Campus Alive

എസ്.എഫ്.ഐ യുടെ ആണത്ത രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധികള്‍

എസ്.എഫ്.ഐ യുടെ സെക്കുലര്‍ വയലന്‍സിനോട് പ്രതികരിച്ച് കൊണ്ട് സോഷ്യല്‍ മീഡിയകളില്‍ വന്ന കുറിപ്പുകള്‍

 

 

അജിത് കുമാര്‍

സെക്രട്ടറിയേറ്റിനു മുന്നില്‍ രാവും പകലും സമരം നടത്തുമ്പോള്‍ ചിത്രലേഖയുടെ സമരപന്തല്‍ സന്ദര്‍ശിച്ച സ്ത്രീകളില്‍ അധികവും മുസ്‌ലിം സ്ത്രീകളായിരുന്നിരിക്കണം. വിവിധ സംഘടനകളില്‍ നിന്നുള്ളവര്‍. ഇപ്പോള്‍ മടപ്പളി കോളേജില്‍ എസ് എഫ് ഐക്കെതിരെ ശക്തമായി നില്‍ക്കുന്ന സല്‍വ അബ്ദുല്‍ ഖാദറിന് പിന്തുണയുമായി ചിത്രലേഖ വരുമ്പോള്‍ ഇടതു ആണ്‍കോയ്മ രാഷ്ട്രീയത്തിന് പ്രഹരം തന്നെയാണ്. ഇപ്പോള്‍ എല്ലായിടത്തും എസ്എഫ് ഐയ്ക്കും സി പി എമ്മിനും ഭീഷണി പെണ്ണുങ്ങള്‍ തന്നെയാണല്ലോ. ദലിത് സ്ത്രീകളും മുസ്‌ലിം സ്ത്രീകളും ഇങ്ങനെ ഒന്നിച്ചു ശക്തമായി വന്നാല്‍ അവരുടെ കട്ടപ്പുക തന്നെ.

യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ പേര് ”ഒരു വട്ടം കൂടി”! ജീവനില്‍ കൊതിയുള്ള എസ എഫ് ഐ ക്കാരല്ലാത്ത ആരെങ്കിലും ഒരു വട്ടം കൂടി അവിടം ഓര്‍ക്കാനെങ്കിലും ശ്രമിക്കുമോ?
”അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍..” എന്ന് കേള്‍ക്കുമ്പോള്‍ എസ് എഫ് ഐയുടെ അടി കൊണ്ട് പൊഴിഞ്ഞു വീണ പല്ലുകളെ അല്ലേ പലര്‍ക്കും ഓര്‍ക്കാന്‍  കഴിയൂ

മാനസി എം.എസ്

ഈ അടുത്ത് വരെ അവിടെ ഒരു ASA, ഇവിടെ വേറൊരു ASA എന്നൊക്കെ പറഞ്ഞ സഖാക്കള്‍ ഉണ്ടായിരുന്നല്ലോ. ഇപ്പൊ നല്ല SFI മോശം SFI എന്നൊക്കെ ഉള്ള കളികള്‍ കളിക്കുകയാണെന്ന് തോന്നുന്നു.

