Campus Alive

മുസ്‌ലിം “ആക്രമണകാരികളും” ബുദ്ധിസത്തിന്റെ തകർച്ചയും: ആഖ്യാനത്തിലെ സങ്കീർണ്ണതകൾ

(ഗ്രന്ഥകർത്താവും റട്ട്ഗേസ് യൂണിവേഴ്സിറ്റി-ന്യൂആർക്, ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഓഡ്രി ട്രുഷ്കെ 2018ൽ എഴുതിയ ‘The Power of The Islamic Sword in Narrating The Death of Indian Buddhism’ എന്ന പഠനത്തിന്റെ സ്വതന്ത്ര വിവർത്തനം)


 

ബുദ്ധിസത്തെയും ഇസ്‌ലാമിനെയും കുറിച്ച് പരാമർശിക്കുന്നിടത്തെല്ലാം അത് ബുദ്ധ ധർമത്തെ മുസ്‌ലിംകൾ ഇല്ലാതാക്കി എന്ന ആഖ്യാനത്തിലാണ് കാലങ്ങളായി ചുറ്റിത്തിരിയുന്നത്. ‘വിഗ്രഹധ്വംസകരായ മുസ്‌ലിംകൾ ഇന്ത്യയിലേക്ക് പടയോട്ടം നടത്തി ബുദ്ധിസ്റ്റ് വിഹാരങ്ങളും ഉപരിപഠന സ്ഥാപനങ്ങളും ആക്രമിച്ച്, ഉപഭൂഖണ്ഡത്തിലെ ബുദ്ധിസത്തിനുള്ള സ്വാധീനത്തെ ഇല്ലാതാക്കി’ എന്നാണ് ഈ ആഖ്യാനത്തിന്റെ ചുരുക്കം. ബി.ആർ. അംബേദ്കർ അടക്കമുള്ള ആധുനിക അക്കാദമിക്കുകൾ പൊതുവിൽ ഈ ദുരന്തപൂർണമായ സംഘട്ടനത്തിന്റെ കൂടുതൽ പ്രക്ഷുബ്ധമായ വിവരണങ്ങളിലേക്ക് കടക്കാതിരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നിരുന്നാൽ പോലും ‘ദക്ഷിണേഷ്യൻ ബുദ്ധിസത്തെ കൊന്ന ഇസ്‌ലാം’ എന്ന ആഖ്യാനം വളരെ ശക്തമായും സജീവമായും നിലനിൽക്കുന്നുണ്ട്. 2013ൽ പീറ്റർ ഹാർവേ ബുദ്ധിസത്തെ കുറിച്ച് രചിച്ച പ്രശസ്തമായ പുസ്തകത്തിലെ ചുവടെയുള്ള പരാമർശം അതിന് ഒരുദാഹരണമാണ്: “CE 986 മുതൽ മുസ്‌ലിംകളായ തുർക്കികൾ അഫ്‌ഗാനിസ്ഥാനിൽ നിന്നും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്ക് കടന്നാക്രമണം നടത്തി പശ്ചിമേന്ത്യയെ കൊള്ളയടിച്ചു. ഇസ്‌ലാമിലേക്ക് നിർബന്ധിത മതപരിവർത്തനങ്ങൾ നടത്തുകയും, വിഗ്രഹാരാധനയോടുള്ള എതിർപ്പ് മൂലം ബുദ്ധിസ്റ്റ് പ്രതിമകൾ തച്ചുടയ്ക്കുകയും ചെയ്തു. 1192ഓടെ തുർക്കികൾ ദില്ലിയിൽ നിന്നും ഉത്തരേന്ത്യയിലാകെ ഭരണം സ്ഥാപിച്ചു. പിന്നീട്, 1198ൽ നളന്ദാ സർവകലാശാല തകർക്കപ്പെട്ടതോടു കൂടി ബുദ്ധിസത്തിന്റെ വടക്കുകിഴക്കൻ ശക്തികേന്ദ്രം ഇല്ലാതായി”( Peter Harvey, An Introduction to Buddhism: Teachings, History and Practices).

ഈ വിവരണങ്ങളിലെ പരാമർശങ്ങളെല്ലാം തന്നെ ചരിത്രപരമായ അവ്യക്തതകൾ നിറഞ്ഞതാണ്. ആയതിനാൽ ഇന്തോ-പേർഷ്യൻ രേഖകളുടെ (കുറഞ്ഞൊരളവുവരെ സംസ്‌കൃതവും ടിബറ്റനും) പുനഃപരിശോധനയിലൂടെ ഇസ്‌ലാമിന്റെയും ബുദ്ധിസത്തിന്റെയും സംഘട്ടനത്തിൽ അടിസ്ഥാനപ്പെടുത്തിയ കഥയുടെ അസ്ഥിരമായ അടിസ്ഥാനങ്ങളെ ഈ ലേഖനത്തിലൂടെ വീണ്ടും പരിഗണിക്കുകയാണ്. ഞാനിവിടെ രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യയിലെ ബുദ്ധിസത്തിന് എന്തുസംഭവിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകുകയല്ല. മറിച്ച്, ബുദ്ധിസം അതിന്റെ ജന്മദേശത്ത് ഇല്ലാതായതിനെ കുറിച്ചുള്ള നമ്മുടെ ധാരണകളെ വിശകലനം ചെയ്യുകയും, അതിലൂടെ പതിറ്റാണ്ടുകളായി ഈ വിഷയത്തിലുള്ള അന്വേഷണങ്ങൾക്ക് തടസമാകുന്ന പ്രത്യയശാസ്ത്ര മാറാപ്പിൽ നിന്നും സ്വതന്ത്രരാവാനുള്ള മെച്ചപ്പെട്ട ഒരു കാഴ്ചപ്പാട് ഭാവി ഗവേഷകർക്ക് നൽകാനുമാണ് ഞാൻ ശ്രമിക്കുന്നത്.

ഇന്ത്യൻ ബുദ്ധിസത്തിന്റെ അന്ത്യത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ദക്ഷിണേഷ്യയിൽ ബുദ്ധിസം ഇല്ലാതായത്/ക്ഷയിച്ചത് രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യത്തിലാണ് എന്നത് പൊതുസമ്മതിയുള്ള കാര്യമാണ്. ഇതുസംബന്ധിച്ച് യോജിപ്പുള്ള രണ്ടാമത്തെ സംഗതി ഇന്ത്യൻ ബുദ്ധിസത്തിന്റെ തകർച്ചയിൽ ഇസ്‌ലാമിന് എന്തോ പങ്കുണ്ട് എന്നതാണ്. പ്രത്യേകിച്ചും, മുഹമ്മദ് ബിൻ ബക്തിയാർ ഖൽജി 1193ൽ നളന്ദാ സർവകലാശാല നശിപ്പിച്ചു എന്ന ആരോപണത്തിൽ. മൊത്തത്തിൽ നോക്കുമ്പോൾ വളരെ പരിമിതമായ പരിഗണനയാണ് ബുദ്ധ പാരമ്പര്യത്തിന്റെ തകർച്ചയെ സംബന്ധിച്ച ചോദ്യത്തിന് പണ്ഡിതന്മാർ നൽകിയിട്ടുള്ളൂവെങ്കിലും, ഈ വിഷയം പാഠപുസ്തകങ്ങളിലും മറ്റു രചനകളിലും പരാമർശിക്കുമ്പോഴെല്ലാം അവിടെ രക്തദാഹികളും വിഗ്രഹധ്വംസകരുമായ ഇസ്‌ലാമിക പടയോട്ടക്കാർ കഥയിലെ പ്രധാനികളായി കടന്നുവരുന്നുണ്ട്.

