Campus Alive

അറബ് സിനിമ: പ്രതിനിധാനപരമല്ലാത്ത നോട്ടങ്ങള്‍

(അറബ് സിനിമ: പുതിയ സൗന്ദര്യശാസ്ത്ര സമീപനങ്ങള്‍ രണ്ടാം ഭാഗം)

ഇനി വേറൊരു തരം ഇമേജുണ്ട്. ഇന്‍ഫര്‍മേഷന്റെ വളരെ പ്രകടമായ ആവിഷ്‌കാരമാണത്. ഇന്‍ഫര്‍മേഷന്റെ തൊലി (skin of information) എന്ന് വേണമെങ്കില്‍ നമുക്കതിനെ ഭാഷാന്തരം ചെയ്യാവുന്നതാണ്. ഇന്‍ഫര്‍മേഷനെ പ്രതിഫലിപ്പിക്കുന്ന സിനിമകളാണ് കോണ്‍സ്പിരസി സിനിമകള്‍ എന്ന ഗണത്തില്‍ പെടുന്നത്. ഒരു പ്രത്യേക ഇവന്റിനെക്കുറിച്ച വിവരങ്ങളാണ് അത്തരം സിനിമകള്‍ നല്‍കുന്നത്. ദെല്യൂസ് അവയെ മൂന്നാം സിനിമകള്‍ എന്നാണ് വിളിക്കുന്നത്. matrix trilogy അടക്കമുള്ള സിനിമകള്‍ ആ ഗണത്തില്‍ പെടും. ഗ്രാഫിക്‌സിനെ ആശ്രയിക്കുന്ന സിനിമകളും ഇന്‍ഫര്‍മേഷന്‍ സിനിമകളാണ്. പ്രോപഗണ്ട സിനിമകളും അവയില്‍ പെടും.

ഇന്‍ഫര്‍മേഷനിലൂടെ ചുരുള്‍ നിവര്‍ത്തപ്പെടുന്നത് അനുഭവത്തിന്റെ (experience) ചില വശങ്ങള്‍ മാത്രമാണ്. അനുഭവത്തെയും ഇന്‍ഫര്‍മേഷനെയും മറച്ചുപിടിക്കുകയല്ല ഇമേജ് ചെയ്യുന്നത്. മറിച്ച് അവ രണ്ടിനുമിടയിലുള്ള ബന്ധത്തെ സാധ്യമാക്കുകയാണ്. അറബ് സിനിമകളില്‍ നാം കാണുന്നതും കേള്‍ക്കുന്നതും നമ്മോട് സംവദിക്കുന്നത് പോലെ അവയിലെ മറഞ്ഞിരിക്കുന്ന ഇമേജുകളും ചുരുള്‍ നിവര്‍ത്തപ്പെടുന്നുണ്ട്.

അനുഭവവും ഇന്‍ഫര്‍മേഷനും ഇമേജും തമ്മിലുള്ള പരസ്പര ബന്ധം എന്നത് അനന്തമായിട്ടാണ് നിലനില്‍ക്കുന്നത്. ഇമേജുകളും ഇന്‍ഫര്‍മേഷനും നിരന്തരം അനുഭവത്തിലേക്ക് മടക്കപ്പെടുകയും ചുരുള്‍ നിവര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്. അതൊരു അനന്തമായ പ്രക്രിയ എന്ന രൂപത്തിലാണ് നിലനില്‍ക്കുന്നത്. അതിലൂടെയാണ് വ്യത്യസ്തമായ രീതിയിലും രൂപത്തിലും ഇമേജുകള്‍ ചുരുള്‍ നിവര്‍ത്തപ്പെടുന്നത്. ഉദാഹരണത്തിന് അക്രം സാത്തരിയെയും ഒമര്‍ അമിറാലെയെയും പോലുള്ള അറബ് സംവിധായകര്‍ നിരോധിക്കപ്പെട്ട ഇമേജുകളാണ് പ്രേക്ഷകരെ കാണിക്കുന്നത്. എന്നാല്‍ മുഹമ്മദ് സൂയിദും യൂസ്രി നസ്‌റല്ലയും അത്ര പ്രധാനമല്ലാത്ത വിഷ്വലുകളെയാണ് ആവിഷ്‌കരിക്കുന്നത്. ചില ഇമേജുകളെ ബാത്വിന്‍ (ആന്തരികം) ആയി സമീപിക്കുന്നതിലൂടെ റിയലിസത്തിന്റെ നിര്‍ണ്ണയങ്ങളെ മറികടക്കാന്‍ അറബ് സിനിമകള്‍ക്ക് സാധിക്കുന്നുണ്ട്. ഉദാഹരണത്തിന് ഖലീല്‍ ജോറീജിന്റെ സിനിമകളില്‍ ജയില്‍ ജീവിതത്തെക്കുറിച്ച പൊതുവായ യാഥാര്‍ത്ഥ്യങ്ങളെ കാണിക്കാറില്ല. റിയലിസ്റ്റ് സങ്കേതങ്ങളാണ് ഇവിടെ നിരാകരിക്കപ്പെടുന്നത്. അനുഭവത്തെ (Experience) സ്വീകരിച്ചു കൊണ്ടുള്ള സാമൂഹ്യ വിമര്‍ശമാണ് അത്തരം സിനിമകള്‍ മുന്നോട്ടു വെക്കുന്നത്. ഏത് അനുഭവത്തിനാണ് സവിശേഷമായ സ്ഥാനം ലഭിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് അവിടെ അഭിമുഖീകരിക്കപ്പെടുന്നത്. മടക്കുകളാക്കി (enfolded) വെക്കപ്പെട്ടിരിക്കുന്ന അനന്തമായ അനുഭവങ്ങളെ പരിഗണിക്കാന്‍ അതിലൂടെ സാധ്യമാകുന്നുണ്ട്. നിര്‍ണ്ണയപരമായി പ്രതിനിധീകരിക്കപ്പെടുന്ന ഇമേജുകളില്‍ നിന്ന് അങ്ങനെയാണ് നമുക്ക് മോചനം ലഭിക്കുന്നത്.