സഞ്ജീവ് ശ്രീധരന്‍

കുറേക്കാലം മുമ്പ് ഹവാനയില്‍ വെച്ചുനടന്ന ഏതോ ലോകയുവജനസമ്മേളനത്തിന് ഇവിടുന്നും അഞ്ചാറ് ഡിഫി-എസ്.എഫ്.ഐ സഖാക്കള്‍ കെട്ടിയെടുത്ത് പോയി. ആദ്യത്തെ ദിവസം പ്രസംഗവും ചര്‍ച്ചയുമൊക്കെ കഴിഞ്ഞപ്പോള്‍ ഗംഭീര നിശാവിരുന്ന്. മുഴുത്ത കുടി,വലി, ആട്ടം, പാട്ട്. ക്യൂബന്‍ സഖാക്കള്‍ ആണ്‍-പെണ്‍ ഭേദമില്ലാതെ സല്‍സയില്‍ അഴിഞ്ഞാടുന്നത് കണ്ട് ധര്‍മ്മടം, കൊളശ്ശേരി, പാളയം, തമ്പുരാന്‍മുക്ക് തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള മലയാളി ആണ്‍ സിംഹങ്ങള്‍ വിറങ്ങലിച്ച് നിന്നു. ഇവറ്റകള്‍ ഇങ്ങനെ ഐസായി നില്‍ക്കുന്നത് കണ്ട് ക്യൂബന്‍ പിള്ളേര്‍ പരസ്പരം പിറുപിറുത്തുവത്രേ, joder! cabrones! (കോപ്പിലെ മയിരന്‍മര്‍ എന്നോ മറ്റോ ആണ്) ഈ ക്യൂബന്‍ സഖാക്കള്‍ യൂണിവേഴ്‌സിറ്റി കോളേജ് പോലുള്ള ചെങ്കോട്ടകള്‍ ഒന്ന് വന്ന് കണ്ടിരുന്നേല്‍ അതിന്റെ കവാടത്തിന് തൊട്ടു മുമ്പില്‍ വടിപോലെ നില്‍ക്കുന്ന പട്ടം താണുപിള്ള വരെ നല്ല കല്ലന്‍ സ്പാനിഷ് തെറികള്‍ പഠിച്ചേനെ.

3

യൂണിവേഴ്‌സിറ്റി കോളേജില്‍ ഉടുവസ്ത്രത്തിന്റെ സദാചാരം ചര്‍ച്ചചെയ്യാന്‍ പാര്‍ട്ടി കമ്മിറ്റി കൂടിയതിനെ കുറിച്ച് സൂര്യഗായത്രി എഴുതിയിരുന്നുവല്ലോ. ഇതുപോലൊരു കമ്മിറ്റിയും ഉള്ളുറപ്പുള്ള സ്ത്രീ സഖാവുമാണ് രേഖ. കെ യുടെ ‘ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)’ എന്ന ഗംഭീരമായ ചെറുകഥയിലുള്ളത്.

ഈ കഥയെ ആസ്പദമാക്കി ഇടതുപക്ഷത്തിന് ശരീരവും അതിന്റെ തൃഷ്ണകളുമായുള്ള ഇടപാടിലെ ധര്‍മ്മസങ്കടത്തെ കുറിച്ച് പത്തുപന്ത്രണ്ടു കൊല്ലം മുമ്പ്് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ലേഖനം എഴുതിയിരുന്നു. എസ് എഫ് ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ കാമ്പസുകളില്‍ സിനിമാറ്റിക് ഡാന്‍സിനെ നിരോധിക്കാന്‍ ഇറങ്ങിയ വേളയില്‍. അത് കഴിഞ്ഞു രണ്ടു തലമുറയെങ്കിലും വന്നുപോയിട്ടുണ്ടാവുമെങ്കിലും എസ് എഫ് ഐ ക്ക് ഒരു മാറ്റവുമില്ല. അങ്ങനെ തന്നെ വേണം. മാറ്റമില്ലാത്തതായി മാറ്റം മാത്രമേ ഉള്ളുവെന്നെല്ലേ സാക്ഷാല്‍ മാര്‍ക്‌സ് പറഞ്ഞത്.
മേല്‍പ്പറഞ്ഞ ഇടത് ധര്‍മ്മസങ്കടത്തെ സൂക്ഷ്മമായി പ്രതിനിധാനം ചെയ്യുന്നതാണ് ‘ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)’. ഒരു ‘അവിഹിതബന്ധ’മാണ് സഖാവിന് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി കമ്മിറ്റിയില്‍ സംസാരിക്കുന്നവരോ ആഖ്യാതാവോ കഥയില്‍ ഒരിടത്തും ശരീരത്തിന്റെ ആ ‘അതിക്രമം’ വിവരിക്കുന്നില്ല.’വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ ഇത്രേയുള്ളൂ’ എന്ന് പറഞ്ഞു തുടങ്ങുമ്പോഴും അര്‍ദ്ധവിരാമത്തില്‍ ഒടുങ്ങുന്നു അത്:
‘വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ ഇത്രേയുള്ളൂ. സഖാവ് പി എസ് കെയുടെ മകളുടെ ഭര്‍ത്താവും പത്രപ്രവര്‍ത്തകനും രണ്ടു കുട്ടികളുടെ അച്ഛനുമായ ചെറുപ്പക്കാരനെ ഇവള്‍….’

