Campus Alive

മുസ്‌ലിം, ദളിത്- ബഹുജൻ രാഷ്ട്രീയവും ഇടതുപക്ഷ ആകുലതകളും

അംബേദ്‌കറൈറ്റ് വ്യവഹാരങ്ങളിലെ ക്രിയാത്മക സാന്നിധ്യമായ ആത്മീയതയിലൂന്നിയതും മതപ്രവർത്തനങ്ങളിലൂടെയുമുള്ള മുസ്‌ലിംകളുടെ ജാതി വിരുദ്ധ ഇടപാടുകളും മുസ്‌ലിം ചോദ്യങ്ങളും വരണ്ട ഇടതുപക്ഷത്തിന്റെ മതേതര ലോകക്രമത്തിന് പ്രയാസകരമായ ഒന്നാണ്. ബാബരി- മണ്ഡലിനു ശേഷം വളർച്ച പ്രാപിച്ചതും ഇപ്പോൾ ഇന്ത്യൻ ക്യാമ്പസുകളിൽ വേരു പിടിക്കുന്നതുമായ ദളിത്- ബഹുജൻ- മുസ്‌ലിം ഐക്യത്തിന്റെ രാഷ്ട്രീയം സമുദായത്തെ മുൻനിർത്തി രാഷ്ട്രീയം രൂപപ്പെടുത്തുന്നതിന്റെ ഭാവനകളെ മുന്നോട്ടു വെക്കുന്നുണ്ട്. എന്നാൽ ഇടത് സംഘടനകൾ ഇത്തരം, പ്രത്യേകിച്ചും സ്വതന്ത്ര മുസ്‌ലിം രാഷ്ട്രീയത്തെ തള്ളിക്കളയുകയും പലപ്പോഴും വർഗീയം വിഭാഗീയം എന്നൊക്കെ അധിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. അവർ ‘ഭരണ വർഗ്ഗ'(ruling class) ത്തിന്റെ ഭാഗമാണെന്നും ജാതി വിരുദ്ധ സമരങ്ങളോട് ഐക്യപ്പെടാൻ അവർക്ക് അർഹതയില്ല എന്നുമാണ് എസ്.എഫ്.ഐ പ്രഖ്യാപിക്കാറ്‌. അത്തരമൊരു വിരോധം ഇടത് സംഘടനയായ എസ്.എഫ്.ഐയുടെ ജെ എൻ യുവിലെ പ്രതികരണങ്ങൾ മുതൽ മടപ്പള്ളി കോളേജിലെ മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ വരെ സൂചിപ്പിക്കുന്നു.

ബാബരി മസ്ജിദ് തകർക്കപ്പെട്ട വേളയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവ് ഇ. എം. എസ് നമ്പൂതിരിപ്പാട് ആർ. എസ്. എസ്സിന്റെ സമാന്തര സംഘടനയായി മുസ്‌ലിം ലീഗിനെ മുദ്രകുത്തിയിരുന്നു. അതിനാൽ തന്നെ ഇരു സംഘടനകളെയും നിരോധിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഈയടുത്ത് പാർട്ടി പത്രത്തിലെഴുതിയ ലേഖനത്തിൽ സീതാറാം യെച്ചൂരി ജമാഅത്തെ ഇസ്‌ലാമിയെയും ആർ എസ് എസിനെയും തുലനം ചെയ്യുന്നുണ്ട്; പാർശ്വവല്കൃത സമുദായങ്ങളോട് താരതമ്യം ചെയ്യുമ്പോൾ സവർണ്ണ വിഭാഗങ്ങളുടെ അധികാരത്തെയും ആനുകൂല്യങ്ങളെയും ഒന്നും തന്നെ പരിഗണിക്കാതെ വർഗീയം/ മതേതരം എന്ന ആധുനിക ദ്വന്ദ്വത്തെ ഉപയോഗിക്കുക എന്ന ഇടതുപക്ഷത്തിന്റെ സ്ഥിരം രീതിയാണിത്. വ്യത്യസ്ത സമുദായങ്ങളുടെ സമുച്ചയമായ ഇന്ത്യ പോലൊരു ദേശത്ത് വർഗീയം (communal) പോലുള്ള കാറ്റഗറികൾ ഉപയോഗിച്ചുള്ള വർഗ വിശകലനങ്ങളുടെ പരിമിതിയെയും ഇത് വ്യക്തമാക്കുന്നുണ്ട്. ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങൾ എന്ന വാദത്തിലൂടെ മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വങ്ങൾക്ക് തടയിടാൻ ഇന്നും ഇടതുപക്ഷം ശ്രമിക്കുന്നത് കാണാം. ഹിന്ദുത്വ അധികാരങ്ങൾക്ക് സമാനമായി ഒരു മുസ്‌ലിം അപരനെ അവർ ഇതിലൂടെ നിലനിർത്തിപോരുന്നു. മടപ്പള്ളി കോളേജിലെ മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ ഐക്യപ്പെട്ട ചില ‘സ്വയംനിർണ്ണയ'(autonomous) സംഘടനകള്‍ക്ക്‌ എസ്.എഫ്.ഐ നൽകിയ മറുപടികളിലൂടെ അവരുടെ ഈ നിലപാടുകൾ വ്യകതമാവുന്നുണ്ട്. എസ്.എഫ്.ഐ ലഘുലേഖയിൽ ചില ഭാഗങ്ങൾ ഇങ്ങനെയാണ്:

