Campus Alive

അധികാരം, പൊതുമണ്ഡലം, ചെറുത്തുനിൽപ്പ്: ഫൂക്കോയും ഹേബർമാസും ഇന്ത്യയിലെ ജെൻ സി പ്രതിഷേധങ്ങളും

രാഷ്ട്രീയ പ്രതിഷേധങ്ങളുടെ സൈദ്ധാന്തിക വിശകലനം ഭരണകൂടാധികാരത്തിന്റെ ജനാധിപത്യപരമായ സാധുതയെയും അതിനെ ചോദ്യംചെയ്യുന്ന പ്രതിരോധങ്ങളുടെ അധികാരപരമായ സാഹചര്യങ്ങളെയും ഒരേസമയം അഭിമുഖീകരിക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ തീരുമാനങ്ങൾ ഏതു ജനാധിപത്യ മാനദണ്ഡങ്ങളിലൂടെയാണ് സാധൂകരിക്കപ്പെടുന്നത്? അവയെ ചോദ്യംചെയ്യുന്ന പ്രതിഷേധങ്ങൾ ഏതു അധികാരബന്ധങ്ങളുടെയും നിയന്ത്രണസംവിധാനങ്ങളുടെയും പശ്ചാത്തലത്തിലാണ് രൂപംകൊള്ളുന്നത്? തുടങ്ങിയ ചോദ്യങ്ങൾ രാഷ്ട്രീയ പ്രതിഷേധത്തിന്റെ നിയമസാധുത, പൊതുപങ്കാളിത്തം, അധികാരവിന്യാസം, പ്രതിരോധസാധ്യത എന്നിവയെക്കുറിച്ചുള്ള വിശാലമായ അന്വേഷണത്തിലേക്ക് നയിക്കുന്നു. യൂർഗൻ ഹേബർമാസിന്റെ പൊതുമണ്ഡലം, ആശയവിനിമയ യുക്തി, നിയമസാധുത എന്നീ സങ്കൽപ്പങ്ങളും മിഷേൽ ഫൂക്കോയുടെ അധികാരം, അച്ചടക്കം, നിരീക്ഷണം, ഭരണവൽക്കരണം, ചെറുത്തുനിൽപ്പ് എന്നീ ആശയങ്ങളും ഈ അന്വേഷണത്തിന് വ്യത്യസ്തമായ സൈദ്ധാന്തിക തലങ്ങൾ തുറന്നുനൽകുന്നു. പരസ്പരവിരുദ്ധമായ സൈദ്ധാന്തിക നിലപാടുകളെന്ന നിലയിൽ ഇവയെ പരിമിതപ്പെടുത്താതെ, പ്രതിഷേധങ്ങളുടെ ജനാധിപത്യപരമായ ഉള്ളടക്കത്തെയും അധികാരബന്ധങ്ങളുമായുള്ള സങ്കീർണമായ ഇടപെടലുകളെയും വിശകലനം ചെയ്യുന്നതിനുള്ള പൂരകമായ ഉപാധികളായി പ്രയോജനപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

ഇന്ത്യയിലെ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളും കർഷകസമരവും ഭരണകൂടനയങ്ങളെയും സ്ഥാപനപരമായ അധികാരവിന്യാസങ്ങളെയും ചോദ്യംചെയ്ത ജനകീയ രാഷ്ട്രീയ ഇടപെടലുകളുടെ പ്രധാന ഉദാഹരണങ്ങളാണ്. ഈ സമരങ്ങളുടെ പശ്ചാത്തലത്തിൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, മീമുകൾ, ആക്ഷേപഹാസ്യം, ഓൺലൈൻ പ്രചാരണം, തെരുവിലെ നേരിട്ടുള്ള സാന്നിധ്യം എന്നിവയെ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഉപാധികളാക്കി വികസിപ്പിച്ച യുവജനകേന്ദ്രിത പ്രതിഷേധങ്ങൾ സവിശേഷമായ വിശകലനം ആവശ്യപ്പെടുന്നുണ്ട്. NEET-UG പരീക്ഷാ ക്രമക്കേടുകളെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ, ഡിജിറ്റൽ ഇടപെടലുകളിൽനിന്ന് തെരുവിലെ സംഘടിത സമരങ്ങളിലേക്കും അവിടെനിന്ന് ദേശീയ രാഷ്ട്രീയവ്യവഹാരങ്ങളിലേക്കും വ്യാപിച്ച ഈ പരിണാമത്തിന്റെ പ്രധാന ഉദാഹരണമാണ്.  SIR-നെതിരെയും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയ്ക്കുവേണ്ടിയും ഉയർന്നുവന്ന നവതലമുറയുടെ രാഷ്ട്രീയ ഇടപെടലുകളും പരമ്പരാഗത രാഷ്ട്രീയ പ്രതിനിധാനങ്ങളുടെ പരിധികൾ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നു.

ഈ മുന്നേറ്റങ്ങളെ യുവതലമുറയുടെ അസംതൃപ്തിയുടെ സ്വാഭാവിക പ്രകടനമായി മാത്രം വ്യാഖ്യാനിക്കുന്നത് അവയുടെ രാഷ്ട്രീയ ഉള്ളടക്കത്തെയും അധികാരപരമായ സങ്കീർണതകളെയും മറച്ചുവെക്കുന്നു. പരീക്ഷ, മെറിറ്റ്, പൗരത്വം, തിരഞ്ഞെടുപ്പ് തുടങ്ങിയ സ്ഥാപനപരമായ സംവിധാനങ്ങൾ വ്യക്തികളുടെ ഭാവിയെയും അവകാശങ്ങളെയും രാഷ്ട്രീയ അസ്തിത്വത്തെയും എങ്ങനെയാണ് നിർണയിക്കുന്നത് എന്ന ചോദ്യം ഇവിടെ പ്രധാന പരിഗണനാവിഷയമാകുന്നു. ഡിജിറ്റൽ മാധ്യമങ്ങൾ വ്യക്തിഗത അസംതൃപ്തികളെ പൊതുവിമർശനമായി പരിവർത്തിപ്പിക്കുന്ന പ്രക്രിയയിൽ അവയുടെ ദൃശ്യതയെ നിയന്ത്രിക്കുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോം അധികാരവും വിമർശനാത്മക പരിശോധനയും ആവശ്യപ്പെടുന്നു. അതോടൊപ്പംതന്നെ, അധികാരത്തെ ചോദ്യംചെയ്യുന്ന പ്രതിഷേധങ്ങൾ അധികാരത്തിന്റെ ദൃശ്യ-സാങ്കേതിക ഉപാധികളെതന്നെ എങ്ങനെയാണ് തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി പുനർവിനിയോഗിക്കുന്നത് എന്നതും വിശകലനവിധേയമാക്കേണ്ടതുണ്ട്.