എന്നാല്‍ കഥയില്‍ ശരീരം ഏറ്റവും സ്പഷ്ടമായി തെളിയുന്ന ഒരു നിമിഷമുണ്ട്. ഇടതു വ്യവഹാരങ്ങളില്‍ ശരീരത്തിന് സാധുത കൈവരുന്ന ഒരേയൊരു നിമിഷം. അത് ഭരണകൂടത്തോട് പോരടിക്കുമ്പോഴാണ്. ആ ഒരേയൊരു നിമിഷത്തിലാണല്ലോ സഖാക്കളായ പെണ്ണിനും ആണിനും തെരുവില്‍ ഇടകലര്‍ന്ന് ഇരിക്കുകയും കിടക്കുകയും ചെയ്യാനാവുക. അന്തിക്കാട്ടുകാരി സഖാവിനെ വിദ്യാര്‍ത്ഥി സമരത്തിനിടെ പോലീസ് തെരുവിലൂടെ വലിച്ചിഴക്കുകയാണ്:
‘രജസ്വലയായ കന്യകയുടെ രക്തമൊഴുകുന്ന തുടകള്‍ ആരും കാണരുതേ എന്ന പ്രാര്‍ത്ഥനയോടെ അഴിഞ്ഞുലഞ്ഞ മുടിയും കുടുക്കഴിഞ്ഞു സ്ഥാനം തെറ്റി പുറത്തേക്ക് ചാടിയ ബ്രേസിയറും അടുക്കിപ്പിടിച്ചു നഗരത്തിലൂടെ ഇഴയുമ്പോള്‍ പാര്‍ട്ടിക്ക് ശക്തി കൂടുന്നുവെന്ന അറിവ് മാത്രമായിരുന്നു പിന്‍ബലം.’
രേഖ. കെ, ‘ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)’, തൃശൂര്‍ കറന്റ് ബുക്‌സ്, 2005 ‘

സല്‍മാന്‍ മുഹമ്മദ്

സ്വാതന്ത്ര്യവും ജനാധിപത്യവും ഉള്ള യൂണിവേഴ്‌സിറ്റി കോളേജിനെ തിരിച്ച് പിടിക്കണമത്രെ!!

!! അല്ല എന്നാണ് അവിടെ അതൊക്കെ ഉണ്ടായിട്ടുള്ളത്? എന്തായാലും ഈ പറയുന്നയാള്‍ മൂക്കളയൊലിപ്പിച്ച് നടന്ന കാലത്ത് പോലും അതവിടെ ഉണ്ടായിരിക്കാന്‍ തരമില്ല. പിന്നെ ഇത് പറയുന്നവരോ, എസ്എഫ്‌ഐയുടെ ആസനത്തിന്റെ ചൂട് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് തന്നെ ആവോളം ആസ്വദിച്ച് സുഖിച്ച് നടന്നവരും, ഇപ്പോള്‍ കേന്ദ്ര സര്‍വ്വകലാശാലകളില്‍ എസ്എഫ്‌ഐയുടെ വലിയ കിഴങ്ങുകളായി നടക്കുന്നവരും. വീരവാദം അടിക്കുന്നതിലും അല്‍പ്പസ്വല്‍പ്പം ഉളുപ്പ് വേണം. ആദ്യം എസ്എഫ്‌ഐയുടെ പ്രിവിലേജുകളും സംരക്ഷണങ്ങളും ഉപേക്ഷിച്ച് സംസാരിക്കൂ, അല്ലാതെ ലോകത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെയെല്ലാം കറന്‍സിയെടുത്ത് സ്വന്തം കീശയിലാക്കാനുള്ള സത്യസന്ധമില്ലാത്ത നാണംകെട്ട ഏര്‍പ്പാടുകള്‍ ഇനിയെങ്കിലും നിര്‍ത്തിക്കൂടെ? തിരിച്ച് പിടിക്കണമത്രേ, പൊളിച്ചടക്കുകയാണ് വേണ്ടത്.

