Campus Alive

നിയമവ്യവഹാരങ്ങളിലെ മുസ്‌ലിം നിര്‍ണ്ണയങ്ങള്‍

ഇന്ത്യാരാജ്യത്തെ പൗരന്മാര്‍ എന്ന നിലക്കും ന്യൂനപക്ഷം എന്ന നിലക്കും ഇന്ത്യന്‍ നിയമത്തെയും മുസ്‌ലിം ജീവിതത്തെയും മുസ്‌ലിം നിയമവ്യവഹാരങ്ങളെയുമെല്ലാം സംബന്ധിച്ച സംവാദങ്ങള്‍ നടത്തേണ്ടുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് നാമുള്ളത്. പ്രത്യേകിച്ച് ഭരണഘടനാ ധാര്‍മ്മികത(Constitutional morality) പോലെ ഒരു കൂട്ടം പേരുകള്‍ ഉയോഗിച്ച് മതവിശ്വാസകാര്യങ്ങളില്‍ കോടതികള്‍ ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, കുറച്ചുകൂടി ജാഗ്രത നാമീ വിഷയത്തില്‍ കാണിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ മുസ്‌ലിംകളുടെ നിയമ വ്യവഹാരങ്ങളെ പറ്റി ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് സ്വാതന്ത്രം ലഭിച്ച് ഇത്രയും വര്‍ഷം പിന്നിട്ടിട്ടും മുസ്‌ലിം സമുദായം എവിടെ എത്തിനില്‍ക്കുന്നു എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും നാം എവിടെയാണ്? ആര്‍ക്കും കടന്നാക്രമിക്കാന്‍ കഴിയുന്ന സ്ഥിതി വിശേഷമാണ് ഇന്ന് നമ്മുടെ സമുദായത്തിനുള്ളത്. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് വിലയിരുത്തുന്നത് പോലെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ മതേതരത്വം സമൂഹ മധ്യത്തില്‍ തെളിയിക്കേണ്ട ഒരു അവസ്ഥാവിശേഷം ഇന്ന് നിലവിലുണ്ട്.
മാധ്യമങ്ങള്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. ഉദാഹരണത്തിന്, കേരളത്തില്‍ നിന്നും കാണാതായ 20 ചെറുപ്പക്കാര്‍ ഐ.എസില്‍ ചേരാന്‍ നാടുവിട്ടതാണെന്ന് പറഞ്ഞ് ആഘോഷിച്ച ഇവിടുത്തെ മാധ്യമങ്ങള്‍ ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ രണ്ടുവര്‍ഷം മുമ്പ് അന്‍പതു ശതമാനം സീറ്റും മുസ്‌ലിം കുട്ടികളാണ് നേടിയെടുത്തതെന്ന യാഥാര്‍ഥ്യത്തെ പാടേ അവഗണിക്കുകയാണുണ്ടായത്. കാരണം മാധ്യമങ്ങള്‍ക്കിവിടെ ഒരു ഹിഡന്‍ അജണ്ടയുണ്ട്. യഥാര്‍ഥത്തില്‍ ഇത്തരം അജണ്ടകളെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിക്കപ്പെടുന്ന വാര്‍ത്തകളാണ് പലപ്പോഴും കോടതിയില്‍ തെളിവായി സമര്‍പ്പിക്കപ്പെടുന്നത്. അതിനാല്‍ തന്നെ കേസില്‍ ആദ്യമേ നാം പരാജയപ്പെടുകയോ അല്ലെങ്കില്‍ കോടതി ആദ്യം മുതല്‍ തന്നെ മുന്‍വിധിയോടുകൂടി കേസില്‍ ഇടപെടുകയും ചെയ്യുന്നു. മുഴുവന്‍ മുസ്‌ലിം കേസുകളുടെയും പശ്ചാത്തലം ഏകദേശം ഇതുപോലെയൊക്കെത്തന്നെയാണ് എന്നത് ഗുരുതരമായി നാം മനസ്സിലാക്കേണ്ടുന്ന കാര്യമാണ്.

ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്‍

കോടതികളുടെ വിധിന്യായങ്ങള്‍ക്കപ്പുറം കോടതി തന്നെ കൃത്യമായ മുന്‍വിധികളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. വിധിന്യായങ്ങളില്‍ ആത്യന്തികമായി സ്വാധീനിക്കപ്പെടുന്ന ഘടകം ന്യായാധിപന്‍ എന്ന വ്യക്തിയാണ്. ന്യായാധിപന്റെ ആശയങ്ങള്‍ക്കും വീക്ഷണകോണുകള്‍ക്കും വിധിന്യായത്തില്‍ നിര്‍ണ്ണായകമായ പങ്കുണ്ട്. ഹാദിയ കേസ് പരിശോധിച്ചാല്‍, ജസ്റ്റിസ് കേഹര്‍, ജസ്റ്റിസ് ചന്ദ്രചൂഢ്‌ എന്നിവരടങ്ങിയ ബെഞ്ചാണ്‌ കേസ് ആദ്യം പരിഗണിച്ചത്. NIA യെ കൊണ്ട് കേസന്വേഷിപ്പിക്കണം എന്ന് ഹരജി വന്നപ്പോള്‍ കേരള പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം, കോട്ടയം എസ്.പി യുടെ നേതൃത്വത്തിലുള്ള ടീം തുടങ്ങി മൂന്നു വിഭാഗങ്ങളിലായി അന്വേഷണം നടന്ന ഒരു കേസില്‍ NIA അന്വേഷണം എത്രത്തോളം എതിര്‍ക്കപ്പെടുന്നുവോ അത്രത്തോളം നമുക്ക് ഈ കേസില്‍ സംശയം അധികരിക്കുകയും NIA യുടെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്നാണ്. ഇത് യഥാര്‍ഥത്തില്‍ വെറും വിവാഹം റദ്ദാക്കിയ കേസ് മാത്രമല്ല, മറിച്ച് ചില നിഗൂഢതകള്‍ ഈ കേസിന് പിന്നിലുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ജസ്റ്റിസ് കേഹറും ജസ്റ്റിസ് ചന്ദ്രചൂഢനും ശ്രമിച്ചത്. മാത്രമല്ല പിന്നീട് NIA സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മേലുള്ള സുപ്രീം കോടതിയുടെ വിധിന്യായം കണ്ടപ്പോള്‍ ഇത് വിവാഹം റദ്ദാക്കുന്നതിലൂടെ അവസാനിക്കുന്നില്ല എന്നും ഷെഫിനെയും ഹാദിയയെയും സംരക്ഷിച്ച മുഴുവന്‍ വ്യക്തികളെയും സംഘടനകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്ന അവസ്ഥയിലേക്ക് പോലുമെത്തി. എന്നാല്‍ ജസ്റ്റിസ് കേഹറിന് ശേഷം ഈ കേസ് പരിഗണിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ്. ജലേന്ദ്ര ചന്ദ്രചൂഢനും ആ ബെഞ്ചിലുള്ളത് കൊണ്ട് വിധിന്യായത്തില്‍ വലിയ മാറ്റമൊന്നും ആരും പ്രതീക്ഷതുമില്ല. എങ്കിലും കേസ് പരിഗണിച്ചുകൊണ്ടുള്ള ദീപക് മിശ്രയുടെ ആദ്യത്തെ കമന്റ് തന്നെ എങ്ങനെയാണ് ഒരു ഹൈകോടതി റിട്ടുകൊണ്ട് ്ഒരു വിവാഹം റദ്ദാക്കാന്‍ കഴിയുക എന്നാണ്. അതായത് സുപ്രീം കോടതിയിലെ രണ്ട് കൂട്ടരും ഒരു കേസിനെ രണ്ടുതരത്തിലാണ് നോക്കിക്കാണുന്നതെന്നര്‍ഥം. അതിനാല്‍ തന്നെ വിധിന്യായവും വ്യക്തികളെ ആശ്രയിച്ചിരിക്കും. അതേ സമയം തന്നെ ജസ്റ്റിസ് കേഹറിനൊപ്പം കേസില്‍ തീവ്രവാദബന്ധം ആരോപിക്കാന്‍ പരമാവധി ശ്രമിച്ച ജസ്റ്റിസ് ജലേന്ദ്ര ചന്ദ്രചൂഢ് ജസ്റ്റിസ് ദീപക് മിശ്രയോടൊപ്പം ചേര്‍ന്നപ്പോള്‍ തീര്‍ത്തും വിപരീതമായ നിലപാടാണ് കൈക്കൊണ്ടത്. അഥവാ സുപ്രീം കോടതിയും അവിടെ നിന്നുണ്ടാവുന്ന വിധികളുമെല്ലാം തന്നെ ജഡ്ജി എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് പലപ്പോഴും ഉണ്ടാവാറുള്ളത്.