ഹേബർമാസ്: പൊതുമണ്ഡലം, ആശയവിനിമയ യുക്തി, നിയമസാധുത

ഹേബർമാസിന്റെ രാഷ്ട്രീയദർശനത്തിൽ പൊതുമണ്ഡലം എന്നത് പൗരന്മാർ പൊതുതാൽപര്യമുള്ള വിഷയങ്ങളെക്കുറിച്ച് യുക്തിസഹമായി സംവദിക്കുകയും പൊതുജനാഭിപ്രായം രൂപീകരിക്കുകയും ചെയ്യുന്ന ഇടമാണ്. The Structural Transformation of the Public Sphere (1962) എന്ന കൃതിയിൽ അദ്ദേഹം ഈ മണ്ഡലത്തിന്റെ ചരിത്രപരമായ വികാസവും ജനാധിപത്യസാധ്യതകളും പരിശോധിക്കുന്നു. The Theory of Communicative Action (1981) എന്ന കൃതിയിൽ, പണം, ഭരണപരമായ അധികാരം തുടങ്ങിയ വ്യവസ്ഥാപരമായ മാധ്യമങ്ങൾ ജീവിതലോകത്തിലെ ആശയവിനിമയബന്ധങ്ങളെ കീഴടക്കുമ്പോൾ സംഭവിക്കുന്ന പ്രക്രിയയെ ‘ജീവിതലോകത്തിന്റെ കോളനിവൽക്കരണം’ (Colonization of the Lifeworld) എന്ന ആശയത്തിലൂടെ വിശദീകരിക്കുന്നു. Between Facts and Norms (1992) എന്ന കൃതിയിൽ ഈ ചിന്ത നിയമസാധുതയുടെ പ്രശ്നവുമായി ബന്ധിപ്പിക്കപ്പെടുന്നു. ജനാധിപത്യപരമായ തീരുമാനങ്ങൾ നിയമപരമായി നടപ്പാക്കപ്പെടുന്നു എന്നതുകൊണ്ടു മാത്രം സാധുവാകുന്നില്ല,  പൊതുവിമർശനത്തിനും ന്യായീകരണത്തിനും വിധേയമാകുമ്പോഴാണ് അവയ്ക്ക് സാധുധ കൽപ്പിക്കപ്പെടുന്നത്. 

NEET-UG പ്രതിസന്ധിയെ ഈ കാഴ്ചപ്പാടിൽ പരിശോധിക്കുമ്പോൾ, നടത്തിപ്പിലെ സാങ്കേതിക പിഴവിനപ്പുറത്തേക്കു അതിന്റെ ഭീകരത നീളുന്നു. പരീക്ഷാഫലം വിദ്യാഭ്യാസാവസരങ്ങളെയും തൊഴിൽസാധ്യതകളെയും സാമൂഹിക ചലനശേഷിയെയും നിർണയിക്കുന്ന സാഹചര്യത്തിൽ, ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സ്ഥാപനങ്ങളിലുള്ള പൊതുവിശ്വാസത്തെ ബാധിക്കുന്നു. അപ്പോൾ പരീക്ഷ വീണ്ടും നടത്തണമെന്നോ നഷ്ടപരിഹാരം നൽകണമെന്നോ ഉള്ള വിദ്യാർഥികളുടെ ന്യായമായ ആവശ്യം ഭരണപരമായ പരിഹാരാവശ്യത്തിൽനിന്നും വ്യതിചലിച്ച് , പൊതുസ്ഥാപനങ്ങൾ അവരുടെ അധികാരം എങ്ങനെ വിനിയോഗിക്കുന്നു,  ആരാണ് ഉത്തരവാദികളാകുന്നത് തുടങ്ങിയ ജനാധിപത്യപ്രശ്നമായി മാറുന്നു.

CJP ഉയർത്തിയ ഉത്തരവാദിത്വം, രാജി, നഷ്ടപരിഹാരം, പരീക്ഷാ-തിരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യത തുടങ്ങിയ ആവശ്യങ്ങൾ ഭരണകൂടത്തിന്റെ തീരുമാനങ്ങൾക്ക് പൊതുമണ്ഡലത്തിൽ ന്യായീകരണം ആവശ്യപ്പെടുന്ന രാഷ്ട്രീയ ഇടപെടലുകളായി വായിക്കാം. പ്രതിഷേധം സൃഷ്ടിച്ച പൊതുചർച്ചയും അതിനോടുള്ള ഭരണകൂടത്തിന്റെ പ്രതികരണങ്ങളും ഈ ആവശ്യങ്ങൾ സ്വകാര്യപരാതിയുടെ പരിധി കടന്ന് പൊതുപ്രാധാന്യം നേടിയതിന്റെ സൂചനകളാണ്. എന്നിരുന്നാലും, ഒരു മന്ത്രിയുടെ രാജി മാത്രം നിയമസാധുതാ പ്രതിസന്ധിയുടെ പരിഹാരമാകുന്നില്ല. തീരുമാനമെടുക്കുന്ന സ്ഥാപനങ്ങൾ സ്വതന്ത്രമായ പരിശോധനയ്ക്കും വിമർശനത്തിനും വിധേയമാകുന്നുണ്ടോ എന്നും, പ്രശ്നബാധിതരുടെ ചോദ്യങ്ങൾക്ക് തെളിവോടെയും സുതാര്യമായും മറുപടി നൽകുന്നുണ്ടോ എന്നതുമാണ് നിർണായകം.

ജീവിതലോകവും വ്യവസ്ഥയും: സാമൂഹിക വേദനയുടെ രാഷ്ട്രയവത്കരണം.

