Campus Alive

ഇറാന്‍ സിനിമയുടെ ആന്ദോളനങ്ങള്‍

അബ്ബാസ് കൈരോസ്തമിയുടെ മൂന്ന് പ്രധാനപ്പെട്ട സിനിമകളായ Close-Up, Where is the Friend’s Home?, Taste of Cherry എന്നിവയും അസ്ഹര്‍ ഫര്‍ഹാദിയുടെ A Separation എന്ന സിനിമയും ഈയടുത്ത് ബി.ബി.സിയുടെ നൂറ് മഹത്തായ വിദേശഭാഷാ സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുകയുണ്ടായി. അതില്‍ ഫര്‍ഹാദിയുടെ A Separation ആദ്യത്തെ ഇരുപത്തഞ്ച് സിനിമകള്‍ക്കിടയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ലോക സിനിമകളുടെ കൂട്ടത്തില്‍ ഇറാനിയന്‍ സിനിമയും ഇടംപിടിച്ചു എന്നത് ആശ്ചര്യജനകമായ സംഗതിയൊന്നുമല്ല. കാരണം ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള ലോകോത്തര സിനിമകള്‍ ഏതൊരാള്‍ക്കും നിര്‍ദേശിക്കാവുന്നതാണ്. എന്നാല്‍ ഞാന്‍ മുകളില്‍ സൂചിപ്പിച്ച നാല് സിനിമകളുടെ പ്രാധാന്യത്തെ ആര്‍ക്കും നിഷേധിക്കാനാകില്ല. അതുപോലെ പ്രതിഭാധനരായ സംവിധായകരുടെ കൂട്ടത്തില്‍ കൈറോസ്തമിക്കുള്ള സവിശേഷമായ സ്ഥാനത്തെയും ഒരാള്‍ക്കും തള്ളിക്കളയാനാകില്ല. കഴിഞ്ഞ നൂറോ അതിലധികമോ വര്‍ഷങ്ങളായി ഇറാനിയന്‍ സിനിമാ ഭൂപടം വൈവിധ്യമാര്‍ന്ന സിനിമാ ആവിഷ്‌കാരങ്ങളാണ് സാധ്യമാക്കിയത്. കൈറോസ്തമിയടക്കമുള്ള സംവിധായകര്‍ ലോകശ്രദ്ധ നേടുന്നതും അതിലൂടെയാണ്.

ബി.ബി.സിയുടെ മികച്ച സിനിമകളെ തിരഞ്ഞെടുത്ത ജൂറി കാന്‍, വെനീസ്, ബെര്‍ലിന്‍, ലൊകാര്‍നോ ഫെസ്റ്റിവെലുകളിലൂടെയാണ് പ്രധാനമായും ഇറാന്‍ സിനിമകളെ പരിചയപ്പെടുന്നത്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറാന്‍ സിനിമകള്‍ ഈ ഫെസ്റ്റിവെലുകളിലെല്ലാം പ്രവേശനം നേടുന്നത്. ഇറാന്‍ സിനിമ നിലനില്‍ക്കുന്നത് തന്നെ അന്തര്‍ദേശീയമായ പൊതുമണ്ഡലത്തിനകത്താണ്. ആദ്യകാലത്തെ ഇറാന്‍ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനി ഫിലിം സ്റ്റുഡിയോകള്‍ മുതല്‍ യൂറോപ്യന്‍ ചലച്ചിത്രമേളകള്‍ വരെ ഇറാന്‍ സിനിമ പരന്നുകിടക്കുന്നുണ്ട്. ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇറാന്‍ സിനിമ ദേശീയ അതിര്‍ത്തിയില്‍ പരിമിതമാക്കപ്പെട്ടിട്ടില്ല. ആദ്യത്തെ ഇറാനിയന്‍ ശബ്ദ സിനിമയായ ഡോക്താറെ ലോര്‍ ലോര്‍ ഗേള്‍ ബോംബയിലെ ഇംപീരിയല്‍ ഫിലിം കമ്പനിയിലാണ് നിര്‍മ്മിക്കപ്പെട്ടത്. യൂറോപ്പ്, ഈജിപത്, ഇന്ത്യ തുടങ്ങി ലോകത്തിന്റെ മുഴുവന്‍ കോണുകളിലും ഇറാനിയന്‍ ദ്യശ്യ-ആവിഷ്‌കാര കലകള്‍ വളരെ സജീവമാണ്.