ജസ്റ്റിസ് ചന്ദ്രചൂഢ്‌

ഹാദിയ വിഷയത്തോടൊപ്പം ചര്‍ച്ച ചെയ്യേണ്ടുന്ന മറ്റൊരു വിഷയമാണ് മുത്തലാഖ് കേസ്. ജസ്റ്റിസുമാരായ കേഹര്‍,നസീര്‍,നരിമാന്‍, ലളിത്, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇവരില്‍ ജസ്റ്റിസ് കേഹറിനും ജസ്റ്റിസ് നസീറിനും 1200 വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മതാചാരമാണ് മുത്തലാഖ് എന്നും അതിനാല്‍ തന്നെ ആര്‍ട്ടിക്ക്ള്‍ 25 ന്റെ പരിഗണന അതിന് ലഭിക്കണമെന്നുമുള്ള അഭിപ്രായമായിരുന്നു. എന്നാല്‍ ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ലളിത് എന്നിവര്‍ക്ക് മുത്തലാഖ് എന്നത് 1937 ലെ ശരീഅത്ത് ആക്റ്റ് സെക്ഷന്‍ 2 അനുസരിച്ച് ഒരു സ്റ്റ്യാറ്റിയൂട്ടറി പ്രോവിഷന്‍ ആണത്. അത്‌കൊണ്ട് ഈ പ്രോവിഷന്‍ ആര്‍ട്ടിക്ക്ള്‍ 14 നെ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അവര്‍ വാദിച്ചു. പരിശോധനയില്‍ മുത്തലാഖ് ആര്‍ട്ടിക്ക്ള്‍ 14ന്റെ ലംഘനമാണെന്ന് അവര്‍ കണ്ടെത്തുകയും അതിനാല്‍ തന്നെ അത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് മുത്തലാഖ് ഭരണഘടനാ പരമാണോ എന്ന ചോദ്യത്തില്‍ ജസ്റ്റിസ് കേഹറിനും ജസ്റ്റിസ് നരിമാനും ഒപ്പമാണെന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. എന്നാല്‍ ഖുര്‍ആനികമായി പരിഗണിക്കുമ്പോള്‍ മുത്തലാഖ് സാധൂകരിക്കപ്പെടുകയില്ല എന്നും അതിനാല്‍ ഖുര്‍ആനികമായി ശരിയാണെന്ന് പറയാന്‍ സാധിക്കാത്ത ഒരു കാര്യം എന്ന അര്‍ഥത്തില്‍ അതിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചുരുക്കത്തില്‍ മുത്തലാഖ് ഭരണഘടനാനുസൃതമാണെന്നത് ഭൂരിപക്ഷാഭിപ്രായമാണെന്നും അതുകൊണ്ട് ആര്‍ട്ടിക്ക്ള്‍ 25 ന്റെ പരിരക്ഷ കൊടുക്കണം എന്നതുമാണ് ഭൂരിപക്ഷാഭിപ്രായം.
ഈ വിധിന്യായത്തില്‍ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആര്‍ട്ടിക്ക്ള്‍ 14 ഉം ആര്‍ട്ടിക്ക്ള്‍ 25 ഉം മൗലികാവകാശങ്ങളാണ്. ഒരു കോടതിക്കും ഒന്ന് മറ്റൊന്നിനെ Over Rule(മേലധികാരം) ചെയ്യുമെന്ന് പറയാന്‍ സാധിക്കുകയില്ല എന്നതാണ് യാഥാര്‍ഥ്യം. അവിടെയാണ് കോടതികള്‍ പുതുവഴികള്‍ തേടുന്നത്. അങ്ങനെ അവര്‍ കണ്ടെത്തിയവാതിലാണ് Constotutional moraltiy(ഭരണഘടനാ ധാര്‍മ്മികത). അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അത് സംബന്ധിച്ച് പറയുന്നത് ഭരണഘടനാധാര്‍മ്മികത എന്ന പുതിയ പ്രയോഗം