ഹേബർമാസിന്റെ ജീവിതലോകം–വ്യവസ്ഥ (Lifeworld–System) തമ്മിലെ വ്യത്യാസങ്ങൾ പരീക്ഷാസംവിധാനത്തിന്റെ സാമൂഹികപ്രഭാവം വിശദീകരിക്കാൻ സഹായിക്കുന്നു. വിദ്യാഭ്യാസം, പരീക്ഷ, തൊഴിൽ എന്നിവ ഭരണപരമായ നടപടിക്രമങ്ങൾക്കപ്പുറം, യുവതലമുറയുടെ കുടുംബപ്രതീക്ഷകൾ, സാമ്പത്തിക നിക്ഷേപങ്ങൾ, ആത്മാഭിമാനം, ഭാവിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ എന്നിവയുമായി ചേർന്നുനിൽക്കുന്ന ജീവിതമേഖലകളാണ്. പരീക്ഷാ ക്രമക്കേട് ഇത്തരം പ്രതീക്ഷകളെ തകർക്കുമ്പോൾ, ഭരണകൂടത്തിന്റെ വ്യവസ്ഥാപരമായ പരാജയങ്ങൾ വ്യക്തികളുടെ ദൈനംദിന ജീവിതത്തിൽ അനിശ്ചിതത്വവും നിരാശയും സൃഷ്ടിക്കുന്നതായി  കാണാൻ സാധിക്കും.

വ്യക്തിഗത അനുഭവങ്ങൾ പൊതുവേദിയിൽ പങ്കുവെക്കപ്പെടുകയും പരസ്പരം ബന്ധിതമാവുകയും ചെയ്യുന്നതിലൂടെയാണ് അവയ്ക്ക് രാഷ്ട്രീയ ഉള്ളടക്കം കൈവരുന്നത്. ഒരു വിദ്യാർഥിയുടെ നഷ്ടം ഒറ്റപ്പെട്ട ദുരനുഭവത്തിന്റെ പരിധി കടന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കിടുന്ന സ്ഥാപനപരമായ അനീതിയുടെ സാക്ഷ്യമായി മാറുന്നു. കുടുംബങ്ങളുടെ പ്രതികരണങ്ങളും വിദ്യാർഥികളുടെ അനുഭവസാക്ഷ്യങ്ങളും മാധ്യമറിപ്പോർട്ടുകളും ഈ പരിവർത്തനത്തിന് ആശയവിനിമയപരമായ അടിത്തറയൊരുക്കുകയും ചെയ്യുന്നു.

ഡിജിറ്റൽ പൊതുമണ്ഡലവും പ്രതി-പൊതുമണ്ഡലങ്ങളും

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് രാഷ്ട്രീയസംഘാടനത്തിലും പൊതുചർച്ചയിലും നിർണായകമായ പങ്കുവഹിക്കാനാകുമെങ്കിലും അവ സ്വതവേ ജനാധിപത്യപരമായ ഇടങ്ങളല്ല. വിവരങ്ങളുടെ അതിപ്രസരം, അഭിപ്രായധ്രുവീകരണം, അൽഗോരിതമിക ദൃശ്യതനിയന്ത്രണം, സമാനാഭിപ്രായക്കാർ മാത്രം പരസ്പരം ശക്തിപ്പെടുത്തുന്ന എക്കോ ചേംബറുകൾ എന്നിവ യുക്തിസഹമായ പൊതുചർച്ചയെ പരിമിതപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ഓൺലൈൻ പിന്തുണയുടെ വ്യാപ്തിയെ പൊതുസമ്മതമായോ ജനാധിപത്യപരമായ പ്രതിനിധാനമായോ നേരിട്ട് കണക്കാക്കാനാവില്ല.

നാൻസി ഫ്രേസർ ‘Rethinking the Public Sphere’ (1990) എന്ന ലേഖനത്തിൽ വികസിപ്പിക്കുന്ന ‘പ്രതി-പൊതുമണ്ഡലങ്ങൾ’ (Subaltern Counterpublics) എന്ന ആശയം ഈ വൈരുധ്യത്തെ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാൻ സഹായിക്കുന്നുണ്ട്. മുഖ്യധാരാ പൊതുചർച്ചകളിൽ വേണ്ടത്ര ഇടം ലഭിക്കാത്ത വിഭാഗങ്ങൾ സ്വന്തം അനുഭവങ്ങളും ആവശ്യങ്ങളും രാഷ്ട്രീയഭാഷയിൽ അവതരിപ്പിക്കുന്ന ബദൽ വേദികളാണ് പ്രതി-പൊതുമണ്ഡലങ്ങൾ. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ CJP സൃഷ്ടിച്ച ഇടങ്ങൾ, പരമ്പരാഗത മാധ്യമങ്ങളിലോ പാർട്ടി ഘടനകളിലോ മതിയായ പ്രതിനിധാനം ലഭിക്കാത്ത യുവജനങ്ങളുടെ അസംതൃപ്തിക്ക് ദൃശ്യത നൽകിയ  ഇടങ്ങളായി വായിക്കാം. എന്നാൽ CJP-യെ എല്ലാ അരികുവത്കൃത വിഭാഗങ്ങളുടെയും പ്രതിനിധിയായി മുൻകൂട്ടി പ്രഖ്യാപിക്കാനാവില്ല. ആരുടെ അനുഭവങ്ങളാണ് അതിന്റെ ഭാഷയിൽ പ്രതിഫലിക്കുന്നത്, അതിന്റെ രാഷ്ട്രീയസംവാദം എത്രത്തോളം ഉൾക്കൊള്ളുന്നതാണ് എന്നീ ചോദ്യങ്ങൾ തുറന്നുതന്നെ നിലനിൽകേണ്ടതുണ്ട്.

