Campus Alive

ഹാദിയയും മതേതര-ലിബറല്‍ ആശങ്കകളും

ഹിബ അഹ്മദ്

ഒരുപാട് മാസങ്ങളായി ഹാദിയ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇസ്‌ലാമിലേക്കുള്ള അവരുടെ പരിവര്‍ത്തനവും ഷെഫിന്‍ ജഹാനുമായുള്ള വിവാഹവുമാണ് അതിനുകാരണം. ഇസ്‌ലാമിലേക്കുള്ള അവരുടെ സ്വതന്ത്രമായ പരിവര്‍ത്തനം നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്: ലവ്ജിഹാദിന്റെ ഇരയാണോ അവര്‍? നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനാണോ ഹാദിയ ഇരയായത്? എന്തുകൊണ്ടാണവള്‍ സ്വന്തം മാതാപിതാക്കളെ കൈവെടിയാന്‍ തയ്യാറായത്?

ഹാദിയയുടെ ജീവിതത്തെക്കുറിച്ച് നാം മനസ്സിലാക്കിയിരിക്കുന്നത് അവള്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന വ്യവഹാരങ്ങളുടെ പുറത്താണ്. അത്തരം വ്യവഹാരങ്ങളിലുടനീളം ഹാദിയയുടെ സബ്ജക്ടിവിറ്റിയാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ഹാദിയയുടെ മതംമാറ്റവും വിവാഹവും

‘ഞാന്‍ ഹാദിയ’ എന്ന തലക്കെട്ടില്‍ ഈയടുത്ത് പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ ഹാദിയ പറയുന്നതിതാണ്: ‘എന്റെ പേര് ഹാദിയ എന്നാണ്. ബി.എച്ച്.എം.എസ് കോഴ്‌സ് കഴിഞ്ഞതിനു ശേഷം ഒരു പ്രൈവറ്റ് ക്ലിനിക്കിലാണ് ഞാനിപ്പോള്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നത്. കോട്ടയം ജില്ലയിലാണ് എന്റെ വീട്. സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ ഇസ്‌ലാം സ്വീകരിച്ചത്. അതിനെന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ല. ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം ഞാന്‍ വിഗ്രഹാരാധന അവസാനിപ്പിക്കുകയുണ്ടായി. സത്യത്തിന്റെയും ഏകദൈവവിശ്വാസത്തിന്റെയും വില ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്’.

2013 ല്‍ സേലത്തെ കോളേജ് ജീവിതത്തിലാണ് ഹാദിയ ഇസ്‌ലാം സ്വീകരിക്കുന്നത്. ജസീലയും ഫസീന അബൂബക്കറുമായുള്ള സുഹൃദ്ബന്ധത്തിലൂടെയാണ് അവര്‍ ഇസ്‌ലാമിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അവര്‍ ഇസ്‌ലാമിക ആചാരപ്രകാരം ജീവിക്കാന്‍ തുടങ്ങുകയും ഹിന്ദു ആചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. കുടുംബവുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 2016 ലാണ് ഹാദിയ വീട് വിടുന്നത്.

ഹാദിയയുടെ മുസ്‌ലിം ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ സ്റ്റേറ്റും കുടുംബവും അവരെ ഒളിഞ്ഞുനോക്കുന്നുണ്ട്. കോളേജിലേക്ക് ആദ്യമായി അവര്‍ മഫ്ത ധരിച്ചെത്തിയപ്പോള്‍ സഹപാഠി ആ വിവരം പിതാവായ അശോകനെ അറിയിക്കുകയുണ്ടായി. അതിനുശേഷമാണ് അശോകന്‍ സമീപമുള്ള പോലീസ് സ്‌റ്റേഷനില്‍ കേസ് ഫയല്‍ ചെയ്യുന്നതും കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിക്കുന്നതും.

ഹാദിയുടെ സുഹൃത്തിന്റെ പിതാവായ അബൂബക്കറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് ദിവസത്തോളം കസ്റ്റഡിയില്‍ വെക്കുകയുമുണ്ടായി. ഹാദിയ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നതായിരുന്നു കുറ്റം. ആ സന്ദര്‍ഭത്തിലാണ് ഇസ്‌ലാമിക പഠനത്തിനായി ഏതെങ്കിലുമൊരു മതസ്ഥാപനത്തില്‍ ചേരാന്‍ ഹാദിയ താല്‍പര്യപ്പെടുന്നത്. അതിനായി മഞ്ചേരിയിലെ മര്‍ക്കസുല്‍ ഹിദായയില്‍ (സത്യസരണി) രണ്ട് മാസത്തെ പഠനം അവര്‍ തുടങ്ങുകയും ചെയ്തു. ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നവരെ താമസിപ്പിച്ച് പഠിപ്പിക്കുന്ന ഒരേയൊരു സ്ഥാപനമാണത്. സത്യസരണിയിലെ പഠനത്തിന് ശേഷമാണ് ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ഹാദിയ വിവാഹ പരസ്യം കൊടുക്കുന്നത്. നാഷണല്‍ വുമണ്‍ ഫ്രണ്ടിന്റെ പ്രസിഡന്റായ എ.എസ് സൈനബിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്. അങ്ങനെയാണ് ഷെഫിന്‍ ജഹാനുമായുള്ള വിവാഹം നടക്കുന്നത്. 2016 ഡിസംബര്‍ 19 നായിരുന്നു നിക്കാഹ് നടന്നത്.