മാർഷൽ ഹോഡ്ഗ്സൺ

ദക്ഷിണേഷ്യയിൽ നിന്നും ബുദ്ധിസം അപ്രത്യക്ഷമാവുന്നതിൽ ഇസ്‌ലാമിനുള്ള പങ്ക് വളരെ ചെറുതാണെന്ന് ചരിത്രകാരന്മാർ മനസിലാക്കുന്നുണ്ട്. മുസ്‌ലിംകൾ ബുദ്ധിസത്തോട് അത്ര സൗഹൃദത്തിലായിരുന്നില്ലെങ്കിലും അവർ ബുദ്ധിസ്റ്റുകളെയോ ബുദ്ധ സന്ന്യാസിമാരെയോ വെറുതെ കൊന്നുകളഞ്ഞതിന് ഒരു തെളിവുമില്ലെന്നും ഇത് സംബന്ധിച്ച ധാരണകളെ തിരുത്താൻ ഒരു സജീവ പുനരവലോകനം വേണ്ടിവരുമെന്നും മാർഷൽ ഹോഡ്ഗ്സൺ പറയുന്നു. അത്തരം ആഖ്യാനങ്ങൾ വസ്തുതകളേക്കാൾ കൂടുതലായി അവലംബിക്കുന്നത് മുൻവിധികളെയാണ്. പരിമിതപ്പെടുത്തുന്ന പൂർവാധുനികവും ആധുനികവുമായ ഇത്തരം മുൻവിധികളെ ചോദ്യം ചെയ്തുകൊണ്ട് ഇസ്‌ലാമും ബുദ്ധിസവും തമ്മിലുള്ള സങ്കൽപിതമായ വിനാശകര ബന്ധത്തിന്റെ ‘സജീവ പുനരവലോകന’ത്തിനുള്ള ഹോഡ്ഗ്സന്റെ ആഹ്വാനത്തെ ഞാനിവിടെ ഏറ്റെടുക്കുകയാണ്.

പിടിവിടാത്ത ചരിത്ര ചോദ്യം

ഇസ്‌ലാമാണ് ഇന്ത്യൻ ബുദ്ധിസത്തെ വകവരുത്തിയത് എന്ന കഥ എത്രത്തോളം അവ്യക്തത നിറഞ്ഞതാണെങ്കിലും അതിപ്പോഴും നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ ബുദ്ധിസത്തിന് എന്താണ് സംഭവിച്ചത് എന്ന സ്ഥിരമായ ചോദ്യത്തിന് താൽക്കാലികമായെങ്കിലും ഒരുത്തരം നൽകുന്നു എന്നതാണ് ഇതിന് കാരണം. BCE 411 – 400നോടടുത്ത കാലഘട്ടത്തിലെ ഗൗതമ ബുദ്ധന്റെ മരണശേഷം നൂറ്റാണ്ടുകളോളം ബുദ്ധിസ്റ്റ് അധ്യാപനങ്ങൾ ഏറെ പ്രാമുഖ്യത്തോടെ നിലനിൽക്കുകയും ഗന്ധാരന്മാർ, മൗര്യർ, ഗുപ്തർ തുടങ്ങിയ രാജവംശങ്ങളുടെ പിന്തുണ നേടുകയും ചെയ്തിരുന്നു. സാധാരണ ജനങ്ങളും സന്ന്യാസികളുമടങ്ങിയ വലിയ ഒരു അനുയായി സമൂഹം ബുദ്ധിസത്തിനുണ്ടായി. പിന്നീട് ആയിരം വർഷങ്ങൾക്കൊണ്ട് ഇന്ത്യയ്ക്കു പുറത്ത് ഏഷ്യയുടെ പല ഭാഗങ്ങളിലേക്കും വികസിച്ച, കലയിലും സാഹിത്യത്തിലും ഒട്ടേറെ സംഭാവനകൾ ചെയ്ത സമ്പന്നമായ ഒരു ചിന്താ പാരമ്പര്യമായി അത് വളർന്നു. എന്നാൽ തുടർന്നങ്ങോട്ടുള്ള, പ്രത്യേകിച്ചും CE ആറോ ഏഴോ നൂറ്റാണ്ട് മുതൽക്കുള്ള കഥ വിനാശകരമായ അക്രമത്തിന്റെ നിമിഷങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട, ഇന്ത്യൻ ബുദ്ധിസത്തിന്റെ അധഃപതനത്തിന്റെ ചരിത്രമാണ്.

ഈ പതനത്തിന്റെ ആരംഭത്തെ കുറിച്ച് വലിയ തോതിലുള്ള വിയോജിപ്പുകൾ ഗവേഷകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. ചിലരതിനെ ആറാം നൂറ്റാണ്ടിലെ ഗുപ്ത രാജവംശത്തിന്റെ തകർച്ചയോടും തുടർന്നുണ്ടായ സൈനിക എടുത്തുചാട്ടങ്ങളിലേക്കും ബന്ധിപ്പിക്കുമ്പോൾ മറ്റുചിലർ ഏഴാം നൂറ്റാണ്ടിലെ അദ്വൈതത്തിന്റെയും ഹിന്ദു ഭക്തി പാരമ്പര്യത്തിന്റെയും വികാസത്തിൽ തുടക്കം കണ്ടെത്തുന്നുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായ പാല രാജവംശത്തിന്റെ തകർച്ചയോടുകൂടി ബുദ്ധിസ്റ്റ് സ്ഥാപനങ്ങൾക്കുണ്ടായിരുന്ന പിൻബലം ക്ഷയിച്ചതും ഗവേഷകർ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇങ്ങനെ വീഴ്ചക്കും ക്ഷയിക്കലിനും പല തുടക്കങ്ങൾ കണ്ടെത്തുമ്പോഴും ഇതിനെയെല്ലാം അതിജീവിച്ച്, CE 1200നടുത്ത് മുസ്‌ലിം പടയോട്ടങ്ങളും ഭരണകൂടവും കടന്നുവരുന്നത് വരെ ഉപഭൂഖണ്ഡത്തിൽ ചുരുങ്ങിയ തോതിലെങ്കിലും ബുദ്ധിസം നിലനിന്നിരുന്നു എന്ന കാര്യത്തിൽ മിക്കവരും ഏകാഭിപ്രായക്കാരാണ്. അതായത്, മുസ്‌ലിം പടയോട്ടങ്ങളാണത്രേ ഇന്ത്യൻ ബുദ്ധിസത്തിന്റെ തകർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന ഘടകം!

മത പാരമ്പര്യങ്ങളുടെ മറ്റു കാലങ്ങളിലും ഇടങ്ങളിലുമുള്ള അപ്രത്യക്ഷമാകലിന് കാരണമായി രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളൊന്നും പക്ഷേ ഇന്ത്യൻ ബുദ്ധിസത്തിന്റെ തകർച്ചയ്ക്ക് അനുയോജ്യമാകുന്നില്ല. ഉദാഹരണത്തിന്, CE 1200ഓടെ ഇന്ത്യൻ സമൂഹം തകർന്നിട്ടില്ല. അങ്ങനെയെങ്കിൽ തങ്ങളുടെ മൊത്തം സാമൂഹിക ഘടനയടക്കം തകർന്നില്ലാതായ ഒരു മത പാരമ്പര്യം എന്ന മാതൃക ബുദ്ധ ധർമത്തിന്റെ കാര്യത്തിൽ സംഭവിക്കാനിടയില്ല. മാത്രവുമല്ല, ഇന്ത്യയിൽ ബുദ്ധിസം നിയമവിരുദ്ധമാക്കപ്പെടുകയോ ബുദ്ധിസ്റ്റുകളെ നാടുകടത്തുകയോ ചെയ്‌തിട്ടില്ല. മറ്റൊരു പ്രധാനപ്പെട്ട സംഗതി ബുദ്ധിസത്തിന്റെ പോലെ വൈപുല്യവും സ്വാധീനവുമുള്ള മറ്റൊരു മത പാരമ്പര്യവും ഈ ഉപഭൂഖണ്ഡത്തിൽ പൂർണമായും നശിക്കുന്ന തലത്തിലേക്ക് പോയിട്ടില്ല. മറിച്ച്, ജൈനിസം പോലുള്ള ചെറിയ മതങ്ങൾ പോലും രണ്ടാം സഹസ്രാബ്ദം പിന്നിട്ട് ഇന്നും നിലനിൽക്കുന്നു. സിഖിസം ഇന്ത്യൻ ആധുനികതയുടെ ആദ്യത്തിൽ ഒരു മത പാരമ്പര്യമായി വികസിക്കുകയും ചെയ്തു. ഈ കാര്യങ്ങളാൽ എണ്ണൂറ് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ബുദ്ധിസം എങ്ങനെ വ്യാപകമായി നശിച്ചുപോയി എന്നതിന് പ്രായോഗികമായ ഒരു വിശദീകരണം നൽകാൻ പണ്ഡിതർക്കും ഗവേഷകർക്കും മേൽ സമ്മർദ്ദമേറുന്നുണ്ട്.