നാൻസി ഫ്രേസർ

‘കോക്ക്റോച്ച്’ എന്ന അവഹേളനാത്മക വിശേഷണത്തെ സ്വയം ഏറ്റെടുത്ത് ‘Cockroach Janta Party’ എന്ന രാഷ്ട്രീയചിഹ്നമാക്കി മാറ്റുന്ന രീതി അപമാനത്തെ പ്രതിരോധത്തിന്റെ ഭാഷയിലേക്ക് പുനർവിന്യസിക്കുന്ന പ്രവർത്തനമാണ്. ഇവിടെ പരിഹാസം വിനോദത്തിനായുള്ള അലങ്കാരങ്ങൾക്കപ്പുറം ഔദ്യോഗിക അധികാരഭാഷയുടെ ഗൗരവാവകാശത്തെ അസ്ഥിരപ്പെടുത്തുകയും രാഷ്ട്രീയ അസംതൃപ്തി വേഗത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന ആശയവിനിമയരീതിയാണ്. മീമിന്റെയും ആക്ഷേപഹാസ്യത്തിന്റെയും സംക്ഷിപ്തത സങ്കീർണമായ പരാതികളെ പൊതുജനശ്രദ്ധയിൽ എത്തിക്കാൻ സഹായിക്കുന്നു. എങ്കിലും, വൈറൽ ജനപ്രീതി സ്ഥിരമായ സംഘടനാശേഷിക്കോ ഉൾക്കൊള്ളുന്ന രാഷ്ട്രീയപ്രതിനിധാനത്തിനോ തുല്യമാകുന്നില്ല.

ഫൂക്കോ: അധികാരബന്ധങ്ങൾക്കുള്ളിൽ രൂപപ്പെടുന്ന ചെറുത്തുനിൽപ്പ്

ഫൂക്കോയുടെ അധികാരവിശകലനത്തിൽ, അധികാരം ഒരു ഭരണാധികാരിയുടെയോ സ്ഥാപനത്തിന്റെയോ കൈവശമുള്ള സ്വകീയമാക്കപ്പെട്ട വസ്തുവല്ല.  സാമൂഹികബന്ധങ്ങളിലൂടെ സഞ്ചരിക്കുകയും അറിവിന്റെ രൂപീകരണം, ശരീരങ്ങളുടെ ക്രമീകരണം, പെരുമാറ്റ നിയന്ത്രണം, വ്യക്തികളുടെ സ്വയംബോധം എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്ന ബന്ധാത്മക ശൃംഖലയാണ്. Discipline and Punish (1975) എന്ന കൃതിയിൽ നിരീക്ഷണം, പരീക്ഷണം, താരതമ്യം, സാധാരണവൽക്കരണം തുടങ്ങിയവ, ആധുനിക സ്ഥാപനങ്ങൾ അനുസരണയുള്ള ശരീരങ്ങളെയും സ്വയംനിയന്ത്രിത വ്യക്തികളെയും എങ്ങനെ സൃഷ്ടിക്കുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മാത്രവുമല്ല, History of Sexuality, Volume 1 (1976) ൽ അധികാരബന്ധങ്ങൾ നിലനിൽക്കുന്നിടത്തെല്ലാം ചെറുത്തുനിൽപ്പിന്റെ സാധ്യതകളും ഉണ്ടാകുമെന്ന് ഫുക്കോ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പ്രതിരോധം അധികാരത്തിന് പുറത്തുനിന്നുള്ള വ്യക്തമായ ഇടപെടലല്ല, അധികാരബന്ധങ്ങൾ പ്രവർത്തിക്കുന്ന അതേ ഇടങ്ങളിൽ അവയുടെ ക്രമീകരണങ്ങളെ തടസ്സപ്പെടുത്തുകയും പുനർവ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രക്രിയയാണ്.

ഈ ആശയം Gen Z പ്രതിഷേധങ്ങളിലേക്ക് കൊണ്ടുവരുമ്പോൾ, വിദ്യാർഥികളുടെ പ്രതിഷേധം ഒരു ഭരണപരമായ വീഴ്ചയോടുള്ള പ്രതികരണത്തിനപ്പുറമുള്ളതാണെന്ന് വ്യക്തമാകും. ആധുനിക പരീക്ഷാസംവിധാനം അറിവിനെ അളക്കുന്നതോടൊപ്പം വിദ്യാർഥികളെ റാങ്കുകളായും സ്കോറുകളായും യോഗ്യതാ വിഭാഗങ്ങളായും ക്രമീകരിക്കുന്നു. സമയക്രമം, ആവർത്തിച്ചുള്ള പരിശീലനം, നിരന്തര മൂല്യനിർണയം, മത്സരത്തിന്റെ മാനദണ്ഡങ്ങൾ എന്നിവ വിദ്യാർഥികളുടെ പെരുമാറ്റത്തെയും ഭാവിസങ്കൽപ്പങ്ങളെയും രൂപപ്പെടുത്തുകയും ചെയ്യുന്നു. ‘മെറിറ്റ്’ അഥവാ യോഗ്യത, വ്യക്തിയുടെ സ്വാഭാവിക കഴിവിന്റെ നിഷ്പക്ഷ അളവുകോലായി പ്രത്യക്ഷപ്പെടുമ്പോഴും, അതിനെ നിർവചിക്കുന്ന പരീക്ഷാ-മൂല്യനിർണയ സംവിധാനങ്ങൾ സ്ഥാപനപരമായ അധികാരബന്ധങ്ങളിൽനിന്ന് ഒരിക്കലും സ്വതന്ത്രമല്ല.

ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാക്രമക്കേടുകളും പുറത്തുവരുമ്പോൾ തകരുന്നത് ഉന്നതതല പരീക്ഷകളിലുള്ള വിശ്വാസ്യത മാത്രമല്ല, യോഗ്യതയുടെ മാപ്പിനി അളക്കുകയും വിജയപരാജയങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്ന സംവിധാനങ്ങളുടെ നിഷ്പക്ഷതാവകാശം കൂടിയാണ്. പരീക്ഷയെ നീതിയുടെ ഏക മാനദണ്ഡമായി അംഗീകരിക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെടുന്ന സ്ഥാപനം തന്നെ നീതിപൂർവമായ നടപടിക്രമം ഉറപ്പാക്കുന്നതിൽ പരാജയപ്പെടുമ്പോൾ, ‘മെറിറ്റ്’ എന്ന ആശയം രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടുന്നു. ഇവിടെയാണ് ഫൂക്കോയുടെ ‘അധികാര–അറിവ്’ (Power/Knowledge) ബന്ധം പ്രസക്തമാകുന്നത്. പരീക്ഷാ ഫലം അറിവിന്റെ അളവുകോലായിരിക്കുന്നതോടൊപ്പം, വിദ്യാർഥികളെ യോഗ്യർ, അയോഗ്യർ, വിജയികൾ, പരാജിതർ എന്നിങ്ങനെ വർഗീകരിക്കുന്ന അധികാരപ്രവർത്തനവുമാണ്. ആരാണ് യോഗ്യത നിർവചിക്കുന്നത്, ഏതു നടപടിക്രമങ്ങളിലൂടെയാണ് അത് സാധൂകരിക്കപ്പെടുന്നത്, ആ നടപടിക്രമങ്ങൾ പരാജയപ്പെട്ടാൽ ഉത്തരവാദിത്വം ആരുടേതാണ് എന്നീ ചോദ്യങ്ങളിലൂടെ പ്രതിഷേധം ഈ വർഗീകരണത്തിന്റെ വിശ്വാസ്യതയെയും, അറിവ് ഉൽപ്പാദിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ അധികാരത്തെയും പരിശോധനയ്ക്ക് വിധേയമാക്കുന്നു.

