Campus Alive

സംവരണത്തിനെന്തിനാണ് മതപരമായ മുന്‍വിധികള്‍?

സമൂഹത്തിലെ ഡിപ്രീവ്ഡ് ആയ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി preferential treatment എല്ലാ ആധുനിക ദേശരാഷ്ട്രങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. ലിബറല്‍ ജനാധിപത്യ രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമായാണ് preferential treatment നെ രാഷ്ട്രീയ ചിന്തകര്‍ വിലയിരുത്തുന്നത്. ഡിപ്രീവ്ഡായ സമൂഹങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിക്കൊണ്ടുള്ള വിഭവ വിതരണമാണ് ദേശരാഷ്ട്രങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയ പ്രാതിനിധ്യം എന്നീ മേഖലകളിലെ അസന്തുലിതത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് അതിലൂടെ അവര്‍ ഉന്നം വെക്കുന്നത്. യു.എസ്, യു.കെ, ബ്രസീല്‍, ബൊളീവിയ, പെറു, നൈജീരിയ, സുഡാന്‍, സൗത്താഫ്രിക്ക, മലേഷ്യ, പാക്കിസ്ഥാന്‍, ചൈന, ജപ്പാന്‍, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇതിന് ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

നൂറ്റാണ്ടുകളായി ഇന്ത്യയില്‍ ദലിതരും മറ്റ് പിന്നാക്ക വിഭാഗങ്ങളും സാമൂഹ്യശ്രേണിയുടെ ഏറ്റവും അടിത്തട്ടിലാണ് നിലകൊള്ളുന്നത്. അംബേദ്ക്കറിന്റെ പോരാട്ടത്തിലൂടെയാണ് അവര്‍ക്ക് സംവരണം സാധ്യമായത്. 1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് ഇന്ത്യയിലെ മുസ്‌ലിം ജാതികള്‍ക്കും ദലിത് ഹിന്ദുക്കള്‍ക്കും സംവരണം അനുവദിച്ചു കൊടുക്കുകയുണ്ടായി. മുസ്‌ലിംകള്‍ക്കിടയിലും ജാതിയടിസ്ഥാനത്തിലുള്ള ശ്രേണീബന്ധിതമായ സാമൂഹ്യഘടന നിലനില്‍ക്കുന്നുണ്ട് എന്നത് മുമ്പേ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ക്കിടയില്‍ ജാതിവ്യവസ്ഥ എത്രത്തോളം അന്തര്‍ലീനമാണ് എന്നത് സംവാദവിഷയമാണ്. 1901, 1911, 1921, 1931 എന്നീ വര്‍ഷങ്ങളില്‍ നടന്ന സെന്‍സസുകളില്‍ മുസ്‌ലിം ജാതികളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ട്. ഏകാത്മകമായ മുസ്‌ലിം സമുദായം എന്ന അവകാശവാദത്തെയാണ് അവ വെല്ലുവിളിക്കുന്നത്. 1901 ലെ ബംഗാള്‍ സെന്‍സസിനെ മുന്‍നിര്‍ത്തി അംബേദ്കര്‍ മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാമൂഹ്യ വിവേചനത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ‘ ഇസ്‌ലാം സാഹോദര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അടിമത്വത്തില്‍ നിന്നും ജാതിയില്‍ നിന്നും ഇസ്‌ലാം മുക്തമായിരിക്കണമെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ അടിമത്വം അവസാനിച്ചെങ്കിലും മുസ്‌ലിംകള്‍ക്കിടയിലെ ജാതി ഇപ്പോഴും അവസാനിച്ചിട്ടില്ല.’ അംബേദ്കറുടെ അഭിപ്രായം ശരിയായിരുന്നു എന്നാണ് ഇന്ത്യയിലെ ദലിത് മുസ്‌ലിംകളുടെ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത്. ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനത്തിന് ശേഷവും ദലിതരുടെ സാമൂഹ്യാവസ്ഥക്ക് റാഡിക്കലായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