ഇന്തോ-ഇസ്‌ലാമിക് ഇതിഹാസങ്ങളിലെ പടയോട്ടങ്ങൾ

ഇന്ത്യൻ ബുദ്ധിസത്തെ തുടച്ചുനീക്കിയത് ഇസ്‌ലാമാണ് എന്നതിനുള്ള ശക്തമായ തെളിവുദ്ധരിക്കുന്നത് പൂർവാധുനിക ഇന്തോ-ഇസ്‌ലാമിക് ഇതിഹാസങ്ങളിൽ നിന്നാണ്. അത്തരം രേഖകളിൽ ബുദ്ധിസത്തെയോ ബുദ്ധിസ്റ്റ് സ്ഥാപനങ്ങളെയോ പ്രത്യേകമായി ആക്രമിക്കുന്നതിനെ പറ്റി വളരെ കുറച്ചേ പരാമർശിക്കുന്നുള്ളൂ. മാത്രമല്ല, അക്കാലത്തെ പേർഷ്യൻ ഇസ്‌ലാമിക് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം പിടിച്ചടക്കലും, കൊള്ളയടിയും, അമുസ്‌ലിംകളുടെ മതപരമായ ഇടങ്ങൾ തകർക്കലുമെല്ലാം – അത് ഹിന്ദുവോ, ബുദ്ധിസ്റ്റോ, ജൈനരോ ആയിക്കോട്ടെ – അക്കാലത്തെ ഇസ്‌ലാമിക ഭരണകർത്താക്കളുടെ അധികാരത്തെ പൊലിപ്പിച്ചുകാണിക്കുന്നതിനുള്ള പ്രബലമായ ഒരു രീതിയായിരുന്നു. ഉദാഹരണത്തിന്, പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ മഹ്മൂദ് ഗസ്നിയിൽ നിന്ന് തുടങ്ങുന്ന ഇസ്‌ലാമിക രേഖകൾ അമുസ്‌ലിംകളുമായുള്ള ഏറ്റുമുട്ടലുകളെ ചിത്രീകരിക്കുന്നത് ഇസ്‌ലാമിനുള്ള അടിയന്തിര ഭീഷണിക്കു മുന്നിലുള്ള പ്രതിരോധ ജിഹാദായിട്ടല്ല. മറിച്ച്, പ്രബലനായ ഗാസി രാജാവ് പ്രകോപനമേതുമില്ലാതെ അക്രമോത്സുകമായി നയിച്ച കടന്നാക്രമണങ്ങളായിട്ടാണ്. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക എഴുത്തുകാർ ഇത്തരം ആക്രമണങ്ങളെ മോടിപിടിപ്പിച്ച് വർണ്ണിക്കുകയും കൊള്ളയടിച്ച് നേടിയ സമ്പത്തിനെ പടയോട്ടങ്ങളുടെ പ്രതിഫലമായി കണക്കാക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ബുദ്ധിസത്തിന്റെ തകർച്ചയുടെ കഥയ്ക്ക് നിർണായകമായ ഇന്തോ-ഇസ്‌ലാമിക് രേഖ പതിമൂന്നാം നൂറ്റാണ്ടിലേതാണ്. അതുകൊണ്ട് തന്നെ വിഗ്രഹധ്വംസനത്തെയും ക്ഷേത്രം കൊള്ളയടിക്കലിനെയും പറ്റിയുള്ള അതിശയോക്തി കലർന്ന സന്ദർഭങ്ങളെ പ്രകീർത്തനങ്ങളുടെ ജനകീയ മാതൃകകളായി കണ്ടിരുന്ന ഒരു പൈതൃകത്തിന്റെ വിശാലമായ പശ്ചാത്തലത്തിൽ, ഉത്തരവാദിത്വത്തോടുകൂടിയാവണം പ്രസ്തുത രേഖയെ വായിക്കേണ്ടത്.

പേർഷ്യൻ ഭാഷയിലുള്ള മിൻഹാജി സിറാജ് ജുസ്ജാനിയുടെ തബഖാത്-എ-നാസിരി എന്ന ഒരൊറ്റ ഗ്രന്ഥത്തിലാണ് ബുദ്ധിസവും ഇസ്‌ലാമും തമ്മിലുള്ള വിനാശകരമായ സംഘട്ടനത്തിന്റെ കഥ വലിയൊരളവോളം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ദില്ലി സുൽത്താനായിരുന്ന നാസിറുദ്ദീൻ മഹ്മൂദ് ഷായ്ക്കു വേണ്ടി എഴുതപ്പെട്ട, ആദ്യ മനുഷ്യനായ ആദമിൽ നിന്ന് തുടങ്ങി ഇറാനിലെയും മധ്യേഷ്യയിലെയും ഇന്ത്യയിലെയും സംഭവങ്ങളെ പരാമർശിക്കുന്ന, ഇസ്‌ലാമിക ലോകത്തിന്റെ ബൃഹത്തായ ചരിത്രത്തെ കുറിച്ചുള്ള ഈ രചന 1259-60 കാലഘട്ടത്തിലാണ് പൂർത്തീകരിക്കപ്പെടുന്നത്. ഇത്തരം രചനകളിൽ പ്രതീക്ഷിക്കാവുന്ന വിഗ്രഹധ്വംസനത്തെ കുറിച്ചുള്ള വാഗ്ധോരണികളോടൊപ്പം ഇസ്‌ലാമിക രാജ്യത്തെ വലുതാക്കാനും പ്രതിരോധിക്കാനുമുള്ള ഭരണാധികാരിയുടെ സവിശേഷാധികാരത്തെ കുറിച്ചും ജുസ്ജാനി തന്റെ രചനയിൽ പ്രത്യേകം ഊന്നിപ്പറയുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ ഏഷ്യയൊട്ടാകെ ബാധിച്ച മംഗോൾ പടയോട്ടത്തിന്റെ സാഹചര്യത്തിലായിരുന്നു അദ്ദേഹം എഴുതിയത് എന്നതാണ് ഇതിന് കാരണം.