‘…എസ്.എഫ്.ഐയുടെ ഭാഗമാവുന്ന പാർശ്വവൽകൃത വിദ്യാർത്ഥികൾ തന്നെയാണ് അരികുവൽക്കരിക്കപെട്ടവർക്കൊപ്പം എന്ന് പറയുന്ന സംഘടനകളുടെ പ്രധാന എതിരാളികൾ. അവരെ പലപ്പോഴും ഇടതിന്റെ ‘ചംച്ച'(നോക്കുകുത്തി)കളായും ‘ഒരു ദിവസത്തെ മുസ്‌ലിം’കളായും ചിത്രീകരിക്കുന്നതിലൂടെ ഇത്തരം സംഘടനകൾ അവരുടെ തന്നെ ജാതീയവും വർഗീയവുമായ മുഖത്തെ പ്രകടമാക്കുകയാണ്. എസ്.എഫ്.ഐയുടെ രാഷ്ട്രീയ ഊന്നലുകളും നിലപാടുകളും ഇത്തരം വിദ്യാർത്ഥി സംഘടനകൾക്ക് വലിയ ഭീഷണിയാണ്. പല ക്യാമ്പസുകളിലും അവരുടെ വർഗ്ഗീയ, വിഭാഗീയ വിധ്വേഷത്തിന് പ്രധാന തടസ്സമായി നിലനിൽക്കുന്നതും എസ്.എഫ് ഐയാണ്’.