Ambedkar_buddhism.jpg33-1.jpg000

സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം ഒ.ബി.സി മുസ്‌ലിംകളുടെയും ദലിത് മുസ്‌ലിംകളുടെയും സംവരണം സ്റ്റേറ്റ് പിന്‍വലിക്കുകയുണ്ടായി. 1947 ആഗസ്റ്റ് 8 ന് വല്ലേഭായി പട്ടേലാണ് ന്യൂനപക്ഷങ്ങളെക്കുറിച്ച സബ്കമ്മറ്റിയുടെ റിപ്പോര്‍ട്ട് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിക്ക് മുമ്പാകെ സമര്‍പ്പിക്കുന്നത്. അത്പ്രകാരം ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തി ജോയിന്റ് ഇലക്ട്രോറേറ്റില്‍ തന്നെ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണ സീറ്റുകള്‍ നല്‍കാന്‍ തീരുമാനിക്കപ്പെടുകയുണ്ടായി. സെപ്പെറേറ്റ് ഇലക്ട്രോറേറ്റുകള്‍ ഇല്ലാതാക്കപ്പെടുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് 27നും 28നും അസംബ്ലി റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ശുപാര്‍ശകള്‍ അവതരിപ്പിക്കുകയും ചെയ്തു.

1950 ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറാണ് ദലിത് മുസ്‌ലിംകള്‍ക്കുള്ള സംവരണം എടുത്തു കളഞ്ഞത്. ഇസ്‌ലാമില്‍ ജാതികളില്ല എന്ന വാദമായിരുന്നു ഇന്ത്യന്‍ ഗവണ്‍മെന്റ് ഈ നടപടിയെ ന്യായീകരിച്ച് കൊണ്ട് മുന്നോട്ട് വെച്ചത്. കൊളോണിയല്‍ എത്‌നോഗ്രഫേര്‍സെല്ലാം രേഖപ്പെടുത്തിയ മുസ്‌ലിംകള്‍ക്കിടയിലെ ജാതി പ്രാക്ടീസിനെക്കുറിച്ച ബോധപൂര്‍വ്വമുള്ള നിരാകരണമായിരുന്നു അത്. ദലിത് ഹിന്ദുക്കള്‍ക്ക് മാത്രമായി സംവരണം ചുരുക്കുകയാണ് ഗവണ്‍മെന്റ് ചെയ്തത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 341 പ്രകാരം മുസ്‌ലിം, ക്രിസ്റ്റ്യന്‍ സമുദായങ്ങള്‍ക്കിടയിലെ ദലിതര്‍ സംവരണത്തിന് പുറത്താണ്. ഈ നിയമത്തില്‍ ഭേതഗതി വരുത്തിക്കൊണ്ട് സിക്ക്, ബുദ്ധ സമുദായങ്ങളിലെ ദലിതരെ എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. മാസ്റ്റര്‍ എന്നറിയപ്പെടുന്ന താരാ സിംഗിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ പ്രതിഫലനമായാണ് സിക്ക് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിതര്‍ക്ക് സംവരണം സാധ്യമായത്. 1990 മെയ് മാസത്തില്‍ അംബേദ്ക്കറിന്റെ ജന്‍മദിനാഘോഷ വേളയില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി.പി സിംഗ് ബുദ്ധ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിതരെയും എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഹിന്ദു മതത്തില്‍ നിന്ന് ബുദ്ധിസത്തിലേക്കുള്ള മാറ്റം ദലിതരുടെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ അവസ്ഥയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. അങ്ങനെ സിക്ക്, ബുദ്ധ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിതരെയും എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.