ബിഹാറിലെ ഒരു ആശ്രമത്തിൽ മുഹമ്മദ് ബിൻ ബക്തിയാർ ഖൽജി നടത്തിയ ആക്രമണത്തെ കുറിച്ച് ഫെർഗാനക്കാരനായ (ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ഒരു സ്ഥലം) ഒരാളിൽ നിന്നും കേട്ടതു പോലെ ജുസ്ജാനി വിവരിക്കുന്നുണ്ട്: “മുഹമ്മദ് ബിൻ ബക്തിയാർ ഖൽജി ഒരു സൈന്യത്തെ ബിഹാറിലേക്ക് നയിക്കുകയും അവിടത്തെ കോട്ടകെട്ടി സുരക്ഷിതമാക്കിയ ഒരു നഗരത്തെ ആക്രമിക്കുന്നത് വരെ ഒന്നോ രണ്ടോ വർഷത്തേക്ക് ആ മേഖലയിൽ കൊള്ളയടിച്ചു നടക്കുകയും ചെയ്തു. നിസാമുദ്ദീനെന്നും സംസമുദ്ദീനെന്നും പേരായ രണ്ടു ഫെർഗാനക്കാരായ സഹോദരങ്ങൾ ബക്തിയാറുടെ സൈന്യത്തിലുണ്ടായിരുന്നു. ഈ രചയിതാവ് ഹിജ്‌റ വർഷം 641ന് ലഖ്‌നവട്ടിയിൽ വെച്ച് അവരിലൊരാളായ സംസമുദ്ദീനെ കണ്ടുമുട്ടിയാണ് ഈ വിവരണം ശേഖരിച്ചത്. കോട്ട പിടിച്ചടക്കിയതോടെ ഒരുപാട് കൊള്ളമുതൽ അവർ നേടി. തലമുണ്ഡനം ചെയ്ത, ബ്രാഹ്മണരായിരുന്ന ഭൂരിഭാഗം നിവാസികളെയും കൊന്നുകളഞ്ഞു. ശേഷം വലിയ ഗ്രന്ഥശേഖരം കണ്ടെത്തിയപ്പോൾ അവയുടെ അർത്ഥം മനസിലാക്കാൻ ബ്രാഹ്മണരെ അന്വേഷിച്ചെങ്കിലും അവരെല്ലാം കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നീടതിന്റെ അർത്ഥം മനസിലാക്കിയപ്പോഴാണ് ആ കോട്ടയും കോട്ടയ്ക്കുള്ളിലെ നഗരവും ഒരു വിദ്യാലയം ആയിരുന്നെന്നും ബിഹാർ എന്നത് വിദ്യാലയത്തിനുള്ള ഹിന്ദുയി പദമായിരുന്നെന്നും അവരറിഞ്ഞത്” (ജുസ്ജാനി, തബഖാത്-ഇ-നാസിരി).

ഏകദേശം 150 വർഷത്തോളം മേൽപ്പറഞ്ഞ വിവരണത്തെയാണ് പണ്ഡിതന്മാർ പൂർവാധുനിക ഇന്ത്യൻ ബുദ്ധിസത്തിന്റെ അന്ത്യത്തെ മനസിലാക്കാനായി ഉപയോഗിച്ചിരുന്നത്. ജുസ്ജാനിയുടെ പേർഷ്യൻ രചനക്ക് രണ്ട് ഇംഗ്ലീഷ് വിവർത്തനങ്ങളാണ് ഉണ്ടായത്. ആദ്യത്തേത് ഹെൻറി ഏലിയറ്റിന്റെയും ജോൺ ഡവ്സന്റെയും കൊളോണിയൽ പ്രോപ്പഗാണ്ടയായി മനസിലാക്കാവുന്ന ‘ഹിസ്റ്ററി ഓഫ് ഇന്ത്യ: ആസ് റ്റോൾഡ് ബൈ ഇറ്റ്‌സ് ഓൺ ഹിസ്റ്റോറിയൻസ്’ എന്ന കൃതിയിലെ ബക്തിയാർ ഖൽജയെ കുറിച്ച ഭാഗമടക്കമുള്ള ജുസ്ജാനിയുടെ രചനയിലെ പ്രസക്തഭാഗങ്ങളുടെ ഉദ്ധരണികളാണ്. 1934ലെ ‘യൂണിവേഴ്‌സിറ്റി ഓഫ് നളന്ദ’യിലും 2000ലെ ‘ഇന്ത്യൻ ബുദ്ധിസ’ത്തിന്റെ മൂന്നാം പതിപ്പിലുമായി എച്ച്.ഡി. സങ്കല്യയും പിന്നീട് എ.കെ. വാർഡറും കെ.ടി.എസ്. സറാഓയും ഈ വിവർത്തനത്തെ ഉദ്ധരിക്കുന്നുണ്ട്. രണ്ടാമത്തെ വിവർത്തനം, ഹെൻറി ജോർജ് റാവെർട്ടി, ജുസ്ജാനിയുടെ രചനയെ ഏറെക്കുറെ മുഴുവനായി വിവർത്തനം ചെയ്തതാണ്. റാവെർട്ടിയുടെ വിവർത്തനത്തിലെ പല അദ്ധ്യായങ്ങളും മൂലകൃതിയിലേതിൽ നിന്നും വികലമാക്കപ്പെട്ടിട്ടുണ്ട് എന്ന വിമർശനമുണ്ടെങ്കിലും ഇതുതന്നെയാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.

Illustration of “The end of the Buddhist monks, A.D. 1193,” in Walter Hutchinson’s Story of the Nations

ഇസ്‌ലാമും ബുദ്ധിസവും തമ്മിൽ ആരോപിതമായിട്ടുള്ള സംഘട്ടനാധിഷ്ഠിത ബന്ധത്തിന് അടിസ്ഥാനമാക്കാൻ പറ്റിയ രീതിയിൽ വ്യക്തമായ ഒന്നല്ല ജുസ്ജാനിയുടെ ഈ ആഖ്യാനം. ഇതിന്റെ വിവരസ്രോതസ്സുമായി ബന്ധപ്പെട്ടും ചരിത്രരചനാപരമായ തടസമുണ്ട്. സംഭവം നടന്ന് അൻപത് വർഷങ്ങൾക്കുശേഷം സംസമുദ്ദീനിൽ നിന്ന് കേട്ട കഥയുടെ ആധികാരികത സ്വതന്ത്രമായി ഉറപ്പുവരുത്താതെ ജുസ്ജാനി അങ്ങനെത്തന്നെ ആവർത്തിക്കുകയാണ്. കഥയിലെ ‘കോട്ടകെട്ടിയ നഗരത്തെ’ കൃത്യമായി കണ്ടെത്തുന്നതിലും തെളിവുകളുടെ അഭാവമുണ്ട്. മിക്ക ആധുനിക പണ്ഡിതന്മാരും ഈ നഗരത്തെ ഒദണ്ടപുരിയിലെ ആശ്രമമുൾപ്പെടുന്ന ബിഹാർ ശരീഫായിട്ടാണ് മനസിലാക്കുന്നതെങ്കിലും അതിന്റെ കൃത്യസ്ഥലം ഏതെന്ന് ഉറപ്പില്ല. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന താരനാഥ എന്ന ടിബറ്റൻ സന്ന്യാസിയെയാണ് ഒദണ്ടപുരിയുടെ കാര്യത്തിൽ പല ചരിത്രകാരന്മാരും ഉദ്ധരിക്കുന്നത്. എന്നാൽ സംഭവങ്ങൾ കഴിഞ്ഞ് നൂറ്റാണ്ടുകൾക്ക് ശേഷം 1608ലാണ് ഒദണ്ടപുരിയും വിക്രമശിലയും ‘തുരുഷ്‌ക’ (തുർക്കിഷ് അല്ലെങ്കിൽ മുസ്‌ലിം) രാജാക്കന്മാർ നശിപ്പിച്ചതായി താരനാഥ എഴുതുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇന്ത്യയിൽ നടന്ന ഇസ്‌ലാമിക പടയോട്ടങ്ങളെ കുറിച്ച താരനാഥയുടെ വീക്ഷണങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് ടിബറ്റിൽ നടന്നുകൊണ്ടിരുന്ന മംഗോൾ വംശജരുമായുള്ള സംഘട്ടനത്തിന്റെ പശ്ചാത്തലത്തിൽ അതിശയോക്തി കലർന്നവയായിരുന്നു എന്നതിന് അനവധി ഉദാഹരണങ്ങളുണ്ട്.

