Campus Alive

ആധുനികതയും പാരമ്പര്യവും: ഇഖ്ബാലിന്റെ സമീപനങ്ങള്‍

മറക്കകത്തെ സത്യങ്ങളെ അവര്‍ കാണുന്നില്ല
അടിമത്വവും അന്ധമായ അനുകരണവും അവരുടെ കണ്ണുകളെ മൂടിയിരിക്കുന്നു
അവര്‍ക്കെങ്ങനെയാണ് ഇറാനും അറേബ്യയും പുനരുജ്ജീവിപ്പിക്കാനാവുക?
പാശ്ചാത്യ സംസ്‌കാരം അവരെ ബന്ധിച്ചിരിക്കുകയാണ്.

അലിഗഢിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെട്ട ഈ കവിതയിലൂടെ പരമ്പരാഗത മതാധികാരികളില്‍ നിന്നും ആധുനിക ബുദ്ധിജീവികളില്‍ നിന്നും വ്യത്യസ്തമായ സന്ദേശമാണ് താന്‍ നല്‍കുന്നതെന്നാണ് ഇഖ്ബാല്‍ വ്യക്തമാക്കുന്നത്. ആധുനികതയോടും പാരമ്പര്യത്തോടും വിമര്‍ശനാത്മകമായ സമീപനമാണ് ഇഖ്ബാല്‍ സ്വീകരിക്കുന്നത്. ആധുനികന്‍, പാരമ്പര്യവാദി, ഇസ്ലാമിസ്റ്റ് എന്നിങ്ങനെയുള്ള നിര്‍ണ്ണിതമായ നിര്‍വ്വചനങ്ങള്‍ക്കപ്പുറത്ത് ഇഖ്ബാലിന്റെ തത്വചിന്തയെ അതിന്റെ മുഴുവന്‍ സങ്കീര്‍ണ്ണതകളോടും കൂടി അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

ഒരു കവി എന്ന അര്‍ത്ഥത്തില്‍ മാത്രമാണ് ഇഖ്ബാല്‍ പൊതുവെ അടയാളപ്പെടുത്തപ്പെടുന്നത്. അതേസമയം ഒരു പൊതു ബുദ്ധിജീവി (public intellectual) എന്ന ധര്‍മ്മത്തിന് വേണ്ടിയുള്ള ഒരു മാധ്യമമായിരുന്നു ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം കവിത. ഒരു കവിയും ബുദ്ധിജീവിയുമായ ഇഖ്ബാലിനെയാണ് ഞാനിവിടെ വായിക്കാന്‍ ശ്രമിക്കുന്നത്. ഗ്രാംഷി, ട്രോട്‌സ്‌കി, ഫനോന്‍ എന്നിവരുടെ ചിന്തകളെ മുന്‍നിര്‍ത്തിയാണ് ഞാന്‍ ഇഖ്ബാലിനെ കാണാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയവും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവര്‍ സൂചിപ്പിക്കുന്നുണ്ട്. അധികാരത്തിന്റെയും അധീശത്വത്തിന്റെയും സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഗ്രാംഷി ബുദ്ധിജീവിയെ കാണുന്നത്. അധീശത്വത്തെ നിര്‍മ്മിക്കുന്നതിലും നിലനിര്‍ത്തുന്നതിലും വെല്ലുവിളിക്കുന്നതിലും ബുദ്ധിജീവിക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. ഗ്രാംഷിയെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്ന മുഴുവന്‍ അധികാര രൂപങ്ങളെയും അസ്ഥിരപ്പെടുത്തുന്ന ധര്‍മ്മമാണ് ഒരു ബുദ്ധിജീവിക്ക് നിര്‍വ്വഹിക്കാനുള്ളത്. ഫനോനും ട്രോട്‌സ്‌കിയും സമാനമായ ചിന്തകള്‍ പങ്കുവെക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ ധര്‍മ്മം നിര്‍വ്വഹിച്ച ബുദ്ധിജീവിയായാണ് ഞാന്‍ ഇഖ്ബാലിനെ വായിക്കാന്‍ ശ്രമിക്കുന്നത്.

