Campus Alive

ഇടതുപക്ഷവും ഇസ്‌ലാമും: എത്രത്തോളം ‘ഇന്ത്യ’ നാണ് കമ്മ്യൂണിസം?

ഇര്‍ഫാന്‍ അഹ്മദ്‌

ഒരു അന്തര്‍ദേശീയ പ്രത്യയശാസ്ത്രമായിരുന്നിട്ടുപോലും ബെനഡിക്ട് ആന്‍ഡേഴ്‌സന്‍, എറിക് ഹോബ്‌സ്ബാം മുതലായവര്‍ വാദിക്കുന്നത് പോലെ, കമ്മ്യൂണിസം പലയിടങ്ങളിലും ദേശീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ കമ്മ്യൂണിസവും അക്കാര്യത്തില്‍ വ്യത്യസ്തമല്ലെന്ന് ഞാന്‍ വാദിക്കുന്നു. മൂന്ന് വിഷയങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ ദേശീയതയെ തുറന്ന് കാണിക്കുവാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മതേതരത്വവും ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണ് ഒന്ന്, രണ്ടാമത്തേത് ഉറുദു ഭാഷയുമായി ബന്ധപ്പെട്ടതാണ്, മൂന്ന്, ‘ഹിന്ദു താലിബാന്‍’, ‘മുസ്‌ലിം ഗാന്ധി’ തുടങ്ങിയ പ്രയോഗങ്ങളെ കേന്ദ്രീകരിച്ചുളള നിരീക്ഷണങ്ങളാണ്.

Andersonന്റെ Imaginative Community യുടെ ഒരു പ്രത്യേകത അത് ദേശീയതയെ കുറിച്ചുളളതല്ല എന്നതാണ്. അത് കമ്മ്യൂണിസത്തെക്കുറിച്ചുളളതാണ്. പ്രസ്തുത ഗ്രന്ഥത്തില്‍ കമ്മ്യൂണിസത്തെപ്പറ്റിയുളള വിശദീകരണത്തിന്റെ ഒരു ഭാഗമായാണ് ദേശീയത കടന്നുവരുന്നത്. ‘മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ട് മാത്രമല്ല സത്ത കൊണ്ടും ദേശീയമാവാനുളള പ്രവണതക്ക് അടിമപ്പെട്ടിട്ടുണ്ട്’ എന്ന Hobsboawmന്റെ ആശയത്തെ ഗ്രന്ഥത്തില്‍ Anderson പിന്തുണക്കുന്നുണ്ട്.

‘ In Origins of Totalitarianism’ എന്ന ഗ്രന്ഥത്തില്‍ Arrendt എട്ട് പേജുകള്‍ Leftist antisemitism എന്ന പ്രതിഭാസത്തെ വിശദീകരിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഇവിടെ ഞാന്‍ Andersonനെയും Arendtനെയും പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ലെഫ്റ്റിലേക്ക് എത്തുകയാണ് ചെയ്യുന്നത്.

CPI നേതാവായിരുന്ന A.B ബര്‍ദന്‍ പറയുന്നത് നോക്കൂ, ‘ ഇന്ത്യ ഒരു സെക്യുലര്‍ രാജ്യമായിട്ടുണ്ടെങ്കില്‍ അതിനു കാരണം, ഇന്ത്യയില്‍ 85% ഹൈന്ദവ ജനങ്ങളായത് കൊണ്ടാണ്.’ ഒരു പ്രസ്താവന പല അര്‍ത്ഥങ്ങളും ഉള്‍ക്കൊളളുക സ്വാഭാവികമാണ്; ഹിന്ദുക്കളല്ലാത്ത ജനങ്ങള്‍ ഡെക്യുലറിസത്തില്‍ പങ്കുവഹിക്കുന്നവരല്ല എന്നുകൂടി ഇതിനെ വായിച്ചെടുക്കാം. ഭൂമിശാസ്ത്രപരമായി പറഞ്ഞാല്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് സെക്യുലര്‍ ആകുവാന്‍ സാധ്യമല്ല, കാരണം അവിടങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളല്ലല്ലോ! അന്താരാഷ്ട്രപരമായി ക്രിസ്ത്യന്‍ സമൂഹത്തെ എടുത്താല്‍ അവരും ഹിന്ദുക്കളല്ലാത്തതുകൊണ്ട് (Spiritually & Temporally) അവര്‍ക്കും സെക്യുലറാവാന്‍ സാധിക്കുകയില്ലെന്ന് നമുക്ക് വ്യാഖ്യാനിക്കാം! ഇത്തരം വാദങ്ങള്‍ തന്നെയാണ് ഹിന്ദുത്വവും ഉന്നയിക്കുന്നത് എന്നതാണ് രസകരം. അതായത്, സെക്യുലറിസം എന്നത് ഹിന്ദുയിസത്തില്‍ സ്വതവേ തന്നെ അന്തര്‍ലീനമായ ഒന്നാണ്, അല്ലെങ്കില്‍, ഇന്ത്യ ഒരു സെക്യുലര്‍ രാജ്യമാകുവാന്‍ കാരണം തന്നെ ഇന്ത്യയില്‍ ഭൂരിപക്ഷം ഹിന്ദുക്കള്‍ ആയത് കൊണ്ടാണ്.

