Campus Alive

കുരിശുയുദ്ധകാല കലാ-സാഹിത്യങ്ങളിലെ മുസ്‌ലിം പ്രതിനിധാനം

പാശ്ചാത്യലോകത്തെ ഇസ്‌ലാം വിരുദ്ധ ശക്തികൾ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രാകൃതമായി ചിത്രീകരിക്കുന്നതും ഇസ്‌ലാം വിരുദ്ധ വികാരം ലോകത്താകെ വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നതും പതിറ്റാണ്ടുകളായി വ്യവസ്ഥാപിതമായി നടന്നു വരുന്ന ഒരു പ്രക്രിയയാണ്. എന്നാൽ, മുസ്‌ലിംകൾ ആദ്യമായി എതിരിട്ട പാശ്ചാത്യൻ ശക്തികളിലൊന്നായ കുരിശുസൈന്യം അവരുടെ കലാവിഷ്കാരങ്ങളിലും സാഹിത്യങ്ങളിലും വ്യത്യസ്തമായ ഒരു ചിത്രമാണ് മുസ്‌ലിംകളുടേതായി അവതരിപ്പിക്കുന്നത്. തങ്ങളുടെ എതിരാളികൾ എന്ന നിലക്ക് മുസ്‌ലിംകൾക്ക് വലിയ സ്ഥാനമാണ് അവർ കൽപിച്ചു നൽകിയിരുന്നതെന്ന് അത്തരം രചനകളിൽ നിന്ന് മനസ്സിലാവുന്നു.

കുരിശുയുദ്ധകാലത്തെ മുസ്‌ലിം സൈന്യത്തെ അവതരിപ്പിക്കുന്നതിലും കുരിശുയോദ്ധാക്കൾ അവരോട് വെച്ചു പുലർത്തിയ സമീപനം വിശകലനം ചെയ്യുന്നതിലും മധ്യകാല യൂറോപ്യൻ രേഖകൾ  മങ്ങിയ ഒരു ചിത്രമാണ് പ്രദാനം ചെയ്യുന്നത്. കുരിശുയുദ്ധങ്ങളെ കുറിച്ചുള്ള ക്രിസ്ത്യൻ രേഖകൾ മുസ്‌ലിംകളെ ആദിപാപം പേറുന്ന ഒരു വംശമായും നീചന്മാരായുമൊക്കെ ചിത്രീകരിച്ചിരുന്നുവെന്നതിൽ സംശയമില്ല. എന്നാൽ, അതേസമയം തന്നെ മുസ്‌ലിം സൈന്യത്തിന്റെ പോരാട്ടവീര്യവും സാങ്കേതികത്തികവും നേതാക്കന്മാരോടുള്ള അനുസരണവുമൊക്കെ ക്രിസ്ത്യൻ മനസ്സുകളിൽ വല്ലാത്ത മതിപ്പുളവാക്കിയിരുന്നു എന്നത് കാര്യമാത്രമായി ചർച്ചക്ക് വിധേയമാകാത്ത ഒരു വസ്തുതയാണ്. നൈറ്റ് യോദ്ധാക്കളുടെ (Knights) പദവിക്ക് മുസ്‌ലിം സൈനികർ അർഹരാണ് എന്നും കുരിശുസൈന്യം വിശ്വസിച്ചിരുന്നു. നൈറ്റു പദവി (Knighthood) യൂറോപ്യൻ ക്രിസ്തീയ സമൂഹത്തിലെ ഉന്നതരായ വ്യക്തികൾ അലങ്കരിച്ചിരുന്ന സൈനിക സ്ഥാനമായിരുന്നു.

മുസ്‌ലിംകളുടെ സൈനിക തന്ത്രങ്ങളെയും സാങ്കേതികത്തികവുള്ള മുന്നേറ്റങ്ങളെയും പ്രശംസിച്ചു കൊണ്ട് കുരിശുയുദ്ധങ്ങൾ പശ്ചാത്തലമാക്കി എഴുതപ്പെട്ട ക്രൈസ്തവ രേഖകൾ പലതും പറഞ്ഞിരുന്നത് ദൈവാധീനത്താലാണ് കുരിശുസൈന്യം രക്ഷപ്പെട്ടതും ശത്രുവിനെ പരാജയപ്പെടുത്താൻ സാധിച്ചതും എന്നാണ്. ഒന്നാം കുരിശുയുദ്ധത്തിനെ (1096-1099 CE) ആസ്പദമാക്കി എഴുതപ്പെട്ട ക്രിസ്ത്യൻ രേഖയായ Gesta Francorum (1100 CE) ന്റെ രചയിതാവ് സെൽജൂഖ് സുൽത്താൻ കിലിച് അർസലാന്റെ നേതൃത്വത്തിൽ പോരാടിയ ടർക്കിഷ് സൈന്യത്തിന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്: “അവരെ പോലെ കരുത്തരും ധീരരും കഴിവുറ്റവരുമായ പോരാളികളെ എവിടെയും ദർശിക്കുക സാധ്യമല്ല. ഞാൻ പറയുന്നത് സത്യമാണ്. അതാർക്കും തന്നെ നിഷേധിക്കാനാവില്ല.”