കല കലക്ക് വേണ്ടി എന്ന വാദത്തെ താന്‍ അംഗീകരിക്കുന്നില്ല എന്ന് ഇഖ്ബാല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ കവിത എന്ന കലാരൂപം ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം തന്റെ തത്വചിന്തയെ ആവിഷ്‌കരിക്കാനും മുസ്‌ലിം സമൂഹത്തിന്റെ നിര്‍മ്മാണാത്മകമായ വികാസത്തിനും വേണ്ടിയുള്ള ഒരു മാധ്യമം മാത്രമായിരുന്നു. 1921 ല്‍ മൗലാന സുലൈമാന്‍ നദ്‌വിക്കെഴുതിയ കത്തില്‍ താനൊരു കവിയല്ല എന്ന് ഇഖ്ബാല്‍ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്ന അധികാരരൂപങ്ങളെയൊന്നും വെല്ലുവിളിക്കാത്ത കവിത കവിതയായിരുന്നില്ല. തന്റെ സമകാലികരായിരുന്ന ‘കൊട്ടാരം’ കവികളെ അദ്ദേഹം കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. തന്റെ കവിതകളെ യുദ്ധത്തിന്റെ ഗീതകം (nala-i-jung) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. തന്റെ വായനക്കാരെ വിപ്ലവത്തിലേക്ക് (ഇന്‍കിലാബ്) നയിക്കുക എന്നതായിരുന്നു ഇഖ്ബാലിന്റെ ലക്ഷ്യം. അല്ലാതെ, കലയുടെ സൗന്ദര്യശാസ്ത്രപരമായ സങ്കീര്‍ണ്ണതകളില്‍ അഭിരമിക്കുക എന്നതായിരുന്നില്ല.

ഇഖ്ബാലിന്റെ കവിതയെക്കുറിച്ചും കവിതാശൈലിയെക്കുറിച്ചും നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കവിയുടെയും കവിതയുടെയും ധര്‍മ്മത്തെക്കുറിച്ച അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ ഇതുവരെ ആരും പരിശോധിച്ചിട്ടില്ല. കവിതയെ ഒരു കലാരൂപമായി മാത്രം സമീപിക്കുക എന്നതില്‍ നിന്ന് മാറി സാമൂഹിക മാറ്റത്തെക്കുറിച്ച ആലോചനകളും സന്ദേഹങ്ങളുമാണ് ഇഖ്ബാലില്‍ കാണാനാവുക. എത്രത്തോളമെന്നാല്‍ ഒരു ഘട്ടത്തില്‍ കവിതയെ ഉപേക്ഷിക്കാനുള്ള ആലോചന പോലും ഇഖ്ബാലിനുണ്ടായിരുന്നു. ഒരു സാമൂഹ്യവിമര്‍ശകന്‍ എന്ന അര്‍ത്ഥത്തിലുള്ള കവിയുടെ ധര്‍മ്മത്തെക്കുറിച്ച് റുക്‌സാത്താത്തീ ബസ്മീ ജഹാന്‍ (Leaving the Gathering of the World) എന്ന തന്റെ കവിതയില്‍ ഇഖ്ബാല്‍ സൂചിപ്പിക്കുന്നുണ്ട്. എമര്‍സോണ്‍, മാത്യൂ എര്‍നോള്‍ഡ്, ഗോതെ തുടങ്ങിയ തത്വചിന്തകരുടെ ചിന്തകളെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയുള്ള ഒരു ലോകവീക്ഷണം ഇഖ്ബാലില്‍ രൂപപ്പെടുന്നത്. സാമൂഹ്യ-രാഷ്ട്രീയ പരിഷ്‌കരണത്തെ മുന്‍നിര്‍ത്തിയുള്ള ഇത്തരത്തിലുള്ള ഒരു ആക്ടിവിസ്റ്റ് മനസ്സാണ് ഇഖ്ബാലിന്റെ കവിതകളെ ഫനോന്‍ സൂചിപ്പിച്ചത് പോലെ കലാപത്തിന്റെ സാഹിത്യമാക്കി മാറ്റുന്നത്.

