുള്ളൂ എന്ന് പ്രശസ്ത കോച്ച് ആഴ്സൻ വെംഗർ നിരീക്ഷിച്ചതുപോലെയും, തങ്ങളെ ശുദ്ധമായ കലാകാരന്മാരായല്ല സർഗ്ഗാത്മകതയുള്ള പ്രൊഫഷണൽ കളിക്കാരായാണ് കാണുന്നതെന്ന് മൈക്കൽ ഒലീസ് വ്യക്തമാക്കിയതുപോലെയും, ഫുട്ബോളിന്റെ കലാപരമായ സൗന്ദര്യത്തെ ആസ്വദിക്കുമ്പോൾത്തന്നെ അതിന്റെ വാണിജ്യ-അത്‌ലറ്റിക് യാഥാർത്ഥ്യങ്ങളെ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
ഫുട്ബോൾ ഇന്ന് ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാണെന്ന പ്രസ്താവന കേവലം സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ഒരു നിരീക്ഷണമല്ലെന്ന് ആധുനിക ലോകം വികാരങ്ങളെയും സ്വത്വങ്ങളെയും കൂട്ടായ ഓർമകളെയും രാഷ്ട്രീയ ഭാവനകളെയും എങ്ങനെ ക്രമീകരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു സുപ്രധാന സൂചനയുടെ അടിസ്ഥാനത്തിൽ മനസിലാക്കാം. ഒരു ക്ലബ്ബിന്റെ നിറങ്ങൾ (വ്യത്യസ്ത ജേഴ്സികളുടെ) സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കുകയും, ഒരു താരത്തിന്റെ വിജയത്തിൽ വ്യക്തിപരമായ സന്തോഷം കണ്ടെത്തുകയും, ഒരു മത്സരത്തിന്റെ ഫലത്തെ കുടുംബപരമോ പ്രദേശികമോ ദേശീയമോ ആയ അഭിമാനവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ ഫുട്ബോൾ ഒരു കളിയെക്കാൾ വളരെയധികം അർഥങ്ങൾ ഉൾവഹിക്കുന്നുണ്ട്. ഈ അർഥനിർമ്മാണ പ്രക്രിയ തന്നെയാണ് ഫുട്ബോളിനെ ഒരു സാംസ്കാരിക പ്രതിഭാസമാക്കി മാറ്റുന്നത്. എന്നിരുന്നാലും ഒരു സാമൂഹിക പ്രതിഭാസം ജനങ്ങളുടെ വികാരലോകത്തിൽ ആഴത്തിൽ വേരൂന്നുമ്പോൾ അതിനെക്കുറിച്ചുള്ള പൊതുബോധം പലപ്പോഴും യാഥാർത്ഥ്യത്തിന്റെ സങ്കീർണതകളെ മറികടന്ന് സൗന്ദര്യവൽക്കരിക്കപ്പെട്ട പ്രതിച്ഛായകളാൽ നിയന്ത്രിക്കപ്പെടാൻ തുടങ്ങുന്നു. ഫുട്ബോളിനെക്കുറിച്ചുള്ള ആധുനിക ചർച്ചകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്.
സാമൂഹ്യശാസ്ത്രത്തിലും സാംസ്കാരിക പഠനങ്ങളിലും തത്ത്വചിന്തയിലും “റൊമാന്റിസൈസേഷൻ” എന്ന പദം ഉപയോഗിക്കപ്പെടുന്നത് ഒരു വസ്തുവിനെയോ അനുഭവത്തെയോ അതിന്റെ യഥാർത്ഥ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വേർപെടുത്തി അതിനെ കൂടുതൽ ഉദാത്തവും മനോഹരവും ആകർഷകവുമായ ഒന്നായി അവതരിപ്പിക്കുന്ന പ്രക്രിയയെ സൂചിപ്പിക്കാനാണ്. ഇത് സാധാരണ ഭാഷയിൽ പറയുന്ന സ്വപ്നം കാണലോ ഇഷ്ടപ്പെടലോ അല്ലെന്ന് ആദ്യമേ മനസ്സിലാക്കണം. ഒരു സാമൂഹിക യാഥാർത്ഥ്യത്തിന്റെ സംഘർഷങ്ങളെയും അസമത്വങ്ങളെയും അധികാരബന്ധങ്ങളെയും സാമ്പത്തിക ഘടനകളെയും അദൃശ്യമാക്കിക്കൊണ്ട് അതിന്റെ വികാരപരമായ മുഖത്തെ മാത്രം പ്രകാശിപ്പിക്കുന്ന ഒരു ബൗദ്ധിക പ്രവർത്തനമാണ് റൊമാന്റിസൈസേഷൻ. അതുകൊണ്ടുതന്നെ സമകാലിക ചിന്തകർ ഇതിനെ നിരുപദ്രവമായ ഒരു സാംസ്കാരിക ശീലമായി കാണുന്നില്ല. സമൂഹത്തെ വിമർശനാത്മകമായി മനസ്സിലാക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്ന ഒരു ആശയപരമായ മറയെന്ന നിലയിലാണ് അവർ അതിനെ വായിക്കുന്നത്.

