Campus Alive

ഇരകളുടെ നിശബ്ദതയിൽ കെട്ടിപ്പടുക്കപ്പെടുന്ന ഫാഷിസ്റ്റ് വിരുദ്ധതയെ തള്ളിക്കളയാൻ നേരമായി

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ എസ് ഐ ഓ വിന്റെ മുതിർന്ന നേതാവും ജെന്റർ സ്റ്റഡീസ് വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിയുമാണ് മുഹമ്മദ് അലി. നേരത്തെ 2012ൽ എ എസ് എയുടെ പാനലിൽ ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയിൽ മുസ്‌ലിം ബഹുജൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ദീർഘകാലമായി പ്രവർത്തിച്ചു വരുന്നു. എച്ച് സി യു ഇലക്ഷൻറെ രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹവുമായി നടത്തിയ സംഭാഷണം.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ബഹുജൻ രാഷ്ട്രീയത്തിന്റെ ചരിത്രം വിശദീകരിക്കാമോ?

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ബഹുജന്‍ രാഷ്ട്രീയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിൽ എ എസ് എ (Ambedkar Students Association) രൂപപ്പെട്ടതോടു കൂടിയാണ്. അതുവരെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നുമില്ലാതിരുന്ന ക്യാമ്പസില്‍ തങ്ങള്‍ അനുഭവിക്കുന്ന ജാതിപരവും സാമൂഹിക പരവുമായ ഭ്രഷ്ടുകള്‍, അവഹേളനങ്ങള്‍, അക്കാദമിക രംഗത്ത് നിന്നും സഹപാഠികളായ മേല്‍ ജാതി വിദ്യാര്‍ഥികളില്‍ നിന്നും അനുഭവിക്കുന്ന പീഡനങ്ങള്‍, ഇവ ചെറുക്കാനും അതിജീവിക്കാനും വേണ്ടിയുളള ശ്രമത്തിന്റെ ഭാഗമായിട്ടാണ് എ എസ് എ രൂപം കൊളളുന്നത്. എല്ലാ യൂണിവേഴ്സിറ്റികളുമെന്ന എലൈറ്റ് ആയിട്ടുളള എച്ച് സി യുവിലും തങ്ങളുടെ അസ്തിത്വം നിലനിര്‍ത്തുക എന്നത് ദളിതരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ഒരു ദൗത്യമായിരുന്നു. അംബേദ്കറിനെ ഒരു ഐക്കണ്‍ ആയി വെച്ച് കൊണ്ട് അദ്ദേഹത്തിന്റെ ഐഡിയകളെ തങ്ങളുടെ അതിജീവിനത്തിന് ഒരു മാര്‍ഗ്ഗമായി കാണുകയും അതിലൂടെ റാഗിംഗ്, ജാതിപരമായ അവഹേളനങ്ങള്‍, അധ്യാപകര്‍ നടത്തുന്ന വിവേചനങ്ങള്‍ എന്നിവക്കെതിരെ ഫലപ്രദമായി ചെറുത്ത് നില്‍ക്കാനും കഴിഞ്ഞു എന്നതാണ് എ എസ് എയുടെ ആദ്യത്തെ ചരിത്ര വിജയം. ഇത് മറ്റു പാർശ്വവല്കൃത സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വരുന്ന വിദ്യാര്‍ഥികളെ അത്ഭുതപ്പെടുത്തുകയും അവര്‍ അതിന്റെ ഭാഗമാവുകയും ചെയ്തു. തുടക്കത്തില്‍ തന്നെ ദലിതുകളുടെ ഒരു സംഘടന എന്ന ഐഡിയ ആയിരുന്നില്ല എ എസ് എ മുന്നോട്ടു വെച്ചത്; മറിച്ച്  ജാതി പീഡനങ്ങള്‍ക്കെതിരെ (ജാതിക്കെതിരെ) ഒരു ജാതി-രഹിത സമൂഹം, അതില്‍ ജാതിയുടെ അവഹേളനങ്ങള്‍ നേരിടുന്നവര്‍ മുന്‍പന്തിയിലും ജാതിയുടെ അധികാര ഘടനയെ ചോദ്യം ചെയ്യാന്‍ താല്‍പര്യമുളള ആര്‍ക്കും, (മേല്‍ ജാതി ഘടനയില്‍ പെടുന്നവര്‍ക്കും പോലും) പങ്ക് ചേരുവാനുമുളള ഒരു ഘടനയിലാണ് എ എസ് എ പ്രവര്‍ത്തിച്ച് വന്നത്. അഥവാ ജാതിക്കെതിരെ നിലപാടുളള, ജാതി- രഹിത സമൂഹം വേണം എന്നാഗ്രഹിക്കുന്ന ആര്‍ക്കും പങ്കുചേരാവുന്ന ഒരു സംഘമായിട്ടാണ് എ എസ് എ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ വേരുറപ്പിച്ചത്. അംബേദ്കറിസത്തില്‍ അടിസ്ഥാനപ്പെടുത്തി തന്നെ ജാതി രഹിതമായ രാഷ്ട്രീയവും നിലപാടുകളുമുളള, ജാതിയോട് ക്രിട്ടിക്കുളള മറ്റു ഐഡിയോളജികളോടും ആശയ സംഹിതകളോടും മതങ്ങളോടും അതിന് ഡയലോജിക്കല്‍ ആയിട്ടുളള സമീപനമുണ്ടായിരുന്നു. അതുകൊണ്ടാണ് ജാതിരഹിത രാഷ്ട്രീയമുളള, ഇസ്‌ലാം പോലുളള മതങ്ങളോടും, ജാതി രഹിതമായ ഉളളടക്കം സാധ്യമാവുന്ന ഇടത് ഗ്രൂപ്പുകളോടും എ എസ് എക്ക് എളുപ്പത്തില്‍ സംവാദാത്മകമായ ബന്ധം സാധ്യമായത്.