ഇനി കൊളോണിയല്‍ അധികാരത്തോടുള്ള ഇഖ്ബാലിന്റെ സമീപനത്തെക്കുറിച്ച് പറയാം. ആധുനികതയെയും പാശ്ചാത്യ വിദ്യാഭ്യാസത്തെയും പുരോഗതിയുടെ അടയാളമായി വിലയിരുത്തിയ സര്‍ സയ്യിദ് അഹമ്മദ് ഖാനില്‍ നിന്ന് വ്യത്യസ്തമായി വിമര്‍ശനാത്മകമായാണ് ഇഖ്ബാല്‍ അവയെ സമീപിച്ചത്. സംസ്‌കാരത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും മേഖലകളെയും കൊളോണിയല്‍ അധികാരത്തിന്റെ ഇടങ്ങളായി ഇഖ്ബാല്‍ മനസ്സിലാക്കിയിരുന്നു. ബന്ധഗീ നാമ ( book of servitude) എന്ന തന്റെ കൃതിയില്‍ സാമ്രാജ്യത്വത്തിന്റെ ബൗദ്ധികവും പ്രത്യയശാസ്ത്രപരവുമായ അപ്രമാദിത്യത്തെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത്. ആ കൃതിയില്‍ അടിമത്വത്തെ ഒരു മാനസിക അവസ്ഥയായാണ് ഇഖ്ബാല്‍ വിലയിരുത്തുന്നത്. അഥവാ, മതം, ചിന്ത, കല തുടങ്ങിയ എല്ലാ മേഖലകളിലേക്കും വ്യാപിക്കാവുന്ന അധികാര രൂപങ്ങളെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത്. മാത്രമല്ല, ആധുനികതയുടെ ജ്ഞാനപദ്ധതിയില്‍ വീണുപോയ ബുദ്ധിജീവികളെയും കവികളെയുമെല്ലാം അദ്ദേഹം ആ കൃതിയില്‍ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. അപ്പോള്‍ ആധുനികന്‍ എന്ന് ഇഖ്ബാലിനെ വിശേഷിപ്പിക്കുന്നതില്‍ തീര്‍ച്ചയായും പരിമിതിയുണ്ട്. ആധുനികതയോടുള്ള ഇഖ്ബാലിന്റെ സങ്കീര്‍ണ്ണമായ ഇടപാടുകളെക്കുറിച്ചാണ് നാം ആലോചിക്കേണ്ടത്.

അലീഗഢ് അടക്കമുള്ള ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങളോടുള്ള ഇഖ്ബാലിന്റെ വിമര്‍ശനത്തെക്കുറിച്ച് ഞാന്‍ തുടര്‍ന്ന് വരുന്ന അധ്യായങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ അധീശത്വം ഉറപ്പിക്കാനുള്ള മാധ്യമങ്ങളായാണ് ഇഖ്ബാല്‍ കണ്ടത്. അതേസമയം വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കപ്പുറം ആധുനികത എന്ന ജ്ഞാനപദ്ധതിയെയാണ് അദ്ദേഹം അധികാര രൂപമായി മനസ്സിലാക്കിയത് എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇഖ്ബാല്‍ മുന്നോട്ടുവെച്ച ലോകവീക്ഷണത്തെ മനസ്സിലാക്കുന്നതില്‍ അബന്ധം പിണഞ്ഞേക്കാം.

ഫ്രാന്‍സ് ഫനോന്‍, ആല്‍ബെര്‍ട്ട് മെമ്മി, സാര്‍ത്രെ തുടങ്ങിയവരുടെ കൊളോണിയല്‍ വിരുദ്ധ രചനകളുടെ സ്വാധീനം ഇഖ്ബാലില്‍ ധാരാളമായി കാണാന്‍ സാധിക്കും. അതുകൊണ്ടാണ് കൊളോണിയലിസം എന്നത് മാനസികമായ അധീശത്വം കൂടിയാണെന്ന് ഇഖ്ബാലിന് പറയാന്‍ കഴിയുന്നത്. മാനസികമായി കോളനീകരണത്തിന് വിധേയമാകുന്നവര്‍ സമൂഹത്തില്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ ഇഖ്ബാലിന്റെ കവിതകളിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. തങ്ങളുടെ യഥാര്‍ത്ഥ സത്തയെ (അസ്‌ലിയ്യത്ത്) ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായവരാണ് ഇന്ത്യന്‍ ഉപഭൂഗണ്ഡത്തിലെ മുസ്‌ലിംകള്‍ എന്ന് അദ്ദേഹം എഴുതുന്നുണ്ട്. ഇവിടെ എന്താണ് കൊളോണിയാലിറ്റി എന്നത് കൂടുതല്‍ വ്യക്തമാണ്. കാരണം പുറത്തുനിന്നുള്ളവരാല്‍ കോളനീകരണത്തിന് വിധേയരായവരല്ല ഇന്ത്യന്‍ മുസ്‌ലിംകള്‍. ഇന്ത്യന്‍ ഉപഭൂഗണ്ഡത്തിനകത്ത് തന്നെ നിലനിന്ന വ്യത്യസ്ത തലത്തിലുള്ള അധികാര രൂപങ്ങളാണ് മുസ്‌ലിംകളുടെ അപരവല്‍ക്കരണം സാധ്യമാക്കിയതെന്നാണ് ഇഖ്ബാല്‍ സൂചിപ്പിക്കുന്നത്. കോളനീകരണം എന്നുതന്നെയാണ് ഇഖ്ബാല്‍ അതിനെയും വിളിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം കൊളോണിയല്‍ ആഖ്യാനങ്ങള്‍ ചെയ്യുന്നത് ആധുനികം\ആധുനിക പൂര്‍വ്വം എന്നിങ്ങനെയുള്ള ബൈനറിയെ സൃഷ്ടിച്ച് കൊണ്ട് അധീശത്വം സ്ഥാപിക്കുക എന്ന പരിപാടിയാണ്. അപ്പോള്‍ ആധുനികമായ ലോകബോധത്തിന് പുറത്തുള്ളവരെല്ലാം പുരോഗമന വിരുദ്ധരും പിന്തിരിപ്പിന്‍മാരും യാഥാസ്ഥികരുമായി മാറുന്നു. ഈ വ്യവഹാരത്തെ സ്വയം ഏറ്റെടുത്തതിന്റെ അനിവാര്യമായ ഫലങ്ങളാണ് കോളനീകരിക്കപ്പെട്ട രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ അനുഭവിക്കുന്നത് എന്നാണ് ഇഖ്ബാല്‍ പറയുന്നത്.