നിരീക്ഷണത്തിന്റെ രാഷ്ട്രീയം: ദൃശ്യത, ശരീരം, ഡിജിറ്റൽ പ്രതിരോധം

ഫൂക്കോയുടെ പാനോപ്റ്റിക്കോൺ (Panopticon) മാതൃക, നിരീക്ഷണം എങ്ങനെ സ്വയംനിയന്ത്രണം സൃഷ്ടിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. താൻ ഏതു നിമിഷവും നിരീക്ഷിക്കപ്പെടാമെന്ന സാധ്യത വ്യക്തിയെ സ്വന്തം പെരുമാറ്റം നിയന്ത്രിക്കാൻ നിരന്തര പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ഡിജിറ്റൽ സാഹചര്യത്തിൽ ഈ നിരീക്ഷണം സ്ഥാപനങ്ങളുടെ ക്യാമറകളിലോ ഔദ്യോഗിക നിരീക്ഷണ സംവിധാനങ്ങളിലോ മാത്രം ഒതുങ്ങുന്നില്ല. പ്ലാറ്റ്ഫോമുകളുടെ ഡാറ്റശേഖരണം, അക്കൗണ്ടുകളുടെ ദൃശ്യത നിയന്ത്രിക്കുന്ന അൽഗോരിതങ്ങൾ, ഉള്ളടക്കത്തിന്റെ പ്രചരണം, ഡിജിറ്റൽ അടയാളങ്ങൾ എന്നിവയും വ്യക്തികളുടെ രാഷ്ട്രീയപ്രവർത്തനത്തെ രൂപപ്പെടുത്തുന്നതിൽ അവിഭാജ്യ ഘടകമായി വർത്തിക്കുന്നുണ്ട്.

Michel Foucault’s panopticon

എന്നാൽ പ്രതിഷേധങ്ങളുടെ ഡിജിറ്റൽ തലങ്ങളിൽ നിരീക്ഷണം ഏകദിശാപ്രക്രിയയായി തുടരുന്നില്ല. ഭരണകൂടവും സ്ഥാപനങ്ങളും പ്രതിഷേധക്കാരെ നിരീക്ഷിക്കുന്നതുപോലെ, പ്രതിഷേധക്കാർ തങ്ങളുടെ ഫോണുകളും ക്യാമറകളും ഉപയോഗിച്ച് ഔദ്യോഗിക നടപടികൾ രേഖപ്പെടുത്തുകയും അവ പൊതുജനപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. അധികാരത്തിന്റെ ദൃശ്യതയെ നിയന്ത്രിക്കുന്ന സംവിധാനങ്ങൾക്കുള്ളിൽനിന്നുതന്നെ അധികാരത്തിന്റെ പ്രവർത്തനങ്ങളെ ദൃശ്യമാക്കുന്ന ഈ പ്രതിലോമ പരിപ്രേക്ഷ്യം പ്രധാനമാണ്. ഒരു സംഭവത്തിന്റെ വീഡിയോ, പ്രതിഷേധക്കാരുടെ സാക്ഷ്യം, പൊലീസ് ഇടപെടലിന്റെ ദൃശ്യരേഖ, ഔദ്യോഗിക പ്രസ്താവനയുമായുള്ള താരതമ്യം എന്നിവ അധികാരത്തിന്റെ ഏകപക്ഷീയമായ വിവരണാധികാരത്തെ ചോദ്യം ചെയ്യാം. അതേസമയംതന്നെ, ഡിജിറ്റൽ രേഖപ്പെടുത്തലുകൾ സ്വതന്ത്രമായ സത്യത്തിന് ഉപോൽബാലകമായി നില്കുന്നില്ല. ദൃശ്യങ്ങൾ തിരഞ്ഞെടുക്കപ്പെടുകയും സന്ദർഭത്തിൽനിന്ന് വേർപെടുത്തപ്പെടുകയും തെറ്റായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നു എന്നതുകൊണ്ടുതന്നെ, ദൃശ്യതയുടെ രാഷ്ട്രീയം വിമോചനസാധ്യതയെയും, നിയന്ത്രണസാധ്യതയെയും ഒരേസമയം ഉൾക്കൊള്ളുന്നതായി വേണം കരുതാൻ.