Credit: Haaretz

ഇതേ രേഖയിൽ തുർക്ക് വംശജനും മൊസൂളിലെ ഗവർണറുമായിരുന്ന കൂർബോഗയെ (Kürboğa) വിവരിച്ചിരിക്കുന്നത് കാണുക: “യുദ്ധക്കളത്തിൽ പ്രതാപവാനും ധീരനും ക്രാന്തദർശിയുമാണ് അവിടുന്ന്. താങ്കളെ മുഖാമുഖം നേരിടാൻ ഒരു ക്രിസ്ത്യാനിക്കോ അവിശ്വാസിക്കോ സാധിക്കുകയില്ല. താങ്കളുടെ നാമം ഉച്ചരിക്കുന്ന വേളയിൽ തന്നെ സിംഹത്തെ ഭയന്നോടുന്ന ആട്ടിൻപറ്റങ്ങളെ പോലെ അവരെല്ലാം ഓടിമറയും”. മുസ്‌ലിം സൈന്യത്തെ തങ്ങൾക്ക് പോന്ന ശത്രുക്കളായി ധനാത്മകമായി അവതരിപ്പിച്ച ക്രൈസ്തവ രേഖകളുടെ ഉദ്ദേശ്യം വ്യക്തമാണ്. തങ്ങൾ എത്രത്തോളം കഴിവുറ്റവരും ധീരരുമാണോ അതിനോളം പോന്ന എതിരാളികൾ തന്നെയായിരുന്നു മുസ്‌ലിംകൾ എന്ന് വസ്തുതാപരമായി തന്നെ വിവരിച്ചിരിക്കുന്നത് സ്വന്തം വിജയത്തിന്റെ മാറ്റുകൂട്ടാനായിരുന്നു.

ക്രൈസ്തവ രചയിതാക്കളുടെ ആത്യന്തിക ലക്ഷ്യം സ്വന്തം സൈന്യത്തിന്റെ ഹീറോയിസത്തെ ഉയർത്തിക്കാണിക്കുക എന്നതായിരുന്നുവെങ്കിലും മുസ്‌ലിം സൈന്യത്തിന്റെ കയ്യാൽ ദയനീയമായി പരാജയപ്പെട്ട അദ്ധ്യായങ്ങൾ വിവരിക്കുന്നതിലും അവർ വിമുഖത പ്രകടിപ്പിച്ചിരുന്നില്ല എന്നു കാണാം. 1098-ൽ അന്ത്യോക്യയിൽ (Antioch) മുസ്‌ലിംകളും കുരിശുയോദ്ധാക്കളും തമ്മിൽ നടന്ന ഒരു പോരാട്ടത്തെ Gesta Francorum വിവരിക്കുന്നത് ഇങ്ങനെയാണ്: “ഞങ്ങളെ നാലു ഭാഗത്തു നിന്നും വലയം ചെയ്ത അവർ ഇടതടവില്ലാതെ ശരവർഷം നടത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ സൈനികരെ മാരകമായി പരിക്കേൽപ്പിക്കുകയും അരിഞ്ഞു വീഴ്ത്തുകയും ചെയ്തു. സൈനികർ ജീവനും കൊണ്ടോടി അടുത്തുള്ള മലയിൽ അഭയം പ്രാപിച്ചു. രക്ഷപ്പെടാൻ കഴിയുന്ന എല്ലാ പഴുതുകളും ലാക്കാക്കി അവർ ഓടി. കുതിച്ചുപാഞ്ഞവർ രക്ഷപ്പെട്ടു, അല്ലാത്തവരൊക്കെ മരണം വരിച്ചു. അന്നേ ദിവസം മാത്രം ആയിരത്തിലധികം കുരിശു സൈനികരാണ് മരിച്ചുവീണത്.”