ഈയൊരു നിഗമനത്തിലെത്തിച്ചേരാൻ ആവശ്യമായ വ്യാഖ്യാനപരമായ മാനദണ്ഡങ്ങളെ നിശ്ചയിക്കുന്നതിൽ അപൂർവമായേ പണ്ഡിതർ ശ്രദ്ധ ചെലുത്തിയിട്ടുള്ളൂ. ജുസ്ജാനിയുടെ പരാമർശങ്ങളെ ഒദണ്ടപുരിയിൽ നടന്ന ആക്രമണവുമായി കൂട്ടിവായിക്കാൻ വേണ്ടിവരുന്ന ബദ്ധപ്പാട് കൂടാതെ അമുസ്‌ലിം മതകേന്ദ്രങ്ങളുടെ മേലുണ്ടായ ആക്രമണങ്ങളെ കുറിച്ച തബഖാത്-എ-നാസിരിയിലുള്ള പരാമർശങ്ങളിലെ വിശ്വാസ്യതയുടെ കാര്യത്തിലും ന്യായമായ സംശയങ്ങളുയരുന്നുണ്ട്. മുന്നേ പറഞ്ഞുവെച്ചതുപോലെ, പൂർവാധുനിക ഇസ്‌ലാമിക രേഖകൾ ഇന്ത്യയിലെ മതകേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങളെയും അതിന്റെ പ്രഭാവത്തെയും പൊലിപ്പിച്ചുകാട്ടാറാണ് പതിവ്. ജുസ്ജാനിയുടെ ആഖ്യാനവും ഈ രീതി പിൻപറ്റുന്നത് കാണാൻ കഴിയും. ഇന്തോ-ഇസ്‌ലാമിക് ഇതിഹാസങ്ങളിലെ നാടകീയതയെ സംബന്ധിച്ച മതിയായ തെളിവുകളുണ്ടായിട്ടും വസ്തുനിഷ്ഠമായ വിവരണങ്ങളായാണ് പലരും ഈ രേഖകളെ കണക്കാക്കുന്നത്. സങ്കീർണവും പരിഷ്കൃതവുമായ വ്യാഖ്യാനശാസ്ത്രത്തെ ഉപയോഗപ്പെടുത്തിയാണ് പേർഷ്യൻ ഭാഷയിലുള്ള ഇതിഹാസങ്ങളെ വായിക്കേണ്ടതെങ്കിലും പല ആധുനിക പണ്ഡിതരും ഈ പൂർവാധുനിക രേഖകളുടെ സാഹിത്യഭാവങ്ങളെ സംബന്ധിച്ച് അജ്ഞരാണ്.

നളന്ദയുടെ പ്രത്യേക സ്ഥാനം

ബിഹാറിലെ ബുദ്ധിസ്റ്റ് കേന്ദ്രങ്ങളെ മുഹമ്മദ് ബിൻ ബക്തിയാർ ഖൽജി നശിപ്പിച്ചെന്ന ജുസ്ജാനിയുടെയും താരനാഥയുടെയും പരിഷ്കരിച്ച വായനകളെ കണക്കിലെടുത്താൽ പോലും അത് നളന്ദയെ ഇല്ലാതാക്കിയെന്ന ആഖ്യാനത്തിലേക്കെത്താൻ സാധ്യമല്ല. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തോടെയാണ് നളന്ദയുടെ തകർച്ച തുടങ്ങുന്നത്. ഇന്ത്യയിലെ ബുദ്ധിസ്റ്റ് പഠനങ്ങളുടെ കേന്ദ്രമായിരുന്നു നളന്ദ. അതുകൊണ്ടു തന്നെ ഇന്ത്യൻ ബുദ്ധിസത്തിന്റെ മരണം വിവരിക്കുന്നിടത്ത് നളന്ദയുടെ തകർച്ച ആവശ്യമായി വരുന്നുണ്ട്. എന്നാൽ നളന്ദയുടെ മേൽ ഒരു മുസ്‌ലിം ആക്രമണം ഉണ്ടായതായി പൂർവാധുനിക എഴുത്തുകാർ ആരുംതന്നെ അവകാശപ്പെടുന്നില്ല എന്ന് ഫ്രെഡറിക് ആഷർ പറയുന്നു. അമർത്യാ സെൻ അടക്കമുള്ളവർ അങ്ങനെയൊരു ആക്രമണത്തെ കുറിച്ച് വർണിച്ചെഴുതുന്നത് ഈ വസ്തുതയെ അവഗണിച്ചുകൊണ്ടാണ്. വാസ്തവത്തിൽ, നളന്ദയുടെ അന്ത്യവും മുഹമ്മദ് ബിൻ ബക്തിയാറുടെ പടയോട്ടവും ഒരേസമയത്തല്ല സംഭവിക്കുന്നത്. 1234-36 കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ധർമസ്വാമിൻ എന്ന ടിബറ്റൻ സന്ന്യാസി നളന്ദയിലുണ്ടായിരുന്ന സമയത്ത് തുരുഷ്‌കർ (മുസ്‌ലിംകൾ) അതിലൂടെ കടന്നുപോയതായി യാത്രാവിവരണത്തിൽ പറയുന്നുണ്ട്. അപ്പോഴും നളന്ദയിൽ സന്ന്യാസികൾ ജീവിച്ചിരുന്നതായും അവരിലൊരാളുടെ കീഴിൽ കുറേ മാസങ്ങൾ പഠനാവശ്യാർഥം ചിലവഴിച്ചതായും അദ്ദേഹം പറയുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, മുഹമ്മദ് ബിൻ ബക്തിയാറുടെയുടെയും മറ്റു ഇസ്‌ലാമിക പടയോട്ടക്കാരുടെയും എല്ലാ ആക്രമണങ്ങളെയും ഒപ്പം ആ മേഖലയിലെ അത്തരം സൈനിക പ്രവർത്തനങ്ങളെയും നളന്ദ അതിജീവിച്ചു.

നളന്ദ

കാലചക്രയിലെ ഇസ്‌ലാം

പൂർവാധുനിക ഇസ്‌ലാമും ഇന്ത്യൻ ബുദ്ധിസവും തമ്മിലുള്ള ഇടപാടുകളുടെ ശത്രുതാപരവും ആത്യന്തികമായി മാരകവുമായ ആഖ്യാനങ്ങൾ കാലചക്രതന്ത്രയിലെ ബുദ്ധിസ്റ്റ് പാരമ്പര്യത്തിലും കടന്നുവരുന്നുണ്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ട കാലചക്രതന്ത്ര അറുപതു വർഷത്തിന് ശേഷമാണ് ടിബറ്റനിലേക്ക് പരിഭാഷ ചെയ്യപ്പെടുന്നത്. മുഹമ്മദ് ബിൻ ബക്തിയാർ ഖൽജിക്കും അദ്ദേഹത്തിന്റെ ആക്രമണ പരിപാടികൾക്കും ഒരു നൂറ്റാണ്ട് മുൻപുള്ള ഈ രേഖയ്ക്ക് ശക്തമായ ഒരു ഐതിഹ്യ സ്വഭാവമാണുള്ളത്‌. എങ്കിലും, ചില മുസ്‌ലിംകളെ ബുദ്ധിസ്റ്റുകൾ ഭീഷണിയായിട്ടാണ് മനസിലാക്കിയിരുന്നത് എന്ന് വ്യക്തമാക്കുന്ന ചില പ്രധാന സൂചനകൾ ഈ രചന നൽകുന്നുണ്ട്.