പ്രതിനിധാനപരമായ നിലനില്‍പ്പല്ല ഇന്ന് സിനിമയും ആര്‍ട്ടുമൊന്നും സാധ്യമാക്കുന്നത്. പെര്‍ഫോമേറ്റീവായ തലത്തിലാണ് അവ നിലനില്‍ക്കുന്നത്. അതിലൂടെയാണ് അവ കാഴ്ചകളെയും ശബ്ദങ്ങളെയും ചുരുള്‍ നിവര്‍ത്തുന്നത്. എന്നാല്‍ ഒരു രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ചില ഇമേജുകള്‍ മറഞ്ഞുകിടക്കേണ്ടതിന്റെ (enfolded) ആവശ്യകതയെപ്പറ്റി ബെയ്‌റൂതിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന ഒരു പ്രഭാഷണത്തില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. ആര്‍ട്ടിസ്റ്റായ വാലിദ് സദേക്ക് അതിനെ എതിര്‍ത്തു കൊണ്ട് സംസാരിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് അറബ് ലോകത്ത് നമ്മള്‍ ഇപ്പോള്‍ തന്നെ അപ്രത്യക്ഷരാണ് എന്നാണ്. അതേസമയം പാശ്ചാത്യ രാജ്യങ്ങളില്‍ ആര്‍ട്ട് വര്‍ക്കുകളോടുള്ള എന്റെ സമീപനങ്ങള്‍ക്ക് സാധ്യതയുണ്ട്. കാരണം അവിടെ നിരവധി ഇമേജുകളുണ്ട്. അതിനാല്‍ തന്നെ നമ്മുടെ ആര്‍ട്ട് വര്‍ക്കുകള്‍ പൊതുമണ്ഡലത്തിലേക്ക് കടത്താതിരിക്കുന്നതാണ് നല്ലത്. ലബനീസ്, അറബ് ആര്‍ട്ടിസ്റ്റുകള്‍ അനുഭവിക്കുന്നത് വ്യത്യസ്തമായ വെല്ലുവിളിയാണ്. അവിടങ്ങളില്‍ അറബികളെക്കുറിച്ച ക്ലീഷെ ഇമേജുകളാണ് വ്യാപകമായ തോതില്‍ നിലനില്‍ക്കുന്നത്. ഒരുപാട് അനുഭവങ്ങള്‍ കാണിക്കപ്പെടാതെ പോവുകയും ഇമേജുകളുടെ നിര്‍ണ്ണയം (fixation) സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ പ്രതിനിധീകരിക്കപ്പെടാതെ പോവുന്ന ഇമേജുകളുടെ ചുരുള്‍ നിവര്‍ത്തുക എന്ന പ്രക്രിയ സങ്കീര്‍ണ്ണം തന്നെയാണ്. സ്റ്റേറ്റിന്റെയും ക്യാപിറ്റലിന്റെയും ഇടപെടലുകളില്‍ നിന്നും പ്രതിനിധാനപരമായ നിലനില്‍പ്പില്‍ നിന്നും അവയെ മോചിപ്പിക്കേണ്ടതുണ്ട്.