കലാവിഷ്കാരങ്ങളിലും മുസ്‌ലിം സൈനികരെ ചിത്രീകരിച്ചിരിക്കുന്നത് പൂർണമായ ആദരവ് പ്രകടമാക്കി തന്നെയാണ്. വേഷവിധാനങ്ങൾ കൊണ്ട് കുരിശു സൈനികരെയും മുസ്‌ലിം സൈനികരെയും ഇത്തരം ചിത്രീകരണങ്ങളിൽ നിന്ന് വേർതിരിച്ച് മനസ്സിലാക്കാൻ കഴിയില്ല. ക്രൈസ്തവ സൈന്യം സിറിയയിലെ ഷെയ്സർ (Sheizar) കോട്ട ഉപരോധിച്ചതിന്റെ ചിത്രീകരണങ്ങളിൽ മുസ്‌ലിം സൈന്യത്തെ വേർതിരിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന രണ്ട് കാര്യങ്ങൾ, അവരുടെ പരിചകളിൽ ആലേഖനം ചെയ്തതായി കാണിക്കുന്ന ചന്ദ്രക്കലയും അഗ്രം വളഞ്ഞ വാളുകളും മാത്രമാണ്. അല്ലാതെ വസ്ത്രങ്ങളിലും ആയുധങ്ങളിലും കാര്യമായ വ്യത്യാസങ്ങളില്ലാതെയാണ് മുസ്‌ലിംകളെയും കുരിശുസൈന്യത്തെയും അവതരിപ്പിച്ചിരിക്കുന്നത്. മുസ്‌ലിം സൈന്യത്തെ ചില പെയിന്റിങ്ങുകളിൽ വ്യത്യസ്തരാക്കി നിർത്തുന്ന മറ്റ് രണ്ട് ഘടകങ്ങൾ തലപ്പാവും നീണ്ട താടിയുമാണ്.

Credit: Haaretz

യേശുവിന്റെ കുരിശു മരണാനന്തരം യേശുവിന്റെ ദൈവികതയെ സാക്ഷ്യപ്പെടുത്തിയ റോമൻ ശതാധിപന്റെ (The Witnessing Centurion) സാന്നിധ്യം കുരിശുമരണം പശ്ചാത്തലമായ പല യൂറോപ്യൻ പെയിന്റിംഗുകളിലും കാണാം. യേശുവിന്റെ ദൈവികതയെ സാക്ഷ്യപ്പെടുത്തിയ ആദ്യത്തെ അക്രൈസ്തവൻ എന്നാണ് ശതാധിപൻ ക്രിസ്തുമത വിശ്വാസ പ്രകാരം അറിയപ്പെടുന്നത്. എന്നാൽ, കുരിശുയുദ്ധകാല ചിത്രീകരണങ്ങളിൽ ശതാധിപൻ റോമൻ സൈനികനായല്ല അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്, മറിച്ച് തലപ്പാവു ധരിച്ച ഒരു മുസ്‌ലിമായിട്ടാണ്. കൈയ്യിലുള്ള പരിചയും അക്കാലത്ത് മുസ്‌ലിംകൾ ഉപയോഗിച്ചിരുന്ന തരം പരിചയാണ്. ഇതിലൂടെ രണ്ട് സന്ദേശങ്ങൾ ആയിരിക്കാം രചയിതാക്കൾ കൈമാറാൻ ഉദ്ദേശിച്ചത്. ഒന്ന്, ക്രൂശിതനായ യേശുവിന്റെ ചാരത്ത് കേന്ദ്ര കഥാപാത്രമായി ഒരു മുസ്‌ലിം സൈനികനെ ചിത്രീകരിച്ചതിലൂടെ മുസ്‌ലിംകൾ ആദരവ് അർഹിക്കുന്നു എന്ന ധ്വനിയാകാം. രണ്ട്, യേശുവിന്റെ ദൈവികത സാക്ഷ്യപ്പെടുത്തുന്ന വ്യക്തിയായി ഒരു മുസ്‌ലിമിനെ അവതരിപ്പിച്ചത് കുരിശുയോദ്ധാക്കൾ പലരും പ്രത്യാശ പ്രകടിപ്പിച്ചിരുന്നത് പോലെ ഒരു നാൾ യേശുവിന്റെ പാത പിന്തുടർന്ന് മുസ്‌ലിംകൾ ക്രിസ്ത്യാനികളായി മാറുമെന്ന വിശ്വാസത്തിന്റെ ഭാഗമായിരിക്കാം.

കുരിശുയോദ്ധാക്കൾ മുസ്‌ലിംകളെ മത-രാഷ്ട്രീയ ശത്രുക്കളായി പരിഗണിച്ചിരുന്നുവെങ്കിലും അവരുടെ സ്ഥാനത്തെയും കരുത്തിനെയും കൃത്യമായി മാനിച്ചിരുന്നു എന്നാണ് ചരിത്രത്തിലെ ഇത്തരം ഏടുകളിൽ നിന്ന് മനസ്സിലാവുന്നത്. മുൻവിധികളേക്കാൾ ബോധ്യങ്ങൾക്ക് അവർ മുൻഗണന കൊടുത്തിരുന്നു എന്നു പറഞ്ഞാൽ തെറ്റാകില്ല.

 


വിവർത്തനം: അനസ് പടന്ന

ഫെയ്ത്ത് ഗാരെറ്റ്