ഒരു മതമെന്ന നിലക്ക് ഇസ്‌ലാമിനെ വിശദമായി ചർച്ചചെയ്യുന്ന ചുരുക്കംചില സംസ്കൃത രേഖകളിൽ ഒന്നാണ് കാലചക്രതന്ത്ര. ഇസ്മാഈലികളെയോ മുബയ്യിദുകളെയോ അടിസ്ഥാനപ്പെടുത്തിയാവണം (മുസ്‌ലിംകളിലെ ഏത് ധാരയെക്കുറിച്ച് എന്ന വ്യക്തതയില്ല), മുഹമ്മദും മഹ്ദിയും അടക്കം എട്ടോളം പ്രവാചകരുടെ പേരുകൾ ഇതിൽ പരാമർശിക്കുന്നുണ്ട്. കാലചക്രതന്ത്ര ഇവരെയെല്ലാം താഴ്ത്തിക്കെട്ടി ചിത്രീകരിക്കുന്നത് താൽപര്യമുണർത്തുന്ന സംഗതിയാണ്. അസുരരും മ്ലേച്ഛരുമായാണ് എല്ലാവരെയും വിവരിച്ചിരിക്കുന്നത്. മുഹമ്മദിനെ ‘മധുമതി’ എന്നും ‘മധുപതി’ എന്നുമാണ് (മദ്യപൻ എന്നർഥം) വിശേഷിപ്പിക്കുന്നത്. അറബിക്, പേർഷ്യൻ നാമങ്ങൾക്ക് സംസ്കൃതത്തിൽ അർത്ഥം വെക്കുന്നത് തുടർന്നുള്ള ദശകങ്ങളിൽ ഒരു സ്ഥിരം പരിപാടിയാവുന്നുണ്ട്. എങ്കിലും മുഹമ്മദിന്റെ പേരിൽ മാറ്റംവരുത്തി മദ്യപാനത്തിനുള്ള ഖുർആനിക നിരോധനത്തിൽ ഇരട്ടത്താപ്പ് ആരോപിക്കാനുള്ള ശ്രമമൊക്കെ അതിന്റെ അങ്ങേത്തലമാണ്. അതുപോലെ മഹ്ദിയെ മഥനിയെന്നോ (നശിപ്പിക്കുന്നവൻ) മഥനിയയെന്നോ (നശിപ്പിക്കപ്പെടേണ്ടവൻ) ആണ് വിശേഷിപ്പിച്ചിരിക്കുന്നത്. മറ്റു ഭാഗങ്ങളിലായി ഭക്ഷണ ശീലങ്ങളടക്കമുള്ള പല മുസ്‌ലിം ആചാരങ്ങളെയും അനിസ്‌ലാമികവും വെറുപ്പുളവാക്കുന്നതുമായ രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്.

കാലചക്രതന്ത്ര

മ്ലേച്ഛ ധർമത്തിന്റെ (ഇസ്‌ലാം) വളർച്ച ബുദ്ധിസ്റ്റുകളുമായിട്ടുള്ള ദുരന്തപൂർണമായ യുദ്ധത്തിൽ കലാശിക്കുമെന്ന് കാലചക്രതന്ത്ര പ്രവചിക്കുന്നുണ്ട്. പൂർവാധുനിക വ്യാഖ്യാതാക്കൾ ഈ ഐതിഹ്യത്തെ മനസിലാക്കുന്നത് ബാഹ്യമായതിനേക്കാൾ ഒരു ആന്തരിക സംഘട്ടനത്തെ ഇത് സൂചിപ്പിക്കുന്നു എന്ന അർഥത്തിലാണ്. ഇത്തരം പ്രവചനങ്ങൾ രണ്ടു മത പാരമ്പര്യങ്ങളും വിനാശകരമായ സംഘട്ടനത്തിൽ – പ്രത്യേകിച്ച് ടിബറ്റൻ പാരമ്പര്യത്തിൽ – ഏർപ്പെട്ടിരുന്നു എന്നനുമാനിക്കാനുള്ള സ്രോതസ്സിലേക്ക് വിരൽചൂണ്ടുന്നുണ്ട്.

ക്ഷയിച്ച ബുദ്ധിസം

പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തുർക്കിഷ് പടയോട്ടങ്ങളുടെ കാലമാകുമ്പോഴേക്കും ഇന്ത്യൻ ബുദ്ധിസം അതിന്റെ ദുർബലമായ രൂപത്തിലേക്ക് മാറിത്തീർന്നിരുന്നു എന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന് കാരണമായി പറയുന്ന സംഭവങ്ങളിൽ പലതിനും ചരിത്ര പിൻബലമോ വിശ്വാസ്യതയോ ഇല്ല. എന്നാൽ ഇവയുടെ വാസ്തവം പരിശോധിക്കുക എന്നതിനേക്കാൾ എന്നിൽ താൽപര്യം ജനിപ്പിക്കുന്നത്, ഏതാനും പടയോട്ടങ്ങളാൽ നശിപ്പിക്കപ്പെടാൻ മാത്രം ശുഷ്കമായ അവസ്ഥയിൽ ഇന്ത്യൻ ബുദ്ധിസത്തെ സങ്കൽപ്പിക്കാൻ ആധുനിക പണ്ഡിതന്മാർ ഇത്തരം വാദങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്.

ചിലർ വാദിച്ചത് താന്ത്രിക ആചാരങ്ങളെ ഉൾച്ചേർത്തതോടെ ഉണ്ടായ ധാർമിക അപചയം മൂലം ഇന്ത്യൻ ബുദ്ധിസം താനേ ഇല്ലാതായിപ്പോയി എന്നാണ്. ഏതാനും മഹായാന ആചാരങ്ങൾ ബുദ്ധിസത്തെ ഹിന്ദുയിസത്തിലേക്ക് ഇഴുകിച്ചേരാൻ പാകത്തിന് വഴങ്ങുന്നതാക്കി എന്നാണ് വേറെ ചിലർ അഭിപ്രായപ്പെട്ടത്. ഈ രണ്ടു സിദ്ധാന്തങ്ങളും ചരിത്ര മാതൃകകളുമായി ഒത്തുപോവുന്നില്ല. ധർമത്തിന്റെ നല്ല വശങ്ങളെ ബ്രാഹ്മണർ ഏറ്റെടുത്തതോടെ ഇന്ത്യൻ ബുദ്ധിസം അനിവാര്യമായി മാഞ്ഞുപോവുകയാണ് ഉണ്ടായതെന്നാണ് ബുദ്ധിസത്തിന്റെ സാമൂഹിക ധർമം എന്നതിന്റെ അടിസ്ഥാനത്തിൽ ഡി.ഡി. കൊസാംബി വാദിച്ചത്. കേവലമായ സാർവലൗകികതയിലും വിധിനിർണയവാദത്തിലും പിൻബലം കണ്ടെത്തുന്ന ഈ മാർക്സിസ്റ്റ് നിരീക്ഷണത്തിനും ധാർമികച്യുതി ആരോപിക്കുന്ന മറ്റ് സാമൂഹിക സിദ്ധാന്തങ്ങൾക്കും ഇക്കാലത്ത് സ്വീകാര്യത നഷ്ട്ടപ്പെട്ടിട്ടുണ്ടെങ്കിലും ഇവ രണ്ടും മധ്യകാല ഇന്ത്യൻ ബുദ്ധിസത്തിന്റെ മങ്ങിത്തുടങ്ങിയ ധിഷണാശക്തിയെ സൂചിപ്പിക്കുന്ന പുതിയ സിദ്ധാന്തങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.

ചില പണ്ഡിതന്മാർ വാദിക്കുന്നത് ധാരാളം മാധ്യകാല ഇന്ത്യൻ ബുദ്ധിസ്റ്റുകൾ വടക്കോട്ടും കിഴക്കോട്ടും കുടിയേറിയതോടെ ഇവിടത്തെ സധാരണക്കാരായ അനുയായികളും ഒപ്പം അവർ സന്ന്യാസ ജീവിതത്തിന് നൽകിയിരുന്ന പിൻബലവും ഇല്ലാതായി എന്നാണ്. ചിലർ ആരോപിച്ചത് സന്ന്യാസികൾ അനുയായികളുടെ ആവശ്യങ്ങളെ കണ്ടറിയുന്നതിലോ ഒരു മാർഗരേഖ തയ്യാറാക്കുന്നതിലോ പരാജയപ്പെട്ടു എന്നാണ്. ഇതിന് വിപരീതമായി മറ്റുള്ളവർ വാദിക്കുന്നത്, മഹായാന ബുദ്ധിസത്തിനുണ്ടായ അനുയായികളുടെ ആവശ്യങ്ങളോട് കൂടുതലായി പ്രതികരിക്കുന്ന സമീപനം പാരമ്പര്യത്തിന്റെ സവിശേഷതയെ ഇല്ലാതാക്കി, ഒടുക്കം മറ്റു മത പാരമ്പര്യങ്ങളിലേക്ക് ഇഴുകിച്ചേരുന്നതിന് കാരണമായി എന്നാണ്. ഇത്തരം ആശയങ്ങൾ പരസ്പര വിരുദ്ധമാവുന്നു എന്നുമാത്രമല്ല, മധ്യകാല ഇന്ത്യൻ ബുദ്ധിസത്തിന്റെ സങ്കൽപിത ശുഷ്കാവസ്ഥയ്ക്ക് അടിസ്ഥാനമേകുന്നതിന് അപര്യാപ്തവുമാണ്.