ഇറാനിയന്‍ സിനിമയെക്കുറിച്ച് പറയുമ്പോള്‍ ഒഴിവാക്കാനാകാത്ത വ്യക്തിയാണ് പ്രശസ്ത കവിയായ ഫോറോ ഫറോക്സാദ്. ഇറാന്‍ സിനിമാ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണവര്‍. The House is Black എന്ന തന്റെ ഡോക്യുമെന്ററിയിലൂടെ ഫറോക്സാദ് ഇറാന്‍ സിനിമക്ക് പുതിയൊരു സര്‍ഗാത്മക ഇടമാണ് സമ്മാനിച്ചത്. വസ്തുതയെയും ഭാവനയെയും വളരെ മനോഹരമായി സമന്വയിപ്പിച്ചു കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഡോക്യുമെന്ററിയാണത്.

ഇറാനിയന്‍ സംവിധായകനായ ഡാരിയഷ് മെഹ്ര്ജൂയിയുടെ The Cow (1969) 1971 ലാണ് വെനീസ് ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ബെര്‍ലിനില്‍ കൂടി പ്രദര്‍ശിപ്പിക്കപ്പെട്ടതോടെയാണ് ആ സിനിമക്ക് ലോകശ്രദ്ധ കിട്ടുന്നത്. ഇറാനിയന്‍ സിനിമാ ചരിത്രത്തിലെ നിര്‍ണ്ണായക സന്ദര്‍ഭമായിരുന്നു അത്. ഗൊലാം ഹുസൈന്‍ സഈദിയുടെ ഒരു ചെറുകഥയെ ആധാരമാക്കി എടുത്ത The Cow ഒരു ഗ്രാമീണനും അയാളുടെ വളര്‍ത്തു മൃഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച കഥയാണ് പറയുന്നത്. വിസ്മയകരമായ ദൃശ്യഭാഷയാണ് സിനിമയില്‍ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്.

1970 കളില്‍ ഇറാനിയന്‍ സിനിമക്ക് ധാരാളം വികാസങ്ങളുണ്ടായെങ്കിലും ഇറാന്‍ വിപ്ലവത്തിന്റെ ചൂടില്‍ വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതെ പോവുകയാണുണ്ടായത്. എന്നാല്‍ അമീര്‍ നദേരിയുടെ The Runner എന്ന സിനിമയുടെ കടന്നുവരവോടു കൂടി ഇറാന്‍ സിനിമ വീണ്ടും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. മൂന്ന് വന്‍കരകളില്‍ ആ സിനിമ പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ചിത്രീകരിക്കപ്പെട്ട ഈ സിനിമ സവിശേഷമായ ഒരു സിനിമാഭൂപടത്തെ തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്.

The Runner എന്ന സിനിമയുടെ ആഗോളവിജയത്തിന് ശേഷമാണ് അബ്ബാസ് കൈറോസ്തമിയെ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. ലൊകാര്‍നോ ഫിലിം ഫെസ്റ്റിവെലില്‍ അദ്ദേഹത്തിന്റെ Where is the Friend’s Home എന്ന സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോഴായിരുന്നു അത്. ആ സമയത്ത് കൈറോസ്തമി ഇറാനിലെ അറിയപ്പെടുന്ന ഒരു സിനിമാ സംവിധായകനായിരുന്നു. എന്നാല്‍ യൂറോപ്പില്‍ സ്വീകരിക്കപ്പെട്ടതോടെയാണ് വിട്ടോറിയോ ഡി സിക (ബൈസിക്കിള്‍ തീവ്സ്), യസൂദിറോ ഒസു (ടോക്കിയോ സ്റ്റോറി), സത്യജിത് റായ് തുടങ്ങിയ പ്രതിഭാധനരായ സംവിധായകരുടെ പട്ടികയില്‍ അദ്ദേഹം ഇടം കണ്ടെത്തുന്നത്.

കൈറോസ്തമിയോടൊപ്പം തന്നെ മക്മല്‍ബഫ് കുടുംബത്തെക്കുറിച്ചും പരാമര്‍ശിക്കേണ്ടതുണ്ട്. ഇറാന്‍ സിനിമക്ക് പുതിയൊരു ലാവണ്യബോധവും സൗന്ദര്യശാസ്ത്രവുമാണ് മക്മല്‍ബഫ് കുടുംബം സംഭാവന ചെയ്തത്. വെറും പതിനെട്ട് വയസ്സുള്ളപ്പോഴാണ് സമീറ മക്മല്‍ബഫിന്റെ The Apple (1998) എന്ന സിനിമ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഇറാന്‍ സിനിമയുടെ തന്നെ പരിവര്‍ത്തനത്തിന്റെ നിമിഷമായിരുന്നു അത്.