1993ല്‍ സീതാറാം യച്ചൂരി ‘Psudo Hinduism Exposes’ എന്ന ഒരു പാംഫ്‌ലെറ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ യച്ചൂരിയും, യഥാര്‍ത്ഥത്തില്‍, AB ബര്‍ദനെ ആവര്‍ത്തിക്കുകയായിരുന്നു. അദ്ദേഹം എഴുതുന്നു, At the outset it must be emphasised that India is a secular state precisely because the predominant majortiy of Hindus embrace secularism…’ അദ്ദേഹം തുടരുന്നു: ‘ A Constitution that was drafted by predominant Hindu majortiy of the Constituent Assembly. A constitution that Continues to be defended by Hindus…’ പക്ഷേ എന്തുകൊണ്ടാണ് 1976ല്‍ മാത്രം സെക്യുലറിസം ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത് എന്നതിനെ പറ്റി AB ബര്‍ദാനും യച്ചൂരിയും പറയുന്നില്ല. യച്ചൂരി പറയുന്നതിതാണ്: ‘The Mobilization of Hindu sentiment by Rss is against the vast diversitiy and majortiy of Hindu opinion which has been guided more by vevekananda and Adi Sankara than by Golwlker. തുടര്‍ന്ന് ഗീതയില്‍ നിന്ന് ചിലത് ഉദ്ദരിച്ച് കൊണ്ട് അദ്ദേഹം ഒരു വാഖ്യാനം നല്‍കുന്നുണ്ട്: ‘Whatever be the colour of the cow, the milk is always white’. ബാബരി മസ്ജിദ് തകര്‍ത്തതിനെ യച്ചൂരി വിശേഷിപ്പിച്ചത് ‘Vandelism’ എന്നാണെങ്കില്‍ പല ജാതി അസമത്വങ്ങളെയും നില നിര്‍ത്തുന്ന കാവി സൈന്യത്തെ വിശേഷിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിക്കുന്നത് ‘Medieval Barbarism’ എന്ന പദമാണ്. 1993ല്‍ തന്നെ ‘ What is Hindu Rasthra’ എന്ന തലക്കെട്ടില്‍ മറ്റൊരു പാംഫെലെറ്റും യച്ചൂരി പ്രസിദ്ധീകരിക്കുകയുണ്ടായി. ‘ഹിന്ദു രാഷ്ട്രം’ എന്ന സംജ്ഞയെ ഫാഷിസ്റ്റ് എന്ന് വിശദീകരിക്കുന്ന വേളയില്‍ ഇന്ത്യന്‍ ഭരണഘടനയെ Unhindu എന്നും Nonhindu എന്നും വിശേഷിപ്പിച്ചതിന് ജനസംഘത്തെയും VHP യെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ഇവിടെ രസകരമായ ഒരു കാര്യം, യച്ചൂരിയുടെ വിമര്‍ശനത്തിന്റെ ആകെത്തുകയും What is Hinduism? എന്ന നിര്‍വചന ശ്രമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതാണ്. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില്‍ Rss അജണ്ടക്ക് മതവുമായി യാതൊരു ബന്ധവുമില്ല. അവര്‍ ഹിന്ദുയിസത്തിലെ മാനുഷിക ഉളളടക്കത്തിന് എതിരാണ്. പക്ഷേ, മതത്തെക്കുറിച്ചുളള ഈയൊരു കാഴ്ച്ചപ്പാട് മറ്റു മതങ്ങളെക്കുറിച്ച് പറയുന്നിടത്ത് യച്ചൂരി വകവെച്ചുകൊടുക്കുന്നില്ല. അദ്ദേഹം പറയുന്നു: ‘ The fact that Islamic Bangladesh separated from Muslim Pakistan’. ബംഗ്ലാദേശ് സ്വാതന്ത്ര സമര പ്രസ്ഥാനങ്ങള്‍ (ഇസ്‌ലാമില്‍) മതാതിഷ്ഠിതമായിട്ടായിരുന്നോ പ്രവര്‍ത്തിച്ചിരുന്നത്? പക്ഷേ അദ്ദേഹം അതങ്ങ് അടിസ്ഥാനരഹിതമായി ആരോപിക്കുകയാണ് ചെയ്യുന്നത്. പ്രസ്തുത പാംഫ്‌ലെറ്റിന്റെ അവസാന ഭാഗത്ത് അദ്ദേഹം Muslim Fundamentalism ത്തെ കുറിച്ചാണ് (തുടങ്ങിയത് ‘ ഹിന്ദു രാഷ്ട്ര’ത്തെക്കുറിച്ചാണെങ്കിലും) പറയുന്നത്. ഒരിടത്തുപോലും ഹിന്ദു Fundamentalism എന്ന് (അറിയാതെ പോലും) ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന യച്ചൂരി ഇങ്ങനെയും പറയുന്നു: ‘ Maududi is to Jamat what Golwalkar is to Rss. The similarity of their Political Project and roles is indeed remarkable. Just as Hitler was a hero for Golwalker, so was he for maududi’. ഞാന്‍ മൗദൂദിയെക്കുറിച്ച് സാമാന്യം നിലക്കുളള ചരിത്രാധിഷ്ഠിത പഠനം നടത്തിയിട്ടുണ്ട്, അതനുസരിച്ച് ഇത്തരം ഒരു നിരര്‍ത്ഥക വാദത്തിന് ഒരു തെളിവും ഇല്ല. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇത് ദേശീയവാദ നിര്‍മ്മിതിയുടെ തുടക്കം മുതലേയുളള ‘സമീകരണ’ തത്വത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. തുടര്‍ന്ന്, യച്ചൂരി ലേഖനം അവസാനിപ്പിക്കുന്നതും രസകരമാണ്, ‘ All Patriots who have not sold their Conscience to the enemies of the nation have to a raise as one man to meet this Fascistic challenge’. ഒരു മാര്‍കിസിസ്റ്റ്, (ലേഖനം) അവസാനിപ്പിക്കുന്നത് ജനങ്ങളുടെ ശത്രുവിനെ നേരിടാന്‍ ആഹ്വാനം ചെയ്തുകൊണ്ടല്ല, മറിച്ച് ‘ രാഷ്ട്രത്തിന്റെ’ ശത്രുവിനെ നേരിടുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ്.