ഫുട്ബോളിന്റെ കാര്യത്തിൽ ഈ പ്രക്രിയ അതീവ ശക്തമായി പ്രവർത്തിക്കുന്നതായി കാണാൻ കഴിയും. ഒരു കുട്ടി തെരുവിൽ പന്ത് തട്ടിക്കളിക്കുന്ന ദൃശ്യം, ഒരു ക്ലബ്ബിനുവേണ്ടി ജീവിതകാലം മുഴുവൻ വിശ്വസ്തത പുലർത്തുന്ന ആരാധകൻ, പരാജയത്തിന് ശേഷവും ടീമിനെ പിന്തുണയ്ക്കുന്ന ജനക്കൂട്ടം, ദാരിദ്ര്യത്തിൽ നിന്ന് ലോകപ്രശസ്ത താരമായി ഉയർന്ന വ്യക്തിയുടെ ജീവിതകഥ, അവസാന നിമിഷത്തിൽ നേടിയ വിജയഗോൾ, സ്റ്റേഡിയത്തിൽ മുഴങ്ങുന്ന ഗാനങ്ങൾ, കണ്ണീരും ആഘോഷവും നിറഞ്ഞ നിമിഷങ്ങൾ തുടങ്ങി ഫുട്ബോൾ സംബന്ധമായ കാര്യങ്ങൾ നിരന്തരം ആവർത്തിക്കപ്പെടുന്ന ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ പലതും യഥാർത്ഥ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ടവയാണെങ്കിലും അവയെ ചുറ്റിപ്പറ്റി നിർമ്മിക്കപ്പെടുന്ന സാംസ്കാരിക ഭാഷ ഫുട്ബോളിനെ മനുഷ്യജീവിതത്തിന്റെ ഏറ്റവും പരിശുദ്ധമായ അനുഭവങ്ങളിലൊന്നായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. കളിയുടെ സൗന്ദര്യം, വികാരത്തിന്റെ തീവ്രത, കൂട്ടായ്മയുടെ അനുഭവം എന്നിവ മുൻനിരയിലേക്ക് കൊണ്ടുവരപ്പെടുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വമ്പിച്ച സാമ്പത്തിക സംവിധാനങ്ങളും മാധ്യമ സാമ്രാജ്യങ്ങളും കോർപ്പറേറ്റ് താൽപര്യങ്ങളും തൊഴിൽ ചൂഷണങ്ങളും വളരെ കുറച്ച് മാത്രം ദൃശ്യമാകുന്നു. സത്യത്തിൽ ഒരു പൊളിറ്റിക്സ് ഓഫ് അൺസായിങ് ആണ് ഇത്. ഫുട്ബോളിനെക്കുറിച്ചുള്ള പൊതുപ്രഭാഷണങ്ങളിൽ ആവർത്തിക്കപ്പെടുന്ന ഒരു ആശയം “ഇത് വെറും കളിയല്ല” എന്നതാണ്. ആദ്യനോട്ടത്തിൽ ഈ വാചകം കളങ്കമില്ലാത്ത ഒന്നായി തോന്നാം. കാരണം ഫുട്ബോൾ യഥാർത്ഥത്തിൽ പലർക്കും സാമൂഹിക ബന്ധങ്ങളുടെയും ഓർമകളുടെയും സ്വത്വത്തിന്റെയും ഭാഗമാണ്. എന്നാൽ ഈ വാചകം ഒരു പ്രത്യേക ആശയപരമായ ദൗത്യവും നിർവഹിക്കുന്നുണ്ട്. ഫുട്ബോളിനെ സാധാരണ സാമൂഹിക വിമർശനങ്ങൾക്ക് അതീതമായ ഒരു മേഖലയായി അവതരിപ്പിക്കുന്നതിനുള്ള സാധ്യത അതിനുള്ളിലുണ്ട്. ഒരു കാര്യത്തെ വെറും വിനോദമെന്നതിലുപരി ജീവിതത്തിന്റെ അർഥം, ആത്മീയത, പ്രത്യാശ, വിശ്വസ്തത, മോചനം തുടങ്ങിയ മഹത്തായ ആശയങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ അതിനെക്കുറിച്ചുള്ള വിമർശനങ്ങൾ പലപ്പോഴും അനുചിതമോ വികാരശൂന്യമോ ആയി തോന്നിത്തുടങ്ങുന്നു. അത്തരമൊരു സാഹചര്യം രൂപപ്പെടുമ്പോൾ ഫുട്ബോളിന്റെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങൾ പിന്നിലേക്ക് നീങ്ങുകയും അതിന്റെ റൊമാന്റിക് പ്രതിച്ഛായകൾ കേന്ദ്രസ്ഥാനത്തേക്ക് എത്തുകയും ചെയ്യുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഫുട്ബോളിന്റെ ചരിത്രം പലപ്പോഴും ഒരു ജനകീയ ഇതിഹാസത്തിന്റെ രൂപത്തിലാണ് അവതരിപ്പിക്കപ്പെടുന്നത് എന്നതാണ്. തൊഴിലാളിവർഗ്ഗത്തിന്റെ കളി, തെരുവുകളുടെ സംസ്കാരം, സാധാരണ ജനങ്ങളുടെ അഭിമാനം, സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ശക്തി എന്നിങ്ങനെയുള്ള വിവരണങ്ങൾ ഈ ചരിത്രത്തിന്റെ ഭാഗമാണ്. ഈ വിവരണങ്ങളിൽ വസ്തുതകളുടെ അംശമുണ്ടെങ്കിലും അവയ്ക്ക് പലപ്പോഴും ഒരു തിരഞ്ഞെടുക്കപ്പെട്ട ഓർമ്മയുടെ സ്വഭാവമുണ്ട്. ഫുട്ബോൾ ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും അധികാരബന്ധങ്ങളും വാണിജ്യ താൽപര്യങ്ങളും രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായിരുന്നുവെന്ന യാഥാർത്ഥ്യം പിന്നിലാക്കപ്പെടുന്നുണ്ട് ഇവിടെ. ജനങ്ങളുടെ കളി എന്ന വിശേഷണം നിലനിർത്തിക്കൊണ്ട് ബില്യൺ ഡോളർ വ്യവസായമായി മാറിയ ഒരു മേഖലയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാൻ സമൂഹം മടിക്കുന്ന അവസ്ഥ രൂപപ്പെടുന്നത് അതിനാലാണ്.