കാൻഷിറാം

തീർത്തും മടപ്പളളി കോളേജിലെ ആക്രമണത്തെ വിശദീകരിക്കേണ്ട മറുപടി എന്തുകൊണ്ടാണ് ക്യാമ്പസുകളിൽ രൂപപ്പെടുന്ന ജാതി വിരുദ്ധ ബഹുജൻ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നതായി മാറിയത്? എന്തുകൊണ്ടാണ് ക്യാമ്പസുകളിൽ വികാസം പ്രാപിക്കുന്ന ഇത്തരത്തിൽ ചലനാത്മകമായ സംഘടനകളെ ജാതീയമെന്നും വർഗ്ഗീയമെന്നും മുദ്രകുത്തുന്നത്? ജെ എൻ യു ഇലക്ഷനിൽ ബാപ്‌സ (BAPSA) പല സഖാക്കളേയും ‘ചംച്ച’ എന്ന് വിളിച്ചതിനോടുള്ള അതൃപ്തിയാണ് ഇത് രേഖപെടുത്താൻ ശ്രമിക്കുന്നത്. ‘ചംച്ച’ എന്ന പ്രയോഗത്തെ സംബന്ധിച്ചിടത്തോളം; ദളിതർ അവരെ അടിച്ചമർത്തുന്ന ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയും പടയാളികൾ ആകുന്നതിന്റെ പ്രതിസന്ധിയെ കുറിക്കാൻ ജാതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കാൻഷിറാം രൂപപ്പെടുത്തിയ ആശയം ബാപ്‌സ ഉപയോഗിക്കുമ്പോള്‍ എസ്എഫ് ഐയുടെ അമർഷം അത്ഭുതപ്പെടുത്തുന്നതല്ല. വിഷയത്തോട് സംവദിക്കുന്നതിന് പകരം അവർ സാമൂഹിക മാധ്യമങ്ങളിൽ ‘ഭരണ വർഗ്ഗ’ത്തിന്റെ ഭാഗമായവർ (മുസ്‌ലിംകൾ എന്ന് വായിക്കുക) നൽകുന്ന ‘തെറ്റായ വിവരങ്ങളോടും’ ‘ആഖ്യാനങ്ങളോടും’ വിറയൽ കൊള്ളുകയാണ്. ജാതീയമെന്നും വർഗ്ഗീയമെന്നുമുള്ള മുദ്രകുത്തലുകളുടെ (അംബേദ്കറെ സവർണ ദേശിയവാദികൾ മുദ്രകുത്തിയ പോലെ) അടിസ്ഥാനമെന്നത് സാമുദായത്തിലും വിശ്വാസത്തിലും ഊന്നിയ മുദ്രാവാക്യങ്ങളാൽ രൂപപ്പെടുന്ന ബാപ്‌സ / എസ് ഐ ഒ / എം എസ് എഫ് പോലുള്ള സംഘടനകൾക്ക് സാധ്യമാവുന്ന അലയൻസുകളോടുള്ള എതിര്‍പ്പും വിരോധവുമാണ്.

വളരെ അടുത്താണ് എസ് എഫ് ഐ തങ്ങളുടെ രക്തസാക്ഷികളുടെ ജാതി സ്വത്വങ്ങളെ പ്രകടമായി അവതരിപ്പിക്കാൻ തുടങ്ങിയത്. ക്യാമ്പസുകളിൽ വികസിക്കുന്ന ജാതി വിരുദ്ധ സാമുദായിക രാഷ്ട്രീയത്തിന് അതിൽ സുപ്രധാന പങ്കുണ്ട്. ‘ബ്രഹ്മണ്യത്തിൽ നിന്നും മോചനം’ എന്ന് ബാപ്‌സ 2016ൽ പ്രഖ്യാപിച്ചപ്പോൾ അതിനെ ‘റിവേഴ്‌സ് കാസ്റ്റിസം’ എന്ന് ഉന്നത ജാതി വോട്ടുകൾ സമാഹരിക്കാൻ വേണ്ടി പ്രചാരണം നടത്തിയ അതേ ഇടത് സംഘടനകൾ തന്നെയാണ് 2018 ലെ ഇലക്ഷനിൽ ‘ബ്രഹ്മണ്യത്തിന്റെ തകർച്ചക്ക് ഇടത് മുന്നണിക്ക് വോട്ട് നൽകൂ’ എന്ന് മുദ്രാവാക്യം വിളിക്കുന്നത്. കേരളത്തിൽ സാധാരണയായി രക്തസാക്ഷികളുടെ ജാതി/ സമുദായങ്ങൾ തൊഴിലാളി വർഗം/ കർഷകർ തുടങ്ങിയ വർഗ പരികൽപ്പനക്കകത്ത് മറക്കപ്പെടുകയാണ് പതിവ്. കണ്ണൂരിലെ RSS/ CPM കൊലപാതകങ്ങളിലൊന്നും തന്നെ ജാതി വെളിവാക്കപ്പെടാറില്ല. യഥാർത്ഥത്തിൽ വർഗമെന്ന കാറ്റഗറി എങ്ങിനെയാണ് ശക്തമായ ജാതി വിരുദ്ധ സമരങ്ങളിലൂടെ മുഖ്യധാരയിലേക്ക് വന്ന ജാതി പോലുള്ള യഥാർത്ഥ ചോദ്യങ്ങളെ അരുക്കാക്കാൻ ഉപയോഗപ്പെടുത്തുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇടതുപക്ഷത്തോടുള്ള ദളിത് വിമര്‍ശങ്ങള്‍ വികസിച്ചത്. അതിലൂടെ ദളിത് ബഹുജനങ്ങളെ സവർണ്ണ പ്രത്യയ ശാസ്ത്രത്തിലേക്ക് ചേർക്കുകയാണ് ഇടതുപക്ഷം എന്ന് അവർ നിരീക്ഷിക്കുന്നു.