പല തരത്തിലുള്ള ഹിന്ദു ആക്രമണങ്ങൾ ഇന്ത്യൻ ബുദ്ധിസത്തെ ദുർബലമാക്കി എന്നതിൽ പണ്ഡിതന്മാർ കുറേക്കൂടി ഏകാഭിപ്രായക്കാരാവുന്നത് കാണാം. ഹിന്ദു രാജാക്കന്മാരുടെ കാലാനുസൃതമായ സൈനിക ആക്രമണങ്ങൾക്ക് ബുദ്ധിസ്റ്റുകൾ വിധേയരായിട്ടുണ്ട്. ഉദാഹരണത്തിന്, ആറാം നൂറ്റാണ്ടിലെ ശൈവനായിരുന്ന മിഹിരകുല എന്ന ഹുൻ രാജാവ് കശ്മീരിലെ ബുദ്ധിസ്റ്റ് സ്തൂപങ്ങളെ തകർക്കുകയും സന്ന്യാസികളെയും സാധാരണക്കാരായ അനുയായികളെയും കൊലപ്പെടുത്തുകയും ചെയ്തതായി ഹുയാങ് സാങ് രേഖപ്പെടുത്തുന്നുണ്ട്.

ദുർബലമാക്കപ്പെട്ട മധ്യകാല ഇന്ത്യൻ ബുദ്ധിസം എന്ന ആശയത്തെ ‘ഇസ്‌ലാം കൊന്ന ഇന്ത്യൻ ബുദ്ധിസം’ എന്ന ആഖ്യാനത്തിന് പകരംവെക്കാമെങ്കിലും പൊതുവിൽ പ്രസ്തുത ആഖ്യാനത്തിന് പിൻബലമേകാനാണ് ഈ ആശയം ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ആർ.സി. മിത്രയുടെ പരാമർശങ്ങളും അതുദ്ധരിക്കുന്ന ഹസ്‌രയുടെ രചനയും ഇതിന് ഉദാഹരണങ്ങളാണ്. 1200നടുത്ത് ഏതാനും സൈനിക ആക്രമണങ്ങളോടെ തകർക്കപ്പെടാൻ പാകത്തിന്, നളന്ദ പോലെ ചുരുക്കം ഇടങ്ങളിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ട വളരെ ദുർബലമായ ഒരു പാരമ്പര്യമായിരുന്നു ബുദ്ധിസത്തിന്റേത് എന്നതാണ് ഈ വാദം. സമീപകാലത്തെ ചില പഠനങ്ങളിൽ ഇസ്‌ലാമിന്റെ പങ്കിനെ ചെറുതാക്കി ചിത്രീകരിക്കാനും ഇതിനെ പരാമർശിക്കുന്നുണ്ട്.

കൊലപാതകിയായ ഇസ്‌ലാം എന്ന സ്ഥിരം പിന്നോട്ടടിയെ മാറ്റിവെച്ചാലും, ദക്ഷിണേഷ്യയിലെ ബുദ്ധിസം നൂറ്റാണ്ടുകളായി അധോഗതിയിലായിരുന്നു എന്ന വാദം തർക്കശാസ്ത്ര യുക്തിയുടെയും തെളിവുകളുടെയും വലിയ അപര്യാപ്തത നേരിടുന്നുണ്ട്.

പറയപ്പെടുന്ന കഥകൾ

ഒരിക്കൽ വൈവിധ്യത്തോടെ നിലനിന്നിരുന്ന ഇന്ത്യൻ ബുദ്ധിസ്റ്റ് പാരമ്പര്യത്തെ ഇസ്‌ലാം ഇല്ലാതാക്കി എന്ന ആധുനിക ധാരണയ്ക്ക് കരുത്തേകാൻ മധ്യകാലഘട്ടത്തിലെ പ്രാമാണിക തെളിവിന് – അതിന്റെ ദുരുപയോഗത്തെ ഒരു നിഷ്കളങ്ക യുക്തിയായി കണ്ടാൽ പോലും – ഒറ്റയ്ക്ക് കഴിയില്ല. ഇസ്‌ലാമിനെയും ബുദ്ധിസത്തെയും കുറിച്ച സമകാലിക മുൻവിധികളും രണ്ടു പാരമ്പര്യവും തമ്മിലുള്ള ശത്രുതാപരമായ ബന്ധത്തിന്റെ രൂപപ്പെടലിന് കാരണമായിട്ടുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പൊതുവ്യവഹാരങ്ങളിൽ ഇസ്‌ലാമിനെ ഹിംസാത്മക ശക്തിയായും ബുദ്ധിസത്തെ സമാധാനമാർന്ന വിശ്വാസമായുമാണ് പടിഞ്ഞാറ് നോക്കിക്കാണുന്നത്. സമകാലിക പണ്ഡിതന്മാർ ഇത്തരം വ്യാപക സാമാന്യവൽക്കരണത്തോട് പൊതുവേ മുഖംതിരിച്ചിട്ടുണ്ട്. മത പാരമ്പര്യങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റമില്ലാത്ത ഒരു അകക്കാമ്പുണ്ട് എന്ന വാദം അപഗ്രഥനപരമായി കൃത്രിമമാണ്. ബുദ്ധിസ്റ്റുകൾ പലപ്പോഴും അക്രമത്തിനുള്ള കഴിവ് പ്രകടിപ്പിക്കുകയും ബുദ്ധിസ്റ്റ് ചിന്തയിൽ കൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നിരുന്നാലും ചില മതങ്ങളെ കുറിച്ച സമകാലിക പക്ഷപാതങ്ങൾ ഇന്ത്യൻ ബുദ്ധിസത്തിന്റെ വീഴ്ചയെ വിവരിക്കുന്ന പല പാഠപുസ്തകങ്ങളിലും കടന്നുവരുന്നുണ്ട്. 1970ൽ പബ്ലിഷ് ചെയ്ത എ.കെ. വാർഡറുടെ ‘ഇന്ത്യൻ ബുദ്ധിസത്തിന്റെ സംഗ്രഹം’ ഇതിന് ഉദാഹരണമാണ്. വിഗ്രഹധ്വംസകരാൽ തുടച്ചുനീക്കപ്പെടുന്ന മതത്തിന്റെ കഥയ്ക്ക്, ‘വിപരീത ധ്രുവങ്ങളിൽ നിലകൊള്ളുന്ന ബുദ്ധിസവും ഇസ്‌ലാമും’ എന്ന ജനപ്രിയ വീക്ഷണത്തിനപ്പുറം, മറ്റുപല ആഖ്യാനപരമായ വശ്യതകളും ഉണ്ട്. മുഹമ്മദ് ബിൻ ബക്തിയാർ എന്ന കരുത്തനായ വില്ലൻ, സമാധാനപ്രിയരായ സന്ന്യാസികൾ എന്ന സഹാനുഭൂതിയുളവാക്കുന്ന ഇരകൾ തുടങ്ങി എല്ലാമുണ്ട് ഈ കഥയിൽ!