റൊമാന്റിസൈസേഷന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത യാഥാർത്ഥ്യത്തെ നിഷേധിക്കുക എന്നതല്ല; യാഥാർത്ഥ്യത്തിലെ ചില ഭാഗങ്ങളെ മാത്രം അമിതമായി പ്രകാശിപ്പിക്കുകയും മറ്റ് ഭാഗങ്ങളെ നിഴലിലാക്കുകയും ചെയ്യുക എന്നതാണ്. ഫുട്ബോളിന്റെ കാര്യത്തിലും സംഭവിക്കുന്നത് ഇതുതന്നെയാണ്. സ്റ്റേഡിയത്തിലെ ആവേശം ദൃശ്യമാകുന്നു, സ്റ്റേഡിയം നിർമിച്ച തൊഴിലാളികളുടെ അവസ്ഥ അപൂർവമായി മാത്രം ചർച്ച ചെയ്യപ്പെടുന്നു. താരങ്ങളുടെ മഹത്വം വാർത്തയാകുന്നു, അവരുടെ മേൽ ചുമത്തപ്പെടുന്ന അമിതമായ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ പശ്ചാത്തലത്തിലേക്ക് നീങ്ങുന്നു. ആരാധകരുടെ വിശ്വസ്തത ആഘോഷിക്കപ്പെടുന്നു, അതേ വിശ്വസ്തതയെ സാമ്പത്തിക ലാഭത്തിനായി എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന ചോദ്യം പൊതുചർച്ചകളിൽ വലിയ സ്ഥാനം നേടുന്നില്ല. വിജയത്തിന്റെ കഥകൾ നിരന്തരം പ്രചരിപ്പിക്കപ്പെടുന്നു, പരാജയപ്പെട്ട ലക്ഷക്കണക്കിന് ജീവിതങ്ങൾ അദൃശ്യമാകുന്നു. അതുകൊണ്ടാണ് റൊമാന്റിസൈസേഷൻ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള കള്ളപ്രചാരണമല്ലെന്ന് പറയുന്നത്; അത് യാഥാർത്ഥ്യത്തെ തിരഞ്ഞെടുക്കപ്പെട്ട രീതിയിൽ അവതരിപ്പിക്കുന്ന ഒരു സാംസ്കാരിക തന്ത്രമാണ്.
ഫുട്ബോളിനെ സ്നേഹിക്കുന്നതും ഫുട്ബോളിനെ റൊമാന്റിസൈസ് ചെയ്യുന്നതും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. സ്നേഹം ഒരു അനുഭവമാണ്; റൊമാന്റിസൈസേഷൻ ഒരു വ്യാഖ്യാനരീതിയാണ്. ഒരു മത്സരം ആസ്വദിക്കാനും ഒരു ക്ലബ്ബിനെ പിന്തുണയ്ക്കാനും ഒരു താരത്തിന്റെ കഴിവിൽ വിസ്മയപ്പെടാനും യാതൊരു പ്രശ്നവുമില്ല. എന്നാൽ ഈ അനുഭവങ്ങളെ സാമൂഹിക യാഥാർത്ഥ്യങ്ങൾക്ക് പകരമായി ഉപയോഗിക്കാൻ തുടങ്ങുമ്പോഴാണ് പ്രശ്നം ഉദിക്കുന്നത്. ഫുട്ബോളിനെ മനുഷ്യ ഐക്യത്തിന്റെ ശുദ്ധരൂപമായി അവതരിപ്പിക്കുന്ന ഭാഷ, അതിനുള്ളിലെ അസമത്വങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെ മൗനപ്പെടുത്തുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്. കളിയെ പ്രത്യാശയുടെ കഥയായി മാത്രം അവതരിപ്പിക്കുന്ന വിവരണങ്ങൾ അതിന്റെ പിന്നിലെ സാമ്പത്തിക ശക്തികളെ മറച്ചുവയ്ക്കുന്നുണ്ടോ എന്നതും ചോദിക്കപ്പെടണം. കാരണം ഏതൊരു സാമൂഹിക പ്രതിഭാസത്തെയും പോലെ ഫുട്ബോളും സൗന്ദര്യവും സംഘർഷവും, സ്വപ്നവും ചൂഷണവും, കൂട്ടായ്മയും അധികാരവും ഒരേസമയം ഉൾക്കൊള്ളുന്ന സങ്കീർണമായ ഒരു ലോകമാണ്. ആ ലോകത്തെ പൂർണമായി മനസ്സിലാക്കണമെങ്കിൽ അതിന്റെ റൊമാന്റിക് പ്രതിച്ഛായകൾക്കപ്പുറം നോക്കാനുള്ള വിമർശനാത്മക ധൈര്യം അനിവാര്യമാണ്.