അത്തരമൊരു രാഷ്ട്രീയത്തോടുള്ള മുസ്‌ലിം വിദ്യാർത്ഥികളുടെ പ്രതികരണവും മുസ്‌ലിം സംഘടനകളുടെ എൻഗേജ്മെന്റും എത്തരത്തിലായിരുന്നു?

അതിനെ ഉള്‍കൊളളുന്ന ഒരു ഐഡിയോളോജിക്കൽ അടിത്തറ എ എസ് എക്കും ശേഷം വന്ന മറ്റു ദലിത് പ്രസ്ഥാനങ്ങൾക്കും ഉണ്ടായിരുന്നു. അതിനാല്‍ തന്നെ, തുടക്കത്തില്‍ എം എസ് എഫ് (Muslim Students Federation), എസ് ഐ ഓ (Students Islamic Organization) പോലുളള സംഘടനകള്‍ എ എസ് എയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും, അംഗങ്ങളാവുകയും അതിന്റെ നേതൃസ്ഥാനങ്ങളിലേക്ക് വരികയും ചെയ്തിട്ടുണ്ട്. ഇസ്‌ലാം പോലെയുളള ജാതിവിരുദ്ധ മതങ്ങളെ അത്തരത്തില്‍ ഉൾക്കൊള്ളാൻ എ എസ് എക്കും അങ്ങനെ അതിന്റെ ഭാഗമാവാന്‍ മുസ്‌ലിം സംഘടനകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക അടിസ്ഥാനത്തിലുളള ജാതി വിരുദ്ധ രാഷ്ട്രീയത്തെ പാടെ നിരാകരിക്കുന്ന സമീപനമല്ല എ എസ് എയും മറ്റു ബഹുജന്‍ ഗ്രൂപ്പുകളും കാഴ്ചവെച്ചിട്ടുളളത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യയില്‍ അതൊരു പൊളിറ്റിക്കല്‍ സ്റ്റാന്റാണെന്നും, ചരിത്രപരമായി ധാരാളം ദലിതർ അത്തരം സ്റ്റാന്റ് സ്വീകരിച്ചിട്ടുണ്ടെന്നും മനസ്സിലാക്കുകയാണ് ഇവിടുത്തെ ദലിത് ബഹുജന്‍ സംഘടനകള്‍ ചെയ്തത്. അതുകൊണ്ടു തന്നെ എസ് എഫ് ഐ പോലുളള സെക്കുലര്‍ പ്രസ്ഥാനങ്ങളില്‍ മുസ്‌ലിം എന്നത് സാമുദായികമായ ഒരു കാറ്റഗറി മാത്രമാവുമ്പോള്‍, ഇത്തരം ദലിത് ബഹുജന്‍ മൂവ്‌മെന്റുകളില്‍ മുസ്‌ലിം എന്നത് ഒരു രാഷ്ട്രീയ കര്‍തൃത്വമുളള അസ്തിത്വമായി തന്നെ നിലനിൽക്കുന്നു. മേല്‍ സൂചിപ്പിച്ചത് പോലെ അംബേദ്കറിസത്തില്‍ ഊന്നിയ ഒരു ജാതി രഹിത രാഷ്ട്രീയം എ എസ് എക്ക് ഉളള പോലെ മറ്റു ജാതി രഹിത പ്രത്യയ ശാസ്ത്രങ്ങളോട് സംവദിക്കാനുളള ഒരു രാഷ്ട്രീയ പക്വത എപ്പോഴും അത് സൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മുസ്‌ലിംകള്‍ക്ക്, ജാതി രഹിത രാഷ്ട്രീയ നിലപാടുകള്‍ ഉളളവര്‍ക്ക്, പെട്ടെന്നു തന്നെ എ എസ് എയുമായി അസോസിയേറ്റ് ചെയ്യുവാനും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാനും സാധിച്ചത്.