ജന്മമെടുത്തിരിക്കുന്നു അതിനാല്‍ അത് വളര്‍ന്ന് വലുതാവുന്നതിന് മുമ്പ് അതിന്റെ മരണമാണ് ഞാനാഗ്രഹിക്കുന്നത് എന്നാണ്. ഭരണഘടനാനുസൃതമായി വ്യാഖ്യാനിക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ ഇത്തരം ബാഹ്യ ഇടപെടലുകള്‍ നടത്തി നടത്തി വ്യഖ്യാനിച്ചാലുണ്ടാവുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത് എന്ന് നമുക്ക് അനുമാനിക്കാം.
ഈ കേസില്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു കാര്യമുണ്ട്. മുത്തലാഖ് എന്ന മതാചാരം സംരക്ഷിക്കണമെന്ന് ശക്തമായി വാദിച്ചത് മുസ്‌ലിം പേര്‍സണല്‍ ലോ ബോര്‍ഡ് ആയിരുന്നു. എന്നാല്‍ കേസിന്റെ അവസാനം മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഒരു അഫിഡവിറ്റ് ഫയല്‍ ചെയ്യുകയുണ്ടായി. അതിനകത്ത് തങ്ങള്‍ ഇപ്പോഴാണ് മുത്തലാഖിനെ കുറിച്ച് പഠിച്ചതെന്നും അത് ഇസ്‌ലാമികമല്ലെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും പറയുകയുണ്ടായി. ഈ അഭിപ്രായം മുമ്പേ ഉണ്ടായിരുന്നുവെങ്കില്‍ കേസ് നിലനില്‍ക്കില്ലായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അഥവാ നാം കുറച്ചുകൂടി കാര്യക്ഷമമായി ഈ വിഷയത്തെ സമീപിച്ചിരുന്നെങ്കില്‍ സംഘപരിവാറിന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരം ലഭിക്കില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അനാസ്ഥയാണ് സംഘപരിവാര്‍ ശക്തികള്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കാരണമായത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വിജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞത് ഈ രാഷ്ട്രീയ മുതലെടുപ്പിന്റെ കൂടി വിജയമാണ്.
ഉത്തരേന്ത്യന്‍ മുസ്‌ലിം സ്ത്രീകള്‍ നിക്കാഹ് ഹലാല, മുത്തലാഖ് തുടങ്ങിയ ആചാരങ്ങള്‍ക്ക് വ്യാപകമായി ഇരയാവുന്നതിനാല്‍ മോഡിയുടെയും അമിത്ഷായുടെയും പ്രചാരണത്തില്‍ അവര്‍ പ്രതീക്ഷ കണ്ടു എന്നുവേണം മനസ്സിലാക്കാന്‍. സമുദായത്തിനകത്ത് കൊടികുത്തി വാഴുന്ന ദുരാചാരങ്ങള്‍ ഇല്ലാതാക്കാന്‍ കഴിവും പ്രാപ്തിയുമുള്ള നേതൃത്വമോ സംഘടനകളോ ഇല്ല എന്നത് ഇന്ത്യന്‍ മുസ്‌ലിം സമുദായം നേരിടുന്ന വലിയ പ്രതിസന്ധിയാണ്.

 

 

( എസ്.ഐ.ഒ തിരുവനന്തപുരം സംഘടിപ്പിച്ച തക്ഫീര്‍ ലീഗല്‍ സെമിനാറില്‍ അവതരിപ്പിച്ചത്‌)

തയ്യാറാക്കിയത്: റഹ്മാന്‍ ഇരിക്കൂര്‍

അഡ്വ.ഹാരിസ്‌ ബീരാന്‍