ആധുനിക സമൂഹത്തിൽ റൊമാന്റിസൈസേഷൻ അഥവാ വൈകാരിക സൗന്ദര്യവൽക്കരണം എങ്ങനെയാണ് ഒരു വമ്പിച്ച വിപണി തന്ത്രമായി മാറുന്നതെന്ന് വ്യക്തമാക്കിയ പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞനാണ് കോളിൻ കാംബെൽ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് ‘ദി റൊമാന്റിക് എത്തിക് ആൻഡ് ദി സ്പിരിറ്റ് ഓഫ് മോഡേൺ കൺസ്യൂമറിസം’. ആധുനിക മനുഷ്യൻ വെറുമൊരു ഉപഭോക്താവല്ലെന്നും തന്റെ ഭാവനകളെയും സ്വപ്നങ്ങളെയും വിപണിയിലെ വസ്തുക്കളിലേക്ക് ആവാഹിക്കുന്ന ഒരു ‘കാൽപ്പനിക സുഖലോലുപൻ’ (Autonomous Imaginative Hedonist) ആണെന്നും കാംബെൽ നിരീക്ഷിച്ചു. ഒരു ഉൽപ്പന്നം അതിന്റെ പ്രായോഗിക ഗുണം നോക്കിയല്ല മനുഷ്യർ വാങ്ങുന്നത്. അതിനപ്പുറത്തേക്ക് ആ വസ്തു സ്വന്തമാക്കുന്നതിലൂടെ തങ്ങളുടെ ജീവിതവും വ്യക്തിത്വവും എത്ര മനോഹരമായി മാറും എന്ന ഭാവനാത്മകമായ റൊമാന്റിസൈസേഷനാണ് അവരെ നയിക്കുന്നത്. ഈ സിദ്ധാന്തം ഇന്നത്തെ ഫുട്ബോൾ ലോകത്തെ വിശകലനം ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ്.
ഫുട്ബോൾ ക്ലബ്ബുകളും കായിക വിപണിയും കാംബെൽ മുന്നോട്ടുവെച്ച ഈ ഭാവനാത്മക ഉപഭോഗത്തെയാണ് തങ്ങളുടെ പ്രധാന മൂലധനമാക്കുന്നത്. ഒരു ആരാധകൻ തന്റെ പ്രിയപ്പെട്ട ക്ലബ്ബിന്റെ പുതിയ ജേഴ്സി വാങ്ങുമ്പോൾ അയാൾ വെറുമൊരു വസ്ത്രമല്ല വാങ്ങുന്നതെന്ന ബോധം വിപണിയിൽ നിലനിക്കുന്നുണ്ട്. ജേഴ്സി ധരിക്കുന്നതിലൂടെ ആ ക്ലബ്ബിന്റെ മഹത്തായ ചരിത്രത്തിന്റെ ഭാഗമാകാം എന്ന റൊമാന്റിക് ഭാവനയാണ് അയാൾ വിലയ്ക്ക് വാങ്ങുന്നത്. ക്ലബ്ബുകൾ ഓരോ സീസണിലും പുതിയ ജേഴ്സികളും മറ്റ് കായിക ഉൽപ്പന്നങ്ങളും പുറത്തിറക്കുന്നത് ഈ വൈകാരിക ചോദനയെ ലക്ഷ്യം വെച്ചാണ്. കളിയോടുള്ള പരിശുദ്ധമായ സ്നേഹമെന്ന പേരിൽ ഈ ഉൽപ്പന്നങ്ങൾ വിറ്റഴിക്കപ്പെടുമ്പോൾ അതിന് പിന്നിലെ കോർപ്പറേറ്റ് താൽപര്യങ്ങൾ പൂർണ്ണമായും മറയ്ക്കപ്പെടുന്നു. ആരാധകന്റെ ഉള്ളിലെ വിശ്വസ്തതയും പ്രത്യാശയും വിപണി മൂല്യമുള്ള ചരക്കായി മാറുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. കാംബെലിന്റെ വാദപ്രകാരം ഈ ഭാവനാത്മക റൊമാന്റിസൈസേഷൻ സൃഷ്ടിക്കുന്ന ഏറ്റവും വലിയ പ്രശ്നം അനന്തമായ അസംതൃപ്തിയാണ്. ഒരു ഉൽപ്പന്നത്തെക്കുറിച്ച് നമ്മൾ മനസ്സിൽ കൊണ്ടുനടക്കുന്ന അതീവ മനോഹരമായ ഭാവനയുമായി പൊരുത്തപ്പെടാൻ യഥാർത്ഥ ലോകത്തിലെ വസ്തുക്കൾക്ക് ഒരിക്കലും കഴിയില്ല. അതുകൊണ്ടുതന്നെ ഒരു വസ്തു സ്വന്തമാക്കിക്കഴിഞ്ഞ ഉടൻ തന്നെ ആ വ്യക്തിയിൽ വിരസതയും നിരാശയും ഉടലെടുക്കുന്നു. ഈ നിരാശ അവനെ അടുത്ത പുതിയ വസ്തുവിലേക്ക് നയിക്കും. ഫുട്ബോളിലും ഇതേ പ്രതിഭാസം കൃത്യമായി ദൃശ്യമാണ്. ഒരു പുതിയ സൂപ്പർതാരത്തെ സ്വന്തമാക്കിയാൽ തങ്ങളുടെ ക്ലബ്ബ് എല്ലാ പ്രതിസന്ധികളും മറികടന്ന് വിജയത്തിലെത്തുമെന്ന ഭാവനയിൽ ആരാധകർ മുഴുകുന്നു. ക്ലബ്ബുകൾ തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും ഈ ഭാവനയെ നിരന്തരം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥ മത്സരരംഗത്ത് ടീം പരാജയപ്പെടുമ്പോൾ ആ റൊമാന്റിക് പ്രതിച്ഛായ തകരുകയും ആരാധകർ അടുത്ത ട്രാൻസ്ഫർ ജാലകത്തിലേക്കും പുതിയ താരങ്ങളിലേക്കും തങ്ങളുടെ ഭാവനകളെ മാറ്റുകയും ചെയ്യുന്നു.