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ച സമയത്താണ് ഹാദിയയോട് അവളുടെ വക്കീല്‍ ഹൈക്കോടതിയിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നത്. കോടതി ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം അന്വേഷിക്കുകയും ഭര്‍ത്താവില്‍ നിന്ന് അകന്ന് താമസിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോടതി വിവാഹം റദ്ദാക്കിയതിന് ശേഷം ഷെഫിന്‍ ജഹാന്‍ പറഞ്ഞതിതായിരുന്നു: ‘വിവാഹത്തിന് ശേഷമാണ് ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങിയത്. ഇപ്പോഴും ഞങ്ങള്‍ പ്രണയത്തിലാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ എനിക്ക് വിശ്വാസമുണ്ട്. അവസാനവിജയം സത്യത്തിന്റേതാണ്. ഞാനും ഹാദിയയും ഒരുമിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.’

ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇസ്‌ലാമിക ജ്ഞാനം ആര്‍ജ്ജിക്കാനും ഇഷ്ടമുള്ള ഭര്‍ത്താവിനെ തെരെഞ്ഞെടുക്കാനുമുള്ള ഹാദിയയുടെ സ്വാതന്ത്ര്യത്തെ വിലക്കുകയാണ് ഇസ്‌ലാമോഫോബിയ പിടികൂടിയ മതേതരകേരളം ചെയ്തത്. ലവ്ജിഹാദിന്റെ ഇരയെന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ഒരു മുസ്‌ലിം സ്ത്രീ എന്ന നിലക്കുള്ള അവരുടെ സബ്ജക്ടിവിറ്റിയെ ആരും പരിഗണിച്ചിട്ടില്ല.

‘ലവ്ജിഹാദി’ന്റെ ‘ഇരയായ’ ഹാദിയ

2009 ലാണ് ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിലുള്ള കേരള ഹൈക്കോടതിയിലെ ഒരു ജുഡീഷ്യല്‍ ബഞ്ച് ശഹന്‍ ഷായുടെയും സിറാജുദ്ദീന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നത്. ഹിന്ദു സ്ത്രീകളെ പ്രേമം നടിച്ച് വശീകരിച്ച് ഇസ്‌ലാമിലേക്ക് മതംമാറ്റുന്നു എന്നതായിരുന്നു അവര്‍ക്കെതിരായ കുറ്റം. മുസ്‌ലിംകളില്‍ ഒരു വിഭാഗം കേരളത്തില്‍ ലവ്ജിഹാദ് നടപ്പിലാക്കുന്നുണ്ട് എന്നായിരുന്നു ആ ബെഞ്ചിന്റെ നിരീക്ഷണം. അതിനായി അവര്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും അത് സൂചിപ്പിക്കുകയുണ്ടായി. അന്ന് ജസ്റ്റിസ് ശങ്കരന്‍ കൊടുത്ത നിര്‍ദേശങ്ങള്‍ ഇവയായിരുന്നു: ‘മൂന്നാഴ്ചക്കുള്ളില്‍ പോലീസ് ഒരു സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യും. അതിലുയര്‍ത്തുന്ന പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഇവയായിരിക്കും: 1) റോമിയോ ജിഹാദ് എന്നോ ലവ്ജിഹാദ് എന്നോ പേരുള്ള ഒരു മൂവ്‌മെന്റ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? 2) ഉണ്ടെങ്കില്‍ എന്താണതിന്റെ പദ്ധതികള്‍? 3) ഏതെല്ലാം സംഘടനകളാണ് അതില്‍ പങ്കാളികളായിട്ടുള്ളത്? 4) എവിടെ നിന്നാണ് അതിനുള്ള പണം വരുന്നത്? 5) കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എത്ര സ്‌കൂള്‍\കോളേജ് വിദ്യാര്‍ത്ഥികള്‍ ഇപ്രകാരം ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്? 6) ഇന്ത്യയിലുടനീളം ഈ മൂവ്‌മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടോ? 7) വിദേശത്ത് നിന്ന് അതിന് ഫണ്ട് ലഭിക്കുന്നുണ്ടോ? 8) ലവ്ജിഹാദ് മൂവ്‌മെന്റും മറ്റ് ഭീകര പ്രവര്‍ത്തനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധങ്ങളുണ്ടോ?