യു ഡി എ യുടെ രൂപീകരണ സാഹചര്യവും ഇലക്ട്‌റൽ പെർഫോമൻസും വ്യക്തമാക്കാമോ

2013ൽ എസ്. എഫ്. ഐയുമായുള്ള രണ്ട് വര്‍ഷത്തെ ഇലക്ഷൻ ധാരണ എ എസ് എ പൂര്‍ത്തിയാക്കുകയും, അതിന് ശേഷം എ എസ് എക്ക് മാന്യമായ ഇലക്ട്രല്‍ സ്ഥാനം നല്‍കുന്നതില്‍ എസ്. എഫ്. ഐ പരാജയപ്പെടുകയും, എ എസ് എയെ രാഷ്ട്രീയമായി പരിമിതിപ്പെടുത്താനുമുളള മാര്‍ഗ്ഗങ്ങള്‍ എസ്.എഫ്.ഐ രൂപീകരിക്കുകയും ചെയ്ത സമയത്താണ് ആദ്യ യു ഡി എ (United Democratic Alliance) ഉണ്ടാവുന്നത്. എസ്.എഫ്.ഐയുമായി ഈ രണ്ട് വര്‍ഷത്തെ അലയന്‍സില്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രീയമായ ഒരുപാട് പരിമിതികള്‍ എ എസ് എ അനുഭവിച്ചിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ജാതി രഹിത രാഷ്ട്രീയം റാഡിക്കൽ ആയി അവതരിപ്പിക്കുന്നിടത്ത് എസ്. എഫ്. ഐ ഒരു വിഘാതമായിരുന്നു. ക്യാമ്പസിനകത്തെ ജാതീയമായ അവഹേളനങ്ങളില്‍ റാഡിക്കൽ നിലപാടുകൾ എടുക്കുന്നതിനെയും എസ്. എഫ്. ഐയുടെ സാന്നിധ്യം പരിമിതപ്പെടുത്തിയിരുന്നു. ഈ രണ്ട് കാരണങ്ങളാണ് എസ്. എഫ്. ഐയുടെ അലയന്‍സില്‍ നിന്നും മാറാന്‍ എ എസ് എയെ പ്രേരിപ്പിച്ചത്. അതേ സമയം, എസ്. എഫ്. ഐയില്‍ നിന്ന് വേറിട്ട് നിന്ന് കുറേ കൂടി വിശാലമായും, സ്വതന്ത്രമായും ജാതി വിരുദ്ധ രാഷ്ട്രീയം നടത്തുന്നതില്‍ സഹായിക്കുന്ന മറ്റു സംഘടനകളുമായി എ എസ് എ നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു. ആ ഘട്ടത്തിലാണ് ക്യാമ്പസിലെ ബി എസ് എഫ് (Bahujan Students Front), ഡി എസ് യു (Dalit Students Union), ടി എസ് എഫ് (Tribal Students Forum) പോലുള്ള ദലിത്- ആദിവാസി മൂവ്‌മെന്റുകളെ ഒരുമിച്ചു നിര്‍ത്തി മുന്നോട്ടു പോകുവാൻ എ എസ് എ തീരുമാനിക്കുന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ വ്യത്യസ്ത ദലിത് ഗ്രൂപ്പുകളുണ്ട്. എ എസ് എയിലെ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ പിന്നീട് സംഘടനാ രൂപം പ്രാപിക്കുകയും, അവരുടെ രാഷ്ട്രീയം രൂപപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് സ്വാഭാവികമായും ഗ്രൂപ്പുകള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കുകയും, എ ബി വി പി, എസ്. എഫ്. ഐ പോലുളള സംഘങ്ങള്‍ അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. അതിനാല്‍ തങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഒരുമിച്ച് നിന്നു കൊണ്ട് ഇലക്ഷനെ നേരിടുക എന്നതായിരുന്നു അടിസ്ഥാനപരമായി ഒന്നാം യു ഡി എ കാലത്തെ നയം. ഇതില്‍ എ എസ് എയും മറ്റു ദലിത് പ്രസ്ഥാനങ്ങളും വിജയിക്കുകയും അവര്‍ ഒരുമിച്ച് നില്‍ക്കുകയും, വിജയ സാധ്യത കണക്കിലെടുത്ത് എൻ എസ് യു ഐ (National Students’ Union of India)  പോലുളള ജനാധിപത്യ പ്രസ്ഥാനങ്ങളെ കൂടി ഭാഗമാക്കുകയും ചെയ്തിട്ടാണ് ആദ്യ കാല യു ഡി എ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആദ്യ വര്‍ഷം(2013) വൈസ് പ്രസിഡന്റ് സ്ഥാനവും രണ്ടാമത്തെ വര്‍ഷം(2014) യൂണിയൻ തന്നെയും കരസ്ഥമാക്കി. വിൻസെന്റിന്റെ നേതൃത്വത്തിലുള്ള പാനൽ യൂണിയൻ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയിലെ യൂണിവേഴ്സിറ്റികളുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു ദളിത് ബഹുജൻ അലയൻസ് യൂണിയൻ നേടിയ സന്ദർഭമായിരുന്നു.