ഈ പ്രക്രിയ ഫുട്ബോളിനെ ഒരു കായിക വിനോദമെന്ന നിലയിൽ നിന്ന് മാറ്റി നിരന്തരമായ ഉപഭോഗ തൃഷ്ണയുടെ കേന്ദ്രമാക്കി മാറ്റുകയാണ് ചെയ്യുന്നത്. കളിയുടെ പരമ്പരാഗതമായ മൂല്യങ്ങളും പ്രാദേശികമായ കൂട്ടായ്മകളും കോർപ്പറേറ്റ് കമ്പനികളുടെ പരസ്യ വാചകങ്ങളായി പരിവർത്തിക്കപ്പെടുന്നു. സാധാരണക്കാരായ ജനങ്ങളുടെ സ്വത്വബോധത്തെയും വികാരങ്ങളെയും ലാഭമുണ്ടാക്കാനുള്ള ഇന്ധനമായി മാറ്റുന്ന ഒരു വിപണി തന്ത്രമാണ് യഥാർത്ഥത്തിൽ ഫുട്ബോൾ റൊമാന്റിസൈസേഷൻ. യാഥാർത്ഥ്യത്തിലെ സാമ്പത്തിക ചൂഷണങ്ങളെയും അസമത്വങ്ങളെയും തിരിച്ചറിയാൻ കഴിയാത്തവിധം ആരാധകരുടെ കണ്ണുകളെ ഈ ഭാവനാത്മക ലോകം അന്ധമാക്കുന്നു. കളിയിലെ റൊമാന്റിക് അനുഭവങ്ങളെ മാത്രം മുൻനിർത്തി സംസാരിക്കുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വൻകിട മുതലാളിത്ത താൽപര്യങ്ങൾക്ക് പൂർണ്ണമായ സംരക്ഷണം ലഭിക്കുകയാണ് ചെയ്യുന്നത്.
ഫുട്ബോൾ റൊമാന്റിസൈസേഷൻ സൃഷ്ടിക്കുന്ന അപകടങ്ങൾ
ഫുട്ബോളിനെ കേവലം വികാരങ്ങളുടെയും പ്രത്യാശയുടെയും പ്രതീകമായി മാത്രം കാണുന്നത് കായിക ലോകത്ത് ഗുരുതരമായ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. യാഥാർത്ഥ്യത്തിൽ നിന്ന് വേർപെട്ട ഈ റൊമാന്റിക് പ്രതീകവൽക്കരണം കളിയെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാം.
റൊമാന്റിക് പ്രതീകവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ഹൂളിഗനിസത്തിന്റെ ആവിർഭാവം ഉടലെടുക്കുന്നത്. ഫുട്ബോളിലെ റൊമാന്റിസൈസേഷൻ സൃഷ്ടിക്കുന്ന ഏറ്റവും മാരകമായ സാമൂഹിക വിപത്താണ് ഹൂളിഗനിസം അഥവാ കായിക അക്രമവാസന. ഒരു ഫുട്ബോൾ ക്ലബ്ബിനോടുള്ള വിശ്വസ്തതയെയും സ്നേഹത്തെയും യുദ്ധതുല്യമായ ഒന്നായി റൊമാന്റിസൈസ് ചെയ്യുമ്പോൾ ആരാധകർ അക്രമാസക്തമായ കൂട്ടായ്മകളായി മാറുന്നുത് പതിവാണ്. സ്വന്തം ക്ലബ്ബിന്റെ വിജയം പ്രദേശത്തിന്റെയോ സ്വത്വത്തിന്റെയോ നിലനിൽപ്പിന്റെ പ്രശ്നമായി ഭാവനയിൽ കാണുന്നതോടെ എതിർ ടീമിന്റെ ആരാധകർ ശത്രുക്കളായി മാറുകയാണ് ചെയ്യുന്നത്. സ്റ്റേഡിയങ്ങളിലും തെരുവുകളിലും നടക്കുന്ന വംശീയമായ അധിക്ഷേപങ്ങളും കല്ലേറുകളും കൊലപാതകങ്ങളും വരെ ഈ റൊമാന്റിക് അന്ധതയുടെ ഫലമാണ്. ഫുട്ബോൾ താരങ്ങളെ കേവലം കളിക്കാരെന്ന നിലയിലല്ല, മറിച്ച് വീരനായകന്മാരായോ ദൈവതുല്യരായ പ്രതീകങ്ങളായോ ആണ് റൊമാന്റിക് സംസ്കാരം അവതരിപ്പിക്കുന്നത്. ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നു വന്ന കഠിനാധ്വാനത്തിന്റെ കഥകൾ മാധ്യമങ്ങൾ നിരന്തരം ആഘോഷിക്കുമ്പോൾ ആ താരങ്ങളുടെ മേൽ അമാനുഷികമായ പ്രതീക്ഷകളുടെ ഭാരം വന്നു വീഴുന്നുണ്ട്. ഒരു മത്സരത്തിലെ ചെറിയ പരാജയം പോലും ഈ റൊമാന്റിക് പരിവേഷത്തെ തകർക്കും. തങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാത്ത താരങ്ങൾക്ക് നേരെ ആരാധകർ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വ്യക്തിഹത്യകളും നടത്തുന്നു. ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ അവർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങൾ ഈ റൊമാന്റിക് ചർച്ചകളിൽ ഒരിടത്തും പരിഗണിക്കപ്പെടുന്നില്ല. കളിയിലെ ലാഭനഷ്ടങ്ങൾക്കിടയിൽ താരങ്ങളുടെ മാനസികാരോഗ്യം പൂർണ്ണമായും അവഗണിക്കപ്പെടാൻ ഇത് കാരണമാകുന്നുണ്ട്.