മണ്ഡല്‍ കമ്മീഷന്റെ വരവോട് കൂടി ഒരു പുതിയ രാഷ്ട്രീയ സമവാക്യം രൂപീകരിക്കപ്പെടുകയുണ്ടായി. ചില മുസ്‌ലിം ജാതികളെ ഗവണ്‍മെന്റ് ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും 27 ശതമാനം സംവരണം നല്‍കുകയും ചെയ്തു. ഈ നീക്കം പസ്മന്ത മുസ്‌ലിംകള്‍ക്കിടയില്‍ ഒരു രാഷ്ട്രീയ അവബോധം സൃഷ്ടിക്കുകയുണ്ടായി. ദലിത് മുസ്‌ലിംകളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഉന്നമനത്തെ ലക്ഷ്യം വെച്ച് അവര്‍ സംഘടനകള്‍ രൂപീകരിക്കുകയും 1950 ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ദേശീയ തലത്തില്‍ അവര്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. 2002 ല്‍ ഡല്‍ഹിയില്‍ വെച്ച് ആള്‍ ഇന്ത്യ ബാക്ക്‌വേഡ് മുസ്‌ലിം മോര്‍ച്ച ഇന്‍സാഫ് സമ്മേളന്‍ ( Justice Conference) സംഘടിപ്പിക്കുകയുണ്ടായി. മത ഗ്രൂപ്പുകള്‍ ആര്‍ട്ടിക്കിള്‍ 341 ന്റെ പരിധിയില്‍ വരണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. എല്ലാ വിഭാഗങ്ങളിലും പെട്ട മുസ്‌ലിം നേതാക്കളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയുണ്ടായി. മൗലാന ആസാദ് മദനി ( ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ്), മൗലാനാ അസ്‌റാറുല്‍ ഹഖ് ഖാസിമി ( മില്ലി കൗണ്‍സില്‍), ശീഈ നേതാവായ കല്‍ബെ ജവ്വാദ് തുടങ്ങിയവര്‍ അതിലുള്‍പ്പെടുന്നു. ചില ഹിന്ദു നേതാക്കന്‍മാരും പസ്മന്ത മുസ്‌ലിംകളുടെ ആവശ്യത്തെ പിന്തുണക്കുകയുണ്ടായി. മുന്‍ യൂനിയന്‍ മിനിസ്റ്ററായിരുന്ന ചതുരാനന്‍ മിശ്ര, ദലിത് നേതാക്കന്‍മാരായ ഉദിത് രാജ്, ജെ.എന്‍ നിഷാദ് തുടങ്ങിയവരെല്ലാം ദലിത് മുസ്‌ലിംകള്‍ക്കും ദലിത് ക്രൈസ്തവര്‍ക്കും അനുകൂലമായി ആര്‍ട്ടിക്കിളില്‍ ഭേതഗതി വരുത്താനാവശ്യപ്പെടുകയുണ്ടായി. ഉദിത് രാജ് പറയുന്നത് നോക്കൂ: ‘ ആര്‍ട്ടിക്കിള്‍ 341 ലെ ‘മത’ നിരോധത്തിനെതിരെ നാം ഒരുമിച്ച് പോരാടേണ്ടതുണ്ട്. മുഴുവന്‍ ദലിതരെയും ഒരൊറ്റ കാറ്റഗറിക്ക് കീഴില്‍ കൊണ്ടുവരേണ്ടതുണ്ട്’.

അത്‌പോലെ 2004 ഡിസംബറില്‍ പസ്മന്ത മുസ്‌ലിം മഹാസിന്റെ നേതൃത്വത്തില്‍ ദലിത് മുസ്‌ലിം മഹാപഞ്ചായത്ത് എന്ന ഒരു പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി. ദലിത്, ഒബിസി മുസ്‌ലിംകളുടെ മനശ്ശാസ്ത്രപരമായ അടിമത്വ മനോഭാവത്തെ പസ്മന്താ മൂവ്‌മെന്റിന്റെ മൊബിലൈസേഷന്‍ വെല്ലുവിളിക്കുകയുണ്ടായി. അഷ്‌റഫി മുസ്‌ലിം നേതാക്കളുടെ റിയാക്ഷനറി ആയ രാഷ്ട്രീയത്തിനെതിരെ അവര്‍ സംസാരിക്കുകയും സ്‌റ്റേറ്റില്‍ നിന്നും തങ്ങളുടെ അവകാശങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങുകയും ചെയ്തു.