രോഹിത് മൂവ്മെന്റിനെ കുറിച്ച്?

എ എസ് എ യുടെ രാഷ്ട്രീയം ഇന്ത്യയെ പിടിച്ചുകുലുക്കിയ സന്ദർഭമായിരുന്നു രോഹിത് മൂവ്മെന്റ്. ഇന്ത്യയിലെമ്പാടും തന്നെ ദളിത് മൂവ്മെന്റുകളെ ഉത്തേജിപ്പിക്കുന്നതിലും ജാതി വിരുദ്ധ പോരാട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിലും രോഹിതിന്റെ രക്തസാക്ഷിത്വം വലിയ പങ്കാണ് വഹിച്ചത്. ക്യാമ്പസ്സിലെ എല്ലാ സംഘടനകളും സമാന മനസ്കരായ വിദ്യാർത്ഥികളും ഒരുമിച്ചാണ് മൂവ്മെന്റിനെ മുന്നോട്ടു കൊണ്ട് പോയത്. എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജോയിന്റ് ആക്ഷൻ കമ്മിറ്റി ആണ് സമരത്തിന് നേതൃത്വം നൽകിയത്. ക്യാമ്പസ്സിലെ എസ് ഐ ഓ, എം എസ് എഫ് എന്നീ മുസ്‌ലിം സംഘടനകള്‍ ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ സജീവ പങ്കാളികള്‍ ആയിരുന്നു. മുസ്‌ലിം സംഘടനകൾ രാജ്യ വ്യാപകമായി തന്നെ ജാതി വിരുദ്ധ പോരാട്ടങ്ങളോട് ഐക്യപ്പെട്ടു എന്നതും രോഹിത് മൂവ്മെന്റിന്റെ സവിശേഷതയായിരുന്നു.

രോഹിതിന്റെ രക്തസാക്ഷിത്വത്തിന് ശേഷമുള്ള രണ്ട് വർഷങ്ങളിൽ നടന്ന ഇലക്ഷൻ രാഷ്ട്രീയത്തെ കുറിച്ച്?