സാമ്പത്തിക അസമത്വങ്ങളും കോർപ്പറേറ്റ് അധിനിവേശവുമാണ് മറ്റൊരു പ്രശനം. ഫുട്ബോളിനെ ‘തൊഴിലാളിവർഗ്ഗത്തിന്റെ കളി’ എന്ന് റൊമാന്റിസൈസ് ചെയ്യുമ്പോൾ തന്നെ അതിന്റെ നിയന്ത്രണം മുഴുവൻ വൻകിട കോർപ്പറേറ്റുകളുടെയും ശതകോടീശ്വരന്മാരുടെയും കൈകളിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. സാധാരണക്കാരായ ആരാധകർക്ക് സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ വാങ്ങാൻ കഴിയാത്തവിധം വില വർദ്ധിക്കുമ്പോഴും, ക്ലബ്ബിനോടുള്ള വൈകാരികമായ കടപ്പാട് മുൻനിർത്തി അവർ ആ സാമ്പത്തിക ഭാരം താങ്ങാൻ നിർബന്ധിതരാകുന്നു. വൻകിട കമ്പനികൾ ക്ലബ്ബുകളെ സ്വന്തമാക്കുന്നത് കായിക പ്രേമം കൊണ്ടല്ല, മറിച്ച് ജനങ്ങളുടെ ഈ റൊമാന്റിക് വികാരത്തെ ചൂഷണം ചെയ്ത് പണമുണ്ടാക്കാനാണ്. കളിയുടെ യഥാർത്ഥ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുകയും അത് സമ്പന്നരുടെ ഒരു ബിസിനസ്സ് സാമ്രാജ്യമായി മാറുകയും ചെയ്യുമ്പോൾ റൊമാന്റിക് പ്രതിച്ഛായകൾ ആ സത്യത്തെ മൂടിവെക്കാൻ സഹായിക്കുന്നു. യൂറോപ്യൻ ഫുട്ബോളിലെ വമ്പൻ ക്ലബ്ബുകളെയും അവിടുത്തെ ലീഗുകളെയും ആഗോളതലത്തിൽ റൊമാന്റിസൈസ് ചെയ്യുന്നത് പ്രാദേശികമായ കായിക സംസ്കാരത്തെ തകർക്കുന്നുണ്ട്. മൂന്നാം ലോക രാജ്യങ്ങളിലെ ആരാധകർ പോലും തങ്ങളുടെ നാട്ടിലെ കളികളെയും ക്ലബ്ബുകളെയും അവഗണിച്ച് വിദേശ ക്ലബ്ബുകളുടെ ഭാവനാത്മക ലോകത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ഇത് പ്രാദേശികമായ കായിക പ്രതിഭകളുടെ വളർച്ചയെയും ആഭ്യന്തര ലീഗുകളുടെ സാമ്പത്തിക ഭദ്രതയെയും ദോഷകരമായി ബാധിക്കുന്നു. കളിയിലുള്ള വൈവിധ്യങ്ങൾ ഇല്ലാതാവുകയും ലോക ഫുട്ബോൾ ഏതാനും ചില ധനിക ക്ലബ്ബുകളുടെ മാത്രം കുത്തകയായി മാറുകയും ചെയ്യുന്നു.
അനിൽ കർനാനി തന്റെ ‘ഫൈറ്റിംഗ് പോവർട്ടി ടുഗെദർ’ (2011) എന്ന പുസ്തകത്തിലും ഐക്യരാഷ്ട്രസഭയുടെ പ്രബന്ധത്തിലും സാമ്പത്തിക പിന്നാക്കാവസ്ഥയെ റൊമാന്റിസൈസ് ചെയ്യുന്നതിനെ ശക്തമായി എതിർക്കുന്നുണ്ട്. ആഗോള കോർപ്പറേറ്റുകൾ ദരിദ്രരായ മനുഷ്യരെ ‘പ്രതിരോധശേഷിയുള്ളവർ’ എന്നും ‘സ്വയം അധ്വാനിച്ച് ജീവിക്കുന്ന സംരംഭകർ’ എന്നും പുകഴ്ത്തുന്ന പ്രവണത അദ്ദേഹം നിരീക്ഷിച്ചു. ഈ പുകഴ്ത്തൽ വെറുമൊരു കള്ളമാണെന്ന് അമർത്യ സെന്നിന്റെ ‘ഡെവലപ്‌മെന്റ് അസ് ഫ്രീഡം’ (1999) എന്ന പുസ്തകത്തിലെ ആശയങ്ങൾ കടമെടുത്ത് കർനാനി വാദിക്കുന്നുണ്ട്. കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന മനുഷ്യർ ജീവൻ നിലനിർത്താൻ വേണ്ടി മാത്രമാണ് തങ്ങളുടെ ആഗ്രഹങ്ങളെ ചുരുക്കുന്നത്. അത് അവരുടെ സ്വന്തം താൽപര്യമല്ല, ജീവിക്കാനുള്ള വഴിയില്ലാത്തതുകൊണ്ട് സംഭവിക്കുന്നതാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇത് ഫുട്ബോൾ ലോകത്ത് വളരെ വ്യക്തമായി കാണാം. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും തെരുവുകളിൽ ചെരിപ്പില്ലാതെ, കീറിയ പന്തുമായി കളിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ മാധ്യമങ്ങൾ വലിയ രീതിയിൽ റൊമാന്റിസൈസ് ചെയ്യാറുണ്ട്. അവരുടെ കഷ്ടപ്പാടുകളെ ‘കളിയോടുള്ള അടങ്ങാത്ത അഭിനിവേശം’ എന്ന് വിളിക്കുന്നു. കോളിൻ കാംബെൽ പറഞ്ഞ ഭാവനാത്മക വിപണി ഇത്തരം ചിത്രങ്ങളെ ഒരു വികാരമായി വിൽക്കുമ്പോൾ യഥാർത്ഥ പ്രശ്നങ്ങൾ മറയ്ക്കപ്പെടുകയാണ്. കായികമായ അടിസ്ഥാന സൗകര്യങ്ങളോ നല്ല കളിക്കളങ്ങളോ മികച്ച പരിശീലനമോ നൽകാത്ത ഭരണകൂടത്തിന്റെ പരാജയത്തെയാണ് ഈ റൊമാന്റിസൈസേഷൻ മൂടിവെക്കുന്നത്. രണ്ട് ഡോളർ മാത്രം ദിവസവരുമാനമുള്ള കുട്ടികൾ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജയിക്കുന്നതിനെ ലോകം ആഘോഷിക്കുമ്പോൾ അവരെ ആ ദാരിദ്ര്യത്തിൽ തന്നെ നിലനിർത്തുന്ന സാമ്പത്തിക ചൂഷണത്തെക്കുറിച്ച് ആരും ചോദ്യങ്ങൾ ചോദിക്കുന്നില്ല.