തെരുവുകളിലെ ശരീരസാന്നിധ്യവും ഇതേ അധികാരബന്ധത്തിന്റെ സങ്കീർണതയിൽ തന്നെയാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. നിരാഹാരസമരങ്ങൾ, കൂട്ടായ്മകൾ, മുദ്രാവാക്യങ്ങൾ, പൊതുസ്ഥലത്തെ അധിനിവേശം എന്നിവ ആശയങ്ങൾ കൈമാറുന്ന മാർഗങ്ങൾ എന്നതിലുപരി, പൊതുമണ്ഡലത്തിലെ ദൃശ്യതയെയും ശബ്ദത്തെയും ശരീരത്തെയും നിർണയിക്കുന്ന അധികാരവ്യവസ്ഥകളാണ്. ജന്തർ മന്തറിലെ സമര സാന്നിധ്യവും സോനം വാങ്ചുക്കിനോടുള്ള ഐക്യദാർഢ്യവും ഡിജിറ്റൽ പ്രചാരണത്തെ ഭൗതികമായ പൊതുസാന്നിധ്യവുമായി ബന്ധിപ്പിച്ച ഘട്ടങ്ങളായി വായിക്കാം. ഇവിടെ പ്രതിഷേധം നിരീക്ഷണത്തിൽനിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നതിലുപരി, നിരീക്ഷിക്കപ്പെടുന്ന ശരീരത്തെത്തന്നെ അധികാരത്തിനെതിരായ സാക്ഷ്യമായി പൊതുമണ്ഡലത്തിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഈ പ്രക്രിയയെ ഫൂക്കോയുടെ ഭരണവൽക്കരണം (Governmentality) എന്ന ആശയവുമായി ബന്ധിപ്പിക്കാം. ആധുനിക ഭരണകൂടം ബലപ്രയോഗത്തിലൂടെ മാത്രമല്ല ജനങ്ങളെ നിയന്ത്രണ വിധേയമാക്കുന്നത്. കണക്കുകൾ, വർഗീകരണങ്ങൾ, സുരക്ഷാനയങ്ങൾ, നടപടിക്രമങ്ങൾ എന്നിവയിലൂടെയും ജനങ്ങളുടെ പ്രവർത്തനസാധ്യതകളെ ക്രമീകരിച്ച് സ്ഥായിയാകുന്നുണ്ട്. പരീക്ഷാ സംവിധാനവും തിരഞ്ഞെടുപ്പ് പട്ടികയുടെ പുതുക്കലും (SIR) വ്യത്യസ്ത മേഖലകളിലാണെങ്കിലും, ജനങ്ങളെ തിരിച്ചറിയുകയും വർഗീകരിക്കുകയും യോഗ്യതയോ പൗരത്വസ്ഥിതിയോ നിർണയിക്കുകയും ചെയ്യുന്ന ഭരണപരമായ സാങ്കേതികവിദ്യകളാണ്. അതിനാൽ ഇവയെ ചുറ്റിപ്പറ്റിയുള്ള പ്രതിഷേധം ഒരു പ്രത്യേക തീരുമാനത്തോടുള്ള പ്രതികരണത്തിനപ്പുറം, ജനങ്ങളുടെ ജീവിതസാധ്യതകളെ ക്രമീകരിക്കുന്ന ഭരണപരമായ അറിവിന്റെയും നടപടിക്രമങ്ങളുടെയും സാധുതയെ ചോദ്യം ചെയ്യുന്നു.

SIR-നെതിരായ പ്രതിഷേധത്തിൽ വോട്ടർപട്ടികയുടെ കൃത്യതയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും പ്രധാന ആവശ്യങ്ങളായി ഉയരുമ്പോൾ, പൗരന്റെ രാഷ്ട്രീയ അസ്തിത്വം ഭരണപരമായി എങ്ങനെ അടയാളപ്പെടുത്തപെടുന്നു എന്ന പ്രശ്നവും മുന്നിലെത്തുന്നുണ്ട്. പട്ടികയിലെ ഉൾപ്പെടുത്തലും ഉന്മൂലനവും തിരിച്ചറിയൽ പരിശോധനയും കേവലം സാങ്കേതിക നടപടികളായി മാത്രം കാണാൻ സാധിക്കുകയില്ല. ജനാധിപത്യത്തിൽ പൗരന്റെ രാഷ്ട്രീയമായ സാധുതയും വോട്ടവകാശത്തിന്റെ അംഗീകാരവും നിർണയിക്കുന്ന അധികാരപ്രയോഗങ്ങളാണ്. അതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പ് ഭരണനടപടികൾക്കെതിരായ പ്രതിഷേധം പൗരത്വത്തിന്റെ ഭരണപരമായ നിർമ്മിതിയെയും അതിന്റെ അധികാരഘടനകളെയും ചോദ്യം ചെയ്യുന്ന വിശാലമായ രാഷ്ട്രീയ വ്യവഹാരമായി വികസിക്കുന്നു.

ഭരണകൂടവും രാഷ്ട്രീയ കർതൃത്വത്തിന്റെ പുനർനിർമാണവും

ഫൂക്കോയുടെ ഭരണവൽക്കരണവിശകലനത്തോടൊപ്പം പാർഥ ചാറ്റർജിയുടെ Political Society എന്ന ആശയം ചേർത്തുവായിക്കുമ്പോൾ പ്രതിഷേധത്തിന്റെ മറ്റൊരു മാനം വ്യക്തമാകും. The Politics of the Governed (2004) എന്ന കൃതിയിൽ ചാറ്റർജി, ഔപചാരിക പൗരാവകാശങ്ങളുടെ ഭാഷയിൽ പ്രവർത്തിക്കുന്ന സിവിൽ സമൂഹത്തെയും ഭരണകൂടവുമായി ആവശ്യങ്ങൾ ഉന്നയിച്ചും വിലപേശിയും ഇടപെടുന്ന രാഷ്ട്രീയ സമൂഹത്തെയും ദ്വന്ദ്വവൽക്കരിക്കുന്നു. രാഷ്ട്രീയ സമൂഹത്തിലെ ഇടപെടലുകൾ നിയമപരമായ അവകാശവാദങ്ങൾക്കപ്പുറം കൂട്ടായ സമ്മർദങ്ങളിലൂടെയും ഭരണപരമായ ഇടപെടലുകളിലൂടെയും പൊതുസേവനങ്ങളുടെയും വിഭവങ്ങളുടെയും വിതരണത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയ പ്രക്രിയകളിലൂടെയും വികസിക്കുന്നു.

പാർഥ ചാറ്റർജി

CJP മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളെ ഈ സൈദ്ധാന്തിക പരിസരത്തിൽ വിലയിരുത്തുമ്പോൾ, പരീക്ഷാ നടത്തിപ്പിലെ സുതാര്യത, വിദ്യാർഥികളുടെ അവകാശസംരക്ഷണം, നഷ്ടപരിഹാരം, ഭരണപരമായ ഉത്തരവാദിത്വം എന്നിവയെല്ലാം പൊതുസ്ഥാപനങ്ങളുടെ ജനാധിപത്യപരമായ ബാധ്യതകളെ മുൻനിർത്തിയുള്ള രാഷ്ട്രീയ അവകാശവാദങ്ങളായി വായിക്കാം. എന്നാൽ ഈ ആവശ്യങ്ങളെ ഭരണകൂടത്തിന്റെ ഔദാര്യത്തിനായുള്ള അപേക്ഷകളായി ചുരുക്കാനാവില്ല. പൊതുസ്ഥാപനങ്ങൾ പാലിക്കേണ്ട നീതിയുടെയും ഉത്തരവാദിത്വത്തിന്റെയും മാനദണ്ഡങ്ങളാണ് അവ ഉയർത്തിപിടിക്കുന്നത്. അതേസമയം, ഈ പ്രക്ഷോഭം പൂർണമായും ഔപചാരിക അവകാശരാഷ്ട്രീയമായി മാറിയെന്ന് മുൻകൂട്ടി നിഗമനം ചെയ്യാനുമാവില്ല. അതിന്റെ സംഘടനാരീതി, പങ്കാളിത്തത്തിന്റെ സാമൂഹിക അടിത്തറ, വിവിധ വിഭാഗങ്ങളുടെ പ്രതിനിധാനം, ഭരണകൂടവുമായുള്ള ഇടപെടലുകളുടെ ഫലം എന്നിവയുടെ വിമർശനാത്മക വിശകലനം പ്രത്യേകം അനിവാര്യമാണ്.