കൊളോണിയാലിറ്റിയെക്കുറിച്ച് ഇങ്ങനെയുള്ള ഒരു വീക്ഷണം ഇഖ്ബാലിനുള്ളത് കൊണ്ടാണ് വെസ്‌റ്റേണ്‍ ഫിലോസഫിയോട് വിമര്‍ശനാത്മകമായ ഒരു ബന്ധം വെച്ചുപുലര്‍ത്താന്‍ ഇഖ്ബാലിന് കഴിയുന്നത്. യുക്തിക്ക് അപ്രമാദിത്യമുള്ള പാശ്ചാത്യ തത്വചിന്താ പാരമ്പര്യത്തോടുള്ള അദ്ദേഹത്തിന്റെ ബന്ധം കൊടുക്കല്‍ വാങ്ങലുകള്‍ എന്നതിനപ്പുറം ഏറെ സങ്കീര്‍ണ്ണമാണ്. യുക്തിയിലധിഷ്ഠിതമായ ഈ ചിന്താപാരമ്പര്യത്തെ മറികടക്കാന്‍ ഇഖ്ബാല്‍ ശ്രമിക്കുന്നത് ഇശ്ഖ് എന്ന പ്രമേയത്തെ കൊണ്ടുവന്നുകൊണ്ടാണ്. തന്റെ കവിതകളിലെല്ലാം ഇല്‍മ്, അഖ്‌ല് എന്നിവക്ക് പകരം ഇശ്ഖാണ് പ്രമേയമായി ഇഖ്ബാല്‍ സ്വീകരിച്ചിരിക്കുന്നത്. പരമമായ യാഥാര്‍ത്ഥ്യത്തെ (absolute reality) അറിയാനും മനസ്സിലാക്കാനും മനുഷ്യയുക്തിയിലൂടെ സാധ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം അഖ്‌ല് (യുക്തി) ആണ് കൊളോണിയല്‍ മനോഭാവത്തെയും അധിനിവേശങ്ങളെയുമെല്ലാം നിര്‍ണ്ണയിക്കുന്നത്. കാരണം യുക്തിയാണ് ആത്യന്തികമായ ശരി എന്ന് വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവന്റെ നഫ്‌സിലേക്ക് നോക്കുക സാധ്യമല്ല. ഈഗോയിലേക്കാണ് അത് മനുഷ്യനെ നയിക്കുക. അങ്ങനെ സ്വാഭാവികമായും അപ്രമാദിത്യ സ്വഭാവമുള്ളവനായി മനുഷ്യന്‍ പരിണമിക്കുകയാണ് ചെയ്യുക. യുക്തിയാണ് യൂറോപ്പിനെ നിര്‍വ്വചിക്കുന്നത് എന്നാണ് ഇഖ്ബാല്‍ പറയുന്നത്. അതുകൊണ്ടാണ് യൂറോപ്പിതര രാഷ്ട്രങ്ങളോട് അവര്‍ കൊളോണിയല്‍ മനോഭാവം വെച്ചുപുലര്‍ത്തുന്നത്. അതേസമയം സ്വന്തം നഫ്‌സിനകത്തും പുറത്തുമുള്ള അധികാരഘടനകളെ ഒരുപോലെ എതിരിടാന്‍ കഴിയുന്ന ഹൃദയമുള്ളവര്‍ക്ക് മാത്രമേ അടിമത്വത്തെയും കൊളോണിയലിസത്തെയുമെല്ലാം എതിരിടാന്‍ കഴിയൂ എന്നാണ് ഇഖ്ബാല്‍ സൂചിപ്പിക്കുന്നത്.