സാംസ്കാരിക ചിന്തകയായ ലോറൻ ബെർലാന്റ് ക്രുയൽ ഒപ്റ്റിമിസം’ (2011) എന്ന പുസ്തകത്തിലൂടെ വൈകാരികമായ റൊമാന്റിസൈസേഷനെ മറ്റൊരു തലത്തിൽ വിശകലനം ചെയ്യുന്നത് കാണാം. നിലവിലെ സാമ്പത്തിക വ്യവസ്ഥയിൽ സാധാരണക്കാർക്ക് ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത സുരക്ഷിതമായ ജീവിതത്തെയും സമ്പത്തിനെയും അവർ വീണ്ടും വീണ്ടും റൊമാന്റിസൈസ് ചെയ്ത് കൊണ്ടുനടക്കുന്ന അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. നമ്മൾ ഏതൊരു കാര്യത്തെയാണോ തീവ്രമായി ആഗ്രഹിക്കുന്നത്, ആ ആഗ്രഹം തന്നെ നമ്മുടെ യഥാർത്ഥ വളർച്ചയ്ക്ക് തടസ്സമായി മാറുന്ന അവസ്ഥയെ അവർ ‘ക്രൂരമായ ശുഭാപ്തിവിശ്വാസം’ (Cruel Optimism) എന്ന് നാമകരണം ചെയ്യുന്നുണ്ട്. കർനാനി പറഞ്ഞതുപോലെ ദാരിദ്ര്യത്തിൽ കഴിയുന്ന ലക്ഷക്കണക്കിന് കുട്ടികൾ ഫുട്ബോളിലൂടെ തങ്ങളുടെ ജീവിതം മാറിമറിയുമെന്ന് വിശ്വസിക്കുന്നത് ഈ ക്രൂരമായ ശുഭാപ്തിവിശ്വാസം മൂലമാണ്. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന ശതകോടീശ്വരന്മാരായ താരങ്ങളെപ്പോലെ തങ്ങൾക്കും മാറാൻ കഴിയുമെന്ന് ഈ കുട്ടികൾ റൊമാന്റിക് ഭാവനകളിൽ ജീവിക്കുന്നു. ക്ലബ്ബുകളും ഏജന്റുമാരും ഈ വലിയ സ്വപ്നങ്ങളെ തങ്ങളുടെ ബിസിനസ്സ് ലാഭത്തിനായി ഉപയോഗിക്കുന്നു. ദിവസവും പന്ത്രണ്ടും പതിനഞ്ചും മണിക്കൂർ കഠിനമായി അധ്വാനിച്ചാൽ വിജയം ഉറപ്പാണെന്ന് വിശ്വസിക്കുന്ന കുട്ടികൾ സ്വന്തം ആരോഗ്യവും വിദ്യാഭ്യാസവും നഷ്ടപ്പെടുത്തുന്നു. ഈ മത്സര വ്യവസ്ഥിതിയിൽ ഒരു ശതമാനം ആളുകൾ മാത്രമാണ് വിജയിക്കുന്നത്. ബാക്കി തൊണ്ണൂറ്റൊൻപത് ശതമാനം ആളുകളും കടുത്ത നിരാശയിലേക്കും മാനസിക തകർച്ചയിലേക്കും വീണുപോകുന്നു. കളിയിലെ നിയമങ്ങൾ സമ്പന്നർക്ക് അനുകൂലമായി ക്രമീകരിച്ചതാണെന്ന് മനസ്സിലാക്കുന്നതിന് പകരം, പരാജയപ്പെട്ട കളിക്കാർ സ്വന്തം കഠിനാധ്വാനത്തിന്റെ കുറവുകൊണ്ടാണിതെന്ന് കരുതി സ്വയം കുറ്റപ്പെടുത്തുന്നു.