രോഹിത്തിന്റെ മരണം നല്‍കിയ ആഘാതം പൂര്‍ണ്ണമായി വിട്ടു മാറുന്നതിന് മുമ്പേയാണ് രോഹിത്തിന്റെ മരണ ശേഷമുളള ആദ്യ ഇലക്ഷന്‍ നടന്നത്. രോഹിത്തിന്റെ കൂടെ സസ്‌പെന്റ് ചെയ്യപ്പെട്ട ഏതെങ്കിലുമൊരു വിദ്യാര്‍ഥിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ബി ജെ പി ഭരണകൂടത്തിന്റെ ദല്ലാളായ അപ്പാ റാവുവിനെതിരെ നേര്‍ക്കുനേരെ നിൽക്കുകയും ചെയ്യുക എന്ന രാഷ്ട്രീയമാണ് എ എസ് എ ആ സമയത്ത് മുന്നോട്ട് വെച്ചത്. ഇതിനെ അംഗീകരിക്കാന്‍ എസ് എഫ്‌ ഐക്ക് കഴിഞ്ഞില്ല. സാമൂഹിക- രാഷ്ട്രീയ തേട്ടങ്ങളെ കൃത്യമായി മനസ്സിലാക്കാതെ, സംഘടനാ താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കുകയാണ് അവർ ചെയ്തത്. അപ്പാ റാവുവിനെതിരെയും, രോഹിത്തിന് വേണ്ടിയും സധീരം പൊരുതി നിന്ന എ എസ് എക്ക് കേവലം ഒരു മൈനര്‍ സീറ്റ് നല്‍കി അലയന്‍സ് രൂപീകരിക്കാനാണ് എസ് എഫ് ഐ ശ്രമിച്ചത്. ഈ ഒരു അവഹേളനത്തോട് കൂടി എ എസ് എ മറ്റൊരു തീരുമാനത്തിലെത്തി. എസ് എഫ്‌ ഐ, എ ബി വി പി സംഘങ്ങള്‍ക്കെതിരെ മൂന്നാം കക്ഷിയായി നിന്ന്, എ ബി വി പിയുടെ വിജയ സാധ്യത ഒഴിവാക്കുവാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമായി സസ്പന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥി, വിജയ് അംബേദ്കറെ മത്സരിപ്പിക്കുക എന്ന ധാര്‍മ്മികമായ തീരുമാനം എടുക്കുകയും അതിനനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്തു. നേരത്തെ തന്നെ പരീക്ഷിച്ച എ എസ് എ അല്ലാത്ത മറ്റു ദലിത് ഗ്രൂപ്പുകളെ തങ്ങളുടെ ഭാഗമാക്കി Dalit- Tribal- Left Unity എന്ന അലയന്‍സ് ഉണ്ടാക്കി ഇലക്ഷനെ നേരിടുകയാണ് എസ് എഫ് ഐ ചെയ്തത്. എച്ച് സി യു വിലെ അംബേദ്‌കറൈറ്റ് രാഷ്ട്രീയത്തിന്റെ സമ്മര്‍ദം എസ് എഫ് ഐക്ക് ദളിത് ട്രൈബല്‍ ഐഡന്റികളെ കൂടി Appropriate ചെയ്യേണ്ടി വരുന്ന ഒരു ഘട്ടത്തിലേക്ക് എത്തിച്ചിരുന്നു. ആ നിര്‍ബന്ധിതാവസ്ഥയെ അവര്‍ മറികടന്നത് കൂട്ടത്തിലുളള ചെറു സംഘങ്ങളെ അവരുടെ ഭാഗമാക്കുകയും; കരുത്തുറ്റ, പ്രതിരോധം സൃഷ്ടിക്കുന്ന വലിയ ദലിത് സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തി അക്രമിക്കുകയും ചെയ്യുന്നതിലൂടെയാണ്. അത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ടി എസ് എഫ്, ഡി എസ് യു പോലുളളവയെ അടര്‍ത്തിയെടുക്കുകയും എ എസ് എ യെ ഒറ്റപ്പെടുത്തുകയും ചെയ്യുക എന്ന രാഷ്ട്രീയ അപക്വതയാണ് എസ് എഫ്‌ ഐ മുന്നോട്ട് വെച്ചത്.