അടുത്തതായി CPMനെക്കാള്‍ കുറച്ച് കൂടി Radical ആയ CPIML ന്റെ പ്രത്യയ ശാസ്ത്ര രേഖ (1996) പരിശോധിക്കാം. അതില്‍ ആവശ്യപ്പെടുന്നത് Brother and Sister, CPIML Appeals to every honest and nation-loving (Desh bhalt ) Indian citizen to come under the flag of national Independence, secularism and economic and social justice എന്നാണ്. അതായത്, ‘സോഷ്യലിസം’ എന്ന പരികല്‍പനയിലേക്കുളള ഉദ്യമം (പാര്‍ട്ടിയുടെ) ഭരണഘടനയില്‍ ഉണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അജണ്ടയില്‍ നിന്ന് അത് നാമാവശേഷമായതായാണ് കാണുന്നത്.

എന്റെ രണ്ടാമത്തെ നിരീക്ഷണം ‘ ഉറുദു ജിഹാദ്’ എന്ന പരികല്‍പ്പനയെക്കുറിച്ചാണ്. നംവര്‍ സിങ് (Namvar Sing), 1969ല്‍ CPI പാനലില്‍ മത്സരിക്കുകയും JNU പ്രൊഫസര്‍ ആയി വിരമിക്കുകയും ചെയ്തയാളാണ്. 1986ല്‍ അദ്ദേഹം എഴുതിയ ലേഖനത്തിലെ പ്രധാന ഉള്ളടക്കം UPയിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി ഉറുദു പ്രഖ്യാപിക്കണം എന്ന ആവശ്യത്തോടുളള പ്രതികരണമായിരുന്നു. അദ്ദേഹം പറയുന്നത് ഉറുദു ഭാഷ വിഘടന വാദവും വിഭജനവുമായി ബന്ധപ്പെട്ടതായതുകൊണ്ട് ഇന്ത്യയില്‍ ഉറുദുവിന് പ്രത്യേക പദവിയൊന്നും അവകാശപ്പെടാന്‍ കഴിയില്ല എന്നാണ്. 1995ല്‍ നടന്ന ഒരു സെമിനാറില്‍ ചരിത്രകാരനായ ഷാഹിദ് അമിന്‍ (Shahid Amin) ഹിന്ദിയും ഉറുദുവും തമ്മിലുളള അന്തരം തരണം ചെയ്യപ്പെടേണ്ടതുണ്ട് എന്ന നിര്‍ദേശം മുന്നോട്ട് വെച്ചപ്പോള്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ ‘ ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാന്‍’ എന്ന ഒരു മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്.

1992ല്‍ CPIML, ‘Inquilabi Muslim Conference’ എന്ന പേരില്‍ ഒരു മുന്നണി രൂപീകരിക്കുകയുണ്ടായി. ആദ്യം തന്നെ പറയട്ടെ, തല്‍സ്ഥാനത്ത് ‘Inquilabi Hindu Conferene’ എന്നത് കാണാന്‍ കഴിയില്ല എന്ന കാര്യം രസകരമാണ്. അപ്പോള്‍, എന്തിനായിരുന്നു IMC? ഒരു സെക്യുലര്‍ ഇന്ത്യക്കുവേണ്ടിയുളള പോരാട്ടത്തിനു വേണ്ടിയത്രേ ഇതു രൂപീകരിച്ചത്. അന്നത്തെ യോഗത്തില്‍ സഖാവ് വിനോദ് മാശ്ര പറഞ്ഞതിതാണ്:’ഞങ്ങള്‍ പറയുന്നു, നിങ്ങളുടെ സത്വം സംരക്ഷിക്കേണ്ടത് നിങ്ങളാണ്. നിങ്ങള്‍ക്ക്, ഉറുദു ഭാഷക്ക് ന്യായപ്രകാരമുളള സ്ഥാനം ലഭിക്കണമെന്നുണ്ടെങ്കില്‍, ഞാന്‍ പറയുന്നു, ഞങ്ങളുടെ പാര്‍ട്ടി നിങ്ങളുടെ ആവശ്യത്തെ പിന്താങ്ങുന്നതാണ്. (എന്നാല്‍) എന്റെ അറിവനുസരിച്ച് വ്യക്തി നിയമം സംബന്ധിച്ചും നിങ്ങളുടെ സമുദായത്തില്‍ പരിഷ്‌കരണങ്ങള്‍ വേണ്ടതുണ്ടെന്ന ചര്‍ച്ച നിലനില്‍ക്കുന്നു…’ നോക്കൂ സംസാരത്തില്‍ മുഴുവന്‍ അദ്ദേഹം അനുമാനിക്കുന്നത് മുസ്‌ലിംകളെല്ലാം ‘അവര്‍’ എന്നും അദ്ദേഹം എന്തായാലും അതില്‍ ഒരാളല്ല എന്നുമാണ്. ഇവിടെ ഒരു ചോദ്യം, മിശ്രയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഏതു സമുദായത്തെയാണ് പ്രതിനിധീകരിക്കുന്നത്?