ഹിന്ദുത്വ വെബ്‌സൈറ്റുകളില്‍ ഈ സ്‌റ്റേറ്റ്‌മെന്റ് നിരന്തരമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ ഒരു ഹിന്ദുത്വ വെബ്‌സൈറ്റ് 2012 ല്‍ പത്തൊമ്പത് വയസ്സുകാരി ഒരു മുസ്‌ലിം യുവാവിനൊപ്പം പോയപ്പോള്‍ ലവ്ജിഹാദെന്നാണ് അതിനെ വിശേഷിപ്പിച്ചത്. മുസ്‌ലിം പുരുഷനില്‍ നിന്ന് സംരക്ഷിക്കപ്പെടേണ്ട ഹിന്ദു പെണ്‍കുട്ടികള്‍ എന്ന വ്യവഹാരമാണ് അവയെല്ലാം നിര്‍മ്മിക്കുന്നത്. അഥവാ, ഹിന്ദു സമുദായത്തെയും ഹിന്ദു ദേശത്തെയും പ്രതിനിധീകരിക്കുന്ന സബ്ജക്ടാണ് ഹിന്ദു പെണ്‍കുട്ടികള്‍. അതിനാല്‍ തന്നെ ഈ ‘ഹിന്ദു ദേശ’ത്തേക്ക് ‘അധിനിവേശം’ ചെയ്തുവന്ന മുസ്‌ലിം ആണില്‍ നിന്നും അവരെ സംരക്ഷിക്കേണ്ടതുണ്ട്. സ്റ്റേറ്റിനും പൊതുസമൂഹത്തിനും ഹിന്ദു സംഘടനകള്‍ക്കുമെല്ലാമാണ് ഈ സംരക്ഷണച്ചുമതലയുള്ളത്.

ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ വേണ്ടി ഹാദിയയെ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്യിക്കുകയായിരുന്നു എന്നാണ് ഹാദിയയുടെ അച്ഛനും ഹിന്ദുത്വ സംഘടനകളും നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഐസിസിനെക്കുറിച്ച വ്യവഹാര നിര്‍മ്മിതിയിലൂടെ മുസ്‌ലിം സബ്ജക്ടിവിറ്റിയെക്കുറിച്ച ചോദ്യങ്ങള്‍ക്ക് തടയിടുകയാണ് അവര്‍ ചെയ്യുന്നത്. ജെ.എന്‍.യുവില്‍ നിന്ന് കാണാതായ നജീബിനെക്കുറിച്ചും സമാനമായ ആരോപണങ്ങള്‍ സ്റ്റേറ്റും ഹിന്ദുത്വ സംഘടനകളും ഉന്നയിച്ചിരുന്നു.

ഹാദിയയും മതേതര ആശങ്കകളും

ഹാദിയയുടെ അച്ഛനും ജുഡീഷ്യറിയും സംഘ്പരിവാറും സ്റ്റേറ്റുമാണ് ഹാദിയയുടെ ജീവിതത്തെക്കുറിച്ച ആഖ്യാനം രൂപപ്പെടുത്തുന്നത്. അഥവാ ഹാദിയയെക്കുറിച്ച് നിലനില്‍ക്കുന്നത് സവര്‍ണ്ണമായ അധീശ ആഖ്യാനങ്ങളാണ്. സ്വന്തത്തെക്കുറിച്ച ആഖ്യാനം രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യമാണ് അവള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഹാദിയക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന മതേതര-ലിബറല്‍ ആശങ്കകള്‍ ഈ കര്‍തൃത്വ നിഷേധത്തെക്കുറിച്ച് തികഞ്ഞ മൗനമാണ് ആചരിക്കുന്നത്. ഇന്ത്യന്‍ സ്റ്റേറ്റും അശോകനും ചേര്‍ന്ന് ഹാദിയയുടെ മേല്‍ നടപ്പിലാക്കിയ വയലന്‍സിനെക്കുറിച്ച് അവരൊന്നും പറയുന്നില്ല. ഏജന്‍സിയെക്കുറിച്ചും സബ്ജക്ടിവിറ്റിയെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുന്ന മതേതര-ലിബറല്‍ ലോകം എന്തുകൊണ്ടാണ് ഒരു മുസ്‌ലിം സ്ത്രീക്ക് അതനുവദിച്ച് കൊടുക്കാത്തത് എന്നതാണ് ചോദ്യം.

 

ജെ.എന്‍.യുവിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖിക

ഹെബ അഹ്മദ്‌