download

SFI പര്‍ദ്ദക്കാരി, മതമൗലികവാദി എന്നൊക്ക വിളിച്ച സല്‍വയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ഈ സമരം വെറുതെയാണ്. വേശ്യയെന്നോ, കഞ്ചാവുകാരനെന്നോ അല്ല. പ്രതികരിക്കുന്ന മുസ്ലിം പ്രതിനിധാനങ്ങളെ ഇസ്ലാമിസ്റ്റ്, മതമൗലികവാദി,പര്‍ദ്ദക്കാരിയെന്നൊക്കെ വിളിച്ചാണ് SFI ഒതുക്കുന്നത്. കഞ്ചാവ് കേസ് കോടതിയില്‍ നിരപരാധിത്വം തെളിയിക്കാം, മതമൗലിക വാദമോ ?അതിങ്ങനെ ജീവിതാവസാനം വരെ തെളിയിക്കേണ്ടി വരും.
ആന്റി -SFI ലെഫ്റ്റ് ലിബറലുകള്‍ക്ക് വരെ തിരുവനന്തപുരത്തു നിന്ന് വണ്ടി കയറി വടകരയെത്താനൊക്കെ ഒരുപാട് സമയമെടുക്കും. അതോണ്ട് സ്വന്തം നിലക്ക് സമരം തുടങ്ങുന്നതാണ് ഇസ്‌ലാമിസ്റ്റുകള്‍ക്ക് നല്ലത്.

സുഹൈബ്. സി.ടി

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജില്‍ നടന്ന കയ്യേറ്റവും അക്രമവും എസ്.എഫ്.ഐയുടെ സദാചാര ധാര്‍മിക രോഷത്തില്‍ നിന്നുണ്ടായതാണെന്നും അതിനാല്‍ ‘സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതികരിക്കുക ‘ എന്ന രീതിയിലുളള ചര്‍ച്ചകളോട് വിയോജിക്കുന്നു.
ഒന്നാമതായി സദാചാരത്തെ കുറിച്ച അത്തരം കണ്‍സപ്റ്റുകളെ മുഴുവന്‍ നിരാകരിക്കുകയും അതിര്‍വരമ്പുകളില്ലാത്ത ലിബറല്‍ ആസ്വാദ്യ രീതികളാണ് പുരോഗമനാത്മകം എന്ന് കരുതുകയും ചെയ്യുന്ന ആശയധാരയില്‍ പെട്ടവര്‍ക്കെതിരെ അത്തരം ആരോപണങ്ങളുന്നയിക്കുന്നത് അവരോട് ചെയ്യുന്ന അനീതിയാണ്. അപ്പോള്‍ വിഷയം സദാചാരത്തിന്റെയല്ല, ആധിപത്യമുളളിടത്ത് അവര്‍ പുലര്‍ത്തുന്ന അമിതാധികാര മനോഭാവവും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാത്രമേ കാമ്പസുകളില്‍ ഏത് കാര്യവും സംഭവിക്കാവൂ എന്ന മാടമ്പിത്തരവുമാണ് ഇവിടെയും കണ്ടത്. തങ്ങളോട് വിയോജിക്കുന്നവരെയും വഴങ്ങാത്തവരെയും ഒതുക്കാനുളള ഇത്തരം അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ അതി വിദഗ്ദരുമാണ്.