ഇന്‍ഫര്‍മേഷന്‍ സിനിമകള്‍

സമകാലിക അറബ് സിനിമകളില്‍ അനുഭവത്തിന്റെ (experience) കുറവ് നന്നായി കാണാന്‍ സാധിക്കും. അനുഭവത്തില്‍ (experience) നിന്ന് ഇമേജിനെ സൃഷ്ടിക്കുന്നതിലുള്ള അസാധ്യത എന്ന് വേണമെങ്കില്‍ അതിനെക്കുറിച്ച് സൂചിപ്പിക്കാവുന്നതാണ്.  ഒരുദാഹരണം
നമുക്ക് സിറിയയില്‍ നിന്നെടുക്കാം. അവിടെ സര്‍വയലന്‍സ് ആണ് സെന്‍സര്‍ഷിപ്പിന്റെ രൂപത്തില്‍ നിലനില്‍ക്കുന്നത്. അനുഭവത്തെ (Experience) അത് ജനിക്കുന്ന മാത്രയില്‍ തന്നെ നശിപ്പിക്കുകയാണ് സര്‍വയലന്‍സിലൂടെ സിറിയന്‍ ഭരണകൂടം ചെയ്യുന്നത്. എന്നിട്ടും സിറിയന്‍ സംവിധായകര്‍ ഭരണകൂടത്തിന്റെ സ്‌പോണര്‍ഷിപ്പില്‍ തന്നെ നിരവധി സിനിമകള്‍ എടുത്തിട്ടുണ്ട്. ഒമര്‍ അമിറലായ് സംവിധാനം ചെയ്ത Thoufan fi balad al baathl a flood in baath എന്ന ഡോക്യുമെന്ററി അസദ് ഭരണകൂടത്തെ ആക്ഷേപഹാസ്യ രൂപത്തില്‍ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. ഭരണകൂട പ്രതിനിധികളുടെ വിഷ്വലുകളെയും സംസാരങ്ങളെയുമെല്ലാം വൈഡ് ആംഗിള്‍ ലെന്‍സുകളിലൂടെ അപ്രസക്തമാക്കുകയാണ് (enfolding) അദ്ദേഹം ചെയ്യുന്നത്.

ഒട്ടുമിക്ക മൂന്നാം ലോക സിനിമാ സംവിധായകരും സിനിമ നിര്‍മ്മിക്കുന്നതിലുള്ള തടസ്സങ്ങളെക്കുറിച്ച സിനിമകളാണ് എടുക്കുന്നത്. സിറിയന്‍ സംവിധായകനായ മെയര്‍ റൗമിയുടെ Cinema muet (2002) എന്ന സിനിമ പാശ്ചാത്യ സിനിമാ വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടിലേക്ക് വരുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. സ്വന്തം നാട്ടില്‍ പുതിയ സിനിമാ പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിച്ചു കൊണ്ടാണ് അവന്‍ വരുന്നതെങ്കില്‍ അവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിന് സമ്മതിക്കുന്നില്ല. റൗമിയടക്കമുള്ള സംവിധായകരെ അറബ് നാടുകളിലെ രാഷ്ട്രീയ നിര്‍ണ്ണയത്വം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഇന്‍ഫര്‍മേഷന്‍ എങ്ങനെയാണ് അനുഭവത്തെ (experience) അരിച്ചെടുക്കുന്നത് എന്ന് അറബ് സംവിധായകര്‍ നമുക്ക് കാണിച്ചു തരുന്നുണ്ട്. വളരെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ ചുറ്റുപാടുകള്‍ക്കിടയില്‍ നിന്നാണ് അവര്‍ ഇമേജുകളെ ഉല്‍പ്പാദിപ്പിക്കുന്നത്. അവര്‍ക്ക് ചരിത്രത്തെ നേരിട്ട് സമീപിക്കാന്‍ തന്നെ സാധ്യമല്ലാത്ത സാമൂഹ്യാന്തരീക്ഷമാണ് നിലവിലുള്ളത്. ഇന്‍ഫര്‍മേഷനിലൂടെയല്ലാതെ അവര്‍ക്ക് അനുഭവത്തെ (experience) വിവരിക്കാന്‍ കഴിയുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ അനുഭവങ്ങളില്‍ (experience) നിന്ന് നേരിട്ട് ഇമേജുല്‍പ്പാദിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കാറുണ്ട്.

(തുടരും)

 

വിവ: സഅദ് സല്‍മി

ലോറ മാര്‍ക്‌സ്