രോഹിത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷമുള്ള ആദ്യ (2016) ഇലക്ഷനില്‍ എസ് എഫ്‌ ഐ വിജയിക്കുകയും എ എസ് എയുടെ വിജയ് അംബേദ്കര്‍ പരാജയപ്പെടുകയും ചെയ്‌തെങ്കിലും രാജ്യ വ്യാപകമായി ദലിത്, ഇടത് ആക്ടിവിസ്റ്റുകള്‍ പലരും രാഷ്ട്രീയപരമായ നൈതികതക്ക് ചേര്‍ന്നതല്ല ആ തീരുമാനം എന്ന വിമര്‍ശനം ഉന്നയിച്ചു. കൂടാതെ, എ എസ് എയെ ഒറ്റപ്പെടുത്തി നിലവില്‍ വന്ന യൂണിയന്‍ അപ്പാ റാവുവിന്റെ വിദ്യാര്‍ഥി വിരുദ്ധ നീക്കങ്ങളെ ചെറുക്കുന്നതില്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു. വിദ്യാര്‍ഥി വിരുദ്ധമായ പല തീരുമാനങ്ങളും അക്കാദമിക് കൗണ്‍സില്‍ എടുക്കുമ്പോള്‍ അവ വിദ്യാര്‍ഥികളെ അറിയിക്കാനോ അതിനെക്കുറിച്ച് ബോധവാന്മാരാക്കുവാനോ പോലും (അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നത് പോട്ടെ) കഴിയാത്ത ഒരു യൂണിയനായി അത് പരാജയപ്പെടുകയും ചെയ്തു. അതേ വര്‍ഷത്തിലാണ് പൊതു സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ പാടില്ല എന്ന തീരുമാനം യൂണിവേഴ്‌സിറ്റി എടുക്കുകയും ശിക്ഷാ നടപടികള്‍ സ്വീകരിക്കും എന്ന ഭീഷണി ഉയര്‍ത്തുകയും ചെയ്തത്. അതിനെ ഫലപ്രദമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധിപ്പിക്കാനോ പ്രതിരോധിക്കാനോ സാധിക്കുന്ന ഒരു സമരരീതിയും എസ് എഫ് ഐ ക്ക് വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ അമ്പേ പരാജയപ്പെട്ട ഒരു യൂണിയനുമായി ഇലക്ഷനെ മറികടക്കാന്‍ സാധിക്കില്ല എന്ന ബോധ്യത്തില്‍ നിന്നാണ് എസ് എഫ് ഐ, എ എസ് എയുമായും എ എസ് എയുടെ പക്ഷത്ത് നില്‍ക്കുന്ന സംഘടനകളുമായും സംസാരിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. അതേ സമയം മോദിയുടെ നേതൃത്വത്തിലുളള ദേശീയ രാഷ്ട്രീയ രംഗം കൂടുതല്‍ കലുഷിതമാവുകയും അത് സൃഷ്ടിച്ച സമ്മര്‍ദ്ദവും എ എസ് എയും എസ് എഫ് ഐയുമായി ചേര്‍ന്നുളള രാഷ്ട്രീയ നീക്കം നടത്തുവാന്‍ പ്രേരിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ എം എസ് എഫ്, എസ് ഐ ഓ അടക്കമുളള സംഘടനകള്‍ ഭാഗമായ എ എസ് എ നേതൃത്വം വഹിക്കുന്ന അലയന്‍സ് ഗ്രൂപ്പും, എസ്. എഫ്. ഐ നേതൃത്വം നല്‍കുന്ന ഗ്രൂപ്പും ചേര്‍ന്ന് ഒരു സംഘടനയുടെയും ലേബല്‍ ഇല്ലാതെ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന ബാനറില്‍ മത്സരിക്കുവാന്‍ പരസ്പരം ധാരണയായി. അങ്ങനെ മത്സരിക്കുകയും എ എസ് എയുടെ ശ്രീരാഗ് എന്ന നേതാവ് പ്രസിഡന്റാവുകയും ചെയ്ത രാഷ്ട്രീയമാണ് രണ്ടാം കൊല്ലം (2017) കാഴ്ച്ചവെച്ചത്. ഇത്തരത്തില്‍ ഒരു അലയന്‍സ് ഉണ്ടാക്കുവാന്‍ എസ്. എഫ്. ഐ മുന്നോട്ടുവെച്ച നിബന്ധന എ എസ് എയുടെ പങ്കാളികളായിരുന്ന എം എസ് എഫ്, എസ് ഐ ഓ തുടങ്ങിയ മുസ്‌ലിം സംഘടനകളെ ഞങ്ങള്‍ക്ക് ഉള്‍ക്കൊളളുവാന്‍ കഴിയില്ല, ദലിത് രാഷ്ട്രീയത്തെ പോലെ മുസ്‌ലിം പ്രതിനിധാനത്തെ കാണാന്‍ പറ്റുകയില്ല എന്നുമായിരുന്നു. എന്നാല്‍ അവയെ ഒഴിവാക്കി കൊണ്ടുളള, അവരുടെ രാഷ്ട്രീയ കര്‍തൃത്വം നിരാകരിച്ച് കൊണ്ടുളള ഒരു പൊളിറ്റിക്‌സും ഞങ്ങള്‍ക്ക് സാധ്യമല്ല എന്ന് എ എസ് എ പ്രഖ്യാപിച്ചപ്പോൾ, ഒരു ഒത്തുതീര്‍പ്പ് എന്ന നിലയില്‍ ഒരു സംഘടനയുടെയും പേരില്ലാതെ രണ്ട് അലയന്‍സുകളും ഒരുമിച്ച് നിന്ന് മത്സരിക്കുക എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

Vijay Ambedkar (2016 election)

മുൻകഴിഞ്ഞ യു ഡി എ യിൽ നിന്നും ഇവിടേക്ക് എത്തുമ്പോൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയം മുന്നോട്ടു പോയിട്ടുണ്ടോ?