ഫൂക്കോയുടെയും ചാറ്റർജിയുടെയും സൈദ്ധാന്തിക സമീപനങ്ങൾ വ്യത്യസ്തമായ ബൗദ്ധിക പാരമ്പര്യങ്ങളിൽ രൂപപ്പെട്ടതാണെങ്കിലും, അവയുടെ സംയുക്ത വായന പ്രതിഷേധത്തിന്റെ ദ്വിമുഖമായ രാഷ്ട്രീയ സ്വഭാവം വെളിപ്പെടുത്തുന്നു. ജനജീവിതത്തെ ക്രമീകരിക്കുന്ന ഭരണസാങ്കേതികവിദ്യകളോടുള്ള പ്രതിരോധവും ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും പരിഹാരവും ആവശ്യപ്പെടുന്ന രാഷ്ട്രീയ ഇടപെടലും ഒരേസമയം ഈ പ്രക്ഷോഭത്തിൽ പ്രവർത്തിക്കുന്നുണ്ട്. അധികാരബന്ധങ്ങളെ ചോദ്യം ചെയ്യുന്നതിനൊപ്പം അവയിൽ ഇടപെടുകയും പുനർനിർവചിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കർതൃത്വത്തിന്റെ പ്രകടനമായാണ് ഇതിലൂടെ പ്രതിഷേധം വികസിക്കുന്നത്.

ഹേബർമാസും ഫൂക്കോയും: ന്യായീകരണത്തിന്റെ മാനദണ്ഡവും അധികാരത്തിന്റെ വിമർശനവും

ഹേബർമാസിന്റെയും ഫൂക്കോയുടെയും സൈദ്ധാന്തിക സമീപനങ്ങൾ തമ്മിലുള്ള സംഘർഷം ഈ പ്രതിഷേധങ്ങളുടെ രാഷ്ട്രീയ സ്വഭാവത്തെയും അധികാരബന്ധങ്ങളോടുള്ള അവയുടെ ഇടപെടലുകളെയും വിശകലനം ചെയ്യുന്നതിനുള്ള നിർണായകമായ ചോദ്യങ്ങൾ മുന്നോട്ടുവെക്കുന്നു. The Philosophical Discourse of Modernity (1985) എന്ന കൃതിയിൽ ഹേബർമാസ് ഫൂക്കോയുടെ അധികാരവിശകലനത്തെ വിമർശിക്കുകയും, അധികാരത്തിന്റെ സർവവ്യാപിത്വം ഊന്നിപ്പറയുന്ന സമീപനം, അധികാരത്തെ വിമർശിക്കാനുള്ള മാനദണ്ഡം എന്താണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുന്നില്ലെന്ന് വാദിക്കുകയും ചെയ്യുന്നു. എല്ലാ അറിവും സാമൂഹികസ്ഥാപനങ്ങളും അധികാരബന്ധങ്ങളിൽ രൂപപ്പെടുന്നുവെങ്കിൽ, അധികാരത്തെ വിമർശിക്കുന്ന നിലപാടിന്റെ സാധുത എങ്ങനെ സ്ഥാപിക്കാം എന്നതാണ് ഈ വിമർശനത്തിന്റെ കാതൽ.

CJP-യുടെ പ്രതിഷേധത്തിൽ നീതി, സുതാര്യത, ഉത്തരവാദിത്വം, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തുടങ്ങിയ മാനദണ്ഡങ്ങൾ ഉയർത്തപ്പെടുന്നു. ഭരണകൂടത്തിന്റെ തീരുമാനങ്ങൾ പൊതുവിമർശനത്തിന് വിധേയമാകണമെന്നും അവയ്ക്ക് ന്യായീകരണം നൽകാൻ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്നും പ്രതിഷേധം ആവശ്യപ്പെടുന്നു. ഈ ഭാഷ ഹേബർമാസിന്റെ ആശയവിനിമയ യുക്തിയുമായി ചേർന്നുനിൽക്കുമ്പോഴും, ന്യായീകരണത്തിനും പൊതുസംവാദത്തിനുമുള്ള അവസരങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യമായി ലഭ്യമാണോ എന്ന പരിശോധനയിൽ ഫൂക്കോയുടെ അധികാരവിശകലനത്തിന് നിർണായക പ്രസക്തിയുണ്ട്. മാധ്യമങ്ങളിലെ പ്രാതിനിധ്യം, പ്രതിഷേധങ്ങളുടെ സുരക്ഷാപരമായ വർഗീകരണം, നിരീക്ഷണത്തിന്റെയും ഭരണകൂട നിയന്ത്രണത്തിന്റെയും പ്രയോഗം എന്നിവ പൊതുമണ്ഡലത്തിലെ രാഷ്ട്രീയ ദൃശ്യതയെ എങ്ങനെ നിർണയിക്കുന്നു എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. സംസാരിക്കാനുള്ള ഔപചാരിക അവകാശവും അത് പ്രയോഗിക്കാനുള്ള യഥാർഥ സാധ്യതയും തമ്മിലുള്ള അന്തരം അധികാരബന്ധങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഫൂക്കോയുടെ ‘What Is Enlightenment?’ (1984) എന്ന പ്രബന്ധം ഈ സംവാദത്തിന് മറ്റൊരു വഴിതുറക്കുന്നു. വിമർശനം നിലവിലുള്ള മാനദണ്ഡങ്ങളെ ബാഹ്യമായി പ്രയോഗിക്കുന്ന രീതിശാസ്ത്രമല്ല. നമ്മുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും രൂപപ്പെടുത്തിയ ചരിത്രസാഹചര്യങ്ങളുടെയും അധികാരബന്ധങ്ങളുടെയും വിമർശനാത്മക പരിശോധനയാണ്. ഈ കാഴ്ചപ്പാടിൽ, പരീക്ഷയിലെ മെറിറ്റിനെയും തിരഞ്ഞെടുപ്പ് നടപടികളിലെ നിഷ്പക്ഷതയെയും ചോദ്യംചെയ്യുന്ന പ്രതിഷേധം സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ വിലയിരുത്തുന്നതിനപ്പുറം, ‘യോഗ്യത’, ‘നിഷ്പക്ഷത’, ‘പൗരൻ’ തുടങ്ങിയ സങ്കൽപ്പങ്ങളുടെ ചരിത്രപരമായ നിർമ്മിതിയെയും അവയ്ക്കുപിന്നിലെ അധികാരയുക്തികളെയും അനാവരണം ചെയ്യുന്നു.