FFT120_1s

‘രാംകുമാര്‍ ഒരു ഹിന്ദു ദോബിയാണ്. വിദ്യാഭ്യാസവും ജോലിയുമുള്‍പ്പെടെ ഗവണ്‍മെന്റ് അദ്ദേഹത്തിന് എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഞാനൊരു മുസ്‌ലിം ദോബിയാണ്. എനിക്കതെല്ലാം ഗവണ്‍മെന്റ് നിഷേധിച്ചിരിക്കുകയാണ്.’

ഇന്ത്യയിലെ ദലിത് മുസ്‌ലിംകള്‍ അനുഭവിക്കുന്ന നീതിനിഷേധത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ആര്‍ട്ടിക്കിള്‍ 341 ന് കീഴില്‍ മറ്റ് മതങ്ങളിലെ ദലിതര്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍ ദലിത് മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. ഈ യാഥാര്‍ത്ഥ്യത്തെ വെളിച്ചത്ത് കൊണ്ടു വരികയും അതിനെക്കുറിച്ച ചര്‍ച്ചകള്‍ സജീവമാക്കുകയും ചെയ്തു എന്നതാണ് പസ്മന്ത മൂവ്‌മെന്റിന്റെ വിജയം. അതേത്തുടര്‍ന്ന് സച്ചാര്‍ കമ്മറ്റിയടക്കം മുസ്‌ലിംകളിലെയും ക്രിസ്ത്യാനിറ്റിയിലെയും ദലിതരെ ഒബിസി, എസ്.സി ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയുണ്ടായി.

രംഗനാഥ മിശ്രയും മുസ്‌ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങളെക്കുറിച്ച് പഠിക്കുകയും അവര്‍ക്ക് സംവരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ച അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ദുര്‍ബലമാണ്. കാരണം ജാതി പ്രാക്ടീസുകള്‍ കുറഞ്ഞെന്നും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയാവസ്ഥ മെച്ചപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അത്‌പോലെ ജാതിയുടെ അടിസ്ഥാനത്തിലുള്ള ഹൈറാര്‍ക്കിയെയും വിവേചനത്തെയും കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല.

സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഭരണകൂടം ചെയ്യേണ്ടത്. അത്‌പോലെ ഒ.ബി.സി മുസ്‌ലിംകള്‍ക്കായി ഒരു സബ്ക്വാട്ട നിര്‍മ്മിക്കുകയും ചെയ്യേണ്ടതുണ്ട്. മാത്രമല്ല, 1950 ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ തള്ളിക്കളയുകയും ദലിത് മുസ്‌ലിംകളെ എസ്.സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുകയും വേണം. എന്നാല്‍ കമ്മ്യൂണിറ്റിയുടെ ബ്രോഡറായ മൊബിലൈസേഷനില്ലാതെ അത് സാധ്യമല്ല. എല്ലാ മുസ്‌ലിംകളെയും ഒരു പ്ലാറ്റ്‌ഫോമിന് കീഴില്‍ അണിനിരത്തിക്കൊണ്ടാണ് മൊബിലൈസേഷന്‍ സാധ്യമാക്കേണ്ടത്. സെക്ടേറിയനായ എല്ലാ രാഷ്ട്രീയ നീക്കങ്ങളെയും കൈവെടിഞ്ഞ് കൊണ്ട് കമ്മ്യൂണിറ്റിയുടെ യോജിച്ച പോരാട്ടത്തിലൂടെ മാത്രമേ സാമൂഹ്യനീതിയെക്കുറിച്ച പസ്മന്ത മുസ്‌ലിംകളുടെ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ സാധിക്കൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

 

ലക്‌നൗവിലെ ഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ( Gids) അസിസ്റ്ററ്റ് പ്രൊഫസറാണ് ലേഖകന്‍