ഇന്ത്യൻ ഫാഷിസത്തിന്റെ പ്രാഥമിക ഇരകളായ മുസ്‌ലിംകളുടെ രാഷ്ട്രീയ അസ്തിത്വം വകവെച്ചു കൊടുക്കാത്ത ഒരു ഫാഷിസ്റ്റ് വിരുദ്ധ മൂവ്മെന്റിനും ആധികാരികത ഇല്ല എന്ന പ്രഖ്യാപനം കൂടിയാണ് രണ്ടാം യു ഡി എയുടെ രാഷ്ട്രീയ മുന്നേറ്റം. മുസ്‌ലിം രാഷ്ട്രീയ ആവിഷ്കാരങ്ങളെ അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ അതു തന്നെ ഒരു ഫാഷിസം ആയി രൂപപ്പെടാൻ സാധ്യതയുള്ള രാഷ്ട്രീയമാണെന്നും അതിന്റെ കാപട്യത്തെ തിരിച്ചറിയുകയും അതിനെ വെളിപ്പെടുത്തുകയും ചെയ്തു എന്നതാണ് ഈ യു ഡി എയുടെ പ്രത്യേകത. മുസ്‌ലിം രാഷ്ട്രീയത്തെ കൂടി ഉൾകൊള്ളുന്ന ഒരു ഫാഷിസ്റ്റ് വിരുദ്ധ ചേരിയേ ഇന്ത്യൻ അവസ്ഥയിൽ നൈതികമാവൂ എന്ന ബോധ്യം വളരെ ഉച്ചത്തിൽ എച്ച് സി യുവിലെ ദളിത് ബഹുജൻ മൂവ്‌മെന്റുകൾ കൈക്കൊള്ളുകയും അതിനെ ഉയർത്തിപ്പിടിക്കുകയും ഒപ്പം ആഘോഷിക്കുകയും ചെയ്തു എന്നതാണ് രണ്ടാം യു ഡി എ രാഷ്ട്രീയപരമായി മുന്നോട്ടു വെക്കുന്ന വിപ്ലവകരമായ ഒരു കാര്യം. പലപ്പോഴും ഫാഷിസ്റ്റ് മൂവ്മെന്റ് ഇന്ത്യയിൽ അതിന്റെ രൗദ്ര മുഖം കാണിക്കുമ്പോഴെല്ലാം ഇവിടുത്തെ മതേതര കക്ഷികൾ മുസ്‌ലിംകളെ രാഷ്ട്രീയപരമായി അരികു വൽക്കരിക്കാനുള്ള ആയുധമായി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. ബി ജെ പി വരുന്നു, നിങ്ങൾ മത്സരിക്കരുത്, വോട്ട് ചെയ്താൽ മതി എന്നാണ് പറയാറ്. മുസ്‌ലിംകളുടെ പ്രാതിനിധ്യം കുറക്കാനുള്ള ഒരു ന്യായമായി അതിനെ കാണുകയാണ് അവർ. ഇത്തരമൊരു രാഷ്ട്രീയത്തിനു ബദലായിക്കൊണ്ട് ഇരയാക്കപ്പെടുന്നവരെ മുന്നിൽ നിർത്തി അവരെ കൂടി ഉൾകൊള്ളുന്ന, അവർക്കു കൂടി കർതൃത്വമുള്ള രാഷ്ട്രീയമാണ് ശരിയായ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം എന്ന പ്രഖ്യാപനമാണ് ഈ യു ഡി എയും, ഇലക്ഷനും മുന്നോട്ടു വെക്കുന്നത്. അത് പ്രബുദ്ധരായ ക്യാമ്പസ്സിലെ വിദ്യാർത്ഥികൾ മനസ്സിലാക്കുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.

ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാൻ മതേതര ഐക്യത്തെ ശക്തിപ്പെടുത്തുക എന്ന നിലവിൽ ഉയർന്നു കേൾക്കുന്ന മുദ്രാവാക്യത്തിൽ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയമാണ് യു ഡി എ മുന്നോട്ടു വെക്കുന്നത്. ഇന്ത്യയുടെ വിശാല രാഷ്ട്രീയ രംഗത്ത് ദളിത്- മുസ്‌ലിം- ബഹുജൻ രാഷ്ട്രീയത്തിന് ഇതിൽ നിന്നുള്ള പാഠങ്ങളെന്താണ്?

ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാൻ മതേതര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നത് ഫാഷിസ്റ്റ് കാലത്ത് വളരെയധികം ഉയർന്നു കേൾക്കുന്ന ഒരു മുദ്രാവാക്യമാണ്. പക്ഷേ ആരുടെ ചിലവിൽ എന്നാരും തിരിച്ച് ചോദിക്കാറില്ല. പലപ്പോഴും ഹിന്ദുത്വത്തെ ചെറുക്കുവാനുള്ള മതേതര കൂട്ടായ്മ രൂപപ്പെട്ടു വരുന്നത് ഫാഷിസത്തിന്റെ ഇരകളുടെ നിശ്ശബ്ദതയിലാണ്. അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം വെല്ലുവിളിച്ചു കൊണ്ടാണ്. ഹിന്ദുത്വത്തെ തകർക്കണമെങ്കിൽ നിങ്ങൾ നിശബ്ദരായി ഞങ്ങൾക്ക് വോട്ട് ചെയ്യൂ എന്നാണ് മതേതര കക്ഷികൾ ക്യാമ്പസ്സിന് അകത്തും പുറത്തുമുള്ള തിരഞ്ഞെടുപ്പ് സമയങ്ങളിൽ നമ്മോടു പറയുന്നത്. എസ് എഫ് ഐ പറഞ്ഞു കൊണ്ടിരിക്കുന്നതും അതു തന്നെ. എ ബി വി പി വിജയിക്കാതിരിക്കാൻ അലയൻസ് വേണം; അലയൻസ് വേണമെങ്കിൽ മുസ്‌ലിം രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന സംഘടനകൾ അലയൻസിൽ ഉണ്ടാവരുത്. മുസ്‌ലിം രാഷ്ട്രീയ സംവാദങ്ങൾ നടത്താതെ അതിന്റെ ചിലവിൽ ഹിന്ദുത്വ അജണ്ടയെ ചെറുക്കുക എന്ന മതേതര രാഷ്ട്രീയ അജണ്ട തന്നെയാണ് എസ് എഫ് ഐ യും മുന്നോട്ടു വെച്ചത്. അപ്പോൾ നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് എസ് എഫ് ഐ ക്കും ഇവിടുത്തെ ദളിത് ബഹുജൻ സംഘടനകൾക്കും നടത്തേണ്ടി വന്നു. എസ് എഫ് ഐക്ക് മുന്നിൽ ഉണ്ടായിരുന്ന മാർഗം സംഘപരിവാർ അധികാരത്തിൽ വരിക, അല്ലെങ്കിൽ അവർക്കെതിരെയുള്ള മുസ്‌ലിം രാഷ്ട്രീയ സംഘങ്ങൾ കൂടിയുള്ള മുന്നണിയിൽ ഭാഗഭാക്കാവുക എന്നതായിരുന്നു. ഇവ രണ്ടിലൊന്ന് തെരഞ്ഞെടുക്കേണ്ട ഘട്ടം വന്നപ്പോൾ തങ്ങൾ തോറ്റാലും എ ബി വി പി ജയിച്ചാലും സാരമില്ല, മുസ്‌ലിം സംഘടനകളുടെ രാഷ്ട്രീയ കർതൃത്വം അംഗീകരിച്ചു കൊടുക്കാൻ തങ്ങൾ സന്നദ്ധരല്ല എന്ന നിലപാടാണ് എസ് എഫ് ഐ ഒറ്റക്കു മത്സരിക്കുക എന്ന തീരുമാനത്തിലൂടെ മുന്നോട്ട് വെച്ചത്. അതേ സമയം ദളിത് ബഹുജൻ സംഘടനകൾ മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രതിനിധാനാവകാശം പ്രധാനമാണെന്ന് മനസ്സിലാക്കുകയും കൂടെയുള്ള മറ്റു കക്ഷികളെ ബോധ്യപ്പെടുത്തി ഒരുമിച്ചു നിർത്തി ഫാഷിസത്തെ ചെറുക്കുകയും ചെയ്യുന്ന തിരഞ്ഞെടുപ്പ് നടത്തി. ഇതിന് വിരുദ്ധം നിൽക്കുന്ന സംഘടനകളെ ഒഴിവാക്കുക എന്ന തീരുമാനവും ദളിത് ബഹുജൻ സംഘടനകൾ എടുത്തിരുന്നു. ഇത്തരത്തിൽ തങ്ങളുടെ രാഷ്ട്രീയത്തെയും പ്രതിനിധ്യത്തെയും പണയം വെക്കാത്ത രാഷ്ട്രീയത്തെയാണ് ദളിത് മുസ്‌ലിം ബഹുജനങ്ങൾ വികസിപ്പിക്കേണ്ടത് എന്നതാണ് യു ഡി എയുടെ സന്ദേശം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.