ഞാനീ പുസ്തകത്തില്‍ ഉടനീളം ശ്രമിക്കുന്നത് ആധുനിക മുസ്‌ലിം ചിന്തയുടെ പരിസരത്തില്‍ തന്നെ ഇഖ്ബാലിനെ കാണാന്‍ ശ്രമിച്ചുകൊണ്ട് ആധുനികതയോടുള്ള അദ്ദേഹത്തിന്റെ വിമര്‍ശനാത്മകമായ ഇടപാടുകളെ കാണാന്‍ ശ്രമിക്കുക എന്നതാണ്. ഒരേസമയം പാരമ്പര്യത്തോടും ആധുനികതയോടും വിമര്‍ശനാത്മകമായ അകലം പാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1904 ല്‍ മക്‌സാന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തില്‍ ഇഖ്ബാല്‍ ആവശ്യപ്പെടുന്നത് പുതിയ സാമൂഹിക സാഹചര്യങ്ങളെയും ബൗദ്ധികാന്വേഷണങ്ങളെയും മുന്‍നിര്‍ത്തിക്കൊണ്ട് മതങ്ങള്‍ അനിവാര്യമായ നവീകരണങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട് എന്നാണ്. ഇവിടെ ഇഖ്ബാല്‍ ആവശ്യപ്പെടുന്നത് ആധുനികമാവുക എന്നല്ല. മറിച്ച്, ആധുനികതയോട് ക്രിയാത്മകമായ എന്‍ഗേജ്‌മെന്റ് സാധ്യമാക്കുക എന്നതാണ്. അതേസമയം ഇഖ്ബാല്‍ ഒരു പാരമ്പര്യവാദിയായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം മതനവീകരണം ആവശ്യപ്പെടുന്നത്. അഥവാ, ആധുനികത\പാരമ്പര്യം എന്നിങ്ങനെയുള്ള നിര്‍ണ്ണിതമായ വിഭജനങ്ങളെ മുന്‍നിര്‍ത്തി ഇഖ്ബാലിനെ വായിക്കുന്നതിന് പകരം അവയുടെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കണമെന്നാണ് ഞാന്‍ പറയുന്നത്.

ഇഖ്ബാല്‍ ഖുര്‍ആന്‍ വ്യാഖ്യാനം എഴുതിയിട്ടില്ല. 1925 ല്‍ ഇജ്തിഹാദിനെക്കുറിച്ച് എഴുതിയ ലേഖനം വികസിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇസ് ലാമിനെക്കുറിച്ച ഇഖ്ബാലിന്റെ കാഴ്ചപ്പാട് ആ ലേഖനത്തില്‍ വളരെ പ്രകടമാണ്. അതിനുശേഷം 1929 ല്‍ ഹൈദരാബാദിലും മദ്രാസിലും അലിഗഢിലും അദ്ദേഹം ചെയ്ത പ്രഭാഷണങ്ങള്‍ The Reconstruction of religious thought in Islam എന്ന തലക്കെട്ടില്‍ പുറത്തിറങ്ങുകയുണ്ടായി. എന്താണ് ഇഖ്ബാലിയന്‍ ഫിലോസഫി എന്ന ചോദ്യത്തിന് ആ പുസ്തകം ഉത്തരം നല്‍കും. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഇഖ്ബാലിന്റെ രചനകളെല്ലാം ആവശ്യപ്പെടുന്നത് ആധുനികതയുടെ അടിസ്ഥാനത്തില്‍ മതത്തെ നവീകരണത്തിന് വിധേയമാക്കണം എന്നല്ല. പടിഞ്ഞാറിന്റെ പുരോഗതിയെ അന്ധമായി അനുകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നുമില്ല. ആധുനികതയെയും പാരമ്പര്യത്തെയും മറികടക്കുന്ന ലോകവീക്ഷണമാണ് ഇഖ്ബാല്‍ മുന്നോട്ടുവെക്കുന്നത്.

 

The Political Philosophy of Muhammed Iqbal എന്ന പുസ്തകത്തില്‍ നിന്ന്

ഇഖ്ബാല്‍ സിംങ്ങ് സേവ്യ