അതിനുശേഷമാണ് ജാഫര്‍ പനാഹിയുടെ The Circle (1999) എന്ന സിനിമ വെനീസ് ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. കൈറോസ്തമിയുടെ ശിഷ്യനായിരുന്നു പനാഹി. എന്നാല്‍ കൈറോസ്തമിയില്‍ നിന്ന് വ്യത്യസ്തമായി സാമൂഹ്യ-രാഷ്ട്രീയ ഉള്ളടക്കങ്ങളുള്ള സിനിമകളാണ് പനാഹി നിര്‍മ്മിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിന്നീട് അദ്ദേഹം ജയിലിലടക്കപ്പെടുകയാണുണ്ടായത്. എന്നാല്‍ ജയിലില്‍ വെച്ചും അദ്ദേഹം സിനിമകള്‍ നിര്‍മ്മിക്കുകയും യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവെലുകളില്‍ അവ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു.

ഇറാന്‍ സിനിമാ ലോകത്തെ മറ്റൊരു പ്രതിഭയാണ് അസ്ഹര്‍ ഫര്‍ഹാദി. അദ്ദേഹത്തിന്റെ A Seperation എന്ന സിനിമ 2012 ലെ മികച്ച അന്യഭാഷാ സിനിമക്കുള്ള അവാര്‍ഡ് കരസ്ഥമാക്കുകയുണ്ടായി. അഞ്ച് വര്‍ഷത്തിന് ശേഷം 2016 ല്‍ അദ്ദേഹത്തിന്റെ Salesman എന്ന സിനിമയും അവാര്‍ഡിനര്‍ഹമായി. നാടക രംഗത്ത് നിന്നാണ് ഫര്‍ഹാദി സിനിമയിലേക്ക് വരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ നാടക പശ്ചാത്തലമുള്ളവയാണ്.

ഇറാന് പുറത്തേക്ക് സഞ്ചരിച്ചതിലൂടെയാണ് ഇറാന്‍ സിനിമകള്‍ക്ക് ലോകശ്രദ്ധ ലഭിച്ചത്. സൗന്ദര്യശാസ്ത്രപരമായും പ്രമേയപരമായും മികച്ചുനില്‍ക്കുന്ന സിനിമകളാണ് ഇറാന്‍ ലോകത്തിന് സംഭാവന ചെയ്തത്. അതേസമയം ചില ഇറാനിയന്‍ സംവിധായകര്‍ക്ക് അവരര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. ഫറോഖ് ഗഫാരി, ഇബ്രാഹീം ഗൊലെസ്ഥാന്‍, ബഹ്മന്‍ ഫര്‍മനാറ തുടങ്ങിയവര്‍ അവരില്‍ പെടും. റക്ഷാന്‍ ബനിയെറ്റമാഡ്, മര്‍സിയ മേഷ്‌കിനി, മനീജെ ഹെക്മത്ത് തുടങ്ങിയ വനിതാ സംവിധായകരും ഇറാന് സ്വന്തമാണ്.

ഇറാന് പുറത്ത് പുതിയ തലമുറയില്‍ പെട്ട സംവിധായകരുടെ ഇടപെടലുകള്‍ സജീവമാണ്. റാമിന്‍ ബഹ്രാനി (Chop Shop, 2007), ശിറിന്‍ നെശാത്ത് (Women Without Men) എന്നിവര്‍ അതില്‍പ്പെടും. ഇറാന്‍ സിനിമകളെക്കുറിച്ച് നല്ല പരിജ്ഞാനമുള്ള അവര്‍ നിശ്ചിതമായ അതിര്‍ത്തിക്ക് പുറത്ത് തങ്ങളുടെ സിനിമാഭൂപടത്തെ വികസിപ്പിക്കുകയാണ് ചെയ്യുന്നത്.

 

കൊളംബിയ യൂണിവേഴ്റ്റിയില്‍ പ്രഫസറായി (Social And Intellectul History of Iran, Comparative Literature, World Cinema) സേവനമനുഷ്ഠിക്കുന്ന ദബാശി Iranian Cinema, Past, Present, and Future എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

ഹാമിദ് ദബാശി