മുഹമ്മദ് ബിൻ ബക്തിയാറിന്റെ ഇന്ത്യൻ ബുദ്ധിസ്റ്റ് ഇടങ്ങളിലുള്ള ആക്രമണത്തിന്റെ അനന്തരഫലത്തെ പറ്റിയുള്ള യാഥാർഥ്യത്തോട് നീതി പുലർത്തുന്ന ഇതിവൃത്തം താഴെ പറയുംവിധമാണ്: ബിഹാറിലെ ചില അമുസ്‌ലിം ഇടങ്ങളെ – സ്വാഭാവികമായും ഒദണ്ടപുരിയും ചിലപ്പോൾ നളന്ദയും അതിൽ ഉൾപ്പെട്ടിരിക്കാം – മുഹമ്മദ് ബിൻ ബക്തിയാറും പടയാളികളും ആക്രമിക്കുകയും ചില നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. എന്നാൽ ഈ പടയോട്ടങ്ങൾ എല്ലാ സന്ന്യാസ കേന്ദ്രങ്ങൾക്കും ആപത്തായിത്തീർന്നില്ല എന്നുമാത്രമല്ല, പിന്നീട് നൂറ്റാണ്ടുകളോളം നളന്ദ പ്രവർത്തനം തുടരുകയും ചെയ്തു. ആ മേഖലയിലെ സാധാരണ ജനങ്ങൾക്കിടയിൽ ബുദ്ധിസ്റ്റ് ആചാരങ്ങൾ പതിമൂന്നാം നൂറ്റാണ്ട് വരെ തുടരുകയും ചെയ്തു. ഇതുവരെ മനസിലാക്കാത്തതും പഠനങ്ങളധികം നടക്കാത്തതുമായ, പൂർവാധുനിക ഉത്തരേന്ത്യയിലുണ്ടായ സാമൂഹികവും മതപരവുമായ വലിയ മാറ്റങ്ങളാൽ പിന്തുണയും താൽപര്യവും ഇല്ലാതായതോടെ മേഖലയിലെ നളന്ദയും മറ്റു ബുദ്ധിസ്റ്റ് സ്ഥാപനങ്ങളും ക്രമേണ നിർത്തലായി. എന്താണ് ശരിക്കും സംഭവിച്ചത് എന്ന കാര്യത്തിൽ നമുക്ക് വലിയ നിശ്ചയമില്ല.

ഈ രണ്ട് ആഖ്യാനങ്ങൾക്കുമിടയിൽ ജുസ്ജാനിയും, ആധുനിക പണ്ഡിതരും, ജനപ്രിയ എഴുത്തുകാരും പറയുന്ന ആഖ്യാനമാണ് കൂടുതൽ ശ്രദ്ധയാകർഷിക്കുക. കാരണം, മൂർത്തമായ കർതൃത്വത്തെയും കാര്യകാരണ ബന്ധത്തെയും തേടാനുള്ള മനുഷ്യന്റെ അടിസ്ഥാന ചോദനയെ തൃപ്തിപ്പെടുത്തുന്നത് അതാണ്.

ഉപസംഹാരം

ഇന്ത്യൻ ബുദ്ധിസത്തിന്റെ തകർച്ചയെ പൊതുവേ ഉപഭൂഖണ്ഡത്തിന്റെ വലിയ നഷ്ടമായാണ് ചിത്രീകരിക്കുക. ഇന്ത്യൻ സംസ്കാരത്തിന് യോജിക്കുന്നതും ആകർഷകമായതുമായ ഒന്നിനെയും (ബുദ്ധിസം) വൈദേശികവും നശീകരണശേഷിയുള്ളതുമായ മറ്റൊന്നിനെയും (ഇസ്‌ലാം) കുറിച്ച തീരെ സഹായകരമല്ലാത്ത ധാരണകളാണ് ഇത്തരം വിലാപം നിറഞ്ഞ സമീപനങ്ങളിലുള്ളത്. അത്തരം ചിന്തകൾ പണ്ഡിതോചിതമായി മയപ്പെടുത്തിയാലും രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലുണ്ടായ ഇന്ത്യൻ ബുദ്ധിസത്തിന്റെ അന്ത്യത്തെ ഫലവത്തായി അന്വേഷിക്കുന്നതിൽ നിന്ന് ഗവേഷകരെ തടയുന്നുണ്ട്.

‘ഇന്ത്യൻ ബുദ്ധിസത്തെ’ പരിശോധിക്കുന്നതിന് പകരം ഇന്ത്യൻ ‘ബുദ്ധിസ്റ്റുകളെ’ കുറിച്ച് സംസാരിക്കുന്നതാണ് നല്ലത്. പദപ്രയോഗത്തിലെ ഈ ചെറിയ വ്യത്യാസം ആശയപരമായ വലിയ മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യൻ ബുദ്ധിസത്തെ ഇസ്‌ലാം കൊന്നുകളഞ്ഞോ ഇല്ലയോ എന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ ആളുകളേക്കാൾ പാരമ്പര്യത്തെക്കുറിച്ച കഥയാണ് നമ്മൾ ചർച്ച ചെയ്യുന്നത്. വാസ്തവത്തിൽ, ഇന്ത്യൻ ബുദ്ധിസത്തിന് എന്തുപറ്റി എന്ന ചരിത്രരചനാപരമായ ചോദ്യം ഇന്ത്യൻ ബുദ്ധിസം പിൻപറ്റിയിരുന്ന ആളുകൾക്ക് എന്തുപറ്റി എന്ന അന്വേഷണമാണ്. ആ നിലയ്ക്ക് നോക്കുമ്പോൾ, ഉപഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങളിലുള്ള ചില പ്രത്യേക ബുദ്ധിസ്റ്റ് സമുദായങ്ങൾക്ക് എന്തുപറ്റി എന്ന് ചോദിക്കുന്നതാവും കൂടുതൽ ഉപകാരപ്രദമാവുക.

ഓഡ്രി ട്രുഷ്കെ

ചോദ്യങ്ങളും ഉത്തരങ്ങളും കൂടുതൽ കൃത്യപ്പെടുത്തുന്നതും ജനങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതും ഒരു പാരമ്പര്യമെന്ന നിലയ്ക്ക് ഇന്ത്യൻ ബുദ്ധിസത്തിന് ഒരൊറ്റ ജീവിതചക്രമാണ് ഉള്ളത് എന്ന മുൻധാരണ നീക്കാൻ ഗവേഷകരെ സഹായിച്ചേക്കാം. ഉപഭൂഖണ്ഡത്തിലെ ബുദ്ധിസത്തിന്റെ തകർച്ചയിൽ മറ്റൊരു മതം നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടാവാം എന്ന് കരുതുന്നതിൽ നാം കുറേക്കൂടി വിമർശനാത്മകമാവേണ്ടതുണ്ട്. ഇവിടെ അന്വേഷണ വിഷയം ഒരു മതമായതിനാൽ അതിന്റെ തകർച്ചക്ക് കാരണമായത് മറ്റൊരു മതമായിരിക്കും എന്ന മുൻകൂട്ടിയുള്ള നിർണയം ശരിയായ കണ്ടെത്തലുകളിൽ നിന്നും നമ്മെ വഴിതെറ്റിക്കാൻ ഇടയുണ്ട്.

ഇന്ത്യൻ ബുദ്ധിസ്റ്റുകളുടെയും അവർ ഭാഗഭാക്കായ പാരമ്പര്യത്തിന്റെയും തകർച്ച (അല്ലെങ്കിൽ തകർച്ചയുടെ പല സന്ദർഭങ്ങൾ) വിശദീകരിക്കുക എന്നത് ന്യായമായ ഒരു ചരിത്ര ചോദ്യം തന്നെയാണ്. ഈ ആഖ്യാനത്തിലെ ഇസ്‌ലാമിക വാളിന്റെ ചരിത്രരചനാപരമായ പ്രഭാവത്തെ വിവരിക്കുന്നതിലും അതുവഴി ഭാഗികമായി അതിനെ നിരായുധീകരിക്കുന്നതിലേക്കുമുള്ള ആദ്യപടിയാണ് ഞാനിവിടെ കൈക്കൊണ്ടത്. മധ്യകാല ഇസ്‌ലാമും ഇന്ത്യൻ ബുദ്ധിസവും തമ്മിലെ ആരോപിതമായ പ്രക്ഷുബ്ധ ബന്ധത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളെ വെല്ലുവിളിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ബുദ്ധിസ്റ്റുകളുടെ എണ്ണം എന്തുകൊണ്ട് പാടേ കുറഞ്ഞുപോയി എന്നതിന് ബാക്കി വിശദീകരണങ്ങൾ ആവശ്യമാണ്.

 


വിവർത്തനം: ബാസിൽ ഇസ്‌ലാം

ഓഡ്രി ട്രുഷ്കെ