അതുകൊണ്ട്തന്നെ, ഹേബർമാസിനെയും ഫൂക്കോയെയും പൂർണമായി സമന്വയിപ്പിക്കേണ്ടതില്ല. ഹേബർമാസ് പ്രതിഷേധത്തിന്റെ ജനാധിപത്യപരമായ ന്യായീകരണാവശ്യത്തെ വിലയിരുത്താനുള്ള മാനദണ്ഡം നൽകുമ്പോൾ, ഫൂക്കോ ആ മാനദണ്ഡം ഉന്നയിക്കാനും പൊതുവേദിയിൽ നിലനിൽക്കാനും ആവശ്യമായ സാഹചര്യങ്ങൾ എങ്ങനെ അധികാരബന്ധങ്ങളാൽ നിർണയിക്കപ്പെടുന്നു എന്ന് പരിശോധിക്കുന്നു. ആദ്യത്തേത് ‘ഭരണകൂടം എന്തിന് ന്യായീകരണം നൽകണം?’ എന്ന ചോദ്യം ഉന്നയിക്കുമ്പോൾ രണ്ടാമത്തേത് ‘ആ ന്യായീകരണം ആവശ്യപ്പെടാനുള്ള അധികാരവും ദൃശ്യതയും ആർക്കുണ്ട്, അവ എങ്ങനെ നിയന്ത്രിക്കപ്പെടുന്നു?’ എന്ന ചോദ്യം മുന്നോട്ടുവയ്ക്കുന്നു. ഈ ദ്വന്ദ്വവായന പ്രതിഷേധത്തിന്റെ ജനാധിപത്യപരമായ സാധുതയെയും അതിന്റെ രാഷ്ട്രീയ പ്രയോഗത്തിലെ പരിമിതികളെയും ഒരേസമയം വിമർശനാത്മകമായി വിലയിരുത്താൻ സഹായിക്കുന്നു.

ചുരുക്കത്തിൽ, ഹേബർമാസിന്റെയും ഫൂക്കോയുടെയും സൈദ്ധാന്തിക സമീപനങ്ങളിലൂടെ വായിക്കുമ്പോൾ, ഇന്ത്യയിലെ Gen Z പ്രതിഷേധങ്ങൾ ജനാധിപത്യപരമായ ന്യായീകരണവും സ്ഥാപനപരമായ ഉത്തരവാദിത്തവും ആവശ്യപ്പെടുന്നതിനൊപ്പം നിലവിലുള്ള അധികാരഘടനകളുടെ പ്രവർത്തനരീതികളെ വിമർശനവിധേയമാക്കുന്ന രാഷ്ട്രീയ ഇടപെടലുകളായും പ്രത്യക്ഷപ്പെടുന്നു.

ഡിജിറ്റൽ പ്രചാരണത്തിലൂടെ പൊതുദൃശ്യത നേടിയെടുക്കുകയും തെരുവിലെ ശരീരസാന്നിധ്യത്തിലൂടെ അതിനെ സംഘടിത രാഷ്ട്രീയ സമ്മർദമാക്കി വികസിപ്പിക്കുകയും ചെയ്യുന്ന പ്രതിഷേധരീതികൾ സമകാലിക പ്രതിരോധത്തിന്റെ സവിശേഷതയാണ്. അധികാരത്തിന്റെ ദൃശ്യതയും വിവരങ്ങളുടെ അതിപ്രസരവും നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളെ പ്രതിഷേധക്കാർ തന്നെ രാഷ്ട്രീയ ഇടപെടലിനുള്ള ഉപാധികളായി പുനർവിനിയോഗിക്കുന്നുവെങ്കിലും, അൽഗോരിതമിക നിയന്ത്രണം, പ്രാതിനിധ്യത്തിലെ അസമത്വം, നിരീക്ഷണ സാധ്യതകൾ, സംഘടനാപരമായ പരിമിതികൾ എന്നിവ ഈ ഇടപെടലുകളുടെ രാഷ്ട്രീയ വ്യാപ്തിയെയും ദീർഘകാല സ്വാധീനത്തെയും നിർണയിക്കുന്നുണ്ട്.

ഗ്രന്ഥസൂചി

  • Chatterjee, P. (2004). The Politics of the Governed. Columbia University Press.
  • Foucault, M. (1975/1977). Discipline and Punish. Pantheon.
  • Foucault, M. (1976/1978). The History of Sexuality, Vol. 1: An Introduction. Pantheon.
  • Foucault, M. (1984). What Is Enlightenment? In P. Rabinow (Ed.), The Foucault Reader. Pantheon.
  • Fraser, N. (1990). Rethinking the Public Sphere. Social Text, 25/26, 56–80.
  • Habermas, J. (1962/1989). The Structural Transformation of the Public Sphere. MIT Press.
  • Habermas, J. (1981/1984–87). The Theory of Communicative Action (2 vols.). Beacon Press.
  • Habermas, J. (1985/1987). The Philosophical Discourse of Modernity. MIT Press.
  • Habermas, J. (1992/1996). Between Facts and Norms. MIT Press.
  • Tufekci, Z. (2017). Twitter and Tear Gas. Yale University Press.

മുഹമ്മദ് അദ്‌നാൻ പുത്തൻതെരു