അവസാനമായി ഞാന്‍ പറയാനുദ്ദേശിക്കുന്ന വിഷയം ‘ഹിന്ദു താലിബാന്‍’ എന്ന നിര്‍മ്മിതിയെ പറ്റിയാണ്. ഇന്ത്യന്‍ ലെഫ്റ്റ് താലിബാന്റെ ഉദയം തൊട്ട് ഹിന്ദു താലിബാന്‍ എന്ന പദം ഉപയോഗിച്ച് വരുന്നുണ്ട്. ഇവിടെ പ്രധാനമായ ഒരു കാര്യം, ഹിന്ദുക്കള്‍ക്കിടയിലുളള തീവ്രവാദ പ്രവര്‍ത്തനങ്ങളെ ‘ഹിന്ദു താലിബാന്‍’ എന്നു വിളിക്കുന്നതിലൂടെ വിവക്ഷിക്കപ്പെടുന്നത് അത്തരം പ്രവര്‍ത്തനങ്ങള്‍ ഹിന്ദു സംസ്‌കാരത്തില്‍ നിന്ന് ശക്തി പ്രാപിച്ചതല്ല, മറിച്ച് ഏതോ തരത്തില്‍ മുസ്‌ലിംകളില്‍ നിന്നുളവായിട്ടുളളതാണ് എന്നാണ്. ഹിന്ദുക്കള്‍ക്കിടയിലുളള പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥവും വ്യാഖ്യാനവും നല്‍കപ്പെടുന്ന ആധികാരിക സ്രോതസ്സായി മാറുന്നത് മുസ്‌ലിം സംസ്‌കാരമാണ് എന്നതാണല്ലോ മുകളിലെ പദഘടനാ നിര്‍മ്മിതില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുക. ഇത് Benjamin R Barber ന്റെ ‘Jihad Vs McWorld’ ലെ വാദവുമായി വളരെ സാമ്യമുളളതാണ്. അതില്‍ ജിഹാദിനെ അദ്ദേഹം ഉപയോഗിക്കുന്നത് എല്ലാ തരത്തിലുമുളള ഹീനമായ രാഷ്ട്രീയത്തെയും സൂചിപ്പിക്കുവാനാണ്.

നേരത്തെ പറഞ്ഞ AB Bardhan ന്റെ പ്രസംഗത്തിന്റെ രണ്ടാം ഭാഗത്ത് ഹിന്ദു ധര്‍മ്മത്തിന്റെ Violenceനെ സൂചിപ്പിക്കുവാന്‍ ‘മുല്ലാ’ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഹിന്ദിയില്‍ പ്രസ്തുത ആശയത്തെ സൂചിപ്പിക്കുവാനുളള പദങ്ങളുടെ കുറവുകൊണ്ടല്ല അദ്ദേഹം (ഇന്ത്യന്‍) മുസ്‌ലിംകളുമായി ചേര്‍ന്നു നില്‍ക്കുന്ന ‘മുല്ലാ’ എന്ന ഉറുദു പദം തന്നെ അതിനായി തിരഞ്ഞെടുത്തത് എന്ന് ശ്രദ്ധിക്കണം. ഇത് മോദി രാഹുല്‍ ഗാന്ധിയെ വിളിക്കാന്‍ Shahzada എന്ന പദം ഉപയോഗിച്ചതിനോട് സാമ്യതയുണ്ട്. കാരണം, അദ്ദേഹത്തിന് അവിടെ ‘യുവരാജ്’ എന്നും ഉപയോഗിക്കാമായിരുന്നിടത്താണ് ഈ പദപ്രയോഗം നടത്തിയിരിക്കുന്നത്.

ശ്രീരാമസേന വാലെന്റൈന്‍സ് ഡേ ആഘോഷം അക്രമിച്ചപ്പോള്‍ ബ്രിന്ദ കാരാട്ട് ട്വിറ്ററില്‍ കുറിച്ചത്, ‘യഥാര്‍ത്ഥത്തില്‍ ശ്രീരാമസേന താലിബാന്റെ ഇരട്ടയാണ്’ എന്നാണ്; ദി ഗാര്‍ഡിയനില്‍ (The Guardian) അനീഷ് കപൂര്‍ എഴുതിയ ലേഖനത്തിന്റെ ഉളളടക്കവും തലക്കെട്ടും കണ്ടാല്‍ തോന്നുക ഒരു തരത്തില്‍ മോദിയും RSS മെല്ലാം ഇസ്‌ലാമില്‍ ഉത്ഭവിച്ച്‌ പിന്നീട് താലിബാന്‍ വഴി വന്നതാണെന്നാണ്. ഈ മൂന്ന് ഉദാഹരണങ്ങളിലൂടെ തന്നെ എങ്ങനെയാണ് ഇന്ത്യന്‍ ലെഫ്റ്റ് ദേശീയതാ ഭാഷ്യം കടമെടുത്ത് ഇത്തരം വ്യവഹാരങ്ങളുടെ നിര്‍മ്മിതിക്ക് വഴിയൊരുക്കുന്നത് എന്നത് വളരെ വ്യക്തമാണ്.

 

ഇര്‍ഫാന്‍ അഹ്മദ്‌