ലഘുലേഖയിൽ എങ്ങനെയാണു തങ്ങളുടെ പാർശ്വവല്കൃത സഹപ്രവർത്തകർ ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്ന് വിശദീകരിക്കുകയും സഹ ഇടത് സംഘടനകളോട് ‘ഭരണ വർഗ്ഗത്തിന്റെ’ ഇത്തരം ക്യാമ്പയിനുകളിൽ വീണു പോവരുത് എന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഈയടുത്ത് മാത്രമാണ് ഇടതു ഭാവനയിൽ ജാതിയും സമുദായവും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്ന് കാണാം. പുരോഗമന രാഷ്ട്രീയത്തിനായി ജീവത്യാഗം ചെയ്ത ദളിതനായ അഭിമന്യു എന്ന കീഴാള സ്വത്വം ഉയർത്തിക്കാട്ടി അംബേദ്ക്കർ- മുസ്‌ലിം രാഷ്ട്രീയ ഭാവനകളെ delegitimize ചെയ്യാനാണ് എസ്.എഫ്.ഐ ശ്രമിച്ചത്. ജെഎൻയുവിലെ ഇലക്ഷനിൽ “ലാൽ ഹേ ലാൽ രഹേഗ ” എന്ന മുദ്രാവാക്യവും അംബേദ്‌കർ- മുസ്‌ലിം രാഷ്ട്രീയത്തെ പുറന്തള്ളികൊണ്ടാണ് നിലനിൽക്കുന്നത് എന്ന് കാണുവാൻ സാധിക്കും.

അഭിമന്യു

യഥാർത്ഥത്തിൽ ഉന്നത ജാതി ഫ്യൂഡൽ തമ്പുരാക്കന്മാർക്കെതിരായ കീഴാള- മുസ്‌ലിം സമരമായിരുന്ന 1920 കളിലെ മലബാർ സമരത്തെ മതഭ്രാന്ത്‌(Fanatic) എന്നും വർഗീയം എന്നും വിശേഷിപ്പിച്ച സവർണ ദേശീയവാദികളിൽ ഇതേ സമാനത കണ്ടെത്താം. മുസ്‌ലിം വിദ്യാർത്ഥികളുടെ ജാതി വിരുദ്ധ ഇടപാടുകൾ അവരുടെ ധാർമ്മിക വിശ്വാസങ്ങളിൽ നിന്നും അതെ പോലെ ഇന്ത്യൻ സാഹചര്യത്തിൽ ജാതിയും മതവും തമ്മിലുള്ള സങ്കീർണ്ണമായ ഇടപാടുകളെ കുറിച്ചുള്ള ചരിത്രപരമായ തിരിച്ചറിവുകളിൽ നിന്നും രൂപം കൊള്ളുന്നതാണ്. ബാബരി മസ്ജിദ് തകർക്കപെടുന്നത് അത്തരത്തിൽ ദലിത്- മുസ്‌ലിം ചരിത്രത്തിലെ സാംസ്കാരിക ഓർമയായി നിലകൊള്ളുന്ന ഒന്നാണ്.