അതേ സമയം ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ സദാചാരമെന്നത് ഒരു അശ്ലീലമായും ഫാഷിസ്റ്റ് മനോഘടനയുടെ ഭാഗമായും കാണുന്ന രീതിയിലുളള ഇടപെടലുകള്‍ കാണാതിരിക്കാനാവില്ല. അതുകൊണ്ടാണ് വിഷയത്തെ പ്രതിരോധിക്കാനായി എസ്.എഫ്.ഐ നേതാക്കള്‍ സംസാരിക്കുമ്പോള്‍ ഞങ്ങള്‍ അത്തരം സദാചാര കാഴ്ച്ചപ്പാടുകള്‍ക്കെതിരാണെന്നും ചുംബന സമരത്തില്‍ നിറസാന്നിധ്യമായിരുന്നു എന്നൊക്കെ പറയേണ്ടിവരുന്നതും.
എസ്.ഐ.ഒ വിനെ സംബന്ധിച്ചിടത്തോളം സദാചാരത്തെ ഗൗരവമായി കാണുന്ന ഒരു ദര്‍ശനത്തിന്റെ വക്താക്കളാണ്. ലിബറല്‍ ജീവിത കാഴ്ച്ചപ്പാടുകളോട് അത് ആശയപരമായിത്തന്നെ വിയോജിക്കുന്നു. മദ്യവും ലഹരിയും അതിര്‍വരമ്പുകളില്ലാത്ത മറ്റ് ആസ്വാദനങ്ങളും ജീവിതത്തിന്റെ ശീലവും ശൈലിയുമായി കൊണ്ട് നടക്കുകയും അത് മഹത്തരമായി കാണുകയും ചെയ്യുന്നവര്‍ക്കിടയില്‍ ദൈവിക നിര്‍ദേശങ്ങളുടെ അടിത്തറയിലുളള സദാചാരധാര്‍മിക മൂല്യങ്ങള്‍ പ്രകടിപ്പിക്കുകയും മതം നിശ്ചയിച്ച അതിര്‍വരമ്പുകള്‍ക്കിടയില്‍ നിന്നു കൊണ്ട് തന്നെ ബന്ധങ്ങളിലെ ഊഷ്മളതകള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നവരാണ് അതിന്റെ പ്രവര്‍ത്തകര്‍.

DSCN0124

എന്റെ ശരീരം എന്റേതാണ് അതിനാല്‍ അതിലെന്ത് മറക്കണം എന്തൊക്കെ കാണിക്കണം എന്ത് ഭക്ഷിക്കാം എന്നതൊക്കെ എന്റെ മാത്രം തീരുമാനമാണെന്നതാണ് ലിബറല്‍ ചിന്തയുടെ അടിത്തറയെങ്കില്‍ ശരീരം അത് സൃഷ്ടിച്ചവനായ ദൈവത്തിന്റെതാണെന്നും അതിലെന്തൊക്കെ മറക്കണമെന്നും എന്ത് വെളിപ്പെടുത്താമെന്നും, എന്തൊക്കെ ഭക്ഷണം കൊണ്ട് അതിനെ പരിപോഷിപ്പിക്കാമെന്നുമൊക്കെ അവന്റെ നിശ്ചയമാണെന്ന ഉടമസ്ഥാധികാരവുമായി ബന്ധപ്പെട്ട് അടിസ്ഥാന വിശ്വാസത്തില്‍ നിന്നാണ് ഇസ്ലാമിന്റെ ജീവിതവീക്ഷണം രൂപപ്പെടുന്നത്.

അതേസമയം, അത്തരം ആശയങ്ങള്‍ കൊണ്ട് നടക്കുകയും പ്രകടിപ്പിക്കുകയും പരസ്യമാക്കുകയും ചെയ്യുന്നവരെ കയ്യേറ്റം ചെയ്യുന്നതിലോ കായികമായി പിന്തിരിപ്പിക്കുന്നതിലോ അത് വിശ്വസിക്കുന്നില്ല. മാത്രമല്ല, അത് വ്യക്തികളുടെ സ്വാതന്ത്രമാണെന്ന നിലപാടാണ് അക്കാര്യത്തിലുളളത്. അതോടൊപ്പം ലിബറല്‍ ആസ്വാദന രീതിയോട് ആശയപരമായി കലഹിക്കുക എന്നത് വളരെ പ്രധാനമാണെന്ന് എസ്.ഐ.ഒ മനസ്സിലാക്കുന്നു. ലിബറല്‍ മൂല്യങ്ങള്‍ മഹത്തരമെന്നും മത മൂല്യങ്ങള്‍ അപരിഷ്‌കൃതവും പിന്തിരിപ്പത്തരമാണെന്ന് പറയുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നിടത്ത് പ്രത്യേകിച്ചും.