ഫെമിനിസ്റ്റ് ചിന്തകയായ ബെൽ ഹുക്സ് ബ്ലാക്ക് ലുക്സ്: റേസ് ആൻഡ് റെപ്രസന്റേഷൻ’ (1992) എന്ന പുസ്തകത്തിലെ ഈറ്റിംഗ് ദി അതർ’ എന്ന പ്രബന്ധത്തിൽ വംശീയവും സാംസ്കാരികവുമായ റൊമാന്റിസൈസേഷനെ ശക്തമായി വിമർശിക്കുന്നത് കാണാം. വെളുത്ത വർഗ്ഗ മേധാവിത്വമുള്ള ആഗോള മാധ്യമങ്ങൾ കറുത്തവർഗ്ഗക്കാരുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും സംസ്കാരത്തെ ‘അതിശക്തം’ എന്നും ‘ആകർഷകം’ എന്നും റൊമാന്റിസൈസ് ചെയ്യുന്ന രീതിയാണ് ഹുക്സിന്റെ ചർച്ചാ വിഷയം. ഈ പ്രക്രിയയെ അവർ ഒരുതരം സാംസ്കാരിക നരഭോജനം (Cultural Cannibalism) എന്നാണ് വിളിക്കുന്നത്. ഉയർന്ന വിഭാഗങ്ങൾ തങ്ങളുടെ വിരസമായ ജീവിതത്തിന് നിറം കൂട്ടാൻ വേണ്ടി മാത്രം ഈ പിന്നാക്ക സംസ്കാരങ്ങളെ ഉപയോഗിക്കുകയും അവരുടെ യഥാർത്ഥ സങ്കടങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. ലോറൻ ബെർലാന്റ് പറഞ്ഞ ക്രൂരമായ ശുഭാപ്തിവിശ്വാസത്തോടെ യൂറോപ്പിലേക്ക് വണ്ടി കയറുന്ന ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ കളിക്കാരെ പാശ്ചാത്യ ക്ലബ്ബുകൾ കൈകാര്യം ചെയ്യുന്നത് ഇതേ രീതിയിലാണ്. ഈ കളിക്കാരുടെ കായികക്ഷമതയെയും ശരീരപ്രകൃതിയെയും ‘സ്വാഭാവികമായ കരുത്ത്’ എന്ന് വിളിച്ച് അവർ റൊമാന്റിസൈസ് ചെയ്യുന്നു. യൂറോപ്യൻ ലീഗുകൾക്ക് ആവേശം കൂട്ടാൻ വേണ്ടി ഈ താരങ്ങളുടെ കളി ഉപയോഗിക്കുമ്പോൾ തന്നെ അവർ നേരിടുന്ന വംശീയ അധിക്ഷേപങ്ങളെ വിപണി ഗൗരവമായി കാണുന്നില്ല. ആഗോള വിപണിക്ക് കറുത്ത വർഗ്ഗക്കാരായ താരങ്ങളുടെ കളിയുടെ ഭംഗി മാത്രം മതി. എന്നാൽ അവർ പ്രതിനിധീകരിക്കുന്ന ജനവിഭാഗങ്ങളുടെ രാഷ്ട്രീയ അവകാശങ്ങളോ ചരിത്രപരമായ സങ്കടങ്ങളോ വിപണിക്ക് ആവശ്യമില്ല. വംശീയമായ ചൂഷണങ്ങളെ സൗന്ദര്യവൽക്കരിക്കപ്പെട്ട ഒരു ചരക്കാക്കി മാറ്റാൻ മാത്രമേ ഈ റൊമാന്റിസൈസേഷൻ സഹായിക്കുന്നുള്ളൂ.
‘ക്യാപിറ്റലിസ്റ്റ് റിയലിസം എന്ന പുസ്തകത്തിൽ മനുഷ്യന്റെ മാനസിക സങ്കടങ്ങളെ വിപണി എങ്ങനെയാണ് റൊമാന്റിസൈസ് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നുണ്ട് ഫിഷർ. വിഷാദരോഗവും അമിതമായ ഉത്കണ്ഠയും കലാപരമായ കഴിവിന്റെയോ ആഴത്തിലുള്ള ചിന്തയുടെയോ ലക്ഷണമായി ചിത്രീകരിക്കുന്ന സാംസ്കാരിക മാറ്റം അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. മാനസിക പ്രശ്നങ്ങളെ കേവലം വ്യക്തിപരമായ കെമിക്കൽ അസന്തുലിതാവസ്ഥയായോ അല്ലെങ്കിൽ ഒരു കലാകാരന്റെ സ്വാഭാവികമായ ഭാവമായോ മാറ്റുമ്പോൾ അതിന്റെ സാമൂഹിക പശ്ചാത്തലം നഷ്ടപ്പെടുന്നു. ഇതിനെ അദ്ദേഹം ‘മാനസിക സമ്മർദ്ദങ്ങളുടെ സ്വകാര്യവൽക്കരണം’ (Privatization of Stress) എന്നാണ് വിളിക്കുന്നത്.
ബെൽ ഹുക്സ് പറഞ്ഞതുപോലെ വംശീയമായ വിപണനത്തിന് ഇരയാകുന്ന ഫുട്ബോൾ താരങ്ങൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദം ഈ രീതിയിലാണ് റൊമാന്റിസൈസ് ചെയ്യപ്പെടുന്നത്. ഒരു താരം കളിയിലെ അമിത സമ്മർദ്ദം മൂലം മാനസികമായി തകരുമ്പോൾ മാധ്യമങ്ങൾ അതിനെ ഒരു ‘വലിയ ദുരന്ത നായകന്റെ കഥ’യായി ചിത്രീകരിച്ച് വീണ്ടും വിപണിയിൽ വിൽക്കുന്നു. തുടർച്ചയായ മത്സരങ്ങളും വിശ്രമമില്ലാത്ത യാത്രകളും അവരെ എങ്ങനെ ബാധിക്കുന്നു എന്ന് ആരും ആലോചിക്കുന്നില്ല. ശതകോടികൾ സമ്പാദിക്കുന്നതുകൊണ്ട് അവർക്ക് മാനസിക വിഷമം ഉണ്ടാകാൻ പാടില്ലെന്ന ക്രൂരമായ ചിന്തയാണ് സമൂഹത്തിനുള്ളത്. കളിയിലെ അമിതമായ മത്സരബുദ്ധിയും കോർപ്പറേറ്റ് സമ്മർദ്ദങ്ങളുമാണ് കളിക്കാരെ വിഷാദരോഗത്തിലേക്ക് തള്ളിവിടുന്നത്. എന്നാൽ ഈ റൊമാന്റിക് സൗന്ദര്യവൽക്കരണം കാരണം കളിയിലെ തിന്മകൾ ചോദ്യം ചെയ്യപ്പെടാതെ നിലനിൽക്കുന്നുണ്ട്.
(അൽ വർദ ഇസ്ലാമിക് കോളേജിലെ പൂർവവിദ്യാർഥിനിയും, കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദധാരിയുമാണ് ലേഖിക.)