പല പഠനങ്ങളും ബാബരി മസ്ജിദ് ധ്വംസനത്തെ ദലിത് മുസ്‌ലിം യോജിപ്പിനെതിരെയുള്ള സവർണാധിപത്യത്തിന്റെ നിലയുറപ്പിക്കലാണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. മണ്ഡൽ സംവാദങ്ങൾ ഇല്ലാതാക്കുന്നതിനായുള്ള പ്രവർത്തനമായി ബാബരി ധ്വംസനത്തെ ശരിയായി മനസ്സിലാക്കപ്പെട്ടിട്ടുമുണ്ട്. മണ്ഡൽ കമ്മീഷന്റെ നിർദേശങ്ങൾ വി പി സിങ്ങ്‌ സർക്കാരിന്റെ കാലത്ത്‌ കരുത്താർജ്ജിക്കുകയും ദളിത് ബഹുജനങ്ങൾ സവർണ അധികാരത്തെ ശക്തമായി ചോദ്യം ചെയ്യുകയുമുണ്ടായി. ഉടനെ തന്നെ ‘അക്രമണകാരിയായ’ ബാബർനെതിരായി ഹിന്ദു മനസ്സുകളെ ഒരുമിപ്പിക്കുക എന്നതാണ് രാജ്യം കണ്ടത്. 1992 ഡിസംബർ 6 ന് ദലിത് ബഹുജനങ്ങൾ അംബേദ്‌കറിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, സംഘ്പരിവാർ പോലീസ് സംരക്ഷണത്തിൽ ചുറ്റികയും കമ്പിപ്പാരകളുമായി ബാബരി മസ്ജിദ് തകർക്കുകയായിരുന്നു. ഇടത് മതേതര ബോധ്യങ്ങൾക്ക് മതേതരത്വത്തിന് പൊടുന്നനെ സംഭവിച്ച വിടവായിരുന്നു ഇതെങ്കിൽ ദലിത് ബഹുജൻ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ദേശ രൂപീകരണത്തിന്റെ തന്നെ അടിസ്ഥാനമായ സവർണ വരേണ്യതയുടെ പ്രകടനമാണത്.

അംബേദ്ക്കർ തന്നെ പറഞ്ഞു വെക്കുന്നത് പോലെ ‘ ഹിന്ദു മുസ്‌ലിം വൈരുദ്ധ്യം ഉണ്ടാവുമ്പോൾ മാത്രമേ വ്യത്യസ്ത ജാതി സംയോജനത്തിലൂടെ വളെരെ പൂർണമായ ഒരു ഹിന്ദു സാധ്യമാവുന്നത്. ഹിന്ദു എന്ന സമുദായം നിലനിൽക്കുന്നില്ല എന്നു മാത്രമല്ല ഒരു മുസ്‌ലിം അപരൻ ഉണ്ടാകുമ്പോൾ മാത്രമാണത് രൂപപ്പെടുന്നത്‌. 1920ലെ ഗോ രക്ഷ കലാപം ഇതിനു തെളിവാണ്. അതേപോലെ 1981ൽ ഗുജറാത്തിൽ നടന്ന സംവരണ ചർച്ചകൾ എങ്ങനെയാണ് മുസ്‌ലിം വിരോധവും ആക്രമണവുമായി മാറിയത് എന്ന് പരിശോധിച്ചാലും ഇത് മനസ്സിലാക്കാൻ കഴിയുന്നതാണ്. ഇത്തരത്തിലുള്ള സാഹചര്യത്തെ മുൻ നിർത്തിയാണ് ഹൈദരാബാദ് സർവ്വകലാശാലയിലെ UDA (United Democratic Alliance) പോലുള്ള ദളിത് ബഹുജൻ മുസ്‌ലിം അലയൻസുകളെ മനസ്സിലാക്കേണ്ടത്. അവിടെയും എസ്.എഫ്.ഐ ‘മർദിതരുടെ ഐക്യ’ത്തിൽ നിന്ന് മാറി നിന്ന് ഒറ്റക്ക് മത്സരിക്കുന്നത് അത്ഭുതപ്പെടുത്തുന്നതല്ല.

മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വമെന്നത് ജനകീയ ഭാവനയിൽ ഇപ്പോഴും പേടിപ്പെടുത്തുന്ന അപരനും അതിനാൽ അംഗീകാരത്തിന് പുറത്തു നിർത്തപ്പെടേണ്ടവരും ആയിട്ടാണ് കണക്കാക്കപ്പെടുന്നത്‌. ‘ഇന്ത്യയിലെ വിജ്ഞാന ഗോപുരമായ’ ജെ എന്‍ യുവില്‍ പോലും ഈയൊരു ഭയത്തിന്റെ സാധ്യതയെ ഉപയോഗപ്പെടുത്താം എന്നതിനാലാണ് മൗലാനാ മൗദൂദിയുടെ ഭൂതത്തെ വീണ്ടും വീണ്ടും ഉയർത്തിക്കൊണ്ടു വരുന്നത്. അബ്ദുൽ നാസർ മഅദനിയെ പോലുള്ള പല മുസ്‌ലിം നേതാക്കന്മാരും പതിറ്റാണ്ടുകളായി ജയിലറകിൽ പീഡനമനുഭവിക്കുന്നതും ഇസ്‌ലാമിനകത്തു നിന്ന് ഇന്ത്യൻ സാമൂഹിക സാഹചര്യത്തെ കുറിച് ആലോചിക്കുന്നതിനാലാണ്. മതേതരത്വം, ദേശീയത പോലുള്ള അധീശ കാറ്റഗറികളോട് വിമർശനാത്മകമായി സംസാരിച്ചു എന്ന കാരണത്താൽ പല മുസ്‌ലിം സംഘടനകളും നിരോധിക്കപ്പെട്ടു എന്ന് കാണാം. ഇന്ത്യയിൽ എത്രത്തോളം അരക്ഷിതരാണ് മുസ്‌ലിംകൾ എന്നതിന്റെ ഉദാഹരങ്ങളാണിത്. ദളിത് ബഹുജന്‍ രാഷ്ട്രീയത്തോട് ഐക്യപ്പെടാന്‍ മുസ്‌ലിംകളെ ഏറെ സ്വാധീനിക്കുന്ന ജാതിയോട് അവര്‍ക്കുള്ള തിയോളജിക്കലായ സമീപനങ്ങളാണ് ഇടതുപക്ഷത്തെ ഏറെ ചൊടിപ്പിക്കുന്നത്.

ജെ എന്‍ യുവിലെ സോഷ്യല്‍ സ്റ്റഡീസ്‌ ബിൽഡിങ്ങിന്റെ ചുമരിൽ എസ് എഫ് ഐ വരച്ച ഫൈറ്റര്‍ ആയ മുഹമ്മദ് അലിയുടെ മനോഹരമായ ചിത്രം കാണാം. എന്നാൽ അമേരിക്കൻ ബ്ലാക്ക് കൺവെർട്ട് ആയ മുഹമ്മദ് അലിയെ അത് പ്രതി നിധീ കരിക്കുന്നില്ല. മുഹമ്മദ് അലിയുടെ സമര്‍പ്പിതമായ മതപരത എസ് എഫ് ഐയുടേയും പോപ്പുലര്‍ അമേരിക്കന്‍ ഭാവനക്കും പുറത്താണ്. ജീവിതത്തിന്റെ അവസാന കാലത്ത്‌ മുഹമ്മദ് അലി പറഞ്ഞു:
“എന്റെ പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതിക്കാണ്. ശരിയായ മുസ്‌ലിമായിരിക്കുക എന്നതാണ് മറ്റെന്തിനേക്കാളും എനിക്ക് പ്രധാനം. അമേരിക്കക്കാരനാവുക, കറുത്തവനായിരിക്കുക എന്നതിനേക്കാളെല്ലാം..” ഈയോരു വിമോചനാത്മക ശേഷിയും ജാതി പോലുള്ള അടിച്ചമര്‍ത്തുന്ന അധികാരങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള കഴിവുമാണ് ഇസ്‌ലാമിനെ ലോകത്തെമ്പാടുമുള്ള വിമോചനപ്പോരാട്ടങ്ങളോട് കണ്ണി ചേര്‍ക്കുന്നത്. പുരോഗമന വിപ്ലവ ഇടങ്ങളെയും കോട്ടകളെയും അസ്വസ്ഥപ്പെടുത്തുന്നതും ഇതുതന്നെയാണ്.

Admin Admin