ബഷിര്‍ വരിക്കോടന്‍

എസ്.എഫ്.ഐ യുടെ ജനിതകരോഗത്തെ ജലദോഷപ്പനിയായി ലഘൂകരിക്കുന്ന
അരുന്ധതിമാരാണു ജയ്ക്കിനേക്കാള്‍ അപകടകാരികള്‍.

ഫാസില്‍ ഫിറോസ്

ദാറുല്‍ ഹുദയില്‍ പഠിക്കുന്ന കാലത്തെ ഒരു റമദാന്‍ മാസം. ഉറുദിക്ക് വേണ്ടി പള്ളി അന്വേഷിക്കുന്നതിനിടയിലാണ് പാനൂരിലെ ഒരു ചെറിയ പാര്‍ട്ടിഗ്രാമത്തിലെത്തിയത്. കണ്ണൂര്‍ ജില്ലാ സി.പി.എം നേതാവ് ജയരാജനെ പോലിസ് അറസ്‌ററ് ചെയ്ത ദിവസമായിരുന്നു. അറസ്റ്റിനെതിരെ പ്രതിഷേധിച്ച് സഖാക്കള്‍ ലീഗ് ഓഫീസ് തകര്‍ക്കുന്നു. നോക്കിനില്‍ക്കുന്നതിനിടയില്‍ ഒരുപറ്റം സഖാക്കള്‍ വന്ന് ‘നിനക്ക് ഇതിലൂടെ തൊപ്പിവെച്ച് നടക്കാന്‍ ധൈര്യമുണ്ടോടാ’? എന്ന് ആക്രോശിക്കാന്‍ തുടങ്ങി. ഞാന്‍ തൊപ്പിയൂരി വേഗത്തില്‍ നടക്കാനും ക്രമേണ ഓടാനും തുടങ്ങി. അല്‍പ്പം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ എന്റെ പിറകെ തന്നെ അവരും ഓടി വരുന്നുണ്ടായിരുന്നു. എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയ ചിത്രം ശുക്കൂറിന്റെതായിരുന്നു. മണിക്കൂറുകള്‍ നീണ്ട വിചാരണക്കൊടുവില്‍ കൊല്ലുന്നതിനു മുമ്പ് ഷുക്കൂറിനോട് ഓടടാ എന്നാണ് പാര്‍ട്ടിക്കാര്‍ പറഞ്ഞത്. പ്രാണനും കൊണ്ടോടുന്ന ഷുക്കൂറിനെ പിന്നില്‍ നിന്ന് വെട്ടിയാണ് കൊലപ്പെടുത്തുന്നത്. എന്റെ പിന്നാലെയും ഒരു പറ്റം സഖാക്കള്‍. ഓര്‍ക്കുമ്പോള്‍ വല്ലാത്ത ഉള്‍ക്കിടിലം. അവസാനം വടകരയിലേക്കുള്ള ഏതോ ഒരു ബസ്സില് കയറി കഷ്ടിച്ച് രക്ഷപ്പെട്ടു. എസ്. എഫ്. ഐ ക്കാരുടെ ഗുണ്ടായിസത്തിന്റെ കഥകള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാലത്ത് വെറുതെ ഓര്‍ത്തു പോയതാ

ചിത്രലേഖ

ദളിത് വിദ്യാര്‍ത്ഥി ആതിരയ്ക്കും മുസ്‌ലിം വിദ്യാര്‍ത്ഥി സല്‍വയ്ക്കും മീഡിയകളുടെയും, ഫെമിനിസ്റ്റുകളുടെയും സപ്പോര്‍ട്ട് കിട്ടാത്തതെന്തേ.. ? ജാനകിയേയും, സുര്യയെയും പോലെയല്ലേ ഇവരും… ?

ദീപക്ക്. എ.ജി

സംഘടനയില്‍ നിന്ന് ഈ നിമിഷം മുതല്‍ സദാചാരവാദത്തെയും സദാചാരവാദികളെയും ഒഴിവാക്കിയതായി ദേശീയ പ്രസിഡന്റിന്റെ പ്രസ്ഥാവന. ഇനി എന്തിനാണ് സംഘടന, അതുകൂടി പിരിച്ചുവിട്ടൂടെ.

campusadmin